അധ്യായം -12
രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. പുറത്ത് വീടിനു കാവൽനിൽക്കുന്ന നായ്ക്കളും നാട്ടിലെ മറ്റു നായ്ക്കൂട്ടങ്ങളും ചേർന്ന് വലിയൊരു ‘ഓരിയിടൽ മത്സരം’ തന്നെ നടത്തിക്കൊണ്ടിരുന്നു. ആരുടെ ശബ്ദം കൂടുതലുയരും എന്നതായിരുന്നു അവരുടെ വാശി. ഇടക്ക് അവ തമ്മിൽ കടിപിടികൂടുന്നതിന്റെയും മുരളുന്നതിന്റെയുമൊക്കെ ഭീകരമായ ശബ്ദം കേൾക്കാം. പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും കതക് തുറന്ന് പുറത്തിറങ്ങിയാൽ ഈ ശ്വാനവൃന്ദം എന്നെ കടിച്ചുകീറുമോ എന്ന ഭീതിമൂലം നേരം വെളുക്കുവോളം ഞാന്‍ ശ്വാസമടക്കിപ്പിടിച്ചു കിടക്കുകയായിരുന്നു.
അഞ്ചു മണിയായപ്പോൾ ശ്വാനന്മാർക്ക് ഉറങ്ങാനുള്ള വെളിപാടുണ്ടായി. ആ തക്കംനോക്കി ഞാൻ പുറത്തിറങ്ങി പ്രഭാതകൃത്യങ്ങൾ നടത്തി. കൈയിലുണ്ടായിരുന്ന ഒരു ലിറ്റർ വെള്ളം അങ്ങനെ സ്വാഹയായി! ആഫ്രിക്കൻ യാത്രകളിൽ ഓരോതുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന് ഞാൻ പഠിക്കുകയായിരുന്നു.
ആറു മണിയായപ്പോൾ എബിയുടെ അമ്മ ‘ഊരു’ ഉമ്മറത്തേക്ക് വന്നു. ചായ വേണോ എന്ന് അവർ ആംഗ്യത്തിലൂടെ ചോദിച്ചു. സാധാരണ ഞാൻ ചായ കുടിക്കാത്തയാളാണ്. പക്ഷേ, ഏകാന്തതയുടെ മുഷിച്ചിലിൽനിന്നും രക്ഷപ്പെടാൻ അവർക്കൊപ്പം കുറച്ചുനേരം ഇരിക്കാമല്ലോ എന്നോർത്ത് ഞാൻ ‘വേണം’ എന്ന് തലയാട്ടി. അവർ മുറ്റത്തുനിന്ന ഒരു ചെടിയുടെ ഇലയും ഇഞ്ചിയും വെളുത്തുള്ളിയുംകൂടി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചുതന്നു. പാലും പഞ്ചസാരയുമില്ലാത്ത ആ ‘പാനീയം’ എബിയാണ് എനിക്ക് പരിചയപ്പെടുത്തിയത് -‘ബുനാ കിതാൽ’. ആരി ഗോത്രവർഗക്കാരുടെ സ്വന്തം ചായയാണത്. ഊരു പിന്നീട് പ്രാതലുണ്ടാക്കാൻ തുടങ്ങി. ‘കുകുബു’ ആയിരുന്നു അന്നത്തെ ഐറ്റം. ചോളപ്പൊടി വെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കി ചൂടുവെള്ളത്തിൽ വേവിച്ചെടുത്ത് അതിൽ സുഗന്ധവ്യഞ്ജനങ്ങളും മുരിങ്ങയിലയും ചേർത്ത ഒരുതരം സൂപ്പ്. ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ് പ്രാതൽ കഴിച്ചത്.
