ലോകകപ്പിനുശേഷം ആഗോള ഫുട്ബാളില്‍ സംഭവിക്കുന്നത്

ലോക ഫുട്ബാളിൽ വലിയ മാറ്റം നടന്നുവരുകയാണ്. ലോകകപ്പിനുശേഷം നടക്കുന്ന മാറ്റങ്ങളു​െട പിന്നിലെന്താണ്? എന്താണ് മാറ്റങ്ങൾ. ഇരുപത്തിയെണ്ണായിരം ഫുട്ബാള്‍ പ്രേമികളാണ് ഓസ്ട്രിയയിലെ മനോഹരമായ സാല്‍സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ 2026 ആഗസ്റ്റ് 12ന് യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ മത്സരിക്കാനെത്തിയ പാരിസ് സെന്റ് ജർമെയ്ൻ എ.ഇക്കും (PSG) ആസ്റ്റണ്‍ വില്ല എ.ഇക്കുമൊപ്പം മത്സരം നിയന്ത്രിക്കാന്‍ ഫിഫ റഫറിയായി എത്തിയ ഒമര്‍ അബ്ദുൽഖാദര്‍ ആര്‍ട്ടാനെ അത്യാഹ്ലാദത്തോടെ എതിരേറ്റത്. ഓർമയില്ലേ, ഡോണള്‍ഡ് ട്രംപിന്‍റെ യാത്രാവിലക്ക് നിലനില്‍ക്കുന്ന സോമാലിയയില്‍നിന്ന് ഫിഫ റഫറിയായി ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍...

ലോക ഫുട്ബാളിൽ വലിയ മാറ്റം നടന്നുവരുകയാണ്. ലോകകപ്പിനുശേഷം നടക്കുന്ന മാറ്റങ്ങളു​െട പിന്നിലെന്താണ്? എന്താണ് മാറ്റങ്ങൾ.

ഇരുപത്തിയെണ്ണായിരം ഫുട്ബാള്‍ പ്രേമികളാണ് ഓസ്ട്രിയയിലെ മനോഹരമായ സാല്‍സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ 2026 ആഗസ്റ്റ് 12ന് യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ മത്സരിക്കാനെത്തിയ പാരിസ് സെന്റ് ജർമെയ്ൻ എ.ഇക്കും (PSG) ആസ്റ്റണ്‍ വില്ല എ.ഇക്കുമൊപ്പം മത്സരം നിയന്ത്രിക്കാന്‍ ഫിഫ റഫറിയായി എത്തിയ ഒമര്‍ അബ്ദുൽഖാദര്‍ ആര്‍ട്ടാനെ അത്യാഹ്ലാദത്തോടെ എതിരേറ്റത്. ഓർമയില്ലേ, ഡോണള്‍ഡ് ട്രംപിന്‍റെ യാത്രാവിലക്ക് നിലനില്‍ക്കുന്ന സോമാലിയയില്‍നിന്ന് ഫിഫ റഫറിയായി ഫുട്ബാള്‍ ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ എത്തിയ, വിസ ഉണ്ടായിരുന്നിട്ടും മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട്, അപമാനിതനായി തിരിച്ച് അയക്കപ്പെട്ട ആര്‍ട്ടാനെ, യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ക്ഷണിച്ചുവരുത്തിയാണ് അദ്ദേഹത്തിന് ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള ചുമതല നല്‍കിയത്.

