അരുൺ

ഒരു വർഷം, ഒരു സൈക്കിൾ; ലോകരാജ്യങ്ങൾ ചുറ്റിയെത്തി ഈ 'തഥാഗതൻ'

കൊച്ചി: സൈക്കിളിൽ ലോകം ചുറ്റിയാൽ എങ്ങനെയുണ്ടാവും? കൊച്ചിയിൽനിന്നൊരു മലയാളി ഇതാദ്യമായി ഒരു വർഷം മുഴുവൻ വിവിധ രാജ്യങ്ങളിലൂടെ സൈക്കിളിൽ കറങ്ങിത്തിരിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗതാണ് ഈ യാത്രികൻ. മെഗല്ലൻ ഭൗമസഞ്ചാരം തുടങ്ങിയതി​ൻെറ 500ാം വാർഷികമായ 2019 സെപ്റ്റംബർ 19ന് വീട്ടിൽനിന്നിറങ്ങിയ അരുൺ തിരിച്ചെത്തിയത് ഒരാഴ്ച മുമ്പാണ്.

തായ്​ലൻഡ്, മ്യാന്മർ, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും രാജ്യത്തിൻെറ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ചുറ്റിസഞ്ചരിച്ചത്​. ചെറിയ ആസൂത്രണംപോലുമില്ലാതെ പോയ യാത്രയിൽ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും എത്തണമെന്ന്​ ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് ആ മോഹത്തെ ലോക്ഡൗണിലാക്കി. തുടർന്ന് വിയറ്റ്നാമിൽ കുടുങ്ങിയവർക്കൊപ്പം ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കും അവിെടനിന്ന് കൊച്ചിയിലേക്കും പറന്നു.


സർക്കാർ ജീവനക്കാരനായ അരുൺ പ്രകൃതിയോടിണങ്ങി ജീവിക്കുന്നയാളാണ്. സൈക്കിളിൽ ഇതിനുമുമ്പും രാജ്യത്തി​ൻെറ പലഭാഗത്തും ചുറ്റിയിട്ടുണ്ട്. ഏറെ ആഗ്രഹിച്ച ലോകയാത്രക്കായി അമേരിക്കയിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ നൽകി സേർളി ടൂറിങ് ബൈക് എന്ന സൈക്കിൾ ഇറക്കുമതി ചെയ്തു. നാലുലക്ഷം രൂപ പി.എഫിൽനിന്നും മ‍റ്റും വായ്​പയെടുത്തായിരുന്നു യാത്ര. അസം, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് അയൽ രാജ്യങ്ങളിലേക്കെത്തിപ്പെട്ടത്. ഇതിനിടെ, മ്യാന്മറിലെ നിരോധിത മേഖലയിൽ 200 കിലോമീറ്ററോളം സഞ്ചരിച്ച് പൊലീസിൻെറ പിടിയിലായി. ഉദ്ദേശ്യശുദ്ധി മനസ്സിലായതോടെ വിട്ടയച്ചു.

ഗൂഗിൾ മാപ്പിൻെറ സഹായം വളരെ കുറച്ചുമാത്രം തേടിയുള്ള സഞ്ചാരമേറെയും ഉൾനാടൻ ഗ്രാമങ്ങളിലൂടെയായിരുന്നു. ഗൗതമബുദ്ധനെ എന്നും നെഞ്ചോടുചേർക്കുന്ന അരുൺ, ബുദ്ധനെ വിശേഷിപ്പിക്കുന്ന തഥാഗതൻ എന്ന പേരും ഒപ്പം ചേർക്കുകയായിരുന്നു. പോവുന്നയിടങ്ങളിലേറെയും ബുദ്ധക്ഷേത്രങ്ങളിൽ അന്തിയുറങ്ങി. ലാവോസിൽ കറങ്ങുന്നതിനിടെ കോവിഡ് ഭീതിയെ തുടർന്ന് ലോകം അടച്ചിട്ടപ്പോൾ മാത്രമാണ് നീണ്ടകാലം ഒരിടത്തുതന്നെ തങ്ങേണ്ടിവന്നത്​.


കൈയിലുള്ള പണം തീർന്നപ്പോൾ ചില സുഹൃത്തുക്കൾ സഹായത്തിനെത്തി. യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. കാമറ വാങ്ങണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോൾ ഒരു പരിചയം പോലുമില്ലാത്തയാൾ വലിയ തുക അയച്ചു തന്നതുൾ​െപ്പടെ അനുഭവങ്ങളുടെ വലിയ ലോകമാണ് അരുണിന് ഈ യാത്ര തുറന്നുകൊടുത്തത്. ആരിൽനിന്നും ഒരു പരുക്കൻ അനുഭവം പോലുമുണ്ടായില്ല.

90 വയസ്സുവരെ ജീവിച്ചിരിക്കുമെങ്കിൽ, അന്നും ഓർത്ത് പുഞ്ചിരിക്കാനുള്ള ഒരുപിടി ഓർമകളാണ് തനിക്ക്​ ഈ യാത്ര സമ്മാനിച്ചതെന്നും ഈ ഒരു വർഷം ജീവിതത്തെ ആകെ മാറ്റിമറി​െച്ചന്നും അരുണിൻെറ വാക്കുകൾ. അമ്പലമുകളിലെ വീടിനടുത്ത മറ്റൊരു ഒഴിഞ്ഞവീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണിപ്പോൾ. സൗത്ത് അമേരിക്കയിൽനിന്ന് നോർത്ത് അമേരിക്കയിലേക്കുള്ള സൈക്കിൾ യാത്രയാണ് ഈ 'തഥാഗത​'ൻെറ അടുത്ത സ്വപ്നം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.