ഒമ്പതരയോടെ എബിയുടെ ബൈക്കിൽ മുർസി ഗ്രാമത്തിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് ‘ചാട്ട്’ ഇലകൾ വിൽക്കുന്ന ഒരു കവലയിൽ ഞങ്ങൾ വണ്ടി നിർത്തി. വിൽപനക്കാർ ഞങ്ങളെ പൊതിഞ്ഞു; എല്ലാവരുടെയും കൈകളിൽ ഇലകളുടെ ഓരോ കെട്ടുണ്ട്. എബി അവരോട് വിലപേശി 200 രൂപക്ക് ഒരു വലിയ കെട്ട് വാങ്ങി. മുർസി ഗ്രാമത്തിലെ ഗൈഡിന് നൽകാനുള്ള സമ്മാനമാണത്. യാത്രക്കിടയിൽ എബി ആ ഇലയെപ്പറ്റി വിശദീകരിച്ചു തന്നു. ഇത്യോപ്യയിലെയും പരിസര രാജ്യങ്ങളിലെയും സാമൂഹികജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ചാട്ട് ഇലകൾ. നമ്മുടെ നാട്ടിൽ വെറ്റില ചവക്കുന്നപോലെയാണിത്. ഇലകൾ പതുക്കെ ചവച്ച് പല്ലിനും കവിളിനും ഇടയിൽ ഒരു പന്തുപോലെ സൂക്ഷിക്കണമത്രേ. അതിൽനിന്ന് ഊർന്നിറങ്ങുന്ന നീര് ശരീരത്തിന് ഊർജവും ഉന്മേഷവും നൽകും. വിശപ്പും തളർച്ചയും അറിയാതിരിക്കാൻ ഇത് സഹായിക്കുമെന്നാണ് എബിയുടെ അനുഭവം. എന്നാൽ, അമിതമായാൽ സംഗതി തലക്കു പിടിക്കും! മുർസി ഗ്രാമത്തിലെ പൊള്ളുന്ന വെയിലിൽ കിലോമീറ്ററുകളോളം സഞ്ചാരികളെ നയിക്കുന്ന ഗൈഡിന് നൽകാൻ ഇതിലും നല്ലൊരു സമ്മാനമില്ല.
വഴിനീളെ കാലികളെ മേയ്ച്ചുപോകുന്ന മനുഷ്യർ. കഴുതകൾ വലിക്കുന്ന വണ്ടിയിൽ വലിയ മഞ്ഞക്കന്നാസുകളുമായി വെള്ളം വിൽക്കുന്ന യുവാക്കൾ. ഒരു മണിക്കൂർ ബൈക്ക് യാത്ര കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്നുപോയി. ചുട്ടുപൊള്ളുന്ന ആഫ്രിക്കൻ വെയിലും മുഖത്തേക്ക് അടിക്കുന്ന കഠിനമായ ചൂടു കാറ്റും എന്നെ വല്ലാതെ അവശയാക്കി. വിദേശികൾ എന്തിനാണ് വലിയ തുക കൊടുത്ത് ഫോർ വീൽ ഡ്രൈവ് കാറുകൾ വിളിക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
വഴിയിൽവെച്ച് ബെന്നഗോത്രത്തിലെ ‘സ്റ്റിൽട് വാക്കിങ്’ നടത്തുന്ന കുട്ടിപ്പട്ടാളത്തെ കണ്ടു. രണ്ടുമൂന്നു മീറ്റർ നീളമുള്ള വടിയുടെ പുറത്ത് കെട്ടിവെച്ച പടികളിൽ കയറിനിൽക്കുന്ന അവർ അതീവ നൈപുണ്യത്തോടെ നടക്കുന്നു. കാടുകൾക്ക് മുകളിലൂടെ കാലികളെ നിരീക്ഷിക്കാനും ഇഴജന്തുക്കളിൽനിന്ന് രക്ഷപ്പെടാനുമാണ് ഗോത്രവർഗക്കാർ ഈ രീതി ഉപയോഗിച്ചിരുന്നത്. കൂടാതെ, ആൺകുട്ടികൾ തങ്ങൾ പ്രായപൂർത്തിയായി എന്ന് തെളിയിക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്. പക്ഷേ, ഞങ്ങൾ കണ്ട കുട്ടികൾ പണമുണ്ടാക്കാനുള്ള തന്ത്രമായിട്ടാണ് അത് പയറ്റുന്നത്. അവർക്കൊപ്പം ഫോട്ടോ എടുക്കാൻ അമ്പതു രൂപയാണ് ചോദിച്ചത്. രണ്ട് ഫോട്ടോ എടുത്തപ്പോഴേക്കും അവർ പിന്നെയും പണം ചോദിച്ചു. എബി വിസമ്മതിച്ചപ്പോൾ ഒരൊറ്റ ചാട്ടത്തിന് അവരെല്ലാം വടിയിൽനിന്ന് താഴെയിറങ്ങി.
