വിസ കുരുക്കുകൾ

അധ്യായം -14 വൈകീട്ട് സന്ദീപേട്ടന്റെ സുഹൃത്ത് അജീഷ് വന്നെത്തി. എന്റെ തുടർന്നുള്ള യാത്രയെപ്പറ്റി അന്വേഷിച്ചപ്പോൾ ഞാൻ സോമാലിയയിലേക്ക് പോകുന്ന കാര്യം പറഞ്ഞു. അദ്ദേഹം എന്നെ പിന്തിരിപ്പിക്കാൻ സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങി. ഭയങ്കര പ്രശ്നബാധിത പ്രദേശമാണെന്നും, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ബോംബ് പൊട്ടിത്തെറിക്കാമെന്നും അദ്ദേഹം എന്നെ ഓർമിപ്പിച്ചു. സത്യത്തിൽ, നാട്ടിൽനിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ സോമാലിയ സന്ദർശിക്കുന്നതിനെപ്പറ്റി ആലോചിച്ചതാണ്. പക്ഷേ, അവിടത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആ പദ്ധതി അന്ന് ഉപേക്ഷിച്ചിരുന്നു. ഒരു ടൂർ ഏജൻസിയുടെ സഹായത്തോടെ മാത്രമേ...

അധ്യായം -14

വൈകീട്ട് സന്ദീപേട്ടന്റെ സുഹൃത്ത് അജീഷ് വന്നെത്തി. എന്റെ തുടർന്നുള്ള യാത്രയെപ്പറ്റി അന്വേഷിച്ചപ്പോൾ ഞാൻ സോമാലിയയിലേക്ക് പോകുന്ന കാര്യം പറഞ്ഞു. അദ്ദേഹം എന്നെ പിന്തിരിപ്പിക്കാൻ സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങി. ഭയങ്കര പ്രശ്നബാധിത പ്രദേശമാണെന്നും, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ബോംബ് പൊട്ടിത്തെറിക്കാമെന്നും അദ്ദേഹം എന്നെ ഓർമിപ്പിച്ചു. സത്യത്തിൽ, നാട്ടിൽനിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ സോമാലിയ സന്ദർശിക്കുന്നതിനെപ്പറ്റി ആലോചിച്ചതാണ്. പക്ഷേ, അവിടത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആ പദ്ധതി അന്ന് ഉപേക്ഷിച്ചിരുന്നു.

ഒരു ടൂർ ഏജൻസിയുടെ സഹായത്തോടെ മാത്രമേ സാധാരണഗതിയിൽ അവിടെ വിസ കിട്ടൂ. ഒരു ദിവസത്തെ ചാർജ് അഞ്ഞൂറ് ഡോളറാണ്! ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ, സായുധ സുരക്ഷാസേനാനിക്കൊപ്പമാണ് ഏജൻസി ടൂർ ഒരുക്കുക. സോമാലിയ കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഒരു ബുള്ളറ്റ് പ്രൂഫ് കൂട്ടിനുള്ളിലിരുന്ന് കാഴ്ചകൾ കാണാൻ എനിക്ക് താൽപര്യം തോന്നിയില്ല. അതുകൊണ്ട് അന്ന് ആ പദ്ധതിക്ക് അവധി നൽകിയതായിരുന്നു.

എന്നാൽ, ഇത്യോപ്യൻ യാത്രക്കിടയിൽ യാദൃച്ഛികമായി ഹൈദരാബാദുകാരൻ രവിയോട് സംസാരിക്കാനിടയായി. കെനിയയിൽ ജോലിചെയ്യുന്ന രവിയുടെ അടുത്ത സുഹൃത്ത് അലി ഒരു സോമാലിയക്കാരനാണ്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, സോമാലിയ അത്ര പ്രശ്‌നമൊന്നുമുള്ള ഇടമല്ലെന്നും സുരക്ഷിതമാണെന്നും വിസയെടുക്കാൻ സഹായിക്കാമെന്നുമുള്ള വാഗ്ദാനങ്ങൾ എനിക്ക് കിട്ടി. അലി ലണ്ടനിലാണെങ്കിലും അദ്ദേഹത്തിന്റെ അച്ഛനും സഹോദരങ്ങളുമെല്ലാം സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലുണ്ട്. സോമാലിയ മാത്രമല്ല, അവിടെനിന്ന് പിരിഞ്ഞ് സ്വയം ഒരു രാജ്യമായി പ്രഖ്യാപിച്ച ‘സോമാലിലാൻഡ്’ സന്ദർശിക്കാനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു.

