ജലാൻ അംപാങ് ശവകുടീരത്തിലെ രാത്രിഗീതവും സലോമ ലിങ്കിലെ പാതിരാക്കാറ്റും
മലയ ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യാന്വേഷികളുടെ നാടായിരുന്നു. പുതിയ കാലത്തിലും മലയ മലയാളികളെ ആകർഷിക്കുന്നുണ്ട്. അംബരചുംബികളായ നഗരം മുതൽ ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങൾ വരെ കാണാനും അറിയാനും അവിടെയുണ്ട് ധാരാളം. മലേഷ്യൻ യാത്രയുടെ അനുഭവങ്ങൾ എഴുതുകയാണ് കഥാകൃത്തു കൂടിയായ ലേഖിക. ഇന്നും എറണാകുളം സൗത്ത് കെ.കെ. ഇന്റർനാഷനലിൽ മീറ്റിങ്ങുണ്ടായിരുന്നു. ചിലപ്പോഴിന്ന് സംസാരിക്കേണ്ടി വരും. കനത്ത മഴയിൽ മുഴുവൻ ഷട്ടറുകളും അടഞ്ഞുകിടക്കുന്ന ബസിലെ മങ്ങിയ ഇരുട്ടിൽ ചെറായി പാടം കഴിഞ്ഞതറിഞ്ഞില്ല. തണുപ്പും ഇരുട്ടും...
മലയ ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യാന്വേഷികളുടെ നാടായിരുന്നു. പുതിയ കാലത്തിലും മലയ മലയാളികളെ ആകർഷിക്കുന്നുണ്ട്. അംബരചുംബികളായ നഗരം മുതൽ ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങൾ വരെ കാണാനും അറിയാനും അവിടെയുണ്ട് ധാരാളം. മലേഷ്യൻ യാത്രയുടെ അനുഭവങ്ങൾ എഴുതുകയാണ് കഥാകൃത്തു കൂടിയായ ലേഖിക.
ഇന്നും എറണാകുളം സൗത്ത് കെ.കെ. ഇന്റർനാഷനലിൽ മീറ്റിങ്ങുണ്ടായിരുന്നു. ചിലപ്പോഴിന്ന് സംസാരിക്കേണ്ടി വരും. കനത്ത മഴയിൽ മുഴുവൻ ഷട്ടറുകളും അടഞ്ഞുകിടക്കുന്ന ബസിലെ മങ്ങിയ ഇരുട്ടിൽ ചെറായി പാടം കഴിഞ്ഞതറിഞ്ഞില്ല. തണുപ്പും ഇരുട്ടും തിങ്ങിനിറഞ്ഞ മനുഷ്യരുടെ ചുടുനിശ്വാസങ്ങളും... ബസിൽ പതിവു ബഹളങ്ങളൊന്നുമില്ല. ഇരിക്കുന്നവരിൽ കുറെപേർ ഇയർഫോൺ ചെവിയിൽ തിരുകിയിട്ടുണ്ട്. ചിലർ ബ്ലൂടൂത്ത് സ്പീക്കറും. എനിക്കും പാട്ടുകേൾക്കാൻ തോന്നി. ഹൃദയഹാരിയായ ഒന്ന്. ഞാൻ ഫോണെടുത്തു പരതി. ഇയർഫോണിന്റെ പതുപതുത്ത ബഡ്സ് ചെവിയിൽ തിരുകി. അടഞ്ഞു കിടന്ന വിൻഡോ സിറ്റിന്റെ പഴുതിലൂടെ അരിച്ചെത്തിയ മഴത്തണുപ്പിലും ശീതക്കാറ്റിലും കല്യാണി മേനോൻ പാടി തുടങ്ങി.
‘‘ജലശയ്യയിൽ തളിരമ്പിളി...
കുളിരോളമേ
ഇളകല്ലെ നീ...’’
പ്രിയ എ.എസിന്റെ ‘പൂമ്പാറ്റയുടെ രാഷ്ട്രീയം’ എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചതിനു ശേഷം ഈ പാട്ടുതന്നെ പല തവണ കേൾക്കുന്നു. രാത്രിയും പകലും.
കഥ വരുന്നതിനു മുമ്പും പലതവണ കേട്ടിരുന്നു. പക്ഷേ ഇപ്പോൾ മറ്റൊരാംഗിളിൽ, മറ്റൊരനുഭൂതിയിൽ...
‘‘നെടുവീർപ്പുപോലുമാ സസ്മിതമാം നിദ്രയെ തൊടല്ലേ’’
റഫീക്ക് അഹമ്മദ്-ശ്രീവത്സൻ ജെ മേനോൻ-കല്യാണി മേനോൻ...ആകാശമല്ല, ഹൃദയമാണ് ഇപ്പോൾ തുളയ്ക്കപ്പെടുന്നത്.
