ഓപിയവും ഓഫ്സൈഡും (കളിക്കളത്തിന്റെ അർഥശാസ്ത്രങ്ങൾ)

ഫുട്ബാളിന്റെ ലോകം കളിക്കളത്തിനുള്ളിൽ മാത്രമല്ല. കച്ചവടം, മുതലാളിത്തം, ദേശീയത, മയക്കുമരുന്ന് എന്നിങ്ങനെ വിവിധതലങ്ങളിലേക്ക് പടർന്ന ഒന്നാണ്. ​കാൽപന്തി​ന്റെ സൗന്ദര്യം കളിയിലാണെങ്കിൽ ആ സുന്ദരകളി ഇന്നില്ല. കളവും കളത്തിനുപുറവും വാഴുന്നതാരെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. ​കാൽപന്തിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. ഇപ്പോൾ എന്‍റെ മുന്നിൽ പ്രശസ്ത ബ്രിട്ടീഷ് മാർക്സിസ്റ്റ് ബുദ്ധിജീവിയും സാംസ്കാരിക വിമർശകനുമായ ടെറി ഈഗ്ൾടൻ 2010 ജൂൺ 15ന് ‘ദ ഗാർഡിയൻ’ പത്രത്തിലെഴുതിയ ഒരു ലേഖനമുണ്ട്. ‘Football; A Dear Friend to Capitalism’ എന്നാണ് ലേഖനത്തിന്‍റെ ശീർഷകം. മതത്തെക്കുറിച്ച മാർക്സിയൻ പ്രമാണങ്ങളിൽ ഏറ്റവും...

ഫുട്ബാളിന്റെ ലോകം കളിക്കളത്തിനുള്ളിൽ മാത്രമല്ല. കച്ചവടം, മുതലാളിത്തം, ദേശീയത, മയക്കുമരുന്ന് എന്നിങ്ങനെ വിവിധതലങ്ങളിലേക്ക് പടർന്ന ഒന്നാണ്. ​കാൽപന്തി​ന്റെ സൗന്ദര്യം കളിയിലാണെങ്കിൽ ആ സുന്ദരകളി ഇന്നില്ല. കളവും കളത്തിനുപുറവും വാഴുന്നതാരെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. ​കാൽപന്തിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു.

ഇപ്പോൾ എന്‍റെ മുന്നിൽ പ്രശസ്ത ബ്രിട്ടീഷ് മാർക്സിസ്റ്റ് ബുദ്ധിജീവിയും സാംസ്കാരിക വിമർശകനുമായ ടെറി ഈഗ്ൾടൻ 2010 ജൂൺ 15ന് ‘ദ ഗാർഡിയൻ’ പത്രത്തിലെഴുതിയ ഒരു ലേഖനമുണ്ട്. ‘Football; A Dear Friend to Capitalism’ എന്നാണ് ലേഖനത്തിന്‍റെ ശീർഷകം. മതത്തെക്കുറിച്ച മാർക്സിയൻ പ്രമാണങ്ങളിൽ ഏറ്റവും വിഖ്യാതമായ ‘മയക്കുമരുന്ന്’ പ്രയോഗത്തിന് ഒരു പാരഡി ചമക്കുന്നുണ്ട് ഈഗ്ൾടൻ. ‘‘Football, these days is the opium of the people’’ എന്നാണ് അദ്ദേഹം എഴുതുന്നത്.

2010 ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് ഫുട്ബാൾ നടന്ന വർഷമാണ്. അതേവർഷമാണ് 13 വർഷത്തെ ലേബർ പാർട്ടി ഭരണത്തെ താഴെയിറക്കി ഡേവിഡ് കാമറണിന്‍റെ നേതൃത്വത്തിൽ കൺസർവേറ്റിവ് കക്ഷി യു.കെ ഭരണം പിടിച്ചത് (ഇപ്പോഴത്തെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ 2024ൽ അധികാരത്തിലെത്തുന്നതുവരെ ഒന്നരപ്പതിറ്റാണ്ടോളം ടോറികൾ തന്നെയായിരുന്നു യു.കെ ഭരിച്ചത്). ഈ സാഹചര്യത്തെ മുൻനിർത്തി ഈഗ്ൾടൻ തന്‍റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘‘സമൂലമായ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നവർക്ക് കാമറൺ സർക്കാർ നൽകുന്നതൊരു മോശം വാർത്തയാണെങ്കിൽ, ലോകകപ്പ് ഫുട്ബാൾ അതിനെക്കാൾ വലിയ ദുരന്തവാർത്തയാണ്.

ഈ ഭരണത്തിന്‍റെ കാലം കഴിഞ്ഞാലും ഇനിയുമെത്രയോ കാലം രാഷ്ട്രീയമായ പരിവർത്തനങ്ങളെ തടഞ്ഞു നിർത്താൻ പോകുന്നതെന്താണെന്ന് അത് നമ്മളെ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അനീതികളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനും കഠിനാധ്വാനം നിറഞ്ഞ അവരുടെ ജീവിതങ്ങൾക്ക് സന്തോഷം പകരാനുമായി ഓരോരോ പദ്ധതികൾ കൊണ്ടുവരുന്ന വലതുപക്ഷ ബുദ്ധികേന്ദ്രങ്ങൾക്ക് (right-wing think tanks) ഏത് സന്ദർഭത്തിലും ആവിഷ്കരിക്കാവുന്ന ഒരേയൊരു പദ്ധതിയായിരിക്കും ഫുട്ബാൾ.’’

ബൂർഷ്വാസിയും പ്രോലിറ്റേറിയറ്റും പിന്നെ കാൽപന്തുകളിയും –പൂർണമായും ആക്ഷേപഹാസ്യശൈലി ഉപയോഗിക്കുന്നു ലേഖകൻ. മേൽ ഉദ്ധരിച്ചതിലെ അതിശയോക്തിപരമായ വിശേഷണങ്ങളും അതിന്‍റെ ഭാഗമാണ്. തൊട്ടുടനെയുള്ള വാക്യങ്ങൾക്കും ഈ സറ്റയർ ശൈലിയുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. അതായത്: ‘‘മുതലാളിത്തത്തിന്‍റ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സോഷ്യലിസമല്ലാതെ മറ്റൊരു മികച്ച മാർഗവും ഇതുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ല. എന്നാൽ, ഫുട്ബാളുമായുള്ള അതിന്‍റെ മൽപ്പിടുത്തത്തിലാകട്ടെ, ഫുട്ബാൾ സോഷ്യലിസത്തെക്കാൾ എത്രയോ പ്രകാശവർഷം മുന്നിലാണ്.’’

അധികാര രാഷ്ട്രീയത്തിന്‍റെയും കുത്തക മുതലാളിത്തത്തിന്‍റെയും എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന, മൂലധനത്തിന്‍റെ ഒരാഘോഷമാണ് ഇന്ന് ഫുട്ബാൾ ലോക മത്സരങ്ങൾ. മിക്കവാറും എല്ലാ കളികളുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമൊന്നുമല്ല. കളത്തിൽ സൗഹാർദവും പാരസ്പര്യവും വർഗബോധവും വളർത്താൻ മാത്രം കരുത്തും പാരമ്പര്യവുമുള്ള ഒരു ഗെയിം, മൂലധന വ്യവസ്ഥയുടെ എന്‍റർടെയ്ൻമെന്‍റ് വ്യവസായമായി മാറിയതിന്‍റെ ചരിത്രം മാത്രമല്ല ഫുട്ബാൾ കളിക്കുള്ളത്. വർക്കിങ് ക്ലാസ് സ്പോർട് എന്ന് പറയാവുന്ന ഒരു വിനോദം കോർപറേറ്റ് സ്പെക്ടക്ളിലേക്ക് പരിണമിച്ചതിന്‍റെ കഥ കൂടിയാണത്. ഇന്നത്തെ പ്രമുഖ ക്ലബുകളുടെ ചരിത്രംതന്നെ അതിലേക്ക് വെളിച്ചംവീശുന്നതാണ്.