കേട്ട പാതി കേൾക്കാത്ത പാതി ഞാൻ സോമാലിയക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. നിരക്ക് കൂടുതലാണെങ്കിലും ഒരുപാട് കേട്ടറിഞ്ഞ ആ രാജ്യം സന്ദർശിക്കാതെ പോകേണ്ട എന്ന് കരുതി. എന്നാൽ, കാര്യത്തോടടുത്തപ്പോൾ അലിയുടെ വാഗ്ദാനങ്ങൾ വെറും വാചകക്കസർത്തുകളാണെന്ന് എനിക്ക് ബോധ്യമായി. വിസക്ക് അപ്ലൈ ചെയ്യാനുള്ള ഇൻവിറ്റേഷൻ ലെറ്റർപോലും അദ്ദേഹത്തിന് ഒപ്പിച്ചുതരാൻ സാധിച്ചില്ല. ‘‘ചെയ്യാം ചെയ്യാം’’ എന്ന് പറയുന്നതല്ലാതെ കാര്യങ്ങൾ ഒരടി മുന്നോട്ടുപോയിട്ടില്ല. അജീഷിന്റെ ഭയപ്പെടുത്തുന്ന സംസാരം എന്നെ വീണ്ടും ത്രിശങ്കുവിലാക്കി. ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കിയാൽ പൈസയൊന്നും തിരികെ കിട്ടില്ല. വിസക്ക് സ്വന്തം നിലക്ക് ശ്രമിക്കാം, ഒത്തില്ലെങ്കിൽ യാത്ര ഉപേക്ഷിക്കാം എന്ന് ഒടുവിൽ ഞാൻ തീരുമാനമെടുത്തു. ഇതിനിടയിൽ സന്ദീപേട്ടൻ സോമാലിലാൻഡിന്റെ തലസ്ഥാനമായ ഹാർഗീസയിലെ ഒരു ആശുപത്രി പാർട്ണറായ മുഹമ്മദിന്റെ നമ്പർ എനിക്ക് നൽകി.

പിറ്റേന്ന് രാവിലെ സോമാലിലാൻഡ് എംബസിയിൽ പോയി. അവിടെ എത്തിയപ്പോൾ രണ്ട് വിദേശികളെ അവിടത്തെ ഉദ്യോഗസ്ഥ ദേഷ്യപ്പെട്ട് ഓടിച്ചുവിടുന്ന രംഗമാണ് കണ്ടത്. ടൂർ ഏജൻസിയുടെ ഇൻവിറ്റേഷൻ ലെറ്റർ ഇല്ലാത്തതായിരുന്നു അവരുടെ കുറ്റം. ഏജൻസിയോട് ലെറ്റർ ചോദിച്ചപ്പോൾ മുന്നൂറ് ഡോളറാണ് അവർ ചാർജ് പറഞ്ഞത്. വെറുമൊരു ലെറ്ററിനായി ഇത്രയും പണം കൊടുക്കേണ്ട എന്ന് എനിക്ക് തോന്നി.

പ്രതിസന്ധികളിലാണ് പലപ്പോഴും നമ്മുടെ ഉള്ളിലെ അതിജീവന തന്ത്രങ്ങൾ ഉണരുക. ഒരു വഴിയടയുമ്പോൾ മറ്റൊരു വഴി കണ്ടെത്താനുള്ള മനുഷ്യന്റെ സഹജവാസനയാണ് പല ലോകസഞ്ചാരങ്ങളെയും വിജയത്തിലെത്തിച്ചിട്ടുള്ളത്. എംബസിയിൽ നിന്നപ്പോൾ പെട്ടെന്നൊരു ബുദ്ധി തെളിഞ്ഞു. മുഹമ്മദിനെ കാണാൻ പോകാനാണ് എനിക്ക് വിസ വേണ്ടതെന്ന് ഞാൻ ഉദ്യോഗസ്ഥയോട് പറഞ്ഞു. മുഹമ്മദിന്റെ ആശുപത്രിയുടെ വിലാസവും മറ്റ് രേഖകളും ഞാൻ അവർക്ക് മുന്നിൽവെച്ചു. അത് കണ്ടപ്പോൾ അവർ ഉടൻതന്നെ ഫോം എടുത്തുതന്നു. ഞാൻ അത് പൂരിപ്പിക്കുന്നതിനിടയിൽ പ്രധാന ഉദ്യോഗസ്ഥ പുറത്തേക്ക് പോയി. അവർ തിരികെ വന്നെങ്കിലേ വിസ സ്റ്റാമ്പ് ചെയ്തു കിട്ടൂ. അവരെ കാത്തിരുന്ന് സമയം നീങ്ങി. വിസ കിട്ടുന്നതുവരെ അവിടെയിരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ.