തിളക്കമുള്ള മഞ്ഞ ഷര്‍ട്ടും കറുത്ത ഷോട്സും ധരിച്ച് അസിസ്റ്റന്‍റ് റഫറിമാരായ ജിബൂതിയില്‍നിന്നുള്ള ലിബാന്‍ അബ്ദുൽ റസാഖ് അഹ്മദിനും കെനിയന്‍ പൗരനായ സ്റ്റീഫന്‍ എലീസര്‍ ഒനിയാങ്കോ ചിംബെക്കുമൊപ്പം കളിക്കളത്തിലെ കളിയെ നിയന്ത്രിച്ചത് ആര്‍ട്ടാനാണെന്നുള്ളത് കാലം കരുതിവെച്ച മധുര പ്രതികാരം. അപമാനിതരായവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചരിത്രം എപ്പോഴും പിന്തുടരുന്ന ഫുട്ബാള്‍ കളിയില്‍, ആദ്യമായി യുവേഫാ സൂപ്പര്‍ കപ്പ് മത്സരം നിയന്ത്രിക്കുന്ന യൂറോപ്യനല്ലാത്ത റഫറിയെന്ന ആര്‍ട്ടാന്‍റെ ബഹുമതിക്കും ചരിത്രത്തിനുമാണ് സാല്‍സ്ബര്‍ഗ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ന്‍ എ.ഇയും (PSG) യൂറോപാ ജേതാക്കളായ ആസ്റ്റണ്‍വില്ലയും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. കഴിഞ്ഞ സീസണില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ പി.എസ്.ജി റയല്‍ മഡ്രിസിനുശേഷം സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമായി. പി.എസ്.ജിയുടെ താരമായ ഖ്വിച ക്വാററ്റ്സ് ഖേലിയ ആണ് ആദ്യമായി ആസ്റ്റണ്‍ വില്ലയുടെ വലയിലേക്ക് വലതുകാലില്‍നിന്ന് പന്ത് പായിച്ചത്. സൂപ്പര്‍ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ നേടുന്ന ഗോള്‍ എന്ന നേട്ടത്തിലേക്കാണ് 17 വയസ്സ് മാത്രമുള്ള ആസ്റ്റണ്‍ വില്ല താരമായ ബ്രയാന്‍ മാജോ തന്‍റെ സമനില ഗോളിലൂടെ എത്തിയത്. എന്നാല്‍ ഡിസയര്‍ ഡൗവിന്‍റെ ഗോളിലൂടെ പി.എസ്.ജി രണ്ട് ഗോളുകളുടെ വിജയവും സൂപ്പര്‍കപ്പും കരസ്ഥമാക്കി.

ലോകകപ്പിനുശേഷം ഫിഫ ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ ടീമിന്‍റെ ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടത് കാബോ വെര്‍ദെ ടീമിന്‍റെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയാണ്. ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ടീമില്‍നിന്നുള്ള മൂന്നു താരങ്ങള്‍ –മാര്‍ക്ക് കുക്കുറേയ, പെഡ്രോ പോറോ, റോഡ്രി –ഫിഫ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ സ്പെയിന്‍താരം ലമീന്‍ യമാല്‍, പോർചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയരായി. ലോകത്തിലെ മികച്ച സ്ട്രൈക്കര്‍മാരായി ലയണല്‍ മെസ്സി (അര്‍ജന്‍റീന), എര്‍ലിങ് ഹാളണ്ട് (നോര്‍വേ), കിലിയന്‍ എംബാപെ എന്നിവരാണ് ടീമില്‍ ഇടംനേടിയത്. റൗണ്ട് ഓഫ് 32ല്‍ കാബോ വെര്‍ദെ താരം സിഡ്നി ലോപസ് കാബാള്‍ (അര്‍ജന്‍റീനക്ക് എതിരായി നേടിയ സമനില ഗോള്‍) ‘ഗോള്‍ ഓഫ് ദ ടൂര്‍ണമെന്‍റായി’ ഫിഫ തയാറാക്കിയ 12 ഗോളുകളുടെ പട്ടികയില്‍നിന്ന് പബ്ലിക് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. അവസാന നിമിഷം വരെ അര്‍ജന്‍റീനയെ വിറപ്പിച്ച മത്സരത്തില്‍ കാബോ വെര്‍ദെയെ 3-2ന് അര്‍ജന്‍റീന തോൽപിച്ചിരുന്നു.

