അധ്യായം -13 ആനയുടെ ആകൃതിയിലുള്ള കുടിലുകൾക്ക് പേരെടുത്ത ഇടമാണ് ഗാമോ കുന്നുകൾ. അർബാമിഞ്ചിൽനിന്നും മുപ്പതു കിലോമീറ്റർ പോയാൽ അവിടെ എത്താമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. യാത്രാഗ്രൂപ് വഴി പരിചയപ്പെട്ട മെസാറ്റ് എന്ന ഗൈഡ് അർബാമിഞ്ചിലെത്തിയപ്പോൾ എന്നെ കാത്തുനിൽപുണ്ടായിരുന്നു. ഞങ്ങൾ നേരെ ഗാമോ കുന്നുകളിൽ താമസിക്കുന്ന ഡോർസെ ഗോത്രവർഗക്കാരെ കാണാൻ പുറപ്പെട്ടു. ബൈക്കിലായിരുന്നു യാത്ര. ഓമോവാലിയിലെ പൊടിപിടിച്ച വഴികളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ടാറിട്ട റോഡായിരുന്നതുകൊണ്ട് യാത്ര സുഖകരമായിരുന്നു. മലഞ്ചെരുവുകളിലൂടെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര. എവിടെ നോക്കിയാലും മുളങ്കാടുകളാണ്. ഇടക്ക്...
അധ്യായം -13
ആനയുടെ ആകൃതിയിലുള്ള കുടിലുകൾക്ക് പേരെടുത്ത ഇടമാണ് ഗാമോ കുന്നുകൾ. അർബാമിഞ്ചിൽനിന്നും മുപ്പതു കിലോമീറ്റർ പോയാൽ അവിടെ എത്താമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. യാത്രാഗ്രൂപ് വഴി പരിചയപ്പെട്ട മെസാറ്റ് എന്ന ഗൈഡ് അർബാമിഞ്ചിലെത്തിയപ്പോൾ എന്നെ കാത്തുനിൽപുണ്ടായിരുന്നു. ഞങ്ങൾ നേരെ ഗാമോ കുന്നുകളിൽ താമസിക്കുന്ന ഡോർസെ ഗോത്രവർഗക്കാരെ കാണാൻ പുറപ്പെട്ടു. ബൈക്കിലായിരുന്നു യാത്ര. ഓമോവാലിയിലെ പൊടിപിടിച്ച വഴികളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ടാറിട്ട റോഡായിരുന്നതുകൊണ്ട് യാത്ര സുഖകരമായിരുന്നു.
മലഞ്ചെരുവുകളിലൂടെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര. എവിടെ നോക്കിയാലും മുളങ്കാടുകളാണ്. ഇടക്ക് പ്രത്യക്ഷപ്പെടുന്ന തട്ടുതട്ടായുള്ള കൃഷിയിടങ്ങളാണ് ഇവിടെ ജനവാസമുണ്ടെന്ന് ഓർമിപ്പിക്കുന്നത്. എതിരെ വല്ലപ്പോഴുമൊരു സ്കൂട്ടർ വന്നാലായി. മലയുടെ മുകളിലെത്തിയപ്പോൾ ഡോർസെ ഗ്രാമം ദൃശ്യമായി. വളരെ വ്യത്യസ്തമായി രൂപകൽപന ചെയ്ത കുടിലുകളിലാണ് അവർ താമസിക്കുന്നത്. അത്തരം കുടിലുകൾ ധാരാളമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
മെസാറ്റ് എന്നെ ഇറക്കിയത് അത്തരം കുറച്ചു കുടിലുകൾക്ക് മുന്നിലാണ്. അവന്റെ സുഹൃത്ത് നെഗാറ്റോ വഴിയരികിൽ ഞങ്ങളെ സ്വീകരിക്കാൻ നിന്നു. ചുവപ്പ്, കറുപ്പ്, മഞ്ഞ നിറത്തിലെ വിചിത്ര ഡിസൈനുള്ള പാന്റും തൊപ്പിയുമാണ് അവന്റെ വേഷം. ഡോർസെ ഗോത്രക്കാർ അറിയപ്പെടുന്ന നെയ്ത്തുകാരാണ്. അവരുടെ പരമ്പരാഗത വസ്ത്രങ്ങളിലെ നിറങ്ങൾക്കും അർഥങ്ങളുണ്ട്; കറുപ്പ് അവരുടെ തൊലിയുടെ നിറത്തെയും ചുവപ്പ് രക്തത്തെയും മഞ്ഞ സൂര്യനെയുമാണ് സൂചിപ്പിക്കുന്നത്.
