അഗോറയിലെ നിദ്രവിടാത്ത കൽക്കെട്ടുകളും കരയുന്ന ശിൽപങ്ങളും

ഗ്രീക് തലസ്ഥാനമായ ആതൻസിലൂടെ ലേഖകൻ നടത്തിയ യാത്രയെ കുറിച്ചുള്ള വിവരണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ഗ്രീക് തത്ത്വജ്ഞാനികളായ ഡയോജനസ്, സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ നാടിന്റെയും നാട്ടുകാരുടെയും സവിശേഷതകളെ കുറിച്ചും പറയുന്നു. അകലെനിന്ന് അനേകം അഴികളുള്ള ആനക്കൊട്ടിലിന്റെ ആനച്ചന്തം അണിഞ്ഞിരുന്ന ഹഫേസ്റ്റസ് ക്ഷേത്രം അടുത്തെത്തുമ്പോൾ ഗജഗാംഭീര്യവും കഴിഞ്ഞ് വളരുകയാണ്. തെക്കുവടക്ക് ഭാഗങ്ങളിൽ 13 വീതവും കിഴക്കും പടിഞ്ഞാറും ആറു വീതവുമായി 34 തടിയൻ തൂണുകളിൽ അതങ്ങ് ഉയർന്നുപോകുന്നു. ഉടൽനീളത്തിൽ 24 പൊഴികളുമായി, മൂന്നോ നാലോ ഘനഖണ്ഡങ്ങളിലായി, വെയിലിൽ ഇത്തിരി തുടുക്കുന്ന ക്രീം...

ഗ്രീക് തലസ്ഥാനമായ ആതൻസിലൂടെ ലേഖകൻ നടത്തിയ യാത്രയെ കുറിച്ചുള്ള വിവരണത്തിന്റെ കഴിഞ്ഞ ലക്കം തുടർച്ച. ഗ്രീക് തത്ത്വജ്ഞാനികളായ ഡയോജനസ്, സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ നാടിന്റെയും നാട്ടുകാരുടെയും സവിശേഷതകളെ കുറിച്ചും പറയുന്നു.

അകലെനിന്ന് അനേകം അഴികളുള്ള ആനക്കൊട്ടിലിന്റെ ആനച്ചന്തം അണിഞ്ഞിരുന്ന ഹഫേസ്റ്റസ് ക്ഷേത്രം അടുത്തെത്തുമ്പോൾ ഗജഗാംഭീര്യവും കഴിഞ്ഞ് വളരുകയാണ്. തെക്കുവടക്ക് ഭാഗങ്ങളിൽ 13 വീതവും കിഴക്കും പടിഞ്ഞാറും ആറു വീതവുമായി 34 തടിയൻ തൂണുകളിൽ അതങ്ങ് ഉയർന്നുപോകുന്നു. ഉടൽനീളത്തിൽ 24 പൊഴികളുമായി, മൂന്നോ നാലോ ഘനഖണ്ഡങ്ങളിലായി, വെയിലിൽ ഇത്തിരി തുടുക്കുന്ന ക്രീം കളറിൽ തൂണിടകളിൽ കൊച്ചു ശിൽപസൗന്ദര്യങ്ങളുമായി അനേകം തൂണുകൾ മരവും മാർബിളും ചേർന്ന മേൽക്കൂരക്കു കീഴിലങ്ങനെ ഞെളിഞ്ഞുനിൽക്കുന്നു. ഉള്ളിലായി 12 തൂണുകളുടെ മറ്റൊരു ദീർഘചതുരച്ചുറ്റുണ്ട്. അതിനും ഉള്ളിലായിട്ടാണ് ഹഫേസ്റ്റസിന്റെ ‘പ്രതിഷ്ഠ’യുള്ള ക്ഷേത്രഗർഭം.

ക്ഷേത്രത്തിന്റെ ഒരു ഭാഗത്തേക്കും പ്രവേശനമില്ല. അടർന്നുമാറിയ മേൽക്കൂരക്കീറുകളിലൂടെയും തൂണുകൾക്കിടയിലൂടെയും നുഴഞ്ഞുകയറുന്ന വെളിച്ചം തറയിലും ചുമരിലും വരക്കുന്ന പ്രാകൃത ജാമിതീയ രൂപങ്ങളെ നോക്കിനിൽക്കാം. പടിഞ്ഞാറ് ചെന്ന് ചെമ്പോട് മേഞ്ഞ അഥീനിയൻ മേൽക്കൂരകൾ കണ്ട് ലൈക്ക ബെറ്റസ് കുന്നും കണ്ട് ഞങ്ങൾ കൊളോണോസ് കുന്നിറങ്ങി. ദിശാസൂചകമായി അക്രൊപൊളിസ് ദൂരെ കാത്തുനിൽക്കുന്നുണ്ട്. (അമ്മുവിന്റെ ഹഫേസ്റ്റസ് വിവരണം മൂപ്പരോട് വല്ലാത്തൊരനുകമ്പയും അടുപ്പവും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിൽ മൂപ്പർക്കൊപ്പം അഥീനയുടെ പ്രതിഷ്ഠകൂടിയുള്ള വിവരം ഞാൻ ഒഴിവാക്കിയത്. എനിക്കിവിടെ ഹഫേസ്റ്റസ് മാത്രം മതി.)

താഴെ ഭൂതകാല നിദ്രയിൽനിന്നുണരാൻ മടിക്കുന്ന കൽക്കെട്ടുകളും അംഗച്ഛേദങ്ങളിൽ കരയുന്ന ശിൽപങ്ങളുമായി അഗോറയുടെ സമതലം. ഹഫേസ്റ്റസ് കഴിഞ്ഞാൽ കാഴ്ചയെ നേരിട്ട് മെരുക്കുന്നത് അപ്പോസ്തലന്മാരുടെ പള്ളിയും പൂർണമായും പുനരുദ്ധരിക്കപ്പെട്ട അറ്റ് ലോസിന്റെ സ്റ്റോവയുമാണ്. മേൽക്കൂരയുള്ള നടവഴികളെയോ കെട്ടിടങ്ങളുടെ ചായ്പുകളെയോ ആണ് പുരാതന ഗ്രീക്കുകാർ സ്റ്റോവ എന്ന് പറഞ്ഞിരുന്നത്. റോയൽ സ്റ്റോവ, പെയിന്റഡ് സ്റ്റോവ, മിഡിൽ സ്റ്റോവ എന്നിങ്ങനെ പിന്നെയും ‘മോന്തായം മൂടിയ’ ഇടങ്ങളുണ്ടായിരുന്നു അഗോറയിൽ.

