പാറ്റയുടെ കവർചിത്രവുമായി ഇറങ്ങിയ ആഴ്ചപ്പതിപ്പ് വായനക്കാർ ഓർക്കുന്നുണ്ടാകും. പാറ്റകളുടെ പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലായിരുന്നു അത്. അന്ന് നമ്മൾ പറഞ്ഞു, ഈ നിമിഷത്തെ ശരി ‘പാറ്റ’കളാണ്. അവർക്കൊപ്പമാണ് നിൽക്കേണ്ടത്. അവരെ ചവിട്ടിയരക്കാനുള്ള നീക്കത്തിനൊപ്പമല്ല നിൽക്കുക എന്ന്. ഇപ്പോഴിതാ മോദി ഭരണകൂടം ‘പാറ്റ’കളെ അടിച്ചമർത്താൻ എല്ലാ അധികാരശക്തിയും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടിവന്നതിന്റെയും മറ്റു പരാജയങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ആവശ്യം. ഒരു മാസത്തിലേറെയായി ഡൽഹി ജന്തർമന്തറിൽ നടത്തിവരുന്ന നിരാഹാര സമരവും പാർലമെന്റ് മാർച്ചും കൂടുതൽ ജനപിന്തുണയാർജിക്കുന്നത് ജൂലൈ 20ഒാടെ കണ്ടു. ആയിരക്കണക്കിന് വിദ്യാർഥി-യുവജനങ്ങളടങ്ങുന്ന വൻ ന്യൂെജൻ സമൂഹം ഡൽഹിയിൽ അണിനിരന്നു.
ഡൽഹി പൊലീസിനു പുറമെ ആയിരക്കണക്കിന് ദ്രുതകർമസേനയെയും രംഗത്തിറക്കി. ബാരിക്കേഡുകൾ നിരത്തിയും ജന്തർമന്തർ അടച്ചും ഇന്റർനെറ്റ് സേവനം തടഞ്ഞും നടത്തിയ മുന്നൊരുക്കങ്ങളെ അവഗണിച്ച് മുന്നോട്ടുനീങ്ങിയ പാറ്റസംഘം ജന്തർമന്തറിന്റെ പരിസരത്തുള്ള മെട്രോ സ്റ്റേഷനുകളിലൂടെ പാഞ്ഞെത്തി 20ന് പാർലമെന്റ് വളഞ്ഞു. അവരെ ബലപ്രയോഗത്തിലൂടെ തടയാൻ കേന്ദ്ര സേന നടത്തിയ ശ്രമം പരാജയപ്പെട്ടു. 21ന് ന്യൂഡൽഹിയിൽ സമരത്തിനു പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ നേരെ ഡൽഹി പൊലീസ് ബലപ്രയോഗം നടത്തി. കണ്ണീർവാതക പ്രയോഗം ലക്കുംലഗാനുമില്ലാതെ നടത്തി. സ്കൂൾ വിദ്യാർഥികളടക്കമുള്ള കൗമാരക്കാരെ പൊലീസും സേനയും ചേർന്ന് തല്ലിച്ചതച്ചു. മണിക്കൂറുകൾ നീണ്ട ‘യുദ്ധ’ത്തിൽ 100 പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനനഗരിയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യത്വരഹിതമായ വേട്ടയാണ് പൊലീസ് നടത്തിയതെന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. സേനകളെ കൂടാതെ ഗുണ്ടകളും ബലപ്രയോഗത്തിൽ പങ്കുചേർന്നതിന്റെ തെളിവുകളുണ്ട്. സംഘർഷസ്ഥലത്ത് ഒരു ലോറിയിൽ നിറയെ കരിങ്കല്ലുകൾ നിറച്ചു കൊണ്ടുവന്നത് എന്തിനായിരുന്നുവെന്നതും ചോദ്യം.
സി.ജെ.പി പ്രക്ഷോഭത്തെ പിന്തുണച്ച് അനിശ്ചിതകാല നിരാഹാരം നടത്തിയ പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു നീക്കിയ ശേഷമാണ് പാർലമെന്റിലേക്കുള്ള മാർച്ചിനു നേരെ പൊലീസും സേനയും ക്രമസമാധാന പേരുപറഞ്ഞ് അതിക്രമമഴിച്ചുവിട്ടത്. അതോടെ സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖരും കോൺഗ്രസും ഇടതുപാർട്ടികളുമടക്കം രാഷ്ട്രീയകക്ഷികളും ഒന്നുചേർന്നു. 21ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുൽഗാന്ധി നയിച്ച പ്രതിഷേധ പരിപാടിയും നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി അടിച്ചമർത്തുകയായിരുന്നു കേന്ദ്ര ഭരണകൂടം.
പ്രതിപക്ഷസമരങ്ങളെ നേരിടുന്ന പതിവ് രീതി അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കേന്ദ്ര ആഭ്യന്തരമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി വക്താവുമായി ചർച്ചനടത്തിയെങ്കിലും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നുകൊണ്ടും പിൻവാങ്ങാൻ സന്നദ്ധരല്ലെന്ന പ്രതികരണമാണ് സമരക്കാരുടെ പക്ഷത്തുനിന്നുണ്ടായത്. സോനം വാങ്ചുകിനെ കസ്റ്റഡിയിൽനിന്ന് വിട്ടയക്കുക, ആത്മഹത്യചെയ്ത ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും സി.ജെ.പി ഉന്നയിക്കുന്നു.
വാസ്തവത്തിൽ, സി.ജെ.പിയുടെ പ്രതിഷേധം വലിയ പാഠമാണ്. അവരുടെ പോരാട്ടം കേവലം അടിച്ചമർത്തൽകൊണ്ട് അവസാനിക്കില്ല. അത് പുതിയരീതിയിൽ, പുതിയ രൂപത്തിൽ ഉയർന്നുവരുകതന്നെ ചെയ്യും. ഇന്ത്യക്കുള്ളിലെ പ്രതീക്ഷയുടെ നാളങ്ങളാണ് സി.ജെ.പി കൊളുത്തുന്നത്. അതിശക്തരായ അധികാരവും ഒടുവിൽ കീഴടങ്ങുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.