ഗ്രാസ്യസ് ലിയോ!
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് ലയണൽ മെസ്സിയുടെ വിരമിക്കൽ ലോകമെങ്ങും പലതരം വികാരങ്ങളുയർത്തി. മെസ്സിയുടെ കാലം എന്താണ് ഫുട്ബാളിന്, ആരാധകർക്ക് നൽകിയത്? ഒരു പതിറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 ജൂൺ 26 ഞായറാഴ്ച, ന്യൂയോർക് ന്യൂജഴ്സിയിലെ റൂഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയം. കോപ അമേരിക്ക ടൂർണമെന്‍റിന്‍റെ ശതാബ്ദി വർഷത്തെ ഫൈനൽ -‘കോപ അമേരിക്ക സെന്‍റിനറിയോ’. കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിൽ രാത്രി ഉറക്കമൊഴിച്ചിരുന്ന് കണ്ട മത്സരം. പോയ വർഷത്തെപ്പോലെ അർജന്‍റീന-ചിലി ഫൈനൽ. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിന്റെ വിധി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഭാഗ്യത്തിന്റെ...
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് ലയണൽ മെസ്സിയുടെ വിരമിക്കൽ ലോകമെങ്ങും പലതരം വികാരങ്ങളുയർത്തി. മെസ്സിയുടെ കാലം എന്താണ് ഫുട്ബാളിന്, ആരാധകർക്ക് നൽകിയത്?
ഒരു പതിറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 ജൂൺ 26 ഞായറാഴ്ച, ന്യൂയോർക് ന്യൂജഴ്സിയിലെ റൂഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയം. കോപ അമേരിക്ക ടൂർണമെന്‍റിന്‍റെ ശതാബ്ദി വർഷത്തെ ഫൈനൽ -‘കോപ അമേരിക്ക സെന്‍റിനറിയോ’. കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിൽ രാത്രി ഉറക്കമൊഴിച്ചിരുന്ന് കണ്ട മത്സരം. പോയ വർഷത്തെപ്പോലെ അർജന്‍റീന-ചിലി ഫൈനൽ.
നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിന്റെ വിധി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഭാഗ്യത്തിന്റെ ആനുകൂല്യത്തിന് പ്രസക്തിയുണ്ടെന്ന് പറയാതെ വയ്യ. ആദ്യത്തെ കിക്ക് എടുക്കേണ്ടത് ഏതു ടീം എന്നതിന് റഫറിയുടെ ടോസ്. ഗോൾ പോസ്റ്റിൽ ഗോൾകീപ്പറെ മാത്രം നിർത്തിക്കൊണ്ട് റഫറിയുടെ വിസിൽ കേൾക്കുമ്പോൾ കിക്കെടുക്കാൻ ടീം കൊടുത്ത ലിസ്റ്റിൽനിന്നുള്ള കളിക്കാരൻ മാർക്കു ചെയ്തിരിക്കുന്ന പെനാൽറ്റി സ്പോട്ടിൽ പന്തു കൃത്യമായി വെച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുവാൻ തയാറാകുമ്പോൾ അയാൾക്കൊപ്പം കാണികളുടെയും ശ്വാസോച്ഛ്വാസവും ഉയരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ചിലിക്കായിരുന്നു വിജയം. സ്റ്റേഡിയത്തിലും, ലോകമെമ്പാടുമുള്ള കാൽപന്ത് കളിയാരാധകരെ നിരാശപ്പെടുത്തിയത് അവർ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനത്തു പ്രതിഷ്ഠിച്ചിരുന്ന നീലയും വെള്ളയും കലർന്ന കുപ്പായക്കാരനായിരുന്നു. അത് മറ്റാരുമായിരുന്നില്ല. വെള്ളത്തിൽ കിടക്കുന്ന മത്സ്യത്തിന്റെ സഞ്ചാര രീതിപോലെ, കളിമുറ്റങ്ങളിൽ തന്റെ ഡ്രിബിളിങ്ങും വേഗതയും അളന്നുകുറിച്ച പാസിങ്ങും കാലുകളുടെ മാന്ത്രികതയാലും കളിപ്രേമികൾക്കു പ്രിയങ്കരനായ ലയണൽ മെസ്സി എന്ന ഇതിഹാസ താരമായിരുന്നു. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ജനതക്ക് എല്ലാം കുറച്ചു നേരത്തേക്കെങ്കിലും മറക്കാനുള്ള മരുന്നായിരുന്നു ഫുട്ബാൾ. തന്റെ രാജ്യത്തെ ജനതയുടെ ഹൃദയം തകർത്ത ആ ദിനത്തിൽ കടുത്ത നിരാശയിൽ, തോൽവിയുടെ ഭാരവുമായി നിറകണ്ണുകളോടെ മെസ്സി മൈതാനത്തുനിന്നു നടന്നുനീങ്ങുന്ന കാഴ്ച മറക്കാനാകുന്നില്ല.