വ്യവസായ വിപ്ലവത്തിന്‍റെ ആഗോള കേന്ദ്രമായിരുന്ന ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ, ലങ്കാഷർ ആൻഡ് യോക്‌ഷർ റെയിൽവേയുടെ (Lancashire and Yorkshire Railway) കാ​േരജ് ആൻഡ് വാഗൺ ഡിപ്പാർട്മെന്റിലെ തൊഴിലാളികളാണ് 1878ൽ ന്യൂടൺ ഹീത്ത് LYR FC (Newton Heath LYR FC) എന്ന ക്ലബ് സ്ഥാപിക്കുന്നത്. അതികഠിനമായ തൊഴിൽ ജീവിതത്തിൽ ഒത്തുചേരാനും വിനോദിക്കാനും തൊഴിലാളികൾക്കുള്ള ഇടമായിരുന്നു അത്. ഗ്രീൻ ആൻഡ് ഗോൾഡ് കളറിലുള്ള അവരുടെ ആദ്യകാല ജഴ്സി റെയിൽവേ തൊഴിലാളികളുടെ യൂനിഫോം ആയിരുന്നത്രേ. ഈ ന്യൂട്ടൻ ഹീത് ആണ് ഇന്നത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് FC (Manchester United FC). അമേരിക്കൻ വ്യവസായ കുടുംബമായ ഗ്ലേസറിന്‍റെ പ്രധാന ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ ക്ലബ്. 2005ൽ ‘ലെവറേജ്ഡ് ബയ്ഔട്’ വഴി ക്ലബിന്‍റെ മേജർ ഷെയറുകൾ സ്വന്തമാക്കിയതാണ് മാൽകം ഗ്ലേസർ.

ഗ്ലേസർ കുടുംബത്തിനും അവർ കഴിഞ്ഞാൽ ക്ലബിന്‍റെ പ്രധാന ഓഹരിയുടമകളായ റാറ്റ്ക്ലിഫിനും എതിരായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ, ക്ലബിനെ അതിന്‍റെ ആദിമഘടനയിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. പ്രതിഷേധക്കാർ ധരിക്കുന്ന സ്കാഫ് Green and Gold coloured ആണ്. തങ്ങളുടെ ‘തൊഴിലാളിത്ത’ വേരുകളിലേക്കുള്ള രാഷ്ട്രീയമായ തിരിച്ചുപോക്കിന്‍റെ പ്രതീകമാണത്.

മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബാണ് ആഗോള കോർപറേറ്റ് ഫുട്ബാളിന്‍റെ നെറുകയിൽ നിൽക്കുന്ന, മാഞ്ചസ്റ്റർ സിറ്റി FC (Manchester City FC). അബൂദബി രാജകുടുംബത്തിന്‍റെ മൂലധനത്തിൽ പ്രവർത്തിക്കുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് മാഞ്ചസ്റ്റർ സിറ്റി. അതേസമയം, 1880ൽ പടിഞ്ഞാറൻ മാഞ്ചസ്റ്ററിലെ ഗോർട്ടൻ എന്ന പ്രദേശത്തെ, ദാരിദ്ര്യവും തൊഴിലില്ലായ്മയും ഗാങ് വയലൻസുംകൊണ്ട് തകർന്ന ഇരുമ്പുഫാക്ടറി തൊഴിലാളികൾക്ക് ആശ്വാസം പകരാനും അവരെ ശാക്തീകരിക്കാനും വേണ്ടി സെന്‍റ് മാർക്സ് ചർച്ചിലെ റെക്ടർ ആർതർ കണലിന്‍റെയും അദ്ദേഹത്തിന്‍റെ മകൾ അന്ന കണലിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു ഈ ക്ലബ്. ഒരറിവിനുവേണ്ടി മാത്രം മറ്റ് ചില പ്രധാന ക്ലബുകളുടെ വിവരങ്ങളും ലഘുവായി പരിശോധിക്കാം.

വെസ്റ്റ് ഹാം യുനൈറ്റഡ് (West Ham United FC)

ലണ്ടനിലെ തേംസ് അയൺവർക്സ് ആൻഡ് ഷിപ്യാഡിലെ തൊഴിലാളികൾ 1895ൽ രൂപവത്കരിച്ചത്. ഇന്നത്തെ അതിന്‍റെ മേജർ ഷെയർ ഹോൾഡർ ബ്രിട്ടീഷ് ബിസിനസുകാരനായ ഡേവിഡ് സള്ളിവൻ ആണ്. ഫുട്ബാൾ ക്ലബുകൾക്ക് പുറമെ അയാൾക്ക് താൽപര്യമുള്ള ബിസിനസുകൾ, ടാബ്ലോയിഡ് പത്രങ്ങൾ, സെക്സ് ഷോപ്പുകൾ, പോണോഗ്രഫി എന്നിവയാണെന്നു കൂടി അറിയേണ്ടതാണ്. ക്ലബിന്‍റെ ലോഗോയിൽ രണ്ട് ചുറ്റികകൾ ഇപ്പോഴും കാണാം. പ്രോലിറ്റേറിയൻ സിംബലാണത്. കാൽപന്തുകളിയുടെ ഇടതുപക്ഷ ചരിത്രത്തിന്‍റെ അടയാളം.

ലിവർപൂൾ (Liverpool FC)

ഇംഗ്ലണ്ടിലെ ലിവർപൂളിലെ ഡോക് ജീവനക്കാരുടെയും ഫാക്ടറി തൊഴിലാളികളുടെയും ജീവിതത്തോട് ചേർന്നുനിന്ന ഇടം. താമസിയാതെ കോർപറേറ്റ് താൽപര്യങ്ങൾ കൈപ്പിടിയിലൊതുക്കി. അമേരിക്കൻ സ്പോർട്സ് കോർപറേറ്റ് ഭീമന്മാരായ ഫെൻവേ സ്പോർട്സ് ഗ്രൂപ് (Fenway Sports Group –FSG) ആണ് ഇപ്പോൾ ലിവർപൂളിന്റെ ഉടമകൾ. വലിയ സാമ്പത്തിക ലാഭമുണ്ടാക്കാനും ആഗോളതലത്തിൽ മർക്കറ്റും ഡിജിറ്റൽ സബ്സ്ക്രിപ്ഷനും വർധിപ്പിക്കാനുമുള്ള പ്രതലമാണ് FSG ബിസിനസുകാർക്ക് ലിവർപൂൾ ക്ലബ്. ’70കളിലും ’80കളിലും ക്ലബ് മാനേജരായിരുന്ന ബിൽ ഷാങ്ക്ലി ക്ലബിൽ സോഷ്യലിസ്റ്റ് തത്ത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്നു. ഫുട്ബാൾ എന്നാൽ കമ്യൂണിറ്റിയുടെയും കൂട്ടായ്മയുടെയും ഒത്തുചേരലാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ, കോർപറേറ്റ് ഉടമസ്ഥതക്ക് കീഴിൽ ക്ലബ് മുതലാളിത്ത താൽപര്യങ്ങളിൽത്തന്നെ നിലകൊള്ളുന്നു.

ഇതേ ചരിത്രംതന്നെയാണ് ലണ്ടനിലെ വൂൾവിച്ചിലുള്ള റോയൽ ആഴ്‌സനൽ എന്ന ആയുധക്കമ്പനി ജീവനക്കാർ സ്ഥാപിച്ച ആഴ്‌സനൽ (Arsenal FC) ക്ലബിന്‍റേതും. അമേരിക്കൻ ശതകോടീശ്വരനായ സ്റ്റാൻ ക്രോങ്കെയുടെ (Stan Kroenke) ഉടമസ്ഥതയിലുള്ള ‘ക്രോങ്കെ സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്’ (KSE) ആണ് ഇപ്പോൾ ആഴ്സനലിന്റെ പൂർണ ഉടമകൾ.

