ഗ്രീക് തലസ്ഥാനമായ ആതൻസിലൂടെ ലേഖകൻ നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നു. പുരാതന അഗോറ, റോമൻ അഗോറ, ഹാഡ്രിയാന്റെ ലൈബ്രറി, അക്രൊപൊളിസ്, ക്രമിക്കോസ് തുടങ്ങീ പുരാതന ഗ്രീസ് വാസ്തുശിൽപ ശേഷിപ്പുകളെ കുറിച്ചും ചരിത്രപരമായ മറ്റിടങ്ങളിൽ കണ്ട സവിശേഷതകളും പങ്കുവെക്കുന്നു. മൊണാസ്ടിറാക്കി മെട്രോ സ്റ്റേഷനു മുന്നിൽ, നിരത്തിന്‍റെ ഓരംചേർന്നുള്ള പൊക്കംകുറഞ്ഞ നീളൻ തിണ്ണയിൽ ഇരിക്കുകയാണ് ഞങ്ങൾ അഞ്ചു പേർ. അമ്മ, മിനി, അപ്പു, അമ്മു, ഏറ്റവും അറ്റത്ത് കുപ്പിയിലെ വെള്ളം മടമടാ കുടിച്ചുകൊണ്ട് ഞാൻ. കനപ്പെട്ട കാഴ്ചകളിലൂടെ കറങ്ങാനുള്ള ഊർജമൊന്നും ഇനി ബാക്കിയില്ല. ശരീരം എപ്പോഴേ രാജി തന്നു കഴിഞ്ഞു. മനസ്സപ്പോഴും...
ഗ്രീക് തലസ്ഥാനമായ ആതൻസിലൂടെ ലേഖകൻ നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നു. പുരാതന അഗോറ, റോമൻ അഗോറ, ഹാഡ്രിയാന്റെ ലൈബ്രറി, അക്രൊപൊളിസ്, ക്രമിക്കോസ് തുടങ്ങീ പുരാതന ഗ്രീസ് വാസ്തുശിൽപ ശേഷിപ്പുകളെ കുറിച്ചും ചരിത്രപരമായ മറ്റിടങ്ങളിൽ കണ്ട സവിശേഷതകളും പങ്കുവെക്കുന്നു.
മൊണാസ്ടിറാക്കി മെട്രോ സ്റ്റേഷനു മുന്നിൽ, നിരത്തിന്‍റെ ഓരംചേർന്നുള്ള പൊക്കംകുറഞ്ഞ നീളൻ തിണ്ണയിൽ ഇരിക്കുകയാണ് ഞങ്ങൾ അഞ്ചു പേർ. അമ്മ, മിനി, അപ്പു, അമ്മു, ഏറ്റവും അറ്റത്ത് കുപ്പിയിലെ വെള്ളം മടമടാ കുടിച്ചുകൊണ്ട് ഞാൻ. കനപ്പെട്ട കാഴ്ചകളിലൂടെ കറങ്ങാനുള്ള ഊർജമൊന്നും ഇനി ബാക്കിയില്ല. ശരീരം എപ്പോഴേ രാജി തന്നു കഴിഞ്ഞു. മനസ്സപ്പോഴും പുതിയ കാഴ്ചകളിലേക്കുള്ള കിളിവാതിലുകൾ തേടുകയാണ്. മുന്നിലെ ഹേഡ്റിയൻ ലൈബ്രറിയുടെ വൻ തൂണുകളുടെ മറവിൽ നിഴലുകളുമായി തഞ്ചത്തിൽ കളിക്കുകയാണ് നാലുമണി വെയിൽ.
വലതുവശത്തെ ഉയരങ്ങളിൽ അക്രൊപൊളിസ് കാണാം. അവിടെ പാർത്തനോൺ ക്ഷേത്രത്തിന്‍റെ വലുപ്പത്തിനും പഴക്കത്തിനും മുന്നിൽ ചെറുതായിപ്പോയ സന്ദർശകർ അരിച്ചരിച്ചു നീങ്ങുന്നുണ്ട്. ചുറ്റിലും ‘ബീസി’കൾ ബാക്കിവെച്ച അടയാളങ്ങളാണ്. ഈ മെട്രോസ്റ്റേഷനും കടകളും തീറ്റശാലകളും ആതൻസിനെത്തേടിയെത്തിയ ആൾക്കൂട്ടവും മാത്രമാണ് ‘ഏഡി’ക്കു സ്വന്തം. ഇടത് ഭാഗത്ത് നിരനിരയായിക്കിടക്കുന്ന ഉന്തുവണ്ടികളിലേക്ക് പഴക്കച്ചവടക്കാർ ഉച്ചത്തിൽ ക്ഷണിക്കുന്നുണ്ട്. ചെറിയും പ്ലമ്മും പെയറും മുന്തിരിയും പേരറിയാത്ത വേറെയും പഴങ്ങളും അവിടെ ഇരുന്നു മോഹിപ്പിക്കുന്നുണ്ട്.
