ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക താപനിലയുള്ള ഇത്യോപ്യയിലെ ഡനാക്കിൽ ഡിപ്രഷന്റെ ഭാഗമായ ഡല്ലോള്ളിലെ വിശേഷങ്ങൾ പറയുന്നു. സമുദ്രനിരപ്പിൽനിന്ന് 125 മീറ്റർ താഴ്ചയിലുള്ള ആ പ്രദേശത്ത് ഉപ്പ് അഗ്‌നിപർവതങ്ങൾ, ചൂട് നീരുറവകൾ, ഫ്യൂമറോളുകൾ എന്നിവ ധാരാളമായുണ്ട് -അപകടാവസ്ഥയും സാഹസികതയും നിറഞ്ഞ സഞ്ചാരം തുടരുന്നു.അധ്യായം-7രാവിലെ എട്ടു മണിയായപ്പോൾ ആറേഴു ലാൻഡ്ക്രൂസറുകൾ ഞാൻ മെക്കലെയിൽ താമസിക്കുന്ന ഹോട്ടലിലേക്ക് ചീറിപ്പാഞ്ഞെത്തി. മുറിയുടെ പുറത്തിട്ട കസേരയിലിരുന്നു ഞാൻ നോക്കി. എല്ലാം വിദേശികളാണ്. അവരുടെ പ്രാതൽ അവിടെയാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് തോന്നുന്നു. എല്ലാവരും മേശക്ക് ചുറ്റും...
ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക താപനിലയുള്ള ഇത്യോപ്യയിലെ ഡനാക്കിൽ ഡിപ്രഷന്റെ ഭാഗമായ ഡല്ലോള്ളിലെ വിശേഷങ്ങൾ പറയുന്നു. സമുദ്രനിരപ്പിൽനിന്ന് 125 മീറ്റർ താഴ്ചയിലുള്ള ആ പ്രദേശത്ത് ഉപ്പ് അഗ്‌നിപർവതങ്ങൾ, ചൂട് നീരുറവകൾ, ഫ്യൂമറോളുകൾ എന്നിവ ധാരാളമായുണ്ട് -അപകടാവസ്ഥയും സാഹസികതയും നിറഞ്ഞ സഞ്ചാരം തുടരുന്നു.
അധ്യായം-7
രാവിലെ എട്ടു മണിയായപ്പോൾ ആറേഴു ലാൻഡ്ക്രൂസറുകൾ ഞാൻ മെക്കലെയിൽ താമസിക്കുന്ന ഹോട്ടലിലേക്ക് ചീറിപ്പാഞ്ഞെത്തി. മുറിയുടെ പുറത്തിട്ട കസേരയിലിരുന്നു ഞാൻ നോക്കി. എല്ലാം വിദേശികളാണ്. അവരുടെ പ്രാതൽ അവിടെയാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് തോന്നുന്നു. എല്ലാവരും മേശക്ക് ചുറ്റും ഇരിപ്പായി. ഇതിലേതെങ്കിലും കുറച്ചാളുകളുടെ കൂടിയാകും എന്റെ അടുത്ത മൂന്നു ദിവസത്തെ സഞ്ചാരം. അതിലെ ഒരു വണ്ടിയുടെ ഡ്രൈവറായ അബ്ദി എന്റെ അരികിലെത്തി. ന്യഗസിയാണ് അയാളെ പറഞ്ഞുവിട്ടതെന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാൻ ഡനാക്കിൽ ഡിപ്രഷൻ ടൂറിനു പോകുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക താപനിലയുള്ള സ്ഥലം സ്ഥിതിചെയ്യുന്നത് ഇത്യോ പ്യയിലാണ്. ഡനാക്കിൽ ഡിപ്രഷന്റെ ഭാഗമായ ഡല്ലോള്ളിലാണ് ശരാശരി താപനില 35 ഡിഗ്രിക്കും 40 ഡിഗ്രിക്കുമിടയിൽ കണ്ടുവരുന്നത്. സമുദ്രനിരപ്പിൽനിന്ന് 125 മീറ്റർ താഴ്ചയിലുള്ള ആ പ്രദേശത്ത് ഉപ്പ് അഗ്‌നിപർവതങ്ങൾ, ചൂട് നീരുറവകൾ, ഫ്യൂമറോളുകൾ എന്നിവ ധാരാളമായുണ്ട്. അവിടെ ജനവാസമുണ്ടെന്ന് അത്ഭുതത്തോടെയാണ് മനസ്സിലാക്കിയത്. സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് ചൊവ്വ ഗ്രഹത്തിനെ അനുസ്മരിപ്പിക്കുന്ന ഡല്ലോള്ളിന്റെ അഭൗമമായ ഭൂപ്രകൃതിയെ അടുത്തറിയാനാണ്.