രണ്ടു മണിക്കൂറിനുശേഷം ഒരു ഭക്ഷണശാലയിൽ എത്തിച്ചേർന്നു. അതിന്റെ പറമ്പില്‍ നിറയെ മാവുകളുണ്ട്. ശാഖികളില്‍ നിറയെ പഴുത്ത മാങ്ങകൾ. മരത്തിന്റെ തണലിൽ ഇട്ടിരുന്ന കസേരകളിൽ ഞങ്ങളിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ ഗൈഡ് എത്തി. ഫ്രീയോ എന്നായിരുന്നു അവന്റെ പേര്. നീട്ടി വളർത്തിയ മുടി ജടപിടിച്ചിരുന്നു. ഞാൻ ഇന്ത്യയിൽനിന്നാണെന്ന് അറിഞ്ഞപ്പോൾ ഫ്രീയോ ചോദിച്ച ആദ്യത്തെ ചോദ്യം കേട്ട് ഞാൻ അന്തംവിട്ടുപോയി. ‘‘നിന്റെ പക്കൽ മാജിക് മഷ്റൂം ഉണ്ടോ?’’ ഇന്ത്യയിൽ മഷ്റൂം ലഭിക്കുന്നതായി എനിക്കറിയില്ല എന്ന് പറഞ്ഞപ്പോൾ അവൻ എന്നെ തിരുത്തി: ‘‘ഋഷികേശിലും ബോംബെയിലുമൊക്കെ നല്ല ഐറ്റം കിട്ടും, അത് രുചിക്കാൻ എനിക്ക് ഇന്ത്യയിൽ വരണം!’’ ആഫ്രിക്കയുടെ ഉൾക്കാട്ടിലിരുന്ന് ഇന്ത്യയിലെ ഹിപ്പി നാടന്‍ മയക്കുമരുന്നിനെപ്പറ്റി വാചാലനാകുന്ന ഫ്രീയോ എന്നെ ചിരിപ്പിച്ചു.
ഞങ്ങൾ പോകാനിരുന്ന മുർസി കുടുംബത്തെ കാണാൻ ഒരുകൂട്ടം വിദേശികൾ അതിനകംതന്നെ പോയതുകൊണ്ട്, തിരക്കൊഴിയുന്നതുവരെ അവിടെ കാക്കാമെന്നു പറഞ്ഞു. എന്റെ ബാറ്ററി ബാങ്ക് ഫ്രീയോ കടയിൽ കൊണ്ടുപോയി ചാർജ് ചെയ്യാൻ വെച്ചു. മാത്രമല്ല, മാമ്പഴം കണ്ട് എന്‍റെ വായിൽ വെള്ളം നിറഞ്ഞിരുന്നു. എന്‍റെ കൊതിയറിഞ്ഞ ഫ്രീയോ അവിടെ നിന്നിരുന്ന ഒരു പയ്യനെ വിളിച്ചു മാവിൽ കയറ്റി. അനായാസമായി അവൻ മരത്തിൽ കയറി മാങ്ങകള്‍ അടർത്തിയിട്ടു തന്നു. കൈയിലുണ്ടായിരുന്ന വെള്ളംകൊണ്ട് തുടച്ച് ആ മാമ്പഴം കഴിക്കുമ്പോൾ എനിക്ക് തോന്നി, ഇത്രയും രുചിയുള്ള മാങ്ങ ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ലെന്ന്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി വേനലവധിക്കാലത്തു യാത്രകളിലായതുകൊണ്ട് നാട്ടിലെ മാമ്പഴക്കാലങ്ങള്‍ സ്ഥിരമായി നഷ്ടപ്പെട്ടിരുന്നു. മാഞ്ചുവട്ടിലിരുന്ന് മാമ്പഴം നുണയുമ്പോൾ ഞാനും ഫ്രീയോയും ലോകത്തിലെതന്നെ ഏറ്റവും വിചിത്രമെന്നു തോന്നാവുന്ന ആചാരങ്ങളുള്ള മുർസി ഗോത്രക്കാരെപ്പറ്റി സംസാരിക്കുകയായിരുന്നു.