ചുരുക്കിപ്പറഞ്ഞാൽ, തൊഴിലാളികളുടെ വിയർപ്പിൽനിന്നും അതിജീവനത്തിന്റെ രാഷ്ട്രീയത്തിൽ നിന്നും പിറവിയെടുത്ത കളിയും കൂട്ടായ്മകളും ഇന്ന് വലതുപക്ഷ അധികാര ഘടനകളുടെയും നിയോ-ലിബറൽ (Neo-liberal) മൂലധന താൽപര്യങ്ങളുടെയും കൈപ്പിടിയിലാണ്. ഫിഫയുടെ തീരുമാനങ്ങളിലും ലോകകപ്പ് പോലുള്ള വലിയ വേദികളിലും കാണുന്ന വിവേചനങ്ങൾ ഈ കോർപറേറ്റ് ഘടനയുടെ സ്വാഭാവികമായ പ്രതിഫലനമാണ്.

 

2026 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്‍റീന-സ്പെയിൻ മത്സരത്തിൽനിന്ന്

മാഞ്ചസ്റ്റർ യുനൈറ്റഡ് FCയും FC യുനൈറ്റഡ് ഒഫ് മാഞ്ചസ്റ്ററും

എന്നാൽ, ഇതിൽനിന്ന് ഭിന്നമായ ചരിത്രവുമുണ്ട്. അതിനുദാഹരണമാണ് അർജന്‍റീനയിലെ ബോക ജൂനിയേഴ്സ് (Club Atletico Boca Juniors CABJ). ബ്വേനസ്എയ്റിസിലെ കുടിയേറ്റക്കാരുടെയും തുറമുഖത്തൊഴിലാളികളുടെയും നയ്ബർഹുഡ് ആണ് ലാ ബോക. ഇതേ ആളുകളുടെ കൂട്ടായ്മയിൽ നിന്നും ജന്മമെടുത്ത ബോക ക്ലബിന്‍റെ രാഷ്ട്രീയം ഡോക് തൊഴിലാളികളുടെ കഠിനാധ്വാനം, അവരുടെ ദാരിദ്ര്യം, അതിജീവനം തുടങ്ങിയവയുമായി ചേർന്നുനിൽക്കുന്നു. ഇന്നും അത് ജനകീയ/ തൊഴിലാളി വർഗ പ്രതീകമായാണ് അർജന്‍റീനയിൽ അറിയപ്പെടുന്നത്. പൂർണാർഥത്തിൽ ബോക ജൂനിയേഴ്സിനെ മൂലധന താൽപര്യങ്ങൾക്ക് കീഴ്പ്പെടാത്ത ക്ലബായി വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും പല യൂറോപ്യൻ ക്ലബുകളെയും പോലെ പൂർണമായും കോർപറേറ്റ് ഭീമന്മാരുടെ സ്വകാര്യ സ്വത്തായി മാറിയില്ല അത്.

എന്തെന്നാൽ അതിന്‍റെ ഘടന തന്നെ അൽപം വ്യത്യസ്തമാണ്. മാഞ്ചസ്റ്റർ സിറ്റിയോ വെസ്റ്റ് ഹാം യുനൈറ്റഡോപോലെ ഏതെങ്കിലും ശതകോടീശ്വരന് അതിനെ വിലക്കെടുക്കാൻ കഴിയില്ല. ഒരു Non-profit Sports Association ആയി അർജന്‍റീനൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ബോകയുടെ ഉടമസ്ഥർ ലക്ഷക്കണക്കായ അതിലെ സാധാരണ അംഗങ്ങളാണ്. അവർ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന പ്രസിഡന്‍റാണ് ക്ലബിനെ നയിക്കുക. അലിഖിതമായെങ്കിലും പെറോണിസ്റ്റ് ഇടത് രാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പൊതുവെ ക്ലബ് അംഗങ്ങൾ.

2015-'19 കാലത്ത് അർജന്‍റീനൻ പ്രസിഡന്‍റായിരുന്ന മൗറീസിയോ മാക്രി എന്ന വലതുപക്ഷ രാഷ്ട്രീയ നേതാവ് 1995-2007ൽ ബോക ജൂനിയേഴ്സിന്‍റെ പ്രസിഡന്‍റായിരുന്നു. ക്ലബിനെ കുത്തകവത്കരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ക്ലബ് പ്രസിഡന്‍റും മുൻ അർജന്‍റീനൻ ദേശീയ ഫുട്ബാൾ ടീം അംഗവുമായ യ്വാൻ റോമൻ റിക്വൽമിയുടെ നേതൃത്വത്തിൽ അതിനെതിരെ ശക്തമായ ചെറുത്തുനിൽപുണ്ടായി. റിക്വൽമിക്ക് പുറമെ, അർജന്‍റീനൻ ഫുട്ബാളിൽ ചരിത്രം സൃഷ്ടിച്ച ഡിയാഗോ മറഡോണ, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, കാർലോസ് തിവെസ്, മാർട്ടിൻ പലേർമോ തുടങ്ങിയവരും ‘ബോക’യിൽ അംഗങ്ങളാണ്. ഇവരിൽ പലരും ഉയർന്ന രാഷ്ട്രീയ ബോധം പുലർത്തിയിരുന്നു. ചേരികളിൽനിന്നും ദരിദ്ര പശ്ചാത്തലത്തിൽനിന്നും വന്ന ഇവരിൽ പലരും പിന്നീട് പല ക്ലബുകൾക്കും വേണ്ടി കളിക്കുകയും ഏറെ ധനം സമ്പാദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ വേരിനെയും ബോക ഐഡന്‍റിറ്റിയെയും ഒരിക്കലും മറക്കാത്തവരാണ്.

കേവലം കായികതാരം എന്ന നിലക്കപ്പുറം, ഗ്ലോബൽ സൗത്തിന്‍റെ പ്രതിരോധ പ്രതീകങ്ങളിലൊന്നായി മറഡോണ അറിയപ്പെട്ടു. ചേരിയിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ലോക ഫുട്ബാളിന്റെ നെറുകയിൽ എത്തിയിട്ടും തന്റെ തൊഴിലാളി വർഗ സ്വത്വവും പശ്ചാത്തലവും അദ്ദേഹം മരണം വരെ കൈവിട്ടില്ല. ഫിദൽ കാസ്‌ട്രോ, ഊഗോ ചാവെസ്, ഇവോ മൊറാലിസ് തുടങ്ങിയ ലാറ്റിൻ അമേരിക്കൻ ഇടത് നേതാക്കളുമായി സജീവബന്ധം പുലർത്തിയ മറഡോണ, തന്‍റെ വലതു തോളിൽ ചെ ഗുവേരയുടെ മുഖം പച്ച കുത്തിയിരുന്നത്രേ. യു.എസ് പ്രസിഡന്‍റ് ജോർജ് ബുഷിനെതിരായ സമരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഫലസ്‌തീനികളോട് ഐക്യദാർഢ്യപ്പെടുകയും അവർക്കുവേണ്ടി അന്താരാഷ്ട്ര വേദികളിൽ ശബ്‌ദമുയർത്തുകയും ചെയ്തു. ‘‘എൻ മി കുറാസോൻ, സോയ് പാലസ്തീനോ’’ (In my heart, I am a Palestinian) എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന വിഖ്യാതമാണ്. ഫിഫയുടെ കോർപറേറ്റ് ഘടനക്കെതിരായും അദ്ദേഹം കലഹിച്ചിരുന്നു.

അതേസമയം വിപണിയുടെ അദൃശ്യമായ സമ്മർദത്തിന് ബോകയും വിധേയമാണ്. നൈക്, അഡിഡാസ് പോലുള്ള ബ്രാൻഡുകളുടെ ബില്യൻ ഡോളറുകളുടെ സ്പോൺസർഷിപ്പിലാണ് അവരും നിലനിൽക്കുന്നത്. ‘വിനോദവേദികൾ’ക്ക് വിപണിയോട് മത്സരിക്കാൻ വമ്പിച്ച നിക്ഷേപം ആവശ്യമായി വരുന്നു എന്നത് ‘വിനോദ വ്യവസായ’ത്തിന്‍റെ സ്വാധീനത്തെ അടയാളപ്പെടുത്തുന്നു. തങ്ങളുടെ യുവതാരങ്ങളെ വൻതുകക്ക് യൂറോപ്പിലെ കോർപറേറ്റ് ക്ലബ് മാർക്കറ്റിൽ ലേലം ചെയ്യേണ്ടിവരുന്ന ഒരു സപ്ലയർ ക്ലബായി പലപ്പോഴും ബോക തരം താഴാറുണ്ട്. ആഗോള കാപിറ്റലിസ്റ്റ് വിപണിയിൽനിന്നും മാറിനിൽക്കാൻ കഴിയുന്നില്ലെങ്കിലും ഒരു ജനകീയ പ്രതിരോധ ഇടമായി ഈ ക്ലബ് നിലനിൽക്കുന്നു.

