Posted On
date_range Updated On
date_range ‘ബോംബുകളുടെ മാതാവ്’; ഇറാനെതിരെ സർവനാശിയായ ബോംബ് യു.എസ് പരിഗണനയിലെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനെതിരായ സൈനികാക്രമണ പദ്ധതിയിൽ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബായ ‘മദർ ഓഫ് ഓൾ ബോംബ്സ്’ (MOAB) ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും ആണവകേന്ദ്രങ്ങൾക്കും നേരെ ഈ ബോംബ് പ്രയോഗിക്കുന്നതിനുള്ള പദ്ധതികൾ അമേരിക്കൻ സൈന്യം തയാറാക്കിയിട്ടുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ പിക്ആക്സ് പർവതത്തിലെ ആണവകേന്ദ്രവും ലക്ഷ്യപ്പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആയുധശേഖരത്തിലുള്ള ഏറ്റവും വലിയ ആണവേതര ബോംബാണ് ജി.ബി.യു-43/ബി മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് . ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാനെതിരായ ആക്രമണത്തിൽ ഉപയോഗിക്കുന്ന കാര്യം സൈനിക ആസൂത്രണത്തിൽ ഉൾപ്പെടുത്തിയതായി ഒന്നിലധികം അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ നിന്ന് യു.എസ് സെൻട്രൽ കമാൻഡ് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ഇറാന് നേരെ ആക്രമണം നടത്താനാണ് അമേരിക്കൻ നീക്കം. അമേരിക്കയിലെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഏത് നിമിഷവും നിലപാടിൽ മാറ്റം വന്നേക്കാമെന്ന് അദ്ദേഹത്തിന്റെ മുതിർന്ന ഉപദേശകർ വ്യക്തമാക്കുന്നു. എന്നാൽ ആക്രമണം നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ തീരുമാനമെടുത്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
അതേസമയം, ഇറാന്റെ പർവതങ്ങൾക്കിടയിൽ വളരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഗർഭ ആണവ കേന്ദ്രങ്ങളെ തകർക്കാൻ 'എം.ഒ.എ.ബി' ബോംബുകൾക്ക് കഴിയുമോ എന്നതിൽ സൈനിക വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വലിയ പ്രദേശങ്ങളിലെ ലക്ഷ്യങ്ങളെ ഒരേസമയം ബാധിക്കാൻ ശേഷിയുള്ള ബോംബാണിതെന്നും എന്നാൽ ഭൂമിക്കടിയിലെ ആഴത്തിലുള്ള കേന്ദ്രങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്തതല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ, ഇറാനെ മാനസികമായി സമ്മർദത്തിലാക്കുക എന്നതായിരിക്കാം ഈ ആയുധത്തിന്റെ പ്രധാന ലക്ഷ്യമായി വിലയിരുത്തുന്നത്.
ഇറാനെതിരായ ആക്രമണ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇറാന് ഒരിക്കലും ആണവായുധം കൈവശമാക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രസിഡന്റ് ട്രംപ് എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എന്നാൽ, രഹസ്യസ്വഭാവമുള്ള സൈനിക പദ്ധതികളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. വിവിധ സൈനിക സാഹചര്യങ്ങൾക്കായി പദ്ധതികൾ തയാറാക്കാറുണ്ടെന്നും ഏത് സാഹചര്യത്തിലും ദൗത്യം വിജയകരമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും പെന്റഗൺ വക്താവും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.