ബഖ്തീൻ, ബാർത്ത്, ബ്രനഗൻ ലോകകപ്പിന്റെ രാഷ്ട്രീയ വായന

ലോകകപ്പ് ഫുട്ബാൾ കാണാൻ ​ഫുട്ബാൾ പ്രേമികളായ സാധാരണക്കാർ മാത്രമല്ല എത്തുക. അവരിൽ ബുദ്ധിജീവികളായ മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ എന്നിവരുമുണ്ടായേക്കാം. അവർ എങ്ങനെയാണ് ഈ ലോകകപ്പും അതിന്റെ ആഘോഷങ്ങളും കാണുക? ലോകകപ്പ് കാണാൻ ലോകജനത മുഴുവനുമുണ്ടാകും. കവിയും കള്ളനും സന്യാസിയും തൊഴിലാളിയും നഴ്സും വിദ്യാർഥിനികളും എല്ലാവരുമെല്ലാവരും. എങ്കിൽ, സ്റ്റേഡിയത്തിൽ ഏതാനും ബുദ്ധിജീവികൾകൂടി ഉണ്ടാവാം. മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ തുടങ്ങിയ ബുദ്ധിജീവികളാണ് സ്റ്റേഡിയത്തിലിരിക്കുന്നതെങ്കിൽ അവർ എങ്ങനെ ഈ ഫുട്ബാൾ അനുഭവത്തെ വിലയിരുത്തും? ഒന്നും ഉറപ്പുപറയാൻ കഴിയില്ല. എന്നാലും അവർ സമാന വിഷയങ്ങളിൽ...

ലോകകപ്പ് ഫുട്ബാൾ കാണാൻ ​ഫുട്ബാൾ പ്രേമികളായ സാധാരണക്കാർ മാത്രമല്ല എത്തുക. അവരിൽ ബുദ്ധിജീവികളായ മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ എന്നിവരുമുണ്ടായേക്കാം. അവർ എങ്ങനെയാണ് ഈ ലോകകപ്പും അതിന്റെ ആഘോഷങ്ങളും കാണുക?

ലോകകപ്പ് കാണാൻ ലോകജനത മുഴുവനുമുണ്ടാകും. കവിയും കള്ളനും സന്യാസിയും തൊഴിലാളിയും നഴ്സും വിദ്യാർഥിനികളും എല്ലാവരുമെല്ലാവരും. എങ്കിൽ, സ്റ്റേഡിയത്തിൽ ഏതാനും ബുദ്ധിജീവികൾകൂടി ഉണ്ടാവാം. മിഖായേൽ ബഖ്തീൻ, റൊളാങ് ബാർത്ത്, ബ്രനഗൻ തുടങ്ങിയ ബുദ്ധിജീവികളാണ് സ്റ്റേഡിയത്തിലിരിക്കുന്നതെങ്കിൽ അവർ എങ്ങനെ ഈ ഫുട്ബാൾ അനുഭവത്തെ വിലയിരുത്തും? ഒന്നും ഉറപ്പുപറയാൻ കഴിയില്ല. എന്നാലും അവർ സമാന വിഷയങ്ങളിൽ പറഞ്ഞ അഭിപ്രായത്തിൽനിന്ന് ചില കാര്യങ്ങൾ ഊഹിച്ചെടുക്കാം. മനുഷ്യജീവിതത്തെക്കുറിച്ചും അവർ നേരിടുന്ന അടിമത്തങ്ങളെക്കുറിച്ചും മോചനമാർഗങ്ങളെക്കുറിച്ചും അവർക്ക് പലതും പറയാനുണ്ടാവും. തീർത്തും വിഭിന്നങ്ങളായ മൂന്ന് വഴികളിലാവും അവരുടെ മനസ്സ് സഞ്ചരിക്കുക എന്നതാണ് ഏറ്റവും താൽപര്യജനകമായ കാര്യം.

1. ബഖ്തീനും ഉത്സവവും

ലോകകപ്പ് ഫുട്ബാൾ എന്ന ഉത്സവം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിലും പുറത്ത് ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലും കോടാനുകോടി ജനങ്ങൾ. ഓരോ മത്സരവും ഉറക്കമൊഴിച്ചും ജോലിക്കിടയിലും കണ്ടത് ഒടുവിലെ ആ കാഴ്ച കാണാൻതന്നെയാണ്. പുതിയ ചാമ്പ്യൻ ടീമിന്റെ കിരീടധാരണം. ലോക ചരിത്രത്തിലെത്തന്നെ ഒരു ചക്രവർത്തിയുടെ കിരീടധാരണത്തിനും ഇത്രയേറെ ആളുകൾ കാഴ്ചക്കാരായി ഉണ്ടായിട്ടില്ല. ഇതുപോലെ ജനസാമാന്യം ഓർത്തിരിക്കുന്ന ഒരു ഭരണാധികാരിയുടെ സത്യപ്രതിജ്ഞയുമില്ല. പക്ഷേ, ഉത്സവം നടക്കുന്ന സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തിനിടയിൽ മിഖായേൽ ബഖ്തീൻ എന്ന സാംസ്കാരികചിന്തകൻ ഉണ്ടെന്ന് കരുതുക, അദ്ദേഹം കിരീടധാരണത്തോടൊപ്പം (crowning) മറ്റൊന്നുകൂടി കാണും. കിരീടധാരണത്തിന് നേർവിപരീതമായ കാഴ്ച, കിരീടനഷ്ടം (uncrowning) തന്നെ.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സാംസ്കാരിക ചിന്തകനും ഘടനാവാദം, ചിഹ്നവിജ്ഞാനീയം തുടങ്ങിയ നിരവധി മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത റഷ്യൻ പണ്ഡിതനുമായിരുന്നു മിഖായേൽ ബഖ്തീൻ. ഘടനാവാദ (Structuralist) ചിന്തകൻ എന്ന നിലയിലാണ് ബഖ്തീൻ പ്രശസ്തനായതെങ്കിലും ഉത്തര ഘടനാവാദത്തിന്റെ (Post Structuralism) പിറവിക്ക് മുന്നേ അതിന്റെ നിലപാടുകൾ ദീർഘദർശനം ചെയ്ത ചിന്തകനായും അദ്ദേഹം അറിയപ്പെടുന്നു. കൂടാതെ, ചിഹ്നവിജ്ഞാനീയം (semiotics) എന്ന ജ്ഞാനശാഖക്കും അദ്ദേഹം വലിയ സംഭാവനകൾ ചെയ്തു. ബഖ്തീന്റെ രാഷ്ട്രീയ-സാമൂഹിക ചിന്തകൾക്ക് സവിശേഷമായ ശ്രദ്ധ ലഭിച്ച വിഷയമാണ് ഉത്സവവും (carnival) ഉത്സവാത്മകതയും (carnivalesque).

മിഖായേൽ ബഖ്തീന്റെ ഉത്സവം, ഉത്സവാത്മകത (carnivalesque) എന്നീ ആശയങ്ങൾ പ്രധാനമായും അദ്ദേഹത്തിന്റെ ‘റബേലയും അദ്ദേഹത്തിന്റെ ലോകവും’ (Rabelais and His World), ദസ്തയേവ്സ്കിയുടെ ‘കാവ്യശാസ്ത്രത്തിലെ പ്രശ്നങ്ങൾ’ (Problems of Dostoevsky’s Poetics) എന്നീ കൃതികളിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഫിഫ ലോകകപ്പ് എന്ന ആധുനിക മെഗാ-ദൃശ്യവിസ്മയത്തെ വിശകലനം ചെയ്യാൻ പറ്റിയ സൈദ്ധാന്തിക ചട്ടക്കൂടാണ് ഉത്സവാത്മകത എന്ന പരികൽപന. യൂറോപ്പിലെ മധ്യകാലഘട്ടത്തിലെ ചില നാട്ടുത്സവങ്ങളായിരുന്നു വിശകലനത്തിനായി ബഖ്തീൻ തെരഞ്ഞെടുത്തത്. വിഡ്ഢിപ്പൂരം, (Festum Stultorum), കഴുതപ്പൂരം (Festum Asinorum) തുടങ്ങിയ കോമാളിപ്പൂരങ്ങൾ.

കന്യാമറിയം കഴുതപ്പുറത്ത് കയറിയാണല്ലോ ബെത്ലഹേമിലേക്ക് യാത്രചെയ്തത്. അതിന്റെ ഓർമക്ക് കഴുതയെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് കഴുതപ്പൂരം. ഇത്തരം ഉത്സവങ്ങളിൽ ബഖ്തീൻ കണ്ടെത്തിയ ചില സാമൂഹിക തത്ത്വങ്ങളും പൊതുസ്വഭാവങ്ങളും ഫിഫ ലോകകപ്പ് എന്ന ആഗോള ഉത്സവത്തിന്റെ സ്റ്റേഡിയത്തിൽ ബഖ്തീൻ ഉണ്ടായിരുന്നെങ്കിൽ കാണാതെ പോവില്ലായിരുന്നു. എന്താണ് ജനകീയമായ ഇത്തരം ഉത്സവങ്ങളുടെ പ്രത്യേകത? ബഖ്തീൻ പറയുന്നത് ഓരോ ഉത്സവവും താൽക്കാലികമായ ഉട്ടോപ്യൻ (ആദർശാത്മക) ഇടമാണെന്നാണ്.