ഇന്ന് അവയുടെ അൽപാവശിഷ്ടങ്ങളോ സ്ഥാനം സൂചിപ്പിക്കുന്ന ചെറിയ ബോർഡുകളോ മാ​ത്ര​േമയുള്ളൂ. പിന്നെയുള്ളത് റോമൻ ജനറലായിരുന്ന അഗ്രിപ്പ (റോമിൽ പാൻതിയോണും ട്രെവി ഫൗണ്ടനിലേക്കുള്ള അക്വഡക്‌ടും നിർമിച്ച അഗ്രിപ്പ തന്നെ.) പണി കഴിപ്പിച്ച വലിയ സംഗീതശാലയുടെ ബാക്കിനിൽക്കുന്ന ശിലകൾക്കും ശൂന്യതക്കും കാവൽ നിൽക്കുന്ന മൂന്ന് വലിയ പ്രതിമകളാണ്. കുറെയൊക്കെ വെട്ടും തട്ടും കാലം നൽകിയിട്ടും വൻ പീഠങ്ങളിൽ നിവർന്നുനിന്ന് അവർ കാവൽപ്പണി തുടരുന്നു.

കൊളോണോസ് കുന്നിറങ്ങി ഞങ്ങൾ അഗോറയുടെ തെക്കു പടിഞ്ഞാറ് മൂലയിലേക്ക് നടന്നു. വഴിയിൽ ധാരാളം പഴച്ചെടികളും പാഴ് ചെടികളുമുണ്ട്. ഒരാകാരവും നിരൂപിച്ചെടുക്കാൻ പറ്റാത്തവിധത്തിൽ കാലം കുത്തിനിർത്തിയ മാർബിൾ പലകകളും കൽക്കെട്ടുകളുമുണ്ട് എമ്പാടും. തണലുകളിലിത്തിരി തങ്ങിയും നടന്നും ഞങ്ങൾ അടയാളക്കല്ലിലെത്തി. അഗോറയുടെ അതിരടയാളപ്പെടുത്തുന്ന കല്ല്. ഈ അതിരടയാളത്തിനപ്പുറത്ത് കുശവന്മാരുടെയും കൊല്ലന്മാരുടെയും ചെരുപ്പുകുത്തികളുടെയും വീടുകളുടെയും പണിശാലകളുടെയും നിരകളായിരുന്നു... അഗോറയുടെ സ്റ്റോവകളിൽ ഇടംകിട്ടാതെ പോയ അധഃകൃതർ. അത്തരമൊരു പുര-പണിപ്പുര കോംപ്ലക്സിലാണ് ഞങ്ങൾ കയറിനിൽക്കുന്നത്. ആതൻസിന്റെ പഴയ ചെരുപ്പുകുത്തിയായ സൈമണിന്റേതാണ് ഈയിടമെന്ന് ചരിത്രകാരന്മാരും ഖനനങ്ങളും ഘോഷിക്കുന്നു.

അഗോറക്കാലത്തെ അധികാരികൾക്കും യുവജനങ്ങൾ അപകടകാരികളാണെന്ന് അറിയാമായിരുന്നു. അറിവുകൾ ആഗിരണം ചെയ്തവർ പൊട്ടിത്തെറിക്കുമെന്ന് അവർ ഭയപ്പെട്ടു. അഗോറയിൽനിന്നും അവിടത്തെ ഔദ്യോഗിക വ്യവഹാരങ്ങളിൽനിന്നും ചർച്ചാവേദികളിൽനിന്നും വിലക്കപ്പെട്ട അവർ അഗോറയുടെ അരികുകളിലെ വീടുകളിലും കടകളിലും പണിശാലകളിലും പറ്റിക്കൂടി. ജ്ഞാനികൾ യുവാക്കളെത്തേടി അവിടെയെത്തി. അത്തരമൊരു പണിശാലയായിരുന്നു ‘സൈമൺ ദ ഷൂ മേക്കർ’ എന്ന് ഗ്രീക് ചരിത്രത്തിൽ അറിയപ്പെടുന്ന സൈമണിന്റെ ചെരുപ്പു നിർമാണശാല. മഹാജ്ഞാനിയായ സോക്രട്ടീസിന്റെ ഒരു താവളമായിരുന്നു ഇത്.

അക്രൊപൊളിസിൽ കൽപണിയിലും ശിൽപനിർമാണത്തിലും ഏർപ്പെട്ടിരുന്ന സോഫ്രോണിക്കസിന്റെ മകനായിരുന്നു സോക്രട്ടീസ്. ശിൽപിയായിത്തന്നെ അദ്ദേഹം ജീവിതം ആരംഭിച്ചു. പക്ഷേ, ശിൽപങ്ങളുടെ അപൂർണതയിൽ അയാൾ അസ്വസ്ഥനായിക്കൊണ്ടിരുന്നു. മനുഷ്യരുടെയും ദേവന്മാരുടെയും യഥാർഥ സൗന്ദര്യം അവരുടെ ഉള്ളുകളിലാണെന്നും, ആ അകംപൊരുളുകൾ ശിൽപങ്ങളിലേക്ക് പകർത്തപ്പെടുന്നില്ലെന്നും അദ്ദേഹം ദുഃഖിച്ചു. ബുദ്ധിയുടെയും നന്മയുടെയും പെരുപ്പിക്കലിലൂടെ മനുഷ്യൻ കൂടുതൽ സുന്ദരനാവേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി. സോക്രട്ടീസ് മനസ്സിന്റെയും ചിന്തകളുടെയും കൊത്തിമിനുക്കുകളിലേക്ക് വഴിമാറി. നിരന്തരം ചോദ്യങ്ങൾ ചോദിച്ചും എന്നാൽ ആർക്കും ഉത്തരം നൽകാതെയും അയാൾ അഗോറയുടെ അകത്തും പുറത്തും അലഞ്ഞു, സോക്രട്ടീസിന്റെ ചോദ്യങ്ങളേറ്റ് പൊങ്ങച്ചക്കാരുടെയും വികടപണ്ഡിതന്മാരുടെയും ‘വായുസഞ്ചികൾ’ ശൂന്യമായി.