അവിടിരുന്ന് യാത്രാ ഗ്രൂപ്പിൽ പരതി ഷാദിയ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. സോമാലിലാൻഡ് എത്തിയാൽ അവൾ അവിടമെല്ലാം കൂടെ നടന്നു കാണിക്കാമെന്ന് പറഞ്ഞത് വലിയ ആശ്വാസമായി. ഹോട്ടൽ ബുക്ക് ചെയ്യാനും അവൾ സഹായിക്കാമെന്നേറ്റു. വൈകീട്ട് നാലു മണിയായപ്പോൾ അവിടെയുള്ള കീഴുദ്യോഗസ്ഥർ ഓരോരുത്തരായി വീട്ടിൽ പോകാൻ തുടങ്ങി. ഞാനും മടങ്ങാൻ തയാറായപ്പോൾ, ഭാഗ്യത്തിന് മേലുദ്യോഗസ്ഥ തിരിച്ചെത്തി വിസ ഒപ്പിട്ടുതന്നു. സോമാലിലാൻഡിന്റെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനമായി. ഇനി അടുത്ത കടമ്പ സോമാലിയ വിസയാണ്. അനിശ്ചിതത്വത്തിന്റെ നൂൽപ്പാലത്തിലൂടെയുള്ള ആ യാത്ര ഇനിയെങ്ങോട്ടാണെന്ന് ആലോചിച്ച് ഞാൻ ആഡിസിന്റെ തണുപ്പിലേക്ക് ഇറങ്ങി.

സോമാലിലാൻഡ് വിസ തരപ്പെട്ടെങ്കിലും കൈയിലുണ്ടായിരുന്ന ഡോളർ തീരാറായി എന്ന സത്യം എന്നെ അലോസരപ്പെടുത്തി. സോമാലിലാൻഡിലേക്ക് പോകണമെങ്കിൽ ഡോളർ ഒപ്പിക്കണം. ഇത്യോപ്യയിൽ ഡോളർ കിട്ടുക അത്ര എളുപ്പമല്ല. ഇത്യോപ്യയിലെ മലയാളി അസോസിയേഷൻ മെംബറായ ആഷിഖിനെ ഞാൻ ഇതിനിടെ പരിചയപ്പെട്ടിരുന്നു. ഈസ്റ്റ് ആഫ്രിക്കയിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറുടെ സെയിൽസ് മാനേജറായ ആഷിഖിനോട് ഞാൻ എന്റെ ബുദ്ധിമുട്ട് പറഞ്ഞു. എങ്ങനെയെങ്കിലും ഒപ്പിക്കാൻ പരമാവധി ശ്രമിക്കാമെന്ന് അവൻ വാക്ക് തന്നു. പറഞ്ഞതുപോലെതന്നെ രണ്ടു മണിക്കൂറിനകം അവൻ തിരികെ വിളിച്ചു; പല സുഹൃത്തുക്കളിൽനിന്നായി അവൻ എനിക്ക് ആവശ്യമായ പൈസ സ്വരൂപിച്ചിരുന്നു.

