അധ്യായം -9
രാവിലെ അഞ്ചരക്ക് ബാഗുമായി താഴെ ലോബിയിൽ എത്തി. ഉറക്കച്ചടവുള്ള ആഫ്രിക്കൻ പ്രഭാതത്തിന് അപ്പോഴും തണുപ്പിന്റെ ഒരു പുതപ്പുണ്ടായിരുന്നു. താമസിയാതെ ന്യഗസി പറഞ്ഞുവിട്ട ഓട്ടോക്കാരൻ എന്നെ കൂട്ടാൻ വന്നു. അക്‌സമിലേക്ക് പോകാൻ ഷെയർ ടാക്‌സി പിടിക്കണം. സ്റ്റാൻഡ് അൽപം ദൂരെയാണ്. രാവിലെ ആറരക്ക് വണ്ടിയെത്തും. ആളുകൾ നിറയുന്നതനുസരിച്ചു വണ്ടി നീങ്ങും. നേരത്തേ പോയാൽ മുന്നിൽ സീറ്റ് കിട്ടും.
ഓട്ടോക്ക് മറയൊന്നുമില്ലാത്തതിനാൽ തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ സൂചികൊണ്ട് കുത്തുന്നപോലെ അനുഭവപ്പെട്ടു. ആകാശത്ത് നക്ഷത്രങ്ങൾ മാഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഇരുളും വെളിച്ചവും പാതി പങ്കിട്ട ആ നിമിഷങ്ങളിൽ അക്‌സമിലേക്കുള്ള ദൂരം വെറുമൊരു യാത്രയല്ല, സഹസ്രാബ്ദങ്ങൾ പിന്നിലേക്കുള്ള ഒരു സഞ്ചാരമാണെന്ന് ഞാൻ ഓർത്തു. സ്റ്റാൻഡിൽ എത്താൻ അരമണിക്കൂറെടുത്തു. ടാക്‌സിക്കാരനെ കണ്ടുപിടിച്ചു എന്നെ കൈമാറിയശേഷം ഓട്ടോക്കാരൻ പോയി. ഞാൻ ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിപ്പായി.
ചുറ്റുമുള്ള കടകൾ അടഞ്ഞുകിടന്നു. നീലയും വെള്ളയും നിറമുള്ള ഓട്ടോകൾ ആളുകളുമായി പോകുന്നത് കാണാം. വെള്ള വസ്ത്രമണിഞ്ഞു വിശ്വാസികൾ പള്ളിയിലേക്ക് പോകുന്നു. കൂടുതൽ ആളുകളും കടുത്ത വിശ്വാസികളാണ്. അതുകൊണ്ട് അവർ എല്ലാ ദിവസവും രാവിലെ കുർബാന കൂടും. ചിലരുടെ കൈയിൽ ഇഞ്ചിറ നിറച്ച കുട്ടകളുമുണ്ട്. അവ പള്ളിയിൽ കൊണ്ട് നേദിച്ചശേഷമാണ് ഭക്ഷണം കഴിക്കുക. മണ്ണും വിണ്ണും തമ്മിലുള്ള ബന്ധം ഇവിടത്തുകാർക്ക് അത്രമേൽ തീക്ഷ്ണമാണ്.