അയാളുടെ ചോദ്യങ്ങൾതന്നെയായിരുന്നു വലിയ ഉത്തരങ്ങൾ എന്നറിഞ്ഞ ചെറുപ്പക്കാർ സോക്രട്ടീസിന്റെ ശ്രോതാക്കളായി. ചിലർ അടുത്ത ശിഷ്യരായി. സൈമണിന്റെ ഉമ്മറത്തിരുന്ന് സോക്രട്ടീസ് അവരോട് സംവദിച്ചു. തർക്കവിതർക്കങ്ങൾ കഴിഞ്ഞ് ആളുകളൊഴിഞ്ഞപ്പോൾ സൈമൺ അതെല്ലാം ഓർമയിൽനിന്നെടുത്ത് പകർത്തിവെച്ചു. 32 അധ്യായങ്ങൾ. ഷൂമേക്കർ ഡയലോഗ്സ് എന്നറിയപ്പെട്ട ആ ചുരുളുകൾ പലതും അഗോറയിലെ ഖനനങ്ങളെയും കബളിച്ചിച്ച് ഒളിച്ചുകഴിയുന്നു. സോക്രട്ടീസാകട്ടെ തന്റെ ശിഷ്യരുടെയും അനുയായികളുടെയും ചരിത്രവിദ്യാർഥികളുടെയും ബോധത്തിലല്ലാതെ ഒന്നും രേഖപ്പെടുത്തിയില്ല. പാശ്ചാത്യ തത്ത്വജ്ഞാനത്തിന്റെ ഉറവ ഉയിരെടുക്കുന്നത് സോക്രട്ടീസിൽനിന്നാണ്, ചെരുപ്പുകുത്തി സൈമണിന്റെ പണിപ്പുരയിൽ നിന്നാണ്. അനേകം വിഖ്യാതരായ ശിഷ്യരിലൂടെ അതങ്ങനെ ഒഴുകുന്നു.

അരിസ്റ്റോക്ലിസ് തന്റെ ചിന്തകളും പ്രബന്ധങ്ങളും പേരുതന്നെയും തീയിലെറിഞ്ഞ് സോക്രട്ടീസിന്റെ പ്ലാറ്റോ എന്ന ശിഷ്യനായി. പേരെടുത്ത ഗുസ്തിക്കാരനായിരുന്ന അദ്ദേഹം സോക്രട്ടിയൻ കളരിയിൽ ‘ദ റിപ്പബ്ലിക്’ എഴുതിയ ചിന്തകനായി. ഒരു തത്ത്വജ്ഞാനിയാണ് ഏറ്റവും നല്ല ഭരണാധികാരിയെന്ന് ഉദ്ബോധിപ്പിച്ച രചന. പ്ലാറ്റോയുടെ പ്രിയശിഷ്യനായിരുന്നു അരിസ്റ്റോട്ടിൽ. പിൽക്കാലത്ത് മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായി അദ്ദേഹം.

യുവാക്കൾക്ക് പുത്തനറിവുകൾ നൽകി വഴിതെറ്റിച്ചതിന് സോക്രട്ടീസ് വധശിക്ഷക്ക് വിധിക്കപ്പെട്ടു. സൈമണിന്റെ വീടിനടുത്ത് അഗോറയിലെ കാരാഗൃഹത്തിൽ അദ്ദേഹം വിചാരണ നേരിടുകയും വിധിപ്രകാരം വിഷം കഴിച്ച് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രബോധനങ്ങൾക്കും മരണത്തിനും ഇടയിൽ ഏതാനും വാരകൾ മാത്രം, രാഷ്ട്രീയസൂചനകൾ ആപത്കരമെന്ന് തോന്നിയപ്പോൾ അരിസ്റ്റോട്ടിൽ ആതൻസിൽനിന്ന് കടന്നുകളഞ്ഞു. അല്ലെങ്കിൽ ‘ജ്ഞാനാന്വേഷണത്തോട് രണ്ടാം തവണയും ആതൻസ് പാപം ചെയ്തേനെ’.

ഞാൻ സൈമൺ ഗൃഹത്തിന്റെ തിണ്ണയിൽ കണ്ണടച്ചിരുന്നു. പാശ്ചാത്യ ജ്ഞാനോദയത്തിന് ഊർജം പ്രവഹിച്ചത് ഇവിടെനിന്നാണ്. ഒരു ചെരുപ്പുകുത്തിയുടെ ഉമ്മറത്തുനിന്ന്. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ, ആന്റിസ്തെനെസ് പിന്നെ അത്ര പ്രശസ്തരല്ലെങ്കിലും മിടുക്കരായ അനേകം ശിഷ്യർ. എല്ലാം ഇവിടെനിന്നാണ് തുടങ്ങിയത്. അവിടെനിന്നിറങ്ങി വിശുദ്ധ അപ്പോസ്തലന്മാരുടെ പള്ളിയിലേക്കുള്ള നീണ്ട നടത്തത്തിന് പ്ലാറ്റോയുടെ വരികൾ കൂട്ടുപോന്നു -ജീവൻ ശരീരത്തിൽ കുടുങ്ങിപ്പോയ ആത്മാവുമാത്രമാണ്.