അതികഠിനമായ താപനിലയും അടിസ്ഥാന ടൂറിസ്റ്റ് സൗകര്യങ്ങളുടെ ദൗർലഭ്യവുംകൊണ്ട്, ലോകത്തിലെ ഏറ്റവും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഡനാക്കിൽ. വംശീയ സംഘർഷങ്ങൾക്ക് സ്ഥിരം വേദിയാണ് ഡനാക്കിൽ ഉൾപ്പെടുന്ന അഫാർ പ്രദേശം. അതുകാരണം ഇങ്ങോട്ടേക്കുള്ള ടൂറിസ്റ്റ് സന്ദർശനം സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴും പല പാശ്ചാത്യ രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് അഫാർ സന്ദർശിക്കരുതെന്ന് താക്കീത് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ മെച്ചപ്പെടാൻ ഞാൻ ഏകദേശം രണ്ടു വർഷം കാത്തിരുന്നു. ആ സമയത്തെല്ലാം കാര്യങ്ങളുടെ നിജസ്ഥിതി അറിയിച്ചത് ന്യഗസിയാണ്. വർഷങ്ങളായി ഡനാക്കിൽ ടൂർ സംഘടിപ്പിക്കുന്ന ‘വേൾഡ് സൺ’ ടൂർ ഏജൻസി ന്യഗസിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഡനാക്കിൽ മാത്രമല്ല ഇത്യോപ്യൻ യാത്രയുടെ പല കാര്യങ്ങളും പ്ലാൻചെയ്യാൻ അവൻ എന്നെ സഹായിച്ചിരുന്നു.
അബ്ദി എന്നെയും കൂട്ടി വണ്ടിക്കരികിലെത്തി. ഗ്രൂപ് ടൂറിനൊപ്പം മാത്രമേ ഡനാക്കിൽ യാത്ര സാധ്യമാകുകയുള്ളൂ. കോൺവോയ് ആയിട്ടാണ് ഗ്രൂപ് ടൂറിലെ വണ്ടികൾ പോകുക. ഞങ്ങളുടെ കോൺവോയിൽ നാല് ലാൻഡ്ക്രൂസറുകളുണ്ടെന്നു മനസ്സിലാക്കി. മൂന്നെണ്ണം ടൂറിസ്റ്റുകൾക്കും ഒരെണ്ണം സായുധ ഗാർഡ്, കുക്ക്, ടൂറിസ്റ്റ് ഗൈഡ് എന്നിവർക്കും വേണ്ടി. അഫാർ പ്രദേശത്തെ തദ്ദേശവാസികളായ അഫാർ ഗോത്രവർഗക്കാർ പൊതുവെ ആളുകളെ ഇഷ്ടപ്പെടുന്നവരല്ല.
എന്തെങ്കിലും ചെറിയ സംഘർഷമുണ്ടായാൽ അവരുടെ ആദ്യത്തെ ഇരകൾ വിദേശ ടൂറിസ്റ്റുകളാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എട്ടോളം ടൂറിസ്റ്റുകൾ അവരുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെ സായുധ ഗാർഡുണ്ടെങ്കിലും ഇത്രയും ആളുകളെ സംരക്ഷിക്കാൻ അയാൾ തനിച്ച് പര്യാപ്തനാണെന്ന് തോന്നുന്നില്ല. ‘സം തിങ് ഈസ് ബെറ്റർ ദാൻ നതിങ്’ സ്വയം ആശ്വസിച്ചു. പോകുന്ന ഇടങ്ങളിൽ വെള്ളത്തിന് ദൗർലഭ്യതയുണ്ടെന്നതിനാൽ പാചകത്തിനായി വെള്ളം നിറച്ച നാലഞ്ചു വലിയ കന്നാസുകൾ ഓരോ വണ്ടിയുടെയും മുകളിൽ കെട്ടിവെച്ചിട്ടുണ്ട്. ന്യഗസി എനിക്ക് വേണ്ടി വണ്ടിയുടെ മുൻ സീറ്റ് റിസർവ് ചെയ്തിരുന്നു. ദുർഘടമായ പാതയിലൂടെ യാത്രചെയ്തപ്പോൾ അവനെ നന്ദിയോടെ സ്മരിച്ചു.