അവിടെ ദൈനംദിന ‘ഔദ്യോഗിക’ജീവിതത്തിലെ കർക്കശമായ അധികാരശ്രേണികളും സിദ്ധാന്തങ്ങളും നിയമങ്ങളും താൽക്കാലികമായി റദ്ദാക്കപ്പെടുന്നു. ഗൗരവത്തിനു പകരം കൂട്ടായ ചിരി, നിയമബദ്ധമായ ജീവിതത്തിനു പകരം വിചിത്രമായ പെരുമാറ്റങ്ങൾ, ആത്മീയതക്ക് പകരം മനുഷ്യശരീരത്തിനു നൽകുന്ന പ്രാധാന്യം, അധികാരത്തിന്റെ പ്രതീകാത്മകമായ കിരീടം അഴിക്കൽ (uncrowning) എന്നിവയാണ് കാണുക.

ഫിഫ ലോകകപ്പ് ബഖ്തീന്റെ ഉത്സവസംസ്കാരത്തെ വലിയൊരു പരിധിവരെ പ്രതിഫലിപ്പിക്കുന്നുണ്ട്. തീർച്ചയായും, ലോകകപ്പ് ജനകീയോത്സവമായിരിക്കെത്തന്നെ അത് ആഗോളവിപണിയുടെ നിയന്ത്രണത്തിലുമാണ്. രാഷ്ട്രങ്ങളുടെയും മതങ്ങളുടെയും അദൃശ്യനിയന്ത്രണങ്ങൾ വേറെ. ഇതൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ചങ്ങലകൾ പൊട്ടിച്ചെറിയുന്ന ജനകീയത അവിടെ താൽക്കാലിക വിജയമെങ്കിലും നേടുന്നുണ്ട്.

ഇവിടെയാണ് ബഖ്തീന്റെ വീക്ഷണങ്ങളുടെ പ്രാധാന്യം. വിപണിയും സമ്പത്തിന്റെ വിതരണവും എന്തിനെയും ഏതിനെയും നിയന്ത്രിക്കുമെന്നാണല്ലോ സാമ്പ്രദായിക മാർക്സിസ്റ്റ് കാഴ്ചപ്പാട്. സാമ്പ്രദായിക മാർക്സിസ്റ്റ് പണ്ഡിതരുടെ വരട്ടുവാദങ്ങളിൽനിന്ന് ഒരളവുവരെ രക്ഷപ്പെടുന്ന യൂറോപ്പിലെ ഫ്രാങ്ക്ഫർട്ട് സ്കൂൾ പണ്ഡിതന്മാരുടെ കാഴ്ചപ്പാടും ഏതാണ്ട് ഈ വഴിക്കുതന്നെ. എന്നാൽ, ബഖ്തീന്റെ ശ്രദ്ധ ജനകീയതയുടെ സർഗാത്മകതയിലേക്കും സാധ്യതകളിലേക്കും നീളുന്നു. ജനകീയമായ ഉത്സവത്തിൽ എന്താണ് സംഭവിക്കുന്നത്, ലോകകപ്പ് ഉത്സവത്തിലും ഇതൊക്കെ സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ എന്നീ കാര്യങ്ങൾ പരിശോധിക്കാം.

 

1. സാമൂഹിക അധികാരശ്രേണികളുടെ തീവ്രമായ ലംഘനം (Radical Transgression of Social Hierarchy):

ബഖ്തീനെ സംബന്ധിച്ചിടത്തോളം ഉത്സവത്തിന്റെ കാതലായ ഭാഗം ജനങ്ങളുടെ സ്വതന്ത്രമായ കൂട്ടുചേരലുകളാണ്. ഈ ഇടപഴകലിൽ വർഗം, സ്വത്ത്, തൊഴിൽ, സാമൂഹിക പദവി എന്നിവയുടെ അതിർവരമ്പുകൾ താൽക്കാലികമായി തകർന്നുവീഴുന്നു. പണ്ടത്തെയും ഇപ്പോഴത്തെയും ഉത്സവങ്ങളിൽനിന്ന് ചില ഉദാഹരണങ്ങൾ പറയാം:

1. മധ്യകാല യൂറോപ്പിലെ (12-16 നൂറ്റാണ്ടുകളിൽ) വിഡ്ഢിപ്പൂരത്തെക്കുറിച്ച് (Feast of Fools) പരാമർശിച്ചല്ലോ. ഫ്രാൻസിലും മറ്റും ഇത് ആഘോഷിച്ചിരുന്നു. ജനുവരി 1 നാണ് വിഡ്ഢിപ്പൂരം. ഒരു മണ്ടൻ ബിഷപ്പിനെയോ മണ്ടൻ മാർപാപ്പയെയോ തെരഞ്ഞെടുക്കലാണ് ഈ ഉത്സവത്തിലെ മുഖ്യമായ ഒരാചാരം. പള്ളിയും സഭയുമൊക്കെ ജനങ്ങളെയും ചക്രവർത്തിയെയും നേരിട്ട് നിയന്ത്രിച്ചിരുന്ന മധ്യകാലത്താണ് ഇത് നടക്കുന്നത് എന്നോർക്കണം. ഒരു കോയർബോയ് അല്ലെങ്കിൽ സബ്ഡീക്കൻ ബോയ് ‘ബിഷപ്’ അല്ലെങ്കിൽ ‘ലോർഡ് ഓഫ് മിസ്റൂൾ’ ആയി തിരഞ്ഞെടുക്കപ്പെടുന്നു.

അയാൾ ബിഷപ്പിന്റെ വസ്ത്രം ധരിക്കുന്നു, സർവരെയും കളിയാക്കുന്ന പ്രസംഗങ്ങൾ നടത്തുന്നു, ബക്കറ്റിലെ വെള്ളംകൊണ്ട് ആളുകളെ ആശീർവദിക്കുന്നു. ഇതൊക്കെ ആ പയ്യൻസ് ചെയ്യുമ്പോൾ യഥാർഥ ബിഷപ്പുമാരും പുരോഹിതരും അയാളുടെ സേവകരായി നിൽക്കും! അശ്ലീല ഗാനങ്ങൾ, അൾത്താരയിൽ ചൂതാട്ടം, എല്ലാം അവിടെ നടക്കുന്നു. വിശുദ്ധ ആരാധനക്രമംതന്നെ പരിഹാസ്യമായി മാറുന്നു. ഒരു ദിവസത്തേക്ക്, സഭ സ്വയം നോക്കി ചിരിക്കുന്നു. ഇതൊക്കെ ഒറ്റ ദിവസത്തേക്ക് മാത്രം. പിറ്റേന്ന്, സാധാരണ മട്ട് തിരികെ വരുന്നു.

2. ആധുനിക കാലത്ത് ബ്രസീലിലെ റിയോ കാർണിവലിലും ഏതാണ്ട് ഇതൊക്കെ സംഭവിക്കുന്നു. ഇതിലെ ‘ബ്ലോക്കോസ് തെരുവ് പാർട്ടി’കളിൽ ലോകത്തിലെ വൻ കമ്പനികളിലെ സി.ഇ.ഒമാരും രാഷ്ട്രീയക്കാരും ദരിദ്രരും നാട്ടുകാരും ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് നൃത്തംചെയ്യുന്നു, അർധനഗ്നരായി, ലഹരിയിൽ, ഗ്ലിറ്റർ പൂശി. സാമൂഹികശ്രേണിയുടെ അട്ടിമറിയാണ് ഇവിടെയും സംഭവിക്കുന്നത്. ബ്രസീലിലെ ക്രൂരമായ വർഗ/വംശ വിഭജനങ്ങൾ താൽക്കാലികമായി നിർത്തിവെക്കപ്പെടുന്നു. മേയർ നഗരത്തിന്റെ താക്കോൽ കിങ് മോമോക്ക് (5 ദിവസം റിയോ ‘ഭരിക്കുന്ന’ തടിച്ച, തമാശക്കാരനായ ഒരു രൂപത്തിന്) കൈമാറുന്നു. പൊലീസ് പിന്മാറും. ‘മാന്യരായ’ പൗരന്മാർക്കായി സാധാരണ നീക്കിവെച്ച പൊതു ഇടങ്ങൾ ഫ്രീക്കന്മാർ കൈയടക്കും.

3. പതിനെട്ടാം നൂറ്റാണ്ടിലെ വെനീസ് കാർണിവലിലും ഇതൊക്കെ സംഭവിക്കുന്നു. മുഖംമൂടിയിട്ടാണ് ആഘോഷക്കാർ നടക്കുക. മുഖംമൂടി എല്ലാവരെയും അജ്ഞാതരാക്കുമല്ലോ. ആ വേളയിൽ പ്രഭുക്കന്മാർക്ക് സേവകരോടൊപ്പം ചൂതാടാം, വേശ്യകളോടൊപ്പം ശയിക്കാം. വ്യക്തിത്വവും മേൽവിലാസവും നൽകുന്ന മുഖം അപ്രത്യക്ഷമായാൽ സാമൂഹിക ശ്രേണി ക്ഷണത്തിൽ ഇല്ലാതാകുമല്ലോ. പ്രഭുവിനെ അയാളുടെ സേവകന് ഒരു കളിയിൽ ചാട്ടവാറടിക്കാം. രണ്ടു പേരും ചിരിക്കും.