 

പുരാതന മേൽക്കൂരച്ചന്തകൾ (സ്റ്റോവകൾക്ക് എന്റെ വികല തർജമ) ബാക്കിവെച്ച കല്ലട്ടികൾക്കും മാർബിൾ ഖണ്ഡങ്ങൾക്കും ശിൽപങ്ങൾ മറഞ്ഞുപോയ പീഠങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ നടന്നു. അഗോറയുടെ കിഴക്കേ ഭാഗത്ത് ഒതുക്കിപ്പണിത ശിൽപംപോലെ പള്ളി. അഗോറയിലെ കുഴിച്ചുമറിക്കലിൽ പല പള്ളികളും നഷ്ടപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടിലെ ഈ ബൈസാന്റയിൻ നിർമിതി നിലനിന്നു. മണ്ണിഷ്ടികകളുടെ കാവി, ക്രീം നിറസങ്കലനവും വൈവിധ്യമാർന്ന ക്രമീകരണങ്ങളുണ്ടാക്കുന്ന മനോഹരങ്ങളായ പറ്റേണുകളുമാണ് ഈ ബൈസാന്റയിൻകാല ക്രിസ്ത്യൻ ദേവാലയത്തിന്റെ രൂപമുദ്ര.

ഗ്രീസിലെയും തുർക്കിയയുടെ ഒർത്തഡോക്സ് ക്രിസ്ത്യൻ മേഖലകളിലെയും പള്ളികൾ ഇങ്ങനെയാണ്. പല തട്ടുകളിലും ആകൃതിയിലുമായി മേൽക്കൂരകൾ. നിരനിരയായിക്കിടന്ന് മേൽക്കൂരക്ക് ചന്തംകൂട്ടുന്ന മങ്ങിയ ചുവപ്പുമായി മേച്ചിലോടുകൾ. ഏറ്റവും ഉയർന്നുനിൽക്കുന്ന പ്രധാന കുഭഗോപുരത്തിന്റെ തുഞ്ചത്ത് വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കുരിശ്. ഇഷ്ടികകളുടെ ഇടത്തേപ്പിൽനിന്നോ ജാലികളിൽനിന്നോ പടരുന്ന പാടലവർണഛവി. ആകക്കൂടി ശിൽപഭംഗിയിലും ലാളിത്യത്തിലും നമ്മുടെ ലാറി ബേക്കറെ തോൽപിക്കും ഈ ദേവാലയം.

മിനിക്കും അപ്പുവിനും ഈ പള്ളി കാര്യമായി ആകർഷകമായി തോന്നിയില്ല. അവർ അപ്പുറത്തെ സ്റ്റോവ ബാക്കിവെച്ച വലിയൊരു മാർബിൾ പാളിയിൽ കയറിയിരുപ്പാണ്. നഗരത്തിൽ ബാക്കിയുള്ള കാഴ്ചകളെക്കുറിച്ചുള്ള വർത്തമാനത്തിലാണവർ. അമ്മു എന്റെ കൂടെ പള്ളിയുടെ ഉള്ളിലേക്ക് പോന്നു. ഓയിൽ പെയിന്‍റിങ്ങിൽ കമ്പവും വാസ്തുവിദ്യയിൽ താൽപര്യവും ഗ്രീക് ചരിത്രത്തിലും ഐതിഹ്യങ്ങളിലും ആസക്തിയുമുള്ള അമ്മുവാണ് ഇത്തരം ഭാഗങ്ങളിൽ എനിക്ക് കൂട്ടാവുന്നത്. പത്താം നൂറ്റാണ്ടിലെ ഈ നിർമിതി 1950കളിലാണ് വീണ്ടും കെട്ടിപ്പൊക്കുന്നത്. സമീപത്തെ പള്ളികളിൽനിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ചുമർച്ചിത്രങ്ങളാണ് ഇവിടെ ചുമരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത്.

ഹൗസ് ഓഫ് സൈമൺ

 

പള്ളിയിലെ ചുമരുകളിൽ ഞങ്ങൾക്ക് പരിചയമില്ലാത്ത പുണ്യവാളന്മാർ തിക്കിത്തിരക്കുന്നുണ്ട്. സമഭുജങ്ങളോടെയുള്ള ഗ്രീക് കുരിശിന്റെ ആകാരമാണ് ഉൾത്തടത്തിന്. നാല് ഭാഗത്ത് പ്രാർഥനാ-ബലി വേദികളാണ്. ഉയർന്നുപോവുന്ന നാലു റോമൻ തൂണുകളിലാണ് കുംഭഗോപുരത്തിന്റെ നിൽപ്. അവിടെയും കൂട്ടിന് ചുമരും താങ്ങിനിൽക്കുന്ന വിശുദ്ധരുമുണ്ട്.

അമ്മുവിന്റെ പ്രിയപ്പെട്ട ഗ്രീക് ഹീറോയാണ് ഡയോജനസ്. സോക്രട്ടീസോ പ്ലാറ്റോയോ അവളെ ഇത്രക്ക് ആകർഷിച്ചിട്ടില്ല. എനിക്കും ഏറെ പ്രിയപ്പെട്ടതാണ് ഡയോജനസ് എന്ന അരാജകജീവിതം. ദാരിദ്ര്യം ഇത്രയും ആഘോഷിച്ച ഒരു ചിന്തകനും ഉണ്ടായിട്ടില്ല. ആൾക്കൂട്ടത്തിന്റെ പൊതുവിശ്വാസങ്ങളെയും പൊങ്ങച്ചങ്ങളെയും അദ്ദേഹം അപഹസിച്ചു. അഗോറയിലെയും ആതൻസിലെയും ആൾക്കൂട്ടങ്ങളിൽ അയാൾ സ്ഥിരം ശല്യക്കാരനായി. പകൽനേരങ്ങളിൽ തന്റെ തൂക്കുവിളക്കുമായി നല്ല മനുഷ്യനെ തേടിനടന്നു. രാത്രിയിൽ വക്കുപൊട്ടിയ വലിയ മൺകുടത്തിൽ ചുരുണ്ടുകിടന്നുറങ്ങി.

