ഗ്രീക് സാഹിത്യത്തിലെ ഇതിഹാസ പുരുഷന്മാരുടെ നാടായ ആതൻസിലൂടെ നടത്തിയ യാത്രയിൽ കണ്ട കാഴ്ചകൾ വിവരിക്കുന്നു. അക്രൊപൊളിസും റോമൻ അഗോറയും അഡ്രിയാനോ തെരുവും കടന്ന് യാത്ര മുന്നേറുന്നു.
ഏതാനും മണിക്കൂർ അമ്മയെ സേഫ് കസ്റ്റഡിയിൽ വെച്ചതിന് ടിക്കറ്റ് കൂട്ടിലെ കൂട്ടുകാരോട് നന്ദിപറഞ്ഞ് ഞങ്ങൾ പുറത്തെ അഡ്രിയാനോ തെരുവിലേക്ക് കടന്നു. ആഫ്രോ സുന്ദരി പറഞ്ഞ പാകത്തിലൊരു തീറ്റക്കട കണ്ടുപിടിച്ച് എ.സി തണുപ്പിൽ ഒതുങ്ങിയിരുന്നു. അമ്മു ഹഫേസ്റ്റസിന്റെയും ഡയോജനസിന്റെയും ബാധയിൽനിന്ന് മുക്തയായിട്ടില്ല. അഗോറയിൽനിന്ന് അവരെയും കൊണ്ടാണ് അവൾ പോന്നത്. അമ്മയോട് വാ തോരാതെ വിസ്തരിക്കുന്നുണ്ട്. അമ്മ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുന്നു.
മുടി നീട്ടിവളർത്തി പിന്നിൽ കെട്ടിവെച്ചൊരാളാണ് ഓർഡറെടുക്കാൻ വന്നത്. മുടിയിലും ഭംഗിയായി വെട്ടിയൊതുക്കിയ താടിയിലും ഉപ്പും കുരുമുളകും കലരുന്നുണ്ട്. നല്ല ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ചോദിച്ചും ചർച്ചിച്ചും ഭക്ഷണം തീരുമാനിക്കാൻ ഞങ്ങൾ പത്തു മിനിറ്റോളം എടുത്തു. ഇടംകൈകൊണ്ട് കൊച്ചുപുസ്തകത്തിൽ എല്ലാം കുറിച്ചിട്ട് അയാൾ പറഞ്ഞു, ഇരുപത് മിനിറ്റോളം എടുക്കും എല്ലാം തയാറാവാൻ, തിരക്കുകൂട്ടണ്ട. ഞങ്ങൾക്ക് ഒരു തിരക്കുമില്ല. നിങ്ങൾക്കൊരു വിശ്രമവുമാവട്ടെ. കള്ളൻ, ഇവിടെയിരിക്കുന്ന സമയത്തിനും കാശു വാങ്ങുമായിരിക്കാം. എനിക്കാധിയായി.
Do you charge us for that extra time?
അയാളൊന്നന്തിച്ചു നിന്നു. പിന്നെ ഇടതു കൈയിലെ പേനകൊണ്ട് തലക്കടിച്ച്, ഒരു പുരാതന ഗ്രീക് ക്ഷേത്രം തകർന്ന് മാർബിൾ കല്ലുകൾ കൂട്ടത്തോടെ ഇളകിവീഴുന്ന ശബ്ദത്തിൽ ആർത്തുചിരിച്ച് അകത്തേക്ക് പോയി. അടുത്ത മേശകളിലെ തീറ്റക്കാർ ഞങ്ങളെ നോക്കി ചിരിക്കുകയും തുറിച്ചുനോക്കുകയും പെട്ടെന്നുതന്നെ ഭക്ഷണത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
റസ്റ്റാറന്‍റിന്‍റെ എതിര്‍വശത്ത് നിരനിരയായി സുവനീര്‍ ഷോപ്പുകളും വസ്ത്രക്കടകളുമാണ്. അവിടെ തൂങ്ങിനിറയുന്ന ബനിയന്‍ ടോപ്പുകളില്‍ അഥീനയുടെയും ഏറെക്തിയോണിന്റെയും ചിത്രങ്ങള്‍ക്കിടയില്‍ കഥകളിത്തലയുമുണ്ട്. റസ്റ്റാറന്‍റിന്‍റെയും എതിരെയുള്ള തുണിക്കടയുടെയും കവല്‍ക്കാരെന്ന മട്ടില്‍ ഒരു കറമ്പന്‍ നായ് അങ്ങോട്ടും ഇങ്ങോട്ടും മാറിമാറിയിരിക്കുന്നുണ്ട്.