ബീസികളുടെ ബിംബപ്പറമ്പാണ് മൊണാസ്ടിറാക്കിക്ക് ചുറ്റും. പഴക്കത്തിന്‍റെ ഗർവോടെയും അംഗഛേദത്തിന്‍റെ ജാള്യത്തോടെയും പൊടിപൂശി നിൽക്കുന്ന വൻ തൂണുകളെല്ലാം െഫ്രയ്മിലുമുണ്ടാകും. പുരാതന അഗോറ, റോമൻ അഗോറ, ഹാഡ്രിയാന്റെ ലൈബ്രറി, അക്രൊപൊളിസ്, ക്രമിക്കോസ് അങ്ങനെ പുരാതന ഗ്രീസിന്‍റെ വാസ്തുശിൽപ ശേഷിപ്പുകളിലേക്കുള്ള തീർഥാടനങ്ങൾ തുടങ്ങേണ്ടത് ഇവിടെ നിന്നാണ്, മൊണാസ്ടിറാക്കി അഥവാ ചെറിയ ആശ്രമം എന്ന് വിളിക്കപ്പെടുന്ന ഈ ചത്വരത്തിൽനിന്ന്. ഈ പ്രദേശത്തെ പുരാവസ്തു ഖനനങ്ങൾക്കിടയിൽ വലിയ ആശ്രമം ഭാഗികമായി തകർന്ന് ചെറിയ ആശ്രമം (monastiraki) ആവുകയായിരുന്നു.
രാവിലെ ഒമ്പതിന് തുടങ്ങിയതാണ് ആതൻസിലെ ബീസിക്കാഴ്ചകൾ (ഇത് അപ്പുവിന്റെ പ്രയോഗമാണ്. ഗ്രീക് റോമൻ കാഴ്ചകൾക്ക് ഇതിലും നല്ലൊരു തലക്കെട്ട് നൽകാനില്ല). ബീസിക്കാഴ്ചകൾക്ക് ചില പ്രത്യേകതകളുണ്ട്. ഇടക്കിടക്ക് കണ്ണുകളടക്കണം. മനസ്സ് തുറക്കണം. ഉള്ളിൽ കാണണം കാഴ്ചകൾ. ഒറ്റപ്പെട്ടും പൊട്ടിയും പൊടി പിടിച്ചും നിൽക്കുന്ന വലിയ മാർബിൾ സ്തംഭങ്ങൾക്കപ്പുറവും ഇപ്പുറവുമെല്ലാം പുതിയ തൂണുകൾ ചേർത്തുവെക്കണം. അവക്കുമേലെ പഴയ ഗ്രീക് സ്റ്റൈലിൽ മേൽക്കൂര ചേർക്കണം. യവന സുന്ദരീ സുന്ദരന്മാരെ ആവാഹിച്ചു വരുത്തണം. അധികാരത്തിന്‍റെയും അടിമയുടെയും ശബ്ദങ്ങൾ ചിട്ടപ്പെടുത്തണം. അടഞ്ഞ കണ്ണുകളും മനസ്സിൽ തെളിയുന്ന ചരിത്രജ്ഞാനവും ചേർന്നാണ് കാഴ്ചകൾ മുഴുമിപ്പിക്കുന്നത്. പിന്നെ എത്ര തിരക്കു കൂട്ടിയാലും കാലത്തിന്‍റെ മന്ദഗതിയെ നമുക്കിവിടെ മറികടക്കാനാവില്ല. കാലത്തിന് പതിഞ്ഞ താളമാണിവിടെ. കാഴ്ചകൾക്കിടയിൽ കാലുകളുടെ വേഗംകൊണ്ട് ആ താളം തകർക്കാൻ ശ്രമിക്കരുത്.