മുളം ചീളുകൾ നെയ്തുണ്ടാക്കിയ വേലി അതിമനോഹരമാണ്. ഏഴ് നീളമുള്ള ചീളുകൾ ഒന്നിച്ച് നെടുകയും കുറുകയും വെച്ചാണ് നെയ്‌തെടുത്തിരിക്കുന്നത്. പറമ്പിലേക്ക് പ്രവേശിച്ചതും നെഗാറ്റോയുടെ അമ്മ അർഗയും സഹോദരി സോളയുംകൂടി എനിക്ക് കതിര് തന്നു സ്വീകരിച്ചു. നെഗാറ്റോയും സഹോദരനും പുലിത്തോൽ കൊണ്ടുള്ള ഉടുപ്പും ധരിച്ചു വന്നു. അവരുടെ കൈയിൽ കുന്തവും പരിചയുമുണ്ട്. അവർ പണ്ട് യോദ്ധാക്കളായിരുന്നു എന്നതിന്റെ ഓർമപ്പെടുത്തലാണത്.
‘‘ഞാൻ ഇവിടത്തെ രാജാവാണ്,’’ നെഗാറ്റോ അഭിമാനത്തോടെ പ്രഖ്യാപിച്ചു. മെസാറ്റ് എനിക്ക് നേരെ നോക്കി കണ്ണിറുക്കി ചിരിച്ചു. ‘‘അവന്റെ അപ്പൂപ്പൻ രാജാവായിരുന്നു. ഇപ്പോൾ അങ്ങനത്തെ വ്യവസ്ഥ ഒന്നുമില്ല. അവൻ സ്വയം പറഞ്ഞുനടക്കുന്നു എന്നേയുള്ളൂ.’’ അധികാരങ്ങൾ നഷ്ടപ്പെട്ടാലും ആ ഓർമകളെ മുറുകെപ്പിടിക്കുന്നത് മനുഷ്യസഹജമാണ്. പണ്ട് പടക്കളത്തിൽ കുന്തമേന്തി നിന്നവരുടെ പിന്മുറക്കാരൻ, ഒരു ചായംപൂശിയ തൊപ്പിയുമിട്ട് ടൂറിസ്റ്റുകൾക്കു മുന്നിൽ രാജാവായി അഭിനയിക്കുമ്പോഴും ആ പഴയ യോദ്ധാവിന്റെ ആത്മവിശ്വാസം അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.
നെഗാറ്റോയും സഹോദരനും പുലിത്തോലുകൊണ്ടുള്ള ഉടുപ്പ് ധരിച്ച് കൈയിൽ കുന്തവും പരിചയുമേന്തി വന്നപ്പോൾ
പറമ്പിൽ മൂന്ന് ‘ആനക്കുടിലുകൾ’ ഉണ്ട്. ആകൃതിയിലും വലുപ്പത്തിലും ആനത്തലപോലെയാണ്. രണ്ട് കണ്ണുകളും തുമ്പിക്കൈക്ക് സദൃശമായ മൂക്കും! നെയ്‌തെടുത്ത ഇലകൊണ്ട് മൊത്തത്തിൽ മറച്ചിട്ടുണ്ട്. അതിന്റെ വാസ്തുശൈലി നെഗാറ്റോ വിശദീകരിച്ചു. വേലി പണിതതുപോലെ മുളംചീളുകൾകൊണ്ട് വട്ടത്തിലുള്ള ചട്ടക്കൂടുണ്ടാക്കും. അതിന്റെ പുറത്ത് നെയ്‌തെടുത്ത വാഴയിലകൾകൊണ്ട് പൊതിയും. ഈ വീടുകളുടെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ, ഇത് അപ്പാടെ പൊക്കിയെടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കാൻ പറ്റും എന്നതാണ്!