ഇരു കടയിലേക്കും കയറുന്നവരെയും ഇറങ്ങുന്നവരെയും കാര്യമായി നിരീക്ഷിക്കുന്നുണ്ട് കറമ്പന്‍. ലുക്ക് ഗംഭീരമാണെങ്കിലും ഇവനും ഒരു തെരുവുനായ് തന്നെയാവാം. ഒറ്റക്കും തെറ്റക്കുമായി ആതൻസിലും മറ്റു നഗരങ്ങളിലും യജമാനരഹിത ശ്വാനന്മാരെ കാണാം. ഇന്ത്യയിലെപ്പോലെ ഒരു കലാപത്തിലേക്കെത്തും വിധത്തിൽ എണ്ണത്തിലോ ശൗര്യത്തിലോ ആതൻസിലെ പട്ടികൾ ഭയപ്പെടുത്തുന്നില്ല. യവനശ്വാനന്മാർ നല്ലനിലയിൽ പട്ടിപ്പൗരബോധമുള്ളവരാണ്.
തെരുവുനായ്ക്കളെക്കുറിച്ച് സംസാരിച്ച് ഞങ്ങൾ നായ്ക്കളുടെയും തെരുവുകളുടെയും തമ്പുരാനായ ഡയോജനസിൽ തിരിച്ചെത്തി. 350 ബി.സിയില്‍ എയ്ജിന (Aegina) ദ്വീപിലേക്കുള്ള യാത്രക്കിടയില്‍ ഡയോജനസും സംഘവും തടവിലാക്കപ്പെടുകയും ക്രെറ്റിലെ അടിമച്ചന്തയില്‍ എത്തുകയും ചെയ്തു. അടിമകളെ വാങ്ങാന്‍ വന്നവര്‍ ഡയോജനസിനോട് ചോദിച്ചു:
നാട്?
ലോകം മുഴുവന്‍ എന്‍ നാട്.
എന്ത് തൊഴിലറിയാം?
മനുഷ്യരെ നയിക്കാനറിയാം. ഒരു ‘മാസ്ടറെ’ ആവശ്യമുള്ളവര്‍ക്ക് എന്നെ സ്വീകരിക്കാം.
ഡയോജനസില്‍ ആരാധന തോന്നിയ ഒരു കൊറിന്ത്യന്‍ മാന്യന്‍ അദ്ദേഹത്തെ തന്റെ മക്കളുടെ വിദ്യാശിക്ഷകനായി സ്വീകരിച്ചു. ഡയോജനസിന്റെ ജീവിതത്തിലെ അവസാനകാലമായിരുന്നു കൊറിന്ത്യയിലേത്. അവിടെ വെച്ചാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയും ഡയോജനസും കണ്ടുമുട്ടുന്നത്. അന്ന് അലക്സാണ്ടര്‍, ‘ദി ഗ്രേറ്റ്’ ആയി തുടങ്ങിയിട്ടേയുള്ളൂ.
ഇവരുടെ കൂടിക്കാഴ്ച ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.
അലക്സാണ്ടര്‍: ഞാന്‍ അലക്സാണ്ടര്‍. മഹാനായ ചക്രവര്‍ത്തി.
ഡയോജനസ്: ഞാന്‍ ഡയോജനസ്. മഹാ നായ.
അലക്സാണ്ടര്‍ ഞെട്ടുന്നു: താങ്കള്‍ക്ക് ഞാന്‍ എന്താണ് ചെയ്തുതരേണ്ടത്? എന്തും എനിക്ക് കഴിയും. മഹാജ്ഞാനി ചോദിച്ചോളൂ.
ഡയോജനസ്: ആയിക്കോട്ടെ. നീങ്ങിനില്‍ക്കൂ. താങ്കള്‍ എനിക്കുള്ള സൂര്യന്‍റെ വെളിച്ചവും ചൂടും തടസ്സപ്പെടുത്തുന്നു.
ആരാധന കുമിഞ്ഞു കുനിഞ്ഞ ശിരസ്സുമായി ചക്രവര്‍ത്തി തിരിച്ചു നടന്നു. അലക്സാണ്ടറായിരുന്നില്ലെങ്കില്‍ എനിക്ക് ഡയോജനസ് ആകണമായിരുന്നു, എന്ന് പിറുപിറുത്തുകൊണ്ട്.
ഇത് നമ്മടെ നാറാണത്ത് ഭ്രാന്തന്‍റെ കഥ പോലുണ്ടല്ലോ?
നാറാണത്ത് ഭ്രാന്തന് കുറച്ചുകൂടി നല്ല ഗ്രീക് തർജമ സിസിഫെസിലുണ്ടെന്നു അമ്മക്കറിയില്ല. മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുകയെന്നത് സിസിഫെസിന് ദൈവങ്ങള്‍ നല്‍കിയ ശിക്ഷയായിരുന്നു. പക്ഷേ, ആ ഒറ്റ ചോദ്യംകൊണ്ട് വിദൂരദേശങ്ങളിലെ രണ്ടു കാലങ്ങളെ, രണ്ടു കഥാപാത്രങ്ങളെ അമ്മ കൂട്ടിമുട്ടിച്ചു. ചരിത്രത്തിലെ അകന്നുകിടന്ന രണ്ടേടുകളെ ഒന്നിച്ചുവെച്ചുതന്നു അമ്മ.