പാട്ടുകേൾക്കുമ്പോൾ ഹൃദയം വല്ലാതെ ഇളകുന്നത് എപ്പോഴാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. തനിച്ച് യാത്ര പോകുമ്പോഴാണത്. ഇയർഫോണിൽ പാട്ടുകേട്ട് പുറത്തേക്കു നോക്കിയിരിക്കുമ്പോൾ.
യാത്രയിൽ പാട്ടുകേൾക്കുകയാണെങ്കിൽ മറ്റൊരാളായി ഞാൻ മാറും. ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളുമുള്ള വ്യക്തി. ലോകം പൂത്തുലയും, ഹൃദയം നിറയും. അതിനുശേഷം മീറ്റിങ്ങുകളിൽ സംസാരിക്കേണ്ടി വന്നാൽ ഒഫീഷ്യൽ ആണെങ്കിൽപോലും കാൽപനികമാവും. സാഹിത്യപരമാണെങ്കിൽ അതിൽ കവിത നിറയും. സംഘടനാപരമാണെങ്കിൽ കഥാത്മകമാകും. ഡെയ്സി റിപ്പോർട്ടിങ്ങാണോ കഥ പറച്ചിലാണോ നടത്തുന്നതെന്ന് ആരെങ്കിലും ചോദിക്കും. ശരിയായില്ലേ എന്ന് ശങ്കിക്കും. എന്നാലും മീറ്റിങ് കഴിയുമ്പോൾ നന്നായി സംസാരിച്ചെന്ന് ആൾക്കൂട്ടത്തിനിടയിൽ വെച്ച് ഒരാളെങ്കിലും കൈപിടിച്ച് എനിക്കുമാത്രം കേൾക്കാവുന്ന ഒച്ചയിൽ പതിയെ പറയും. യാത്രയിൽ കേട്ട പാട്ടുകളോട് ഞാൻ നന്ദി പറയും.
പ്രായം ഇരുപതിനും മുപ്പതിനും ഇടയിലുള്ള, നനുത്ത ഓർമച്ചീള്... വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ. അടിവയറ്റിലെ ആദ്യ തുടിപ്പുകൾ. അച്ചു വരുന്നതും കാത്ത് ഞങ്ങൾ ഇരുന്നത്. ഒരു വൈകുന്നേരം ഞാൻ ഓഫിസ് വിട്ട് മുനിസിപ്പൽ ജങ്ഷനിൽ ബസിറങ്ങുമ്പോൾ ടെസ്റ്റ് റിസൽറ്റുമായി സുധീറേട്ടൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു, സൂര്യനുദിച്ച മുഖവുമായി. മനസ്സിലുണ്ടായിരുന്ന ആശങ്കയെക്കുറിച്ചൊന്നും പറയാൻ തോന്നിയില്ല. ചില ചിന്തകൾ പറയരുത്. കാലം അതിനെ മാറ്റാം. ഒരു നീണ്ട യാത്ര അവിടെ തുടങ്ങുകയാണ്. ജീവിതവും മനോഹരമായ ഒരു യാത്രയാണ്. അതിന്റെ എല്ലാ ഘടകങ്ങളോടുംകൂടി നാം സ്വീകരിക്കണമെന്നു മാത്രം.
എത്ര പെട്ടെന്നാണ് കുഞ്ഞുങ്ങൾ തോളും കടന്ന് വലുതാവുന്നത്, പറക്കുന്നത്. ഇപ്പോഴും അവൻ മടിയിലാണെന്നു തോന്നി. അതു കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം മിന്നു വന്നു. നാലു വർഷങ്ങൾക്ക് മുമ്പ് ഒരാൾ കടൽ കടന്ന് പറന്നുപോയി. അടുത്തയാൾ പറക്കാൻ തയാറാവുന്നു. എല്ലാം അന്തമില്ലാത്ത യാത്രയാണ്. അന്ത്യത്തിൽ ഏവരും തനിച്ചാവുന്നു.