പ്രതിരോധ നിലപാടുകൊണ്ട് ശ്രദ്ധേയമായ മറ്റൊരു ക്ലബാണ് ജർമനിയിലെ ഹംബോഗിൽ (Hamburg) ഒരു തുറമുഖ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന FC സെന്‍റ് പൗളി (FC St. Pauli). ഒരുപക്ഷേ ലോകത്തിലെത്തന്നെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള കമ്യൂണിറ്റി ക്ലബാണത്. ഇടതുപക്ഷ, തൊഴിലാളി വർഗ ആശയങ്ങളോട് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇവർ, വംശീയതക്കും ഫാഷിസത്തിനും കോർപറേറ്റ് ഫുട്ബാളിനുമെതിരെ സജീവമായി നിലകൊള്ളുന്നു. ഇവരുടെ ഹോം സ്റ്റേഡിയമായ മിലന്തോർ സ്റ്റേഡിയം ഒരു വലിയ രാഷ്ട്രീയ പ്രതിരോധ ഇടമാണ് (Space of Political Resistance).

വിൽക്കാനുള്ള ചരക്കല്ല കളിയെന്നും ആനന്ദിക്കാനുള്ള അവകാശമാണതെന്നുമാണ് ഇവരുടെ തിയറി. തങ്ങളുടെ സ്റ്റേഡിയത്തിന്‍റെ പേര് ഒരു കോർപറേറ്റ് ബ്രാൻഡിനും വിൽക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള സെന്‍റ് പൗളിയുടെ കളിക്കാരും ആരാധകരും സ്റ്റേഡിയത്തിൽ പരസ്യപ്പലകകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുകയും തങ്ങളുടെ പ്രധാന മുദ്രാവാക്യമായ ‘‘കയ്ൻ ഫൂസ്‌ബോൾ ദെൻ ഫാഷിസ്‌തെൻ’’ (No Football for Fascists) എന്ന വാചകം ഗാലറിയുടെ ബാക് വാളിൽ സ്ഥിരമായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയൊഴിപ്പിക്കലുകൾക്കും കോർപറേറ്റ് മാഫിയക്കുമെതിരെ ഹംബോഗിലെ ജനം നടത്തിയ പല സമരങ്ങളുടെയും ആസൂത്രണകേന്ദ്രം തന്നെ ഈ സ്റ്റേഡിയമാണെന്ന് പറയാറുണ്ട്.

തെരുവും സെമിനാറും

അതിശക്തമായ ഒരു രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ചരിത്രംതന്നെയാണ് സാവൊ പൗലോയിൽ ജന്മമെടുത്ത SC കൊറിന്ത്യൻസ് പൗലീസ്ത (SC Corinthians Paulista) എന്ന ക്ലബിന്‍റേത്. ബ്രസീലിൽ അക്കാലത്ത് ഫുട്ബാൾ ഒരു വരേണ്യവർഗ വിനോദമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ സമൂഹ ശ്രേണിയിലെ അധഃസ്ഥിതർ വരേണ്യതക്കെതിരായ പ്രതിഷേധ കൂട്ടായ്മയായും കൂടി രൂപവത്കരിച്ചതാണ് ഈ ക്ലബ്. പ്രശസ്തനായ ഫുട്ബാളർ എന്നതുപോലെത്തന്നെ ബുദ്ധിജീവിയും ഇടതുപക്ഷ ചിന്തകനും കലാപകാരിയും ഒപ്പം ഭിഷഗ്വരനുമായ ഡോ. സോക്രട്ടീസ് (Socrates Brasileiro Sampaio de Souza Vieira de Oliveira) ഈ ക്ലബിന്‍റെ പ്രതലത്തിലാണ് 1964-’85 കാലത്തെ മിലിറ്ററി ഡിക്ടേ റ്റർഷിപ്പിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്.

1979 മുതൽ ’86 വരെ ബ്രസീലിയൻ നാഷനൽ ടീമിൽ മിഡ്ഫീൽഡറായിരുന്നു സോക്രട്ടീസ്. തങ്ങളുടെ ജഴ്‌സിയുടെ പിറകിൽ Democracia എന്നെഴുതിയിരുന്നു അക്കാലത്ത് ഈ ക്ലബിലെ കളിക്കാർ. ’83ൽ ലീഗ് ചാമ്പ്യൻമാരായപ്പോൾ അവർ ഉയർത്തിയ ബാനറുകളും ജനാധിപത്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു. ‘കൊറിന്തിയാൻ ഡമോക്രസി’ എന്ന പ്രയോഗം അന്നത്തെ ബ്രസീലിയൻ വ്യവഹാരങ്ങളിൽ സുപരിചിതമായിരുന്നു. സകല കാര്യങ്ങളും വോട്ടിങ്ങിലൂടെ തീരുമാനിച്ചിരുന്ന ക്ലബിൽ കിറ്റ് ബോയിയും കോച്ചും സോക്രട്ടീസും ഒരേ വോട്ടിങ് മൂല്യമുള്ള അംഗങ്ങളുമായിരുന്നു.

രാഷ്ട്രീയമായി ഒരുപക്ഷേ മറഡോണയെക്കാൾ ഉറച്ച അടിത്തറയുള്ളയാളാണ് സോക്രട്ടീസ്. ചേരിയിലെ കടുത്ത ദാരിദ്ര്യത്തിൽനിന്നും ചൂഷണത്തിൽനിന്നും നേരിട്ടറിഞ്ഞ ബോധ്യങ്ങളാണ് മറഡോണയുടെ വിപ്ലവ ചിന്തകളുടെ ആധാരം. സൈദ്ധാന്തിക രാഷ്ട്രീയത്തേക്കാൾ ‘ഇമോഷനൽ/പോപുലിസ്റ്റ്’ ഇടത് രാഷ്ട്രീയമായിരുന്നു അത്. ഭരണകൂടങ്ങൾ പാവപ്പെട്ടവരോട് ചെയ്യുന്ന അനീതിക്കെതിരിൽ നിൽക്കുന്ന തെരുവ് പോരാളിയുടെ വീര്യമായിരുന്നു മറഡോണക്ക്. അതേസമയം, സോക്രട്ടീസ് ആകട്ടെ, അക്കാദമിക് പശ്ചാത്തലവും മെഡിക്കൽ ബിരുദവുമുള്ള, തിയറിയും ദർശനങ്ങളും കൃത്യമായി വായിച്ചറിഞ്ഞ സാംസ്കാരിക ഇടതുപക്ഷക്കാരനായിരുന്നു.

മാർക്സിസം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച ആഴത്തിലുള്ള സൈദ്ധാന്തിക ബോധ്യത്തിൽനിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വരുന്നത്. ഫുട്ബാളിന്‍റെ ഘടനക്കകത്ത് നിന്നുകൊണ്ട്, വ്യവസ്ഥാപിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെങ്കിൽ, വ്യക്തികേന്ദ്രിതമായ പ്രതിരോധങ്ങൾ സൃഷ്ടിച്ച മറഡോണ, വ്യവസ്ഥയോട് നേരിട്ട് കലഹിക്കുകയാണ് ചെയ്തത്. ബ്രസീലിലെ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ ജീവിക്കുകയും അവരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്തതിന്‍റെ ചരിത്രമാണ് സോക്രട്ടീസിനുള്ളത്. എന്നാൽ, ഫുട്ബാളിലെന്നതുപോലെ ആഗോള രാഷ്ട്രീയത്തിലും ഒരു ഐക്കണായി മാറാൻ മറഡോണക്ക് സാധിച്ചു.