ഏതാണ്ട് ഇതൊക്കെത്തന്നെ ഫുട്ബാൾ ലോകകപ്പ് നടക്കുന്ന കാലത്ത് സംഭവിക്കാറുണ്ട്. മറ്റൊരു രീതിയിലാണെന്ന് മാത്രം. സ്റ്റേഡിയങ്ങൾക്കുള്ളിലും പബ്ലിക് ഫാൻ സോണുകളിലും ആതിഥേയ നഗരങ്ങളിലെ തെരുവുകളിലും പരമ്പരാഗതമായ ദേശരാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതകളും സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളും പലപ്പോഴും അലിഞ്ഞുപോകാറുണ്ട്. കടുത്ത ശത്രുതയുള്ള രാജ്യം ജയിക്കുന്നതാണ് തങ്ങളുടെ രാജ്യത്തിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുന്നത് എന്ന് കരുതുക. അത്തരം സന്ദർഭങ്ങളിൽ ശത്രുരാജ്യത്തിന്റെ വിജയത്തിനായി ആർപ്പുവിളിക്കുന്ന ഫുട്ബാൾ പ്രേമികൾ സ്റ്റേഡിയത്തിൽ നിറയും. ദേശീയതയും അതിന്റെ തീവ്രവികാരങ്ങളും ഇവിടെ അവധിയെടുത്ത് പോവുന്നു.

കോർപറേറ്റ് എക്സിക്യൂട്ടിവും സാധാരണക്കാരനായ ഒരു തൊഴിലാളിയും കെട്ടിപ്പിടിക്കുന്നതും ഒന്നിച്ച് മദ്യം പങ്കിടുന്നതും മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കാണാം. ഫുട്ബാൾ ആരാധകൻ എന്ന പൊതുവായ വ്യക്തിത്വം ദൈനംദിന സാമൂഹിക തരംതിരിവുകളെ പൂർണമായും ഇല്ലാതാക്കുന്നു. ഫുട്ബാൾ നടക്കുന്ന പട്ടണങ്ങളിൽ ആളുകൾ ദേശ, വർഗ, മത, ലിംഗ വ്യത്യാസങ്ങളില്ലാതെ ഒരുമിച്ച് ആർത്തുല്ലസിച്ച് നടക്കുന്നു. അപ്പോൾ ദൂരെ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും എല്ലാ രാജ്യങ്ങളുടെയും കൊടികൾ ഒന്നിച്ച് ഉയരുന്നു.

2. വൈചിത്ര്യം, വേഷപ്പകർച്ച, മുഖംമൂടി (Eccentricity, Costuming, and the Mask):

മനുഷ്യപ്രകൃതിയുടെ ഒളിച്ചുവെക്കപ്പെട്ടതും പ്രകടിപ്പിക്കപ്പെടാത്തതുമായ വശങ്ങൾക്ക് പുറത്തുവരാൻ ഉത്സവങ്ങളിലെ വിചിത്രമായ പെരുമാറ്റങ്ങളും വസ്ത്രധാരണങ്ങളും പരിഹാസാത്മകമായ മുഖംമൂടികളും വഴിയൊരുക്കുന്നു എന്ന് ബഖ്തീൻ ഊന്നിപ്പറയുന്നു. ലോകകപ്പിലോ? സാധാരണ ജീവിതത്തിലെ വേഷവിധാനങ്ങളുടെ അട്ടിമറി ഇവിടെ പൂർണമാണ്. റിയോവിലെ തെരുവുത്സവങ്ങൾ ലോകകപ്പിന്റെ മുന്നിൽ ഒന്നുമല്ല.

മുതിർന്ന മനുഷ്യർ ശരീരമാസകലം പെയിന്റടിക്കുന്നു, വിചിത്രമായതോ ഭീമാകാരമായതോ ആയ ഫോം മാസ്കുകൾ ധരിക്കുന്നു. ലോകചരിത്രത്തിന്റെ കാഴ്ചകൾ ഫുട്ബാൾ പ്രേമികൾ വേഷംകെട്ടി കാണിച്ചുതരും. കുരിശുയുദ്ധക്കാർ, ഫറവോമാർ, വൈക്കിങ്ങുകൾ, സാമുറായികൾ, മെക്സികോവിലെ മല്ലയുദ്ധക്കാരായ ലൂക്കാഡോറുകൾ... കോർപറേറ്റ് ഓഫിസിലോ കുടുംബാന്തരീക്ഷത്തിലോ കാണിച്ചുകൂട്ടിയാൽ മാനസിക വൈകല്യമെന്നോ സാമൂഹിക വിരുദ്ധമെന്നോ മുദ്രകുത്തപ്പെടാവുന്ന പെരുമാറ്റങ്ങൾ ഇവിടെ ആഘോഷിക്കപ്പെടുകയാണ്.

3. ‘കിരീടം അഴിക്കൽ’ എന്ന അനുഷ്ഠാനം (The Ritual of ‘Uncrowning’): രാജാവിനെ സിംഹാസനത്തിൽനിന്ന് ഇറക്കിവിടുകയും കോമാളിയെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നത് ഉത്സവസമ്പ്രദായത്തിന്റെ ഭാഗമാണെന്ന് കണ്ടു. സ്ഥാപിതമായ അധികാരത്തിന്റെ താൽക്കാലികതയെ കാണിക്കുന്ന പ്രതീകാത്മകമായ അട്ടിമറിയാണിത്.

ലോകകപ്പിൽ കളിതന്നെ വലിയൊരു ‘കിരീടം അഴിക്കൽ’ യന്ത്രമായി പ്രവർത്തിക്കാറുണ്ട്. ആഗോള ഫുട്ബാളിലെ ഒരു വൻശക്തി (രാജാവ്), തികച്ചും ദുർബലരായ ഒരു ടീമിനാൽ (കോമാളി) പരാജയപ്പെടുമ്പോൾ, ആഗോള സമൂഹം മുഴുവൻ അധികാരത്തിന്റെ കീഴ്മേൽ മറിയലിനെ ആഘോഷിക്കുന്നു. അവിടംകൊണ്ടും കഴിഞ്ഞില്ല. കിരീടം മറ്റു പലർക്കും നഷ്ടപ്പെടാറുണ്ട്. ലോകകപ്പ് നിയന്ത്രിക്കുന്ന റഫറിമാർ ഫിഫ ഏർപ്പാടാക്കുന്ന ജഡ്ജിമാരാണ്. ആ നിലക്ക് അവർ അധികാര കേന്ദ്രങ്ങളുമാണ്. എന്നാൽ, സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന ആരാധകർ ഈ ന്യായാധിപന്മാരെ വിചാരണ ചെയ്ത് വിധിക്കുന്നവരാണ്. റഫറിയുടെ തെറ്റായ ഓരോ തീരുമാനത്തെയും ജനക്കൂട്ടം കൂവിയാർത്ത് പരിഹസിക്കും. മൈതാനത്തേക്ക് കണ്ടതൊക്കെ വലിച്ചെറിഞ്ഞ് അവർ റഫറിമാരെ വിരട്ടും. അമിതമായി ഫൗൾചെയ്യുന്ന കളിക്കാർക്കും ഇതേ വിധി തന്നെ.

നിങ്ങളുടെ തലയിലെ കിരീടത്തിന് ഞങ്ങൾ ഒരു വിലയും കൽപിക്കുന്നില്ല എന്ന് അവർ കൃത്യമായി പറയുകയാണ്. ജനഹിതം അധികാരികളുടെ കിരീടങ്ങൾ അഴിപ്പിക്കുന്നത് നമുക്ക് അറിയാൻ കഴിയുക ഫിഫ അതിന്റെ നയപരമായ തീരുമാനങ്ങൾപോലും ജനഹിതത്തിന് മുന്നിൽ മാറ്റുമ്പോഴാണ്. ഒരു ഉദാഹരണം പറയാം. റഫറിമാരുടെ തീരുമാനങ്ങൾ ശരിയാണോ, കൃത്യമാണോ എന്നൊക്കെ പരിശോധിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് ഫിഫക്ക് ഏറെക്കാലം കടുത്ത എതിർപ്പായിരുന്നു. ഈ കടുംപിടിത്തത്തെ ലോകമെമ്പാടുമുള്ള ആരാധകർ വർഷങ്ങളോളം എതിർത്തിരുന്നു. റഫറിമാർക്ക് സംഭവിക്കുന്ന മാനുഷികമായ തെറ്റുകൾ ‘കളിയുടെ ഭംഗിയുടെ ഭാഗമാണ്’ എന്നായിരുന്നു ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ ദീർഘകാലമായി വാദിച്ചിരുന്നത്.