എർട്ട അലേയിലേക്കുള്ള യാത്രക്കിടെ കണ്ട കാഴ്ച
അൽപം കഴിഞ്ഞു മൂന്നു വിദേശികൾ എന്റെ വണ്ടിയിൽ കയറി. അമേരിക്കക്കാരി എമിലി, കാനഡക്കാരൻ ജോയൽ, ആസ്ട്രേലിയക്കാരൻ ഗാരി. ഇവരൊന്നിച്ചു മൂന്നാഴ്ചത്തെ ഇത്യോപ്യ ടൂറിന് ഇറങ്ങിപ്പുറപ്പെട്ടതാണ്. ആർക്കും തമ്മിൽ പരിചയമില്ല. ജോയലിനും ഗാരിക്കും അറുപതിനടുത്ത് പ്രായം കാണും. എമിലിക്ക് 70 വയസ്സും. ഇത്യോപ്യയെയും അയൽരാജ്യമായ എറിത്രീയയെയും ബന്ധിപ്പിക്കുന്ന അവാഷ് അസ്സാബ് ഹൈവേയിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം.
പരന്നുകിടന്ന വരണ്ട മരുഭൂമിയെ കീറിമുറിച്ചു പണിത ഹൈവേയിലൂടെ ഞങ്ങളുടെ വണ്ടികൾ ചീറിപ്പാഞ്ഞു. എ.സി തകരാറിലായതിനാൽ വണ്ടിയുടെ താഴ്ത്തിയിട്ട ചില്ലുകളിലൂടെ ചൂട് കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഇത്യോപ്യയുടെ വടക്കു കിഴക്കൻ പ്രവിശ്യയായ അഫാറിലൂടെയാണ് ഞങ്ങളുടെ യാത്ര. ഇവിടെയാണ് ‘അഫാർ ട്രയാംഗിൾ’ സ്ഥിതിചെയ്യുന്നത്. അറേബ്യൻ, ആഫ്രിക്കൻ, സോമാലിയ എന്നീ മൂന്ന് ടെക്‌ടോണിക് പ്ലേറ്റുകളുടെ വ്യതിചലനം മൂലമുണ്ടായ ഒരു ഭൂമിശാസ്ത്രപരമായ നിമ്‌നഭാഗമാണത്. അതിന്റെ വടക്കൻ ഭാഗമാണ് ഡനാക്കിൽ ഡിപ്രഷൻ.
അഫാർ ട്രയാംഗിളിന്റെ പ്രത്യേകത എന്തെന്നാൽ വിദൂരഭാവിയിൽ ഒരു പുതിയ സമുദ്രം ഇവിടെയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയുടെ ഉപരിഭാഗം സജീവമായി വേർപെടുത്തപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് അഫാർ ട്രയാംഗിൾ. ഈ വിള്ളൽ പ്രക്രിയ കാരണം അറേബ്യൻ പ്ലേറ്റ്, ആഫ്രിക്കൻ പ്ലേറ്റിൽനിന്ന് വേർപെടുകയും, വിള്ളലിൽ വെള്ളം നിറയുകയും ചെയ്യുമ്പോൾ ഒരു പുതിയ സമുദ്രം അവിടെ രൂപവത്കൃതമാകാം. അതായത് കുറച്ചു ദശലക്ഷം വർഷങ്ങൾക്കു ശേഷം ഞങ്ങൾ സഞ്ചരിക്കുന്ന റോഡിനു പകരം തിരമാലകളാകും അലയടിക്കുക. അഫാർ പ്രദേശത്തിന് ചരിത്രപരമായ മറ്റൊരു പ്രാധാന്യമുണ്ട്. ഇവിടെനിന്നാണ് ലൂസിയെ കണ്ടെത്തിയത്. അഫാർ ഗോത്രവർഗക്കാരുടെ വിശ്വാസം അവർ ആദിമ മനുഷ്യന്റെ യഥാർഥ പിന്തുടർച്ചാവകാശികളാണെന്നാണ്.