എന്നാൽ, പ്രത്യക്ഷാർഥത്തിൽ ഒരു ഇമോഷനൽ ലെഫ്റ്റ്, തിയററ്റിക്കൽ ലെഫ്റ്റ് ദ്വന്ദ്വം സൃഷ്ടിച്ച് അതിൽ അതികായരായ രണ്ട് പ്രതിനിധാനങ്ങളെ സൃഷ്ടിക്കുക എന്നതല്ല ഈ വിശകലനത്തിന്‍റെ ഉദ്ദേശ്യം. മറഡോണയുടെ രാഷ്ട്രീയം കേവലം പോപുലിസമല്ല. ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷ ദേശീയതയുടെ വലിയൊരു പാരമ്പര്യത്തിലേക്ക് അദ്ദേഹത്തെ കണ്ണിചേർക്കാൻ പറ്റും. അതുപോലെ സോക്രട്ടീസ് നിർവികാരനായ സൈദ്ധാന്തികനുമല്ല. പോപുലിസ്റ്റ് –ഇന്‍റലക്ച്വൽ അഥവാ ഇമോഷനൽ –തിയററ്റിക്കൽ ഇടതുകൾ എന്നതിനെക്കാൾ സ്ട്രീറ്റ് റാഡിക്കലിസം - ഡമോക്രാറ്റിക് റാഡിക്കലിസം എന്ന ദ്വന്ദ്വമായിരിക്കും യഥാക്രമം മറഡോണ, സോക്രട്ടീസ് എന്നിവരുടെ പ്രതിനിധാനം. പലകാലത്തായി ബ്രസീൽ ദേശീയ ഫുട്ബാൾ ടീം അംഗങ്ങളായിരുന്ന ഹിവാൽദോ (റിവാൾഡോ), പോളീഞ്ഞോ, കാസ്യോ റോബർട്ടോ റാമോസ് തുടങ്ങിയവരും കൊറീന്ത്യന്മാരാണ്.

ജനകീയവും വലതുപക്ഷ വിരുദ്ധവുമായ നിലപാടുകൾ നിലനിർത്തുന്ന ‘പാദകന്ദുകക്രീഡാ സംഘങ്ങൾ’ ചെറുതും വലുതുമായി വേറെയുമുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ ഫാമിലി വിലക്കെടുത്തപ്പോൾ അതിൽ പ്രതിഷേധിച്ച് ചില പ്രോലിറ്റേറിയൻ ഫാൻസ് രൂപവത്കരിച്ച സെമി-പ്രഫഷനൽ ക്ലബായ FC യുനൈറ്റഡ് ഒഫ് മാഞ്ചസ്റ്റർ എണ്ണം പറയാവുന്ന കൂട്ടായ്മ ആയിട്ടില്ലെങ്കിലും ജനകീയ ഫുട്ബാൾ എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. ഗ്ലാമർ ഐക്കണുകളല്ല, മറിച്ച് ഫുട്ബാൾ ഫാൻസ് ആണ് അതിലെ യഥാർഥ ഹീറോകൾ. അതുപോലെ ബ്രസീലിലെ പാവ്മെയ്റാസ് (SE Palmeiras), ഫ്ലാമെങ്‌ഗു (CR Flamengo), അർജന്‍റീനയിലെ ഇൻദെപെൻദിയെന്ദെ (Independiente FC), ഇറ്റലിയിലെ ലിവോർനോ (Livorno), സ്പെയിനിലെ അത്‌ലറ്റിക് ബിൽബാവോ (Athletic Bilbao) തുടങ്ങിയവ കോർപറേറ്റ് സ്വാധീനമുണ്ടെങ്കിലും അതിനോട് ചെറുത്തുനിൽക്കുന്ന, ശക്തമായ ഫാൻ കൾച്ചറും ജനകീയതയും നിലനിർത്തുന്ന ക്ലബുകളാണ്.

 

കളിക്കമ്പോളവും കമ്പോളക്കളിയും

ചരിത്രത്തിലും വർത്തമാനത്തിലുമായി വിരുദ്ധങ്ങളായ ചിത്രങ്ങൾ നിലനിൽക്കുമ്പോഴും ആധുനിക ഡിജിറ്റൽ കാപിറ്റലിസത്തിന്‍റെ എല്ലാ ചേരുവകളും –മീഡിയാ കോർപറേറ്റിസം, പൊളിറ്റിക്കൽ സോഫ്‌റ്റ് പവർ, ബ്രാൻഡിങ്, ഡേറ്റാ കാപിറ്റലിസം, ബെറ്റിങ് ഇൻഡസ്ട്രി... etc ഉൾക്കൊള്ളുന്ന ഒരു ബില്യൻ ഡോളർ വ്യവസായമായി ആഗോള ഫുട്ബാൾ മാറിയിട്ടുണ്ട്. അതോടൊപ്പം റേസിസം, നിയോ-നാഷനലിസം തുടങ്ങിയവയും കളിക്കളത്തിൽ ഫണം വിരിച്ചാടുന്നത് കാണാം.

ഈഗ്ൾടന്‍റെ നിരീക്ഷണം, ഹൈപർബോളിസവും സറ്റൈറിക് ശൈലിയും നിറഞ്ഞതെങ്കിലും മാർക്സിസ്റ്റ് സാംസ്കാരിക വിമർശനത്തിന്‍റെ ഉത്തമ മാതൃകയായി വർത്തിക്കുന്നു. അദ്ദേഹത്തിന്‍റെ രൂക്ഷമായ പ്രയോഗങ്ങൾ –ലേഖനം അവസാനിപ്പിക്കുന്നത്, ‘‘രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഒരാൾക്കും, ഈ കളി പൂർണമായി നിരോധിക്കപ്പെടേണ്ടതാണ് എന്ന യാഥാർഥ്യത്തെ തള്ളിക്കളയാൻ പറ്റില്ല’’/ Nobody serious about political change can shirk the fact that the game has to be abolished എന്നാണ്. അതേസമയം, അദ്ദേഹംതന്നെ കളിയെ ‘ഔട്ബ്രെയ്ക്സ് ഒഫ് ആംഗ്രി പോപുലിസം’ അഥവാ ജനവികാരത്തിന്‍റെ ക്ഷോഭവിസ്‌ഫോടനം ആയി വിശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ ക്ലബുകളിൽ, തങ്ങളുടേതായ ഇടങ്ങളിൽ ഇടിച്ചുകയറുന്ന കോർപറേറ്റിസത്തിന്‍റെ സ്ഥൂല മാർജാരന്മാർക്കെതിരായി അതേ ഇടത്തെത്തന്നെ പരിവർത്തിപ്പിക്കാനുള്ള സാധ്യത. കാൽപന്തുകളി സ്വയംതന്നെ ഉൾക്കൊള്ളുന്ന ചില വൈരുധ്യങ്ങളുണ്ട്. ഒരു ഡയലക്ടിക്കൽ മാസ്റ്റർപീസ് ആയാണ് ഈഗ്ൾടൻ ഫുട്ബാളിനെ കാണുന്നത്. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വൈരുധ്യങ്ങൾ ഇവയാണ്.

1. വ്യക്തിവാദവും സമഷ്ടിവാദവും (individualism + collectivism): ആഴ്ചയിലൊരിക്കൽ അവർ കളിസ്ഥലത്ത് സാക്ഷ്യം വഹിക്കുന്നത്, ‘പ്രതിഭ’ എന്ന പദം കേവലം അത്യുക്തിയല്ലാത്ത മനുഷ്യരുടെ അതിശയകരമായ സൗന്ദര്യാത്മക പ്രകടനങ്ങൾക്കാണ്. ഒരു ജാസ് ബാൻഡ് സംഘത്തെയോ ഡ്രാമാ ട്രൂപ്പിനെയോ പോലെ, ഫുട്ബാൾ അതിന്റെ അതിശയിപ്പിക്കുന്ന വ്യക്തിഗത മികവിനെ നിസ്വാർഥമായ കൂട്ടായ്മയുമായി സംയോജിപ്പിക്കുന്നു. വ്യക്തിഗത പ്രതിഭയോടൊപ്പം ടീം വർക്കും കൂടി ചേരുന്നത് കാൽപന്തുകളിയുടെ സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രകാശനമായി മാറുന്നു.