അവന്റെ ആത്മാർഥത എന്നെ അതിശയിപ്പിച്ചു. പൈസയുമായി എന്നെ കാണാൻ വന്ന ആഷിഖ് വളരെ ഹൃദ്യമായി പെരുമാറുന്ന ഒരു ചെറുപ്പക്കാരനാണ്. അഞ്ചു മിനിറ്റു സംസാരിച്ചപ്പോൾ തന്നെ എനിക്ക് അവനെ ഇഷ്ടമായി. അനിയന് സുഖമില്ലാത്തതിനാൽ ഇടക്കിടക്ക് നാട്ടിൽ പോകാറുണ്ടെന്ന് അവൻ പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ആ സങ്കടക്കഥ അറിഞ്ഞത്. അനിയന് എൻജിനീയറിങ് കഴിഞ്ഞ് ഹൈദരാബാദിലെ ഒരു വലിയ കമ്പനിയിൽ ജോലി ലഭിച്ചതായിരുന്നു. അങ്ങോട്ടേക്ക് പോകുന്നതിന്റെ തലേ ദിവസം നടന്ന ഒരു ആക്സിഡന്റിൽ അവന്റെ ശരീരം മുഴുവൻ തളർന്നുപോയി. ഒന്നര വർഷമായി ഉപ്പയും ഉമ്മയും അനിയനെയുംകൊണ്ട് ആശുപത്രികൾ കയറിയിറങ്ങുകയാണ്. സാമ്പത്തികം അത്യാവശ്യമായതിനാൽ ആഷിഖിന് ജോലി കളഞ്ഞ് നാട്ടിൽ നിൽക്കാൻ പറ്റില്ല. എങ്കിലും പറ്റുമ്പോഴൊക്കെ അവൻ ഓടിയെത്തും.

അവന്റെ വാക്കുകളിൽ അനിയനോടുള്ള സ്‌നേഹവും കരുതലും നിറഞ്ഞുനിന്നു. ഒരു മെഡിക്കൽ മിറക്കിളിന് മാത്രമേ അനിയനെ പൂർവസ്ഥിതിയിൽ എത്തിക്കാൻ കഴിയൂ എന്നവന് അറിയാം. എങ്കിലും ആ ശുഭാപ്തിവിശ്വാസം അവൻ കൈവിടുന്നില്ല. കഥ കേട്ടതിനുശേഷം അവന്റെ മുഖത്ത് നോക്കാൻ ഞാൻ ബുദ്ധിമുട്ടി. എത്ര പെട്ടെന്നാണ് ഓരോ കുടുംബത്തിലെയും സന്തോഷം അണഞ്ഞുപോകുന്നത്! കുറെനേരം സംസാരിച്ചിരുന്ന ശേഷമാണ് അവൻ പോയത്. അതിനുശേഷവും യാത്രയിലുടനീളം അവൻ എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ആഷിഖ് വിലമതിക്കാനാവാത്ത ഒരു സുഹൃത്തായി മാറി.

ആഷിഖ് പോയിക്കഴിഞ്ഞപ്പോൾ പിന്നെ സോമാലിയ വിസയെ കുറിച്ചായി എന്റെ ആവലാതി. അറ്റകൈക്ക് ഏജൻസിക്ക് അഞ്ഞൂറ് ഡോളർ കൊടുത്ത് വിസ ഒപ്പിക്കാമെന്ന് ഞാൻ കരുതി. ജമാൽ എന്ന ഏജന്റിനെ കണ്ടുപിടിച്ചു വെച്ചു. പക്ഷേ, ഒറ്റക്ക് പോയാലുള്ള ഭവിഷ്യത്തുകളെ പറ്റിയായിരുന്നു ജമാലിന്റെ മെസേജുകൾ മുഴുവൻ. അവൻ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്തോറും ഒറ്റക്കുതന്നെ പോകണമെന്നുള്ളത് എനിക്കൊരു വാശിപോലെയായി. പല യാത്രികരും ലോക്കൽ കോണ്ടാക്ട് വഴി വിസ ഒപ്പിച്ചുപോയിട്ടുണ്ട്. ഞാൻ അലിയെ മനസ്സുകൊണ്ട് വീണ്ടും പ്രാകി; അത്രയും ബന്ധുക്കളുണ്ടെന്ന് പറഞ്ഞിട്ട് ഒരു ഇൻവിറ്റേഷൻ ലെറ്റർപോലും അയാൾ തന്നില്ലല്ലോ. ഒടുവിൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് സജിത്ത് സോമാലിയ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്റെ നമ്പർ സംഘടിപ്പിച്ചുതന്നു. മെസേജ് അയച്ചപ്പോൾ രാവിലെ 11 മണിക്ക് എംബസിയിലേക്ക് ചെല്ലാൻ അദ്ദേഹം പറഞ്ഞു.

