ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തുന്ന സംഭവങ്ങളാണ് പശ്ചിമേഷ്യയിൽനിന്ന് ഉയരുന്നത്. സയണിസ്റ്റുകളുടെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ദുഷ്ടലാക്കും ദുരയും ഇറാനെ മാത്രമല്ല മൊത്തം മനുഷ്യരാശിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു സ്വതന്ത്രരാജ്യമായ ഇറാനെ ഇസ്രായേലും അമേരിക്കയും സംയുക്തമായി ആക്രമിച്ച് വൻ നാശം വിതച്ചിരിക്കുന്നു. രാഷ്ട്രത്തലവൻ ആയത്തുല്ല ഖാംനഈയെയും അടുത്ത ബന്ധുക്കളെയും വധിച്ചതിലൂടെ ഇസ്രായേൽ ഇറാനുമേൽ ഒരു യുദ്ധം അടിച്ചേൽപിച്ചു. ചെറുത്തുനിൽക്കാൻ ഉപരോധത്തിൽ നീണ്ടകാലം അമർന്ന ചെറു രാജ്യം ശ്രമിക്കുന്നതായാണ് വാർത്തകൾ.
എന്തിനാണ് ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിക്കുന്നത്? ഇറാനിലെ ഭരണമാറ്റമാണോ ലക്ഷ്യം? ജനകീയ പ്രക്ഷോഭങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും ഇറാനിൽ ഭരണമാറ്റം എളുപ്പമല്ല. മാത്രമല്ല, ഒരു രാജ്യത്തിനുള്ളിെല ജനങ്ങളാണ് ഭരണമാറ്റം നിശ്ചയിക്കേണ്ടത്; ബാഹ്യശക്തികളല്ല. ഇന്ത്യയിൽപോലും അതാണ് വാസ്തവം. മോദിയെ മാറ്റേണ്ടത് ഇന്ത്യൻ ജനതയാണ്, അവർക്കു വേണ്ടി അമേരിക്കയോ മറ്റാരെങ്കിലുമോ ആ പണി ചെയ്യേണ്ടതില്ല.
ആണവ സമ്പുഷ്‌ടീകരണത്തിനാവശ്യമായ യുറേനിയം ശേഖരം ഇല്ലാതാക്കാൻ ഇറാൻ സമ്മതിച്ചിരിക്കുന്നുവെന്നു ഒത്തുതീർപ്പ് ചർച്ചകൾക്ക് മാധ്യസ്ഥ്യം വഹിച്ച ഒമാൻ വിദേശ മന്ത്രി സയ്യിദ് ബസ്സദ് അൽബുസൈദി അറിയിച്ച തൊട്ടുടനെയാണ് ഇസ്രായേൽ ഇറാനിലേക്ക് മിസൈലുകൾ തൊടുത്തത്. അതായത്, ചർച്ചയിൽ അമേരിക്കക്ക് ആത്മാർഥത ഇല്ലായിരുന്നു; മാത്രമല്ല ആണവനിരായുധീകരണവുമല്ല ലക്ഷ്യം. സ്വയം നൂറിലധികം ആണവ പോർമുനകൾ കൈവശമുള്ള, ആണവ നിർവ്യാപന ഉടമ്പടി ഒപ്പിട്ടിട്ടില്ലാത്ത ഇസ്രായേലാണ് ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച, ആണവായുധങ്ങൾ കൈവശമില്ലാത്ത ഇറാൻ ഭീഷണിയാണെന്ന് പറയുന്നത്.
ഇറാനിലെ എണ്ണയാണ് മുഖ്യമായ ലക്ഷ്യം എന്ന് ആർക്കും അറിയാത്ത കാര്യമല്ല. ഇറാൻ എണ്ണ വ്യവസായം ദേശസാത്കരിച്ചപ്പോൾ 1953ൽ മുസദ്ദിഖിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ 1953ൽ സി.ഐ.എയെ ഉപയോഗിച്ച് അട്ടിമറിച്ച ചരിത്രം അമേരിക്കക്കുണ്ട്. 2015ൽ ഒബാമ ഭരണകാലത്ത് ഇറാനുമായി ഒപ്പിട്ട ആണവ ഉടമ്പടി ഇറാന്റെ പരീക്ഷണങ്ങൾക്ക് പരിധി നിശ്ചയിച്ചു. അതെ തുടർന്ന് ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിച്ചു. പക്ഷേ, ട്രംപ് അധികാരത്തിൽ വന്നശേഷം 2018ൽ കരാറിൽനിന്ന് അമേരിക്ക പിന്മാറി. ഇപ്പോൾ വീണ്ടും അധികാരത്തിലിരിക്കെയാണ് ഇസ്രായേലുമായി ചേർന്ന്, അമേരിക്കൻ ഭരണഘടനയനുസരിച്ച് യുദ്ധം തുടങ്ങാൻ ആവശ്യമായ കോൺഗ്രസിന്റെ അനുവാദം പോലുമില്ലാതെ ട്രംപ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ട്രംപും നെതന്യാഹുവും യുദ്ധകുറ്റവാളികളാണ്. അവരാണ് സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നതുതന്നെയാണ് വൈരുധ്യം.
ഈ യുദ്ധം സൃഷ്ടിക്കുക അന്തമില്ലാത്ത ദുരിതങ്ങളാണ്. ഇറാഖിനേക്കാൾ ഭീകരമായ ദുരന്തവും പതനവുമാവും ഇറാൻ നേരിടേണ്ടിവരിക എന്ന് ലോകം ഭയപ്പെടുന്നുണ്ട്. ഇപ്പോൾ തന്നെ എണ്ണവില കുതിച്ചുയരുകയും പശ്ചിമേഷ്യയിലെ വ്യോമഗതാഗതം സ്തംഭിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലി ബോംബുകൾ ഇറാനിലെ സ്കൂൾകുട്ടികളെ കൊന്നുകൊണ്ട് പുതിയ സിവിലിയൻ കുരുതിക്കും തുടക്കമിട്ടിരിക്കുന്നു. ഗൾഫ് മേഖലയാകെ യുദ്ധക്കളമായി. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ തുടങ്ങി യു.എസ് സൈനികത്താവളങ്ങളുള്ള രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിക്കുന്നുണ്ട്. സമാധാനത്തിന് ഭീഷണി ഉയർത്തുന്ന ഈ യുദ്ധം ഇറാനെതിരെ മാത്രമല്ല, ലോകത്തിനു മൊത്തം എതിരെയാണ്. ലോകജനത ഈ നിമിഷം ചെയ്യേണ്ടത് അമേരിക്കയെയും സയണിസ്റ്റുകളെയും നിലക്കുനിർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.