നാലു ദിവസംകൊണ്ട് കണ്ട് തീർക്കാനായി, അക്രൊപൊളിസ് അടക്കമുള്ള ആറ് കാഴ്ചകളിലേക്കായി പന്ത്രണ്ട് യൂറോയുടെ ടിക്കറ്റ് വടക്കേ ഗേറ്റിൽനിന്നും വാങ്ങി. ഒമ്പത് മണിക്കായിരുന്നു അഗോറ പ്രവേശനം. പ്രശസ്തമായ പാർത്തെനോണിന്റെ പടം പ്രൊഫൈൽ ആയിട്ടുള്ള ടിക്കറ്റ് തന്നെ ലളിത മനോഹരമാണ്. പാർത്തെനോണിന്റെ ഇരുവശത്തുമായാണ് ആറു കാഴ്ചകളിലേക്കുള്ള ടിക്കറ്റുകൾ. പുരാതന അഗോറയുടെ പരന്നുപരന്നു കിടക്കുന്ന ശേഷപ്പറമ്പുകളിലൂടെയുള്ള നടത്തം അമ്മക്ക് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ട് ടിക്കറ്റ് ബൂത്തിൽ അമ്മയെ ഏൽപിക്കുകയായിരുന്നു. അവരാകട്ടെ ബൂത്തിനോട് ചേർന്ന് ഒരു മരത്തണലിൽ അമ്മയെ സസ്നേഹം കസേരയിട്ടിരുത്തി.
അഗോറപ്പറമ്പിലേക്ക് കടക്കുമ്പോൾ ബീസികളിലേക്ക് തലവെച്ച് കിടക്കുന്ന ചരിത്രത്തിന്റെ ഈർപ്പഗന്ധം ഒമ്പതു മണിയുടെ പൊള്ളിക്കുന്ന വെയിലിലും നമുക്ക് കിട്ടും. ഒരു ശ്മശാനത്തിലേക്ക് നടക്കുന്നതുപോലെ കാലുകൾ സങ്കടപ്പെടും. നേരെയപ്പുറത്ത് അക്രൊപൊളിസ് അതിന്റെ പഴക്കവും പ്രൗഢിയും പൊക്കിപ്പിടിച്ച് നിൽക്കുന്നുണ്ട്. മലമുകളിലെ പാർത്തെനോണോ എറക്തിയോണോ കാഴ്ചയിൽ പെടാതെ ആതൻസിലൂടെ നടക്കാനാവില്ല.
പുരാതന ഗ്രീസിലെ പൊതുസ്ഥലങ്ങളാണ് അഗോറകൾ. ചന്തകളും ചർച്ചാവേദികളും യവനദൈവ ഗണത്തിനായുള്ള ക്ഷേത്രങ്ങളും പ്രതിമകളും കിണറുകളും ജലസംഭരണികളും ജലവിതരണ സംവിധാനങ്ങളുമൊക്കെയായി സഗൗരവം കാത്തിരിക്കുകയാണ് ഈ പുരാതന അഗോറ (Ancient Agora. റോമൻ അഗോറ വേറെയാണ്. അവിടെ നമുക്ക് പിന്നെപ്പോകാം.)
അഗോറയുടെ വടക്കുവശത്തുനിന്ന് തുടങ്ങിയാൽ നമ്മൾ നടന്നെത്തുന്നത് പുരാതന .പനാത്തെനെയ്ക്ക് നടവഴിയിലേക്കാണ്. പുരാതന ഗ്രീസിന്റെ ഉത്സവപ്പാത. നാലു വർഷങ്ങൾ കൂടുമ്പോൾ ഗ്രേറ്റ് പനാത്തെനെയ്ക്ക് ഉത്സവത്തിന്റെ ഘോഷയാത്രകളാണ്. നഗര വാതിലായ ഡിപൈലോണിൽനിന്ന് തുടങ്ങി അഗോറയെ കോണോട് മുറിച്ചുകടന്ന് പാർത്തെനോണിലേക്കുള്ള പടികൾ കയറിപ്പോാകും, അനേകം വാദ്യങ്ങളുടെയും ആയിരങ്ങളുടെ ആർപ്പുവിളികളുടെയും അകമ്പടിയോടെ. ആതൻസിന്റെ സ്വന്തം ദേവതയായ അഥീനക്ക് ചാർത്താനുള്ള പുത്തനങ്കിയുമായാണ് ഈ യാത്ര. ആതൻസിലെ പ്രഭുകുമാരികളുടെ മാസങ്ങളോളം നീളുന്ന കൈവേലയാണ് മനോഹരമായ അങ്കിയാവുന്നത്.