ഏഴു മണിയായിട്ടും വണ്ടിക്കുള്ളിൽ രണ്ടു മൂന്നാളുകളേ എത്തിയുള്ളൂ. ഉച്ചക്കെങ്കിലും യാത്ര തുടങ്ങാൻ സാധിച്ചാൽ മതിയായിരുന്നു. ടാക്‌സിയിൽ പോകാമെന്നാണ് ആദ്യം കരുതിയത്. നാലായിരം രൂപ ആകും. കൂടാതെ, വിജനമായ പ്രദേശത്തുകൂടി ഒറ്റക്ക് ഡ്രൈവറുമായി പോകുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയും. ടാക്‌സിയിൽ പോയിരുന്നെങ്കിൽ പോകുന്ന വഴിക്ക് ഘെരാൾട്ട പള്ളികൂടി സന്ദർശിക്കാമായിരുന്നു. ഏകദേശം 90 ഡിഗ്രി കുത്തനെയുള്ള വലിയൊരു കുന്നിന്‍റെ തുഞ്ചത്താണ് പള്ളി. ഡ്രൈവർ മലയുടെ അടിവാരത്തിൽ വണ്ടി നിർത്തും. ഒറ്റക്ക് ചെങ്കുത്തായ മല കയറണം. പടികൾ ഒന്നുമില്ല. ഒന്നു രണ്ടു റീലുകൾ കണ്ടപ്പോൾ വെറും സാഹസികമായല്ല, അതിസാഹസികമായേ പള്ളിയിൽ എത്താൻ സാധിക്കൂ എന്ന് മനസ്സിലാക്കിയതോടെ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞു. ശരിക്കും പറഞ്ഞാൽ, ദൈവത്തെ കാണാൻ ഇത്രയും റിസ്ക് എടുക്കണോ എന്ന് ഞാൻ ആലോചിച്ചുപോയി. ഒരു തെറ്റായ ചുവടു മതി, പള്ളിയിൽ എത്തുന്നതിനു മുമ്പേ ദൈവത്തിന്റെ അടുത്തെത്താൻ!
എട്ടു മണിക്ക് രണ്ടു ഓട്ടോകളിലായി പത്തു പന്ത്രണ്ടാളുകൾ എത്തി. അവർ കയറിയതോടെ വണ്ടി നിറഞ്ഞു. ഞങ്ങൾ യാത്ര ആരംഭിച്ചു. വരണ്ടപ്രദേശത്തുകൂടിയാണ് യാത്ര. ഇത്തരം സന്ദർഭങ്ങളിലാണ് നാട്ടിൽ വഴിവക്കത്ത് വളരുന്ന പുല്ലിന്റെ വില തിരിച്ചറിയുന്നത്. കാടുപിടിച്ചു കിടക്കുന്നു എന്ന് അധിക്ഷേപിക്കുമെങ്കിലും, ഇത്യോപ്യയിലൂടെ സഞ്ചരിച്ചപ്പോൾ പച്ചപ്പ് കാണാൻ കൊതിയായി. ചുവന്നു തുടുത്ത കല്ലുകളും, പൊടിപറക്കുന്ന കുന്നുകളും മരുഭൂമിയുടെ ഒരു ചെറിയ പതിപ്പുപോലെ തോന്നിപ്പിച്ചു. എങ്കിലും ആ വന്യതക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്; നഗ്നമായ പ്രകൃതിയുടെ ഒരുതരം വശ്യത. ഡ്രൈവർ മുഴുവൻ സമയവും ഫോണിലായിരുന്നു.
ഇടക്ക് അയാൾ ആരോടോ ദേഷ്യപ്പെടുകയും, ഉച്ചത്തിൽ ചീത്തവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അശ്രദ്ധമായുള്ള ഡ്രൈവിങ് എന്നെ ഭയപ്പെടുത്തി. അയാളെ ഉപദേശിച്ചാലോ എന്നൊക്കെ ആലോചിച്ചു. പക്ഷേ, അതിനു തുനിഞ്ഞില്ല. നടുറോഡിൽ ഇറക്കിവിട്ടാൽ പണിയാകും. മംഗോളിയയിൽ ഏജന്റ് റോഡിൽ ഇറക്കിവിട്ടപ്പോൾ ശരിക്കും അനുഭവിച്ചതാണ്. ഇടക്ക് ഭക്ഷണം കഴിക്കാൻ ഒരു ചെറിയ ഹോട്ടലിനു മുന്നിൽ നിർത്തുന്നതൊഴിച്ചു വേറെ സ്റ്റോപ്പുകൾ ഒന്നുമില്ല. ഉച്ചക്ക് രണ്ടു മണിക്ക് അക്‌സമെത്തി. ന്യഗസിയുടെ സുഹൃത്തായ മെസാലെ എന്നെ കൂട്ടാനെത്തിയിരുന്നു. മെസാലെക്കൊപ്പം ഞാൻ ഹോട്ടലിലേക്ക് പോയി. ബാഗ് ഹോട്ടലിൽ വെച്ചശേഷം കാഴ്ചകൾ കാണാനായി ഇറങ്ങി.