2. മത്സരവും സഹകരണവും (competition + cooperation): കളത്തിൽ സഹകരണവും മത്സരവും തമ്മിൽ അതിസൂക്ഷ്മമായി സന്തുലിതമാക്കപ്പെട്ടിരിക്കുന്നു. അന്ധമായ കൂറും പരസ്പരമുള്ള കടുത്ത വൈരവും മനുഷ്യന്റെ ഏറ്റവും ശക്തമായ പരിണാമാത്മക സഹജവാസനകളെ (most powerful evolutionary instincts) തൃപ്തിപ്പെടുത്തുന്നു.

3. ആഭയും സാധാരണത്വവും (glamour + ordinariness): കൃത്യമായ അനുപാതത്തിൽ ഗ്ലാമറും സാധാരണത്വവും തമ്മിൽ കൂടിച്ചേരുന്നത് കാണാം കളിയിൽ.

കാലങ്ങളായി സോഷ്യോളജിസ്റ്റുകൾ ഉത്തരം തേടിയുഴറുന്ന പ്രതിസന്ധികൾക്കാണ് ഈ ഡയലക്ടിക്സിലൂടെ ഫുട്ബാൾ പരിഹാരം നൽകുന്നതെന്നും ഈഗ്ൾടൻ വിശകലനം ചെയ്യുന്നുണ്ട്. ഈ വൈരുധ്യാത്മകതയുടെ ഫ്രെയിമിൽനിന്നുകൊണ്ടാണ് അദ്ദേഹം ആംഗ്രി പോപുലിസത്തിന്‍റെ വിസ്ഫോടനമായും കോർപറേറ്റ് തന്തപ്പൂച്ചകൾക്കെതിരായ പ്രക്ഷോഭമായും പ്രവർത്തിക്കാനുള്ള അതിന്‍റെ സാധ്യതയെ ഉൾക്കൊള്ളുന്നത്. ഇതിന്‍റെ മറ്റ് മോഡലുകൾ യൂറോപ്പിന്‍റെയും അമേരിക്കാ വൻകരകളുടെയും ചരിത്രത്തിലെ കാർണിവലുകളിൽ കണ്ടെത്താം. മതപരമായ മാനമുള്ള ജനകീയ ഉത്സവങ്ങളായിരുന്നു അവ. കാർണിവൽ ദിനങ്ങളിൽ സാമൂഹിക ശ്രേണികൾ കീഴ്മേൽ മറിയും. ഒരു സാധാരണക്കാരനെ ‘ലോഡ് ഒഫ് മിസ്റൂൾ’ പേരിൽ പ്രതീകാത്മക രാജാവാക്കും. ജനങ്ങൾക്ക് രാജാവിനെ പരിഹസിക്കാം, പുരോഹിതരെ വിമർശിക്കാം, ബിഷപ്പിനെ മിമിക് ചെയ്യുക പോലുമാവാം. ഏത് ദരിദ്രനും രാജാവിന്‍റെവേഷം ധരിക്കാം.

റഷ്യൻ മാർക്സിസ്റ്റ് ചിന്തകനായ മീഖായീൽ ബക്തിൻ അധികാരത്തിന്‍റെ ഗൗരവത്തെ തകർക്കുന്ന, ജനങ്ങളുടെ ചിരിയായി വിശേഷിപ്പിച്ചിട്ടുണ്ട്. ഈ അനുഭവത്തെ Carnivalesque എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതൊരു രാഷ്ട്രീയ വിപ്ലവമല്ലെങ്കിലും വർഗരഹിത സമൂഹത്തിന്‍റെ ‘റിഹേഴ്‌സ’ലായി അത് മാറുന്നുണ്ട്. യഥാർഥത്തിൽ അധികാരത്തിന്‍റെ ഭയം ‘കാർണിവലെസ്കി’ൽ ജനങ്ങളുടെ പരിഹാസമായി മാറുകയാണ്. മതപരമായ ചിഹ്നങ്ങളെ അശുദ്ധമാക്കിയും തങ്ങളുടെ ‘യജമാനന്മാ’രെ പരിഹസിച്ചും ആദിമ വർഗരഹിത സമൂഹമെന്നപോലെ അരാജകത്വത്തിലാറാടിയും പുതിയൊരു രീതി താൽക്കാലികമായി സൃഷ്ടിക്കുകയാണ് ജനങ്ങൾ. എന്നാൽ, ഏതാനും ദിവസങ്ങളിലെ ഈ പരിഹാസവും സ്വാതന്ത്ര്യവും അധികാരത്തിന് തന്നെയാണ് ഉപകാരപ്പെടുക.

സാധാരണക്കാരുടെ ചിരിയിലും ഉന്മാദപ്പെയ്ത്തിലും അവരുടെ രോഷം ഡിസ്ചാർജ് ആകുന്നു. അതായത്, അധികാരികളെ സംബന്ധിച്ചിടത്തോളം പൊതുജനതാപത്തിന്‍റെ ഒരു സേഫ്റ്റി വാൽവ് ആയാണ് അത് പ്രവർത്തിക്കുക. ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ ജനകീയോത്സവമാണ് റിയോ ഡി ജനീറോയിലെ റിയൂ കാർണിവൽ. ഇതിന്‍റെ പ്രധാന ആകർഷണം ‘സാംബാഡ്രോ’മും സാംബാ പരേഡുമാണ്. സാംബാ നൃത്തത്തിന്‍റെ സാംസ്കാരികമായ ഉൽപത്തി എന്തുതന്നെയായിരുന്നാലും ഇന്ന് ഇത്തരം പെർഫോമൻസുകൾ സ്ത്രീശരീരത്തിന്‍റെ കമ്പോളവത്കരണത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്.

എന്തായാലും ഈ ആഘോഷങ്ങൾ ക്ലാസ്‌ലെസ് സൊസൈറ്റിയെ സൃഷ്ടിക്കുകയോ സാമൂഹികഘടനയെ മാറ്റുകയോ ചെയ്യുന്നില്ല. മാറ്റം സംഭവിച്ചതായ തോന്നൽ ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിലെല്ലാം മുകളിലാണ് കളിക്കളത്തിന്‍റെ സാധ്യതയെങ്കിലും ഈഗ്ൾടന്‍റെ അഭിപ്രായത്തിൽ ഇക്കാലത്ത് അത് ജനങ്ങളുടെ മയക്കുമരുന്നായി മാറുന്നു. ‘ക്രാക് കൊക്കെയ്ൻ’ എന്ന് പറയുന്നുണ്ട് അദ്ദേഹം. സാധാരണ ഓപിയത്തെക്കാളും സാന്ദ്രവും വിനാശകരവും ആസക്തി ഉണ്ടാക്കുന്നതുമാണ് Crack Cocaine. അതായത്, ജനങ്ങൾക്ക് ഹൈ ഡോസിൽ ടെംപററി യൂഫോറിയ നൽകി സജീവ രാഷ്ട്രീയ യാഥാർഥ്യങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കുന്നു. സ്പോട്സ്‌വാഷിങ് (Sportswashing) എന്നൊരു പ്രയോഗമുണ്ട്. ദുരധികാരത്തിന്‍റെ ഒരു പ്രൊപഗൻഡാ ടൂൾ ആണിത്. പുരാതന റോമിലെ അപ്പവും സർക്കസസും (Bread and Circuses) പരിപാടിയുടെ തുടർച്ച. മൗലികമായ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി തീറ്റയും വിനോദവും നൽകുന്ന തന്ത്രമാണ് ബ്രഡ് ആൻഡ് സർക്കസസ്.

ഫുട്ബാളിന്‍റെ ചരിത്രത്തിലാണെങ്കിൽ, തൊഴിലാളി വർഗ സംസ്‌കാരത്തിന്‍റെ ഭാഗമായ കളിക്കളത്തെ, അധഃസ്ഥിതരുടെ ഇടത്തെ, വസ്തുവത്കരണത്തിനും വാണിജ്യവത്കരണത്തിനും വിധേയമാക്കിയ കോർപറേറ്റിസം അതിനോട് ഭ്രാന്തമായ അഭിനിവേശം സൃഷ്ടിക്കുന്നു. ഒരുനിലക്ക് മാർക്സിന്‍റെ ഭാഷയിൽ ‘കമോഡിറ്റി ഫെറ്റിഷിസം’ എന്ന് പറയാം. അഭിനിവേശത്തെ ലഹരിയായും കളിയെ കൊക്കെയ്ൻ ആയും പാകപ്പെടുത്തി, സാമാന്യജനത്തെ വിസ്മൃതിയിലകപ്പെടുത്തുന്നു.

