വാഗ്ദാനപേടകം സാക്ഷി

അധ്യായം -10 രാത്രിയിൽ ഉറക്കം തീരെ ശരിയായില്ല. തൊട്ടടുത്ത മുറി തുറക്കുകയും അടക്കുകയും ചെയ്യുമ്പോഴെല്ലാം ഞാൻ ഉണർന്നു. അവരുടെ വാതിൽ താക്കോലിടുമ്പോൾ അതെന്റെ വാതിലിലാണോ എന്ന സംശയം കാരണം ഇടക്കിടക്ക് ഞാൻ ഞെട്ടി എഴുന്നേറ്റു. മൂന്നുമണിയായതോടെ ഉറക്കം മതിയാക്കി. ഒരുപക്ഷേ, ആ നിഗൂഢമായ പേടകത്തിന്റെ സാമീപ്യം എന്നെ അസ്വസ്ഥയാക്കിയതാകാം. ‘ആർക് ഓഫ് കവനെന്റി’നെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ തീരുമാനിച്ചു. സാക്ഷ്യപേടകമെന്നും വിശുദ്ധപേടകമെന്നും ഇതിനെ വിളിക്കാറുണ്ട്. ബൈബിളിലെ പഴയ നിയമത്തിലാണ് ഈ പേടകത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. സിനായി മലയിൽവെച്ച് മോശക്ക് ദൈവം നൽകിയ പത്തു കൽപനകൾ എഴുതിയ രണ്ടു...

 അധ്യായം -10

രാത്രിയിൽ ഉറക്കം തീരെ ശരിയായില്ല. തൊട്ടടുത്ത മുറി തുറക്കുകയും അടക്കുകയും ചെയ്യുമ്പോഴെല്ലാം ഞാൻ ഉണർന്നു. അവരുടെ വാതിൽ താക്കോലിടുമ്പോൾ അതെന്റെ വാതിലിലാണോ എന്ന സംശയം കാരണം ഇടക്കിടക്ക് ഞാൻ ഞെട്ടി എഴുന്നേറ്റു. മൂന്നുമണിയായതോടെ ഉറക്കം മതിയാക്കി. ഒരുപക്ഷേ, ആ നിഗൂഢമായ പേടകത്തിന്റെ സാമീപ്യം എന്നെ അസ്വസ്ഥയാക്കിയതാകാം.

‘ആർക് ഓഫ് കവനെന്റി’നെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ തീരുമാനിച്ചു. സാക്ഷ്യപേടകമെന്നും വിശുദ്ധപേടകമെന്നും ഇതിനെ വിളിക്കാറുണ്ട്. ബൈബിളിലെ പഴയ നിയമത്തിലാണ് ഈ പേടകത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. സിനായി മലയിൽവെച്ച് മോശക്ക് ദൈവം നൽകിയ പത്തു കൽപനകൾ എഴുതിയ രണ്ടു കൽപ്പലകകൾ വാഗ്ദാനപേടകത്തിൽ സൂക്ഷിച്ചുവെന്നാണ് ബൈബിളിൽ. സ്വർണംപൂശിയ, തടിപ്പേടകം ജറൂസലമിലെ സോളമൻ ദേവാലയത്തിലാണ് സൂക്ഷിച്ചത്. മാറ്റാനാവാത്ത നിയമത്തിന്റെ സാക്ഷ്യമായിട്ടാണ് പെട്ടകത്തിനുള്ളിലെ ന്യായപ്രമാണത്തിന്റെ ശിലാഫലകങ്ങളെ വിശ്വാസികൾ കണ്ടിരുന്നത്. മോശ പേടകം നിർമിച്ചതും ദൈവനിർദേശമനുസരിച്ചാണ്.

ദൈവസാന്നിധ്യത്തിന്റെ ഒരു ഭൗതിക പ്രതിനിധാനമായിരുന്നു പേടകം. അതുകൊണ്ടുതന്നെ അതിനു വളരെ അധികം പ്രാധാന്യം പഴമക്കാർ നൽകിയിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേൽ ജനത ക്രമേണ പേടകത്തെ ദൈവസാന്നിധ്യത്തിന്റെ പ്രതിനിധിയായിട്ടല്ല, മറിച്ച് ഒരു ഭാഗ്യചിഹ്നമായി കാണാൻ തുടങ്ങി. ദൈവം കൂടെയുണ്ടെന്ന ബോധ്യത്തെക്കാൾ, ജയിക്കാനുള്ള ഒരു ‘മാന്ത്രിക ഉപകരണം’ എന്നനിലയിൽ അവർ യുദ്ധത്തിലും മറ്റും പേടകം ഒപ്പം കരുതി! ക്രിസ്തു ജനിക്കുന്നതിനു 600 വർഷങ്ങൾക്കുമുമ്പ് ബാബിലോണിയക്കാരുടെ ജറൂസലം ആക്രമണവേളയിൽ പേടകം അപ്രത്യക്ഷമായി. പിന്നീടത് ആരും കണ്ടിട്ടില്ല. ഇന്ത്യാന ജോൺസിനെപ്പോലെ പലരും അത് കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭൂരിഭാഗം ചരിത്രകാരന്മാരുടെയും ഈ അഭിപ്രായം പക്ഷേ, ഇത്യോപ്യൻ ജനത അംഗീകരിക്കുന്നില്ല. പേടകം തങ്ങളുടെ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അവർ ഉറച്ചുവിശ്വസിക്കുന്നത്. ലോകം മുഴുവൻ തേടുന്ന ഒരു നിധി നിങ്ങളുടെ തൊട്ടടുത്ത് ഇരിക്കുന്നു എന്ന തോന്നൽതന്നെ ആവേശകരമാണ്.