ക്രിസ്തുവിനുശേഷം 100നും 940നും ഇടയിൽ അഭിവൃദ്ധി പ്രാപിച്ച ശക്തമായ വ്യാപാര രാഷ്ട്രമായിരുന്ന അക്‌സുമൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അക്‌സം. ആ സാമ്രാജ്യം ഇത്യോപ്യയുടെ വടക്കൻ ഭാഗം, സുഡാൻ, എറിത്രിയ, യമൻ എന്നീ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചുകിടന്നു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ പ്രവാചകൻ മാനിയുടെ എഴുത്തുകളിൽ അന്ന് നിലവിലുണ്ടായിരുന്ന നാല് വലിയ സാമ്രാജ്യങ്ങളെ പറ്റി വിവരണങ്ങളുണ്ട് -റോമൻ, പേർഷ്യൻ, ചൈനീസ് പിന്നെ അക്സമും. യൂറോപ്പിൽനിന്നുള്ള വ്യാപാരികൾക്ക് പേർഷ്യൻ ഭാഗത്തേക്ക് യാത്രചെയ്യാൻ ചെങ്കടൽ വഴിയേ സാധിക്കുകയുണ്ടായിരുന്നുള്ളൂ. ആ വ്യാപാരപാത നിയന്ത്രിച്ചത് അക്‌സം രാജാവായിരുന്നു. അതിനാൽ, വ്യാപാരരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാമ്രാജ്യത്തിനു കഴിഞ്ഞു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങൾ വാണിജ്യ ക്രയവിക്രയങ്ങൾക്ക് ചിപ്പികൾ ഉപയോഗിച്ചപ്പോൾ അക്‌സം സ്വന്തമായി സ്വർണത്തിലും വെള്ളിയിലും നാണയങ്ങൾ അടിച്ചു. ചൈനയിൽനിന്ന് അക്‌സം നാണയങ്ങൾ വീണ്ടെടുത്തിട്ടുണ്ട്.
അക്‌സുമൈറ്റ് സാമ്രാജ്യത്തിന്റെ ശക്തയായ രാജ്ഞിയായിരുന്നു മകേദ. ഷേബാ രാജ്ഞി എന്ന പേരിലാണ് അവർ കൂടുതൽ പ്രശസ്ത. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ഷേബാ രാജ്ഞിയെക്കുറിച്ച് അവരവരുടേതായ കഥകളുണ്ട്.
ഇത്യോപ്യൻ വിശ്വാസ പ്രകാരം, വ്യാപാര ആവശ്യങ്ങൾക്ക് വിദേശത്തുനിന്ന് എത്തിയവരിൽനിന്നാണ് ഷേബാ രാജ്ഞി ജറൂസലമിലെ വിവേകശാലിയായ സോളമൻ രാജാവിനെപ്പറ്റി അറിയുന്നത്. രാജാവിനെ നേരിട്ട് കാണാനും, അദ്ദേഹത്തിന്റെ പുകൾപെറ്റ ബുദ്ധിശക്തി പരീക്ഷിക്കാനുമായി രാജ്ഞി ഒരു വലിയ യാത്രാസംഘത്തെ നയിച്ചുകൊണ്ട് ജറൂസലമിലേക്ക് യാത്രതിരിച്ചു. രാജാവിന് കാഴ്ചവെക്കാൻ സ്വർണം, സുഗന്ധദ്രവ്യങ്ങൾ, രത്നക്കല്ലുകൾ എന്നിവ കൈയിൽ കരുതിയിരുന്നു. സോളമൻ രാജാവ് വലിയ സ്വീകരണമാണ് അവർക്കുവേണ്ടി ഒരുക്കിയത്. സോളമന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായ ഷേബാ രാജ്ഞി ജൂതവിശ്വാസം സ്വീകരിച്ചു. തന്റെ ജനങ്ങൾക്കിടയിലും ഈ ആശയങ്ങൾ പ്രചരിപ്പിക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. ഷേബയും സോളമനും പ്രണയബദ്ധരായി. ‘‘എന്റെ കൊട്ടാരത്തിലുള്ള ഒരു വസ്തുവും എന്റെ അനുവാദമില്ലാതെ നീ എടുക്കരുത്, അങ്ങനെ ചെയ്താൽ എനിക്ക് നിന്റെമേൽ അവകാശമുണ്ടാകും’’എന്നൊരു കരാറിൽ സോളമൻ രാജാവ് ഷേബയുമായി ഏർപ്പെട്ടു.
