മോദി സർക്കാറിനും ഹിന്ദുത്വക്കും ‘ഗാന്ധിജി’ എന്ന വാക്കുപോലും അലർജിയാണ് എന്ന കാര്യം ഇനി ആരും ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അതിന്റെ ഭാഗമായി മാത്രമല്ല, രാജ്യത്താകെ പ്രശംസനീയമായി നടന്നുവന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ തിരക്കിട്ട് നീക്കം നടത്തുന്നത്. പദ്ധതിയിലെ ‘മഹാത്മാ ഗാന്ധി’ മാത്രമല്ല ‘ഉറപ്പും’ മാറ്റാനാണ് നീക്കം. പദ്ധതി അടിമുടി മാറ്റുന്ന ബില്‍ ഡിസംബർ 16ന് പാർലമെന്റിൽ അവതരിപ്പിച്ചു. തലേന്ന് നാടകീയ നീക്കങ്ങൾക്കിടയിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാതെ മാറ്റിവെച്ചിരുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയ കാര്യംപോലും സ്വകാര്യമാക്കി വെച്ച് തിരക്കിട്ട് അധിക അജണ്ടയായി ഡിസംബർ 15നാണ് ബിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ബിൽ പാസാവുന്നതോടെ പേര് മാത്രമല്ല പദ്ധതിതന്നെ അടിമുടി മാറും. പദ്ധതിയുടെ സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ ചുമലിലാവും.
ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.എന്‍.ആര്‍.ഇ.ജി.എ). രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി പദ്ധതി ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷൻ-ഗ്രാമീണ്‍ (വിബിജിരാം- ജി)’ എന്നാണ് ഇനി അറിയപ്പെടുക. പുതിയ ബില്‍ പാസാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് നിയമം തൊഴിൽ അവകാശമാക്കി മാറ്റിയിരുന്നു. അതില്ലാതാക്കി കേവലമൊരു കേന്ദ്ര തൊഴിൽ പദ്ധതിയാക്കി തൊഴിലുറപ്പിനെ മാറ്റുകയാണ് പുതിയ ബിൽ ചെയ്യുന്നത്. 100 ശതമാനം കേന്ദ്രവിഹിതമായിരുന്ന പദ്ധതിയിൽ ഇനി കേന്ദ്ര-സംസ്ഥാന വിഹിതം 60:40 അനുപാതത്തിലാക്കാൻ വ്യവസ്ഥചെയ്യുന്നു.
ആവശ്യപ്പെടുന്നവർക്കെല്ലാം (Demand driven scheme) തൊഴിൽ നൽകാൻ ബാധ്യതയുള്ളതായിരുന്നു നിലവിലെ നിയമം. 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ നടപ്പായാൽ കേരളത്തിന് 1600 കോടി രൂപയുടെ അധികബാധ്യത ഒരു വർഷം വരും. കടത്തിൽ നട്ടംതിരിയുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നടുവൊടിക്കും ഈ അധിക ബാധ്യത. ചെലവിന്റെ ഏകദേശ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് തിട്ടൂരമെങ്കിലും വ്യവസ്ഥകൾ മുഴുവൻ കേന്ദ്രസർക്കാറാണ് നിശ്ചയിക്കുക. 100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്ന് ബില്ലിൽ പറയുന്നുണ്ട്.
എന്നാൽ, പുതിയ നിയമത്തിലെ ആറാം വകുപ്പ് കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പിന് നിരോധനം ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്നു. ഫലത്തിൽ ദിവസങ്ങൾ വർധിപ്പിച്ചതുകൊണ്ട് പ്രയോജനമില്ലാതെ വരും. പദ്ധതി കാർഷിക സീസണിൽ നിർത്തിവെക്കണം എന്ന വ്യവസ്ഥ നടപ്പാകുമ്പോൾ പദ്ധതിതന്നെ ഇല്ലാതാകുമെന്നാണർഥം. ഇന്ത്യയിലെ 10-12 കോടിയോളം പേരെയും, കേരളത്തിലെ 20 ലക്ഷം പേരെയും ബിൽ പ്രതികൂലമായി ബാധിക്കും. പുതിയ ബിൽ ഗ്രാമീണ ദരിദ്രർക്കെതിരായ ശത്രുതാപരമായ നീക്കമാണ്. ഇന്ത്യയുടെ ഫെഡറൽ ഘടനക്ക് നേരെയുള്ള ആക്രമണവുമാണ്. രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്കു മാത്രമേ ഇനി തൊഴിലുറപ്പിനെയും ഗാന്ധിയെയും രക്ഷിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.