കോപ അമേരിക്ക ഫൈനലിൽ തുടർച്ചയായ രണ്ടാമത്തെ തോൽവി അർജന്‍റീനക്കും മെസ്സിക്കും സഹിക്കാവുന്നതായിരുന്നില്ല. 2015 കോപ അമേരിക്ക ഫൈനലിലും തോൽവി മെസ്സി നയിച്ച അർജന്‍റീനക്കു തന്നെയായിരുന്നു. ചിലിയിലെ സാന്‍റിയാഗോവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1 എന്ന സ്കോറിനായിരുന്നു ചിലിയുടെ വിജയം. അന്ന് ചിലിക്കെതിരെ മെസ്സിക്കു മാത്രമേ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾ താങ്ങാനാവാതെ മെസ്സി തന്റെ 29ാം ജന്മദിനത്തിന്റെ രണ്ടാം നാൾ രാജ്യാന്തര ഫുട്ബാളിൽനിന്നും വിരമിക്കാനുള്ള തിരുമാനമെടുത്തു. അർജന്‍റീനക്കായി 111 മത്സരങ്ങൾ കളിച്ച മെസ്സി ‘‘എന്റെ ദേശീയ ടീമുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നു. അർജന്‍റീനയെ ഒരു ചാമ്പ്യൻ ടീമായി മാറ്റിയെടുക്കാൻ കഴിയാത്തതിൽ അതീവ ദുഃഖമുണ്ട്’’ എന്നാണ് അന്നു പറഞ്ഞത്.
മെസ്സിയുടെ മനോവിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് 2014ലും, കോപ അമേരിക്ക 2007, 2015, 2016 ഫൈനലുകളിലും കിരീടങ്ങളൊന്നുംതന്നെ നേടാനായില്ല. നിർണായക ഘട്ടങ്ങളിൽ, രാജ്യത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ മെസ്സിക്കു കഴിയുന്നില്ല എന്ന വിമർശനം പൊതുസമൂഹത്തിൽ ഉയർന്നു. 1986 മെക്സികോ ലോകകപ്പ് അർജന്‍റീനക്ക് നേടിക്കൊടുത്ത നായകൻ ഡീഗോ മറഡോണ ‘ദൈവത്തിന്റെ കൈ’ നൽകിയ ആനുകൂല്യത്തിൽ ഫുട്ബാളിലെ വിശ്വകിരീടം അർജന്‍റീനക്ക് നേടിക്കൊടുക്കുന്നത് 26ാം വയസ്സിലായിരുന്നു. അതുകൊണ്ടുതന്നെ മറഡോണയോട് മെസ്സിയെ തുലനം ചെയ്തിരുന്നവർക്ക്, അർജന്‍റീനക്ക് ഫൈനലുകളിലെ തോൽവി തുടർക്കഥയായത് ഉൾക്കൊള്ളാവുന്ന കാര്യമായിരുന്നില്ല.