2010ലെ ലോകകപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാർഡ് ഉതിർത്ത ഒരു ഷോട്ട് ഗോൾ ലൈൻ വ്യക്തമായി മറികടന്നിരുന്നു. സത്യത്തിൽ അത് ഗോളായി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, റഫറി ഇത് കണ്ടില്ല, കളി തുടർന്നു. ഇതോടെ, സ്റ്റേഡിയം മുഴുവൻ കടുത്ത പ്രതിഷേധത്തിൽ ഇളകിമറിഞ്ഞു. അടിസ്ഥാനപരമായ കാമറ സാങ്കേതികവിദ്യ ലഭ്യമായിരുന്നിട്ടും, ഇത്തരം വ്യക്തമായ തെറ്റുകൾ കളി നശിപ്പിക്കാൻ അനുവദിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ഫിഫയെ രൂക്ഷമായി വിമർശിച്ചു.

ആഗോളതലത്തിലുണ്ടായ ഈ കടുത്ത പ്രതിഷേധം ഫിഫയെ വലിയ രീതിയിൽ നാണംകെടുത്തി, ഒടുവിൽ തങ്ങളുടെ നിലപാട് പൂർണമായും തിരുത്താൻ അവർ നിർബന്ധിതരായി. ബ്ലാറ്റർ പരസ്യമായി ഇംഗ്ലണ്ടിനോട് മാപ്പുപറയുകയും, 2014ലെ ലോകകപ്പോടെ ഫിഫ ഔദ്യോഗികമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗോൾ ലൈൻ ടെക്നോളജി (GLT) പ്രാവർത്തികമാക്കുകയും ചെയ്തു. പതിറ്റാണ്ടുകളുടെ കടുംപിടിത്തം ജനരോഷത്തിന് മുന്നിൽ തകർന്നുവീണു.

എന്നാൽ, ഇതിനേക്കാൾ സൂക്ഷ്മവും ആഴത്തിൽ പ്രവർത്തിക്കുന്നതുമായ ചില അട്ടിമറികളും കിരീടനഷ്ടങ്ങളും ലോകകപ്പ് വേളയിൽ സംഭവിക്കുന്നുണ്ട്. അവിടെ കിരീടം നഷ്ടപ്പെടുന്നവരിൽ മതത്തിന്റെയും വംശീയതയുടെയും അധികാരകേന്ദ്രങ്ങളാണ് ഏറെയും. ലോകകപ്പ് ഫുട്ബാളിന്റെ കാലം മതാധികാര കേന്ദ്രങ്ങൾക്ക് അവരുടെ അനുയായികളുടെ മേൽ സ്വാധീനം കുറയുന്ന കാലംകൂടിയാണ്. അനുയായികൾ മതത്തിനു നേരെ കലാപത്തിന് മുതിരുന്നു എന്നൊന്നുമല്ല ഉദ്ദേശിച്ചത്.

പക്ഷേ, സ്ഥിരമായി മതകാര്യങ്ങൾ മാത്രം ചർച്ചചെയ്ത് മതാധികാരം പ്രതീക്ഷിക്കുന്ന വഴിയിൽ ജീവിക്കുന്ന അവർ ഫുട്ബാളിനെക്കുറിച്ചു മാത്രം വർത്തമാനം പറയാൻ തുടങ്ങുന്നു. മതത്തിലെ ദൈവങ്ങളെ മറക്കുന്നില്ലെങ്കിലും ഫുട്ബാൾ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങുന്നു. ഇത് കുറച്ചൊന്നുമല്ല മതകേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നത്. ലോകകപ്പ് ഫുട്ബാൾ അവരുടെ അധികാര കിരീടം തട്ടിത്തെറിപ്പിക്കുകയാണ്. വംശീയതയുടെ അധികാരികളെയും ഇതേ ഭീതി ഗ്രസിക്കുന്നു. പതിവ് അധികാരരൂപങ്ങളെ എങ്ങനെ ഉത്സവങ്ങൾ കീഴ്മേൽ മറയ്ക്കുന്നു എന്നതിനെക്കുറിച്ച് ബഖ്തീൻ ഇങ്ങനെ നിരീക്ഷിക്കുന്നു:

“Carnival is the place for working out, in a concretely sensuous, half-real and half-play-acted form, a new mode of interrelationship between individuals, counterposed to the all-powerful socio-hierarchical relationships of noncarnival life... The behaviour, gesture, and discourse of a person are freed from the authority of all hierarchical positions.” (Problems of Dostoevsky's Poetics Ch. 4)

 

010 ലോകകപ്പിൽ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാർഡിന്റെ വിവാദമായ ഗോൾ

“ഉത്സവാഘോഷം എന്നത് വ്യക്തികൾ തമ്മിലുള്ള ഒരു പുതിയ തരം പരസ്പരബന്ധത്തിന് രൂപംനൽകുന്ന ഇടമാണ്; ഇന്ദ്രിയവേദ്യമായ രീതിയിൽ, പകുതി യാഥാർഥ്യവും പകുതി അഭിനയവുമായ രൂപത്തിലാണ് ഇത് സംഭവിക്കുന്നത്. സാധാരണ ജീവിതത്തിലെ സർവാധിപത്യ സ്വഭാവമുള്ള സാമൂഹിക-അധികാര ശ്രേണികൾക്ക് (socio-hierarchical relationships) വിപരീതമായാണ് ഇത് നിലകൊള്ളുന്നത്... ഇവിടെ ഒരു വ്യക്തിയുടെ പെരുമാറ്റവും ചലനങ്ങളും സംഭാഷണങ്ങളും എല്ലാവിധ അധികാര ശ്രേണികളുടെയും നിയന്ത്രണങ്ങളിൽനിന്നും പൂർണമായും സ്വതന്ത്രമാക്കപ്പെടുന്നു.” (പ്രോബ്ലംസ് ഓഫ് ദസ്തയേവ്സ്കീസ് പോയറ്റിക്സ്, അധ്യായം 4)

പകുതി അഭിനയവും പകുതി യാഥാർഥ്യവും എന്ന ബഖ്തീന്റെ പ്രയോഗത്തിൽ ശ്രദ്ധവെക്കേണ്ടതാണ്. ലോകകപ്പ് ഫുട്ബാളിലും അതുപോലുള്ള സ്പോർട്സ് ഉത്സവങ്ങളിലും ജനങ്ങൾ നടത്തുന്ന അധികാരത്തിനെതിരെയുള്ള ഇടപെടൽ വെറും അഭിനയമല്ല, അതിൽ യാഥാർഥ്യത്തിന്റെ അംശംകൂടിയുണ്ട്. അതിന് നടപ്പുശീലങ്ങളെ മാറ്റാനാവും. വർണവിവേചനത്തെയും മതാധികാരത്തെയും തീവ്രദേശീയതയെയും ഒരളവോളം പിടിച്ചുകെട്ടാനാവും. കിരീടനഷ്ടങ്ങളും അതുപോലെ പൂർണമായും നാടകാഭിനയമല്ല.

2. റൊളാങ് ബാർത്ത് സ്റ്റേഡിയത്തിൽ

ലോകകപ്പ് സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്തിരുന്ന് റൊളാങ് ബാർത്ത് കളികാണുന്നുവെന്ന് കരുതുക. എങ്കിൽ അദ്ദേഹം ആ കായിക മാമാങ്കത്തിൽ ബഖ്തീൻ ദർശിച്ച ജനകീയതയോ അധികാരകേന്ദ്രങ്ങളെ അൽപമെങ്കിലും തകർക്കുന്ന അതിന്റെ ക്രിയാത്മക രാഷ്ട്രീയമോ കാണുമായിരുന്നില്ല. ഫിഫ ലോകകപ്പ് ഫുട്ബാളിൽ ബഖ്തീൻ കണ്ട ആ സ്വീകാര്യമായ രാഷ്ടീയമുഖം ബാർത്ത് കാണുമെന്ന് തോന്നുന്നില്ല. ‘മിത്തോളജീസ്’ (Mythologies) എന്ന പുസ്തകത്തിൽ ബാർത്ത് എടുത്ത നിലപാട് എന്തെന്ന് ആലോചിച്ചാൽ ഫിഫ ലോകകപ്പിനെക്കുറിച്ച് അദ്ദേഹം എന്ത് പറയുമായിരുന്നു എന്ന് ഏകദേശം ഊഹിക്കാം.

സ്പോർട്സിന്റെ കാര്യത്തിൽ മറ്റ് മിക്ക ബുദ്ധിജീവികളെയും പോലെയല്ല റൊളാങ് ബാർത്ത്. സ്പോർട്സിനെ ധാരാളമായി കണ്ടും ആസ്വദിച്ചും ശീലമുള്ള പണ്ഡിതനാണ് അദ്ദേഹം. ‘മിത്തോളജീസ്’ (Mythologies) എന്ന പുസ്തകത്തിലൽ ഫ്രാൻസിലെ സൈക്ലിങ് മത്സരമായ ‘ടൂർ ദെ ഫ്രാൻസി’നെക്കുറിച്ചും പ്രഫഷനൽ ഗുസ്തിയെക്കുറിച്ചും അദ്ദേഹം ഗംഭീരമായി എഴുതിയിട്ടുണ്ട്, അതും ഉൾക്കാഴ്ചയുള്ള സാംസ്കാരിക ദർശനത്തോടെ. ബാർത്തിന്റെ വീക്ഷണങ്ങളെ മനസ്സിലാക്കാൻ അദ്ദേഹം വികസിപ്പിച്ചെടുക്കുന്ന ചരിത്രം/പ്രകൃതി എന്ന വൈരുധ്യത്തെ അൽപമൊന്ന് വിശദീകരിക്കേണ്ടതുണ്ട്. മനുഷ്യൻ ഇടപെട്ട് മാറ്റുന്നതാണ് ചരിത്രപരമായ കാര്യങ്ങൾ. ദാരിദ്ര്യത്തെ ദീർഘകാലത്തെ മനുഷ്യ പ്രയത്നംകൊണ്ട് മാറ്റാൻ കഴിയും.