പഴയ പനാത്തനെയ്ക്ക് വീഥിയിലൂടെ ഞങ്ങൾ തെക്കേ ഗേറ്റിലേക്ക് നടന്നു. പഴയ പ്രൗഢിയുടെ ഗർവൊന്നുമില്ലാത്ത അഗോറയുടെ മണ്ണ് കാലടികളിൽ ഒതുങ്ങിയമർന്നു. തേർച്ചക്രച്ചാലുകൾക്കും കുതിരക്കുളമ്പടിപ്പാടുകൾക്കും മീതെ എത്ര മണ്ണടരുകളായിരിക്കും കാലം ഇട്ടുമൂടിയത്.

അഗോറയുടെ തെക്കേ ഗേറ്റും കടന്ന് നിൽക്കുകയാണ് ഞങ്ങൾ. ഇവിടെനിന്ന് നോക്കുമ്പോൾ അക്രൊപൊളിസിലേക്ക് കയറിപ്പോകുന്ന യാത്രക്കാരെ കാണാം. എവിടെനിന്നു കണ്ടാലും അക്രൊപൊളിസ് ഒരു യവനകാമുകിയെപ്പോലെ നമ്മെ മോഹിപ്പിക്കും.

ആതൻസിലെ യാത്രികനുള്ള വെല്ലുവിളിയാണിത്. പന്ത്രണ്ടുമണി ചൂടിലും ആ മോഹവലയത്തിൽ ഞങ്ങൾ വീണുപോയി. പക്ഷേ, മുകളിലേക്ക് കയറിപ്പോകാൻ കൃത്യമായ വഴികളൊന്നും കാണാനില്ല. ഗേറ്റിനു ചേർന്നുതന്നെയുള്ള ചെറിയ കാബിനിലിരുന്ന് ഒരു ആഫ്രോ-യൂറോ സുന്ദരി യാത്രികർക്ക് നിർദേശങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവൾക്ക് മുന്നിലെ കിളിവാതിലിലൂടെ ഞാനും അമ്മുവും ചെന്ന് വഴി ചോദിച്ചു. അത്തരം ചോദിച്ചു ചോദിച്ചു പോകലിൽ വിശ്വാസമില്ലാത്ത അപ്പു കൈയിലുള്ള മാപ്പുകളിൽ ആ വഴിക്കായി ഖനനം ചെയ്യുകയായിരുന്നു.

ആഫ്രോ സുന്ദരി വലതുവശത്തെ വാതിൽ തുറന്ന് പുറത്തുവന്നു. ആഫ്രിക്കയോളം തന്നെ വലുതായിരുന്നു അവളുടെ ശരീരം. ഒരാഫ്രിക്കൻ സംഘഗാനംപോലെയായിരുന്നു അവളുടെ സംസാരം.

So you want to climb to acropolis now?

Yes.

അകത്തേക്ക് വരൂ എന്നു ക്ഷണിച്ച് അവരെന്നെ ആ ചെറിയ കാബിനിലേക്ക് വലിച്ചു കയറ്റി. ആഫ്രിക്കക്കാരി ബാക്കി വെച്ച, കേരളംപോലൊരു മെലിഞ്ഞ സ്ഥലത്ത് ഞാൻ ഒതുങ്ങിനിന്നു. അക്രൊപൊളിസിലേക്കുള്ള വഴിവര ചിത്രം ചുമരിൽ പതിച്ചിരിക്കും എന്നാണ് കരുതിയത്. പക്ഷേ, അവരെന്നെ ചുമരിലെ നീളൻ കണ്ണാടിക്കു മുന്നിൽ നിർത്തുകയായിരുന്നു.

See man. How you look like.

മുഖം കറുത്ത് വിയർപ്പ് തേച്ചൊട്ടിച്ച മുടിയുള്ളൊരാൾ ഷർട്ടിൽ നനഞ്ഞ ഭൂപടങ്ങളുമായി എന്നെ നോക്കി ഇളിച്ചുനിൽക്കുന്നു. ഒന്നര മണിക്കൂർ നടത്തവും മനസ്സിന്റെ അമിതാവേശവും സൂര്യന്റെ പൊള്ളുന്ന വികൃതികളും എന്നെ വല്ലാത്ത രൂപത്തിലാക്കിയിരിക്കുന്നു. ഞാൻ പുറത്തുനിൽക്കുന്ന അമ്മുവിനെയും അപ്പുവിനെയും മിനിയെയും നോക്കി. അവരും ഇതുപോലെത്തന്നെ. അപ്പോഴും പുതുകാഴ്ചകളിലേക്ക് വെമ്പുന്ന മനസ്സിന്റെ ആവേശം എല്ലാവരിലും ചിരിച്ചുനിൽക്കുന്നുണ്ട്.

ആഫ്രിക്കൻ സുന്ദരി കാബിനിന്റെ പൊക്കത്തിൽനിന്ന് ഞങ്ങളോട് പ്രസംഗിച്ച് തുടങ്ങി. നൂറ്റാണ്ടുകൾക്കു മുമ്പ് സോക്രട്ടീസിന്റെയും പെരിക്ലിസിന്റെയും പ്രഭാഷണങ്ങൾക്ക് കാതോർത്തിരുന്ന ശിഷ്യരെപ്പോലെ ഞങ്ങൾ അവരെ ശ്രദ്ധിച്ചു കേട്ടു.