ഈ പ്രക്രിയയുടെ ഐക്കണായി ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്‍റെ പേര് പറയുന്നുണ്ട് ഈഗ്ൾടൻ. “The impeccably Tory, slavishly conformist Beckham” എന്നാണ് പ്രയോഗം. അദ്ദേഹത്തിന്‍റെ കാവ്യാത്മക ശൈലിക്ക് ഉദാഹരണമാണിത്. രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടപെടാറുള്ള ഒരാളായിരുന്നില്ല ബെക്കാം. എന്നിട്ടും ടോറി, കൺഫോമിസ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കുകയാണ് അദ്ദേഹത്തെ. എന്തെന്നാൽ, ബെക്കാം ഉൾപ്പെടെയുള്ള താരങ്ങൾ കമ്പോളവത്കരണത്തിന്‍റെയും പരസ്യക്കമ്പോളത്തിന്‍റെയും ഭാഗമാണ്. ഇവിടെ ഒരു പ്രതീകം മാത്രമാണ് ബെക്കാം. താരങ്ങളെ ഉപയോഗിച്ച് കൺസ്യൂമറിസ്റ്റ് ഫാന്‍റസി സൃഷ്ടിക്കുകയാണ് മുതലാളിത്തം. വിപണിവ്യവസ്ഥയുടെ ഫുട്ബാളിൽ Fan, Fandom തുടങ്ങിയ പദങ്ങളില്ല. ഫുട്ബാൾ പ്രേമികൾ അവർക്ക് കൺസ്യൂമേഴ്സ് മാത്രമാണ്. കസ്റ്റമർ എൻഗേജ്മെന്‍റ്, കൺസ്യൂമർ എക്സ്പീരിയൻസ് തുടങ്ങിയവയാണ് കാഴ്ചാനുഭവത്തെ സൂചിപ്പിക്കുന്ന പദങ്ങൾ.

 

പന്തുരുൾച്ചയുടെ അതിരുകളും പരിധികളും

2018ലെ റഷ്യ ലോകകപ്പിൽ സെർബിയക്കെതിരെ ഗോൾ നേടിയപ്പോൾ സ്വിറ്റ്സർലൻഡിന്‍റെ ഗ്രാനീത് ചാക്കയും (Granit Xhaka) ജെർദാൻ ഷാചീരിയും (Xherdan Shaqiri) കൈകൾകൊണ്ട് പ്രത്യേക തരത്തിലുള്ള അംഗവിക്ഷേപം കാണിച്ചത് വിവാദമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വിസ് ടീം തോൽപിച്ച സെർബിയൻ ടീം നൽകിയ പരാതിയിൽ ഇവർ രണ്ടു പേർക്കും ടീം ക്യാപ്റ്റൻ സ്റ്റെഫാൻ ലിക്‌ഷ്റ്റൈനർക്കും (Stephan Lichtsteiner) എതിരെ ഫിഫ നടപടിയെടുത്തു.

സത്യത്തിൽ മുറിവേറ്റ സ്വത്വത്തിന്‍റെ വിജയപ്രകടനമായിരുന്നു ചാക്കയും ഷാചീരിയും നടത്തിയത്. പൊതുവെ വംശീയ സംഘർഷങ്ങൾക്ക് കുപ്രസിദ്ധി നേടിയതാണ് ബാൾക്കൻ പ്രദേശത്തെ സ്‌ലാവുകളുടെ ചരിത്രവും വർത്തമാനവും. അതിൽ ഏറ്റവും ഹിംസാത്മകത പ്രകടിപ്പിച്ചതും ക്രൂരമായ നരഹത്യാതാണ്ഡവങ്ങൾ നടത്തിയതും സെർബുകൾ ആണ്. യൂഗോസ്‌ലാവ്യയുടെ (SFR Yugoslavia) തകർച്ചയോടെ പ്രദേശത്തെ വംശീയാസ്വാസ്ഥ്യങ്ങൾ കൂടുതൽ രൂക്ഷമായി. യൂഗോസ്‌ലാവ്യയുടെ തകർച്ചയിൽ നിന്നും ജന്മമെടുത്ത സെർബിയ ആൻഡ് മോണ്ടിനെഗ്രോയുടെ (FR Yugoslavia) പ്രസിഡന്‍റായി സ്ലോബോദൻ മീലോഷെവിച് (Slobodan Milosevic) എന്ന തീവ്ര ഹിംസാത്മക വംശീയവാദി അധികാരമേറ്റെടുത്തതോടെ സെർബ് വംശീയവാദികൾക്ക് മനുഷ്യരക്തത്തോടുള്ള ആർത്തി കൂടി.

അതിന്‍റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബോസ്നിയാക്കുകൾക്കാണ്. അതുകഴിഞ്ഞാൽ കൊസോവോയിലെ അൽബേനിയൻ വംശജർക്കും. സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സംസ്കാരത്തിന്‍റെയും മധ്യകാല സെർബിയൻ സാമ്രാജ്യത്തിന്‍റെയും ഈറ്റില്ലമാണ് കൊസോവോ എന്നവകാശപ്പെട്ട സെർബുകൾ കൊസോവോയിലെ ജനസംഖ്യയിൽ 90 ശതമാനത്തിലധികം വരുന്ന അൽബേനിയൻ വംശജർക്കെതിരെ പലതരം പീഡനങ്ങളഴിച്ചുവിട്ടു. ഇതേത്തുടർന്ന് നടന്ന സംഘർഷങ്ങളിൽ സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ കുടുംബങ്ങളിൽ പിറന്നവരാണ് ഗ്രാനീത് ചാക്കയും ജെർദാൻ ഷാചീരിയും.

പക്ഷേ, മേൽസൂചിപ്പിച്ച അംഗവിക്ഷേപ സംഭവത്തിൽ കളിക്കളത്തിലെ സോളിഡാരിറ്റിയുടെയും ഗ്രൂപ് ഫീലിങ്ങിന്‍റെയും (ചരിത്ര ദാർശനികനായ ഇബ്നു ഖൽദൂന്‍റെ ഭാഷയിൽ, അസ്വബിയഃ) ക്രിയാത്മകവും നിഷേധാത്മകവുമായ പ്രകാശനങ്ങൾ കാണാം. മുറിവേറ്റ സ്വത്വത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രകാശനമായിരുന്നു സ്വിസ് പ്ലേയേഴ്സിന്‍റെ ജെസ്റ്റർ (ആംഗ്യം). ഇരുകൈകളും പ്രത്യേകരീതിയിൽ പിണച്ചുവെച്ച് ഇരട്ടത്തലയൻ പരുന്തിന്‍റെ രൂപം കാണിക്കുകയാണ് ചാക്കയും ഷാചീരിയും ചെയ്തത്.

അൽബേനിയയുടെ കൊടിയടയാളമാണത്. യഥാർഥത്തിൽ സെർബിയൻ കളിക്കാരുടെ നേരെയല്ല, മറിച്ച് സെർബ് വംശീയതയുടെ നേരെയാണ് അവരതുയർത്തിയത്. ഇതാണ് അസ്വബിയയുടെ ക്രിയാത്മകവശം. അവരുടെ വികാരത്തെ ഉൾക്കൊള്ളാൻ സെർബിയൻ കളിക്കാർക്കായില്ല. കൊസോവോയും അവിടത്തെ ഭൂരിപക്ഷ ജനതയായ അൽബേനിയരും തങ്ങളുടെ പരമാധികാരത്തിന് കീഴിലായിരിക്കണം എന്ന സെർബ് വംശീയ ബോധമായിരുന്നു അവരിൽ പ്രവർത്തിച്ചത്. തങ്ങളുടെ അധികാരത്തിനെതിരായ അധിക്ഷേപമായി അതിനെ വ്യാഖ്യാനിച്ച് അവർ പരാതി നൽകി.