ചില യാത്രകളിൽ ലോകത്തിലെ സകല വിഷാദവും മൊത്തമായുറയുന്നു, ഒരിക്കലും ഉരുകാതെ. കുട്ടികളുടെ സന്തോഷം, അതാണ് വലുത്. ആരോ പലതവണ ആവർത്തിക്കുന്നു. ചില പാട്ടുകൾ കാതിലേക്കും ഹൃദയത്തിലേക്കും മാത്രമല്ല ജീവിതത്തിന്റെ പല ദിശകളിലേക്കാണ് ഒഴുകുന്നത്. അത് നമ്മെ പല കാലങ്ങളിലേക്ക് സന്ദർഭോചിതമായി കൊണ്ടുപോകുന്നു. കണ്ണടയുന്നു. ഗോശ്രീ പാലമെത്തിയപ്പോഴാണ് മയക്കം വിട്ടുതുടങ്ങിയത്. പാതിമയക്കത്തിൽ ആദ്യ പാലം കഴിയുന്നതു കണ്ടു. രണ്ടാമത്തെ പാലം അടുക്കാറായിരുന്നു.
യാത്രക്കാർ കുറെ പേർ എഴുന്നേറ്റു നിൽക്കുന്നു. ഹൈകോർട്ടിൽ ഇറങ്ങാനായിരിക്കും. വല്ലാർപാടം പള്ളിയുടെ ഇരട്ട ഗോപുരവും ഇരട്ടക്കുരിശും ദൂരെ കണ്ടെയ്നർ ടെർമിനലിനുമപ്പുറം കണ്ടു. ചോട്ടിൽ ആൾക്കൂട്ടം ചൂലെടുത്തുമുറ്റം തൂക്കുന്നുണ്ടോ? മുകളിൽ രണ്ടു കുരിശുകൾ വർഷങ്ങൾക്കു മുമ്പേ ആകാശം നോക്കുന്നു. ഇത് ഇരട്ട ഗോപുരമാണല്ലോ. ആകാശം മുട്ടുമോ? അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്കൈ ബ്രിഡ്ജ് എവിടെ. പെട്രൊനാസ് ട്വിൻ ടവറിനടുത്തു തന്നെയാണല്ലോ ഇപ്പോഴും. ഉറക്കം വിട്ടില്ലേ... വീണ്ടും കണ്ണടയുന്നു.
പഴയൊരു ബോട്ടു യാത്രയുടെ ഓർമച്ചീള് വീണ്ടും മയക്കത്തിനിടയിലേക്ക് നൂണ്ടുകയറി. കൊച്ചി കായലിൽ ചാഞ്ചാടുന്ന ബോട്ട്. ഏറെ ശ്രമിച്ചിട്ടും കരയിലേക്ക് അടുക്കുന്നില്ല. വല്ലാർപാടം പള്ളി കാണണമെന്ന മോഹത്താൽ ഹോസ്റ്റലിൽനിന്ന് പുറപ്പെട്ടു പോന്ന കുറച്ചുപേർ. വെള്ളം കണ്ടാൽ തല കറങ്ങുന്നവരുണ്ട് അവരിൽ. ചുറ്റും വെള്ളമുണ്ടെങ്കിലും ആഴത്തെ ഭയക്കുന്നവർ. പക്ഷേ എന്തും കാണാൻ മോഹമുണ്ടവർക്ക്, ചങ്കൂറ്റമുണ്ട്.
നീണ്ട കാലുകളുള്ള ആൾ കരക്കണയാൻ ബോട്ടിൽനിന്ന് ആദ്യം ചാടിയിറങ്ങി. ആഞ്ഞുള്ള ചാട്ടത്തിൽ വെള്ള നിറമുള്ള ബോട്ട് ഒന്നൂടെ ഉലഞ്ഞു. ഉലച്ചിലിൽ വല്ലാർപാടം കരയിൽനിന്ന് കുറച്ചൂടെ അകന്നു. ഏറെ ഭയമുള്ള പെൺകുട്ടിയുടെ മുഖം വിളറി.
‘‘വെള്ളത്തിൽ വീഴുമോ? വീട്ടിലറിയില്ലേ?’’
‘‘സാരമില്ല, വല്ലാർപാടം പള്ളി കാണണം.’’
‘‘ഞങ്ങളെ പിടിക്കുമോ?’’
പെൺകുട്ടികൾ ബോട്ടിൽനിന്ന് ഒന്നിച്ച് ചോദിച്ചു.
വല്ലാർപാടം കര തൊടാത്ത ബോട്ടിൽനിന്ന് അനേകം കൈകൾ കരയിലേക്ക് നീളുന്നു.
‘‘റെഡി വൺ, ടു, ത്രീ ഫോർ... ചാടൂ’’
‘‘ഒന്നും സംഭവിക്കില്ല, ചാടൂ,’’
‘‘അയ്യോ...’’
ചുറ്റും വെള്ളം, ചെളിയിലാഴുന്നു. ഞെട്ടിയുണർന്നു.