നാട്ടിലേക്ക് തിരികെ മടങ്ങുന്നതിനു മുമ്പുള്ള ദിവസം മകേദക്കു വേണ്ടി വലിയൊരു വിരുന്നൊരുക്കി. രാജാവിന്റെ നിർദേശപ്രകാരം നല്ല എരിവുള്ള ഭക്ഷണമായിരുന്നു പാചകക്കാർ ഒരുക്കിയത്. രാത്രിയായപ്പോൾ മകേദക്ക് കലശലായ ദാഹമുണ്ടായി. രാജാവിന്റെ മുറിയിൽ കയറി അവിടെയുണ്ടായിരുന്ന വെള്ളം കുടിച്ചു. അപ്പോൾ സോളമൻ പറഞ്ഞു, ‘‘വെള്ളത്തേക്കാൾ വിലപിടിപ്പുള്ള മറ്റെന്താണ് ഈ കൊട്ടാരത്തിലുള്ളത്? നീ എന്റെ അനുവാദമില്ലാതെ വെള്ളം എടുത്തു, കരാർ ലംഘിച്ചു.’’ അങ്ങനെയാണ് ചരിത്രത്തിന്റെ ഗതി മാറ്റിയ ആ രാത്രി സംഭവിക്കുന്നത്. കരാർ ലംഘിച്ചതോടെ സോളമന്റെ ആഗ്രഹത്തിന് മകേദ വഴങ്ങി. അവർ ഒരുമിച്ച് രാത്രി ചെലവഴിച്ചു.
രാജാവിന്റെ കുഞ്ഞിനെ ഉദരത്തിൽ ധരിച്ചാണ് രാജ്ഞി തിരിച്ചു നാട്ടിലെത്തിയത്. അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവനു ‘ജ്ഞാനികളുടെ മകൻ’ എന്നർഥം വരുന്ന ‘മെനെലിക്’ എന്ന പേരാണ് നൽകിയത്. ജൂതവിശ്വാസത്തിലാണ് മെനെലിക്കിനെ രാജ്ഞി വളർത്തിയത്. മെനെലിക് വളർന്നു വലുതായപ്പോൾ അച്ഛനെ നേരിൽ കാണാനായി ജറൂസലമിലേക്ക് പോയി. സന്തോഷഭരിതനായ സോളമൻ, ഇസ്രായേലിൽ താമസിക്കാനും സിംഹാസനം ഏറ്റെടുക്കാനുമുള്ള അവസരം മെനെലിക്കിന് വാഗ്ദാനംചെയ്തു. എന്നാൽ, മെനെലിക് ഇത്യോപ്യയിലേക്ക് മടങ്ങി. സോളമൻ മകന് സമ്മാനമായി സ്വർണത്തിന്റെ വിശുദ്ധപേടകം നൽകി. അതിനകത്തായിരുന്നു മോശക്ക് യഹോവ നൽകിയ പത്തു കൽപനകൾ രണ്ടു ശിലകളിലായി കൊത്തിവെച്ചിരുന്നത്. തിരികെയെത്തിയ മേനെലിക്കിനെ അക്‌സുമൈറ്റ് സാമ്രാജ്യത്തിന്റെ രാജാവായി അവരോധിച്ചു. അങ്ങനെ ഇത്യോപ്യയിൽ സോളമൻ രാജവംശത്തിനു തുടക്കമായി. 1974ൽ ചക്രവർത്തി ഹെയ് ലി സെലാസി സ്ഥാനഭ്രഷ്ടനാകുന്നതുവരെ മെനെലിക്കിന്റെ പരമ്പരയിലുള്ളവരാണ് ഇത്യോപ്യ ഭരിച്ചത്.