കൃത്യസമയത്തുതന്നെ ഞാൻ അവിടെ എത്തി. ‘‘ഞാനൊരു ബജറ്റ് യാത്രക്കാരിയാണ്. ഏജൻസി ചോദിക്കുന്ന പൈസ കൊടുക്കാൻ എന്റെ കൈയിലില്ല. നിങ്ങളെന്നെ സഹായിക്കണം,’’ എന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. എന്റെ പാസ്‌പോർട്ടിലെ സ്റ്റാമ്പുകൾ കണ്ടപ്പോൾ അദ്ദേഹത്തിന് എന്നോട് താൽപര്യം തോന്നി എന്ന് തോന്നുന്നു. ‘‘വിസ അടിച്ചു തരാൻ ഒരാഴ്ചയെടുക്കും. നിങ്ങൾക്ക് അത്രയും സമയം ഇവിടെ തങ്ങാൻ വ​െയ്യങ്കിൽ ഞാൻ ഒരു ഒഫീഷ്യൽ ലെറ്റർ തരാം. അത് കാണിച്ചാൽ മൊഗാദിശുവിൽ ഇറങ്ങുമ്പോൾ ഓൺ അറൈവൽ വിസ ലഭിക്കും’’- അദ്ദേഹം പറഞ്ഞു. ഒരാഴ്ച കളയാൻ ഇല്ലാത്തതിനാൽ ഞാൻ ആ ലെറ്റർ മതിയെന്ന് സമ്മതിച്ചു.

ഇതിനിടയിൽ സുജിത് ചേട്ടൻ എനിക്ക് മെസേജ് അയച്ചു. ഇത്യോപ്യയിൽ പൂക്കളുടെ ബിസിനസ് ചെയ്യുന്ന ഗുരുവായൂർക്കാരനാണ് ചേട്ടൻ. ഞാൻ വന്നിട്ടുണ്ടെന്ന് സന്ദീപേട്ടൻ പറഞ്ഞറിഞ്ഞു പരിചയപ്പെടാൻ വിളിച്ചതായിരുന്നു. ഞാൻ എംബസിയിൽ നിൽക്കുന്ന കാര്യമറിഞ്ഞു അദ്ദേഹം അങ്ങോട്ട് വരാമെന്നു പറഞ്ഞു. എനിക്ക് ലെറ്റർ ലഭിച്ചു, ഞാൻ എംബസിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സുജിത് ചേട്ടനും, ചേട്ടന്റെ മാനേജർ ഫ്രാങ്ക്ളിനും എന്നെ കാത്ത് കാറിലിരിപ്പുണ്ടായിരുന്നു. ചിരപരിചിതരെപ്പോലെ വളരെ സ്‌നേഹത്തോടെയാണ് ചേട്ടൻ പെരുമാറിയത്. പരിചയപ്പെട്ട ശേഷം ചായ കുടിച്ചുപിരിയാമെന്നായിരുന്നു എന്റെ പദ്ധതി. പക്ഷേ, ചേട്ടൻ സമ്മതിച്ചില്ല. അങ്ങനെ അവർക്കൊപ്പം ഞാനും കൂടി. അവർ രണ്ടാളും ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫാം നോക്കാൻ പോകുന്ന വഴിയായിരുന്നു.