എന്നാൽ, മാറ്റാൻ കഴിയാത്ത ചിലതുണ്ട്. പുരുഷനും സ്ത്രീക്കും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾ മാറ്റാൻ കഴിയാത്തവയാണ്. അത്തരം മാറ്റാൻ കഴിയാത്ത കാര്യങ്ങളെ പ്രകൃതിദത്തമായി കരുതാം. എന്നാൽ, സ്ത്രീ-പുരുഷാധികാരത്തിന് വിധേയയായി ജീവിക്കണം എന്നത് മനുഷ്യയത്നംകൊണ്ട് മാറ്റാൻ കഴിയുന്ന കാര്യമാണെന്നതിനാൽ പുരുഷത്വം, സ്ത്രൈണത എന്നിവ ചരിത്രപരവുമാണ്. ബാർത്ത് പറയുന്നത് മിത്തുകൾ എന്നത് ചരിത്രപരമായ (മാറ്റാൻ കഴിയുന്ന) കാര്യങ്ങളെ പ്രകൃതിദത്തമായ (മാറ്റാൻ കഴിയാത്ത) കാര്യങ്ങളായി അവതരിപ്പിക്കുന്ന കപടഭാഷണങ്ങളാണെന്നാണ്. ഇവിടെ മിത്ത് എന്ന പദം ഒരു പ്രത്യേകരീതിയിലാണ് ബാർത്ത് നിർവചിക്കുന്നത് എന്ന് വ്യക്തം. പഴമ്പുരാണങ്ങൾ, പഴങ്കഥകൾ എന്നീ പതിവ് അർഥങ്ങളിലൊന്നുമല്ല അദ്ദേഹം ആ വാക്ക് ഉപയോഗിക്കുന്നത്.

ചരിത്രപരമായ കാര്യങ്ങളെ പ്രകൃതിദത്തമായ കാര്യങ്ങളായി അവതരിപ്പിച്ചാൽ അതിന്റെ രാഷ്ട്രീയമൂല്യം ഇല്ലാതായിപ്പോയതായി തോന്നാം. കാരണം, പ്രകൃത്യാ ഉള്ള കാര്യങ്ങളാണെങ്കിൽ ജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽകൊണ്ട് മാറ്റാനാവില്ലല്ലോ. അതിനാൽ, മിത്തുകളെ രാഷ്ട്രീയം ചോർത്തിക്കളഞ്ഞ ഭാഷണം (Depoliticized speech) എന്നും ബാർത്ത് വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയാധികാരം കൈയാളുന്ന വർഗത്തിന് തങ്ങളുടെ അധികാരത്തിനും താൽപര്യത്തിനും ഗ്ലാനി സംഭവിക്കാതിരിക്കാൻ ജനങ്ങൾ ഒന്നിലും രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്നായിരിക്കും താൽപര്യം.

അതുകൊണ്ടുതന്നെ ജനയത്നത്താൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന കാര്യങ്ങളെ മാറ്റങ്ങൾ സാധ്യമല്ലാത്ത, പ്രകൃത്യായുള്ള കാര്യങ്ങളായി അവതരിപ്പിക്കാനായിരിക്കും അധികാരിവർഗത്തിന്റെ താൽപര്യം. അതായത് മിത്ത് എന്ന കപടഭാഷണം അവർ പ്രോത്സാഹിപ്പിക്കും. മാധ്യമങ്ങളാണ് മിത്ത് നിർമാണത്തിൽ വിരുതന്മാർ. എഴുത്തായും റേഡിയോ പ്രഭാഷണമായും വിഡിയോ ആയും ഫോട്ടോഗ്രാഫ് ആയും മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടഭരണകൂടത്തിനുവേണ്ടി മിത്തുകൾ പടച്ചുവിട്ടുകൊണ്ടേയിരിക്കും. സ്പോർട്സ് രംഗം ഇത്തരം മിത്തുകൾ നിർമിക്കപ്പെടുന്ന ഫാക്ടറിയാണ്. സൈക്കിൾ റെയ്സ്, റെസ്ലിങ് എന്നിവ എങ്ങനെ സാമൂഹിക മിത്തുകളെ നിർമിക്കുന്നു എന്ന് ചിന്തിച്ച ബാർത്ത് ലോകകപ്പ് ഫുട്ബാളിനെയും മിത്തുനിർമാണശാലയായി വായിച്ചെടുക്കാൻ എല്ലാ സാധ്യതയുമുണ്ട്.

ബാർത്ത് ഫിഫ ലോകകപ്പിനെ സംഘർഷഭരിതമായ ആഗോള രാഷ്ട്രീയ ചരിത്രത്തെ (geopolitical history) തികച്ചും സ്വാഭാവികവും എളുപ്പത്തിൽ ആസ്വദിക്കാനാകുന്നതുമായ വിനോദമാക്കി മാറ്റുന്ന ആധുനിക യന്ത്രമായി കണ്ടേക്കും. യുദ്ധങ്ങൾ ഇല്ലാതായിരിക്കുന്നു, വംശീയ/മത സംഘർഷങ്ങൾ മാഞ്ഞുപോവുന്നു, ആൺ-പെൺ തുല്യത എത്തിക്കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ സൗഹാർദാന്തരീക്ഷത്തിൽ മത്സരിക്കുന്ന ലോകകപ്പിന്റെ വേദി പറയാതെ പറയുന്നത് ദേശീയ സ്വത്വം എന്നത് ‘നിഷ്കളങ്കമായ അടയാള’മാണെന്നാണ്.

രാഷ്ട്രങ്ങൾ തുല്യമായി മത്സരിക്കുന്ന സമാധാനപരമായ ഒരു ഉത്സവമാണ് ലോകകപ്പ്. അവിടെ തീവ്രദേശീയതക്കും ദേശീയ സ്വത്വത്തിനും വലിയ പ്രസക്തിയൊന്നുമില്ല. അഥവാ, അങ്ങനെയൊരു തോന്നൽ കപടമായി ലോകകപ്പ് സൃഷ്ടിക്കുന്നു എന്നായിരിക്കും ബാർത്ത് പറയുക. എന്നാൽ, ഈ തോന്നൽ വെറുമൊരു മിത്താണ്. ഈ വേദിക്ക് പുറത്ത് ദേശരാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കയാണ് എന്ന് ബാർത്ത് കാണിച്ചുതരും. സമ്പന്നമായ ഒന്നാം ലോകരാജ്യങ്ങൾ താരതമ്യേന ദരിദ്രമായ രാജ്യങ്ങളെ കഴുത്തിന് പിടിച്ച് ഞെരിക്കുന്നു.

അപ്പോളും ഓരോ ലോകകപ്പും ‘‘എല്ലാം ശരിയായിക്കഴിഞ്ഞു, കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരു ഇടപെടലും വേണ്ട’’ എന്ന കപടഭാഷണം നടത്തിക്കൊണ്ടേയിരിക്കും. കൊളോണിയലിസം, സാമ്പത്തിക ചൂഷണം, കുടിയേറ്റം, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയുൾപ്പെടുന്ന ആഴമേറിയതും വേദനജനകവും സങ്കീർണവുമായ ചരിത്രപരമായ യാഥാർഥ്യങ്ങളെ ലോകകപ്പ് മായ്ച്ചുകളയുന്നു എന്ന് അദ്ദേഹം വാദിക്കും. വ്യത്യാസങ്ങളെ കമനീയമായ അടയാളങ്ങൾ മാത്രമായി (ടീമിന്റെ ജേഴ്സി, പതാക, അല്ലെങ്കിൽ മുഖത്ത് വരക്കുന്ന ചായം) ചുരുക്കിക്കളയുന്നു.