അഞ്ചുമണിക്ക് മെസാലെ എന്നെ കൂട്ടാനെത്തി. അവൻ എനിക്ക് ഒരു നേർത്ത വെള്ള ഷാൾ സമ്മാനിച്ചു. അത് ഇത്യോപ്യൻ ക്രിസ്ത്യാനികളുടെ പരമ്പരാഗത വസ്ത്രമായ ‘നെറ്റെല’ ആയിരുന്നു. തല മൂടുന്നരീതിയിൽ ചുറ്റുന്നതെങ്ങനെയെന്ന് അവൻ കാണിച്ചുതന്നു. മലനിരകളിൽനിന്ന് ഒഴുകിവരുന്ന തണുത്ത കാറ്റിന് കാട്ടുപ്പൂക്കളുടെയും ചന്ദനത്തിരിയുടെയും ഗന്ധമായിരുന്നു. പുറത്ത് നല്ല ഇരുട്ട്. ചില കടകൾക്ക് മുന്നിൽ തൂക്കിയിട്ടിരുന്ന ബൾബിന്റെ അരണ്ട വെളിച്ചമായിരുന്നു ചെറിയ ആശ്വാസം.

അക്സമിലെ മൺവഴികളിലൂടെ മെസാലെ എന്നെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങൾ അൽപദൂരം നടന്നപ്പോൾ ദൂരെ ചെറിയ ബൾബുകൾ കൊണ്ടലങ്കരിച്ച ഒരു പള്ളിയുടെ രൂപരേഖ കണ്ടു. ‘‘അതാണ് സെഹിയോൻ മാതാവിന്റെ പള്ളി. അതിനോട് ചേർന്നുള്ള കൽപ്പലകകളുടെ കപ്പേളയിലാണ് വിശുദ്ധപേടകം സൂക്ഷിച്ചിരിക്കുന്നത്’’ മെസാലെ പറഞ്ഞു. ‘‘ഇവിടെനിന്നാൽ നമുക്ക് സാക്ഷ്യപേടകത്തിന്റെ എഴുന്നള്ളിപ്പ് കാണാൻ സാധിക്കും.’’

ഞാൻ ആവേശഭരിതയായി. 15 മിനിറ്റോളം ഞങ്ങൾ ഇരുട്ടിൽ നിന്നു. താമസിയാതെ ദൂരെനിന്നും ഇത്യോപ്യൻ സഭയുടെ പുരാതനമായ ‘ഗീസ്’ ഭാഷയിലുള്ള മന്ത്രങ്ങൾ കേട്ടുതുടങ്ങി. അകലെനിന്ന് വലിയൊരു ജാഥ വരുന്നതു കണ്ടു. ഇരുട്ടത്തു എന്റെ അരികിലേക്ക് ഒഴുകിവന്ന വെള്ളവസ്ത്രങ്ങൾ ധരിച്ച മനുഷ്യരുടെ നീണ്ടനിര അലൗകികമായ അനുഭവമാണ് എന്നിൽ ഉളവാക്കിയത്. തേനീച്ചമെഴുകു കൊണ്ടുണ്ടാക്കിയ നീളമുള്ള തിരികൾ കത്തിച്ചുപിടിച്ചു നടന്നിരുന്ന മനുഷ്യർ സ്വപ്നാടകരെപ്പോലെ മന്ദം മന്ദം നീങ്ങി. പുരുഷന്മാരായിരുന്നു ജാഥയുടെ മുന്നിൽ. വരിവരിയായി അവർ എന്നെ കടന്നു പോയി. എല്ലാവരും എന്തോ സ്തുതിഗീതം പാടിയാണ് നടക്കുന്നത്.

മെസാലെ പുരുഷന്മാർക്കിടയിൽ നടക്കുന്ന പുരോഹിതരെ കാണിച്ചു തന്നു. ചുവപ്പു മേലങ്കി ധരിച്ച പുരോഹിതൻ തലച്ചുമടായി ഒരു തടിയുടെ പെട്ടി കൊണ്ടുപോകുന്നു. മറ്റൊരു പുരോഹിതൻ മുത്തുക്കുടകൊണ്ട് അതിനെ സംരക്ഷിക്കുന്നു. ‘‘അതാണ് വിശുദ്ധപേടകം’’ മെസാലെ പറഞ്ഞു. ഞാൻ നിരാശയായി. സ്വർണത്തിന്റെ പേടകമായിരുന്നു എന്റെ സങ്കൽപത്തിലുണ്ടായിരുന്നത്. ‘‘സ്വർണം കൊണ്ടല്ലേ വിശുദ്ധപേടകം പൂശിയിരിക്കുന്നത്?’’

മെസാലെ ഒന്ന് ചിരിച്ചു. ‘‘അതെ. ഇത് അതിന്റെ മാതൃകമാത്രമാണ്. ഇതിനെ ‘തബോട്ട്’ എന്ന് വിളിക്കുന്നു. ശരിക്കുമുള്ള പേടകം കാണാൻ ആർക്കും അനുവാദമില്ല. സംരക്ഷണച്ചുമതലയുള്ള പുരോഹിതൻ മരണംവരെ അത് കാക്കും. ശേഷം സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അടുത്ത പുരോഹിതനെ ഏൽപിക്കും. മറ്റൊരു മനുഷ്യനും അത് കാണാൻ കഴിയില്ല.’’ ദൈവത്തെ നേരിട്ട് കാണാൻ കഴിയാത്തതുകൊണ്ട് നാം വിഗ്രഹങ്ങളെ പൂജിക്കുന്നത് പോലെയാവാം ഇത്.