ഒളിമ്പിക്സിന് വളരെ മുമ്പേ തുടങ്ങിയിട്ടുള്ളതാണ് പനാത്തെനെയ്ക്കിലെ മത്സരങ്ങൾ. ഒളിമ്പിക്സിൽനിന്ന് വിഭിന്നമായി പനാത്തെനെയ്ക്ക് ഫെസ്റ്റിവലിൽ കായികമത്സരങ്ങൾക്ക് പുറമെ കവിത ചൊല്ലലും പാട്ടുപാടലും നൃത്തവും വിവിധ വാദ്യോപയോഗങ്ങളും ഉണ്ടായിരുന്നു. മസിലു മുഴച്ചവർ കുതിരകൾ വായുവേഗത്തിൽ വലിച്ചോടുന്ന രഥങ്ങളിൽനിന്ന് ആയുധങ്ങളോടെ ചാടിയിറങ്ങുകയും പിന്നാലെ ഓടിച്ചെന്ന് തിരിച്ചുകയറുകയും ചെയ്തു. കലാകാരന്മാർ മരത്തണലുകളിലിരുന്ന് :ണ്ഢന്ത് ഉം ണ്ഡത്ത ഉം വായിച്ചു. കവികൾ അഥീനയെ വാഴ്ത്തി കവിതകൾ ചൊല്ലി. തത്ത്വജ്ഞാനികൾ വഴിവക്കിലെ സദസ്സുകളിൽ തർക്കങ്ങളിൽ മുഴുകി.
പനാത്തെനെയ്ക്ക് ഉത്സവത്തിലെ കുതിരയോട്ട മത്സരങ്ങൾക്കും ശരീരവേഗ മത്സരങ്ങൾക്കും വേണ്ടി നിർമിക്കപ്പെട്ടതായിരുന്നു അക്രൊപൊളിസിന് തൊട്ടപ്പുറമുള്ള പനാത്തെനെയ്ക്ക് സ്റ്റേഡിയം. വർഷങ്ങളും ഭരണാധികാരികളും അതിനെ പരിഷ്‍കരിച്ചെടുത്ത് 1896ലെ ആദ്യ ആധുനിക ഒളിമ്പിക്സിന്റെ വേദിയാക്കി. ഇരിപ്പിടങ്ങളടക്കം പൂർണമായും മാർബിളിൽ നിർമിക്കപ്പെട്ട ലോകത്തിലെ ഏക സ്റ്റേഡിയമാണിത്.
ഡയോജെനസിന്‍റെ പ്രതിമ,ആതൻസിലെ ഹഫേസ്റ്റസിന്‍റെ ക്ഷേത്രം
പനാത്തെനെയ്ക്ക് പാതയുടെ കാര്യമായ അടയാളപ്പെടുത്തലുകളൊന്നുമില്ല ഇപ്പോൾ. ഇരുവശത്തുമുണ്ടായിരുന്ന കൽച്ചാലുകളുടെ അവശിഷ്ടങ്ങൾ ചിലയിടത്തെല്ലാം പഴയ നനവുകളോർത്ത് നെടുവീർപ്പിടുന്നുണ്ട്. അക്രൊപൊളിസിലെ പാർത്തെനോണിലേക്ക് കയറിപ്പോകുന്ന കൽപ്പടവുകളാണ് ഈ പാതയുടെ പരിക്ക് പറ്റാത്ത ഭാഗങ്ങൾ. ബാക്കിയെല്ലാം നൂറ്റാണ്ടുകൾ നിറച്ച ചരലിൽ പുതഞ്ഞുകിടക്കുന്നു. എങ്കിലും ചരിത്രമറിയുന്നവന്റെ കാലടികൾ പഴയ ഉത്സവത്തേരോട്ടത്തിന്റെ ചക്രച്ചാലുകൾ തേടിപ്പോകും.