പുതിയ ഫിഫ റാങ്കിങ്

ലോകകപ്പിനു ശേഷമുള്ള ഫിഫ റാങ്കിങ് പട്ടിക പുറത്തുവന്നപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്, സ്പെയിനും അര്‍ജന്‍റീനയുമാണ്. ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് അര്‍ജന്‍റീനയായിരുന്നു റാങ്കിങ്ങില്‍ ഒന്നാമത്. ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സ് തോറ്റെങ്കിലും, ഫ്രാന്‍സിന് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമാണുള്ളത്. ഇംഗ്ലണ്ടും ബ്രസീലും മൊറോക്കോയും, നാലും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ആഫ്രിക്കയില്‍നിന്നും മൊറോക്കോ ആറാം സ്ഥാനത്ത് എത്തിയത് ഒഴിച്ചാല്‍, ഫിഫ റാങ്കിങ്ങിലെ ആദ്യ 15 സ്ഥാനങ്ങളില്‍ ഒമ്പതും നേടിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്.

പോർചുഗല്‍ ഏഴാം സ്ഥാനത്താണ്. ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലി 15ാം സ്ഥാനവും, 2026ലെ ഫുട്ബാള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച അമേരിക്ക 16ാം സ്ഥാനവും നേടി. ഫിഫ റാങ്കിങ്ങില്‍ കുതിച്ചുകയറ്റം നടത്തിയത് നോർവേയാണ്, പഴയ റാങ്കിങ്ങില്‍ 31ാമതായിരുന്ന നോർവേ പുതിയ റാങ്കിങ്ങില്‍ 19ാം റാങ്കിലെത്തി, 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 138ാമതാണ്.

സ്ഥാനചലനമുണ്ടാകാത്ത കോച്ചുമാര്‍ ലൂയി ഡി ലാ ഫ്യൂന്തെ (സ്പെയിന്‍), ലയണല്‍ സ്കലോണി (അര്‍ജന്‍റീന), തോമസ് ടുഷേല്‍ (ഇംഗ്ലണ്ട്) എന്നിവരാണ്. ഒരു ട്രാഫിക് ബ്ലോക്ക് പോലും അഴിക്കാന്‍ കഴിയാത്തവനെന്ന് മറഡോണ ഒരിക്കല്‍ പരസ്യമായി പരിഹസിച്ച ലയണല്‍ സ്കലോണി ഇന്ന് അര്‍ജന്‍റീനയിലെ തിളക്കമാര്‍ന്ന വിജയങ്ങള്‍ സ്വന്തമായുള്ള പരിശീലകനാണ്. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഫ്രഞ്ച് ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദിദിയര്‍ ദെഷാമിന് പരിശീലകന്‍റെ കുപ്പായം അഴിച്ചുവെക്കേണ്ടിവന്നു. ഫ്രഞ്ച് ഇതിഹാസമായ സിനദിന്‍ സിദാനാണ് അടുത്ത ലോകകപ്പ് വരെ ഫ്രഞ്ച് ദേശീയ ഫുട്ബാള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ചുമതലയേറ്റത്. ഫ്രഞ്ച് ടീമിന്‍റെ ആദ്യ മത്സരം നേഷന്‍സ് ലീഗില്‍ ആയിരിക്കും.

ജർമന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ മാറ്റപ്പെടുകയും പുതിയ കോച്ചായി യുര്‍ഗര്‍ ക്ലോപ്പ് നാലു വര്‍ഷ കരാറില്‍ ഒപ്പിടുകയും ചെയ്തു. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിനെ തുടര്‍ന്ന് ബെല്‍ജിയം കോച്ച് റൂഡി ഗാര്‍ഷ്യക്കു പകരം മാര്‍ക്ക് വാന്‍ ബൊമ്മല്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തി. അടുത്ത യൂറോ കപ്പിന് മുമ്പ്, ബെല്‍ജിയം ടീമിനെ ശക്തമാക്കുകയാണ് ബൊമ്മലിന്‍റെ മുമ്പിലുള്ള ചുമതല.