ഇത്തരം ആത്മജ്ഞാനികള്‍ എല്ലാ സംസ്കാരങ്ങളിലുമുണ്ട്, എല്ലാ കാലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. ബാലന്മാരെപ്പോലെ നിഷ്‍കളങ്കരും ഭ്രാന്തന്മാരെപ്പോലെ ഉന്മാദികളും വേതാളങ്ങളെപ്പോലെ അസാധാരണക്കാരും ആയവര്‍. കാലാകാലങ്ങളില്‍ നമുക്കും നമ്മുടേതായ അത്തരം ആത്മാന്വേഷികളും അരാജകവാദികളും ഉണ്ടായിരുന്നു. അതില്‍ മുന്തിയ താന്തോന്നി രായിരംകുന്നിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റുകയാണ്. പിന്നീടവയെ താഴേക്കു തള്ളിയിട്ട് പൊട്ടിച്ചിരിക്കും. മന്തിപ്പോള്‍ ഏതു കാലിലാണാവോ!
ജലാംബരങ്ങള്‍ അഴിഞ്ഞുപോയ നിളയുടെ ആത്മാവിനോട് ചേര്‍ന്ന് നടക്കുകയാണ് കവി. ‘പി’ എന്ന ഒരക്ഷരത്തിന്റെ ധൂര്‍ത്ത്. വളയൻ കാലന്‍ കുടകൊണ്ട് മണലിലിങ്ങനെ വരയുന്നു -ഏവമെന്തിനിണങ്ങി നാം തമ്മില്‍, വേർപിരിയുവാന്‍ മാത്രമായി.
വള്ളിപൊട്ടി തുലഞ്ഞ ചെരിപ്പിനോട് കലഹിക്കുന്ന കാലുകളെ പണിപ്പെട്ട് വലിച്ചുകൊണ്ടുപോകുന്നു അയ്യപ്പന്‍. കള്ളച്ചാരായവും കവിതയും മണ്ണും മരണവും മണക്കുന്ന അയ്യപ്പന്‍. അങ്ങനെ നമുക്കും നമ്മുടേതായ ഡയോജനസുമാര്‍.
രണ്ടു ഗൈറോക്കും വെജിറ്റബിൾ ഫെത്ത ഓംലെറ്റിനും ഒരു മീറ്റ് സൌവ്ലാക്കിക്കും നൽകിയ ഓർഡർ അര മണിക്കൂറിലേറെയെടുത്തത് എ.സിയുടെ തണുപ്പും അമ്മുവിന്റെ ചൂടൻ വിവരണവും നാറാണത്തു ഭ്രാന്തന്‍ മുതലായവരുടെ വരവും കാരണം അറിഞ്ഞില്ല. ഗൈറോ, നമ്മുടെ ഷവർമയുടെ ഗ്രീക് പതിപ്പാണ്. കുറച്ച് ചില്ലി സോസും ഉപ്പും കുരുമുളകും ചേർത്തപ്പോൾ അവ എന്റെയും അമ്മുവിന്റെയും രുചിബോധത്തിന് വഴങ്ങി. ഓംലെറ്റ് അതിന്റെ തക്കാളിയും സവാള വളയങ്ങളും ചീസും തിന്നു വീർത്ത വയറുമായി മിനിയും അമ്മയുമായി ഒത്തുതീർപ്പിലെത്തി. പെട്ടുപോയത് അപ്പുവാണ്.
ഗ്രീസിൽ വന്ന് സൌവ്ലാക്കി കഴിക്കാതെങ്ങനെ എന്ന് പറഞ്ഞ് ഓർഡർ ചെയ്തത് കഴിക്കുന്നതെങ്ങനെ എന്ന് വിഷമിക്കുകയാണവൻ. കുരുമുളകുപൊടിയിൽ കുളിപ്പിച്ചിട്ടും ഉപ്പു തേച്ചു താലോലിച്ചിട്ടും വെള്ളപ്പിഞ്ഞാണത്തിലെ അക്രൊപൊളിസ് ചിത്രത്തിൽ മലർന്നുകിടക്കുന്ന മാംസപിണ്ഡത്തിന് മലയാളി യുവാവിന്റെ ചോദനകളെ തൃപ്തിപ്പെടുത്താനായില്ല. അവസാനം സൌവ്ലാക്കിയെ ‘‘ഇത് പെന്തക്കോസ്ത് കെബാബ്’’ എന്നാക്ഷേപിച്ച് അപ്പു മൊഴിചൊല്ലി. കാശുകൊടുത്തു വാങ്ങിയ ഭക്ഷണം കളയാനാവില്ലെന്ന ശാഠ്യമുള്ളതിനാൽ ഞാനും മിനിയും അത് കഴിക്കാൻ ശ്രമിച്ചെങ്കിലും പകുതിയെങ്കിലും തീർക്കാൻ ഞങ്ങൾക്കായില്ല.