നീളൻ കമ്പുകളിൽ കയറിനിന്ന് ‘സ്റ്റിൽട് വാക്കിങ്’ നടത്തുന്ന ബെന്ന ഗോത്രവർഗത്തിലെ കുട്ടിപ്പട്ടാളം,കീഴ് ചുണ്ടു തുളച്ച്, മൺപ്ലേറ്റ് തിരുകിവെച്ച മുർസി സ്ത്രീയോടൊപ്പം ലേഖിക
എണ്ണത്തിൽ വെറും പതിനയ്യായിരത്തിൽ താഴെയാണെങ്കിലും ഇത്യോപ്യൻ ഗോത്രങ്ങളിൽവെച്ച് ഏറ്റവും സാഹസികരായാണ് മുർസികൾ അറിയപ്പെടുന്നത്. ചെറിയ പ്രകോപനമായാൽപോലും ഇവർ തോക്കെടുക്കാൻ മടിക്കില്ല. മാഗോ നാഷനൽ പാർക്കിലാണ് മുർസികളുടെ ഗ്രാമങ്ങളുള്ളത്. ആറുമാസംമുമ്പ് ഒരു ചിലിയൻ ഫോട്ടോഗ്രാഫറും കൂടെയുണ്ടായിരുന്ന മൂന്നു ഇത്യോപ്യക്കാരും വെടിവെപ്പിൽ മരണമടഞ്ഞുവത്രെ. യഥാർഥത്തിൽ രണ്ടു ഗ്രൂപ്പുകളുടെ വഴക്കിനിടയിൽ അവർ പെട്ടുപോയതാണ്. എന്തായാലും അതോടെ വിദേശികൾക്ക് മാഗോ പാർക്കിൽ പ്രവേശനത്തിനു അനുമതി നിര്‍ത്തലാക്കിയിരുന്നു. ഓമോവാലിയിലെ ഏറ്റവും വലിയ ആകർഷണംതന്നെ പ്ലേറ്റ് തൂക്കിയ മുർസി വനിതകളാണ്. അതുകൊണ്ട് പാർക്കിനു പുറത്തുള്ള ഗ്രാമത്തിൽ ടൂർ കമ്പനിക്കാർ മുർസികളെ വരുത്തുന്നു. മുർസികളുടെ ഗ്രാമം കാണാൻ പറ്റാത്തതിൽ സങ്കടംതോന്നിയെങ്കിലും അനാവശ്യമായ റിസ്‌കെടുക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് മനസ്സിലാക്കി ഞാന്‍ ആവേശമടക്കി.
ഫ്രീയോക്ക് ഫോൺ വന്നതും ഞങ്ങൾ മുർസികളെ കാണാൻ പുറപ്പെട്ടു. വടികൊണ്ട് വേലികെട്ടി മറച്ച ആ വലിയ കോമ്പൗണ്ടിലേക്ക് കടന്നപ്പോൾ കണ്ട കാഴ്ച എന്നെ ശരിക്കും സ്തബ്ധയാക്കി. ഇന്റർനെറ്റിലെ റീലുകളിലും ഫോട്ടോകളിലും എത്രയോ വട്ടം ഞാൻ മുർസി സ്ത്രീകളെ കണ്ടിട്ടുണ്ട്. എന്നാൽ, അവരെ നേരിൽ കണ്ടപ്പോഴുണ്ടായ ആഘാതം വിവരണാതീതമാണ്. കീഴ് ചുണ്ടു തുളച്ച്, അതിൽ പത്തു പന്ത്രണ്ടു സെന്റി മീറ്റർ വ്യാസമുള്ള മൺപ്ലേറ്റുകൾ തിരുകിവെച്ചിരിക്കുന്ന സ്ത്രീകൾ! ചിത്രങ്ങളിലും വിഡിയോകളിലും അതൊരു കൗതുകം മാത്രമായിരുന്നെങ്കിൽ, നേരിട്ട് കാണുമ്പോൾ ആ പ്ലേറ്റുകൾ താങ്ങാൻ അവരുടെ ചുണ്ടുകൾ അനുഭവിക്കുന്ന ആയാസവും ആ അവയവത്തിന് സംഭവിച്ച മാറ്റവും കണ്ട് എന്റെ ഉള്ളൊന്നു പിടഞ്ഞു. ആ മൺപ്ലേറ്റുകൾ അവരുടെ സൗന്ദര്യസങ്കൽപത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം തോന്നി.