നാൽപതു പേർ പുറത്തുനിന്നും ഇരുപതു പേർ അകത്തുനിന്നും പൊക്കിയാണ് കുടിൽ ഉയർത്തുക. പ്രതികൂല സാഹചര്യങ്ങളിൽ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ. സാധാരണഗതിയിൽ ഒരു കുടിൽ 60 മുതൽ 80 വർഷം വരെ നിലനിൽക്കും. ചട്ടക്കൂട് ചിതലരിക്കാൻ തുടങ്ങുമ്പോൾ ആ ഭാഗം വെട്ടിക്കളയും. പലവട്ടം ഇപ്രകാരം ചെയ്യുമ്പോൾ കുടിലിന്റെ പൊക്കം കുറഞ്ഞുകുറഞ്ഞു വരും. അതിന്റെ ഉത്തമ ഉദാഹരണങ്ങൾ എന്റെ മുന്നിലുണ്ടായിരുന്നു. നെഗാറ്റോയുടെ അച്ഛൻ പണിത കുടിലിന്റെ പകുതി ഉയരമേയുള്ളൂ അപ്പൂപ്പൻ പണിത കുടിലിന്. ആദ്യം പണിത കുടിലിന് 107 വർഷവും രണ്ടാമത് പണിതതിന് 46 വർഷവുമാണ് പഴക്കം. അത് കൂടാതെ അവിടെ ഒരു ചെറിയ കുടിൽകൂടിയുണ്ട് - ‘ഹണിമൂൺ കോട്ടേജ്’. കല്യാണം കഴിഞ്ഞാൽ ആദ്യത്തെ മൂന്നു മാസം അവിടെയാണ് താമസം. അത് കഴിഞ്ഞാൽ സ്വന്തമായി കുടിലുണ്ടാക്കി മാറണം. നെഗാറ്റോ അച്ഛനുണ്ടാക്കിയ കുടിലിലാണ് താമസം; അപ്പൂപ്പന്റെ കുടിൽ ഇപ്പോൾ പാചകത്തിനാണ് ഉപയോഗിക്കുന്നത്.
നെഗാറ്റോയുടെ കുടിലിനകത്തേക്ക് പ്രവേശിക്കാൻ ഒരു പ്രത്യേക മര്യാദയുണ്ട്. ഉള്ളിലേക്ക് കയറാൻ നേരത്ത് ‘സാരോ’ എന്നുറക്കെ പറയണം. അകത്ത് നല്ല ഇരുട്ട്. അൽപസമയമെടുത്താണ് എന്റെ കണ്ണുകൾ ആ ഇരുട്ടുമായി ശീലിച്ചത്. വട്ടത്തിന്റെ നടുവിൽ സമചതുരാകൃതിയിലുള്ള ഒരു മുറി. മുളയുടെ സ്ക്രീനുകളാണ് ഭിത്തിയായി ഉപയോഗിക്കുന്നത്. അതിനു പുറത്തായി ത്രികോണാകൃതിയിലുള്ള ഭാഗത്ത് ഇരുവശത്തുമായി രണ്ട് കട്ടിലുകൾ കാണാം. സ്ക്രീനുകൾകൊണ്ട് കുടിലിനെ മൂന്നായി ഭാഗിച്ചിട്ടുണ്ട്. കുടിലിന് ഒത്ത നടുക്കായി അടുപ്പ് കൂട്ടിയിട്ടുണ്ട്. അവിടെ ചായ മാത്രമേ തിളപ്പിക്കാറുള്ളൂ. ചുറ്റും ആട്ടിൻതോൽ വിരിച്ച കസേരകൾ.
