പിടിമുറുക്കിയ അധോലോകം പുതിയ മുഖഭാവമായി മാറി
മാവോ സേതുങ് വിടവാങ്ങിയിട്ട് സെപ്റ്റംബർ 9ന് 50 വർഷം. ഈയവസരത്തിൽ ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്നു. ചൈനീസ് സന്ദർശനത്തിന്റെയും ജനങ്ങളുമായി നടത്തിയ അഭിമുഖങ്ങളുടെയും പുതിയ പഠനങ്ങളുടെയും ഉൾബലത്തിലാണ് ഈ അന്വേഷണം. കഴിഞ്ഞലക്കം തുടർച്ച. വിവിധ മേഖലകളിൽ പിടിമുറുക്കിയ അധോലോകം ചൈനയുടെ പുതിയ മുഖഭാവമാണ്. മാഫിയകളുടെ കുപ്രസിദ്ധ സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ 2025 സെപ്റ്റംബർ 17ന് ജീവൻ...
മാവോ സേതുങ് വിടവാങ്ങിയിട്ട് സെപ്റ്റംബർ 9ന് 50 വർഷം. ഈയവസരത്തിൽ ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്നു. ചൈനീസ് സന്ദർശനത്തിന്റെയും ജനങ്ങളുമായി നടത്തിയ അഭിമുഖങ്ങളുടെയും പുതിയ പഠനങ്ങളുടെയും ഉൾബലത്തിലാണ് ഈ അന്വേഷണം. കഴിഞ്ഞലക്കം തുടർച്ച.
വിവിധ മേഖലകളിൽ പിടിമുറുക്കിയ അധോലോകം ചൈനയുടെ പുതിയ മുഖഭാവമാണ്. മാഫിയകളുടെ കുപ്രസിദ്ധ സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ 2025 സെപ്റ്റംബർ 17ന് ജീവൻ പണയപ്പെടുത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ബർമീസ് സൈനിക ഭരണകൂട സൈന്യത്തിന്റെ റെയ്ഡിനെ തുടർന്ന് 700 കടത്ത് തൊഴിലാളികൾ മ്യാന്മറിലെ ചൈനീസ് മാഫിയ നടത്തുന്ന കെ.കെ പാർക്ക് കോമ്പൗണ്ടിൽനിന്ന് പലായനം ചെയ്തു. പലരും മോയി നദി കടന്ന് തായ്ലൻഡിലേക്ക് നീന്തി. നൂറുകണക്കിന് പേരെ തായ് അധികൃതർ കസ്റ്റഡിയിലെടുത്തു.
30 സ്റ്റാർലിങ്ക് സാറ്റലൈറ്റ് റിസീവറുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും പിടിച്ചെടുക്കുകയുമുണ്ടായി. ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് പേർ മ്യാന്മറിൽ കുടുങ്ങിക്കിടക്കുകയോ ഒളിവിൽ കഴിയുകയോ ചെയ്യുന്നു. നദിയിലെ ശക്തമായ ഒഴുക്കിൽ ചിലർ മുങ്ങിമരിച്ചുവെന്നാണ് ബർമീസ് വാർത്താ ഏജൻസിയായ ‘ദി ഇറവാഡി’ റിപ്പോർട്ട് ചെയ്തത്. ചൈനീസ് ക്രിമിനൽ സംഘങ്ങൾ, കരേൻ ബോർഡർ ഗാർഡ് ഫോഴ്സ്, ജുണ്ട, നിർബന്ധിത തട്ടിപ്പുകാർ എന്നിവ ഒരുമിച്ച് സംഘടിത ആഗോള കുറ്റകൃത്യ ശൃംഖലയായി പ്രവർത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഫോർ മ്യാന്മർ (ജെ.എഫ്.എം) പറഞ്ഞു.