കളിയിൽനിന്ന് വിരമിച്ച് പിന്നീട് പരിശീലകനുമായിരുന്ന ഡീഗോ മാറഡോണയുൾപ്പെടെയുള്ളവരുടെ കടുത്ത വിമർശനവും മെസ്സിയെ തളർത്തി. ഈ ഘട്ടത്തിലാണ് മെസ്സി രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കാൻ തീരുമാനിക്കുന്നത്.
‘‘അർജന്‍റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് എത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എനിക്കതിന് കഴിഞ്ഞില്ല. ഇതിൽ കൂടുതലൊന്നും എനിക്കിനി ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല. അർജന്‍റീന ടീമിനൊപ്പമുള്ള എന്റെ യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു...’’ ഇങ്ങനെയായിരുന്നു മെസ്സി വിരമിക്കാനുള്ള തീരുമാനമറിയിച്ച സമയത്ത് പറഞ്ഞത്.
മെസ്സിയുടെ വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് രാജ്യത്തിനകത്തും പുറത്തും നിന്ന് സമ്മർദം ഉയർന്നു. ആ സമയത്ത് അർജന്‍റീനയിൽനിന്നുള്ള മാധ്യമപ്രവർത്തക സോഫി മാർട്ടിനെസ് മെസ്സിയുമായി ഒരു അഭിമുഖം നടത്തി. അതിലവർ മെസ്സിയെ പ്രചോദിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. ‘‘നിങ്ങളിൽനിന്നും മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയാത്ത ചിലതെങ്കിലുമുണ്ട്. നമ്മുടെ രാജ്യത്തെ ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളിലേക്ക് നിങ്ങൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്. നിങ്ങളുടെ പേരെഴുതിയ ജഴ്സിയില്ലാത്ത ഒരു കുട്ടിയെപോലും നമ്മുടെ രാജ്യത്തു കാണാൻ കഴിയുകയില്ല. അർജന്‍റീനയിലെ ഓരോരുത്തരുടെയും ജീവിതത്തിൽ നിങ്ങളുണ്ട് എന്നത് അതിശയോക്തിയല്ല, യാഥാർഥ്യമാണ്. ഒരു ലോകകപ്പ് നേടുന്നതിനപ്പുറമാണ് അതെന്നു മനസ്സിലാക്കുക. അത് മറ്റൊരാൾക്കും നിങ്ങളിൽനിന്ന് തട്ടിയെടുക്കാകില്ല.’’
അന്ന് 2016 ജൂൺ 27ന് ‘‘അർജന്‍റീനയുടെ കുപ്പായത്തിൽ കളിക്കാൻ ഞാനിനിയില്ല’’ എന്ന് പ്രഖ്യാപിച്ച മെസ്സി, പിന്നീട് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സോഫി മാർട്ടിനെസുമായി പ്രത്യേക അഭിമുഖത്തിന് തയാറായത്.
അമേരിക്കയിൽനിന്ന് അർജന്‍റീനയുടെ തലസ്ഥാന നഗരമായ ബ്വേനസ് എയ്റിസിൽ വിമാനമിറങ്ങിയപ്പോൾ മെസ്സി കണ്ട കാഴ്ചകൾ അദ്ദേഹത്തെ വികാരപരവശനാക്കി. വിമാനത്താവളത്തിന് പുറത്ത് ‘പോകരുതേ ലിയോ’ എന്ന ബാനറുകൾ. രാജ്യമെമ്പാടും മെസ്സിയുടെ തിരിച്ചുവരവിനായി പ്രത്യേക പ്രാർഥനകൾ. ബ്വേനസ് എയ്റിസിൽ, തെരുവിൽ അരലക്ഷം പേരുടെ പ്രകടനം. ഇതൊക്കെ മനസ്സിലാക്കിയ അന്നത്തെ അർജന്‍റീനയുടെ പ്രസിഡന്‍റ് മൗറിസിയോ മക്രി മെസ്സിയോട് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർഥനയുമായെത്തി. 2016 ആഗസ്റ്റ് 12ന് മെസ്സി രാജ്യാന്തര ഫുട്ബാളിലേക്ക് മടങ്ങിവരുകയാണെന്നു പ്രഖ്യാപിച്ചു. 2018 ലോകകപ്പിൽ യോഗ്യത മത്സരത്തിനുള്ള ടീമിൽ കളിച്ചെങ്കിലും അർജന്‍റീനക്ക് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാനായില്ല.