ഫ്രാൻസ് ഒരു ആഫ്രിക്കൻ രാജ്യവുമായി കളിക്കുമ്പോഴോ, അല്ലെങ്കിൽ ഇംഗ്ലണ്ട് അർജന്റീനയുമായി ഏറ്റുമുട്ടുമ്പോഴോ, മാധ്യമങ്ങൾ അതിനെ ഒരു ഇതിഹാസതുല്യമായ, ശുദ്ധ കായിക വിവരണമായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ അവതരണം യാഥാർഥ്യങ്ങളെ രാഷ്ട്രീയമുക്തമാക്കുന്നു (depoliticizes). കോളനിവത്കരണത്തിന്റെയോ യുദ്ധത്തിന്റെയോ ചരിത്രം വെറുമൊരു 90 മിനിറ്റ് കളിയായി മാറുന്നു. ഗാലറിയിലിരുന്ന് പരസ്പരം കെട്ടിപ്പിടിക്കുന്ന എതിർരാജ്യങ്ങളിലെ ആരാധകരെ കാണിച്ചുകൊണ്ട്, പ്രേക്ഷകനോട് ആശ്വാസകരമായ ഒരു മിഥ്യയാണ് മാധ്യമങ്ങൾ വിളിച്ചുപറയുന്നത്: ‘‘കണ്ടോ, ചരിത്രത്തിലെ മുറിവുകളൊന്നും ഇനി പ്രസക്തമല്ല; നമ്മളെല്ലാം പ്രകൃത്യാ നിലനിൽക്കുന്ന ആഗോള കുടുംബത്തിന്റെ ഭാഗമാണ്’’ എന്ന് ലോകകപ്പ് കാണിച്ചുതരുന്നു.

പ്രഫഷനൽ ഗുസ്തിയെക്കുറിച്ചുള്ള തന്റെ ഉപന്യാസത്തിൽ, പൊതുജനങ്ങൾ സൂപ്പർസ്റ്റാറുകളിൽനിന്ന് ആവശ്യപ്പെടുന്നത് അതിരുകടന്ന ദൃശ്യവിരുന്നുകളാണെന്ന് ബാർത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് –വേദനയും വിജയവും നീതിയും എല്ലാം അവർക്ക് വ്യക്തമായി ദൃശ്യമാകണം. ലോകകപ്പിൽ, ഒരു സൂപ്പർസ്റ്റാറിനെ (ഉദാഹരണത്തിന് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, അല്ലെങ്കിൽ കിലിയൻ എംബാപ്പെ) വിപണിയിലെ ഒരു ചരക്കാക്കി മാറ്റുന്നതിലൂടെയാണ് ഇത് സാധിച്ചെടുക്കുന്നത്.

ക്ലാസിക്കൽ പുരാണങ്ങളിലെ ദുരന്തനായകനായോ അല്ലെങ്കിൽ വിജയശ്രീലാളിതനായ നായകനായോ മാധ്യമങ്ങൾ അവതരിപ്പിക്കും. ജനങ്ങൾ അത് കണ്ട് വിശ്വസിക്കും. പ്രായമേറുന്ന ഒരു ഫുട്ബാൾ മാന്ത്രികൻ തന്റെ കരിയറിലെ അവസാന കിരീടത്തിനായി പോരാടുന്നത് മാധ്യമങ്ങൾ ‘നിയോഗം’ പോലെയാണ് അവതരിപ്പിക്കുന്നത് –തടുക്കാനാകാത്ത ഒരു പ്രപഞ്ചനിയോഗം.

കളിക്കാരന്റെ വിയർപ്പും കണ്ണീരും ശാരീരിക ചലനങ്ങളുമെല്ലാം ശുദ്ധവും സ്വാഭാവികവുമായ മനുഷ്യവികാരങ്ങളുടെ അടയാളങ്ങളായി വായിക്കപ്പെടുന്നു. പക്ഷേ, ബാർത്ത് കൃത്യമായി ഓർമിപ്പിക്കുന്നു, ഇതെല്ലാം മിഥ്യാപുരാണങ്ങൾ മാത്രമാണ്. ആ പുരാണങ്ങൾ മറച്ചുപിടിക്കുന്ന കാര്യം ഇവയെല്ലാം (സൂപ്പർസ്റ്റാർ ക്ലാസിക്കൽ നാടകങ്ങളിലെ ദുരന്തനായകനോ വിജയശ്രീലാളിതനോ ആയി അവതരിപ്പിക്കുന്നതും അവസാന മത്സരമെന്ന നിയോഗവും) ഇവന്റ് മാനേജ്മെന്റ് ടീമുകളുടെ തിരക്കഥകളനുസരിച്ചാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മുതലാളിത്ത യന്ത്രങ്ങളെയും (സ്പോൺസർമാർ, ബെറ്റിങ് ഏജൻസികൾ, സംപ്രേഷണാവകാശങ്ങൾ) ഇവ വെറും തിരക്കഥകളാണെന്നത് പൂർണമായും മറച്ചുവെക്കുന്നു.

ചിഹ്നങ്ങളെയും അവയുടെ അർഥങ്ങളെയും കുറിച്ച് പഠിക്കുന്ന ഒരു ചിഹ്നവിജ്ഞാനീയ പണ്ഡിതൻ (semiotician) എന്ന നിലയിൽ, ബാർത്ത് ‘വിഡിയോ അസിസ്റ്റന്റ് റഫറി’ (VAR) സാങ്കേതികവിദ്യയിൽ അതീവ താൽപര്യമുള്ളവനായിരിക്കും. ഫിഫ VARനെ അവതരിപ്പിക്കുന്നത് ആകാവുന്നത്ര പരിപൂർണവും നിഷ്പക്ഷവുമായി നീതിനടപ്പാക്കാനുള്ള ഉപകരണമായിട്ടാണ്. എന്നാൽ, ഈ ഉപകരണം യഥാർഥത്തിൽ ഒരു ‘പൊതുസമ്മതി’ കൃത്രിമമായി നിർമിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണെന്നായിരിക്കും ബാർത്ത് വാദിക്കുക. റഫറി സ്ലോമോഷൻ മോണിറ്ററിലേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ, സ്റ്റേഡിയത്തിലും വീടുകളിലുമിരിക്കുന്ന ദശലക്ഷക്കണക്കിന് കാണികൾ നിശ്ശബ്ദരായി കാത്തിരിക്കുന്നു. കാഴ്ചക്കാരായ ജനങ്ങളോട് നിങ്ങൾ സ്വന്തം കാഴ്ചയിലുള്ള വിശ്വാസത്തെ മരവിപ്പിക്കാൻ ഫിഫ ഈ യന്ത്രസംവിധാനം ഉപയോഗിച്ച് ആവശ്യപ്പെടുന്നു.

അവസാനത്തേതും അപ്പീൽ ഇല്ലാത്തതുമായ ഒരു വിധി നൽകാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, ഫിഫ തെറ്റുപറ്റാത്ത കോർപറേറ്റ് നീതിയുടെ ഒരു മിഥ്യ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യന്റെ സ്വാഭാവികമായ വിലയിരുത്തലുകളെ ഇല്ലാതാക്കുകയും അതിന് പകരം ഒരു യാന്ത്രിക ‘സത്യം’ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളെ അവരുടെ സ്വന്തം കണ്ണുകളെക്കാൾ അൽഗോരിതങ്ങളെ വിശ്വസിക്കാൻ പഠിപ്പിക്കുന്നു.

ചുരുക്കത്തിൽ, ബാർത്ത് ലോകകപ്പിനെ ‘ബൂർഷ്വാ സ്പോഞ്ച്’ ആയിട്ടായിരിക്കും തരംതിരിക്കുക. അതായത്, ലോകം മുഴുവനുള്ള ജനങ്ങളുടെ, ഉത്കണ്ഠകളെയും നിരാശകളെയും രാഷ്ട്രീയ രോഷത്തെയും ആഗിരണംചെയ്ത്, അവയെ ഉപദ്രവമില്ലാത്ത ഗോത്രീയമായ പതാകവീശലുകളിലേക്ക് തിരിച്ചുവിടാൻ രൂപകൽപനചെയ്ത ഒരു ഇവന്റാണിത്. നാല് ആഴ്ചത്തേക്ക് യഥാർഥ ലോകം നിശ്ചലമാകുന്നു, താൽക്കാലികവും കൃത്രിമവുമായ ഒരു സാഹചര്യം അവിടെ നിലവിൽ വരുന്നു –ഒരു വെള്ളവര കടന്നുപോകുന്ന പന്തിലൂടെ ലോകത്തിലെ ആഴമേറിയ എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരു ലോകം.

അങ്ങനെയാണ് കാന്നുന്നതെങ്കിൽ, അദ്ദേഹം ബഖ്തീന്റെ (Bakhtin) കാഴ്ചപ്പാടിൽനിന്ന് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും സ്വീകരിക്കുന്നത്. ബഖ്തീൻ ലോകകപ്പിൽ മനുഷ്യ ഊർജത്തിന്റെ വിമോചനപരമായ സ്ഫോടനം കാണുമ്പോൾ, ബാർത്ത് അധികാരമുള്ള വർഗവും ഭരണകൂടങ്ങളും കൃത്യമായി ആസൂത്രണം ചെയ്തെടുത്ത കെണിയായിരിക്കും കാണുക.