കടയിൽനിന്ന് ആവുന്നത്ര എ.സി തണുപ്പ് വലിച്ചെടുത്ത് പുറത്തേക്കിറക്കിയിട്ടിരിക്കുന്ന കസേരകളിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. വല്ലാതെ ഒച്ചയുണ്ടാകുന്ന ഒരു മെഗാ കൂളറിന്റെ ‘മിനി’ത്തണുപ്പിവിടെയുണ്ട്. അമ്മു ഡയോജനസ് കഥകൾ തുടർന്നു. ഏതാണ്ട് അര മണിക്കൂറോളം ഞങ്ങളങ്ങനെ അവിടെയിരുന്നു. അമ്മുവിന്റെ ഡയോജനസിനും വേണ്ടേ അൽപം വിശ്രമം? അമ്മുവിന്, യാത്ര പുറപ്പെടും മുമ്പേ അവളാവശ്യപ്പെട്ടിരുന്ന ഡയോജനസ് വിളക്ക് വാങ്ങിക്കാന്‍ തിടുക്കവുമായി. ഞങ്ങൾ അഡ്രിയാനോ തെരുവിലൂടെ നടത്തം തുടങ്ങി.
റസ്റ്റാറന്‍റുകളുടെയും സുവനീർ കടകളുടെയും ഇടയിലൂടെ വിയർത്തൊതുങ്ങി വടക്കോട്ട് നടന്നെത്തുന്നത് ഹാഡ്രിയാന്റെ ലൈബ്രറിക്കു മുന്നിലാണ്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമാ ചക്രവർത്തിയായിരുന്ന ഹാഡ്രിയാനാണ് ഈ മന്ദിരം പണിതത്. പുതുക്കിപ്പണിയുന്ന ആതൻസ് നഗരത്തിന് ഗംഭീരമായൊരു ലൈബ്രറി ആവശ്യമാണെന്ന് ചക്രവർത്തിക്ക് ബോധ്യമുണ്ടായിരുന്നു. ഭരണാധികാരിയുടെ പ്രതാപ പ്രകാശനമായിരുന്നില്ല ആ ലൈബ്രറി. ഹാഡ്രിയാൻ ചക്രവർത്തിക്ക് റോമൻ-ഗ്രീക് സാഹിത്യശാഖകളിൽ താൽപര്യവും അറിവും ഉണ്ടായിരുന്നു. കവിതകളെഴുതിയിരുന്നു അദ്ദേഹം.
അഗോറയിലെ ബൈസാന്റൈൻ കാലത്തെ ക്രിസ്തീയ ദേവാലയത്തിന് മുന്നിൽ ലേഖകനും സംഘവും,പനാത്തെനോൺ പാത
അക്കാലത്തെ തത്ത്വജ്ഞാനികളുമായി സൗഹൃദവുമുണ്ടായിരുന്നു. വെറുമൊരു പുസ്തകശേഖരണാലയമോ വായനശാലയോ ആയിരുന്നില്ല അന്നത്തെ ലൈബ്രറികൾ. ഹാഡ്രിയാൻ ലൈബ്രറിയിൽ സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങളുണ്ടായിരുന്നു. തത്ത്വചിന്തകരും പുതുചിന്തകരും പ്രഭാഷണങ്ങൾ നൽകുമായിരുന്നു. പുറത്തെ പൂന്തോട്ടത്തിന്റെ പ്രശാന്തതയിൽ ബുദ്ധിജീവികൾ പുതിയ ആശയങ്ങൾ പങ്കുവെച്ചു. പുതിയ ചിന്തകൾ, മീമാംസകൾ, ശൈലികൾ എന്നിവയെല്ലാം അഗോറയുടെ തുറസ്സുകളിലെന്നപോലെ ഈ കെട്ടിടത്തിന്റെ ഹാളുകളിലും ചർച്ച ചെയ്യപ്പെട്ടു. സർക്കാർ രേഖകളും ഉത്തരവുകളും പാപ്പിറസ് ചുരുളുകളായി ഇവിടെ സൂക്ഷിക്കപ്പെട്ടു. ഒരു ചെറിയ ജലാശയവും പള്ളിയും (ആതൻസിലെ ആദ്യ പള്ളിയായിരുന്നു അത്.) കൂടിയുണ്ടായിരുന്നു ഈ ലൈബ്രറി സമുച്ചയത്തിൽ.
ആധുനികലോകത്തെ പുത്തൻ ലൈബ്രറിയെക്കുറിച്ചല്ല ഈ വിവരണം. എ.ഡിയിലെ നൂറ്റാണ്ടുകളെ എണ്ണിത്തുടങ്ങുന്നേയുള്ളൂ അന്ന്. ഇന്ന് ലൈബ്രറിയിലേക്ക് നടക്കുമ്പോൾ നൂറ്റാണ്ടുകളെയും പടയോട്ടങ്ങളെയും ഞങ്ങൾ ശപിച്ചു. അവയാണ് മഹത്തായ ആ നിർമിതിയെ ഏതാനും തൂണുകളിലും പൊളിഞ്ഞ മതിലുകളിലുമായി അവശേഷിക്കുന്ന ദയനീയ രൂപമാക്കിയത്. പരിക്കേറ്റ് നിൽക്കുന്ന ഇരുപതോളം തൂണുകൾ, നൂറോളം തൂണുകളുടെ സ്തംഭനിരയും ഗരിമയുള്ള മുറികളും ചുമരലമാരികളിൽ നിറയെ പാപ്പിറസ് ചുരുളുകളുമുണ്ടായിരുന്ന ഗതകാലത്തെയോർത്ത് നെടുവീർപ്പിടുന്നു. ഖനനങ്ങളും പുനർനിർമാണ ശ്രമങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായ ബാരിക്കേഡുകളും കെട്ടിമറകളും തലങ്ങും വിലങ്ങും പായുന്ന ലോഹദണ്ഡുകളും അവശേഷിക്കുന്ന കാഴ്ചയെ മലിനമാക്കുന്നുണ്ട്.