വിശുദ്ധ പെട്ടകവുമായി വിശ്വാസികൾ നടത്തിയ യാത്ര
ഷേബ രാജ്ഞി ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായി തെളിവുകളൊന്നുമില്ല. എന്നാൽ, ഇത്യോപ്യയിലെ കൊച്ചുകുഞ്ഞിനുപോലും ഈ കഥയറിയാം. സോളമന്റെ പിന്തുടർച്ചക്കാർ എന്ന് അവർ ഊറ്റംകൊള്ളുന്നു. ഷേബയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ അക്സം പട്ടണത്തിൽനിന്ന് കുറച്ചുമാറിയുണ്ട്. മെസാലെക്കൊപ്പം ആദ്യം പോയത് അങ്ങോട്ടാണ്.
അക്സുമിലെ ഉച്ചവെയിലിന് ഒരു പ്രത്യേക കാഠിന്യമുണ്ട്. ‘ഡൺഗാർ കൊട്ടാരം’ (Dungur Palace) എന്ന ബോർഡ് കണ്ടപ്പോൾ മനസ്സിൽ വിരിഞ്ഞത് വലിയ ശിലാഗോപുരങ്ങളുള്ള ഒരു കൊട്ടാരമായിരുന്നു. എന്നാൽ, അവിടെ എത്തിയപ്പോൾ വലിയ മനക്കോട്ടകൾ കെട്ടിയതിന് എനിക്ക് നിരാശപ്പെടേണ്ടിവന്നു. കിലോമീറ്ററുകൾ താണ്ടി ഷേബ രാജ്ഞിയുടെ കൊട്ടാരം കാണാൻ എത്തിയ എനിക്ക് മുന്നിൽ അവശേഷിച്ചത് പഴയൊരു വലിയ കെട്ടിടത്തിന്റെ അടിത്തറയുടെ ചില ഭാഗങ്ങൾ മാത്രമായിരുന്നു.
‘‘ഇതാണോ ഷേബ രാജ്ഞിയുടെ കൊട്ടാരം?’’ മെസാലെയെ നോക്കി ഞാൻ ചോദിച്ചു.
മെസാലെ ഒന്ന് ചിരിച്ചു. പ്രദേശവാസികൾ ഇതിനെ ഷേബയുടെ കൊട്ടാരം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, പുരാവസ്തു ഗവേഷകർ പറയുന്നത് ഇത് എ.ഡി. നാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണെന്നാണ്. ചരിത്രരേഖകൾ പ്രകാരം ഷേബ രാജ്ഞി ജീവിച്ചിരുന്നത് ബി.സി. പത്താം നൂറ്റാണ്ടിലാണ്. അതായത് ആയിരം വർഷത്തെയെങ്കിലും കാലവ്യത്യാസം! അവിടെ കണ്ട കല്ലും ചളിയും ചേർത്തുവെച്ച ആ നിർമിതിക്ക് ഏതായാലും രണ്ടായിരം വർഷത്തെ പഴക്കം തോന്നിയില്ല. അത് അക്സുമിലെ ഏതോ ഒരു ധനാഢ്യന്റെയോ പ്രഭുവിന്റെയോ വസതിയായിരുന്നു എന്ന് കരുതുന്നതാവും കൂടുതൽ യുക്തിസഹം. എങ്കിലും, ഐതിഹ്യങ്ങൾ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന അക്സുമുകാർക്ക് ഇത് ഇന്നും അവരുടെ പ്രിയപ്പെട്ട ‘മകെഡ’യുടെ (ഷേബയുടെ ഇത്യോപ്യൻ പേര്) കൊട്ടാരമാണ്.