ചുറ്റും പൊടി നിറഞ്ഞ അന്തരീക്ഷം. വഴിയിൽ ഇടക്കിടക്ക് പട്ടിണിക്കോലങ്ങളായ ചില മനുഷ്യർ പ്രത്യക്ഷപ്പെടും. അവർ കൈനീട്ടി യാചിക്കാനൊരുങ്ങുമ്പോഴേക്കും വണ്ടി അവരെ പിന്നിട്ടിരിക്കും. ധാരാളം കുട്ടികളെയും വഴിയരികിൽ കണ്ടു. ഞങ്ങൾ കുടിച്ചുതീർത്ത വെള്ളത്തിന്റെ ബോട്ടിൽ ഡ്രൈവർ അവർക്ക് എറിഞ്ഞു കൊടുത്തു. അത് പെറുക്കാനടുത്ത കുട്ടികളെ നോക്കുമ്പോൾ കാലിൽ ചെരിപ്പില്ല. വിണ്ടു കീറിയ കുഞ്ഞു പാദങ്ങൾ. പുറത്തു 40 ഡിഗ്രി ചൂടാണ്. ചില ദിവസങ്ങളിൽ അത് 50 വരെ പോകും. ഒരു വർഷം ആകെ കിട്ടുന്ന മഴയുടെ അളവ് നൂറ്, ഇരുനൂറ് മില്ലിമീറ്റർ മാത്രമാണ്. പച്ചപ്പിന്റെ ചെറിയ ലാഞ്ഛന പോലും എങ്ങുമില്ല. കല്ലും മണ്ണും നിറഞ്ഞ ആ പ്രദേശത്തുകൂടി പൊരിവെയിലത്ത് എങ്ങനെയാകും ഈ പിഞ്ചുകുട്ടികൾ ചെരിപ്പില്ലാതെ നടക്കുന്നത്. അവരുടെ മുഖത്തെ ദയനീയത നെഞ്ചിൽ വല്ലാത്തൊരു നോവായി അവശേഷിച്ചു.
എർട്ട അലേ പകൽ വെളിച്ചത്തിൽ. ലാവ പരന്നു കിടക്കുന്നു
കന്നാസുകൾ കഴുതപ്പുറത്തു കെട്ടിയിട്ടു കൊണ്ടുപോകുന്ന പതിവു കാഴ്ച ആവർത്തിച്ചു. അവാഷ് നദി മാത്രമാണ് ഈ പ്രദേശത്തുകൂടി കടന്നുപോകുന്നത്. അവിടന്ന് വെള്ളമെടുക്കാനാകണം അവർ പോകുന്നത്. പണ്ട് പൊട്ടിയ അഗ്‌നിപർവതത്തിൽനിന്ന് പൊട്ടിയൊലിച്ച ലാവ കല്ലുകൾ ആയിരുന്നു പ്രദേശം മുഴുവനും. വടി വളച്ചു താഴികക്കുടത്തിന്റെ മാതൃകയിലാക്കിയ വീടുകളിലാണ് നാടോടികൾ താമസിക്കുന്നത്. പഴകിയ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മറയ്ക്കാൻ ഒരു വൃഥാശ്രമം നടത്തിയിട്ടുണ്ട്. രാജസ്ഥാനിലും ഇത്തരം വീടുകൾ കണ്ടതോർമ വന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ഗ്രാമങ്ങളിൽ ടിൻ ഷീറ്റ്കൊണ്ടായിരുന്നു വീടിന്റെ ഭിത്തികൾ പണിതിരുന്നത്. കൊടുംവേനലിൽ ഷീറ്റും കൂടി ചൂടാകുമ്പോൾ അകത്തു താമസിക്കുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാതിരുന്നില്ല.