നാലു വർഷങ്ങൾക്ക് മുമ്പ് 2022 ലോകകപ്പിൽ പൂർവാവലോകനങ്ങളിൽ അർജന്‍റീനക്ക് സാധ്യതകൾ കുറവായിരുന്നു. പക്ഷേ മെസ്സിയും കൂട്ടുകാരായ ലൗട്ടാറോ മാർട്ടിനെസും, ജൂലിയൻ അൽവാരസും അടങ്ങിയ അർജന്‍റീന ലോകകപ്പിൽ മികവാർന്ന കളിയിലൂടെ ആരാധകരുടെ മനം കവർന്നു. അത്യന്തം ആവേശകരമായ കലാശക്കളിയിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെ കീഴടക്കി. ഫുട്ബാൾ മൈതാനം സാക്ഷിയായ ഏറ്റവും വലിയ മാന്ത്രിക ചുവടുകളോടെ മെസ്സി തന്റെ കരുത്തായ ഇടം കാലുകൊണ്ട് ഖത്തർ ഫുട്ബാൾ വേദികളിൽ നിറഞ്ഞുനിന്നു. കാലങ്ങളോളം മനസ്സിൽനിന്നും മായാതെ നിൽക്കുന്ന ഒരു മത്സരമാണ് അന്ന് 1986നു ശേഷം അർജന്‍റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ഫൈനൽ.
മെസ്സി 2014നു ശേഷം ഒരിക്കൽകൂടി ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തിരിച്ചുവരവിൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്‍റീന 2021, 2024 കോപ അമേരിക്ക ടൂർണമെന്‍റുകളിൽ കിരീടം നേടിയിരുന്നു. വലിയ പ്രതീക്ഷകൾ വെച്ചുപുലർത്താതെയാണ് മെസ്സി നയിച്ച അർജന്‍റീന 2026 ലോകകപ്പിനെത്തിയത്. പൂർവാവലോകനങ്ങളിൽ കേവലം പത്തു ശതമാനമായിരുന്നു മെസ്സിയുടെ ടീമിന്റെ സാധ്യതകൾ. 2022ലേതിനു സമാനമായി ഇടറി തുടങ്ങിയ സംഘത്തെ മെസ്സി കളിച്ചും, കളിമെനഞ്ഞും ഫൈനലിലെത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ആദ്യ പകുതിയുടെ 15ാം മിനിറ്റിൽ ഈജിപ്ത് ആദ്യ ഗോളിലൂടെ അർജന്‍റീനയെ ഞെട്ടിച്ചു. 79ാം മിനിറ്റിൽ രണ്ടാമത്തെ ഗോളിലൂടെ വിജയം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മെസ്സി എന്ന അർജന്‍റീനയുടെ മിശിഹതന്നെ ദൈവമായി കണ്ട വിശ്വാസികളുടെ പ്രാർഥനക്ക് ഒപ്പമുയർന്നത്. ശാന്തനായി കാൽപന്തിന്റെ ദൈവം തന്റെ സഹകളിക്കാരുമായി 13 മിനിറ്റു നേരം നടത്തിയ പ്രത്യാക്രമണം 2026 ലോകകപ്പിലെ മറക്കാനാവാത്ത കളിവിരുന്നാണ് കെട്ടഴിച്ചത്.