തുടർച്ചയായ ദുരുപയോഗങ്ങൾക്കും ഉപഖണ്ഡങ്ങൾ കടന്നുള്ള കുറ്റകൃത്യങ്ങൾക്കും ധനസഹായം നൽകുന്നതിന് കെ.കെ പാർക്കുപോലുള്ള കേന്ദ്രങ്ങൾ ദുരുപയോഗിക്കുന്നു. സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഭൂമി-റിയൽ എസ്റ്റേറ്റ് കൊള്ള, നികുതി വെട്ടിപ്പ്, ക്രിമിനൽ ഗ്രൂപ്പുകൾക്ക് സംരക്ഷണം, കള്ളക്കടത്തും മനുഷ്യക്കടത്തും യൂട്ടിലിറ്റികളുടെ വിൽപന എന്നിവയിൽനിന്നാണ് ലാഭം കൊയ്യുന്നതും. മ്യാന്മറിലെ നിയമവിരുദ്ധ പ്രദേശം ചൈനീസ് മാഫിയ നടത്തുന്ന അഴിമതി കേന്ദ്രമാണെന്ന് ഇത് വീണ്ടും എടുത്തുകാണിക്കുന്നു. നല്ല ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് ആകർഷിക്കുകയും കടത്തപ്പെടുകയും ചെയ്യുന്ന നിരവധി ഇന്ത്യക്കാരെ തോക്കിൻമുനയിൽ നിർത്തി സൈബർ കുറ്റകൃത്യങ്ങൾക്ക് എങ്ങനെ നിർബന്ധിതരാക്കുന്നു എന്നതും വെളിപ്പെടുത്തുന്നുമുണ്ട്.
അധികാരത്തിൽ പിടിമുറുക്കുന്ന ഷി ജിൻപിങ്
2025 ഒക്ടോബർ 24ന് ബെയ്ജിങ്ങിൽ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ നാലാം പ്ലീനത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ വാണിജ്യ മന്ത്രി വാങ് വെന്റാവോ, ദേശീയ വികസന പരിഷ്കരണ കമീഷൻ ചെയർമാൻ ഷെങ് ഷാഞ്ചി, സെൻട്രൽ പോളിസി റിസർച് ഓഫിസ് ഡയറക്ടർ ജിയാങ് ജിൻക്വാൻ, സെൻട്രൽ റൂറൽ വർക്ക് ലീഡിങ് ഗ്രൂപ് ഡയറക്ടർ ഹാൻ വെൻസിയു, ശാസ്ത്ര സാങ്കേതിക മന്ത്രി യിൻ ഹെജുൻ, ദേശീയ ആരോഗ്യ കമീഷൻ മന്ത്രി ലീ ഹൈചാവോ എന്നിവർ പങ്കെടുത്തു. ചെയർമാൻ ഷി ജിൻപിങ്ങിന്റെ അധികാരത്തിലുള്ള പിടി മുറുകുന്നത് പൂർണമായും പ്രകടമായിരുന്നു.
പ്ലീനത്തിൽ ഹാജർനിലയിലെ ഗണ്യമായ കുറവും അച്ചടക്ക നടപടികളും ചൈനയിലെ ഉന്നത രാഷ്ട്രീയ, സൈനിക വൃത്തങ്ങൾക്കുള്ളിൽ ശുദ്ധീകരണവും അസ്വസ്ഥതയും തീവ്രമാകുന്നതിലേക്ക് നയിച്ചു. 205 കേന്ദ്ര കമ്മിറ്റിയംഗങ്ങളിൽ 168 പേരും (82 ശതമാനം) 171 അംഗങ്ങളിൽ 147 പേരും (86 ശതമാനം) മാത്രമേ പങ്കെടുത്തുള്ളൂ. പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) പ്രതിനിധികളിൽ പകുതിയിൽ താഴെ പേർ മാത്രമാണ് എത്തിയതെന്നത് സൈനിക സ്ഥാപനത്തിനുള്ളിലെ ആഴത്തിലുള്ള പ്രക്ഷുബ്ധതയുടെ തെളിവായി. അഭൂതപൂർവമായ അസാന്നിധ്യമാണത്. നാലാം പ്ലീനത്തിന്റെ അടിവര ഷി ജിൻപിങ്ങിന്റെ ഭരണം സമ്പൂർണമാണ് -എന്നാൽ വെല്ലുവിളിക്കപ്പെടാത്തതല്ല എന്നാണ്. ശുദ്ധീകരണങ്ങളുടെ വ്യാപ്തിയും പാർട്ടി ശ്രേണിയിലെ ദൃശ്യമായ ഉത്കണ്ഠയും വെളിപ്പെടുത്തുന്നത് അധികാരം ഉറപ്പിക്കുന്നതും വിയോജിപ്പാൽ വേട്ടയാടപ്പെടുന്നതുമായ നേതൃത്വത്തെയാണ്.