നിലവിലുള്ള ഭരണ-അധികാര ഘടനകളെ ദുർബലപ്പെടുത്താൻ കാർണിവൽ ലോകത്തെ തലകീഴായി മറിക്കുന്നുവെന്ന് ബഖ്തീൻ വാദിക്കും. ഒരു സാധാരണ ആരാധകൻ ഒരു കോടീശ്വരനായ ക്ലബ് ഉടമയെ പരിഹസിക്കുമ്പോഴോ അഴിമതിക്കാരനായ ഫിഫ ഉദ്യോഗസ്ഥന് നേരെ അലറുമ്പോഴോ, സാധാരണ സാമൂഹിക-രാഷ്ട്രീയ ശ്രേണികൾക്ക് അവരുടെ അധികാരം താൽക്കാലികമായി നഷ്ടപ്പെടുന്നു. ഈ താൽക്കാലിക അധികാര നഷ്ടങ്ങളാവട്ടെ ഭരണകൂടങ്ങളുടെ കിരീടം തട്ടിത്തെറിപ്പിക്കൽ സാധ്യമാണ് എന്ന ശുഭാപ്തി വിശ്വാസം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ, ബാർത്ത് ആവട്ടെ, ജനക്കൂട്ടത്തിന് തങ്ങൾ പങ്കാളികളാവുകയാണെന്ന് തോന്നുക മാത്രമാണ് ചെയ്യുന്നതെന്ന് കരുതും. യഥാർഥത്തിൽ, സ്റ്റേഡിയത്തിലെ ആരാധകൻ അനുസരണയുള്ള ഉപഭോക്താവ് മാത്രമാണ്. അവർ ടിക്കറ്റും ജേഴ്സിയും വാങ്ങുകയും, ടിവി ചാനലുകാരും സ്പോൺസർമാരും അവർക്കായി മുൻകൂട്ടി നിശ്ചയിച്ച ചലനങ്ങൾ അനുകരിക്കുകയും മാത്രമാണ് ചെയ്യുന്നത്.

നിങ്ങൾ ഇവിടെ അധികാരശ്രേണിയെ തകർക്കുകയല്ല, മറിച്ച് അതിന് പണം നൽകി സാധൂകരിക്കുകയാണ് ചെയ്യുന്നതെന്ന് ബാർത്ത് ഓർമിപ്പിക്കും. അതുകൊണ്ട്, ബഖ്തീൻ സ്റ്റേഡിയത്തിലെ കളിതരംഗങ്ങളിൽ (stadium wave) പങ്കുചേർന്ന് മനുഷ്യർക്കിടയിലെ മതിലുകൾ തകരുന്നതോർത്ത് പുഞ്ചിരിക്കുമ്പോൾ, ബാർത്ത് പ്രസ് ബോക്സിലിരുന്ന് ആ തരംഗത്തിൽതന്നെ പതിപ്പിച്ചിരിക്കുന്ന കോർപറേറ്റ് ലോഗോയെ വിശകലനം ചെയ്യുകയായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരിക ചർച്ചകളിലെ ഏറ്റവും തീക്ഷ്ണമായ ഘർഷണ ബിന്ദുവും (friction point) സംവാദമണ്ഡലവുമായി വികസിപ്പിച്ചെടുക്കാം ബഖ്തീൻ-ബാർത്ത് ചർച്ചകളെ.

3. ​​ബ്രനഗന്റെയും ഗിലിയനോട്ടിയുടെയും കാഴ്ചകൾ

കായികരംഗത്തെ വൻകിട ഇവന്റുകളുടെ ആഗോള രാഷ്ട്രീയപരവും സാമൂഹികശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ച് പോൾ ബ്രനഗനും (Paul Brannagan) റിച്ചാർഡ് ഗിലിയനോട്ടിയും (Richard Giulianotti) വിപുലമായി എഴുതിയിട്ടുണ്ട്. 2022ലെ ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ഇവരുടെ പ്രബന്ധം (‘Soft power and soft disempowerment: Qatar, global sport and football’s 2022 World Cup finals’, Leisure Studies, Volume 34, Issue 6, pages 703-719) എറെ ചർച്ചകൾക്ക് സാധ്യത നൽകുന്നുണ്ട്.

ബഖ്തീൻ, ബാർത്ത് എന്നിവരുടെ വീക്ഷണത്തിലെ വൈരുധ്യങ്ങളാണ് ഈ ലേഖനത്തിൽ ഇതുവരെ പരാമർശിച്ചത്. ഇവർ രണ്ടുപേരും മാർക്സിസ്റ്റ്/ ഇടതുപക്ഷ വീക്ഷണത്തിന്റെ വിശാല ഭൂമികയിൽ രണ്ടിടത്തായി നിലകൊണ്ടവരാണ്. എങ്കിലും, അവർ പങ്കിടുന്ന ഏതാണ്ട് സമാനമായ രാഷ്ട്രീയവീക്ഷണങ്ങളും മറക്കരുത്. ബൂർഷ്വാ ഭരണകൂടം പൊതുവേ ജനങ്ങളെ കബളിപ്പിക്കുന്ന തലതിരിഞ്ഞ ജ്ഞാനമായി, ജ്ഞാനമാർഗങ്ങളായി (ഇതിനെയാണ് പ്രത്യയശാസ്ത്രം, ideology എന്ന് മാർക്സ് വിശേഷിപ്പിക്കുന്നത്) അവതരിക്കുന്നു എന്ന അടിസ്ഥാനപരമായ കാര്യത്തിൽ ഇരുവർക്കും വിരുദ്ധാഭിപ്രായമില്ല. ജനങ്ങൾക്ക് ഉത്സവകാലം ചില സവിശേഷ സ്വാതന്ത്ര്യങ്ങളും സാധ്യതകളും നൽകുന്നുണ്ടോ എന്ന കാര്യത്തിലേ ഇരുവരും വിയോജിക്കുന്നുള്ളൂ.

ഉണ്ടെന്ന് ബഖ്തീനും ഇല്ലെന്ന് ബാർത്തും വാദിക്കും. എന്നാൽ, ലിബറൽ കാപിറ്റലിസ്റ്റ് ചിന്തകനായ ബ്രനഗനെപ്പോലൊരാൾ ഭരണകൂടത്തിന്റെ നിലപാടിനെക്കുറിച്ചുപോലും ഇവരോട് വിയോജിക്കും. ഭരണകൂടമെന്നത് എല്ലായിടത്തും ജനങ്ങളെ കബളിപ്പിക്കുന്ന പ്രത്യയശാസ്ത്ര യന്ത്രങ്ങളാണെന്ന് ബ്രനഗനും ഗിലിയനോട്ടിയും വിശ്വസിക്കുന്നില്ല. 2022ൽ ഖത്തർ ഫിഫ ലോകകപ്പ് നടത്തിയപ്പോൾ അവർക്ക് കുറെക്കൂടി പോസിറ്റിവ് ആയ ഭരണകൂട ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നു അവർ നിരീക്ഷിക്കുന്നു. ഈ ടൂർണമെന്റിനെ വെറുമൊരു കോർപറേറ്റ് ‘സ്പോർട്സ് വാഷിങ്’ (കായികരംഗത്തെ ഉപയോഗിച്ച് പ്രതിച്ഛായ വെളുപ്പിക്കൽ) ആയി കാണുന്നതിന് പകരം, കൂടുതൽ സൂക്ഷ്മമായ ഒരു കാഴ്ചപ്പാടാണ് ഇവർ പങ്കുവെക്കുന്നത്. ഇവരുടെ ഗവേഷണത്തിലെ (‘Soft power and Soft Disempowerment: Qatar, Global Sport and Football’s 2022 World Cup Finals’, Leisure Studies -Volume 34, Issue 6, pages 703-719) പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്:

1. കായികരംഗത്തെ ഖത്തറിന്റെ നിക്ഷേപം വെറുമൊരു ഉപരിപ്ലവമായ പി.ആർ (PR) തന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ നിലനിൽപിനായുള്ള ഒരു സുരക്ഷാതന്ത്രമാണെന്ന് ബ്രനഗനും ഗിലിയനോട്ടിയും വാദിക്കുന്നു. സൗദി അറേബ്യ, ഇറാൻ തുടങ്ങിയ ശക്തരായ പ്രാദേശിക രാജ്യങ്ങൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന, ഭീമമായ പ്രകൃതിവാതക സമ്പത്തുള്ള ഖത്തർപോലുള്ള ചെറിയ രാജ്യത്തിന് പരമ്പരാഗതമായ സൈനികശക്തി അസാധ്യമാണ്. ഭയപ്പെടുത്തി കീഴടക്കുന്നതിന് പകരം, അന്തസ്സുള്ള പെരുമാറ്റത്തിലൂടെ മറ്റു രാജ്യങ്ങളെ കൂടെനിർത്താൻ, അതായത് ‘സോഫ്റ്റ് പവർ’ കെട്ടിപ്പടുക്കാൻ ഖത്തർ ഇത്തരം വലിയ കായികമേളകളെ ഉപയോഗിച്ചു.

ആ സന്ദേശം തുറന്നുപറയൽതന്നെയായിരുന്നു അവരുടെ ലക്ഷ്യം. ഇത് ജനങ്ങളോടോ മറ്റു രാജ്യങ്ങളോടോ പറയുന്ന ഭരണകൂടത്തിന്റെ കപടഭാഷണമല്ല, ഖത്തറിലെ ജനങ്ങൾകൂടി ആഗ്രഹിക്കുന്ന കാര്യമായിരുന്നു. തങ്ങൾ പാശ്ചാത്യ സമ്പദ് വ്യവസ്ഥയുമായും കായിക സംസ്കാരവുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുകയാണെങ്കിൽ, അയൽരാജ്യങ്ങൾക്ക് തങ്ങളെ ആക്രമിക്കാനോ ഒറ്റപ്പെടുത്താനോ (2017-2021 കാലഘട്ടത്തിലെ ഖത്തർ നയതന്ത്ര ഉപരോധംപോലെ) കഴിയില്ല എന്ന് അവർ കണക്കുകൂട്ടി.