പള്ളിയിലേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് കേട്ടപ്പോൾ അൽപം സങ്കടംതോന്നിയെങ്കിലും, അവിടത്തെ വിശ്വാസം അത്രമേൽ ആഴത്തിലുള്ളതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സംസാരിച്ചു നിൽക്കുന്നതിനിടയിൽ സ്ത്രീ വിശ്വാസികൾ കടന്നുപോയി. അവർക്കൊപ്പം കുട്ടികളുമുണ്ടായിരുന്നു. ആ തണുത്ത പുലർച്ചെ, ആർക്കും പരാതികളില്ല. നഗ്നപാദരായി അവർ നടക്കുന്നു. എല്ലാ മാസവും ഏഴുദിവസവും ആയിരത്തോളം ആളുകൾ വെളുപ്പിനേ എഴുന്നേറ്റ് ഈ കർമങ്ങളിൽ പങ്കെടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരുപക്ഷേ, വിശ്വാസം എന്നത് യുക്തിക്ക് അതീതമായ ഒരു പ്രയാണമായിരിക്കാം. യുക്തിക്ക് വിശദീകരിക്കാൻ കഴിയാത്തിടത്താണല്ലോ അത്ഭുതങ്ങൾ ജനിക്കുന്നത്. അക്സമിലെ ആ മൺവഴികളിൽ, മന്ത്രോച്ചാരണങ്ങൾക്കിടയിൽ നിൽക്കുമ്പോൾ, ചരിത്രം ഒരു പെട്ടിക്കുള്ളിലല്ല, മറിച്ച് ഈ മനുഷ്യരുടെ ഹൃദയമിടിപ്പുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി.

ഞങ്ങളും അവർക്ക് പിന്നാലെ പോയി. സെഹിയോൻ മാതാവിന്റെ പള്ളിയുടെ മുന്നിലാണ് ജാഥ അവസാനിച്ചത്. അവിടെയും പ്രാർഥനകൾ തുടർന്നു. ഇടക്കിടക്ക് ആളുകൾ നിലത്തു കുമ്പിടും. ഒരു പുരോഹിതൻ അവിടെ കൂടിനിന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു. കുറച്ചുദിവസങ്ങൾ കഴിഞ്ഞു തുടങ്ങാൻ പോകുന്ന ഈസ്റ്റർ നൊയമ്പിനെ പറ്റിയും വിശ്വാസികൾ പിന്തുടരേണ്ട ചിട്ടകളെപ്പറ്റിയുമാണ് അദ്ദേഹം പറഞ്ഞത്. ഞാനും മെസാലെയും പള്ളിയുടെ അങ്കണത്തിലേക്ക് കടന്നു.

അർധഗോളാകൃതിയിലുള്ള വലിയ കെട്ടിടമായിരുന്നു പള്ളി. ഇത്യോപ്യയിലെ ക്രിസ്ത്യൻപള്ളികൾക്കെല്ലാം താഴികക്കുടങ്ങളുണ്ട്. അതിനു മുകളിലാണ് കുരിശുവെച്ചിരുന്നത്. എലിസബത്ത് രാജ്ഞി ഇത്യോപ്യ സന്ദർശിച്ചപ്പോൾ പണിതതാണ് എന്റെ മുന്നിലുള്ള പള്ളി. തൊട്ടടുത്തുള്ള കപ്പേളയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനാൽ രാജ്ഞിക്കു വേണ്ടി പുതിയൊരു പള്ളിതന്നെ നിർമിക്കേണ്ടിവന്നു. രാജകീയമായ പദവികളെക്കാൾ വലുതാണ് തങ്ങളുടെ ആചാരങ്ങളെന്ന് ഈ മണ്ണ് ലോകത്തോട് വിളിച്ചുപറയുന്നതുപോലെ തോന്നി.

പള്ളിയിൽനിന്ന് കുറച്ചു മാറിയായിരുന്നു വിശുദ്ധപേടകം സൂക്ഷിച്ചിരുന്ന ചെറിയ കപ്പേള. പുരോഹിതൻ പേടകവുമേന്തി കപ്പേളയിലേക്ക് മടങ്ങുന്നതു കണ്ടു. ദൂരെ മാറിനിന്ന് കപ്പേളയിൽ സൂക്ഷിച്ചിരുന്ന വാഗ്ദാന പേടകത്തെപ്പറ്റി ചിന്തിച്ചു. ചരിത്രവും പുരാണവും കലങ്ങിമറിഞ്ഞിരിക്കുന്നതുകൊണ്ട് എന്താണ് സത്യം, ഏതാണ് കെട്ടുകഥ എന്ന് വേർതിരിച്ചറിയാൻ പറ്റുന്നില്ല. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വാക്കുകളാണ് മനസ്സിൽ വന്നത്: ‘‘ഇല്ലാത്ത ഒരു സാധനത്തെപ്പറ്റി അല്ലെങ്കിൽ ഉണ്ടോ എന്ന് നിശ്ചയമില്ലാത്ത ഒന്നിനെപ്പറ്റി ആലോചിക്കുക, ഓർക്കുക, വിശ്വസിക്കുക, മനസ്സിൽ ധ്യാനിക്കുക. അത് ഉള്ളിലുണർത്തുന്ന ഒരു ബോധമുണ്ട്. ഒരു ചൈതന്യത്തെപ്പറ്റിയുള്ള ബോധം. അതൊരു സൗന്ദര്യദർശനംതന്നെയാണ്’’ ആ സൗന്ദര്യദർശനമാകണം ഇത്യോപ്യക്കാരെ മുന്നോട്ടുനയിക്കുന്നത്!