ചൈനയിലെ ബെയ്ജിങ്ങിലുള്ള ടിയാനൻമെൻ പ്രവേശന കവാടം
‘സ്ത്രീകൾ ആകാശത്തിന്റെ പകുതി ഉയർത്തിപ്പിടിക്കുന്നു’
ചൈനീസ് രാഷ്ട്രീയത്തിൽ സ്ത്രീകളെ കാണുന്നില്ല. സി.സി.പി പുരുഷ ക്ലബായിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. ഷിയുടെ കീഴിൽ രാഷ്ട്രീയ ഘടന കൂടുതൽ കേന്ദ്രീകൃതവും പുരുഷാധിപത്യപരവുമായി മാറിയിരിക്കുന്നു. പുരുഷ വിശ്വസ്തരുടെ ഇറുകിയ ആന്തരികവൃത്തത്തിന് ചുറ്റും അധികാരം കൂടുതൽ കൂടുതൽ കറങ്ങുന്നു. ലിംഗസമത്വത്തെക്കുറിച്ച് പതിവായി വാചാടോപങ്ങൾ മുഴങ്ങാറുണ്ടെങ്കിലും ചൈനയുടെ രാഷ്ട്രീയരംഗത്ത് സ്ത്രീകൾ വലിയതോതിൽ അദൃശ്യരായി തുടരുകയാണ്. പുരുഷ പോളിറ്റ്ബ്യൂറോയാണ് നിലവിൽ. 24 അംഗങ്ങളിൽ ഒരു സ്ത്രീപോലും ഇല്ലാത്തത് രണ്ട് പതിറ്റാണ്ടായി തുടരുന്ന പ്രാതിനിധ്യത്തിന്റെ പാരമ്പര്യം ലംഘിക്കുന്നു.
2025ലെ ആഗോള വനിത ഉച്ചകോടിയിൽ പ്രസിഡന്റ് ഷി ജിൻപിങ് ശാക്തീകരണത്തിന്റെ പ്രതിച്ഛായ പ്രദർശിപ്പിച്ചെങ്കിലും പാർട്ടിക്കുള്ളിലെ യാഥാർഥ്യം മറ്റൊന്ന്. അധികാരത്തിന്റെ ഉയർന്നതലങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഏതാണ്ട് പൂർണമായും ഇല്ലാതായി. ഉയർന്നനിലവാരത്തിലുള്ള സി.സി.പി യോഗങ്ങളിൽ വളരെ കുറച്ച് സ്ത്രീകളെയേ കാണാനുള്ളൂ. അടുത്തിടെ സമാപിച്ച 15ാം പഞ്ചവത്സര പദ്ധതി സെഷനും വ്യത്യസ്തമായിരുന്നില്ല. 1949ൽ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായശേഷം ഉന്നത തീരുമാനമെടുക്കൽ സമിതിയായ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇതുവരെ ഒരു സ്ത്രീക്കും പ്രവേശനം നൽകിയില്ല. 1949 മുതൽ ഇതുവരെ എട്ട് സ്ത്രീകൾ മാത്രമേ സി.പി.സി പോളിറ്റ്ബ്യൂറോയിൽ അംഗങ്ങളായിട്ടുള്ളൂ.
