യു.എസിൽ ജയിലിന്റെ ടോയ്‍ലറ്റിൽ ദ്വാരമുണ്ടാക്കി 10 പ്രതികൾ തടവുചാടി

വാഷിംങ്ടൺ: യു.എസിലെ ന്യൂ ഓർലിയൻസ് ജയിലിൽനിന്ന് പത്ത് തടവുകാർ അതിസാഹസികമായി രക്ഷപ്പെട്ടു. പ്രതികൾ ഒരു സെല്ലിലെ ടോയ്‍ലറ്റിന്റെ ചുവരിൽ ദ്വാരമുണ്ടാക്കുകയും അവിടെ നിയോഗിക്കപ്പെട്ട ഏക ഗാർഡ് ഭക്ഷണം കഴിക്കാൻ പോയപ്പോൾ അതിലൂടെ നൂണ്ടുകടന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. 19നും 42നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ.

കൊലപാതകക്കുറ്റം ചുമത്തിയ പ്രതികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടവരിലുണ്ട്. ഓറഞ്ച്, വെള്ള വസ്ത്രങ്ങൾ ധരിച്ചവർ ജയിലിൽനിന്ന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളിൽ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പുതപ്പുകൾ ഉപയോഗിച്ച് മുള്ളുകമ്പി വേലി കയറുകയും ശേഷം സമീപത്തുള്ള റോഡിലുടെ ഓടുന്നതും കാണാം.

ഒളിച്ചോടിയവരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സെൽ നിരീക്ഷിക്കാൻ ഒരു സിവിലിയൻ ടെക്നീഷ്യൻ മാ​ത്രമേ ഉണ്ടായിരുന്നുള്ളു. ഇയാൾ ഭക്ഷണത്തിനായി പോയപ്പോൾ ആണ് രക്ഷപ്പെട്ടത്. എന്നാൽ, തടവുചാടിയതിന് തൊട്ടുപിന്നാലെ പ്രതികളിൽ ഒരാളായ കെൻഡൽ മൈൽസ് (20) പിടിയിലായി. മുമ്പ് രണ്ടുതവണ ജുവനൈൽ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് ഇയാൾ തടവു ചാടിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മറ്റൊരാളായ റോബർട്ട് മൂഡി പിടിക്കപ്പെട്ടു.

കേടായ പൂട്ടുകൾ മൂലമാണ് തടവുകാർക്ക് ഓർലിയൻസ് ജയിലിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞതെന്ന് ഓർലിയൻസ് പാരിഷ് ഷെരീഫ് സൂസൻ ഹട്ട്സൺ പറഞ്ഞു. പൂട്ടുകളെക്കുറിച്ചുള്ള ആശങ്കകൾ താൻ നിരന്തരം ഉദ്യോഗസ്ഥരോട് ഉന്നയിച്ചിരുന്നുവെന്നും ദുർബലമായി​ക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിന് ഫണ്ടിനായി ആവശ്യപ്പെട്ടിരുന്നുവെന്നും വകുപ്പിനുള്ളിലെ ആളുകൾ തന്നെ തടവുകാരെ രക്ഷപ്പെടാൻ സഹായിച്ചതായി സൂചനകളുണ്ടെന്നും ഹട്സൺ പറഞ്ഞു. പര സഹായമില്ലാതെ ആർക്കും ഇവിടെനിന്ന് പുറത്തുകടക്കുക എന്നത് അസാധ്യമാണെന്നും 1,400 പേരെ തടവിലാക്കിയിരിക്കുന്ന ജയിലിനെക്കുറിച്ച് ഹട്സൺ പറഞ്ഞു.

തടവുചാടിയവർ തങ്ങളുടെ യൂനിഫോമുകൾ ജയിലിൽ നിന്ന് പുറത്തുകടന്ന ഉടൻ ഉപേക്ഷിച്ചു. എങ്ങനെയാണ് അവർക്ക് സാധാരണ വസ്ത്രങ്ങൾ ഇത്ര പെട്ടെന്ന് ലഭിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടാൻ സഹായിച്ചതായി ജീവനക്കാരിൽ ആരെങ്കിലും സംശയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

Tags:    
News Summary - 10 inmates escape New Orleans jail through hole in cell wall while lone guard left to get food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.