കല്യാണി മേനോനും യേശുദാസും സിതാരയും ടി.എം. കൃഷ്ണയും ഹരീഷ് ശിവരാമകൃഷ്ണനും ഹരിഹരനും മധുസൂദനൻ നായരും ഒ.എൻ.വിയും മറ്റനേകം പേരും പാടി നിർത്തിയിരുന്നു. ഇയർ ഫോണിന്റെ ബഡ്സ് ചെവിയിൽനിന്നിളകി പുറത്തേക്ക് ഞാന്നുകിടക്കുന്നു. പുറത്തേക്ക് നോക്കി. മഹാരാജാസ് എത്തിയിരുന്നു. മീറ്റിങ് സന്ധ്യവരെ നീണ്ടു. ചിലപ്പോഴങ്ങനെയാണ് മനുഷ്യർക്ക് സംസാരം അവസാനിപ്പിക്കാനാവില്ല. അത് അനന്തമായി നീളും. ആരും തടസ്സപ്പെടുത്തില്ല.
സുഹൃത്തുക്കളിൽ ചിലരെ കണ്ടില്ല. അവർ കടൽ കടന്നുപോയെന്ന് അന്വേഷിച്ചപ്പോഴറിഞ്ഞു. യാത്രകൾക്ക് മുമ്പില്ലാത്ത വിധം ജനകീയതയാണ്. അത് എവിടേക്കും നീളും. രാത്രി വൈകി വീട്ടിലെത്തി... മലേഷ്യയെ കുറിച്ച് എഴുതാൻ മൂഡില്ലായിരുന്നു. നീണ്ട മീറ്റിങ്ങും തിരക്കേറിയ ബസിലെ യാത്രയും. വല്ലാത്ത ക്ഷീണം തോന്നി. പഴയ വല്ലാർപാടം മൂഡും.
എം.ജി റോഡിലെയും സൗത്തിലെയും മഴയും തണുപ്പും വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും മനസ്സീന്നും ഉടലീന്നും വിട്ടുപോയില്ല. ഉറങ്ങിപ്പോയി.
അർധരാത്രിയിലെപ്പോഴോ പുറത്തു വീണ്ടും കനത്ത മഴയിലും കാറ്റിലും ജാലക വിരികൾ ഇളകി. മഴത്തുള്ളികൾ മുഖത്തേക്ക് തെറിച്ചുവീണു. ഞെട്ടിയുണർന്ന് ജനലടച്ചു. മലേഷ്യൻ വെയിലുകൾ വീണ്ടും ചൂടു പകരാൻ തുടങ്ങിയിരുന്നു. പേനയെടുത്തു.
പൊരിവെയിൽ സഹിക്കാതെ പുത്രജയയിലെ മനോഹരമായ തടാകക്കരയിൽനിന്ന് ഞങ്ങൾ ബസിലേക്ക് ഓടുകയായിരുന്നു. തിരു വീണ്ടും കൊട്ടാരങ്ങളുടെയും ഭരണ സമുച്ചയങ്ങളുടെയും ചരിത്രം പറഞ്ഞു തുടങ്ങി. ചരിത്രത്തിനൊരു പ്രത്യേകതയുണ്ട്. അത് ഭൂതകാലവുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് വല്ലാത്തൊരു നിഗൂഢതയുണ്ട്. ഗൃഹാതുരതയുണ്ട്. മനുഷ്യനെയും അധികാരത്തെയും ഭരണ കേന്ദ്രങ്ങളെയും സിംഹാസനങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചരിത്രം നമ്മെ ജിജ്ഞാസുക്കളാക്കുന്നു. നാം ചില ഒളിഞ്ഞുനോട്ടങ്ങൾ നടത്തുന്നു. പക്ഷേ കൃത്യമായ രേഖകളുടെ അനുബന്ധം കാൽപനികരെ നിരാശരാക്കുന്നു. ഇവിടെ ഓരോ കെട്ടിടങ്ങൾക്കും കൊട്ടാരങ്ങൾക്കും ഓരോ കഥയുണ്ട്. ചിന്തകൾ മുറിഞ്ഞു മുറിഞ്ഞു പോകുന്നു. ബസിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ആകാശം തുളക്കുന്ന അസാധ്യ ആർക്കിടെക്ചറൽ വൈദഗ്ധ്യം കണ്ട് അതിശയിച്ചു.
തിരുനാവുക്കരശിന്റെ വിവരണം കാറ്റിൽ പാതി മുറിഞ്ഞുപോയി. ഉദ്യാനങ്ങളിൽ ദീർഘനേരം ഉലാത്തി, സായാഹ്നത്തിൽ തടാകക്കരയിൽ കൈകോർത്തിരിക്കുന്ന സുൽത്താനെയും പ്രണയിനിയെയും അകതാരിൽ കാണാൻ ശ്രമിച്ചു.