അതിൽ മൂന്നുപേർ മാവോ സേതുങ്ങിന്റെ ഭാര്യ ജിയാങ് ക്വിങ് ഉൾപ്പെടെ സി.പി.സിയുടെ സ്ഥാപക അംഗങ്ങളുടെ ഭാര്യമാർ. 2022ലെ പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്ക് സ്ത്രീകളെ നിയമിച്ചില്ല. മുൻ പോളിറ്റ്ബ്യൂറോയിലെ ഏക വനിതയായിരുന്ന, കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി ‘സീറോ-കോവിഡ്’ നയം കർശനമായി നടപ്പിലാക്കിയ ഉരുക്കുവനിത എന്നറിയപ്പെട്ട 25 അംഗ പോളിറ്റ്ബ്യൂറോയിലെ ഏക വനിത സൺ ചുൻലാൻ വിരമിച്ചിരുന്നു. മാവോ കാലഘട്ടത്തിൽ ‘സ്ത്രീകൾ ആകാശത്തിന്റെ പകുതി ഉയർത്തിപ്പിടിക്കുന്നു’ എന്ന മുദ്രാവാക്യം ഉണ്ടായിരുന്നിട്ടും സി.സി.പി ചരിത്രപരമായി പുരുഷ സംഘമായി അധഃപതിച്ചു.
നിക്കോളാസ് ക്രിസ്റ്റോഫും ഷെറിൽ വുഡനും ചേർന്ന് 2009ൽ പുറത്തിറക്കിയ ‘ഹാഫ് ദി സ്കൈ’ എന്ന പുസ്തകത്തിന്റെയും 1975ൽ റിലീസായ അമേരിക്കൻ ഡോക്യുമെന്ററി ചിത്രമായ ‘ദി അദർ ഹാഫ് ഓഫ് ദി സ്കൈ: എ ചൈന മെമ്വ’ തുടങ്ങിയ ശീർഷകങ്ങളിലൊതുങ്ങി അത്. ആ പ്രയോഗം ചൈനീസ് പഴഞ്ചൊല്ലിൽനിന്നാണ് വന്നത്. സ്ത്രീകൾ സമൂഹത്തിന് തുല്യമായി സംഭാവനചെയ്യുന്നുവെന്നും പുരുഷന്മാരെപ്പോലെ തുല്യ അവസരങ്ങളും അവകാശങ്ങളും നൽകണമെന്നുമാണ് സൂചന. ലിംഗസമത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ മാവോ ആ പ്രയോഗം ജനപ്രിയമാക്കുകയായിരുന്നു.
പരമ്പരാഗത ലിംഗ മാനദണ്ഡങ്ങൾ
സാംസ്കാരിക പക്ഷപാതങ്ങളുടെയും പരമ്പരാഗത ലിംഗ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നേതൃത്വത്തിൽ പുരുഷന്മാർക്ക് ആഴത്തിലുള്ള മുൻഗണന നിലനിൽക്കുന്നു. മറ്റ് ഘടകങ്ങളെക്കാൾ വിശ്വസ്തതക്ക് പ്രതിഫലം നൽകുന്ന പ്രവണത സ്ത്രീകളെ ഏറ്റവും ശക്തമായ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുന്നതിന് കാരണമാവുകയാണ്. വനിത ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 55 ആണ്, പുരുഷന്മാരുടേത് 60. പല വനിത ഉദ്യോഗസ്ഥരെയും പ്രധാന സ്ഥാനങ്ങളെക്കാൾ മൃദുവകുപ്പുകളിലേക്ക് തരംതാഴ്ത്തുന്നു. കുടുംബങ്ങളുള്ള സ്ത്രീകൾക്കാണ് കൂടുതൽ വെല്ലുവിളികൾ, വിവാഹവും കുട്ടികളെ വളർത്തലും ജോലിയുടെ ചലനത്തെയും തൊഴിൽനിലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുരുഷന്മാർക്ക് ഭാര്യമാരെയും വിപ്ലവ പങ്കാളികളെയും ആവശ്യമായിരുന്നു, പക്ഷേ അവരുമായി സഹകരിച്ചത് സ്വതന്ത്ര സ്വഭാവം കൊണ്ടല്ല. കാലം മാറിയെങ്കിലും ചൈനീസ് സമൂഹത്തിന്റെ പുരുഷാധിപത്യ സ്വഭാവത്തിൽ വലിയ വ്യത്യാസം സംഭവിച്ചിട്ടില്ല.