അര മണിക്കൂറിന്റെ വായനയേ ലൈബ്രറിയുടെ അവശേഷിപ്പുകൾക്കിടയിൽ ഞങ്ങൾക്കുണ്ടായുള്ളൂ. ആ സമയംകൊണ്ട് സൂര്യൻ നനഞ്ഞ ലിപികളാൽ ഞങ്ങളുടെ ശരീരം മുഴുവൻ എഴുതി നിറച്ചിരുന്നു. അമ്മയും അമ്മുവും തളർന്നിരിക്കുന്നു. റോമൻ അഗോറയിലേക്കാണ് ഇനി പോകാനുള്ളത്. അവിടേക്കെത്താൻ അക്രൊപൊളിസിലേക്ക് കയറിപ്പോകുന്ന റോഡിലൂടെ കുറേയധികം ചുവടുകൾ വെക്കാനുണ്ട്. അമ്മക്കും അമ്മുവിനും അത് ബുദ്ധിമുട്ടാവും. ഞങ്ങൾ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാനായി അവർക്കൊരു സ്ഥലം വേണം. അപ്പോഴാണ് തേടിയ വള്ളി കാലിൽചുറ്റാനായി കുന്നിറങ്ങിവന്നത്. ആതൻസിന്റെ ഊടുവഴികളിലൂടെ കറങ്ങി നഗരത്തിലെ പ്രധാന കാഴ്ചകളിലേക്കെത്തുന്ന ചുവന്ന ടോയ് ട്രെയിൻ. ‘ആതൻസ് ഹാപ്പി ട്രെയിൻ’.
അമ്മയെയും അമ്മുവിനെയും ട്രെയിനിന്റെ അവസാന ബോഗിയിലേക്ക് കയറ്റിവിട്ട് ഞങ്ങൾ റോമൻ അഗോറയിലേക്കുള്ള കയറ്റം കയറാൻ തുടങ്ങി. സൂര്യന്റെ കോപം പാന്‍റ്സിന്‍റെയും ടീ ഷർട്ടിന്‍റെയും അടിയിലേക്ക് നുഴഞ്ഞുകയറി ശരീരത്തിന്റെ മടക്കുകളിൽ നനവായി ചൊറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അക്രൊപൊളിസിന്റെ നേരേ വടക്കായിട്ടാണ് റോമൻ അഗോറ. (അസ്തമയ സമയത്ത് അഗോറയിലെ സ്തൂപങ്ങൾക്കിടയിലൂടെയുള്ള അക്രൊപൊളിസ് കാഴ്ച മനോഹരമായിരിക്കും). ജൂലിയസ് സീസറും അഗസ്റ്റസുമാണ് അഗോറയുടെ നിർമാണച്ചെലവുകൾ വഹിച്ചത്. കുറെയേറെ പൊട്ടിപ്പൊളിഞ്ഞു പോയിട്ടും ഏതാനും തൂണുകളിൽ നിഗളിച്ചുനിൽക്കുന്ന പടിഞ്ഞാറൻ കവാട കമാനത്തിൽ (ഇതാണ് പ്രധാന കവാടം: അഥീനയുടെ പേരിലാണ് ഇത്) ഇക്കാര്യം എഴുതിവെച്ചിട്ടുണ്ട്. റോമൻ അഗോറ സജ്ജമായതോടെ, നമ്മൾ രാവിലെ കണ്ടിറങ്ങിയ പുരാതന ഗ്രീക് അഗോറയിലെ കച്ചവടത്തിരക്ക് കുറെയൊക്കെ ഇങ്ങോട്ട് മാറ്റപ്പെട്ടു.
അഗോറയിലേക്ക് കയറിയപ്പോൾതന്നെ വലതുവശത്തെ ചുമരിൽ ചാരിനിൽക്കുന്ന ടാപ്പിനടുത്തേക്ക് ഞങ്ങൾ നടന്നു. ചൂടുവെള്ളമെങ്കിൽ ചൂടുവെള്ളം. മുഖമൊന്ന് കഴുകാതെ വയ്യ. എന്നാൽ, ഞങ്ങളുടെ ഇന്ദ്രിയങ്ങളെ ഞെട്ടിച്ചുകൊണ്ട് നല്ല തണുത്ത വെള്ളം ടാപ്പിലൂടെ വന്നു. മുഖം കഴുകൽ അവസാനിച്ചത് ഒരു അരക്കുളിയിലാണ്. മിനിയാകട്ടെ അതിനുശേഷം അടുത്തുണ്ടായിരുന്ന സ്റ്റൂളിലിരുന്ന് മയങ്ങാനും തുടങ്ങി.