ആടയാഭരണങ്ങൾ ഉലച്ച് തെളിഞ്ഞ ജലാശയം നോക്കിയിരിക്കുന്ന അതിസുന്ദരിയുടെ മിഴികളിൽ ചുവന്ന പ്രണയാകാശം പ്രതിഫലിച്ചു. മണ്ണും ജലവും വാനവും അധികാരവും സൃഷ്ടിക്കുന്ന സിംഹാസനങ്ങൾ. അതിൽ ചിലർ പ്രണയകഥകൾ ചികയുന്നു. ബസ് യാത്ര തുടരവേ പുത്രജയയിലെ ആകാശം തുളക്കുന്ന അധികാര ഗോപുരങ്ങൾ കണ്ണിൽനിന്ന് പുറകോട്ട് മാഞ്ഞുപോയി.
ലഞ്ച് കഴിഞ്ഞ് ഹോട്ടൽ അൻകാസയിലെത്തിയപ്പോൾ മൂന്നു മണി കഴിഞ്ഞു. കീ വാങ്ങി സെക്കൻഡ് ഫ്ലോറിലെ 213 നമ്പർ റൂം തുറന്ന് അകത്തുകയറി. മലേഷ്യൻ റൂം ഫ്രെഷ്നറിന്റെ നേർത്ത സുഗന്ധം. വൃത്തിയുള്ള ഹോട്ടൽ മുറി. വെള്ള വിരിയുള്ള ബെഡ്. ഈർപ്പമില്ലാത്ത സുഗന്ധം പരക്കുന്ന വാഷ് റൂം. ക്വാലാലംപുർ നഗരത്തിന്റെ മധ്യത്തിലാണ് ഞങ്ങളിപ്പോൾ. മൂന്നുപേരും ഒറ്റ കിടത്തമായിരുന്നു. ഗാഢനിദ്രയിലാണ്ടു പോയി.
ഏറെ വൈകി എഴുന്നേറ്റു. കുളിച്ച് ഫ്രെഷ് ആയി അൻകാസയോടൊട്ടാൻ തയാറായി. സന്ധ്യക്ക് ഞങ്ങൾ പെട്രോനാസ് ട്വിൻ ടവറിനരികത്തേക്കു പോയി. സഹയാത്രികരെല്ലാം പരസ്പരം സെറ്റായി തുടങ്ങിയിരുന്നു. തിരുവിന്റെ നിർദേശങ്ങൾക്കായി റോഡിനരികിൽ എല്ലാവരും കൂടി നിന്നു. തിരു പെട്രോനാസ് ഇരട്ട ഗോപുരത്തിന്റെ നിർമാണത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പറഞ്ഞു. ഞാൻ കുറെനേരം ഗോപുരത്തിലേക്ക് നോക്കിനിന്നു... ചരിത്രമാണ് മുന്നിൽ തലയുയർത്തി നിൽക്കുന്നത്. എല്ലാവരും ഫോട്ടോസും വിഡിയോസും എടുത്തു. കൂടുതൽ കാണാനും ആവശ്യമുള്ളവർക്ക് ടവറിന്റെ മുകളിൽ കയറാനുമായി മൂന്നാമത്തെ ദിവസം വരാമെന്നു ഡയാന പറഞ്ഞു. പെട്രോനാസ് ഇരട്ട ഗോപുരത്തെക്കുറിച്ച് കൂടുതലായി പിന്നീടെഴുതാം.
ഞങ്ങൾ കുറച്ചുകൂടി മുന്നോട്ടു പോയി പൈതൃകമായ കമ്പങ് ബാരു പ്രദേശത്തിനു നേരെ നടന്നു. ഖനനങ്ങൾക്ക് കീർത്തി കേട്ട പൈതൃകഗ്രാമമാണ് കമ്പങ് ബാരു. ഖനനത്തിനായി വന്നുചേർന്ന ചൈനീസ് തൊഴിലാളികളുടെ പിൻതലമുറ ധാരാളം ഉണ്ടിവിടെ.
കലാ-സാംസ്കാരിക-സിനിമാ രംഗത്തെ ഇതിഹാസതുല്യരായ പ്രശസ്ത വ്യക്തികളും ശിൽപികളും അന്ത്യവിശ്രമം കൊള്ളുന്ന ജലാൻ അംപാങ് മുസ്ലിം സെമിത്തേരിയായിരുന്നു തൊട്ടരികിൽ. ഓരത്തുള്ള നടപ്പാതയിലൂടെ പുരാതന കമ്പങ് ബാരുവിനെയും, ആധുനിക ക്വാലാലംപുരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സലോമ ലിങ്ക് പാലത്തിലേക്ക് ഞങ്ങൾ ഒന്നിച്ചു നടന്നു.