പോർചുഗല്‍ ടീമിന്‍റെ പുതിയ കോച്ചായി ജോര്‍ജ് ജീസസ് എത്തിയപ്പോള്‍, അമേരിക്കയുടെ മികച്ച ലോകകപ്പ് പ്രകടനത്തിനുള്ള പിന്തുണയായി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കരാര്‍ 2030 വരെ പുതുക്കി. ബാഴ്സലോണയുടെ ഇതിഹാസതാരമായ സാവി ഹെര്‍ണാണ്ടസിനെ നെതര്‍ലന്‍ഡ്സ് ടീമിന്‍റെ പരിശീലകനായി നിയമിച്ചു. ഇതിനിടയിൽ അർജന്‍റീനയുടെ സൂപ്പർതാരം ലയനൽ മെസ്സിയുടെ വിരമിക്കലും ഫുട്ബാൾ ലോകത്ത് ചർച്ചയായി.

 

അര്‍ജന്റീനക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടി

അര്‍ജന്‍റീന-സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ മത്സരശേഷം, സ്പാനിഷ് താരങ്ങളും പകരക്കാരും വിജയാഘോഷത്തിനായി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അര്‍ജന്‍റീനിയന്‍ താരം ലിയാന്‍ഡ്രോ പരേഡസ്, സ്പെയിന്‍താരം എറിക് ഗാര്‍സിയയുമായി തര്‍ക്കിക്കുകയും കഴുത്തിനു പിടിച്ച് തള്ളുകയും ചെയ്തു. ഇതുകണ്ട് ഓടിയെത്തിയ സ്പെയിന്‍താരം ഗാവിയെ തള്ളി താഴെയിട്ടു. കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമുണ്ടായി. അര്‍ജന്‍റീനയുടെ തിയാഗോ അല്‍മേഡയും നഹുവേല്‍ മൊളീനയും പരേഡസിന് പിന്തുണ നല്‍കിക്കൊണ്ട് വാക്കേറ്റത്തിലും കൈയാങ്കളിയിലും പങ്കാളികളായി. അര്‍ജന്‍റീനിയന്‍ ടീമിന്‍റെ സഹപരിശീലകനായ റോബര്‍ട്ടോ അയാള സ്പെയിന്‍താരം ഡാനി ഒല്‍മോയുടെ കഴുത്തില്‍ കയറിപ്പിടിച്ച സംഭവത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

ഗ്രൗണ്ടിലെ കൈയാങ്കളിയില്‍ ഫിഫ നടത്തിയ അന്വേഷണത്തില്‍, ഫുട്ബാള്‍ കളിയുടെ മാന്യതക്ക് നിരക്കാത്ത മോശം പെരുമാറ്റത്തിനും കളിയില്‍ രാഷ്ട്രീയം കലര്‍ത്തിയതിനും വംശീയ അധിക്ഷേപത്തിനും അര്‍ജന്‍റീനൻ ഫുട്ബാള്‍ അസോസിയേഷന് 3.07 കോടി രൂപ പിഴയിട്ടു. ഇതോടൊപ്പം ടീമിന്‍റെ രണ്ട് ഹോം മത്സരങ്ങളില്‍ സ്റ്റേഡിയത്തില്‍ പകുതി കാണികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിബന്ധനയും ഫിഫ ഗവേണിങ് ബോഡി ചുമത്തി. ഫുട്ബാളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനായി ഒരു കോടിയോളം രൂപ പിഴത്തുകയില്‍നിന്ന് മാറ്റിവെക്കും. ഫോക്‍ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്‍റീനയുടേതാണ് എന്ന രാഷ്ട്രീയ ബാനര്‍ അര്‍ജന്‍റീന-ഇംഗ്ലണ്ട് മത്സരശേഷം അര്‍ജന്‍റീനന്‍ താരങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഈ പിഴത്തുകക്ക് പുറമെ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് അര്‍ജന്‍റീനന്‍ കളിക്കാരായ ലിയാന്‍ഡ്രോ പരേഡസിന് 10 കളിയില്‍ വിലക്കും 86 ലക്ഷം രൂപ പിഴയും, നഹുല്‍ മൊളീനക്ക് ഏഴ് കളിയില്‍ വിലക്കും 86 ലക്ഷം രൂപ പിഴയും അല്‍മേഡക്ക് ഒരു മത്സരത്തില്‍ വിലക്കും 28.70 ലക്ഷം രൂപ പിഴയും സഹപരിശീലകന്‍ അയാളക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കും 28.70 ലക്ഷം രൂപ പിഴയുമാണ് ഫിഫ വിധിച്ചത്. മോശം രീതിയില്‍ സംസാരിച്ചതിന് സ്പെയിന്‍ താരം ഗാവിക്ക് ഒരു മത്സരത്തില്‍ വിലക്കും 28.70 ലക്ഷം രൂപ പിഴയും ഫിഫ ചുമത്തി.