79ാമത്തെ മിനിറ്റിൽ ക്രിസ്റ്റാൻ റൊമേരോയുടെ തലയിൽനിന്നും ഈജിപ്തിന്റെ ഗോൾ വലയിലേക്ക് മനോഹരമായ ഹെഡർ. നാലു മിനിറ്റിനുള്ളിൽ തന്റെ ഇടം കാലിൽനിന്നും പെനാൽറ്റി നഷ്ടപ്പെട്ടതിന്റെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞ മെസ്സിയുടെ ഗോൾ. മത്സരം അധിക സമയത്തേക്കു നീങ്ങുമെന്നു കരുതിയിരുന്ന സമയത്താണ് ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസിന്റെ കാലുകളിൽനിന്ന് അർജന്‍റീനക്ക് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച നിർണായക ഗോൾ. 13 മിനിറ്റിലാണ് മെസ്സിയുടെ മാസ്മരിക പ്രഭാവത്തിൽ പരാജയത്തിന്റെ പടുകുഴിയിൽനിന്നും അർജന്‍റീന ഉയിർത്തെഴുന്നേറ്റത്.
സെമിഫൈനലിൽ ഹാരി കെയിന്റെ ഇംഗ്ലണ്ട് ആന്‍റണി ഗോർഡന്റെ രണ്ടാം പകുതിയുടെ പത്താമത്തെ മിനിറ്റിലെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും കളിയുടെ അവസാന മിനിറ്റുകളിൽ എൻസോ ഫെർണാണ്ടസിലൂടെ സമനിലയിൽ എത്തിയ സമയത്തും കളി അധിക സമയത്തേക്ക് നീളാൻ അനുവദിക്കാതെ മെസ്സി ലൗട്ടറോ മാർട്ടിനെസിന് ഒരിക്കൽകൂടി ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വിജയഗോളിനായി വഴിയൊരുക്കുകയായിരുന്നു. ലോകകപ്പിൽ ഇക്കുറി വിശ്വകിരീടമുയർത്തുവാൻ സാധ്യത കൽപിച്ചിരുന്ന ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടീമിനെയാണ് മെസ്സിയുടെ നായക മികവിൽ അർജന്‍റീന പരാജയപ്പെടുത്തിയത്.
മാതാപിതാക്കൾക്കൊപ്പം മെസ്സി
ഫൈനലിൽ താൻ കളിച്ചു വളർന്ന, തന്നെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാർസലോണ ക്ലബിൽനിന്നുള്ള കളിക്കാർ നിരന്ന സ്പെയിനിനോട് മെസ്സിക്ക് തന്റെ യഥാർഥ കളി പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ കിരീടം നേടാമെന്ന മെസ്സി സംഘത്തിന്റെ സ്വപ്നങ്ങൾ സ്പെയിനു മുന്നിൽ വീണുടഞ്ഞു.
2026 ജൂലൈ 31നാണ് രാജ്യാന്തര ഫുട്ബാളിൽനിന്നും മെസ്സി വിരമിക്കുന്ന പ്രഖ്യാപനം നടത്തിയത്. പ്രതീക്ഷിച്ചതുപോലെ ലോകകപ്പ് കഴിഞ്ഞ ഉടനെ വിരമിക്കാനുള്ള തീരുമാനമെടുത്തിരുന്നു. പിതാവ് ഹോർ ഹെ മെസ്സിയുടെ വിയോഗമാണ് വിരമിക്കൽ പ്രഖ്യാപനം വൈകിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽ അർജന്‍റീനക്കായി മെസ്സി 125 ഗോളുകൾ നേടിയിട്ടുണ്ട്. 65 അസിസ്റ്റുകൾ പേരിലുള്ള മെസ്സി 11 ഹാട്രിക്കുകൾ തന്റെ സ്കോർബുക്കിൽ എഴുതി ചേർത്തിട്ടുണ്ട്. 55 തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പെനാൽട്ടി ഗോളുകൾ –25, ഫ്രീകിക്ക് ഗോളുകൾ –12.