ബി.സി ആറാം നൂറ്റാണ്ടു മുതലാണ് ചരിത്രകാരന്മാർ അഗോറയുടെ പഴക്കമളക്കുന്നത്. അതിനും നൂറ്റാണ്ടുകൾക്കു മുമ്പേ ഇതൊരു ജനവാസകേന്ദ്രമായിരുന്നു. കൂട്ടിച്ചേർക്കലുകളും പുതുക്കിപ്പണിയലുമൊക്കെയായി ഏക്കറുകളോളം വലുപ്പമുള്ളൊരു ദീർഘചതുരമായി അഗോറ വളരുന്നത് ബി.സി രണ്ടാം നൂറ്റാണ്ടോടെയാണ്. പിന്നീട് റോമാക്കാരുടെയും പേർഷ്യക്കാരുടെയും മറ്റും അധിനിവേശത്തിൽ അഗോറ തകർക്കപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്തു. അനേകം കൊല്ലങ്ങളുടെ കനത്തിൽ അഗോറക്ക് മേൽ മണ്ണുമൂടുകയും അതിന് മുകളിൽ പുതിയ ആതൻസിന്റെ പാർപ്പിടങ്ങൾ ഉയരുകയും ചെയ്തു.
മെട്രോപാതയുടെയും ആതൻസ്-പൈറിയസ് റെയിൽപ്പാതയുടെയും കുഴിക്കൽ പണികളാണ് അഗോറയെ കണ്ടെത്തിയത്. പന്ത്രണ്ട് ഏക്കറോളം സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും മാറ്റിയാണ് ആർക്കിയോളജിക്കാർ അഗോറയെ പുറത്തെത്തിച്ചത്. ഗ്രീക്, ജർമൻ, അമേരിക്കൻ പുരാവസ്തു ഗവേഷകർ അവരുടെ ഖനനങ്ങളും പുനർനിർമാണങ്ങളും ഇപ്പോഴും തുടരുന്നു. കല്ലിൻമേൽ കല്ലുചേർന്ന് അഗോറ അതിന്റെ പൂർവരൂപത്തിലേക്ക് പതിയെ പുനർജനിക്കുകയാണ്.
അഗോറപ്പറമ്പിൽ ചരിത്രത്തിന്റെ ഗരിമ കാണിക്കുന്നത് മൂന്ന് നിർമിതികളാണ്. തെക്കോട്ടുള്ള നോട്ടത്തിൽ അെക്രാപൊളിസ് നിങ്ങളുടെ കാഴ്ചയെ മോഷ്ടിക്കുന്നില്ലെങ്കിൽ വിശുദ്ധ അപ്പോസ്തലന്മാരുടെ പേരിലുള്ള ചെറിയ പള്ളി കാണാം. വലതുവശത്ത് ഹഫേസ്റ്റസിനായുള്ള ക്ഷേത്രം. ഇടതുവശത്ത് പൂർണമായും പുനർനിർമിക്കപ്പെട്ട സ്റ്റോവ ഓഫ് അറ്റ് ലോസ് കെട്ടിടം (Stoa of Atlos.)
ഗ്രീക് പുരാണകഥകളിലും സോക്രട്ടീസ്, ഡയോജെനസ് മുതലായ തത്ത്വജ്ഞാനികളിലും താൽപര്യമുള്ള അമ്മുവാണ് ആദ്യം ഹഫേസ്റ്റസിന്റെ അടുത്തുപോകാം എന്നുപറഞ്ഞ് അഗോറൈസേഷന്റെ ദിശ നിശ്ചയിച്ചത്. (അമ്മുവിന്റെ ഈ ഗ്രീക് താൽപര്യം ഞങ്ങളെയും ചിലപ്പോൾ അവളെത്തന്നെയും അത്ഭുതപ്പെടുത്താറുണ്ട്. അവളുടെ അക്കാദമിക് അസിസ്റ്റൻസിന് കാത്താണ് ഈ കുറിപ്പ് വൈകിയത്.)