‘‘സുഹൃത്തുക്കളേ, നിങ്ങൾ ഇന്ത്യയിൽനിന്നാണെന്ന് ഞാൻ ഊഹിക്കുന്നു. നിങ്ങളിപ്പോൾ ക്ഷീണിതരും അവശരും ആണ്. മനസ്സിൽ എത്ര ആവേശമുണ്ടെങ്കിലും ഇവിടെനിന്ന് ഈ പൊരിവെയിലത്ത് അക്രൊപൊളിസിലേക്ക് കയറിയെത്തുക ദുഷ്കരമാണ്. സൂര്യൻ ഒരു ദയയും കാണിക്കില്ല. നാലു ദിവസത്തേക്കുള്ളതാണ് നിങ്ങൾ വാങ്ങിയിട്ടുള്ള ടിക്കറ്റ്. അതുകൊണ്ട് സമയമുണ്ട്. നാളെ രാവിലെ വെയിൽ കനക്കുന്നതിനുമുമ്പ് തെക്ക് ഭാഗത്തുനിന്ന് കയറിത്തുടങ്ങുക. ഇപ്പോൾ മടങ്ങിപ്പോയി വടക്കേ ഗേറ്റിലൂടെത്തന്നെ പുറത്തുകടക്കുക. അതിന് ഒരിരുപത് മിനിറ്റെടുക്കും. അവിടെ നിറയെ റസ്റ്റാറന്‍റുകളുണ്ട്. എ.സിയുള്ള ഏതെങ്കിലും റസ്റ്റാറന്റിലിരുന്ന് ഭക്ഷണം കഴിക്കുക. എപ്പോഴും ധാരാളം വെള്ളം കുടിക്കുക.’’

ഇത്രയും പറഞ്ഞ് ശുഭയാത്രയും നേർന്ന് തന്റെ തടിച്ച കൈവിരലുകളുയർത്തിയിളക്കി ഞങ്ങളെ പിരിച്ചുവിട്ട് അവൾ കാബിനിലേക്ക് തിരിച്ചുപോയി. വിവരമുള്ളവരുടെ നിർദേശങ്ങൾക്കു മുന്നിൽ ഞങ്ങൾ എപ്പോഴും അനുസരണയുള്ള കുട്ടികളാണ്. അവൾക്ക് മുന്നിൽ ചെന്ന് ‘താങ്ക് യൂ കോറസ്’ പാടി ഞങ്ങൾ തിരിച്ചു നടന്നുതുടങ്ങി. ഇനി അക്രൊപൊളിസും കയറി പനാത്തെനോണും എറെക്തിയോണും കണ്ട് മല തിരിച്ചിറങ്ങി വടക്കെ ഗേറ്റിൽനിന്ന് അമ്മയെയും കൂട്ടി പോകാമെന്ന് കരുതിയത് ഞങ്ങളുടെ ആനമണ്ടത്തം. അല്ലെങ്കിൽ അമിതാവേശം.

തിരിച്ചുനടക്കുമ്പോഴും മണ്ണോളം കുനിഞ്ഞു വിനയപ്പെടുന്ന ശിലാഖണ്ഡങ്ങൾ ചരിത്രത്തിന്റെ പുറമ്പോക്കിൽ കിടന്ന് പുരാതന അഗോറിയൻ കഥകൾ അയവിറക്കുന്നുണ്ട്. ഇടതുവശത്ത് പഴയ അവശേഷിപ്പുകൾ തടുത്തുകൂട്ടി ചരിത്രം കളംവരച്ചു കളിക്കുന്നുണ്ട്.

സോക്രട്ടീസിന്റെ ആരാധകനായിരുന്നു ഡയോജനസ്. എന്നാൽ, സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായ പ്ലാറ്റോയെ ഡയോജനസ് വെറുത്തു. സോക്രട്ടീസ് ചിന്തകളുടെ പ്ലാറ്റോ വ്യാഖ്യാനങ്ങളെ അവസരം കിട്ടിയപ്പോഴൊക്കെ അയാൾ അപഹസിച്ചു. വലിയ ശബ്ദത്തിൽ ചെറിയ ചോദ്യങ്ങൾ ചോദിച്ചും കേൾവിക്കാർക്കിടയിലിരുന്ന് തന്റെ ദരിദ്ര ഭക്ഷണം കഴിച്ചും പ്ലാറ്റോയുടെ ക്ലാസുകളിൽ അയാൾ ശല്യക്കാരനായി. ഒരിക്കൽ തൂവലുകളില്ലാത്ത ഇരുകാലിയെന്ന് പ്ലാറ്റോ മനുഷ്യനെ വിശേഷിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ഡയോജനസ് പ്ലാറ്റോയുടെ പ്രസംഗങ്ങൾക്കെത്തിയത് തൂവലെല്ലാം പറിച്ചുകളഞ്ഞൊരു കോഴിയെ പൊക്കിപ്പിടിച്ചുകൊണ്ടാണ്. ഇതാ പ്ലാറ്റോയുടെ മനുഷ്യനെന്ന് വിളിച്ചുപറഞ്ഞുകൊണ്ട്.

 

സോക്രട്ടീസിന്റെ മറ്റൊരു ശിഷ്യനായിരുന്ന ആന്റിസ്തെനെസിനെയായിരുന്നു ഡയോജനസ് ഗുരുവായി സ്വീകരിച്ചത്. ഡയോജനസിന്റെ തെരുവുജീവിതവും അരാജകശൈലിയും ഇഷ്ടപ്പെടാതിരുന്ന ആന്റിസ്തെനെസ് ആദ്യമൊക്കെ അദ്ദേഹത്തെ ആട്ടിപ്പായിച്ചിരുന്നു. വിശ്വസ്തനായൊരു നായെപ്പോലെ വിടാതെ പിന്തുടർന്നും ആട്ടും തുപ്പും സഹിച്ചുമാണ് അദ്ദേഹം ശിഷ്യത്വം ഉറപ്പിച്ചത്. ഗുരുവിനേക്കാൾ ശിഷ്യനെ പ്രശസ്തനാക്കിയാണ് ചരിത്രം ആന്റിസ്തെനെസിനോട് പകരം വീട്ടിയത്.