ചൈനീസ് സ്ത്രീകൾ പല മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു; പ്രത്യേകിച്ച് ബിസിനസിൽ. ലോകത്തിലെ ഏറ്റവും മികച്ച സ്വയം നിർമിത ബിസിനസ് വനിതകളിൽ പകുതിയും ചൈനക്കാരാണ്. അവിടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് മുന്നോട്ടു പോകാനാവും. ചൈനയിലുടനീളമുള്ള 20 പ്രമുഖ ഏജൻസികളിൽ സ്ത്രീകൾ ഉയർന്ന പദവികൾ വഹിക്കുന്നുണ്ട്. സി.എം.ഒമാരായി കമ്പനികൾ നടത്തുകയും ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടുകയും ചെയ്ത 49 ചൈനീസ് സ്ത്രീകളുണ്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും 54 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയിലെ 64 ശതമാനം സ്ത്രീകൾ ജോലിചെയ്യുന്നവരാണ്.
40 വയസ്സിന് താഴെയുള്ള വിവാഹിതരായ സ്ത്രീകളിൽ 33 ശതമാനത്തിനും ഭർത്താക്കന്മാരെക്കാൾ കൂടുതൽ വരുമാനമുണ്ട്. മുത്തശ്ശിമാർ കുട്ടികളോടൊപ്പം താമസിക്കുകയും പേരക്കുട്ടികളെ വളർത്താൻ സഹായിക്കുകയും ചെയ്യുന്ന ചൈനയുടെ സാംസ്കാരിക, കുടുംബ ഘടനകൾ സ്ത്രീകളെ ബിസിനസുകളുടെയും കോർപറേഷനുകളുടെയും ഉന്നത പദവികളിലേക്ക് നയിച്ച പ്രധാന ഘടകമാണ്. എന്നിട്ടും ജനസംഖ്യയുടെ 49 ശതമാനത്തിലേറെ വരുന്ന അവർക്ക് രാഷ്ട്രീയത്തിൽ മേലധികാരികളെയും പുരുഷന്മാരെയും ആശ്രയിക്കേണ്ടിവരുന്നു.
ഡോങ്ഗുവാൻ എന്ന ‘കിഴക്കൻ ആംസ്റ്റർഡാം’
ചൈനയിൽ പരസ്യമായ മദ്യപാനം നിരോധിച്ചിട്ടുണ്ടെന്ന ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവിന്റെ സമാശ്വാസം വേശ്യാവൃത്തി പരിശോധിച്ചിട്ടില്ല. പ്രധാന ഇടങ്ങളിൽ ലൈംഗിക ടൂറിസം നിയമവിരുദ്ധമാണെന്ന വിലക്കുണ്ടെങ്കിലും അത് വ്യാപകമാണ്. പലതും രഹസ്യമായി പ്രവർത്തിക്കുന്നു. ചില്ലുകൂട്ടിലിട്ട് പ്രദർശിപ്പിക്കുന്ന സ്ത്രീകളെ തെരഞ്ഞെടുക്കാൻപോലും അവസരമുണ്ടെന്ന് സുഹൃത്ത് ചെൻ സോങ് പറയുകയുണ്ടായി. 1980കളിലാണ് പ്രധാന മേഖലകളിൽ വേശ്യാവൃത്തി വീണ്ടും ഉയർന്നുവന്നത്.
