ഒടുവിൽ സഞ്ജു താരമാകു​േമ്പാൾ

ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിൽ ഒരിക്കൽകൂടി ഇന്ത്യ വിജയികളായി. മലയാളിയായ സഞ്ജു സാംസണിന്റെ മികച്ച പ്രകടനമാണ് കപ്പ്​ നേടാൻ ഇന്ത്യയെ സഹായിച്ചത്. ആ കളിയെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും എഴുതുന്നു. മൂന്ന് മുൻനിര ഇട​ൈങ്കയൻ ബാറ്റർമാർക്കെതിരെ എതിരാളികൾ ഓഫ് സ്പിൻ പരീക്ഷിച്ചപ്പോൾ ഇന്ത്യൻ ഇന്നിങ്സ് ഇളകിയാടി. അതിന് പരിഹാരം കണ്ടതാണ് ഇന്ത്യയെ ട്വന്റി 20 ലോക കപ്പ് നിലനിർത്താൻ സഹായിച്ചത്. സൂര്യകുമാർ യാദവിന്റെ ഇന്ത്യയുടെ കിരീടനേട്ടത്തെ ക്രിക്കറ്റ് പണ്ഡിതർ ഇങ്ങനെ വിലയിരുത്തുമ്പോൾ പരിഹാരം കണ്ടത് സഞ്ജു സാംസണിലൂടെയായിരുന്നെന്ന് അടിവരയിടാം. വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു പുറത്താകാതെ നേടിയ 97...

ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിൽ ഒരിക്കൽകൂടി ഇന്ത്യ വിജയികളായി. മലയാളിയായ സഞ്ജു സാംസണിന്റെ മികച്ച പ്രകടനമാണ് കപ്പ്​ നേടാൻ ഇന്ത്യയെ സഹായിച്ചത്. ആ കളിയെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും എഴുതുന്നു.

മൂന്ന് മുൻനിര ഇട​ൈങ്കയൻ ബാറ്റർമാർക്കെതിരെ എതിരാളികൾ ഓഫ് സ്പിൻ പരീക്ഷിച്ചപ്പോൾ ഇന്ത്യൻ ഇന്നിങ്സ് ഇളകിയാടി. അതിന് പരിഹാരം കണ്ടതാണ് ഇന്ത്യയെ ട്വന്റി 20 ലോക കപ്പ് നിലനിർത്താൻ സഹായിച്ചത്. സൂര്യകുമാർ യാദവിന്റെ ഇന്ത്യയുടെ കിരീടനേട്ടത്തെ ക്രിക്കറ്റ് പണ്ഡിതർ ഇങ്ങനെ വിലയിരുത്തുമ്പോൾ പരിഹാരം കണ്ടത് സഞ്ജു സാംസണിലൂടെയായിരുന്നെന്ന് അടിവരയിടാം. വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു പുറത്താകാതെ നേടിയ 97 റൺസ് ആണ് വഴിത്തിരിവായതെന്ന് കോച്ച് ഗൗതം ഗംഭീർ. അനായാസവും ശാന്തവുമായ ഇന്നിങ്സ് എന്ന വിശേഷണവും പ്രസക്തം.

‘‘പവർ പ്ലേയിൽ ഇന്ത്യ റൺസ് വാരിക്കൂട്ടിയപ്പോൾ ന്യൂസിലൻഡിന് അതു സാധ്യമായില്ല.’’ ഫൈനലിലെ പരാജയ കാരണം ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ വിശദീകരിച്ചപ്പോൾ വീണ്ടും സഞ്ജുവിന്റെ മുഖം നമുക്കുമുന്നിൽ തെളിഞ്ഞു. കലാശക്കളിയിൽ 21 പന്തിൽ 52 റൺസ് എടുത്ത് അഭിഷേക് ശർമ ഫോം വീണ്ടെടുത്തെങ്കിലും ഇന്ത്യൻ മുൻനിരക്ക് ആത്മവിശ്വാസം പകർന്നത് സഞ്ജുവിന്റെ ഫോമാണ്.

ട്വന്റി 20 ലോകകപ്പിന്റെ പത്താം പതിപ്പ് തുടങ്ങുമ്പോള്‍ അഭിഷേക് ശർമയും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ യഥാക്രമം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായ സഞ്ജു സാംസണ്‍ അകട്ടെ 2024​ന്റെ ആവര്‍ത്തനമായി ഡഗ്ഔട്ടില്‍ ഇരിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. രണ്ടു വർഷം മുമ്പ് രോഹിത് ശർമയുടെ ടീം ട്വന്റി 20 ലോക കപ്പ് വീണ്ടെടുത്തപ്പോൾ ഒരു മത്സരത്തിലും അവസരം കിട്ടാത്ത താരമായിരുന്നു സഞ്ജു. അഭിഷേക് ഫോമിലല്ലായിരുന്നിട്ടും സഞ്ജുവിന് അവസരം തെളിയുമോയെന്ന് സംശയിച്ചതിനും കാരണവുമുണ്ട്. ലോക കപ്പിനു തൊട്ടുമുമ്പ് നടന്ന ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജു അഞ്ചു മത്സരങ്ങളിൽ നേടിയത് 46 റൺസ് മാത്രം. ഉയർന്ന സ്കോർ 24. തിരുവനന്തപുരത്ത് നടന്ന അഞ്ചാം മത്സരത്തിൽ കിട്ടിയത് ആറു റൺസ്.