1819 സ്ഥാപിതമായ ജലാൻ അംപാങ് സെമിത്തേരിയിൽ മക്കക്ക് അഭിമുഖമായാണ് കല്ലറകൾ. മലേഷ്യയിലെ ഏറ്റവും പുരാതനമായ മുസ്ലിം സെമിത്തേരിയാണിത്. പേരാൽ ഉൾപ്പെടെ വൻ മരങ്ങളും ശാന്തമായ നടപ്പാതകളുമുള്ള ഇവിടം നഗരമധ്യത്തിലെ വലിയ ഹരിത സങ്കേതമാണ്. സെമിത്തേരിക്കരികിലെ വൃത്തിയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ നഗരമധ്യത്തിലെ ആർഭാടത്തിലും, തിരക്കുകളിലും അദൃശ്യമായിരിക്കുന്ന മരണത്തെക്കുറിച്ചോർത്തു.
കലാകാരന്മാർക്ക് എന്നേക്കുമായി ഉറങ്ങാനുള്ള കുടീരം പണിതിരിക്കുന്നത് അവർ ഏറ്റവും പ്രണയിച്ചിരുന്ന നഗരമധ്യത്തിൽ... അവർ അതുതന്നെയാവും ആഗ്രഹിച്ചിരിക്കുക. പ്രശസ്ത മലേഷ്യൻ ചലച്ചിത്ര താരവും സംവിധായകനും ഗായകനുമായ തൻശ്രീ പി. റാംലി അദ്ദേഹത്തിന്റെ ഭാര്യ സലോമ (യഥാർഥ നാമം സൽമ ഇസ്മായിൽ) എന്നിവരും ഈ ശവകുടീരത്തിലുറങ്ങുന്നു.
പ്രശസ്ത ഹാസ്യനടനായ എ.ആർ. ടോംപെൽ അദ്ദേഹത്തിന്റെ ശവകുടീരത്തിനകത്തിരുന്നും മനുഷ്യരെ ചിരിപ്പിക്കുന്നുണ്ടാവും. പ്രശസ്തിയുടെ തിരക്കില്ലാതെ ശാന്തമായി നഗരഹൃദയത്തിൽ കലാകാരന്മാരെല്ലാവരും ഒന്നിച്ച്... എന്റെ ഹൃദയം ഒന്നു കുതിച്ചു. കലാകാരന്മാരുടെ ശവകുടീരങ്ങൾ. അവർ ഇപ്പോഴും ജനതയാൽ സ്മരിക്കപ്പെട്ട്, സദാ സാന്നിധ്യമറിയിച്ച്. കുതിപ്പിനു വ്യക്തമായ കാരണമുണ്ട്. അവരൊന്നും മരിച്ചിരുന്നില്ലെങ്കിൽ എന്ന് മലേഷ്യ ആഗ്രഹിക്കുന്നുണ്ടാവും.
സെമിത്തേരിയുടെ ഓരം പങ്കിടുന്ന ടൈലുകൾ വിരിച്ച നടപ്പാത വെറ്റിലയുടെ ഇലകൾ അടുക്കിവെച്ചതു പോലുള്ള ആർക്കിടെക്ചറൽ ഭംഗിയുള്ള സലോമ ലിങ്ക് ഫ്ലൈ ഓവറിനരികത്തേക്കു നീളുന്നു. തുരങ്കംപോലെ സലോമ ലിങ്ക് പാലം. ക്ലാങ് നദിക്കും അംപാങ്-ക്വാലാലംപുർ എലിവേറ്റഡ് ഹൈവേക്കും കുറുകെ നിർമിച്ച അതിമനോഹരമായ പാലമാണിത്. സലോമ ലിങ്ക് പാലം പൈതൃക കമ്പങ് ബാരു പ്രദേശത്തെയും ആധുനിക കെ.എൽ.സി.സി (KLCC) പ്രദേശത്തെയും ബന്ധിപ്പിക്കുന്നു. പഴയതിനെയും പുതിയതിനെയും ബന്ധിപ്പിക്കാനൊരു പാലം. അവിടെ പുരാതന കമ്പങ് ബാരു പ്രദേശത്തെ പ്രണയവും ജലാൻ അംപാങ്ങിലെ മരണവും കെട്ടുപിണയുന്നു.