മൂന്നു മണിക്കൂർ യാത്രചെയ്ത് അഫ്രേര തടാകത്തിനടുത്ത് എത്തിച്ചേർന്നു. വെള്ളത്തിന് ഇളം പച്ചനിറമായിരുന്നു. ഡനാക്കിൽ ഡിപ്രഷനിലെ രണ്ടു ഉപ്പു തടാകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഫ്രേര. 117 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തൃതി. തടാകത്തെ പോഷിപ്പിക്കുന്ന ചൂടുനീരുറവകളുടെയും അരുവികളുടെയും നീരൊഴുക്ക് കാരണം തടാകം ഒരിക്കലും വറ്റുന്നില്ല. തടാകത്തിന്റെ മറ്റൊരു പേരാണ് ഗിയൂലേറ്റി. ഗിയൂസേപ്പ് ഗിയൂലേറ്റി എന്ന ഇറ്റാലിയൻ സഞ്ചാരിയെ പ്രദേശവാസികൾ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നതിന്റെ ഓർമക്കാണ് അങ്ങനെയൊരു പേര് നൽകിയത്.
തടാകത്തിന്റെ കരയിൽ വണ്ടികൾ നിർത്തി. കൂടെയുണ്ടായിരുന്ന വിദേശികൾ യാത്രാക്ഷീണം മാറ്റാൻ തടാകത്തിൽ നീന്താൻ ഇറങ്ങി. വെള്ളത്തിലെ ഉപ്പിന്റെ ആധിക്യം കാരണം എല്ലാവരും വെള്ളത്തിൽ പൊങ്ങിക്കിടന്നു. കടലുപോലെ പരന്നു കിടക്കുന്ന തടാകത്തിലെ ചെറിയ തിരകൾ തീരത്തടിക്കുമ്പോൾ വെള്ളം പതഞ്ഞുവരും. തീരത്തെല്ലാം ഉപ്പടിഞ്ഞിട്ടുണ്ട്. തടാകത്തിൽ 290 മില്യൺ ടൺ ഉപ്പ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. പ്രദേശവാസികൾ വെള്ളത്തിൽനിന്ന് ഉപ്പ് വേർതിരിച്ചു വിൽക്കുന്നു. അതിനായി ചുറ്റും ചതുരാകൃതിയിലുള്ള ധാരാളം ഉപ്പുപാടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
അവിടെ കെട്ടിനിർത്തുന്ന വെള്ളം ബാഷ്പീകരിക്കുമ്പോൾ ഉപ്പു പരലുകൾ അവശേഷിക്കും. അതാണ് ചാക്കുകളിൽ കെട്ടിവിൽക്കുന്നത്. നീന്താനിറങ്ങിയവർ പെട്ടെന്നുതന്നെ തിരികെ കയറി. വെള്ളത്തിന്റെ ചൂടും ഉപ്പിന്റെ അംശവും കാരണം അവരുടെ ശരീരം ചുമന്നിരുന്നു. അടുത്തുള്ള നീരുറവകളിലെ വെള്ളവുമുപയോഗിച്ച് അവർ ദേഹം തുടച്ചെടുത്തു. കുളിക്കാനൊന്നും സൗകര്യമില്ലായിരുന്നു. വണ്ടിയിലെ വെള്ളം കഴുകാനെടുക്കാൻ പറ്റില്ലെന്ന്, ടൂർ തുടങ്ങിയപ്പോൾതന്നെ ഗൈഡ് വ്യക്തമാക്കിയിരുന്നു.
അവിടന്ന് വണ്ടിയിൽ കയറി കുറച്ചു മാറിയുണ്ടായിരുന്ന, ടിൻ ഷീറ്റുകൊണ്ടു മറച്ച നീളമുള്ള കെട്ടിടത്തിലേക്ക് ഞങ്ങൾ പോയി. മറ്റു ടൂർ ഗ്രൂപ്പിൽനിന്നുള്ള ആളുകളും ഉണ്ടായിരുന്നു. ഞങ്ങൾ തടാകം സന്ദർശിച്ച സമയംകൊണ്ട് കൂടെ വന്ന കുക്ക് ഞങ്ങൾക്കുള്ള ഉച്ചഭക്ഷണം തയാറാക്കിയിരുന്നു. പാസ്തയും മുട്ട ചിക്കിയതും സലാഡും ജ്യൂസും ഞങ്ങളുടെ മുന്നിൽ നിരന്നു. ചൂട് കാരണം വിശപ്പ് തീരെ തോന്നിയില്ല. ഏഴു മണിവരെ ഭക്ഷണം ഒന്നുമില്ല എന്ന് ഗൈഡ് ഓർമിപ്പിച്ചപ്പോൾ കുറച്ചു ഭക്ഷണം കഴിച്ചു. അപ്പോൾ ടിൻ ഷീറ്റിന്റെ വിടവിൽകൂടി കുഞ്ഞുകരങ്ങൾ പ്രത്യക്ഷപ്പെട്ടു.