2008 ഒളിമ്പിക്സ് സ്വർണം നേടിയ അർജന്‍റീനയുടെ ടീമിലുണ്ടായിരുന്ന മെസ്സിക്ക് 2021, 2024 വർഷങ്ങളിൽ കോപ അമേരിക്ക കപ്പ് നായകനെന്ന നിലയിൽ നേടി കൊടുക്കാനായി. 2022 ൽ ഫൈനലിസിമ വിജയി അർജന്‍റീനയായിരുന്നു. ഫിഫ ഗോൾഡൻ ബാൾ 2014ലും, 2022ലും കോപ അമേരിക്ക ഗോൾഡൻ ബാൾ 2015ലും 2021ലും മെസ്സിക്കായിരുന്നു. കോപ അമേരിക്ക ഗോൾഡൻ ബൂട്ട് 2021ൽ ലഭിച്ച മെസ്സി ബാലൺ ഡി ഓർ എട്ടു തവണയും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം മൂന്നു തവണയും നേടിയിട്ടുണ്ട്. ഇടംകാലുകൊണ്ടാണ് മെസ്സിയുടെ 111 ഗോളുകൾ. 12 ഗോളുകൾ വലംകാലുകൊണ്ടായിരുന്നു. ഹെഡറുകൾ കേവലം രണ്ടെണ്ണം മാത്രം. ആറ് ലോകകപ്പുകളിലായി 34 മത്സരങ്ങളിൽ 21 ഗോളുകൾ മെസ്സിയുടെ പേരിലുണ്ട്. ലാറ്റിനമേരിക്കൻ കളിക്കാരിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സര ഗോളുകൾ മെസ്സിക്കാണ്. കിങ് പെലെയുടെ 77 ഗോളിന്റെ റെക്കോർഡ് 2021ൽ മെസ്സി മറികടന്നിരുന്നു. ക്ലബ് ഫുട്ബാളിൽ ബാഴ്സലോണക്കുവേണ്ടി 672 ഗോളുകൾ സർവകാല റെക്കോഡാണ്. ലാലിഗയിലും 474 ഗോളുകൾ റെക്കോഡുതന്നെ. എൻ ക്ലാസിക്കോയിൽ 26.
ന്യൂജഴ്സിയിൽ, കഴിഞ്ഞ ജൂലൈ 19ന്‍റെ രാത്രിയിൽ ഒരിക്കൽ കൂടി ലോകകപ്പിൽ തന്റെ രാജ്യത്തെ വിജയത്തിലേക്ക് ആനയിക്കാൻ കഴിയാതെ പോയതിൽ നിരാശയിൽ മൈതാനത്ത് നിറ കണ്ണുകളോടെ ഇരുന്ന മെസ്സിയുടെയും, ആ ഇതിഹാസ താരത്തിന്റെ അരികെ, താൻ അന്താരാഷ്ട ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച ശേഷം ജനിച്ച സ്പെയിനിന്റെ ലമീൻ യമാലിനൊപ്പമുള്ള ഫ്രെയിമും ഓർമയിലെന്നുമുണ്ടാകും.