കൊട്ടാരത്തിന്റെ ആ കൽക്കെട്ടുകളിൽ ഒന്നിന് മുകളിൽ ഇരിക്കുമ്പോൾ മെസാലെ ദൂരെയുള്ള മലയിലേക്ക് വിരൽചൂണ്ടി. ‘‘മിത്ര, ദൂരെ കാണുന്ന ആ മല കണ്ടോ? അക്സം നഗരം എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടാൽ, നിയമപെട്ടകത്തിന്റെ കാവൽക്കാരൻ ആ വിശുദ്ധ പെട്ടകവുമായി ആ മലയിലെ രഹസ്യഗുഹകളിലേക്ക് പോകും.’’ മെസാലെയുടെ വാക്കുകളിൽ ഗൗരവം നിറഞ്ഞു. അത് വെറുമൊരു കഥയല്ല. പത്താം നൂറ്റാണ്ടിൽ ഗുഡിറ്റ് രാജ്ഞി അക്സം ആക്രമിച്ചപ്പോൾ നിയമപെട്ടകം ഇത്തരത്തിൽ വർഷങ്ങളോളം മലനിരകളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടത്രെ. പുറംലോകം കാണാതെ, ആ ചാപ്പലിനുള്ളിൽ കഴിയുന്ന ആ സൂക്ഷിപ്പുകാരന് ആകെ പുറത്തിറങ്ങാൻ അനുവാദമുള്ളത് വിശുദ്ധ പെട്ടകത്തിന്റെ ജീവൻ അപകടത്തിലാകുന്ന അത്തരം ഘട്ടങ്ങളിൽ മാത്രമാണ്.
അവിടെ ഇരിക്കെ ഞാൻ ചിന്തിച്ചു -ഷേബ രാജ്ഞിയുടേതായാലും അല്ലെങ്കിലും, ഈ അടിത്തറകൾക്ക് മുകളിൽ ഒരു വലിയ കാലഘട്ടം ജീവിച്ചു മൺമറഞ്ഞു പോയിട്ടുണ്ട്. യാഥാർഥ്യവും ഐതിഹ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഇടമാണ് അക്സം. അവിടെ ചിലപ്പോൾ നമ്മൾ കാണുന്നതിനേക്കാൾ കൂടുതൽ സത്യം മെസാലെ പറയുന്ന കഥകളിൽ ഒളിഞ്ഞിരിപ്പുണ്ടാകും.
ഞങ്ങൾ പട്ടണത്തിലുള്ള ‘സ്തൂപപ്പറമ്പ്’ കാണാൻ പോയി. ക്രിസ്തുമതം ഈ മണ്ണിൽ വേരുപിടിക്കുന്നതിനും മുമ്പ്, പ്രകൃതിശക്തികളെയും മറ്റു ദേവതകളെയും ആരാധിച്ചിരുന്ന ‘പേഗൻ’ കാലഘട്ടത്തിന്റെ സാക്ഷികളാണിവ. അക്കാലത്ത് രാജാക്കന്മാരോ പ്രമുഖരോ മരിച്ചാൽ അവരുടെ ശവകുടീരങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന പടുകൂറ്റൻ സ്മാരകങ്ങളാണ് ഈ സ്തൂപങ്ങൾ അഥവാ ‘സ്റ്റീലേകൾ’. ഏകദേശം നൂറ്റിയിരുപതോളം സ്തൂപങ്ങൾ ആ പറമ്പിൽ ചിതറിക്കിടക്കുന്നുണ്ട്. എട്ടടി മുതൽ നൂറടി വരെ പൊക്കമുള്ള ഇവയിൽ പലതും കാലത്തെ അതിജീവിക്കാനാവാതെ നിലംപൊത്തിക്കഴിഞ്ഞു. ചുരുക്കം ചിലതു മാത്രം ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നു. മെസാലെ എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത് ‘ഒബെലിസ്‌ക് ഓഫ് അക്സം’ കാണാനാണ്. എൺപതടി ഉയരമുള്ള ആ കൽത്തൂണിന് പറയാനുള്ളത് വലിയൊരു അധിനിവേശത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും കഥയാണ്.