ഇതിന് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ട്. സ്വിറ്റ്സർലൻഡ് ടീം, കുടിയേറ്റക്കാരായ തങ്ങളുടെ ‘സഹോദരങ്ങൾ’ക്കൊപ്പം നിന്നു എന്നതാണ് സീനിലെ ക്രിയാത്മക വശം. അതായത്, നാം ഇതുവരെ പറഞ്ഞുവന്ന ചരിത്രത്തിലെ യഥാർഥ കളിക്കള സംസ്‌കാരം. അതിലുപരി, ദസ്തയേവ്സ്കിയുടെ ഭാഷയിൽ പറഞ്ഞാൽ Humiliated and Insulted (or Oppressed and Offended) ആയ ജനതയുടെ കൂടെ സ്വിസ് ടീം ഉറച്ചുനിന്നു. അതേസമയം, ഫിഫ എന്ന കോർപറേറ്റ് സ്ഥാപനത്തിന്‍റെ നിലപാട് നേരെ തിരിച്ചായിരുന്നു. അവർ Article 54 - Unsporting behavior പ്രകാരം രണ്ട് കളിക്കാർക്കും പതിനായിരം സ്വിസ് ഫ്രാങ്ക് (ഉദ്ദേശം പന്ത്രണ്ട് ലക്ഷം ഇന്ത്യൻ രൂപ) വീതവും അവരെ തടയാൻ ശ്രമിച്ചില്ലെന്നതിന് ക്യാപ്റ്റൻ സ്റ്റെഫാൻ ലിക്‌ഷ്റ്റൈനർക്ക് അയ്യായിരം സ്വിസ് ഫ്രാങ്കും പിഴ വിധിച്ചു.

 

ഇപ്പറഞ്ഞത് മധുര‘തര’മെങ്കിൽ, മധുര‘തമം’ എന്ന് പറയാവുന്ന ഒരു ടെയ്ൽ എൻഡ് കൂടിയുണ്ട് കഥക്ക്. മുറിവേറ്റ സ്വത്വത്തിന്‍റെ ആത്മപ്രകാശനത്തെ സ്വിസ് ജനത കൂടി ഏറ്റെടുത്തു എന്നതാണത്. ‘തങ്ങളുടെ കളിക്കാർ’ക്ക് പിഴയൊടുക്കാനായി ആ ജനത ഒരു ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചു. പിഴത്തുകയുടെ എത്രയോ ഇരട്ടി പിരിഞ്ഞു കിട്ടി. അതിൽ പിഴ സംഖ്യ കഴിച്ച് ബാക്കി തുക ‘അഭയാർഥിക’ളായി തങ്ങളുടെ രാജ്യത്ത് വന്ന ചാക്കയുടെയും ഷാചീരിയുടെയും നാടായ കൊസോവയിലേക്ക്, അവിടെയുള്ള അൽബേനിയരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുകയും ചെയ്തു.

ഫിഫയുടെ നിലപാടിനോടുള്ള ശരിയായ പ്രതികരണം. കേവലം ഒന്നര മണിക്കൂർ നേരത്തെ മനോരഞ്ജനം ആയി മാറുന്നില്ല ഇവിടെ കളിക്കളം. മറിച്ച് അതിർത്തികളിലെ വംശീയ ഉന്മൂലനങ്ങളുടെയും ചരിത്രപരമായ മുറിവുകളുടെയും രാഷ്ട്രീയ ഭൂതകാലം കളിക്കാരുടെ ചോരയിലുണ്ടെന്നതിന് തെളിവാണ് ഈ സംഭവം. അതേസമയം, മനുഷ്യന്‍റെ വംശീയ വെറിയും വെറുപ്പും പ്രകടമാകുന്ന പല ഉദാഹരണങ്ങളും ഫുട്ബാളിന്‍റെ ചരിത്രത്തിൽ കണ്ടെത്താം. ഒന്നാമതായും, വംശീയത എന്നത് ഒരു വ്യവസ്ഥാപിത പ്രതിഭാസമാണ്.

സ്റ്റേഡിയത്തിലോ ഗാലറിയിലോ പ്രകടമാകുന്ന വംശീയത ഏതാനും അക്രമിസംഘങ്ങളുടെ മാത്രം പ്രവർത്തനമല്ല. ഒരു ജനസമൂഹം പുലർത്തുന്ന അഭിനിവേശങ്ങളുടെയും അവരുടെ രാഷ്ട്രീയത്തിന്‍റെയും പ്രകാശനം കൂടിയാണ് ഗാലറികളിലെ ആർപ്പുവിളികൾ. ഈ വർഷത്തെ ലോകകപ്പിൽ ഈജിപ്തും അർജൻനീനയും തമ്മിൽ നടന്ന റൗണ്ട് ഒാഫ്-16 മത്സരത്തിൽ ഗാലറിയിലെ അർജന്റീനൻ ഫാൻസിനിടയിൽ പലരും ഇസ്രായേലിന്‍റെ പതാക വീശുന്നുണ്ടായിരുന്നു. അതിന് ടീം എന്തു പിഴച്ചു എന്ന ചോദ്യത്തിന്‍റെ ന്യായത്തെ ഈ ലേഖകൻ നിഷേധിക്കുന്നില്ല. എന്നാൽ, ഇന്നത്തെ ലോകത്ത് ഏറ്റവും ഭീകരമായ വംശഹത്യ നേരിടുന്ന ഒരു സമൂഹത്തോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ടാണ് ഈജിപ്ഷ്യൻ ടീം കളത്തിലിറങ്ങിയതെന്നോർക്കണം.

സ്വാഭാവികമായും ഈ വംശഹത്യയിൽ ആനന്ദം കണ്ടെത്തുന്ന, ഇളം രക്തത്തിൽ നീരാടാൻ കൊതിക്കുന്ന ആളുകളായിരിക്കുമല്ലോ സയണിസ്റ്റ് പതാക വീശി ആനന്ദം പ്രകടിപ്പിക്കുന്നത്. ഇതൊരു സംസ്‌കാരമാണ്, അതിലുപരി കലക്ടിവ് സാഡിസമാണ്. അങ്ങേയറ്റം അപകടകരമായ വംശീയ വിദ്വേഷത്തിന്‍റെ പ്രകടനം, ഒരു ഐഡിയോളജിക്കൽ ഷാഡൻഫ്രോയ്ഡെ. തീർച്ചയായും വെറുപ്പിന്‍റെ ഈ മാസ് ഹിസ്റ്റീരിയയിൽ ടീം അംഗങ്ങൾക്ക് നേരിട്ട് ഒരു പങ്കാളിത്തവുമില്ല.

എന്നാൽ, മാനവികതക്കെതിരായ ഈ ഉന്മാദ പ്രകടനത്തെ അപലപിക്കാനുള്ള ബാധ്യതയിൽ നിന്ന് ടീം ഒഴിവാകുന്നുണ്ടെങ്കിൽ, രണ്ടർഥങ്ങളാണതിനുള്ളത്. ഒന്ന്, നാം ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് പറഞ്ഞ, കളിക്കളത്തിന്‍റെ വർഗബഹുജന ചരിത്രം റദ്ദായിപ്പോകുന്നു. രണ്ട്, ടെറി ഈഗ്ൾടൻ പറഞ്ഞ ക്രാക് കൊക്കെയ്ൻ അന്തസ്സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. കളിയെന്നല്ല എന്തും രാഷ്ട്രീയ നിരപേക്ഷമായിത്തീരുന്നു എന്നത് എത്രമേൽ ദുരന്തമാണ്! ലോകത്ത്, ഇക്കാലത്താണെങ്കിൽ വലിയൊരളവോളം യൂറോപ്പിന് പുറത്തും, ശക്തി പ്രാപിച്ചു വരുന്ന വലതുപക്ഷ, നിയോ-ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്‍റെ പ്രതിഫലനമായി നിസ്സംഗതയെ കാണാൻ നമുക്ക് പറ്റേണ്ടതാണ്.

(തുടരും)

Tags:    
News Summary - Corporate Takeover of Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.