‘തും ​ബം​ഗ്ലാ​ദേ​ശി?’

‘ആൾക്കൂട്ട കൊല’ എന്ന വാക്കിന്റെ അർഥവ്യാപ്തി ​ചെറുതാണ്. മോബ് ലിഞ്ചിങ് എന്ന വാക്കിനെ ആൾക്കൂട്ട കൊല എന്ന് മൊഴിമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന ഏകദേശ അർഥം പെട്ടെന്നുള്ള വികാരത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ഒരു ആൾക്കൂട്ടം പൊടുന്നനെ ഇളകിവന്ന് ആക്രമണം നടത്തിയെന്നാണ്. അതല്ല, ഡിസംബർ 17ന് വാളയാറിൽ നടന്നത്. ക​​​ഞ്ചി​​​ക്കോ​​​ട് കി​​​ൻ​​​ഫ്ര പാ​​​ർ​​​ക്കി​​​ൽ ജോ​​​ലി​​​ക്കെ​​​ത്തി​​​യ ഛത്തിസ്ഗഢ് സ്വദേശി രാം ​​​നാ​​​രാ​​​യ​​​ൺ വ​യ്യാ​​​റിനെ (31) ഹിന്ദുത്വവാദികൾ/ സംഘ്പരിവാർ പ്രവർത്തകർ ക്രൂരമായി മർദിച്ചു കൊന്നത് ആൾക്കൂട്ടക്കൊലക്കപ്പുറം വംശീയക്കൊലയാണ്.

അതിൽ അടങ്ങിയ പ്രശ്നം നിർധന ദലിത് വ്യക്തിയെ തെറ്റിദ്ധരിച്ച് തല്ലി​ക്കൊന്നുവെന്നു മാത്രമല്ല. ബംഗ്ലാദേശിയാണെന്ന് കരുതി, അഥവാ ന്യൂനപക്ഷ സമുദായത്തിലെ അംഗമെന്ന് ഉറപ്പിച്ച്, ഹിന്ദുത്വവെറി പൂണ്ടവർ നടത്തിയ കൊലയാണത്. ‘ഉത്തരേന്ത്യ’യിൽ മാത്രമേ നടക്കൂവെന്ന് പലപ്പോഴും മലയാളികൾ ഹുങ്കു പറഞ്ഞത് തെറ്റിച്ച്, ​ആൾക്കൂട്ട വംശീയ കൊല ഇവിടെയും നടന്നിരിക്കുന്നു. ഇത് ആദ്യത്തെ സംഭവമല്ല. ‘ബംഗാളികൾ’ നിഷ്ഠുരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുംചെയ്ത സംഭവം പലതും നടന്നിരിക്കുന്നു. പലതും വാർത്തപോലുമായില്ല.

രാജ്യത്തെല്ലായിടത്തെയുംപോലെ കേരളത്തിലും അപരമതവിദ്വേഷവും സങ്കുചിത ദേശീയ വെറിയും ശക്തമായി പടരുന്നുവെന്നതാണ് വാസ്തവം. കേന്ദ്രത്തിലെ അധികാരവും ഹിന്ദുത്വയുടെ കൊലവിളികളും മനസ്സുകളെ കൂടുതൽ ഭിന്നിപ്പിച്ചിരിക്കുന്നു. നിറം, ഭാഷ, ദേശം, മതം, ജാതി എല്ലാം വെറിയുടെയും ആൾക്കൂട്ട വംശീയ കൊലയുടെയും ഇന്ധനമായി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കാൻ തന്നെയാണ് സാധ്യത.