ബനാന, ബനാന എന്ന് മന്ത്രംപോലെ കേട്ടു. ഞാൻ ഒരു പഴം ആ കൈയിൽ വെച്ചുകൊടുത്തു. ഷീറ്റിന്റെ മുകളിൽകൂടി നോക്കിയപ്പോൾ ഒരു പറ്റം കുഞ്ഞു കുട്ടികൾ ആ പഴം പങ്കു വെച്ച് തിന്നുന്നു. പെട്ടെന്നാണ് അതിൽ ഒരു പയ്യന്റെ പുറത്തു കൂർത്ത കരിങ്കൽ വന്നു പതിച്ചത്. ദൂരെ നിന്നിരുന്ന ഒരാൾ കല്ല് പെറുക്കി കുട്ടികളെ എറിഞ്ഞോടിക്കാൻ ശ്രമിക്കുകയാണ്. ചെക്കൻ, ആരാണ് കല്ലെറിഞ്ഞത് എന്ന് തിരിഞ്ഞുപോലും നോക്കാതെ ഓടി. അവന്റെ കൂട്ടുകാരും ചിതറി. തെരുവ് പട്ടികളെ കല്ലെടുത്ത് എറിയുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്ന എനിക്ക് കുട്ടികളുടെ നേരെ നടന്ന അതിക്രമം കണ്ടപ്പോൾ ദേഷ്യം വന്നു. കല്ലെടുത്തെറിഞ്ഞ ആളെ ലക്ഷ്യമാക്കി ഞാൻ നടന്നു. കൂടെയുണ്ടായിരുന്ന ഡെൻസെ എന്ന ഗൈഡ് ഓടിയെത്തി.
‘‘മാഡം... ദയവുചെയ്ത് പ്രശ്‌നം ഉണ്ടാക്കരുത്. കല്ലെടുത്തെറിഞ്ഞത് ഇവിടത്തെ ലോക്കൽ ആളാണ്. വഴക്കിനു പോയാൽ അവർ കൂട്ടമായി ആക്രമിക്കും. വണ്ടി കത്തിച്ചുകളയാൻപോലും അവർ മടിക്കില്ല. അവരുടെ പിള്ളേരെ തന്നെയാണ് കല്ലെറിഞ്ഞത്. നിങ്ങൾ ടൂറിസ്റ്റുകൾ അവർക്കിങ്ങനെ ഭക്ഷണം കൊടുക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ താൽപര്യമില്ലാത്തത് എന്നാണ് അവരുടെ ആരോപണം. വെറുതെ പ്രശ്‌നത്തിന് പോകണ്ട.’’
വാദി അവസാനം പ്രതിയായി. പ്രദേശവാസികളെ സൂക്ഷിക്കണമെന്ന് ന്യഗസി പറഞ്ഞതോർമ വന്നു. ഞാൻ മിണ്ടാതെ എന്റെ കസേരയിൽ പോയി ഇരുന്നു. അവിടന്നിറങ്ങി വണ്ടി പാർക്ക് ചെയ്തിടത്തേക്ക് നടക്കാൻ നേരം കുട്ടികൾ വീണ്ടും എന്നെ പൊതിഞ്ഞു. ഇത്തവണ അവർക്ക് വേണ്ടത് എന്റെ കൈയിലുണ്ടായിരുന്ന തണുത്ത വെള്ളമാണ്. ഞാൻ കുപ്പി തുറന്ന് അവരുടെ വായിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തു. അവർ ആർത്തിയോടെ വെള്ളം കുടിക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു. അവസാനമുണ്ടായിരുന്ന അൽപം വെള്ളവും കുപ്പിയും കൂടി അതിലെ ഏറ്റവും കുഞ്ഞു പയ്യന് കൊടുത്തു. അവൻ കുപ്പിയിലെ വെള്ളം അവന്റെ തലയിലോട്ട് കമഴ്ത്തി, എന്നെ നോക്കി ചിരിച്ചു. എനിക്കും ചിരി വന്നു. ഡെൻസെക്ക് എന്റെ പ്രവൃത്തി അത്ര പിടിച്ചില്ല.