ഹൻസ ഫ്ലവേഴ്സ് എന്ന ദുബൈയിലെ ഒരു കമ്പനിക്കുവേണ്ടി പൂക്കൾ വാങ്ങാനാണ് സുജിത് ചേട്ടൻ 19 കൊല്ലം മുമ്പ് ആദ്യമായി ഇത്യോപ്യയിൽ എത്തിയത്. അക്കാലത്ത് കുറച്ചു അധ്യാപകർ മാത്രമായിരുന്നു മലയാളികളായി ഉണ്ടായിരുന്നത്. ബിസിനസ് വളർച്ചക്കുള്ള സാധ്യത കണ്ടാണ് ചേട്ടൻ ഇത്യോപ്യയിൽ സ്ഥിരതാമസമാക്കിയത്. ഇപ്പോൾ പൂക്കൾ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് അദ്ദേഹത്തിന്റേത്. രണ്ടര കോടി ഡോളർ ആണ് കമ്പനിയുടെ നിക്ഷേപം. പത്തു കിലോമീറ്റർ ചുറ്റളവിൽ അമ്പതു ഹെക്ടറിൽ ഏഴു ഫാമുണ്ട്. പൂക്കൾ പ്രധാനമായും യൂറോപ്പിലേക്കും അറേബ്യൻ രാജ്യങ്ങളിലേക്കുമാണ് കയറ്റിയയക്കുന്നത്. ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്.

 

ഇത്യോപ്യയിൽ പൂക്കളുടെ ബിസിനസ് ചെയ്യുന്ന ഗുരുവായൂർക്കാരൻ സുജിത്തിനൊപ്പം ‘ഹൻസ’ ഫാമിൽ ലേഖിക,ഫാമിൽ വിൽപനക്കുവെച്ച ഞൊട്ടാഞൊടിയൻ

യൂറോപ്പിലെ ഇടപാടുകാർക്കുവേണ്ടത് ഇളം നിറങ്ങളിലെ റോസാപ്പൂക്കളാണ്. അറബികൾക്ക് കടും നിറമാണ് താൽപര്യം. ഒരു നിറത്തിന്റെ പല ഷെയ്ഡുകൾ ഉണ്ട്. ചുവപ്പാണെങ്കിൽ അപ്പർ ക്ലാസ്, ബിസിനസ് ക്ലാസ്, ഫ്രീഡം, ജോയനാ ഇങ്ങനെ പലതരമുണ്ട്. നാലു ടൺ മുതൽ പതിമൂന്നു ടൺ വരെ പൂക്കൾ എല്ലാ ദിവസവും കയറ്റിയയക്കാറുണ്ട്. വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഇരുപതു ടൺ വരെ അയക്കും. അംബാനിയുടെ മകന്‍റെ കല്യാണത്തിന് പൂക്കളിൽ ഭൂരിഭാഗവും ഇത്യോപ്യയിൽനിന്നാണ് കൊണ്ടുപോയത്. അവർ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫാമിൽ സ്‌ട്രോബെറിയും ഗോൾഡൻ ബെറിയുമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഗോൾഡൻ ബെറി പുതുമയുള്ളതും നല്ല വിലപിടിപ്പുള്ളതുമാണെന്നു പറഞ്ഞപ്പോൾ അത് എന്താണെന്നുനോക്കാൻ ഞാനും ഇറങ്ങി. ബെറി കണ്ടപ്പോൾ ഞെട്ടി -നമ്മുടെ ഞൊട്ടാഞൊടിയൻ!

ഹൻസ ഫാം കാണണമെന്നു പറഞ്ഞപ്പോൾ സുജിത് ചേട്ടൻ ഡ്രൈവറോട് അങ്ങോട്ട് പോകാമെന്നു പറഞ്ഞു. വിശാലമായ പറമ്പു നിറയെ ഗ്രീൻ ഹൗസുകൾ. അതിനകത്താണ് റോസ് വളർത്തുക. അവിടത്തെ ഇൻചാർജുള്ള പയ്യനോട് എന്നെ ചുറ്റും നടന്നുകാണിക്കാൻ പറഞ്ഞു. പല നിറത്തിലെ റോസുകൾ കണ്ടു. ചിലതിന്റെയൊക്കെ വലുപ്പം അതിശയിപ്പിച്ചു. കുറച്ചുനേരം അവിടെ കറങ്ങിയിട്ട് അവന്റെയൊപ്പം ഞാൻ പാക്കിങ് സെക്ഷനിൽ പോയി. പൂക്കൾ പറിച്ചശേഷം നാലഞ്ചു മണിക്കൂർ വെള്ളത്തിൽ മുക്കിവെക്കും. ഇലകൾ മാറ്റിയശേഷം തണ്ടിന്റെ നീളം അളക്കും. നീളമനുസരിച്ചാണ് റോസിന്റെ വില കൂടുന്നത്. ഒരേ നീളമുള്ള പൂക്കൾ ഒരു ബഞ്ച് ആയി പാക്ക് ചെയ്യും. വീണ്ടും രണ്ടു മൂന്നു മണിക്കൂർ വെള്ളത്തിലിട്ടു വെച്ചിട്ട് ശീതീകരിച്ച മുറിയിലേക്ക് മാറ്റും. രണ്ടുദിവസം ഇപ്രകാരം വെച്ച ശേഷം മാത്രമേ കയറ്റിയയക്കൂ. അല്ലെങ്കിൽ യാത്രാമധ്യേ പൂക്കൾ വാടിപ്പോകും.