ഞാൻ ചിന്തയിൽ മുഴുകിനിൽക്കുന്നത് കണ്ടു മെസാലെ എന്നെ തട്ടിവിളിച്ചു ‘‘മിത്രാ, നിങ്ങൾ നോക്കുന്നത് ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആണിക്കല്ലിലേക്കാണ്. പക്ഷേ, ഇതിന്റെ ഓരോ കല്ലിനു പിന്നിലും ജൂതജനതയുടെ നിശ്ശബ്ദമായ നിലവിളികളുണ്ട്.’’

‘‘സോളമൻ രാജാവിനെ സന്ദർശിക്കാൻ പോയ മെനലിക്കിനൊപ്പം വിശുദ്ധ പെട്ടകം ചുമന്ന് ഇത്യോപ്യയിൽ എത്തിയവരാണ് ‘ബീറ്റാ ഇസ്രായേൽ’ എന്ന് സ്വയം വിളിച്ചിരുന്ന ജൂതന്മാർ. ‘കറുത്ത ജൂതന്മാർ’ ആയിട്ടാണ് ലോകം അവരെ അഭിസംബോധന ചെയ്തത്. ഇത്യോപ്യയിൽ അവർ ‘ഫലാഷ’ -അതായത് അന്യദേശക്കാർ അല്ലെങ്കിൽ നാടോടികൾ -എന്നറിയപ്പെട്ടു. ക്രിസ്തുമതം ഇവിടെ ഇത്രത്തോളം ‘ഹീബ്രു’ സ്വഭാവം കൈവരിച്ചത് ഈ ബീറ്റാ ഇസ്രായേലുകളുടെ സ്വാധീനം കൊണ്ടാണ്. ഞങ്ങൾ പന്നിമാംസം കഴിക്കാത്തതും, ശനിയാഴ്ചയെ പവിത്രമായി കാണുന്നതും, ഓരോ പള്ളിയിലും നിയമപെട്ടകത്തിന്റെ പകർപ്പായ ‘താബോട്ട്’ സൂക്ഷിക്കുന്നതും ജൂത പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അവരുടെ ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ ഞങ്ങളുടെ ഭരണാധികാരികൾ അവരെ വേട്ടയാടി!’’

‘‘എന്തിനാണ് അവരോട് ഇങ്ങനെ പെരുമാറിയത്?’’ ഞാൻ ചോദിച്ചു.

മെസാലെ പള്ളിയുടെ ചുവരിലെ പുരാതനമായ ഒരു കൊത്തുപണിയിൽ വിരൽചൂണ്ടി. ‘‘ഹൈലി സെലാസി എന്ന ഞങ്ങളുടെ ചക്രവർത്തി സ്വയം ‘യൂദയായിലെ സിംഹം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. സോളമൻ രാജാവിന്റെ പരമ്പരയിലെ 225ാമത്തെ രാജാവെന്നതിൽ അദ്ദേഹം അഭിമാനിച്ചു. പക്ഷേ, തന്റെ രാജ്യം ഒരൊറ്റ ക്രിസ്ത്യൻ സ്വത്വത്തിന് കീഴിൽ വരാൻ അദ്ദേഹം വാശിപിടിച്ചു. ഇതിന് അദ്ദേഹം നൽകിയ വില ബീറ്റാ ഇസ്രായേലുകളുടെ കണ്ണീരായിരുന്നു. സ്വന്തം വിശ്വാസവും ഭൂമിയും അവർക്ക് ഒരേപോലെ നഷ്ടമായി.

 

വിശുദ്ധ പേടകവും വഹിച്ച് വിശ്വാസികൾ നടത്തിയ ജാഥയിൽനിന്ന്

ഭൂമി കൈവശം വെക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ അവർക്ക് മൺപാത്ര നിർമാണത്തിലേക്കും കൊല്ലപ്പണിയിലേക്കും തിരിയേണ്ടിവന്നു. സമൂഹം അവരെ ‘ബുദ’ അഥവാ ദുർമന്ത്രവാദികളായി മുദ്രകുത്തി മാറ്റിനിർത്തി. അവർക്ക് വിദ്യാഭ്യാസമോ ജോലിയോ വേണമെങ്കിൽ ക്രിസ്തുമതത്തിലേക്ക് മാറണമായിരുന്നു. ഒരുവശത്ത് ജൂതപാരമ്പര്യത്തെക്കുറിച്ച് വീമ്പുപറഞ്ഞ ചക്രവർത്തി, മറുവശത്ത് യഥാർഥ ജൂതവിശ്വാസികളെ ആത്മീയമായും ഭൗതികമായും തകർക്കാൻ ശ്രമിച്ചു.’’

‘‘അവരുടെ സംഭാവനകൾ മറച്ചുവെക്കാൻ പറ്റുന്നതല്ല.’’ മെസാലെയുടെ ശബ്ദത്തിൽ ആദരവ് നിറഞ്ഞു.