ഡോർസെ ഗോത്രവർഗക്കാർ അവരുടെ കുടിലിനുള്ളിൽ
വലതു ഭാഗത്ത് കണ്ട കാഴ്ച എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി; അവിടെ ആടുകളെ കെട്ടിയിരിക്കുന്നു! അതെ, വീടിനകത്ത് അവർക്കൊപ്പമാണ് കാലികളെയും കെട്ടിയിരിക്കുന്നത്. പ്രകൃതിയുമായും തങ്ങളുടെ കന്നുകാലികളുമായും അവർ എത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതിന്റെ അടയാളമാണത്. പിൻവശത്ത് വലിയ ഭരണികളിൽ മദ്യം സൂക്ഷിച്ചിട്ടുണ്ട്. അർഗ ഒരു മൂലക്കിരുന്ന് നൂല് പിരിച്ചെടുക്കുന്നതു കണ്ടു. ഇവർ ധാരാളമായി പഞ്ഞി കൃഷി ചെയ്യാറുണ്ട്. ഡോർസെ ഗോത്രവർഗക്കാർ നെയ്തെടുക്കുന്ന തുണികൾക്ക് ഇത്യോപ്യയിൽ വലിയ ഡിമാൻഡ് ആണ്. ആണുങ്ങളാണ് നെയ്ത്തുകാർ; ആൺകുട്ടികൾ ഒമ്പതു വയസ്സിൽതന്നെ ഈ ജോലി പഠിച്ചുതുടങ്ങും.
കുടിലിൽനിന്നിറങ്ങി പുറകുവശത്തേക്കു പോയി. ചുറ്റും മരംപോലെ വലുപ്പമുള്ള വലിയ വാഴകൾ! ഇതിനുമുമ്പ് ഇത്രയും വലിയ വാഴ കണ്ടിട്ടില്ലെന്നു ഞാൻ മെസാറ്റിനോട് പറഞ്ഞു.
‘‘നിങ്ങൾക്ക് തെറ്റി. ഇത് വാഴ കുടുംബത്തിലെ അംഗമാണ് പക്ഷേ, വാഴയല്ല. പേര് ഇൻസെറ്റ്. ഇത് കായ്ക്കില്ല. ഇത്യോപ്യൻ ബനാന, അബിസീനിയൻ ബനാന, ഫാൾസ് ബനാന എന്നിങ്ങനെ പല പേരുകളുണ്ട്. ഇത്യോപ്യയിൽ മാത്രമാണ് ഇത് വളർത്തുന്നത്. ബാക്കി രാജ്യങ്ങളിൽ കാട്ടിലാണ് ഇവ കാണപ്പെടുക.’’ മെസാറ്റ് വിശദീകരിച്ചു.
‘‘കായ്ക്കില്ലെങ്കിൽ പിന്നെന്തിനാണ് ഇത് വളർത്തുന്നത്?’’ എനിക്ക് കൗതുകം തോന്നി.
‘‘ഇത്യോപ്യയിലെ ഇരുപതു ലക്ഷം ആളുകളുടെ പട്ടിണി അകറ്റുന്നത് ഈ ചെടിയാണ്. ഇതിന്റെ തണ്ടിൽനിന്ന് പിസയുണ്ടാക്കും. വേര് പുഴുങ്ങി ഉരുളക്കിഴങ്ങുപോലെ ഉപയോഗിക്കും. വരൾച്ചയിലും ഈ ചെടി തഴച്ചുവളരും. ഇത്തരത്തിൽ വലിയ മരമാകാൻ അഞ്ചുവർഷം മതി. നമുക്ക് പിസയുണ്ടാക്കുന്നത് കണ്ടാലോ?’’
നെഗാറ്റോ സോലയെ വിളിച്ചു. അവർ രണ്ടാളുംകൂടി ഒരു വാഴയുടെ പുറംപോള പൊളിച്ചു. പോള വേലിയിൽ ചാരിവെച്ചതിനുശേഷം, അതിന്റെ മൂട്ടിൽ ഒരു പലകയിട്ട് സോല വാഴപ്പോള ചുരണ്ടാൻ തുടങ്ങി. നമ്മൾ തേങ്ങ ചുരണ്ടുന്നതുപോലൊരു പ്രക്രിയ. കുറച്ചു കഴിഞ്ഞപ്പോൾ പോള നേർത്ത നാരുപോലെയായി. ചുരണ്ടിയെടുത്തത് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു. അത് കുറുക്കി സൂപ്പുപോലെ കുടിക്കാറുണ്ടത്രേ.