പ്രത്യേകരീതിയിൽ ലുങ്കിപോലുള്ള വസ്ത്രം ശരീരത്തിൽ ചുറ്റിയിരിക്കുന്ന അവരുടെ മുഖത്തും ശരീരത്തിലും വെള്ള പെയിന്റുകൊണ്ട് ചിത്രപ്പണികൾ നടത്തിയിട്ടുണ്ട്. ചുണ്ണാമ്പുകല്ല് പൊടിച്ചാണ് ഈ വെള്ളനിറം ഉണ്ടാക്കുന്നത്. കൗതുകകരമായ മറ്റൊരു സംഗതി, അവർ കഴുത്തിലണിയുന്ന ഭാരമേറിയ മാലകൾ വെറും അലങ്കാരമല്ല എന്നതാണ്; ആഫ്രിക്കയിലെ ആ കഠിനമായ സൂര്യതാപത്തിൽനിന്ന് ചർമത്തെ സംരക്ഷിക്കാനുള്ള ഒരു കവചംകൂടിയാണ് ആ ലോഹമാലകൾ. ഓരോ ഗോത്രത്തിനും ഓരോ രീതികൾ; ലോകം എത്ര വിചിത്രമാണെന്ന് ഞാൻ വീണ്ടും ഓർത്തുപോയി.
ഞാൻ ആ കൂട്ടത്തിലെ ഏറ്റവും മുതിർന്നതെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയുടെ അടുത്തുചെന്ന് ഇരുന്നു. ഫ്രീയോ നിർദേശിച്ചപ്പോൾ, അവർ തന്റെ കീഴ് ചുണ്ടിലെ ആ വലിയ മൺപ്ലേറ്റ് പതുക്കെ എടുത്തുമാറ്റി. ആ കാഴ്ച കണ്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു. പ്ലേറ്റ് മാറ്റിയപ്പോൾ അവരുടെ ചുണ്ട് അസാധാരണമാം വിധം തടിച്ചുവീർത്ത്, താടിയെല്ലിന് താഴേക്ക് ഒരു വലിയ മാംസവളയംപോലെ തൂങ്ങിക്കിടന്നു. പ്ലേറ്റില്ലാത്ത ആ ചുണ്ടിന്റെ അവസ്ഥ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ദശകങ്ങളോളം ആ ഭാരം താങ്ങിയ ചുണ്ടിലെ പേശികൾക്ക് അവയുടെ സ്വാഭാവിക രൂപം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു.
ഒരു ഡോക്ടറെന്ന നിലയിൽ, ആ അവയവത്തിന് സംഭവിച്ച മാറ്റം കണ്ടപ്പോൾ എനിക്ക് ആകെ വല്ലായ്ക തോന്നി. മനുഷ്യർ തങ്ങളുടെ ഗോത്രാചാരങ്ങൾക്കായി സ്വന്തം ശരീരത്തെ ഇത്രമേൽ പീഡിപ്പിക്കുന്നത് കാണുമ്പോൾ അത്ഭുതമാണോ അതോ സഹതാപമാണോ തോന്നേണ്ടതെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു.
‘‘പേടിക്കേണ്ട, അവർക്ക് വേദനയൊന്നുമില്ല,’’ എന്റെ പരിഭ്രമംകണ്ട് ഫ്രീയോ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൻ ആ ആചാരത്തെ ലളിതമായി വിവരിച്ചു: ‘‘പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ഗ്രാമത്തിലെ മുതിർന്ന സ്ത്രീകൾ അവരുടെ കീഴ് ചുണ്ടിൽ ഒരു ദ്വാരമുണ്ടാക്കി വടിയുടെ കഷണം തിരുകിവെക്കും. മുറിവുണങ്ങുന്ന മുറക്ക് വടിയുടെ വലുപ്പം കൂട്ടിക്കൊണ്ടേയിരിക്കും. നാലഞ്ചു വർഷമാകുമ്പോഴേക്കും ചെറിയ മൺപ്ലേറ്റുകൾ തൂക്കിത്തുടങ്ങാം. നിങ്ങൾ കാതിൽ കമ്മലിടുന്നതുപോലെ ഒരു അലങ്കാരമായി ഇതിനെ കണ്ടാൽ മതി.’’