ദേവസഭയിൽ ഒരുപാട് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നുവെങ്കിലും, നിർഭാഗ്യവാനായ ഒരു ദേവനാണ് ഹഫേസ്റ്റസ്. ഗ്രീക് പുരാണങ്ങളിലെ ദേവേന്ദ്രനും ഇന്ദ്രാണിയുമായ സിയൂസിന്റെയും ഹീരയുടെയും മകൻ. തന്റെ സമ്പർക്കമില്ലാതെ സീയൂസ് സ്വന്തം നെറ്റിത്തടത്തിൽനിന്നും അഥീനക്ക് ജന്മംനൽകിയതിൽ പ്രതിഷേധിച്ച് ഹീര തന്റെ തുടയിൽനിന്നും വലിച്ചൂരിയെടുത്തതാണ് ഹഫേസ്റ്റസ്. ജന്മനാ വിരൂപനും ശോഷിച്ച കാലുകളോട് കൂടിയവനുമായിരുന്നു ഈ ദേവസന്തതി. ഹഫേസ്റ്റസിന്റെ കുറവുകളിൽ അസ്വസ്ഥയായ ഹീര മകനെ സ്വർഗത്തിൽ (ഗ്രീക്കുകാരുടെ ഒളിമ്പസ്, നമ്മുടെ ഇന്ദ്രപ്രസ്ഥം.) നിന്നും വലിച്ചെറിഞ്ഞു. ഒമ്പത് ദിനരാത്രങ്ങൾ നീണ്ട ആ വീഴ്ചയിലും കിട്ടി ദേവന് കുറേ വൈകല്യങ്ങൾ. കടലിൽ ചെന്നുവീണ ഹഫേസ്റ്റസ് ഒമ്പതു വർഷക്കാലം സാഗരദേവന്മാരുടെ സംരക്ഷണത്തിൽ കഴിഞ്ഞു. അത്രയും കാലം ഹഫേസ്റ്റസ് അവിടെയിരുന്ന് ദേവന്മാർക്ക് വേണ്ടി കൊല്ലപ്പണി ചെയ്തു. അഥീനയുടെ പരിചയും ക്യൂപിഡിന്റെ (കാമദേവൻ) അമ്പുകളും മറ്റ് ദേവന്മാർക്ക് വേണ്ട ആയുധങ്ങളും തയാറാക്കിയത് ഇദ്ദേഹമാണ്.
മൊണാസ്ടിറാക്കി ചത്വരത്തിന് മുന്നിൽ ലേഖകൻ
പിന്നീട് ഒളിമ്പസിൽ തിരിച്ചെത്തിയ ഹഫേസ്റ്റസ്, തന്റെ പിതൃത്വം വെളിപ്പെടുത്താത്തതിന്, പ്രത്യേകം തയാറാക്കിയ സ്വർണക്കസേരയിൽ ഹീരാ ദേവിയെ ബന്ധിച്ചു. അമ്മയുടെ അവഗണനയും ക്രൂരതകളും മറക്കാനായില്ലെങ്കിലും ഹഫേസ്റ്റസിന്റെ മാതൃസ്നേഹം നിലനിന്നു. പിതൃത്വമില്ലാത്ത മാതൃസൃഷ്ടിയായിരുന്നല്ലോ അദ്ദേഹം. ഒരിക്കൽ മാതാപിതാക്കൾക്കിടയിലെ ഒരു ദൈവികശണ്ഠയിൽ മൂപ്പര് ഹീരാമ്മയുടെ പക്ഷം പിടിച്ചു. ഇതിൽ ക്ഷുഭിതനായ സീയൂസ് ഹഫേസ്റ്റസിനെ കാലിൽ പിടിച്ചെടുത്ത് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. ഇത്തവണ വേഗത്തിലായിരുന്നു വീഴ്ച. ഒറ്റകൊല്ലംകൊണ്ട് ലെമ്നോസ് ദ്വീപിൽ വന്നുപതിച്ചു.
വീണ്ടും ഒളിമ്പസിലേക്ക് തിരിച്ചെത്തിയ ഹഫേസ്റ്റസ് ഒരു ‘വർക്ക്ഷോപ്’ ഒക്കെ തട്ടിക്കൂട്ടി ദേവലോകത്തെ ആസ്ഥാന കൊല്ലനായി ഒതുങ്ങിക്കൂടി. സീയൂസിന്റെ ഉത്തരവിൽ ദേവലോക സുന്ദരിയായ അഫ്രോഡിറ്റിനെ വിവാഹം ചെയ്തു. അനേകം ജാരന്മാരുണ്ടായിരുന്ന അതിസുന്ദരിക്ക് ഹഫേസ്റ്റസിനോട് ഒരിക്കലും വിശ്വസ്തത പുലർത്താനായില്ല. ഹഫേസ്റ്റസ് തന്റെ ആലയിൽ ഒരു പ്രത്യേക ലോഹവല തയാറാക്കി ഭാര്യയുടെ കട്ടിലിനു മുകളിൽ ഒരുക്കിവെച്ചു. അന്നത്തെ ജാരസംഗമത്തിൽ രണ്ടുപേരും വലയിലായി, നഗ്നരായി. കാലുകൾ പിണഞ്ഞു ചേർന്ന് ദേഹങ്ങൾ പരസ്പരം അലിഞ്ഞുചേർന്ന് അവരങ്ങനെ വലയിൽപെട്ട് നാണംകെട്ട് കിടന്നു. മുറിക്ക് പുറത്തുനിന്ന് ഹഫേസ്റ്റസ് ചിരിക്കുകയോ കരയുകയോ ചെയ്തിരിക്കാം.