‘‘ഇത്യോപ്യൻ നാഗരികതയുടെ വളർച്ചയിൽ അവർ വലിയ പങ്കുവഹിച്ചു. മികച്ച യുദ്ധവീരന്മാരും കലാകാരന്മാരുമായിരുന്നു അവർ. ഇത്യോപ്യൻ ഓർത്തഡോക്സ് സഭയിലെ സംഗീതവും ആരാധനാക്രമങ്ങളും പോലും അവരുടെ പുരാതനമായ ഹീബ്രു പ്രാർഥനകളിൽനിന്ന് കടമെടുത്തതാണ്. എന്നാൽ, 19ാം നൂറ്റാണ്ടിലെ കൊടും വരൾച്ചയും മതപീഡനങ്ങളും അവരെ തളർത്തി. അവരുടെ ജനസംഖ്യയുടെ പകുതിയിലധികം പേർ അന്ന് പട്ടിണിയും രോഗവുംകൊണ്ട് ഇല്ലാതായി.’’

‘‘പിന്നീട് 1970കളിലുണ്ടായ ആഭ്യന്തര യുദ്ധവും കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകളും അവരെ തങ്ങളുടെ ‘വാഗ്ദത്ത ഭൂമി’യിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. ഇസ്രായേൽ സർക്കാർ നടത്തിയ രക്ഷാദൗത്യങ്ങൾ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായങ്ങളാണ്. 1984ൽ ആരംഭിച്ച ‘ഓപറേഷൻ മോസസ്’ വഴി സുഡാനിലെ കൊടും മരുഭൂമികളിലൂടെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് ആയിരങ്ങൾ വിമാനത്താവളത്തിലെത്തിയത്. ആ യാത്രയിൽ മാത്രം ദാഹിച്ചും തളർന്നും നാലായിരത്തോളം പേർ മരിച്ചുവീണു. മുതിർന്നവർ തങ്ങളുടെ കുട്ടികളെ ചുമലിലേറ്റി വാഗ്ദത്തഭൂമി സ്വപ്നംകണ്ട് നടന്ന ആ മണലാരണ്യങ്ങളിൽ ഇന്നും അവരുടെ നിശ്ശബ്ദമായ പ്രാർഥനകളുണ്ട്.

 

ചുവപ്പു മേലങ്കി ധരിച്ച പുരോഹിതർ തലച്ചുമടായി വിശുദ്ധ പേടകം കൊണ്ടുപോകുന്നു

എന്നാൽ, ചരിത്രത്തെ വിസ്മയിപ്പിച്ചത് 1991ൽ നടന്ന ‘ഓപറേഷൻ സോളമൻ’ ആയിരുന്നു. വെറും 36 മണിക്കൂർകൊണ്ട് 14,000ത്തിലധികം പേരെ വൻകിട വിമാനങ്ങളിൽ സീറ്റുകൾ വരെ മാറ്റിക്കൊണ്ട് ഇസ്രായേലിലേക്ക് കടത്തിയ പദ്ധതിയായിരുന്നു അത്. ഒരു വിമാനത്തിൽ ആയിരത്തിലധികം പേരെ കയറ്റി ലോക റെക്കോഡ് സൃഷ്ടിച്ച ദൗത്യം. ആ വിമാനത്തിനുള്ളിൽ അവർ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ അവർ തങ്ങളുടെ സ്വപ്നഭൂമിയിലേക്ക് പറന്നുയർന്നു.’’

അക്സമിലെ കാറ്റിൽ നിയമപെട്ടകത്തെ കുറിച്ചുള്ള പ്രാർഥനകൾ ഉയരുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ മനസ്സ് ആ മലനിരകളിൽനിന്ന് ആകാശത്തിലൂടെ തങ്ങളുടെ വാഗ്ദത്തഭൂമിയിലേക്ക് പറന്നകന്ന ആ കറുത്ത മനുഷ്യരുടെ കൂടെയായിരുന്നു. അവർ ബാക്കിവെച്ചു പോയത് ശൂന്യമായ ഗ്രാമങ്ങളല്ല, മറിച്ച് ഈ മണ്ണിന്റെ ആത്മാവിൽ ആഴ്ന്നുപോയ ഒരു വലിയ സംസ്കാരത്തിന്റെ അടയാളങ്ങളായിരുന്നു.

തിരികെ ഹോട്ടലിൽ പോയി ബാഗുമെടുത്ത് ഭക്ഷണം കഴിക്കാൻ പോയി. അവിടന്ന് എയർപോർട്ടിൽ എട്ടു മണിക്കെത്തി. ടിക്കറ്റ് ഓഫിസിൽ ചെന്നന്വേഷിച്ചപ്പോൾ ഭാഗ്യത്തിന് ആഡിസിലേക്ക് പോകാൻ ടിക്കറ്റ് കിട്ടി. ഫ്ലൈറ്റിലിരുന്ന് അടുത്ത യാത്രയെക്കുറിച്ചായിരുന്നു ആലോചിച്ചത്. ഇനി ഗോത്രവർഗക്കാരെ കാണാൻ ഓമോ വാലിയിലേക്കാണ് പോകേണ്ടത്. അവിടത്തെ എയർപോർട്ട് ജിങ്കയിലാണ് ഉള്ളത്. ടൂറിസ്റ്റുകൾ മാത്രമാണ് ജിങ്കയിലേക്ക് ഫ്ലൈറ്റിൽ പോകുന്നത് എന്നതിനാൽ കത്തി റേറ്റ് ആണ്.