പ്രശസ്ത മലേഷ്യൻ ഗായിക സലോമയുടെ (തൻ ശ്രീ പി റാം ലിയുടെ ഭാര്യ) ഓർമക്കായാണ് പാലത്തിന് ഈ പേരിട്ടിരിക്കുന്നത്. ദൂരെ ക്ലാങ് നദി. ചീറിപ്പായുന്ന വാഹനങ്ങൾ നിറഞ്ഞ എക്സ്പ്രസ് ഹൈവേ താഴെ. പാലത്തിൽ ആളുകൾ കൂട്ടിമുട്ടുന്നതു പോലെ തിരക്ക്. അപരിചിത നഗരത്തിരക്കിൽ ഒറ്റപ്പെടാതിരിക്കാൻ ഞങ്ങൾ കൈ കോർത്തു നടന്നു.
ഇതൊരു സ്വപ്നനഗരമാണെന്നു തോന്നി. പാലത്തിൽനിന്ന് ഞാൻ താഴോട്ടു നോക്കി. എക്സ്പ്രസ് ഹൈവേയിലൂടെ കാതടപ്പിക്കുന്ന ഹുങ്കാരത്തോടെ വാഹനങ്ങൾ പറക്കുന്നു. അവയെല്ലാം എന്റെ ഹൃദയത്തിലൂടെയാണ് പറന്നുപോയതെന്ന് തോന്നി. കണ്ണടച്ചു തുറക്കും മുമ്പ് ക്ലാങ് നദിയും കടന്ന് അവ എവിടേക്കോ അപ്രത്യക്ഷമായി. പ്രകമ്പനങ്ങൾ ബാക്കിയായി.
മിന്നു എന്റെയും സുധീറേട്ടന്റെയും ഫോട്ടോസ് എടുത്തു. ഫോട്ടോ എടുക്കാനുള്ള എന്റെ പ്രഫഷനൽ സ്കില്ലിനെ കുറിച്ച് ബോധ്യമുള്ളതിനാൽ അവളുടെ ഫോട്ടോ എടുക്കാൻ എന്നോട് പറഞ്ഞില്ല. മറ്റാരോ എടുത്തുകൊടുക്കുന്നതു കണ്ടു. ദൂരെ നിന്നാണ് സലോമ ലിങ്ക് പാലത്തിന് കൂടുതൽ ഗാംഭീര്യം. മലേഷ്യൻ വിവാഹത്തിൽ ഉപയോഗിക്കുന്ന താംബൂല തണ്ടായ സിരി ജുഞ്ചുങ് എന്ന പരമ്പരാഗത സമ്മാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ നിർമാണം. വെറ്റില അടുക്കിവെച്ചതു പോലുള്ള കമാനത്തിന് അതിഗംഭീര ശിൽപഭംഗിയാണ്.
ക്വാലാലംപുരിലെ ചരിത്രപ്രസിദ്ധമായ ജലാൻ അംപാങ് മുസ്ലിം ഖബർസ്ഥാൻ
കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മാത്രമാണ് പാലത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാത്രിയിൽ അനേകം എൽ.ഇ.ഡി ബൾബുകൾ തെളിഞ്ഞപ്പോൾ ഞങ്ങളൊരു പ്രകാശ തുരങ്കത്തിലാണെന്നു തോന്നി. തുരങ്കത്തിലൂടെ മറ്റേതോ ലോകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു. നൃത്തംചെയ്യുന്ന പ്രകാശത്തിൽ സലോമ ലിങ്കിന് ജീവനുണ്ടെന്നു തോന്നി.
സലോമ ലിങ്ക് പാലത്തിന്റെ കൈവരികളിൽ ചാരിനിന്ന് ഞാൻ പെട്രോനാസ് ട്വിൻ ടവറിനെ ആരാധനയോടെ നോക്കി. അത്രയും മനോഹാരിത ഇരട്ട ഗോപുരത്തിന് മറ്റൊരിടത്തുനിന്ന് നോക്കിയാൽ കിട്ടില്ലെന്ന് തോന്നി. ഇരുട്ടിൽ തെളിയുന്ന പ്രൗഢ ഗംഭീര കാഴ്ച. രാത്രിയിൽ അതിന്റെ ഗാംഭീര്യം വർധിച്ചിരിക്കുന്നു. കുറച്ചുകൂടി നിഗൂഢമായപോലെ. പ്രകാശിച്ചു നിൽക്കുന്നവയുടെയെല്ലാം കാഴ്ച അനിർവചനീയമാവുന്നത് രാത്രിയിലാണ്.