ലയണൽ മെസ്സിയുടെ രാജ്യസ്നേഹം യുവതലമുറ ശൗരവമായി ചിന്തിക്കേണ്ടതും, കണ്ടുപഠിക്കേണ്ടതുമാണ്. പേശി വളർച്ചയില്ലാത്ത ഒരു കുട്ടിയുമായി 13ാം വയസ്സിൽ പിതാവിനൊപ്പം സ്പെയിനിലെത്തി, ബാഴ്സലോണയിലെ ലാ മെസിയ അക്കാദമിയിലൂടെ പന്തുതട്ടി വളർന്ന് ബാഴ്സലോണക്കായി ക്ലബ് തലത്തിൽ തിളങ്ങിയ മെസ്സി പിന്നിട്ട വഴികൾ മറന്നില്ല. ഒരു ചെറിയ കുട്ടി എന്നനിലയിൽ തന്നെ ഒരു അഭിമുഖത്തിൽ തന്റെ വലിയ മോഹം അർജന്‍റീനൻ ദേശീയ ടീമിൽ കളിക്കാൻ കഴിയണമെന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. രാജ്യത്തോടും, സ്വന്തം കുടുംബത്തോടുമുള്ള കൂറിന് ഭൂലോകത്തോളം വളർന്ന മെസ്സിക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല. സ്പെയിനിൽ പൗരത്വമെടുക്കാതിരുന്ന മെസ്സിയെ മനസ്സിലാക്കിയ അർജന്‍റീനൻ ഫുട്ബാൾ അസോസിയേഷൻ 17 വയസ്സു തികഞ്ഞപ്പോൾ 2004 ജൂൺ 29ന് അർജന്‍റീനയുടെ അണ്ടർ-20 ദേശീയ ടീമിൽ ഉൾപ്പെടുത്തി. അടുത്തവർഷം 2005 ആഗസ്റ്റ് 17ന് ഹംഗറിക്കെതിരെ അർജന്‍റീനയുടെ സീനിയർ ടീമിലെത്തി. പിന്നീടുള്ളത് ചരിത്രമാണല്ലോ. അർജന്‍റീനൻ ഫുട്ബാളിൽ ഇതിഹാസ താരം ഡീഗോ മറഡോണക്ക് പകരക്കാരനെ തേടിയുള്ള യാത്രയാണ് സ്പെയിനിൽ നിന്നു ജന്മനാടിനുവേണ്ടി കളിക്കാൻ മെസ്സി വന്നെത്തിയതിലൂടെ സഫലമായത്.
ഒരു നാലു വയസ്സുകാരൻ ബാലനെ ഫുട്ബാളിൽ ഹരിശ്രീ കുറിപ്പിച്ചത് മെസ്സിയുടെ മുത്തശ്ശി സെലിയ ഒലിവേറ ആയിരുന്നു. അവരാണ് പിതാവ് ഹോർ ഹെയോട് തന്റെ പേരകുട്ടിയെ ഫുട്ബാളിൽ പരിശീലനം നൽകണമെന്ന് പറഞ്ഞ് വാശിപിടിച്ചത്.
ലിയോണ് പത്തു വയസ്സുള്ളപ്പോൾ മുത്തശ്ശി സെലിയ ലോകത്തോട് വിടപറഞ്ഞിരുന്നു. 2022 ഖത്തർ ലോകകപ്പിൽ ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് ലോക കിരീടത്തിന് അർഹമായപ്പോൾ നിറകണ്ണുകളോടെ ആകാശത്തേക്കു നോക്കി മുത്തശ്ശിയോട് നന്ദി പറയുന്ന മെസ്സിയുടെ ചിത്രം മറക്കാനാവില്ല. ജീവിതത്തിലും കരിയറിലും മെസ്സിക്ക് കുടുംബത്തിന്റെയും രാജ്യത്തിന്റെയും പിന്തുണ എന്നുമുണ്ടായിരുന്നു
അർജന്‍റീനയിലെ റൊസാരിയോ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിൽ വരെ, ലോകമെമ്പാടും ആരാധകരുള്ള ലയണൽ മെസ്സിയുടെ കളി ഇനി ക്ലബ് ഫുട്ബാളിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. നൂയോർക്കിൽ ഇന്‍റർ മിയാമിക്കു വേണ്ടി 2028 വരെ മെസ്സി കളിക്കാൻ കരാർ ഒപ്പിട്ടുണ്ട്.
കഴിഞ്ഞ 20 വർഷക്കാലം ലോകത്തിലെ കളിമുറ്റങ്ങളിൽ കാൽപന്തുകളിയുടെ സൗന്ദര്യം പകർന്നുതന്ന ലയണൽ മെസ്സി കാൽപന്തിനോട് വിട പറയുമ്പോൾ രണ്ടുവാക്കുകൾ മാത്രമേ പറയാനുള്ളൂ -ഗ്രാസ്യസ് ലിയോ (Gracias Leo), സ്പാനിഷ് ഭാഷയിൽ ‘ലിയോക്ക് നന്ദി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.