ഇനി കാണാനുള്ളത് പെർഗമോണിലെ അറ്റലോസ് രാജാവ് 100-150 ബി.സികളിൽ പണികഴിപ്പിച്ച സ്റ്റോവയാണ്. ഇവിടെനിന്ന് നോക്കുമ്പോൾ ഒരു പുത്തൻ ഇരുനില കെട്ടിടമാണത്. അഗോറയുടെ പഴമ പതിയുന്നേയില്ല ഈ കെട്ടിടത്തിൽ. അതുകൊണ്ടുതന്നെ അങ്ങോട്ടുപോകാൻ ഒരു താൽപര്യക്കുറവുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ, അഗോറയിൽനിന്ന് ഗവേഷകർ കണ്ടെടുത്ത പൊട്ടും പൊടിയും സൂക്ഷിക്കുന്ന മ്യൂസിയം കൂടിയാണത്. അങ്ങോട്ട് പോകാതെ വയ്യ. എഴുന്നേറ്റു. കൂടെ അവിടെയുണ്ടായിരുന്ന നായും.

ഒരു ചിരകാല സുഹൃത്തെന്നപോലെ അവൻ ഞങ്ങളെ അറ്റലോസിന്റെ സ്റ്റോവയിലേക്ക് (Stoa of Attalos) കൂട്ടിക്കൊണ്ടുപോയി. പ്രൗഢഗംഭീരമായ ഇരുനില കെട്ടിടമാണിത്. ഇടത്തോട്ടുള്ള ഉമ്മറസ്ഥലത്ത് തൂണുകളുടെ രണ്ടു നീളൻ നിരകളാണ്. സ്തംഭനിരകളുടെ ആ ഫ്രെയിം അപ്പുവിനെ ഇളക്കിയിട്ടുണ്ട്. ഡി.എസ്.എൽ.ആറും അപ്പുവും അമ്മു മോഡലും ബിസിയാണ്. ഞാനും മിനിയും സ്റ്റോവയിലെ ചാരു​െബഞ്ചിലിരുന്നു. വിശ്വസ്തനായ നായ് തറയിലും, അടുത്തുതന്നെ.

രണ്ടുതരം തൂണുകളാണ് സ്റ്റോവയുടെ തറനിലയിൽ നിരന്നുനിൽക്കുന്നത്. ഡോറിക്‌ (Doric) ശൈലിയിൽ പുറംനിരയും അയോണിക് (Ionic) ഉൾനിരയും. മുകൾനിലയിലും തൂണുകളുടെ സംവിധാനം ഏതാണ്ട് ഇതുപോലെത്തന്നെ. അൽപം അലങ്കാരങ്ങൾ കൂടുമെന്ന് മാത്രം. പ്രധാനമായും നാലുതരം തൂണുകളാണ് ഗ്രീക്-റോമാ വാസ്തുവിൽ കാണപ്പെടുന്നത്. ഡോറിക് തൂണിന് ചുറ്റും നെടുനീളത്തിൽ 24 ചാലുകളുണ്ടാകും. അയോണിക്കിന് ഇത് 20 ചാലുകളാണ്. (ഈ പൊഴികളില്ലാതെയും ചിലയിടത്ത് അയോണിക് സ്തംഭങ്ങളുണ്ട്.) പിന്നെയുള്ളത് റോമൻ, കൊറിന്ത്യൻ തൂണുകളാണ്. ഇവയിൽ ഏറ്റവും ‘ലളിതഗാത്രൻ’ റോമൻ തൂണാണ്. തൂണുകളുടെ തലക്കെട്ടുകൾക്കും വ്യത്യാസങ്ങളുണ്ട്. തൂണുകളെ കുറിച്ച് പഠിച്ചു കഴിഞ്ഞപ്പോൾ കെട്ടിടങ്ങൾ കാണാതായി. എങ്ങും തൂണുകൾ മാത്രം.

തൂണുകളുടെ നിര കഴിഞ്ഞാൽ പിന്നെയുള്ളത് കാൽ‌-അര-മുക്കാൽ പ്രതിമകളാണ്. പഴയൊരു വാൾപ്പടയിൽ വീണുപോയ വീരാളികളെപ്പോലെയാണ് സ്റ്റോവയുടെ ഉമ്മറത്ത് ‘കുത്തിവെച്ചിട്ടുള്ള’ പ്രതിമകൾ. മിക്കവക്കും തലയില്ല. ചിലതിന് കൈയില്ല. ചിലതിന് കാലുകളില്ല. അഗോറയിൽ ദ്വാരപാലകരായും അലങ്കാരങ്ങളായും നിന്ന് തളർന്നവർ. നൂറ്റാണ്ടുകളോളം മണ്ണിനടിയിൽ ഒളിച്ചുകിടന്നതിന് അമേരിക്കൻ ഖനനപ്പോലീസ് കുഴിച്ചിട്ടു പിടിച്ച മൺപാത്രങ്ങളെയും നാണയങ്ങളെയും ആയുധങ്ങളെയും മുകൾനിലയിൽ ചില്ലുകൂടുകളിൽ തടവിലിട്ടിരിക്കുകയാണ്.

ഞങ്ങളെപ്പോലുള്ള മണ്ടന്മാർക്ക് നിസ്സാരന്മാരെന്ന് തോന്നുന്ന ഈ പ്രതികളാണ് പഴയ അഗോറയുടെ സംവിധാനങ്ങളെക്കുറിച്ചും പഴക്കത്തെക്കുറിച്ചും സാക്ഷ്യംപറഞ്ഞത്. പുരാവസ്തുഗവേഷകര്‍ കുഴിച്ചെടുത്ത വിവരങ്ങളെല്ലാം വെച്ച്, അന്നത്തെ വലുപ്പത്തിലും ഗരിമയിലും അഗോറ തന്നെ സംഭാവന ചെയ്ത കല്ലും മണ്ണും മാര്‍ബിള്‍ തൂണുകളും വെച്ചാണ് ആര്‍ക്കിയോളജിക്കാര്‍ ഈ കെട്ടിടം പുനരാവിഷ്‍കരിച്ചത് എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഞങ്ങൾ ആ പഴയ ‘മാളിൽ’ നിന്നിറങ്ങി ഗേറ്റിലേക്ക് നടന്നു. അഗോറയിൽ ഇപ്പോഴും അധികം സന്ദർശകരില്ല. മണ്ണിൽനിന്നുയർന്നു നിൽക്കാത്ത ചരിത്രത്തോട് ആളുകൾക്ക് താൽപര്യമില്ല. അവരുടെ കാഴ്ചകളെ സന്തോഷിപ്പിക്കുകയോ സംഭ്രമിപ്പിക്കുകയോ ചെയ്യുന്ന ഒന്നും അഗോറയിലില്ല. അതുകൊണ്ടാകാം, വിയർത്തൊലിച്ച് പലവട്ടം അവർ അക്രൊപൊളിസിലേക്ക് കയറിപ്പോകുന്നത്. ഉയർന്നുനിൽക്കുന്ന എറക്തിയോണും പാർത്തെനോണും കണ്ട് ആവേശംകൊള്ളുന്നത്.