ജിങ്ക വരെ ബസിൽ പോകാൻ രണ്ടു ദിവസമെടുക്കും. ആദ്യം ഒമ്പതു മണിക്കൂർ യാത്രചെയ്ത് അർബാമിഞ്ച എത്തണം. അവിടന്ന് പിറ്റേന്ന് ആറു മണിക്കൂർ ബസിൽ യാത്രചെയ്താലാണ് ജിങ്കയിലെത്തുക. ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. ഉച്ചക്ക് 12 മണിക്ക് ആഡിസ് അബബയിൽ എത്തി. നേരെ എയർലൈൻ ഓഫിസിൽ പോയി. അന്വേഷിച്ചപ്പോൾ അർബാമിഞ്ചയിലേക്ക് കുറഞ്ഞനിരക്കിൽ തൊട്ടടുത്ത ദിവസം ഒരു ടിക്കറ്റ് ലഭ്യമായിരുന്നു. ഞാൻ വേഗം തന്നെ ബുക്ക് ചെയ്തു. അർബാമിഞ്ചയിൽനിന്നും ജിങ്കയിലേക്ക് ബസിൽ പോകാൻ തീരുമാനിച്ചു.

യാത്ര ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ലീടെയു എന്ന ഇത്യോപ്യക്കാരൻ എന്നെ വിളിക്കാൻ എയർപോർട്ടിലേക്ക് വന്നു. ഭക്ഷണം കഴിക്കാൻ പോകുന്ന വഴിക്ക് ഞാൻ അക്‌സമിലെ കാഴ്ചകളെപ്പറ്റിയും 160 ടൺ ഭാരമുള്ള സ്തൂപം ഇറ്റലിക്കാർ കടത്തിയതിനെ പറ്റിയുമൊക്കെ ആവേശത്തോടെ വിവരിച്ചു. ‘‘ഇറ്റലിക്കാർ അടിച്ചുമാറ്റിയ മറ്റൊരു സാധനം ഇവിടെയുണ്ട്. അതിനെക്കുറിച്ച് അറിയുമോ?’’ ഞാൻ അറിയി​ല്ലെന്ന് തലയാട്ടി. ‘‘നമുക്ക് ആദ്യം അങ്ങോട്ട് പോകാം.’’ ലീടെയു വണ്ടി തിരിച്ച് എതിർദിശയിലേക്ക് പോയി.

വെങ്കലംകൊണ്ട് നിർമിച്ച ഒരു സിംഹത്തിന്റെ പ്രതിമയുടെ അടുത്തേക്കാണ് എന്നെ കൊണ്ടുപോയത്. പ്രതിമ കണ്ടപ്പോൾ കാര്യം മനസ്സിലായി. അത് ‘ലയൺ ഓഫ് ജൂദാഹ്’ എന്ന പ്രശസ്തമായ ശിൽപമാണ്. സോളമന്റെ രാജവംശത്തിന്റെ ചിഹ്നമാണ് സിംഹം. സോളമന്റെ പിന്തുടർച്ചാവകാശി എന്ന നിലക്ക് ഹൈലി സെലാസിയും അത് തന്റെ ചിഹ്നമായി മാറ്റി. 1930-74ൽ അദ്ദേഹമാണ് ഇത്യോപ്യ ഭരിച്ചിരുന്നത്. സോളമന്റെ തുടർച്ചക്കാരൻ എന്നനിലക്ക് ഹൈലി സെലാസി സ്വയമൊരു ദൈവപരിവേഷം അണിഞ്ഞാണ് നടന്നിരുന്നത്.

1930ൽ അദ്ദേഹം ചക്രവർത്തിയായപ്പോൾ സ്വീകരിച്ച പേരാണ് ‘ഹൈലി സെലാസി’. ഇതിന്റെ അർഥം ‘ത്രിത്വത്തിന്റെ ശക്തി’ എന്നാണ്. ഹൈലി സെലാസിയെ രാജാവായി വാഴിച്ചതിനെ അനുസ്മരിക്കാൻവേണ്ടി പണിതതാണ് സിംഹത്തിന്റെ ആ പ്രതിമ. 1935ൽ ഇറ്റലിക്കാർ അത് അടിച്ചുമാറ്റി റോമിൽ സ്ഥാപിച്ചു. 1960ലാണ് ഇത്യോപ്യക്ക് അത് തിരികെ ലഭിച്ചത്. 1897-1974 വരെ ഇത്യോപ്യൻ പതാകയിൽ സിംഹത്തിന്റെ ചിഹ്നംവെച്ചിരുന്നു. ഹൈലി സെലാസിയെ അക്കാലത്ത് അഭിസംബോധന ചെയ്തിരുന്നത് -‘എംപറർ ഓഫ് ഇത്യോപ്യ, കിങ് ഓഫ് കിങ്സ്, ലയൺ ഓഫ് ജൂദാഹ്, എലെക്ട് ഓഫ് ഗോഡ്, ആൻഡ് ഡിഫൻഡർ ഓഫ് ഫെയ്ത്’ എന്നെല്ലാമായിരുന്നു.