അയോണിക് (ionic) ശൈലിയിലുള്ള ഏതാനും സ്തൂപശ്രേണികളും അവക്ക് തെക്കായി ഏതാനും കച്ചവടമുറികളുടെ അവശിഷ്ടങ്ങളും കഴിഞ്ഞാൽ അഗോറയിൽ കാണാനുള്ളത് ‘കാറ്റുകളുടെ ഗോപുര’മാണ് (Tower of winds). കച്ചവടമുറികൾക്കിടയിലൂടെ കയറിപ്പോകുന്ന മാർബിൾപ്പടികളിലൂടെ ഞങ്ങൾ ആ അഷ്ടമുഖ ഗോപുരത്തിലെത്തി.
കാലത്തിന്റെ കെറുവിക്കൽ ഗോപുരത്തിനോടുമുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടിൽ ഇത് പണിയപ്പെട്ടപ്പോൾ പുറത്ത് സൂര്യഘടികാരവും (sun dial) അകത്ത് ജലഘടികാരവും മേൽക്കൂരയിൽ ട്രൈട്ടൺ മുഖമുള്ള കാറ്റാടിയും ഉണ്ടായിരുന്നു. വളയൻ ഓടുകൾ പാകിയിട്ടുള്ള മേൽപ്പുര ഇന്ന് ശൂന്യമാണ്. കാറ്റാടി കുത്തിനിർത്തിയിരുന്ന കുറു ദണ്ഡും ചെറുപീഠവും ബാക്കിയുണ്ട്. സൺ ഡയലിനായി കുത്തിനിർത്തിയിട്ടുള്ള ഇരുമ്പുവടികൾ ഗോപുരത്തിന്റെ ചില പാർശ്വങ്ങളിൽ സൂര്യനെ ധ്യാനിക്കുന്നുണ്ടിപ്പോഴും.
നിഴലിനെ കാത്തുകിടക്കുന്ന ചില വരകളുമുണ്ട് ഗോപുര ചുമരിൽ. പൽചക്രങ്ങളും പിസ്റ്റണുകളും ഒക്കെച്ചേർന്ന സൂക്ഷ്മ സങ്കീർണ സംവിധാനമായിരുന്നത്രേ ഗോപുരത്തിനുള്ളിൽ സജ്ജീകരിക്കപ്പെട്ട ജലഘടികാരം. സൂര്യനില്ലാത്തപ്പോൾ ജലമാണ് സമയത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഗോപുരത്തിന് ചേർന്ന് പുറത്ത് ഒരു ഇരുനില ടാങ്കുണ്ട്. മുകൾനില ഏതാണ്ട് തകർന്നു കഴിഞ്ഞിരിക്കുന്നു. മുകളിലെ ടാങ്കിൽനിന്ന് താഴത്തെ ടാങ്കിലേക്ക് ഒഴുകുന്ന വെള്ളമാണ് ജലഘടികാരത്തെ സെക്കൻഡ്, മിനിറ്റ്, മണിക്കൂർ ദിവസം, മാസം, കൊല്ലം കണക്കിൽ നടത്തിച്ചിരുന്നത്.
ഗോപുരത്തിന്റെ രണ്ടു വാതിലുകളും പൂട്ടിയിരിക്കുന്നു. അതുകൊണ്ട് അത്ഭുത ഘടികാരത്തിന്റെ നേർക്കാഴ്ച ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അറ്റകുറ്റപ്പണികൾ തീർത്ത് 2016 ആഗസ്റ്റിൽ ഗോപുരം പൊതുജനത്തിന് തുറന്നുകൊടുത്തു. ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ-സമയ നിർണയ ഗോപുരമായ ഇവിടേക്ക് ഇപ്പോൾ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടത്രേ.
ആതൻസിലെ ഹാപ്പി ട്രെയിൻ. ബേബിയമ്മ മുന്നിൽ തന്നെ ഇരിപ്പുണ്ട്
ഗോപുരത്തിന്റെ ഓരോ ഭാഗവും ഓരോ കാറ്റിന്റെ പേരിലാണ്. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലും .തെക്കൻ കാറ്റ്, തെക്കു പടിഞ്ഞാറൻ കാറ്റ് എന്നിങ്ങനെ അലസമായല്ല കാറ്റിനെ പരാമർശിക്കുന്നത്. വടക്കൻ കാറ്റിനെ ബോറിയേസ്, കിഴക്കൻ കാറ്റിനെ യൂറുസ് എന്നൊക്കെയുള്ള പേരുകളിട്ട് അരുമയോടെയാണ് വിളി. ഗ്രീക്കുകാരന്റെ തെന്നൽ ദൈവങ്ങളാണിവർ. ഓരോ കാറ്റിനും അതുകൊണ്ടുവരുന്ന കലാവസ്ഥക്കനുസരിച്ച് ചമയങ്ങളുമുണ്ട്.