അവരുടെ കമ്പനി മുൻകൈയെടുത്ത് നാട്ടുകാർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സുജിത് ചേട്ടൻ പറഞ്ഞു. ചുറ്റുമുള്ള ഗ്രാമങ്ങൾക്കുവേണ്ടി റോഡ് പുതുക്കിപ്പണിയുക, സ്‌കൂൾ പണിയുക തുടങ്ങിയ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചതും കമ്പനി മുൻകൈയെടുത്താണ്. ഫാമിനടുത്തായി ജനങ്ങൾക്കുവേണ്ടി പൊതുപൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് കമ്പനിക്കും ഗുണമുണ്ട്. സാധാരണ എന്തെങ്കിലും രാഷ്ട്രീയ അസ്ഥിരതയുണ്ടായാൽ ആളുകൾ ആദ്യം ആക്രമിക്കുക ബിസിനസുകാരെയും അവരുടെ സ്ഥാപനങ്ങളെയുമാണ്. ഇവരുടെ കാര്യത്തിൽ ജനപിന്തുണയുള്ളതുകൊണ്ട് ഇതുവരെ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായില്ല. തിരിച്ചു പട്ടണത്തിലെത്തിയപ്പോൾ വൈകീട്ട് ഏഴു മണിയായി.

രാവിലെ മൂന്നരക്ക് സന്ദീപേട്ടൻ എന്നെ ബസ് സ്റ്റാൻഡിലാക്കി. അവിടന്നാണ് ഹരാറിലേക്കുള്ള ബസ് ബുക്ക് ചെയ്തിരുന്നത്. ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് 525 കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് ഹരാർ. മക്കയും മദീനയും പോലെ ആഫ്രിക്കൻ മുസ്​ലിംകളുടെ പുണ്യസ്ഥലമാണ് ഈ നഗരം. നഗരമതിലിന് പുറത്ത് കഴുതപ്പുലികൾക്ക് ഭക്ഷണം കൊടുക്കുന്ന വിചിത്രമായ ഒരാചാരം അവിടെയുണ്ട്. അത് കാണാനായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ താൽപര്യം. ഹരാറിൽനിന്ന് വേണം എനിക്ക് ഇനി കരമാർഗം സോമാലിലാൻഡിലേക്ക് കടക്കാൻ.

 

പൂക്കൾ കയറ്റിയയക്കാനായി ഫാമിൽനിന്ന് തരംതിരിച്ച് വെക്കുന്നു

നാലരക്ക് യാത്ര തുടങ്ങി. ബസിൽ കയറിയപ്പോൾത്തന്നെ കിളി എല്ലാവർക്കും ഓരോ കറുത്ത പോളിത്തീൻ ബാഗുകൾ വിതരണം ചെയ്തു. യാത്രക്കാർക്ക് സ്വസ്ഥമായി ഛർദിക്കാൻ വേണ്ടിയാണത്! ആഫ്രിക്കൻ ബസ് യാത്രകളുടെ ഒരു അലിഖിത നിയമംപോലെ അത് എനിക്ക് തോന്നി. സോമാലിയ, ജിബൂതി തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ എത്തുന്ന സാധനങ്ങൾ ആഡിസിലേക്ക് എത്തിക്കാനുള്ള ഏക റോഡിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ വഴിനീളെ ട്രക്കുകളുടെ നിരയായിരുന്നു. ഇടക്കിടക്ക് ദരിദ്രമായ കൊച്ചുകുടിലുകൾ പ്രത്യക്ഷപ്പെടും, അതിനു പിറകിൽ വിശാലമായ തരിശുഭൂമി മാത്രം. രാവിലെ പ്രാതലിന് കിളി എല്ലാവർക്കും ബിസ്കറ്റ് നൽകി. ഉച്ചക്ക് തട്ടുകടയിൽനിന്ന് എല്ലാവരും ഇഞ്ചിറ കഴിച്ചു. ഹരാറിലേക്ക് അടുക്കുംതോറും തട്ടമിട്ട സ്ത്രീകളെ ധാരാളമായി കണ്ടുതുടങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഞാൻ ഹരാറിൽ എത്തിച്ചേർന്നു. അവിടെ യാത്രാ ഗ്രൂപ്പിലൂടെ പരിചയപ്പെട്ട കലി എന്നെ കാത്തുനിൽപുണ്ടായിരുന്നു.