 

യുവേഫ സൂപ്പര്‍ കപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുന്ന ഒമര്‍ അബ്ദുൽ ഖാദര്‍ ആര്‍ട്ടാൻ 

സ്വകാര്യവത്കരണം

ഫുട്ബാള്‍ ലോകകപ്പിനുശേഷം ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ തുറന്നുവിട്ട സ്വകാര്യവത്കരണം എന്ന കൊടുങ്കാറ്റിന് ഇതുവരെയും ശമനമായിട്ടില്ല. 2026 ജൂലൈയിലാണ് ഫിഫയുടെ വാണിജ്യ അവകാശങ്ങളും ഭാവിയില്‍ ലോകകപ്പ് അടക്കമുള്ളവയുടെ നടത്തിപ്പിനും അവകാശമുള്ള ഫിഫ ഫോര്‍വേഡ് എന്‍റര്‍പ്രൈസ് (FFE) എന്ന സബ്സിഡിയറി കമ്പനി രൂപവത്കരിക്കുമെന്നും, ഏതാണ്ട് രണ്ടുലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ കമ്പനിയിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരുമെന്നും പ്രസിഡന്‍റ് പ്രഖ്യാപിക്കുന്നത്. FFEയുടെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 40,000 കോടി രൂപ സമാഹരിക്കാനായി ധനകാര്യ സർവിസ് സ്ഥാപനമായ ജെ.പി. മോര്‍ഗനെയാണ് ഫിഫ ചുമതലപ്പെടുത്തിയത്. ജെ.പി. മോര്‍ഗന്‍ തയാറാക്കിയ സ്വകാര്യ നിക്ഷേപകരുടെ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മരുമകനായ ജാ​രദ് കുഷ്നറുടെ സഹോദരന്‍ ജോഷ്വ കുഷ്നറുടെ സ്ഥാപനമായ ത്രീവ് എറ്റേണല്‍ അടക്കമുള്ളവയുണ്ട്.

സ്വകാര്യനിക്ഷേപം വഴി ലഭിക്കുന്ന തുകയില്‍നിന്ന് 190 കോടി രൂപ ഓരോ ഫെഡറേഷനും ഫുട്ബാള്‍ വികസനത്തിനായി 2027-2030 കാലയളവില്‍ ഫിഫ ഫാസ്റ്റ് ഫോര്‍വേഡ് പ്രോഗ്രാം വഴി നല്‍കുമെന്നും, 2035-38 ആകുമ്പോള്‍ ഈ തുക 230 കോടി രൂപയായി ഉയര്‍ത്തുമെന്നുമുള്ള വലിയ വാഗ്ദാനമാണ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയത്. ഇതിനൊപ്പം, വാര്‍ഷിക ഗ്രാന്‍റ് 80 ലക്ഷം ഡോളറില്‍നിന്ന് രണ്ടുകോടി ഡോളറായി ഉയര്‍ത്തുകയും ചെയ്യും. FFE യുടെ ചെറിയ ശതമാനം ഓഹരികള്‍ മാത്രമാണ് വില്‍ക്കുന്നതെന്നും, കമ്പനിയുടെ പൂര്‍ണനിയന്ത്രണം ഫിഫക്ക് തന്നെയാണെന്നും വ്യക്തമാക്കി.