റോമൻ അഗോറയിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ ഒന്നുകൂടി മുഖം കഴുകി. ഇനി താഴോട്ടിറങ്ങണം. മൊണാസ്ടിറാക്കി സ്ക്വയറിലേക്ക്. സൂര്യന്റെ ചൂട് ഒട്ടും ഇറങ്ങിയിട്ടില്ല. നടത്തം മെല്ലെയാണ്. പത്ത് മിനിറ്റ് നടന്നപ്പോഴേക്കും അമ്മയും അമ്മുവും കേറിപ്പോയിരുന്ന ചുവന്ന ട്രെയിൻ തിരിച്ചുവന്നു. ഞങ്ങൾ അടുത്തെത്തുമ്പോഴേക്കും അമ്മുവും മറ്റ് രണ്ട് യാത്രക്കാരും ചേർന്ന് അമ്മയെ ‘ബോഗി’യിൽനിന്നിറക്കിയിരുന്നു.
പെട്ടിക്കൂട് ബോഗിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടായ ബുദ്ധിമുട്ടൊഴിച്ചാൽ അമ്മയും അമ്മുവും ഹാപ്പിയായിരുന്നു. ഞങ്ങൾ കണ്ടുകഴിഞ്ഞതും നാളെ കാണാനുള്ളതുമായ അഥീനിയൻ കാഴ്ചകളിലൂടെ ഒരോട്ട പ്രദക്ഷിണമായിരുന്നു അവർക്കത്. എന്നാൽ, സഞ്ചാരികൾക്കിടയിൽ അത്ര നല്ല അഭിപ്രായമല്ല ഈ ട്രെയിനിനെക്കുറിച്ച്. പല റിവ്യൂകളിലും അൺഹാപ്പി ട്രെയിൻ എന്നാണ് ഇത് പരാമർശിക്കപ്പെടുന്നത്. ഒന്നാമത്, ഒരു ഹോപ് ഓൺ ഹോപ് ഓഫ് സ്വഭാവമില്ല ട്രെയിനിന്. പിന്നെ, വാഗ്ദാനം ചെയ്യപ്പെടുന്ന ഇംഗ്ലീഷ് കമന്ററി പലപ്പോഴുമുണ്ടാവാറില്ല. ഏതായാലും അമ്മക്കും അമ്മുവിനും അതൊരു ‘ഹെൽപ് ഫുൾ’ ട്രിപ് ആയിരുന്നു. വെയിലിൽ ഒറ്റയടിക്ക് താഴേക്കിറങ്ങുന്നതിന്റെ ആയാസം ഒഴിവാക്കാനായി കടകളിൽ കയറിയിറങ്ങി മെല്ലെപ്പോകാൻ ഞങ്ങൾ തീരുമാനിച്ചു.
അഥീനയുടെയും എെറക്തിയോണിന്റെയും മാർബിളിൽ തീർത്ത കൊച്ചുശിൽപങ്ങൾ. അക്രൊപൊളിസിലെ പനാത്തെനോണിന്‍റെ കൊച്ചുമാതൃക. അത് കളിമണ്ണിലായാലും മതി. ഗ്രീസിന്റെ ഒരു കൊച്ചുപതാക (ഞങ്ങളുടെ ആതിഥേയരുടെ ഒരു കൊടിയടയാളം സ്വന്തമാക്കുന്നത് ഞങ്ങൾക്കിന്ന് നിർബന്ധമാണ്) ഒലിവ് തടിയില്‍ പണിത രണ്ട് വൈൻ ഗ്ലാസുകൾ. അമ്മുവിന് ഡയോജനസിന്റെ തൂക്കുവിളക്ക്. ഇത്രയുമാണ് പട്ടികയിലുള്ളത്. നാലഞ്ചു കടകളിൽ കയറിയിറങ്ങി വിലപേശിത്തളർന്നാണ് ഞങ്ങളീ വലിയ കടയിലെത്തിയത്. സാധനങ്ങളെല്ലാം തറയിലും ഷെൽഫുകളിലും വലിച്ചുവാരിയിട്ടിരിക്കുകയാണ്.
നല്ല കച്ചവടത്തിരക്കുണ്ട്. നാല് വിൽപനക്കാരികളുണ്ട്. കാഷ് കൗണ്ടറിൽ കഴുത്തുവരെ വെളുത്ത മുടി വിടർത്തിയിട്ട് ഇറുകിയ മഞ്ഞ ടീഷർട്ടിൽ സ്തനങ്ങൾ മുന്നിലേക്ക് തള്ളിച്ച് ഇരു കൈകളും വലിയ നിതംബങ്ങളിൽ കുത്തിവെച്ച് ആരോടെന്നില്ലാതെ വെളുക്കെച്ചിരിച്ച് ഒരു ഗ്രെക്കോ വാർധക്യം.