ഇത്രയുമൊക്കെ അലങ്കാരങ്ങൾ ഉണ്ടായിട്ടും അദ്ദേഹത്തെ അടക്കിയത് ഒരു ശൗചാലയത്തിന്റെ അടിയിലെന്നത് വളരെ ദുഃഖകരമാണ്. 1974 ലാണ് ഭരണം കമ്യൂണിസ്റ്റ് നേതാവായ മെയ്‌നങ്‌സ്‌റ് ഹൈലെ മറിയം ഏറ്റെടുത്തത്. ഉറങ്ങിക്കിടന്ന ഹൈലി സെലാസിയെ പട്ടാളക്കാർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശൗചാലയത്തിന്റെ തറയിലെ തടിപ്പലകകൾ എടുത്തുമാറ്റി ശവശരീരം മറവുചെയ്തു. 1992ലാണ് ആ ഇടം കണ്ടെത്തിയത്. 2000ൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ മറവു ചെയ്തു. ലോകമെമ്പാടുമുള്ള റാസ്റ്റഫാറിൻസ് (ഹൈലി സെലാസിയെ ദൈവമായി ആരാധിക്കുന്നവർ) ആ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിച്ചേർന്നു. അധികാരത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും മനുഷ്യൻ ഓർക്കാത്തത് അവന്റെ അന്ത്യം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചാണ്. ഒരു ശൗചാലയത്തിന്റെ തറക്കും ഔദ്യോഗിക ശവകുടീരത്തിനുമിടയിൽ ആ ചക്രവർത്തിയുടെ ആത്മാവ് എത്രമേൽ അലഞ്ഞുകാണും!

 

വിശുദ്ധ പേടകവും വഹിച്ച് വിശ്വാസികൾ നടത്തിയ ജാഥ

ലീഡെയുവാണ് മറ്റൊരു രസകരമായ കാര്യം പറഞ്ഞുതന്നത്. ജമൈക്കയിൽ പിറന്ന റാസ്തഫാരി പ്രസ്ഥാനത്തിന്റെ വേരുകൾ ആത്മീയമായി നിൽക്കുന്നത് ഇത്യോപ്യയുടെ മണ്ണിലാണ്. 1930കളിൽ ജമൈക്കയിലെ ഒരു വലിയ വിഭാഗം ജനങ്ങൾ വിശ്വസിച്ചത്, ബൈബിളിൽ പറയുന്ന രക്ഷകൻ ഒരു സ്വതന്ത്ര ആഫ്രിക്കൻ രാജ്യത്തിന്റെ കറുത്ത വർഗക്കാരനായ ഭരണാധികാരിയായി അവതരിക്കുമെന്നാണ്. ആ വിശ്വാസം ചെന്നെത്തിയത് ഹൈലി സെലാസിയിലാണ്. ഹൈലി സെലാസിയുടെ സ്ഥാനാരോഹണത്തിന് മുമ്പുള്ള പേര് ‘തഫാരി മക്കോണൻ’ എന്നായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു പ്രവിശ്യാ ഗവർണറായിരുന്നു. അമഹാറിക് ഭാഷയിൽ ‘റാസ്’ എന്നാൽ പ്രഭു അല്ലെങ്കിൽ ഗോത്രത്തലവൻ എന്നാണ് അർഥം. അങ്ങനെ ‘റാസ് തഫാരി’ എന്ന പേരിൽനിന്നാണ് ‘റാസ്റ്റഫാറിയനിസം’ എന്ന വാക്കുണ്ടായത്.

ജമൈക്കയിലെ റാസ്റ്റഫാറി വിശ്വാസികൾക്ക് ഹൈലി സെലാസി കേവലം ഒരു രാജാവല്ല, മറിച്ച് ദൈവത്തിന്റെ അവതാരമാണ്. യേശുക്രിസ്തു കറുത്ത വർഗക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ പുനരവതാരമാണ് ഈ ചക്രവർത്തിയെന്നും അവർ വിശ്വസിക്കുന്നു. ഹൈലി സെലാസിയെ അവർ ‘ദൈവപുത്രൻ’ എന്നുവിളിക്കുന്നു. റാസ്റ്റഫാറി പ്രസ്ഥാനത്തിന്റെ പതാകയിലെ നിറങ്ങൾ ഇത്യോപ്യൻ പതാകയുമായി അസാധാരണമാംവിധം സാമ്യം പുലർത്തുന്നത് യാദൃച്ഛികമല്ല. അവർക്ക് ഇത്യോപ്യ എന്നാൽ തങ്ങളുടെ ആത്മീയമായ വീടാണ്.

അതിന്റെ അനുയായികൾ ഭൗതികവാദത്തെ നിരാകരിക്കുകയും ആഫ്രിക്കൻ സ്വത്വത്തിന്റെ പ്രാധാന്യത്തിൽ വിശ്വസിക്കുകയും ചെയ്തു. ആത്മീയ പ്രബുദ്ധതക്കായി കഞ്ചാവ് ആചാരപരമായി ഉപയോഗിക്കുന്നതും മുടിമുറിക്കാൻ വിസമ്മതിക്കുന്നതും എല്ലാം അവരുടെ സ്വത്വത്തിന്റെ ഭാഗമാണ്.

‘‘അതിരിക്കട്ടെ... ഹൈലി സെലാസിയും കേരളവുമായുള്ള ബന്ധം അറിയുമോ?’’ ലീടെയു ചോദിച്ചു. ലീടെയുവിനു കുറച്ചു മലയാളി സുഹൃത്തുക്കൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, ചക്രവർത്തിയുടെ ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല.

‘‘സെലാസിക്ക് കേരളത്തിൽ ബന്ധമോ?’’ ഞാൻ അത്ഭുതപ്പെട്ടു.

‘‘അത്ഭുതപ്പെടാൻ വരട്ടെ മിത്രാ’’ -ലീടെയു ചിരിച്ചുകൊണ്ട് തുടർന്നു. ‘‘ഇത്യോപ്യൻ ചരിത്രവും കേരളത്തിന്റെ ചരിത്രവും ഒരു അധ്യാപകന്റെയും വിദ്യാർഥിയുടെയും സ്നേഹബന്ധത്താൽ കോർക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.’’