‘‘ടൂറിലുള്ളവർക്ക് മൂന്നു ദിവസത്തേക്ക് കുടിക്കാനുള്ള വെള്ളം മാത്രമേ കരുതിയിട്ടുള്ളൂ. നിങ്ങൾ ഇങ്ങനെ വെള്ളം പാഴാക്കിയാൽ കൂടെയുള്ളവർക്ക് ബുദ്ധിമുട്ടാകും.’’
ഞാൻ കുട്ടികൾക്ക് കൊടുത്ത കുപ്പിയുടെ വില തന്നോളാമെന്നു പറഞ്ഞു ഡെൻസെയെ സമാധാനിപ്പിച്ചു.
പ്രധാന ഹൈവേ വിട്ട് ഓഫ്റോഡിലൂടെയാണ് പിന്നീട് യാത്ര ചെയ്തത്. ചുറ്റും കല്ലുമലകൾ. പ്രകൃതി ഉറഞ്ഞുതുള്ളിയതിന്റെ ശേഷിപ്പുകൾ. റോഡിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ചരലും പൊടിയും ചൂടും... മടുപ്പിക്കുന്ന യാത്ര.
എർട്ട അലേ അഗ്‌നിപർവതത്തിന്റെ അടിവാരത്തിലാണ് യാത്ര അവസാനിച്ചത്. ഇത്യോപ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപർവതമാണിത്. കൊടുമുടിയിൽ രണ്ട് ലാവാ തടാകങ്ങളുണ്ട്, അവ ഇടക്കിടെ കവിഞ്ഞൊഴുകുന്നു. കല്ലുകൾ അടുക്കിവെച്ചുണ്ടാക്കിയ വൃത്താകൃതിയിലുള്ള രണ്ടു മൂന്നു മുറികൾ കണ്ടു. ഞങ്ങൾക്ക് താമസിക്കാനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീട് മനസ്സിലായി അത് ഓരോ ഗ്രൂപ്പിനും പാചകം ചെയ്യാനുള്ള ഇടമായിരുന്നു എന്ന്. ടോയ്‌ലറ്റ് സൗകര്യം ഒന്നുമില്ല. കുറച്ചുദൂരം നടന്നാണ് കല്ലുകളുടെ ഒരു മറ കണ്ടെത്തിയത്.
അത്താഴത്തിനു ശേഷം ഏഴു മണിയോടെ ഞങ്ങൾ അഗ്‌നിപർവതം കയറാൻ ആരംഭിച്ചു. ആകെ അറുനൂറടി പൊക്കമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, നടത്തം അൽപം പ്രയാസമുള്ളതായിരുന്നു. കയറേണ്ട വഴിയിൽ നിറയെ കൂർത്ത കല്ലുകളും ചരലുമായിരുന്നു. തെന്നിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും മെല്ലെയാണ് മുകളിലേക്ക് കയറിയത്. മുന്നിലും പിന്നിലും സായുധ ഗാർഡുകൾ ഉണ്ടായിരുന്നു. കുറച്ചു വർഷം മുമ്പ് അഞ്ചു ടൂറിസ്റ്റുകളെ വിമത ഗ്രൂപ്പുകാർ ഇവിടെ വെച്ച് വെടിവെച്ചു കൊന്നിരുന്നു, കുറച്ചുപേരെ ബന്ദികളുമാക്കിയിരുന്നു. ബന്ദികളെ പിന്നീട് വിട്ടയച്ചു. ആ സംഭവത്തിനുശേഷം സുരക്ഷാഗാർഡില്ലാതെ അഫാറിൽ സഞ്ചരിക്കാൻ ടൂറിസ്റ്റുകൾക്ക് അനുവാദമില്ല.