‘‘തും ​ബം​ഗ്ലാ​ദേ​ശി?’’ എ​ന്ന ചോ​ദ്യ​ത്തോടെയാണ് വംശീയ​വെറി രാം ​​​നാ​​​രാ​​​യ​​​ൺ വയ്യാ​​​ർക്ക് നേരെ ആഞ്ഞടിച്ചത്. ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് മോ​ച​നം തേ​ടി, എ​ട്ടും പ​ത്തും വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളടങ്ങുന്ന കുടുംബത്തിന്റെ വി​ശ​പ്പ​ക​റ്റാ​ൻ ജോ​ലി തേ​ടി നാ​ലു​നാ​ൾ മു​മ്പാണ് രാം ​നാ​രാ​യ​ൺ കേരളത്തിലെത്തിയത്. അ​ട്ട​പ്പാ​ളം മാ​താ​ളി​ക്കാ​ട് ഭാ​ഗ​ത്തു​വെ​ച്ച് ചിലർക്ക് സം​ശ​യം തോ​ന്നി. പിന്നെ വെറി വംശീയതയായി പടർന്നു. കൊലപാതകത്തിന് ശേഷം മോ​ഷ്ടാ​വായി സംശയിച്ചുവെന്നും മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടു​വെ​ന്നു​മൊ​ക്കെ പുതിയ കഥകൾ വന്നു. മർദനത്തിന്റെ നിഷ്ഠുരത ചിലർ മൊബൈലിലും പകർത്തി. ആൾക്കൂട്ടം വയ്യാറിനോട് പെരുമാറിയത് ഇങ്ങനെയായിരുന്നെങ്കിൽ ‘പുരോഗമന’ കേരളത്തിലെ ഭരണവർഗവും ഒട്ടും മോശമാക്കിയില്ല! നാ​ലു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാണ് പൊ​ലീ​സെ​ത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ തൃശൂരിൽ കൊണ്ടുവന്നതിന്റെ തുകയും നാരായണൻ വയ്യാറുടെ കുടുംബത്തിൽനിന്ന് ഈടാക്കാൻ ശ്രമം നടന്നു.​

ശരിക്കും നാരായണൻ വയ്യാറിന്റെ ഒപ്പം നിൽക്കേണ്ട സർക്കാർ നാണംകെട്ട നിലയിൽ ഉരുണ്ടുകളിച്ചു. ദുർബല വകുപ്പുകളാണ് കേസിൽ ചുമത്തുക എന്ന ധാരണ പരന്നു. അടിയന്തര സഹായം അനുവദിക്കാനോ മൃതദേഹം നാട്ടിലെത്തിക്കാനോ സർക്കാർ മുൻകൈയെടുത്തില്ല. ഒടുവിൽ ബന്ധുക്കൾക്കും സാമൂഹിക പ്രവർത്തകർക്കും പ്രതിഷേധത്തിന്റെ മാർഗം സ്വീകരിക്കേണ്ടിവന്നു. കൊലപാതകത്തിനെതിരെ പട്ടികജാതി- പട്ടികവർഗ അതിക്രമ നിയമവും ആൾക്കൂട്ടക്കൊലയ്ക്കെതിരായ നിയമവും ചുമത്തണമെന്നും 25 ലക്ഷം അടിയന്തരസഹായം അനുവദിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

പിന്നീട് കുടുംബത്തിന്റെ ആവശ്യങ്ങൾ മന്ത്രി രാജന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സർക്കാർ അംഗീകരിച്ചു. 10 ലക്ഷത്തിൽ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം തുടങ്ങിയവ സർക്കാർ ഉറപ്പു നൽകി. ദുർബലമായ വകുപ്പുകൾക്ക് പകരം കർശന നിയമങ്ങൾ ചുമത്തി. അ​ത്രയും നല്ലത്. ഇനി ഒരു ‘നാ​​​രാ​​​യ​​​ൺ വ​യ്യാ​​​ർ’ കേരളത്തിൽ ഉണ്ടാകരുത്. വംശീയതയും സങ്കുചിത വെറികളും ജാതി അതിക്രമവും അപരമത ആ​ക്രമണവും ഇല്ലാതായേ പറ്റൂ. അതിനുവേണ്ടത് പുതിയ രാഷ്ട്രീയ-മാനവിക ചിന്തയാണ്. അത് ഇന്ന് രാജ്യത്തെ അടിമുടി പിടികൂടിയ ഹിന്ദുത്വയെ നേരിട്ടുകൊണ്ടു മാത്രമേ സാധ്യമാകൂ.


Tags:    
News Summary - Mob lynching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.