നഗര-ഗ്രാമപ്രദേശങ്ങളിൽ വലിയ വികേന്ദ്രീകൃത വ്യവസായമായി അത് വികസിച്ചു. ഉയർന്ന നിലവാരമുള്ള ഹോട്ടലുകൾ, കരോക്കെ ബാറുകൾ, മസാജ് പാർലറുകൾ, തെരുവ് വേശ്യാവൃത്തി എന്നിവ അതിന്റെ കേന്ദ്രങ്ങൾ. പലപ്പോഴും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ലൈംഗിക കച്ചവടം ഫാക്ടറി ജോലികളെക്കാൾ ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ഒരു മാർഗംകൂടിയാണത്. ദാരിദ്ര്യം, ഉയർന്ന വരുമാനത്തിനായുള്ള ആഗ്രഹം, ഗണ്യമായ ലിംഗ അസന്തുലിതാവസ്ഥ തുടങ്ങിയ ഘടകങ്ങൾ രതിത്തൊഴിലിന്റെ പ്രേരണകളാണ്. ഉദ്യോഗസ്ഥർക്കിടയിലെ വ്യാപകമായ അഴിമതി അത് തുടരാൻ അനുവദിക്കുന്നു. ഓൺലൈൻ സന്ദേശമയക്കൽ സേവനങ്ങൾ, ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗം ക്ലയന്റുകളെ ആകർഷിക്കാനുള്ള സാധാരണ തന്ത്രമാണ്.
ഒരു കാലത്ത് ലോകത്തിന്റെ ഫാക്ടറിയായി കണക്കാക്കപ്പെട്ടിരുന്ന ചൈനീസ് പട്ടണമായ ഡോങ്ഗുവാൻ രഹസ്യ ലൈംഗിക വ്യാപാരവും വിശാലമായ ചുവന്ന തെരുവുകളും കാരണം ‘കിഴക്കൻ ആംസ്റ്റർഡാം’ എന്ന വിളിപ്പേര് നേടി. സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം അതിന്റെ ഉന്നതിയിൽ കുടിയേറ്റ ജനസംഖ്യയുടെ 10 ശതമാനം വരുന്ന –എട്ടു ലക്ഷം സ്ത്രീകൾ ലൈംഗിക വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. 2012-13 കാലയളവിൽ നഗരം നിർമാണ മേഖലയെക്കാൾ വ്യാപകമായ വേശ്യാവൃത്തിക്ക് പേരുകേട്ടതായി. വേശ്യാവൃത്തി മേഖലകളിൽ സാധാരണയായി ഉപയോഗിക്കുന്ന ‘ഡോങ്ഗുവാൻ സ്റ്റൈൽ’ എന്ന പ്രയോഗംപോലും അത് സൃഷ്ടിച്ചു.
വസ്തുവിന്റെ രൂപഭാവങ്ങൾ പ്രവേശന കവാടം മാത്രം
ചൈനയെ അപകീർത്തിപ്പെടുത്താൻ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ‘പക്ഷേ എന്ത് വിലകൊടുത്ത്’ എന്ന ചോദ്യം, മുതലാളിത്ത ഭരണവർഗത്തിന്റെ സ്വന്തം തകർച്ചയെക്കുറിച്ചുള്ള ഉത്കണ്ഠകളെ പ്രതിഫലിപ്പിക്കുന്നുവെന്ന പവൽ വാർഗന്റെ കാഴ്ചപ്പാടും ഇവിടെ ചേർക്കട്ടെ. കഴിഞ്ഞ പതിറ്റാണ്ടിൽ, പാശ്ചാത്യർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ പഴയ മാന്വലുകൾ പുറത്തെടുത്ത് ചൈനയിലേക്ക് തിരിച്ചു. ആക്രമണം സർവവ്യാപിയായിരുന്നു. 1950കളിൽ അമേരിക്കൻ തൊഴിലാളി പ്രസ്ഥാനത്തിൽ സാമ്രാജ്യത്വത്തിന്റെ പ്രധാന ഉപകരണമായി പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ ട്രേഡ് യൂനിയൻ കോൺഫെഡറേഷനായ എ.എഫ്.എൽ.സി.ഐ.ഒ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് സ്കൂളുകൾക്കും പള്ളികൾക്കും യൂനിയനുകൾക്കും ഒരു ഭൂപടം വിതരണം ചെയ്തു.