2. ഫിഫ ലോകകപ്പ് നടത്തുന്നതിലൂടെ ആഗോളതലത്തിലുള്ള പ്രതീക്ഷകളും പ്രാദേശികവും പരമ്പരാഗതവുമായ മൂല്യങ്ങളും തമ്മിലുള്ള കടുത്ത സംഘർഷങ്ങളെ ഖത്തറിന് എങ്ങനെ നേരിടേണ്ടി വന്നു എന്നതാണ് പോൾ ബ്രനഗനും റിച്ചാർഡ് ഗിലിയനോട്ടിയും വിശകലനത്തിനെടുത്ത മറ്റൊരു പ്രധാന വിഷയം. ഈ സാമൂഹികശാസ്ത്ര പ്രക്രിയയെ സാധാരണയായി ‘ഗ്ലോക്കലൈസേഷൻ’ എന്ന് വിളിക്കുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് വിഭാഗം പ്രേക്ഷകരെ ഒരേസമയം തൃപ്തിപ്പെടുത്താൻ ഖത്തർ അധികാരികൾക്ക് നിരന്തരം കഠിനമായി പരിശ്രമിക്കേണ്ടി വന്നു എന്ന് അവർ കണ്ടെത്തുന്നു. അതായത് ആഗോള പ്രേക്ഷകരെയും പ്രാദേശിക പ്രേക്ഷകരെയും.

ആഗോള പ്രേക്ഷകർക്ക് വേണ്ടത് നിയമങ്ങളിൽ ഇളവുകൾ, മദ്യത്തിന്റെ ലഭ്യത, കൂടുതൽ മനുഷ്യാവകാശങ്ങൾ, എൽ.ജി.ബി.ടി.ക്യു എന്ന് വിളിക്കാവുന്ന വിഭിന്ന ലൈംഗിക വിഭാഗങ്ങൾക്ക് കൂടുതൽ ദൃശ്യത, കുറെക്കൂടി പുരോഗമനപരമായ നിലപാടുകൾ എന്നിവയായിരുന്നു. പ്രാദേശിക പ്രേക്ഷകരാവട്ടെ ലോകകപ്പ് കാലത്തെ പാശ്ചാത്യ ആരാധകരുടെ വരവ് തങ്ങളുടെ മതമൂല്യങ്ങളെയും ദേശീയ സ്വത്വത്തെയും സാംസ്കാരിക പൈതൃകത്തെയും തകർക്കുമെന്ന് ഭയപ്പെട്ടു. അവർ യാഥാസ്ഥിതികരായ ഖത്തറി പൗരന്മാരായിരുന്നു.

ഖത്തർ സർക്കാർ സ്റ്റേഡിയങ്ങളിൽ മദ്യവിൽപന പെട്ടെന്ന് നിരോധിച്ചതും, ചില രാഷ്ട്രീയ പ്രതീകങ്ങൾക്ക് (ഉദാഹരണത്തിന് ‘OneLove’ ആംബാൻഡുകൾ) കർശനമായ വിലക്കേർപ്പെടുത്തിയതും, അന്താരാഷ്ട്ര അംഗീകാരത്തേക്കാൾ തങ്ങളുടെ രാജ്യത്തിനകത്തുള്ള വിശ്വാസ്യത നിലനിർത്താനായി ഖത്തർ വരച്ച അതിർവരമ്പുകളായാണ് ഈ എഴുത്തുകാർ വിലയിരുത്തുന്നത്. ഏറ്റവും മുഖ്യമായ കാര്യം ഖത്തർ സർക്കാർ ലോകകപ്പിനെ തങ്ങളുടെ രാജ്യത്തെ ജീവിതത്തെയും സംസ്കാരത്തെയും മറച്ചുപിടിക്കാനോ വ്യാജവും സുന്ദരവുമായ ചിത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ്.

3. യാഥാർഥ്യത്തെ മറച്ചുവെക്കാനും ജനജീവിതം മെച്ചപ്പെടുകയാണ് എന്ന ചിത്രം വ്യാജമായി സൃഷ്ടിക്കാനും ഖത്തർ ഭരണകൂടം ലോകകപ്പിനെ ഉപയോഗിക്കുന്നു എന്ന ബാർത്തിന്റെയും ഇടത് ചിന്തകരുടെയും വീക്ഷണത്തെ ബ്രനഗനും ഗിലിയനോട്ടിയും അംഗീകരിക്കുന്നില്ല. അവർ അതിനെതിരായി ശക്തമായ ഒരു ആശയം അവതരിപ്പിച്ചു. അതാണ് ‘സോഫ്റ്റ് ഡിസെംപവർമെന്റ്’ (സ്വാധീനശക്തി നഷ്ടപ്പെടുത്തൽ).

ഒരു വൻകിട കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നതുവഴി ഒരു രാജ്യത്തിന് സ്വയം നല്ലൊരു ‘സോഫ്റ്റ് പവർ’ ലഭിക്കണമെന്നില്ല. നേരെമറിച്ച്, ആഗോള മാധ്യമങ്ങളുടെ കടുത്ത ശ്രദ്ധ ആ രാജ്യത്തിനുമേൽ പതിയുമ്പോൾ അത് തിരിച്ചടിയാവുകയും, രാജ്യം വലിയ രീതിയിലുള്ള സൂക്ഷ്മപരിശോധനകൾക്ക് വിധേയമാവുകയും ചെയ്യാം. ലോകകപ്പ് നടത്തുന്നതിലൂടെ ഖത്തറിലെ ‘കഫാല’ (Kafala) തൊഴിൽ സമ്പ്രദായം, കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരന്തരമായ അന്വേഷണങ്ങളെ ഖത്തർ തന്നെ അറിഞ്ഞോ അറിയാതെയോ ക്ഷണിച്ചുവരുത്തുകയായിരുന്നു.

ഈ മേള ഖത്തറിന്റെ പിഴവുകളെ മറയ്ക്കുന്ന ഒരു പരിരക്ഷ ആകുന്നതിന് പകരം, അവയെ വലുതാക്കി കാണിക്കാനാണ് സഹായിച്ചത്. ഇത് സത്യത്തിൽ ഖത്തറിന്റെ മുഖച്ഛായ വികലമാക്കി, അവരുടെ ശക്തി കുറച്ചു. ഇതാണ് Soft Disempowerment. ഇത് ഖത്തർ സർക്കാറിന് പറ്റിയ അബദ്ധമൊന്നുമല്ല. ജനാധിപത്യ രാജ്യങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്നതും അവരുടെ മാധ്യമങ്ങളെ തങ്ങളുടെ തെറ്റുകുറ്റങ്ങളെ കാണാൻ അനുവദിക്കുന്നതും ആത്യന്തികമായി തങ്ങളുടെ തെറ്റുകളെ തിരുത്താനുള്ള അവസരംകൂടിയാക്കാൻ കഴിയുമെന്ന് ഖത്തർ കണക്കുകൂട്ടിയെന്ന് ബ്രനഗനും ഗിലിയനോട്ടിയും പറയുന്നു. ലോകമാധ്യമങ്ങളുടെ അന്വേഷണങ്ങളെ ക്ഷണിച്ചുവരുത്തുന്നത് താൽക്കാലികമായി പ്രതിച്ഛായാനഷ്ടം ഉണ്ടാക്കുമെങ്കിലും ഭാവിയിൽ വിശ്വാസ്യത വർധിപ്പിക്കുകയേ ഉള്ളൂ.

അതായത്, അർഥങ്ങളെ സ്വാധീനിക്കുന്ന അടയാളങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബാർത്തിന്റെ രീതിയിൽനിന്ന് വ്യത്യസ്തമായി, ബ്രനഗനും ഗിലിയനോട്ടിയും ‘ഭരണകൂട മുതലാളിത്തത്തിന്റെ’ (State Capitalism) കഠിനമായ ഭൗതികയാഥാർഥ്യത്തെയാണ് നോക്കിക്കാണുന്നത്. തങ്ങളുടെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള മാർഗമായിത്തന്നെയാണ് ഖത്തർ തങ്ങൾക്ക് ലഭിച്ച ലോകകപ്പിനെ ഉപയോഗിച്ചത്. പക്ഷേ, ബാർത്ത് കരുതുന്നതുപോലെ തങ്ങളുടെ രാജ്യത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിച്ച് തങ്ങളുടേത് ഉട്ടോപ്യൻ ലോകമാണെന്ന വ്യാജപ്രതീതി ഖത്തർ ഉണ്ടാക്കിയില്ല. മറിച്ച് തങ്ങൾ എന്താണ്, ഇനി എന്താവണം എന്നതിനെക്കുറിച്ച് ആത്മാർഥമായ പ്രസ്താവന നടത്താനാണ് അവർ ശ്രമിച്ചത്.

Tags:    
News Summary - The World Cup Through the Lens of Intellectuals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.