ചെറുപ്പക്കാരായ ധാരാളം പ്രഫഷനൽ ഫോട്ടോഗ്രാഫർമാർ സലോമ ലിങ്കിൽ തമ്പടിച്ചിരുന്നു. ഇരട്ട ഗോപുരത്തിന്റെ രാത്രി പാശ്ചാത്തലത്തിൽ ഒരു പ്രഫഷനൽ ഫോട്ടോഗ്രാഫർ ഞങ്ങളുടെയും മിന്നുവിന്റെയും ഫോട്ടോസ് എടുത്തു. ധാരാളം പേർ ഫോട്ടോ എടുക്കാനായി തയാറായി നിന്നിരുന്നു. ഒരു മത്സര കടന്നുകയറ്റത്തിലൂടെയാണ് ഫോട്ടോ എടുക്കാനുള്ള കറക്ട് പോയന്റിൽ ഞങ്ങൾക്ക് നിൽക്കാനായത്. ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ സലോമ ലിങ്കിലെ പ്രകാശ തുരങ്കത്തിൽ ആൾക്കൂട്ടം തിരപോലെയിളകി. താഴെ എക്സ്പ്രസ് ഹൈവേയിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു അത്യാഡംബര കാർ പറന്നുപോയി. ഞെട്ടലിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് റെഡി എന്നു പറഞ്ഞത് ഞാൻ കേട്ടില്ല. ഫോട്ടോ എടുത്തതിന് 40 റിങ്കറ്റ് വാങ്ങി. സോഫ്റ്റ് കോപ്പിക്ക് മാത്രം.
തിരിച്ചുവരുമ്പോൾ ജലാൻ അംപാങ് ശവകുടീരത്തിനുള്ളിലെ അലസമായ ഇരുട്ടിലേക്കു നോക്കി. തൻശ്രീ പി റാം ലിയും സൽമയും പോയകാല വെള്ളിത്തിരകളെ മറന്ന് ശാന്തമായി ഉറങ്ങുന്നു. ഉറക്കത്തിൽ അവർ മനോഹരമായി പാടുന്നുണ്ടെന്ന് എനിക്കു തോന്നി. ജലാൻ അംപാങ്ങിലെ ഇതിഹാസ മരണങ്ങൾക്കു ചുറ്റും ശബ്ദമില്ലാതെ ആ പാതിരാ പാട്ടൊഴുകാൻ തയാറെടുക്കുന്നു. ഇരുട്ടിൽ തണുത്ത ശവകുടീരങ്ങൾ ഉയർത്തെഴുന്നേൽപിനായി വെമ്പുന്നു.
ചുറ്റും മറ്റു കലാകാരന്മാരും ഗായകരും അഭിനേതാക്കളും, ശിൽപികളും സ്വപ്നം കണ്ട് ഉറങ്ങുന്നുണ്ട്. എന്തു ശാന്തതയാണവിടെ. കലാകാരന്മാരോടുള്ള ആദരവും സ്മരണയും നിറഞ്ഞ നിഗൂഢമായ ഇരുട്ടിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. നേർത്ത കാറ്റിൽ പേരാൽ വൃക്ഷങ്ങളിൽനിന്ന് ഇല പൊഴിയുന്നു. അവ ശവകുടീരങ്ങൾക്ക് മുകളിലേക്ക് തൂവൽ പോൽ പതിക്കുന്നു.
പരമമായ നിശ്ശബ്ദത...
ജലാൻ അംപാങ് ശവകുടീരത്തിൽനിന്ന് ഉയരാൻ സാധ്യതയുള്ള അപൂർവ ഈണത്തിലുള്ള, ശബ്ദമുറഞ്ഞ, പാതിരാ പാട്ടിനായി ഞാൻ കാതോർത്തു. അന്നേരം ക്ലാങ് നദിയും കടന്ന് സലോമ ലിങ്ക് പാലത്തിലൂടെ കടന്നുവന്ന തണുത്ത കാറ്റ് എനിക്കു ചുറ്റും കറങ്ങി. അതിൽനിന്ന് ഹൃദയഹാരിയായ ഒരു മലേഷ്യൻ പൂർവകാല പ്രണയ സുഗന്ധം പരന്നു. ഇതിഹാസതുല്യരുടെ ശവകുടീരങ്ങളിൽ മാത്രം വീശുന്ന തണുത്ത പാതിരാ കാറ്റായിരുന്നു അത്. കാറ്റിലൂടെ സ്വപ്നസഞ്ചാരികളെ പോലെ നടപ്പാതയിലെ രാത്രിതണുപ്പു ചവിട്ടി ഞങ്ങൾ അൻകാസയിലേക്ക് ഒഴുകിപ്പോയി. ഞങ്ങൾക്കും ഉറക്കം വരുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.