1935ൽ മുസോളിനിയുടെ ഇറ്റാലിയൻ സൈന്യം ഇത്യോപ്യ പിടിച്ചടക്കിയപ്പോൾ, അവർക്കേറ്റവും പ്രിയപ്പെട്ട ‘വാർ ട്രോഫി’ ഈ സ്തൂപമായിരുന്നു. നൂറ്റാണ്ടുകളായി ഈ മണ്ണിൽ ഉറച്ചുനിന്ന ആ ഭീമനെ അവർ മൂന്നായി മുറിച്ചു. കരമാർഗം എറിത്രിയയിലെ മാസാവ തുറമുഖത്തെത്തിച്ച്, അവിടുന്ന് കപ്പലിൽ റോമിലേക്ക് കടത്തി. നീണ്ട 70 വർഷം ആ സ്തൂപം റോമിലെ തെരുവുകളെ അലങ്കരിച്ചു. ഒടുവിൽ യുനെസ്കോയുടെ ഇടപെടലുകളെത്തുടർന്ന് 2005ലാണ് ഇറ്റലി ഇത് തിരികെ നൽകാൻ തയാറായത്. എന്നാൽ, തിരിച്ചെത്തിക്കൽ കൊണ്ടുപോയതിനേക്കാൾ ദുഷ്കരമായിരുന്നു. അയൽരാജ്യമായ എറിത്രിയയുമായുള്ള ശത്രുത കാരണം അവിടത്തെ തുറമുഖം ഉപയോഗിക്കാൻ അനുവാദം ലഭിച്ചില്ല.
അക്സം എയർപോർട്ടിലാകട്ടെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യവുമില്ല. ഒടുവിൽ ഈ സ്തൂപത്തെ കൊണ്ടുവരാൻ വേണ്ടി മാത്രം എയർപോർട്ട് വിപുലീകരിച്ചു. 77 ലക്ഷം ഡോളർ ചെലവഴിച്ച്, മൂന്ന് കഷണങ്ങളായി വമ്പൻ റഷ്യൻ വിമാനത്തിൽ സ്തൂപം തിരിച്ചെത്തിച്ചു. മൂന്ന് കഷണങ്ങളും പ്രത്യേക സംവിധാനം ഉപയോഗിച്ച് കൂട്ടിപ്പിടിപ്പിച്ചാണ് ഇന്നു കാണുന്ന രീതിയിൽ അതിനെ അവിടെ പുനഃസ്ഥാപിച്ചത്. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽനിന്ന് കടത്തിയ കോഹിനൂർ രത്നംപോലുള്ള അമൂല്യ വസ്തുക്കൾ എന്നെങ്കിലും ഇത്തരത്തിൽ നമുക്ക് തിരികെ ലഭിക്കുമോ എന്ന് ഞാൻ വെറുതെ മോഹിച്ചുപോയി.
അവിടെയുള്ള മറ്റൊരു പ്രധാന സ്തൂപം ‘ഈസാന രാജാവിന്റെ സ്തൂപം’ ആണ്. നാലാം നൂറ്റാണ്ടിൽ അക്സം ഭരിച്ചിരുന്ന ഈസാന രാജാവാണ് ഈ നാട്ടിൽ ക്രിസ്തുമതം ഔദ്യോഗികമാക്കിയത്. ഒമ്പത് നിലയുള്ള ഒരു കെട്ടിടത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമാണം. കല്ലിൽ കൊത്തിയ വാതിലുകളും ജനാലകളും അതിശയിപ്പിക്കുന്ന കൃത്യതയോടെ അതിൽ കൊത്തിവെച്ചിരിക്കുന്നത് കാണാം. ചരിത്ര രേഖകൾ പ്രകാരം ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ ഇത്തരം സ്തൂപങ്ങൾ പണിയുന്ന രീതി പതുക്കെ അപ്രത്യക്ഷമായി.