ഡയോജനിസ് തന്റെ മാളത്തിൽ നായ്ക്കളോടൊപ്പം (ഗൂഗ്ൾ ചിത്രം)
കടയിലെ അലങ്കോലങ്ങൾക്കിടയിലൂടെ സൗന്ദര്യത്തിന്റെ ചേരുവകളെല്ലാം ഒതുക്കിവെച്ചൊരു വിൽപനക്കാരി നടന്നുവന്നു. അവളുടെ തുടുത്ത കവിളുകളോളം വെളുത്തതും മൃദുലവും ആയ കൈത്തളങ്ങൾ ചേർത്തുവെച്ച് ഈണത്തിലൊരു നമസ്കാർ പറഞ്ഞ് അപ്പോൾതന്നെ അവൾ ഞങ്ങളെ കൈയിലെടുത്തു.
ഇവൾ സൂസന്ന. കാമുകനോടൊപ്പം റുമേനിയയിൽനിന്ന് ഒരു വർഷം മുമ്പ് കുടിയേറി വന്നവൾ. അവന് ആർക്കിയോളജി വകുപ്പിൽ നല്ല ജോലി കിട്ടി. അവളും കൂടെപ്പോന്നു. അവൻ ജോലിക്ക് പോകുമ്പോൾ അവൾ ഒറ്റക്കാവും. വല്ലാത്ത ബോറടി. അതുകൊണ്ട് ഇവിടെ വരും. ‘‘ഒരുപാട് ആളുകൾ ഒരുപാട് ദേശങ്ങളിൽനിന്ന് പലതരക്കാർ രസമാണ്...’’ അവളങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശരിയാവാം, കളവാകാം, കനവാകാം... സൂസന്നയുടെ സൗന്ദര്യം അവളുടെ സംസാരത്തിനുമുണ്ട്. എങ്കിലും വാക്കുകൾക്കിടയിൽ ദുരഭിമാനം നിലവിളിക്കുന്നുണ്ട്. അവിടെ റുമേനിയയുടെ നവദാരിദ്ര്യത്തിന്റെ നിഴലുകളുണ്ട്.
ഞങ്ങളാവശ്യപ്പെട്ടതെല്ലാം പെട്ടെന്നുതന്നെ കൂനകളിൽനിന്നും റാക്കുകളിൽനിന്നും അവൾ തപ്പിയെടുത്തു. ഞങ്ങളുടെ വിലപേശൽ അതിക്രമങ്ങളോട് കലാപരമായി സഹകരിച്ചു. പേശിപ്പേശി നെല്ലിപ്പടിക്ക് താഴെയെത്തിപ്പോൾ നിസ്സഹായയായി ചിരിച്ചുനിന്നു. ഇതിലും വില കുറക്കാൻ ഉടമസ്ഥ സമ്മതിക്കില്ലെന്ന് പറഞ്ഞു. അവരോടൊന്ന് ചോദിച്ചുനോക്കൂ എന്നായി മിനി.
ചോദിക്കേണ്ടിവന്നില്ല. തടിച്ച കൈകൾ നീട്ടിക്കുലുക്കി വിലകൾ ഇനിയും താഴില്ലെന്ന് ഉടമ ഞങ്ങളെ ബോധ്യപ്പെടുത്തി. എന്നാലിറങ്ങട്ടെ എന്നുപറഞ്ഞ് തിരിച്ചുനടന്നു തുടങ്ങിയപ്പോൾ, one minute please പ്രഖ്യാപിച്ച് സൂസന്ന അകത്തേക്ക് പോയി. പുറത്തിരിക്കുന്ന തടിച്ചിയേക്കാൾ വലിയ ഉടമസ്ഥ അകത്തുണ്ടായിരിക്കാം. ഒരു കൊച്ചു കടലാസിൽ എന്തോ വായിച്ചുകൊണ്ട് സൂസന്ന മടങ്ങിവന്നു. കുറച്ച വിലയായിരിക്കും. കുറിപ്പൊന്നു കൂടി വായിച്ച്, അത് സോക്രട്ടീസിന്റെ കാലിനടിയിലേക്ക് തള്ളിവെച്ച് സുന്ദരിയിങ്ങനെ മൊഴിഞ്ഞു.
‘‘ദൂസരെ ദൂക്കാൻ മെ ഇസെ കം മെ ന മിലെ തോ വാപസ് ആയിയേ.’’
സൂസന്നയുടെ ഹിന്ദി സൂത്രത്തിൽ വീണുപോകരുതല്ലോ? ഞാനും അപ്പുവും കൂടി അടുത്തുള്ള രണ്ടു കടകളിൽ വിലപേശിച്ചെന്നു. കച്ചവടക്കാർ പറയുന്ന ഉയർന്ന വിലക്കേ വ്യത്യാസമുള്ളൂ. നമ്മൾ അഞ്ചോ പത്തോ മിനിറ്റെടുത്ത് പേശിപ്പേശിയെത്തുന്ന കുറഞ്ഞവില എല്ലായിടത്തും ഒന്നുതന്നെ. സൂസന്നക്കടയിലേക്ക് ഞങ്ങൾ തിരിച്ചുചെന്നു. ‘‘ശുക്രിയാ ശുക്രിയാ’’ ജപിച്ചുകൊണ്ട് അവൾ പെട്ടെന്നുതന്നെ ഓർഡറുകൾ പാക്ക് ചെയ്തു തന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.