ഫ്രീയോ എത്ര നിസ്സാരമായാണ് അത് പറഞ്ഞത്! പത്തിരുനൂറ് ഗ്രാം തൂക്കമുള്ള മൺപ്ലേറ്റ് ചുണ്ടിൽ തൂക്കുന്നത് കമ്മലിടുന്നതുപോലെയാണോ?
‘‘എല്ലായ്പോഴും ഇവർ പ്ലേറ്റ് ചുണ്ടിൽ തൂക്കണോ?’’
‘‘ഭർത്താവിന് ഭക്ഷണം വിളമ്പുമ്പോൾ സ്ത്രീകൾ നിർബന്ധമായും പ്ലേറ്റ് തൂക്കണം. അത് കൂടാതെ കല്യാണങ്ങൾക്കും വിശേഷ അവസരങ്ങൾക്കുമെല്ലാം അവർ ആചാരം പിന്തുടരും. ചുണ്ടിൽ പ്ലേറ്റ് തൂക്കിയിട്ടിട്ടുള്ള സ്ത്രീകളെ മാത്രമേ പുരുഷന്മാർ വിവാഹം കഴിക്കൂ. അതുവഴി സ്ത്രീകൾ അവരുടെ വിധേയത്വമാണ് കാണിക്കുന്നത്. പ്ലേറ്റിന്റെ വലുപ്പം അനുസരിച്ചാണ് പുരുഷന്മാർ പെണ്ണിന്റെ അച്ഛന് സ്ത്രീധനം നൽകുന്നത്. വയസ്സായാലോ ഭർത്താവു മരിച്ചാലോ സ്ത്രീകൾക്ക് പ്ലേറ്റ് തൂക്കുന്നത് നിർത്താം.’’
ഈ ക്രൂരമായ ആചാരത്തിന് പിന്നിൽ ഭയാനകമായൊരു ചരിത്രമുണ്ട്. പണ്ട് അടിമക്കച്ചവടക്കാരിൽനിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാൻ അവർ കണ്ടെത്തിയ മാർഗമായിരുന്നു ഇത്. ചുണ്ട് വികൃതമായ സ്ത്രീകൾക്ക് അടിമച്ചന്തയിൽ മൂല്യം കുറവായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ടവർ അപഹരിക്കപ്പെടാതിരിക്കാൻ അന്ന് തുടങ്ങിയ വികൃതമാക്കൽ ഇന്ന് മുർസികളുടെ സൗന്ദര്യസങ്കൽപമായി മാറിയിരിക്കുന്നു.
മുർസി സ്ത്രീകൾ തങ്ങളുടെ കുടിലിന് മുന്നിൽ
മറ്റുള്ള സ്ത്രീകളും ഞങ്ങൾക്കൊപ്പം വന്നിരുന്നു. അവരുടെ കൈയിലെ വടുക്കൾ കാണിച്ചുതന്നു. പല വലുപ്പത്തിലുള്ളവ. സുദർശനചക്രം പോലെയൊക്കെ വരകളും കുത്തുകളുമുള്ള വടുക്കൾ. ‘കിച്ചൊഗ’യെന്നാണ് ഇത്തരത്തിൽ വടുക്കൾ ഉണ്ടാക്കുന്നതിനെ പറയുക. തൊലിനിറം കറുപ്പായതുകൊണ്ട് പച്ചകുത്തിയാൽ കാണാനാകില്ല. അതുകൊണ്ടാകണം ശരീരത്തിൽ അവർ ഇങ്ങനെ പാടുകൾ ഉണ്ടാക്കുന്നത്. മുള്ളുപയോഗിച്ചാണ് തൊലിയിൽ മുറിവുകൾ ഉണ്ടാക്കുക. അതിനുശേഷം പഴുക്കാനായി ചെടിയുടെ നീരും ചാരവും ഉപയോഗിക്കും. പഴുത്തതിനുശേഷം ഉണങ്ങുമ്പോൾ വടുക്കൾ ഉണ്ടാകുന്നു. അമ്മച്ചി അവിടെനിന്ന ചെറുപ്പക്കാരനെ അടുത്തു വിളിച്ചു. അവന്റെ നെഞ്ചും വയറുമെല്ലാം വടുക്കൾകൊണ്ട് അലങ്കരിച്ചിരുന്നു. സ്ത്രീകൾക്ക് കൈയിൽ മാത്രമേ വടുക്കൾ അനുവദിച്ചിട്ടുള്ളൂ. ഫ്രീയോ ഡോങ്കക്കുവേണ്ടി ഉപയോഗിക്കുന്ന രണ്ടുമീറ്റർ നീളമുള്ള വടി കാണിച്ചുതന്നു. എല്ലാ വർഷവും പുരുഷന്മാർ തമ്മിൽ വടി ഉപയോഗിച്ച് യുദ്ധം ചെയ്യും. ഡോങ്കയിൽ ജയിച്ചാൽ ശരീരത്തിൽ അത് രേഖപ്പെടുത്താൻ സവിശേഷ വടുക്കളുണ്ടാക്കും. അതിനു വലിയ ബഹുമാനമാണ് ലഭിക്കുക. അവരുടെ വിവാഹത്തെപ്പറ്റി ഞാൻ ചോദിച്ചു.