അവർ ഓർക്കാതെ പോകുന്ന, അവർക്ക് നഷ്ടമാവുന്ന ചരിത്രസത്യങ്ങളാണ് അഗോറയിലേക്ക് ഞങ്ങളെ ക്ഷണിച്ചുകൊണ്ടുപോയത്. ഇവിടത്തെ കടത്തിണ്ണകളിലും മരച്ചുവടുകളിലും വഴിസദസ്സുകളിലുമാണ് ജനാധിപത്യത്തിന്റെ നനാതരം ചേരുവകൾ തയാറായത്. ഇവിടെവെച്ചാണ് തർക്കവിതർക്കങ്ങളിൽനിന്ന് പൈത്തഗോറസ് തിയറം തീർച്ചയാവുന്നത്. ഈ വസ്തുതകളൊക്കെ അറിയുന്നതുകൊണ്ടാണ്, അഗോറയിലൊന്ന് ചുറ്റി നടക്കാനായില്ലല്ലോ എന്ന് സങ്കടപ്പെട്ട് വടക്കേ ഗേറ്റിനരികിലൊരു പ്ലാസ്റ്റിക് കസേരയിൽ അമ്മയിരിക്കുന്നത്.

അഗോറയിലേക്ക് കയറുമ്പോൾ എന്തൊരു ശൂന്യമായിരുന്നു ഇവിടം. ഇപ്പോളങ്ങനെയല്ല. കാലത്തിന്റെ ചരൽവർഷങ്ങളിലൂടെ തേർച്ചക്രങ്ങളുരുളുന്ന കിരുകിരുപ്പ് അറിയുന്നുണ്ട്. പനാത്തെനെയ്ക്ക് ഉത്സവത്തിൽ പങ്കെടുക്കുന്ന ജനാരവമുണ്ട്. തേർത്തട്ടിലേക്ക് ഓടിച്ചാടിക്കേറുന്ന മത്സരാർഥികളുടെ അലർച്ചകൾ കേൾക്കാം. അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കാണികളുടെ കൂക്കിവിളികൾ, കൈയടികൾ, ആക്രോശങ്ങൾ, കച്ചവടക്കാരുടെ വായ്ത്താരികൾ, ഭോജനശാലയിലെ ഇരിപ്പിടങ്ങളിലിരുന്ന് കൂട്ടുകാരുമായും അനുയായികളുമായി തർക്കിക്കുന്ന ജ്ഞാനികള്‍... ആൾത്തിരക്കിലേക്ക് ഒരു തൂക്കുവിളക്കുമായി നടന്നുകയറുന്ന ജ്ഞാനിയായൊരു വൃദ്ധൻ. ആതൻസിലെ മുതിർന്ന പൗരന്മാരോട് ജീവിതമൂല്യങ്ങളെക്കുറിച്ച് തർക്കിച്ചുകൊണ്ട് മറ്റൊരു തത്ത്വജ്ഞാനി. കാരണവന്മാരിങ്ങനെ അവഹേളിക്കപ്പെടുന്നത് കണ്ടാനന്ദിക്കുന്ന യവനയുവാക്കൾ. അതെ, അഗോറ സജീവമാണിപ്പോൾ.

ഗേറ്റിലെ കസേരക്കടുത്ത് അമ്മക്ക് കൂട്ടുകാരായിക്കഴിഞ്ഞിരുന്നു മൂന്ന് യൂറോപ്യൻ വിദ്യാർഥികൾ. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും. 20-22 വയസ്സിന്റെ ഔത്സുക്യം മൂവരിലുമുണ്ട്. പെൺകുട്ടികൾക്ക് ഒരേ ഉടുപ്പുകളാണ്. അയഞ്ഞ പൈജാമയിൽ നിറയെ ആനച്ചിത്രങ്ങൾ. കറുത്ത ടോപ്പിൽ കഥകളിത്തല. അതുകണ്ടാണ് അമ്മ കേറി പരിചയപ്പെട്ടത്. അമ്മയുടെ തെറ്റും പൊട്ടുമുള്ള ഇംഗ്ലീഷും പിള്ളേരുടെ യൂറോപ്യൻ ആക്സന്റും ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് അരമണിക്കൂർ കഴിഞ്ഞത്രെ. കഥകളിക്കുപ്പായം ഇന്ത്യയിൽനിന്നായിരുന്നില്ല. അപ്പുറത്തെ മൊണാസ്റ്റിറാക്കിയിലെ ബാർഗെയിൻ ഷോപ്പിൽനിന്നാണ്. അപ്പുവും അമ്മുവും അമ്മയുടെ സംരക്ഷണം ഏറ്റെടുത്തതോടെ യൂറോപ്യൻ ഉണ്ണികൾ ‘‘ഹായ് ലില്ലി സീ യു എഗൻ’’ എന്ന് പറഞ്ഞ് പിരിഞ്ഞുപോയി. ഗ്ലാഡിസ്, വെറോണിക്ക, സ്റ്റീഫൻ അമ്മ ഓരോരുത്തരെയും പേരുചൊല്ലി യാത്രപറഞ്ഞു.

(തുടരും)

Tags:    
News Summary - An Exploration of Ancient Architecture and Philosophy in Athens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.