സ്വകാര്യവത്കരണ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ആദ്യമായി രംഗത്തുവന്നത് യുവേഫ (യൂനിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍) ആണ്. അടിയന്തര യോഗം വിളിച്ച് ‘ഫുട്ബാളിന്‍റെ ആത്മാവും ഭരണവും വിൽപനക്കുള്ളതല്ലെന്ന് പ്രഖ്യാപിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡ റേഷനും (എ.എഫ്.സി) കോണ്‍കകാഫും ഫിഫയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ഭാവിയില്‍ ഫിഫ നടത്തുന്ന ഒരു ടൂര്‍ണമെന്‍റിലും പങ്കെടുക്കില്ലെന്നും ടൂര്‍ണമെന്‍റുകള്‍ ബഹിഷ്കരിക്കുമെന്നും ജൂലൈ 30ന് നടന്ന അടിയന്തര യോഗത്തില്‍ യുവേഫ തീരുമാനമെടുത്തു. ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ കായിക ലോകത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും, അത് ലാഭത്തിനുവേണ്ടി വില്‍ക്കാനുള്ളതല്ലെന്നും 55 അംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു.

ഇന്‍ഫാന്‍റിനോയുടെ ഉപദേഷ്ടാവും കഴിഞ്ഞ ലോകകപ്പില്‍ വൈറ്റ് ഹൗസ് ദൗത്യസംഘത്തിന്‍റെ തലവനുമായിരുന്ന കാര്‍ലോസ് കോര്‍ഡേറോ സ്വകാര്യവത്കരണ നീക്കത്തില്‍ പ്രതിഷേധിച്ച് ഫിഫയില്‍നിന്ന് രാജിവെച്ചത് ഇന്‍ഫാന്‍റിനോയെ ദുര്‍ബലനാക്കി. പിന്നീട് സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍ പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് ഫിഫ വാര്‍ത്താകുറിപ്പിലൂടെ പ്രസ്താവിച്ചു. നിർദേശം പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ ബഹിഷ്കരിക്കുമെന്ന് യുവേഫയും വ്യക്തമാക്കി. ഇന്‍ഫാന്‍റിനോ മാപ്പു പറഞ്ഞെങ്കിലും ഏകാധിപത്യപരമായ ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കുന്നത് ഫിഫയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും യുവേഫ ഓർമപ്പെടുത്തി.