‘‘കല്യാണത്തിന് പുരുഷൻ പെണ്ണിന്റെ അച്ഛന് 40 കാലികളെ കൊടുക്കും. കല്യാണത്തിന് മുമ്പുതന്നെ സ്ത്രീകളും പുരുഷന്മാരും ഇണചേരാറുണ്ട്. നന്നായി ‘കാര്യങ്ങൾ’ ചെയ്യാൻ അറിയില്ലെങ്കിൽ നവവധുവിനെ പുരുഷന്മാർ ഉപേക്ഷിക്കും. മറ്റു ഗോത്രങ്ങൾ കന്യകാത്വത്തിനു വിലകൽപിക്കുമ്പോൾ മുർസികൾക്ക് വേറിട്ടൊരു വധൂസങ്കൽപമാണ്. സ്ത്രീ ഗർഭം ധരിച്ചില്ലെങ്കിലും അവളെ പുരുഷൻ ഉപേക്ഷിക്കും.’’
‘‘സ്ത്രീയുടെ കുഴപ്പംകൊണ്ടാണോ പുരുഷന്റെ കുഴപ്പം കൊണ്ടാണോ കുട്ടിയുണ്ടാകാത്തത് എന്നെങ്ങനെ മനസ്സിലാകും?’’
‘‘കല്യാണത്തിനുശേഷം കുറച്ചുകാലം കഴിഞ്ഞും സ്ത്രീ ഗർഭം ധരിച്ചില്ലെങ്കിൽ ചെറുക്കന്റെ സഹോദരന്മാർ അവളുടെ കൂടെ കിടക്കും. അപ്പോഴും ഗർഭിണിയായില്ലെങ്കിൽ അവളെ വിട്ട് വേറെ സ്ത്രീയെ പുരുഷൻ വിവാഹം ചെയ്യും.’’
ആണധികാര വ്യവസ്ഥകളുടെ ആചാരവേരുകള്‍ മനുഷ്യ സംസ്കൃതിയില്‍ എത്ര ആഴത്തിലാണ് ഉറച്ചിരിക്കുന്നത്!
ഫ്രീയോ എന്നെ അവരുടെ ‘കൊമോറു’വിനെ പരിചയപ്പെടുത്തി. ഗ്രാമത്തിലെ ദിവ്യനാണ് കൊമോറു. മുർസികളുടെ ദൈവത്തെ ‘തുംവി’ എന്നാണവർ വിളിക്കുക. ആകാശത്തിരിക്കുന്ന ‘തുംവി’യുമായി സംവദിക്കാൻ കൊമോറുവിനാണ് സാധിക്കുക. ഗ്രാമത്തിൽ എന്ത് പ്രശ്‌നത്തിനും പരിഹാരം കൊമോറുവാണ് കണ്ടെത്തുക. ഇതിനിടയിൽ ഫോട്ടോക്ക് പോസ്ചെയ്യാൻ ഞാൻ അവരുടെ മൺപ്ലേറ്റ് പല്ലുകൊണ്ട് കടിച്ചുപിടിച്ചു. കഷ്ടകാലത്തിനു അത് താഴെ വീണ് അരിക് ചെറുതായി പൊട്ടി. അത് കടം തന്ന സ്ത്രീ എന്നോട് അഞ്ഞൂറു രൂപ ചോദിച്ചു. വല്ലാത്തൊരു കുടുക്കിൽപെട്ട അവസ്ഥ. ഒടുവിൽ 200 രൂപ കൊടുത്ത് വല്ലവിധേനയും ആ ‘നഷ്ടപരിഹാര’ക്കേസ് ഒത്തുതീർപ്പാക്കി.