മെസാലെ പറഞ്ഞ പഴയ ക്രൂരതകളുടെ കഥയിൽനിന്ന് മാറി, ലീടെയു ‘മലയാളിബന്ധം’ വിവരിച്ചു: ഹൈലി സെലാസിയുടെ കൊട്ടാരത്തിലെ ഏറ്റവും വിശ്വസ്തനായ അധ്യാപകൻ ഒരു മലയാളിയായിരുന്നു -കോട്ടയം സ്വദേശിയായ പി.എൻ. അബ്രഹാം. ചക്രവർത്തിയുടെ മക്കളെയും കൊച്ചുമക്കളെയും പഠിപ്പിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കേവലം ഒരു അധ്യാപകൻ എന്നതിലുപരി ചക്രവർത്തിയുടെ അടുത്ത ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്നും ഇത്യോപ്യയിലെ പഴയ തലമുറ അബ്രഹാം സാറിനെ ആദരവോടെ സ്മരിക്കുന്നുണ്ട്.

ഇത്യോപ്യയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ല് മലയാളികളായ അധ്യാപകരായിരുന്നു എന്നുപറയാം. 1950കളിലും 60കളിലും ഇത്യോപ്യയിലെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ ഹൈലി സെലാസി തീരുമാനിച്ചപ്പോൾ അദ്ദേഹം സഹായത്തിനായി നോക്കിയത് കേരളത്തിലേക്കാണ്. നൂറുകണക്കിന് മലയാളികളാണ് അക്കാലത്ത് ഇത്യോപ്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വരെ എത്തി അറിവ് പകർന്നുനൽകിയത്. ഇത്യോപ്യയിലെ ഒരു തലമുറ മുഴുവൻ ഇംഗ്ലീഷും കണക്കും ശാസ്ത്രവും പഠിച്ചത് ഈ മലയാളി അധ്യാപകരിൽനിന്നാണ്.

ഹൈലി സെലാസിക്ക് കേരളത്തോടുള്ള ഇഷ്ടം എത്രത്തോളമായിരുന്നു എന്നതിന് തെളിവാണ് 1956ലെ അദ്ദേഹത്തിന്റെ കേരള സന്ദർശനം. തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ കേരള സർക്കാർ വലിയ ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. അന്ന് കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും ക്രിസ്തീയ പാരമ്പര്യങ്ങളും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാക്രമങ്ങളും ഇത്യോപ്യൻ ഓർത്തഡോക്സ് ചർച്ചിന്റെ രീതികളും തമ്മിലുള്ള സാമ്യം അദ്ദേഹം തിരിച്ചറിഞ്ഞു. ബീറ്റാ ഇസ്രായേലുകളെ പീഡിപ്പിച്ച അതേ ഭരണാധികാരി, കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളോട് വലിയ ആഭിമുഖ്യം കാട്ടി എന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ, അദ്ദേഹം കണ്ടത് രണ്ട് നാടുകളുടെയും സാംസ്കാരികമായ ഇഴയടുപ്പമായിരുന്നു. കേരളത്തിലെ സുറിയാനി സഭയുടെ അച്ചടക്കവും വിജ്ഞാനവും തന്റെ രാജ്യത്തിന്റെ പുരോഗതിക്ക് വേണമെന്ന് അദ്ദേഹം വിശ്വസിച്ചു.

ലീടെയു പറഞ്ഞുനിർത്തി: ‘‘അതുകൊണ്ട് മിത്ര, നിങ്ങൾ ഈ മണ്ണിലൂടെ നടക്കുമ്പോൾ ഓർക്കുക, ഒരു കാലത്ത് ഇവിടെയുള്ള കുട്ടികളെ പുസ്തകങ്ങളിൽ എഴുതാൻ പഠിപ്പിച്ച മലയാളി കൈകളുടെ ചൂട് ഇന്നും ഇത്യോപ്യൻ മണ്ണിലുണ്ട്.’’ കേരളത്തിലെയും ഇത്യോപ്യയിലെയും മനുഷ്യർ തമ്മിലുള്ള വിദ്യാഭ്യാസപരമായ ആ ഇഴയടുപ്പം ഇത്യോപ്യയെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കി.

താമസസ്ഥലത്തെത്തിയപ്പോഴേക്കും ചിന്തകളിൽ ഓമോവാലി ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ആധുനികതയുടെ സ്പർശമേൽക്കാത്ത, പ്രാചീന മനുഷ്യത്വത്തിന്റെ വശ്യത ഇന്നും കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗക്കാർക്കിടയിലേക്കുള്ള ദീർഘയാത്രയെക്കുറിച്ചോർക്കുമ്പോൾ അൽപം ആശങ്കയുണ്ടെങ്കിലും ഉള്ളിൽ ആവേശമായിരുന്നു. ആഡിസ് അബബയിലെ തെരുവുവിളക്കുകൾക്ക് താഴെ ആ രാത്രി മെല്ലെ ഉറങ്ങാൻ തുടങ്ങുമ്പോൾ, എന്റെ മനസ്സിൽ ഓമോവാലിയിലെ ഗോത്രമനുഷ്യരുടെ മുഖങ്ങളും അവരുടെ പുരാതനമായ ഗോത്രപാട്ടുകളും മാറ്റൊലികൊള്ളുകയായിരുന്നു.

(തുടരും)

Tags:    
News Summary - Ethiopia and Somalia travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.