‘ഗുലാഗ്-സ്ലേവറി, ഇൻകോർപറേറ്റഡ്’ എന്ന് പേരിട്ട അതിന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി രഹസ്യ ധനസഹായം നൽകി. സോവിയറ്റ് വ്യവസായ നേട്ടങ്ങൾ അടിമത്തൊഴിലാളികളുടെ പിൻബലത്തിലാണെന്ന് വാദിക്കാനായിരുന്നു ശ്രമം. ക്യൂബയുടെ 1961ലെ ചരിത്രപ്രസിദ്ധമായ സാക്ഷരതാ കാമ്പയിൻ കമ്യൂണിസ്റ്റ് പ്രചാരണത്തിന്റെ ഉപകരണമായി തള്ളിക്കളയപ്പെട്ടു, അതിന്റെ സൗജന്യ സാർവത്രിക ആരോഗ്യ സംരക്ഷണ മാതൃക നാമമാത്രമായ കുറവുകളുടെ പേരിൽ ആക്രമിക്കുകയും ചെയ്തു. പടിഞ്ഞാറ് സിനോഫോബിയയിൽ മുഴുകിയിരിക്കുന്നുണ്ടെങ്കിലും ചൈനീസ് വ്യവസ്ഥ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് വലിയതോതിൽ വ്യക്തമാണ്. മൂന്നാം ലോക രാജ്യങ്ങൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നതും മികച്ച മാതൃകയുമായി അത് മാറി. പാശ്ചാത്യരാജ്യങ്ങളിൽ സാധ്യമായതിനെക്കാൾ മികച്ച വികസന ഫലങ്ങൾ നൽകുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചു.
വലിയ പ്രതിസന്ധികൾ തടയുന്നതിലും ചരിത്രപരമായി അഭൂതപൂർവമായ നിരക്കിൽ ആധുനികവത്കരിക്കുന്നതിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും ചൈന വിജയിച്ചത് മുതലാളിത്ത സൗഹാർദത്തിന്റെ ഫലമല്ല, മറിച്ച് തലമുറകളായുള്ള പ്രവർത്തനത്തിലൂടെയാണ് എന്ന പവൽ വാർഗന്റെ സംതൃപ്തി വായനയുടെ ഒരുഭാഗം മാത്രമാണ്. കമ്യൂണിസ്റ്റുകാർ ഏറ്റവും ദീർഘവീക്ഷണമുള്ളവരും ഏറ്റവും ആത്മത്യാഗികളും ഏറ്റവും ദൃഢനിശ്ചയമുള്ളവരും സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ ഏറ്റവും മുൻവിധിയില്ലാത്തവരുമായിരിക്കണം. കൂടാതെ, ബഹുഭൂരിപക്ഷം ജനങ്ങളെയും ആശ്രയിക്കുകയും അവരുടെ പിന്തുണ നേടുകയും വേണ്ടതുമുണ്ട്. ഒരു വസ്തുവിനെ നോക്കുമ്പോൾ അതിന്റെ സത്ത പരിശോധിക്കുകയും അതിന്റെ രൂപഭാവങ്ങളെ പ്രവേശന കവാടമായിമാത്രം കണക്കാക്കുകയും വേണം. ഒരിക്കൽ ആ കവാടം കടന്നാൽ ആ വസ്തുവിന്റെ സത്ത മനസ്സിലാക്കണം; ഇതാണ് വിശ്വസനീയവും ശാസ്ത്രീയവുമായ വിശകലന രീതിയെന്ന മാവോ സേതുങ്ങിന്റെ വചനങ്ങൾ മാത്രം ഓർമിപ്പിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.