‘‘ബാക്കി വന്ന ഈ ചണ്ടിയില്ലേ... ഇത് ഒരു കുഴിയിൽ വെട്ടം കയറാതെ രണ്ടുമാസം സൂക്ഷിക്കുമ്പോൾ ചീസ് പോലെ വെളുത്തിരിക്കും. വരൂ, കാണിച്ചുതരാം.’’ സോല എന്നെ ഒപ്പം കൂട്ടി.
ഒരിടത്ത് നിറയെ വാഴയിലകൾ അടുക്കിവെച്ചിരുന്നു. അവൾ ഓരോന്നായി നീക്കിയപ്പോൾ ഒരു കുഴി കണ്ടു. അതിനകത്ത് വെള്ള നിറത്തിലുള്ള എന്തോ ഒരു സാധനം സൂക്ഷിച്ചിരിക്കുന്നു. അവൾ അതിൽനിന്ന് കുറച്ചെടുത്ത് വെള്ളംചേർത്ത് കുഴച്ചു. ഒരു വാഴയിലയിൽ നമ്മൾ അട പരത്തുന്നതുപോലെ കൈവിരലുകൾകൊണ്ടമർത്തി പരത്തിയെടുത്തു. അപ്പോഴേക്കും അർഗ അടുപ്പത്ത് ഇരുമ്പിന്റെ നേർത്ത ദോശക്കല്ല് ചൂടാക്കാൻ വെച്ചിരുന്നു. സോല അതിൽ അട ചുട്ടെടുത്തു. അതാണ് അവരുടെ ‘കോൽച്ച’.
‘‘തെഫ് ധാന്യം ഞങ്ങളുടെ സ്ഥലത്ത് കൃഷിചെയ്യാൻ സാധിക്കില്ല. പുറമെനിന്ന് വാങ്ങാൻ വലിയ വിലയാണ്. ഞങ്ങൾ മൂന്നുനേരം കോൽച്ചയാണ് ഭക്ഷിക്കുക.’’ സോല പറഞ്ഞു.
പ്രകൃതി ഒന്നും കായ്ക്കാത്ത ഒരു മരത്തെപ്പോലും എങ്ങനെയാണ് ഒരു ജനതയുടെ അന്നമാക്കി മാറ്റുന്നത്! നമ്മൾ ഉപേക്ഷിക്കുന്ന വാഴപ്പോളയിൽ നിന്ന് അവർ തങ്ങളുടെ അതിജീവനത്തിന്റെ രുചി കണ്ടെത്തുന്നു. കുറവുകളിൽനിന്ന് നിറവ് കണ്ടെത്താനുള്ള ഗോത്രവർഗക്കാരുടെ ഈ കഴിവ് വലിയൊരു പാഠമാണ്.
ഭക്ഷണം കഴിക്കാൻ നെഗാറ്റോ ക്ഷണിച്ചു. മേശപ്പുറത്ത് ഒരു കിണ്ണത്തിൽ തേൻ, ബീൻസ് പുഴുങ്ങിയത്, ഉള്ളിച്ചമ്മന്തി, കോൽച്ച എന്നിവ നിരത്തിയിരുന്നു. ഒരു കുപ്പിയിൽ ‘ഹോളി വാട്ടർ’, അത് കുടിക്കാൻ ചെറിയ ഗ്ലാസുകളുമായി സോല എത്തി. നെഗാറ്റോ ഗ്ലാസിനകത്ത് ചാരായം പകർന്നു. ഗ്ലാസ് ആകാശത്തേക്ക് കാണിച്ചു ‘യോ യോ യോ യോ’ എന്ന് ഉച്ചത്തിൽ പറഞ്ഞു. ഞങ്ങൾ ‘യോ... ഹോ’ എന്ന് നീട്ടിവിളിച്ചു. അതാണത്രേ അവരുടെ ചിയേഴ്സ് പറയുന്ന രീതി!