ഫിഫ ഡയറക്ടര്‍മാരുടെ യോഗം ഫിഫ പ്രസിഡന്‍റിന് പൂർണ പിന്തുണ പിന്നീട് നല്‍കിയപ്പോള്‍, ഇന്‍ഫാന്‍റിനോ പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ല എന്ന് തീരുമാനിച്ചു. സ്വകാര്യവത്കരണ തീരുമാനം ഫിഫ അംഗരാജ്യങ്ങള്‍ക്കിടയില്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ടു പക്ഷങ്ങള്‍ക്ക് രൂപംനല്‍കി. കോണ്‍കകാഫ് അംഗമായ മെക്സിക്കോ, കോണ്‍കകാഫ് തീരുമാനത്തിന് എതിരായി അര്‍ജന്‍റീനിയന്‍ ഫുട്ബാള്‍ അസോസിയേഷനോടൊപ്പം ഫിഫ പ്രസിഡന്‍റിന് പിന്തുണ നല്‍കി. ഏഷ്യയില്‍, ഖത്തര്‍, ശ്രീലങ്ക, യു.എ.ഇ, കുവൈത്ത്, ലബനാന്‍ അസോസിയേഷനുകള്‍ ഇന്‍ഫാന്‍റിനോയെ പിന്താങ്ങുന്നവരാണ്. ആഫ്രിക്കന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും തെക്കേ അമേരിക്കന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും ഓഷ്യാനിയയും പ്രസിഡന്‍റിന്‍റെ പിന്നിലാണ്. ആഫ്രിക്കയില്‍നിന്ന് മൊറോക്കോ, സുഡാന്‍, ഈജിപ്ത് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിഫ പ്രസിഡന്‍റ് എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് നോർവേ ആവശ്യപ്പെട്ടപ്പോള്‍, കഴിഞ്ഞ ലോകകപ്പിന് ആതിഥേയരായ കാനഡ, യു.എസ് ഫുട്ബാള്‍ അസോസിയേഷനുകള്‍ ഫിഫയില്‍ സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിന് എതിരായി രംഗത്തുവന്നു. ലോകകപ്പ് ലാഭകരമായി നടത്താന്‍ ഇന്‍ഫാന്‍റിനോക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുന്നത് വലിയ അബദ്ധമാകുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.

211 അസോസിയേഷനുകളുള്ള ഫിഫയില്‍ സ്വകാര്യവത്കരണ നീക്കത്തിന് മുമ്പ് ഇന്‍ഫാന്‍റിനോക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 2027 മാര്‍ച്ചില്‍ പുതിയ ഫിഫ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുമ്പോള്‍, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിക്കുന്ന ഇന്‍ഫാന്‍റിനോക്ക് ഈ വിവാദം കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്, ഇന്‍ഫാന്‍റിനോ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ പിന്തുണ നേടാന്‍ തന്‍റെ തുറുപ്പുചീട്ട് ഇറക്കി കളിക്കുമോയെന്നാണ്. അടുത്ത ലോകകപ്പില്‍ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 64 ആയി വർധിപ്പിക്കുമോയെന്നാണ് ലോകം ചോദിക്കുന്നത്, ഫിഫ പ്രസിഡന്‍റിന് അറിയാം എണ്ണം വർധിപ്പിച്ചാല്‍ കൂടുതല്‍ അംഗരാജ്യങ്ങളുടെ പിന്തുണ നേടാമെന്ന്. 

താച്ചറിസവും റീഗനിസവും വഴി എല്ലാ മേഖലകളിലും സ്വകാര്യവത്കരണം കൊണ്ടുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഫിഫയുടെ സ്വകാര്യവത്കരണത്തെ, ലോകകപ്പ് നടത്തിപ്പിനെ, എതിര്‍ക്കുന്നത് ഫുട്ബാള്‍ ആരാധകരിലും വിദഗ്ധരിലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. അന്ധമായ സ്വകാര്യവത്കരണം നാശോന്മുഖമാണെന്ന് പാഠങ്ങളില്‍നിന്ന് അവര്‍ പഠിച്ചിട്ടുണ്ടാകാം. പ്രതിഷേധങ്ങളില്‍ കൂടിയും വിമതസ്വരങ്ങളില്‍ കൂടിയും ഫിഫ ഒരു ജനാധിപത്യ പ്രക്രിയയിലൂടെ കടന്നുപോകുന്ന കാലമാണ്. ഈ സ്വരങ്ങള്‍ ഫിഫയെ കൂടുതല്‍ ജനാധിപത്യമുഖമുള്ള പ്രസ്ഥാനമായി മാറ്റുന്നതിനായി നമുക്ക് കാത്തിരിക്കാം.

(തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ.)

Tags:    
News Summary - Football After The World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.