ലാവ കല്ലുകൾക്കിടയിൽ ലേഖികയും യാത്രാസംഘവും കിടന്നിരുന്ന സ്ഥലം
ഒന്നര മണിക്കൂർ എടുത്തു മുകളിൽ എത്താൻ. ചെറിയൊരു പരന്ന ഭാഗം. അവിടന്ന് ഒരു പത്തടി താഴെയായി വിശാലമായ പ്രദേശം നിറയെ ലാവ. ദൂരെയായി രണ്ടു ചെറിയ മലകൾ തീയും പുകയും തുപ്പുന്നു. അതായിരുന്നു അഗ്‌നിപർവതത്തിന്റെ ക്രെറ്ററുകൾ. പ്രാദേശിക ഭാഷയിൽ ‘പുകയുന്ന പർവതം’ എന്നാണ് എർട്ട അലേയുടെ അർഥം. ഗൈഡ് ഞങ്ങളെ ലാവ പ്രദേശത്തേക്ക് ഇറങ്ങാൻ സഹായിച്ചു. ഘനീഭവിച്ച ലാവയുടെ മുകളിൽകൂടി അയാൾ ശ്രദ്ധാപൂർവം ഞങ്ങളെ ക്രെറ്ററിന്റെ അടുത്തേക്ക് നയിച്ചു. കരിങ്കൽപോലെ തോന്നിച്ചെങ്കിലും, ചില ലാവ പാളികളുടെ അടിവശം പൊള്ളയായിരുന്നു. ഗൈഡ് ഒരു കമ്പു വെച്ച് കുത്തി നോക്കിയാണ് ഓരോ കല്ലിലും കാലെടുത്തു വെച്ചത്.
നേരം ഇരുട്ടിയതും പുകയും തീയും തുപ്പിയ മലകൾ ഒരു ഭയാനക ഭാവം കൈവരിച്ചു. അതിന്റെ അടുത്തെത്താറായപ്പോൾ ഭൂമിയുടെ ഉള്ളറകളിൽനിന്ന് എന്തൊക്കെയോ തിളച്ചുമറിയുന്നപോലെ വലിയ ശബ്ദം കേട്ടുതുടങ്ങി. അഗ്‌നിപർവതം പൊട്ടിത്തെറിക്കുമോ എന്ന ഭീതി മനസ്സിലുണ്ടായിരുന്നെങ്കിലും മുന്നോട്ട് നടന്നു. ക്രെറ്ററിന്റെ തൊട്ടടുത്തെത്തിയപ്പോൾ ചീമുട്ടയുടെ മണമടിച്ചുതുടങ്ങി. അതിൽനിന്ന് വരുന്നത് വിഷപ്പുകയാണെന്നു ഗൈഡ് ഓർമിപ്പിച്ചു. ഫോട്ടോ എടുക്കാൻ അടുത്ത് ചെന്ന് നിന്നതും ഞാൻ ചുമക്കാൻ ആരംഭിച്ചു.
ഗ്യാസ് ലീക് ചെയ്ത പോലെയൊരു ദുർഗന്ധം. പെട്ടെന്ന് അവിടന്ന് മാറി. കുറച്ചകലെയുള്ള വ്യൂ പോയന്റിൽനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ആദ്യമായിട്ടാണ് ഒരു സജീവമായ അഗ്നിപർവതത്തിന്റെ അടുത്ത് നിൽക്കാൻ അവസരം ലഭിച്ചത്. രാത്രിയെ പ്രകാശപൂരിതമാക്കുന്ന തിളങ്ങുന്ന ലാവയുടെ കാഴ്ച മറക്കാൻ കഴിയാത്ത അനുഭവമാണ്. കുറച്ചുനേരം കഴിഞ്ഞു ഞങ്ങൾ തിരികെ ക്യാമ്പിലേക്ക് മടങ്ങി. അവിടെയെത്തിയപ്പോഴാണ് റോഡരികിൽ, ആകാശത്തിന്റെ കീഴിൽ പായ വിരിച്ചാണ് അന്ന് കിടന്നുറങ്ങേണ്ടതെന്ന് മനസ്സിലായത്. പാമ്പോ തേളോ മറ്റോ കാണുമോ എന്ന് പേടി തോന്നി. ‘‘രാത്രിയിൽ ഒരു ജീവിയും പുറത്തുവരില്ല. ധൈര്യമായി ഉറങ്ങിക്കോ.’’ യാത്രാക്ഷീണം കാരണം കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ കിടന്നുറങ്ങി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.