ഞാൻ കോൽച്ച രുചിച്ചു. പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലാത്ത ഒരു റൊട്ടി. ഇതിനെ എന്തിനാണ് പിസ എന്നുവിളിക്കുന്നത് എന്ന് ഞാൻ അതിശയപ്പെട്ടു. പക്ഷേ, തേനും ചമ്മന്തിയും ചേർത്ത് മാറിമാറി രുചിച്ചപ്പോൾ സംഗതി കൊള്ളാം. എല്ലാം കണ്ടും കേട്ടും കഴിഞ്ഞ് ‘ടോസിമോ’ (നന്ദി) പറഞ്ഞാണ് ഞങ്ങൾ അവിടെനിന്നും പിരിഞ്ഞത്. ഗാമോ കുന്നുകളിലെ ആ ആനക്കുടിലുകളും ഇൻസെറ്റ് മരങ്ങളും എനിക്കൊരു പുതിയ ലോകംതന്നെ തുറന്നുതന്നു.
കുടിലിനുള്ളിലെ അലങ്കാരങ്ങൾ
പിറ്റേന്ന് ഉച്ചക്ക് മൂന്നിനാണ് ആഡിസിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തത്. പക്ഷേ, മനസ്സു മുഴുവൻ വിസകളുടെ കാര്യത്തിലായിരുന്നു. സോമാലിലാൻഡ്, സോമാലിയ വിസകൾ ഇതുവരെ തരപ്പെട്ടിട്ടില്ല. എത്രയും പെട്ടെന്ന് ആഡിസിൽ എത്തിയാലേ എംബസികളിൽ കയറിയിറങ്ങി കാര്യങ്ങൾ വേഗത്തിലാക്കാൻ കഴിയൂ. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ മെസാറ്റുമായി എയർപോർട്ടിൽ പോയി ടിക്കറ്റ് രാവിെലത്തേക്കാക്കി മാറ്റി. അന്ന് ടൗണിലെ ഒരു ഹോട്ടലിൽ ഉറങ്ങി. രാവിലെത്തന്നെ മെസാറ്റ് എന്നെ വിമാനത്താവളത്തിലാക്കി.
‘പാപി ചെല്ലുന്നിടം പാതാളം’ എന്നാണല്ലോ പ്രമാണം. കഷ്ടകാലത്തിന് രാവിലത്തെ ഫ്ലൈറ്റ് കാൻസൽ ആയി! ആവേശത്തോടെ നേരത്തേയിറങ്ങിയ എനിക്ക് എയർപോർട്ടിലെ ആ തണുത്ത കസേരകളിൽ വെറുതെയിരുന്ന് സമയം കളയേണ്ടിവന്നു. യാത്രകൾ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ക്ഷമയാണ്. നമ്മൾ എത്ര പ്ലാൻ ചെയ്താലും സമയത്തിന്റെ ഗതി നമ്മുടേതാകില്ല. വിമാനത്താവളത്തിലെ ആ കാത്തിരിപ്പ്, വരാനിരിക്കുന്ന വലിയയാത്രകൾക്ക് മുന്നോടിയായുള്ള ഒരു മൗനപ്രാർഥനപോലെ എനിക്ക് തോന്നി. തടസ്സങ്ങൾ ചിലപ്പോൾ നമ്മുടെ വേഗതയെ നിയന്ത്രിക്കാൻ പ്രകൃതി ഒരുക്കുന്ന ഇടവേളകളായിരിക്കാം.
ഒടുവിൽ മൂന്നരക്കുള്ള ഫ്ലൈറ്റിൽ കയറി അഞ്ചു മണിക്ക് ഞാൻ ആഡിസിൽ എത്തി. ഓമോവാലിയിലെ പൊടിപടലങ്ങളും ഗോത്രവർഗക്കാരുടെ വിചിത്രമായ ആചാരങ്ങളും ഇപ്പോൾ വെറുമൊരു ഓർമയായി പിന്നിലാകുന്നു. മുന്നിൽ ആഡിസ് അബബ യുടെ തിരക്കുകളും സൊമാലിയ എന്ന കടമ്പയുമാണ്. പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആ നഗരത്തിലെ തണുത്ത കാറ്റ് എന്നോട് മന്ത്രിക്കുന്നതുപോലെ തോന്നി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.