1935ൽ മുസോളിനിയുടെ ഇറ്റാലിയൻ സൈന്യം ഇത്യോപ്യ പിടിച്ചടക്കിയപ്പോൾ കടത്തിയ സ്തൂപം,ഈസാന രാജാവ് സ്ഥാപിച്ച സ്തൂപം
അവിടെ നിലത്ത് വീണുകിടക്കുന്ന ഒരു മഹാവിസ്മയത്തിൽ എന്റെ കണ്ണുകൾ ഉടക്കി -‘ഗ്രേറ്റ് സ്റ്റീല’. നൂറ്റിയെട്ടടി നീളവും 520 ടൺ ഭാരവുമുള്ള ഈ സ്തൂപം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നിർമിതികളിൽ ഒന്നാണ്. എന്നാൽ ഇത് പണി പൂർത്തിയായി സ്ഥാപിക്കുന്നതിന് മുമ്പേ നിലംപതിച്ചതാണെന്ന് മെസാലെ പറഞ്ഞു. ഇതിനെ നേരെ നിർത്താൻ പൗരാണികർക്ക് സാധിച്ചില്ലെന്നും, അതല്ല ഒരു ഭൂമികുലുക്കത്തിൽ തകർന്നതാണെന്നും വിരുദ്ധമായ അഭിപ്രായങ്ങളുണ്ട്. മനുഷ്യന്റെ അഹങ്കാരത്തെ പ്രകൃതിതന്നെ തകർത്തെറിഞ്ഞതാകുമോ? സ്തൂപപ്പറമ്പിലെ ആ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ, അധികാരവും ആഢ്യത്വവും ഒടുവിൽ മണ്ണിലേക്ക് തന്നെ മടങ്ങണം എന്ന വലിയ സത്യം അക്സുമിലെ കാറ്റ് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
‘‘നിങ്ങൾക്ക് വിശുദ്ധ പേടകം കാണണോ?’’ മെസാെലയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അവനെ സൂക്ഷിച്ചുനോക്കി. അവൻ കളിയാക്കിയതല്ല. ഗൗരവത്തോടെ തന്നെയാണ് ചോദിച്ചത്. പക്ഷേ, ഞാൻ വായിച്ചു മനസ്സിലാക്കിയത് നിലവിൽ അക്സമിലെ സെന്റ് മേരി ഓഫ് സിയോൺ പള്ളിയിലാണ് നിയമപെട്ടകം സൂക്ഷിച്ചിരിക്കുന്നത് എന്നാണ്. പുറംലോകം കാണാതെ, ആ ചാപ്പലിനുള്ളിൽ കഴിയുന്ന ഒരേയൊരു സന്യാസിക്ക് മാത്രമാണ് അത് തൊടാനും കാണാനും അനുവാദമുള്ളത്. പവിത്രതയുടെ ഭാഗമായി പള്ളിക്കുള്ളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്.
‘‘അതെങ്ങനെ സാധിക്കും?’’ ഞാൻ ചോദിച്ചു.
‘‘നിങ്ങൾ രാവിലെ അഞ്ചു മണിക്ക് തയാറായിരിക്കൂ. ബാക്കി എനിക്ക് വിട്ടുതന്നേക്കൂ’’ -മെസാലെ പറഞ്ഞു.
സ്വർണംകൊണ്ടുണ്ടാക്കിയ വിശുദ്ധ പേടകമായിരുന്നു കിടക്കാൻ നേരം മനസ്സിൽ. ആരെയും കാണിക്കില്ല എന്ന് പറയുന്ന വിശുദ്ധപേടകം മെസാലെ എങ്ങനെ എന്നെ കാണിക്കും? പ്രവേശനം നിഷേധിച്ചിട്ടുള്ള സ്ഥലത്തു ഞാൻ പോയാൽ എന്തെങ്കിലും പണികിട്ടുമോ? ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് അനുവാദം കൂടാതെ കടന്നുചെല്ലുമ്പോഴുള്ള ഒരുതരം വിറയൽ ഉള്ളിലുണ്ടായിരുന്നു. സോളമൻ രാജാവിന്‍റെ മകൻ കൊണ്ടുവന്ന ആ നിഗൂഢമായ പെട്ടിക്ക് മുന്നിൽ എനിക്ക് നിൽക്കാൻ സാധിക്കുമോ? ആഫ്രിക്കൻ രാവുകൾ എന്നും രഹസ്യങ്ങൾ ഒളിപ്പിച്ചുവെക്കുന്നവയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.