24 വയസ്സുള്ള കലി അടുത്തുള്ള സ്കൂളിലെ അധ്യാപകനാണ്. ‘ഹരാർ ജുഗോൾ’ എന്ന് വിളിക്കുന്ന പഴയ പട്ടണം ഒരു വലിയ കോട്ടക്കുള്ളിലാണ്. അവിടെയാണ് കലിയുടെ വീട്. ഒരു ചരിത്രപ്രധാനമായ കോട്ടക്കുള്ളിൽ താമസിക്കാമെന്ന സന്തോഷത്തോടെയാണ് ഞാൻ അവനൊപ്പം പോയത്. പക്ഷേ, ഉള്ളിലേക്ക് കടന്നപ്പോൾ കാഴ്ചകൾ മാറി. ചെറിയ ഊടുവഴികളിലൂടെ സഞ്ചരിച്ച് ഞങ്ങൾ എത്തിയത് ഒരു ചേരി പ്രദേശത്തായിരുന്നു. കലിയുടെ വീട് ഒരു ഒറ്റമുറി മാത്രമുള്ളതാണ്. നിലത്ത് ഒരു മെത്തയുണ്ട്, പിന്നെ ഒരു ചെറിയ ടി.വിയും കുറച്ച് പുസ്തകങ്ങളും.

‘‘നിങ്ങൾ ഇവിടെ താമസിച്ചോളൂ. തൊട്ടടുത്താണ് എന്റെ അമ്മ താമസിക്കുന്നത്, ഞാൻ അവിടെ പോയി കിടന്നോളാം,’’ കലി പറഞ്ഞു. വലിയ കെട്ടുറപ്പില്ലാത്ത ആ മുറിയിൽ താമസിക്കാൻ എനിക്ക് ചെറിയൊരു പേടി തോന്നി. കുളിമുറി എവിടെയാണെന്ന് ചോദിച്ചപ്പോൾ അവൻ എന്നെ കുറച്ചകലെയുള്ള ഒരു പൊതുശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴിയിലുള്ള ആളുകളെല്ലാം അപരിചിതയായ എന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

‘‘രാത്രിയിൽ എനിക്ക് മൂത്രമൊഴിക്കാൻ പോകേണ്ടിവരും. ഒറ്റക്ക് ഇത്രയും ദൂരം വരുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഞാൻ ഏതെങ്കിലും ഹോട്ടലിലേക്ക് മാറാം,’’ തിരികെ മുറിയിലെത്തിയപ്പോൾ ഞാൻ എന്റെ തീരുമാനം അറിയിച്ചു.

‘‘അതോർത്ത് ടെൻഷൻ അടിക്കേണ്ട. ഞാൻ ‘പീ ബോക്സ്’ തരാം. രാത്രിയിൽ എങ്ങോട്ടും പോകേണ്ട,’’ എന്നുപറഞ്ഞ് അവൻ ഒരു പാട്ട എടുത്തുകൊണ്ടുവന്നു. അതിൽ പകുതിയോളം മണ്ണ് നിറച്ചിട്ടുണ്ട്. എനിക്ക് അത് മാനസികമായി ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തോന്നി. കുറേ സംസാരത്തിനൊടുവിൽ അവൻ സമ്മതിച്ചു. അങ്ങനെ ഞാൻ ഒരു ഹോട്ടലിലേക്ക് താമസം മാറി.

(തുടരും)

Tags:    
News Summary - Ethiopia and Somalia travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.