നിപ

കോഴിക്കോട്​ നിപ സ്​ഥിരീകരിച്ച വാർത്തയുടെ മുന്നിൽ നിന്നാണ്​ ‘തുടക്കം’ എഴുതുന്നത്​. നിപ ജനങ്ങളിൽ വലിയ ആശങ്കയും ഭയവും സൃഷ്​ടിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ 30ന്​ മരുതോങ്കര കള്ളാട്ട്​ മുഹമ്മദാലിയും (45) സെപ്​റ്റംബർ 11ന്​ ആയഞ്ചേരി മംഗലാട്ട്​ ഹാരിസും (40) മരിച്ചത്​ നിപ മൂലമാണെന്ന സ്​ഥിരീകരണം വന്നത്​ സെപ്​റ്റംബർ 12നാണ്​. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കുകൂടി നിപ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇവരുടെ സമ്പർക്ക പട്ടികയിൽ 168 പേരാണുള്ളത്​. അതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്​. നിപ സംശയമുണ്ടായ നിമിഷം മുതൽ സർക്കാറും ആരോഗ്യവിദഗ്​ധരും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്​. ഒരിക്കൽ നിപയെ പൊരുതി...

കോഴിക്കോട്​ നിപ സ്​ഥിരീകരിച്ച വാർത്തയുടെ മുന്നിൽ നിന്നാണ്​ ‘തുടക്കം’ എഴുതുന്നത്​. നിപ ജനങ്ങളിൽ വലിയ ആശങ്കയും ഭയവും സൃഷ്​ടിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ 30ന്​ മരുതോങ്കര കള്ളാട്ട്​ മുഹമ്മദാലിയും (45) സെപ്​റ്റംബർ 11ന്​ ആയഞ്ചേരി മംഗലാട്ട്​ ഹാരിസും (40) മരിച്ചത്​ നിപ മൂലമാണെന്ന സ്​ഥിരീകരണം വന്നത്​ സെപ്​റ്റംബർ 12നാണ്​. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കുകൂടി നിപ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇവരുടെ സമ്പർക്ക പട്ടികയിൽ 168 പേരാണുള്ളത്​. അതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്​. നിപ സംശയമുണ്ടായ നിമിഷം മുതൽ സർക്കാറും ആരോഗ്യവിദഗ്​ധരും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്​.

ഒരിക്കൽ നിപയെ പൊരുതി തോൽപിച്ചവരാണ്​ നമ്മൾ. 2018 മേയിലാണ് കേരളത്തിൽ നിപ വൈറസ്​ ബാധയുണ്ടായത്. അന്ന്​ 18 പേർ മരിച്ചു. പഴംതീനി വവ്വാലുകളിൽനിന്ന്​ രോഗം കോഴി

ക്കോട്ട് ചങ്ങരോത്ത് ഗ്രാമത്തിലെ ചിലരെ ബാധിച്ചു. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ്​ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽനിന്നാണെന്ന് കേരളസർക്കാറിന്റെ പഠനം പറയുന്നു. മേയ് 20ന് കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് സഹായിയായിരുന്ന ലിനി പുതുശ്ശേരി വൈറസ്​ ബാധമൂലം മരിച്ചു. അന്ന്​ രണ്ടായിരത്തോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കോഴിക്കോട് തങ്ങി രോഗം പടരാതിരിക്കാൻ വേണ്ട പ്രത്യേക സൗകര്യങ്ങളൊരുക്കാൻ നേതൃത്വം നൽകി. ജനത്തിന് ആവശ്യമായ ബോധവത്കരണം നടത്തി. ഭീതിയിലമർന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും മറ്റും ജനത്തിന് സർക്കാറിന്റെ ഇടപെടലും ശ്രമങ്ങളും ധൈര്യം പകർന്നു. കൃത്യം 40 ദിവസത്തിനുശേഷം, ജൂൺ 30ന്​ മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിച്ചു. 2019 ജൂണിൽ കൊച്ചിയിൽ 23കാരനായ വിദ്യാർഥിക്ക്​ നിപ സ്​ഥിരീകരിച്ചിരുന്നുവെങ്കിലും ചികിത്സയിലൂടെ രോഗമുക്തനായി. അതായത്,​ നമ്മുടെ ​ആരോഗ്യ ചരിത്രത്തിൽ വിജയകരമായി നിപയെ പ്രതിരോധിച്ചതി​ന്റെ തിളങ്ങുന്ന പാഠങ്ങളുണ്ടെന്ന്​ ചുരുക്കം. നമ്മൾ ഇൗ നിപ ബാധയെയും അതിജീവിക്കും.

ചില കാര്യങ്ങൾകൂടി നിപ നമ്മെ ഒാർമിപ്പിക്കുന്നുണ്ട്​. എന്തുകൊണ്ട്​ നിപ ബാധ ഒരേ സ്​ഥലത്ത്​ ഉണ്ടാകുന്നുവെന്നതാണ്​ അതിൽ പ്രധാനം. പശ്ചിമഘട്ടത്തിലെ കോഴിക്കോടൻ മലയോരങ്ങൾ പഴംതീനി വവ്വാലുകളുടെ കേന്ദ്രമാണ്​ എന്നും ആ വവ്വാലുകളിൽ നാച്വറലായി കുടിയിരിക്കുന്ന നിപ വൈറസ്​ അവസരം കിട്ടു​േമ്പാൾ അപൂർവമായി മനുഷ്യനിലേക്കെത്തുന്നതാകാം ഇപ്പോഴത്തേതുമെന്നാണ്​ ഡോ. ടി. ജയകൃഷ്​ണനെപ്പോലുള്ളവർ പറയുന്നത്​. സാന്ദ്രതയേറിയ ആവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ഇടപെടൽ വർധിച്ചതാവാം ഇൗ നിപ ബാധക്ക്​ കാരണമെന്നും അദ്ദേഹം പറയുന്നു. അതിനൊപ്പംതന്നെ ആരോഗ്യ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്​. ഏത്​ സമയത്തും ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ നേരിടാൻ നമ്മൾ തയാറാകേണ്ടതുണ്ട്​​. ചികിത്സാ സൗകര്യങ്ങൾ ഇതുമതിയാകില്ല. കൂടുതൽ മികച്ചതാക്കി അത്​ മാറ്റേണ്ടതുണ്ട്​.

ആഴ്​ചപ്പതിപ്പ്​ അച്ചടിച്ചുവരു​േമ്പാഴേക്കും നിപയെ നമ്മൾ കീഴടക്കിയെന്ന ശുഭവാർത്ത നമുക്കെല്ലാം അഭിമാന​േത്താടെ, ആഹ്ലാദത്തോടെ പങ്കിടാനാവ​െട്ട.

Tags:    
News Summary - madhyamam weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.