വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) ഒരുവശത്ത് തീവ്രമായി നടക്കുകയാണ്. മറുവശത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളും. ഉദ്യോഗസ്ഥരിൽ മാത്രമല്ല സാധാരണ ജനങ്ങളിലും കടുത്ത ആശങ്കയും സമ്മർദവുമാണ് വോട്ടർപട്ടിക പരിഷ്കരണം സൃഷ്ടിച്ചിട്ടുള്ളത്. കടുത്ത ജോലിസമ്മർദംമൂലം എസ്.ഐ.ആറിൽ ഏർപ്പെട്ട ഒരു ഉദ്യോഗസ്ഥൻ (ബി.എൽ.ഒ) ജീവനൊടുക്കിയത് കഴിഞ്ഞയാഴ്ചയാണ്.
മുൻകൂട്ടി ഒരു ഒരുക്കവുമില്ലാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ.ആർ പ്രഖ്യാപിച്ചത്. സമയം നീട്ടണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയുംവരെ മാറ്റിവെക്കണമെന്നുമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ ആവശ്യവും ഇലക്ഷൻ കമീഷൻ തള്ളി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഭഗീരഥ പ്രയത്നം നടത്താനാണ് കമീഷൻ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മേൽ സമ്മർദം ചെലുത്തുന്നത്. സംസ്ഥാനത്ത് നവംബർ നാലിനാണ് വോട്ടര്‍പട്ടിക തീവ്രപരിഷ്കരണം ആരംഭിച്ചത്. ഡിസംബർ നാലിനകം സംസ്ഥാനത്തെ 2.78 കോടി വോട്ടര്‍മാരെ നേരിട്ടു കാണുകയും പട്ടിക പരിഷ്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. 2002 വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് പരിശോധന. മരണമടഞ്ഞവർ, താമസം മാറിയവർ, ഇരട്ട വോട്ടുകൾ എന്നിവ ഒഴിവാക്കുക തുടങ്ങിയവയാണ് പരിഷ്കരണഭാഗമായി കമീഷൻ പറയുന്നത്.
ഒരു ബൂത്ത് ലെവൽ ഓഫിസർക്ക് ശരാശരി രണ്ട് വാർഡുകളിലെ വോട്ടർമാരെയാണ് കാണേണ്ടിവരുന്നത്. നവംബർ അഞ്ചു മുതൽ തുടങ്ങിയ ഫോറം വിതരണം ഇനിയും പല സ്ഥലങ്ങളിലും പൂർത്തിയായിട്ടില്ല. ഒരു മാസംകൊണ്ടുപോലും വിതരണം പൂർത്തിയാക്കുക പ്രയാസമാണ് എന്നിരിക്കെ 15നകം വിതരണം പൂർത്തിയാക്കണമെന്ന നിർദേശം പൂർണമായി പാലിക്കാൻ കഴിയില്ലെന്ന് സുവ്യക്തമാണ്. വോട്ടർപട്ടിക പരിഷ്കരണത്തിലെ സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ഒരു ബി.എൽ.ഒ ആത്മഹത്യ ചെയ്തിരുന്നു. വോട്ടർമാരുടെ ആശങ്കകളുടെ ഭാരവും പ്രതികരണവും അതോടൊപ്പം മേലുദ്യോഗസ്ഥരുടെ സമ്മർദവും പേറുന്നത് ബൂത്ത് ലെവൽ ഓഫിസർമാരാണ്. അതിന്റെ പ്രതിഫലനമാണ് ബൂത്ത് ലെവൽ ഓഫിസറുടെ ആത്മഹത്യ.
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിലും അതിനാവശ്യമായ നടപടികൾ എടുക്കുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, അതിനു കാട്ടുന്ന അനാവശ്യ ധിറുതിയും ആവേശവുമാണ് ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയം സൃഷ്ടിക്കുന്നത്. ഒടുവിൽ പരിഷ്കരണം നടന്ന ബിഹാറിൽ പട്ടികയിൽനിന്ന് പുറത്തുപോയത് 68.66 ലക്ഷം വോട്ടർമാരാണ്. മഹാരാഷ്ട്രയിൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 35 ശതമാനം സീറ്റ് മാത്രം നേടിയ ബി.ജെ.പി സഖ്യം, അഞ്ചുമാസം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 82 ശതമാനം സീറ്റ് നേടി. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള ഈ അഞ്ചു മാസത്തിനുള്ളിൽ വോട്ടർപട്ടിക അസ്വാഭാവികമായ രീതിയിൽ വലുതായി. ജനസംഖ്യാ വളർച്ചയെ പലമടങ്ങ് കവച്ചുവെച്ച് 40 ലക്ഷത്തിലേറെ വോട്ടർമാർ പട്ടികയിൽ കയറിക്കൂടി. മറുപുറത്ത്, യഥാർഥ വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയ സംഭവങ്ങളുമുണ്ടായി. കർണാടക, കേരളം, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ തുടങ്ങി അനേകം സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ കൃത്രിമങ്ങൾ നടന്നതായി സംശയിക്കുന്നു.
കടുത്ത എതിർപ്പ് നേരിട്ട പൗരത്വ നിയമം മറ്റൊരു രീതിയിൽ എസ്.െഎ.ആറിൽകൂടി നടപ്പാക്കുകയാണെന്ന വാദത്തിൽ കഴമ്പില്ലാതില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ സങ്കീർണമായ ഈ പ്രക്രിയയിൽ തങ്ങൾ പുറത്താകുമെന്ന ഭീതിയിലാണ്. ഹിന്ദുത്വവാദികൾക്ക് വിജയിക്കാനുള്ള വഴിയാണിതെന്ന് മറ്റൊരു വാദവുമുണ്ട്. തങ്ങളെ പിന്തുണക്കില്ലെന്ന് ഉറപ്പുള്ള കുറെയേറെ വോട്ടർമാരെ കേന്ദ്രം ഭരിക്കുന്ന കക്ഷി എസ്.ഐ.ആറിൽ നിന്ന് പുറത്താക്കുമെന്ന കാര്യം ഏതാണ്ട് വ്യക്തം. ഇലക്ഷൻ കമീഷനും എൻ.ഡി.എ മുന്നണിയിലാണുള്ളത് എന്ന ആക്ഷേപം കോൺഗ്രസ് അടക്കം ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. അവസാനം ആരാകും പുറത്ത് എന്നു മാത്രമേ ഇനി അറിയാനുള്ളൂ. ഓരോരുത്തരും കൂടുതൽ ജാഗ്രത്താകേണ്ട കാലംകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.