ക്ഷേത്രത്തിലേക്കുള്ള വഴിനീളെ അമ്മു ഹതഭാഗ്യനായ ഹഫേസ്റ്റസിനെക്കുറിച്ച് അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തോടുള്ള അനുകമ്പ അമ്മുവിന്റെ വാക്കുകളിലും അവയുടെ താളത്തിലും ഉണ്ട്. കൂടപ്പിറപ്പിന്റെയോ അടുത്ത കൂട്ടുകാരന്റെയോ സങ്കടങ്ങളെന്ന പോലെയാണ് അവൾ പറഞ്ഞുകൊണ്ടിരുന്നത്.
ഡോറിക് (doric) ശൈലിയിലുള്ള ഉയർന്ന മാർബിൾ തൂണുകളിൽ പൊതിഞ്ഞ് ആദരം ജനിപ്പിക്കുന്ന ഗാംഭീര്യവുമായി നിൽക്കുകയാണ്, ഹഫേസ്റ്റസിന്റെ ക്ഷേത്രം. അഗോറയോസ് കൊളോണോസ് എന്ന ചെറുകുന്നിന് മുകളിലാണ് ഈ ക്ഷേത്രം. ചുറ്റിലും ഉയർന്നു വന്ന പുതിയ ആതൻസ് നഗരവും കാലം മണ്ണിട്ട് തൂർത്തെടുത്ത പഴയ അഗോറയും ആ കുന്നിന്റെ ഉയരം പിന്നെയും കുറക്കുന്നുണ്ട്. ദേവനോളം ‘കാലക്കേട്’ ദേവാലയത്തിനുണ്ടായില്ല. പുരാതന ഗ്രീസിൽ നന്നായി സംരക്ഷിക്കപ്പെട്ടുപോന്ന അപൂർവം പുരാണക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇടക്കാലത്ത് ഓർത്തഡോക്സ് പള്ളിയായും മ്യൂസിയമായും ഈ ക്ഷേത്രം കൂറുമാറി. മന്ദിരത്തിന്റെ ഈ മെയ്വഴക്കമാണ് ഇതിനെ ഈ കാലത്തേക്ക് സംരക്ഷിച്ചുനിർത്തിയത്. ഭൂമിയുടെ പിണക്കങ്ങളും രാജാക്കന്മാരുടെ പടയോട്ടങ്ങളും മേൽക്കൂരക്കും മാർബിൾ തൂണുകൾക്കും അൽപം പരിക്കേൽപിച്ചിട്ടുണ്ടെങ്കിലും.
ഏതാനും കുറ്റിച്ചെടികൾക്കിടയിലൂടെ ചരിഞ്ഞുകയറുന്ന, ഇടക്ക് പൊളിഞ്ഞടർന്ന കൽപ്പടവുകളുള്ള വഴിയിലൂടെ ഞങ്ങൾ ഹഫേസ്റ്റസിനടുത്തേക്ക് കയറിത്തുടങ്ങി. ക്ഷേത്രത്തിന് ചുറ്റും ഏതാനും ചെറുമരങ്ങളെ വെട്ടിയൊതുക്കി മെരുക്കിനിർത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് കുറച്ചു പച്ചപ്പിനെ പ്രകൃതി സ്വതന്ത്രരായി അഴിച്ചുവിട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നു രണ്ടു ക്രിസ്മസ് മരങ്ങൾ സൂര്യന് നേരെ വിരൽചൂണ്ടി നിൽക്കുന്നുണ്ട്. വെയിലേറ്റ് മങ്ങിയും മുറിവേറ്റും ഒരു പുൽത്തകിടി ഒരു വശത്തുമുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.