മടങ്ങാൻ നേരത്ത് ഭീതിജനകമായ ഒരു സംഭവമുണ്ടായി. ഒരു ബൈക്കിൽ മൂന്നാണുങ്ങൾ എബിയുടെ ബൈക്കിനു പിന്നാലെ കൂടി. എന്നെ നോക്കി അവർ എന്തൊക്കെയോ കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവർ ബൈക്ക് നിർത്തിച്ച് ഉപദ്രവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. എബി വണ്ടിയുടെ സ്പീഡ് കൂട്ടുന്നതനുസരിച്ചു അവരും സ്പീഡ് കൂട്ടി. ഒരു കവലയിൽ എത്തിയപ്പോൾ എബി വണ്ടി നിർത്തി. അവിടെ ഒരു കടയിൽ കയറി ആരോടോ സംസാരിച്ചശേഷം എന്നോട് ഭയപ്പെടേണ്ട. അവരെ എനിക്കറിയാം. അവരുടെ ഗ്രാമത്തലവനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രശ്‌നമൊന്നുമില്ല എന്ന് എന്നെ സമാധാനിപ്പിച്ചു. എങ്കിലും വീടെത്തുന്നതുവരെ എനിക്ക് പേടിയുണ്ടായിരുന്നു. ഈ സംഭവവും കലശലായ പുറംവേദനയും കൂടിയായപ്പോൾ പിറ്റേന്ന് ഹമ്മർഗ്രാമങ്ങളിലേക്കുള്ള യാത്ര വാനിലോ ബസിലോ ആക്കാൻ ഞാന്‍ തീരുമാനിച്ചു.
അന്ന് രാത്രി എബിക്കും കുടുംബത്തിനുമൊപ്പമിരുന്നു ‘അമാച്ചു’ കഴിച്ചു. കായ്ക്കാത്ത വാഴയുടെ വേര് വേവിച്ചതാണ് അമാച്ചു. മുരിങ്ങയില വേവിച്ച്, അതിൽ വെളുത്തുള്ളിയും ഉള്ളിയും ചതച്ചുചേർത്ത് ചമ്മന്തിപോലെയൊന്ന് ഉണ്ടാക്കും. അതിൽ മുക്കിയാണ് അമാച്ചു കഴിക്കേണ്ടത്. ബേട്ടി ഷിറോ കുറുക്കിയുണ്ടാക്കി. ഇഞ്ചിറ പുറത്തുനിന്നും വാങ്ങിക്കൊണ്ട് വന്നതായിരുന്നു. ആദ്യം മുതിർന്നവരാണ് ഭക്ഷണം കഴിക്കുക. കുട്ടികൾ മാറിനിൽക്കുന്നത് കണ്ട് ഞാൻ അവരെ അടുത്തേക്ക് വിളിച്ചു. എന്നാൽ, അവർ വന്നില്ല. എബി എന്നോട് അവരെ നിർബന്ധിക്കരുത്, അതവരുടെ രീതിയാണ് എന്ന് ഓർമിപ്പിച്ചു.
അന്ന് ഭാഗ്യത്തിന് കറന്റുണ്ടായിരുന്നു. ഫോണും ബാറ്ററി ബാങ്കും ഫുൾ ചാർജാക്കി. പക്ഷേ, ഉള്ളിൽ ചെറിയൊരു ആകുലത ബാക്കിയായിരുന്നു. അടുത്ത മൂന്നുദിവസം ഇനിയും ഗോത്രവർഗക്കാർക്കൊപ്പം വിദൂരഗ്രാമങ്ങളിലാണ് സഞ്ചരിക്കേണ്ടത്. ഏതുതരം അനുഭവങ്ങളായിരിക്കും ആഫ്രിക്കയുടെ ഉള്ളറകൾ എനിക്കായി കാത്തുവെച്ചിട്ടുണ്ടാവുക?
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.