ലോക കപ്പിൽ യു.എസിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു പുറത്തിരുന്നപ്പോൾ വരാൻ പോകുന്നതിന്റെ തുടക്കമോയെന്ന് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആശങ്കപ്പെട്ടു. രണ്ടാം മത്സരത്തില്‍ നമീബിയക്കെതിരെ ഇറങ്ങിയപ്പോൾ എട്ടു പന്തില്‍ 22 റണ്‍സ്. അടുത്ത രണ്ടു മത്സരങ്ങളിലും - പാകിസ്താനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും- അവസരം കിട്ടിയില്ല. സൂപ്പര്‍ എട്ടില്‍ സിംബാബ് വെക്കെതിരെ തിരിച്ചുവരവ്. 15 പന്തില്‍ 24 റണ്‍സ്. പിന്നെക്കണ്ടത് സഞ്ജുവി​ന്റെ മികവിൽ ഇന്ത്യ മുന്നേറുന്നതാണ്. വിന്‍ഡീസിനെതിരെ സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സുമായി വിജയശിൽപി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ്. ഒടുവില്‍ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സ്. വ്യക്തിഗത സെഞ്ച്വറിക്ക് ശ്രമിക്കാതെ ടീമിനായി, സ്വതസിദ്ധമായ ആക്രമണശൈലിയില്‍ സഞ്ജു കളിച്ചു. ഇന്ത്യന്‍ താരമെന്ന ലേബൽ ഒരു പതിറ്റാണ്ടിലേറെയായി ഉണ്ടെങ്കിലും മിക്കവാറും സൈഡ് ബെഞ്ചിൽ ആയിരുന്നു സ്ഥാനം.

ഐ.സി.സി ട്വന്‍റി 20 ക്രിക്കറ്റ് കിരീടവുമായി ഇന്ത്യൻ ടീം

ഇപ്പോൾ ഇതാ സഞ്ജു സാംസന്റെ ലോകകപ്പാണ് സമാപിച്ചത് എന്നുപറയാവുന്ന സ്ഥിതി. അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സുമായാണ്, ഒമ്പതു മത്സരങ്ങള്‍ കളിച്ചവരെ പിന്തള്ളി സഞ്ജു ടൂര്‍ണമെന്റിലെ താരമായത്. ഇന്ത്യയുടെ ലോകകപ്പ് വിജയം സഞ്ജുവിന്റെ പ്രകടനത്തിന് തിളക്കം ഇരട്ടിപ്പിച്ചു. കിരീടനേട്ടത്തില്‍ നിർണായക പങ്കുവഹിച്ച താരം എന്ന ഖ്യാതി വ്യത്യസ്തമാണ്. പവര്‍ പ്ലേയില്‍ ഇറക്കാന്‍ ഏറ്റവും ഉതകുന്ന താരമായി സഞ്ജു മാറി. സഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍നിരയില്‍ 300ല്‍ അധികം റണ്‍സ് നേടിയത് ഇഷാന്‍ കിഷന്‍ (317 റണ്‍സ്) മാത്രം. സൂര്യകുമാര്‍ യാദവും (242), ശിവം ദുബെയും (235), ഹാര്‍ദിക് പാണ്ഡ്യയും (217), തിലക് വർമയും (207) ഏറെ പിന്നില്‍. ബൗളര്‍മാരില്‍ ബുംറെക്കും വരുണ്‍ ചക്രവര്‍ത്തിക്കും 14 വിക്കറ്റ് വീതമുണ്ട്. ടീമിന്റെ മൊത്തം പ്രകടനമെടുത്താല്‍ ബാറ്റര്‍മാരില്‍ സഞ്ജുവും ബൗളര്‍മാരില്‍ ബുംറയും ഒരു ചുവടു മുന്നില്‍.

ടൂർണമെന്റിൽ ആകെ നേടിയ റൺസ് നോക്കിയാൽ പാകിസ്താന്റെ സാഹിബ് സാദാ ഫർഹാനും (ആറ് ഇന്നിങ്സിൽ 383 റൺസ്) ന്യൂസിലൻഡിന്റെ സീഫെർടും (എട്ട് ഇന്നിങ്സിൽ 326) സഞ്ജുവിന് മുന്നിലുണ്ട്. 33 പന്തിൽ സെഞ്ച്വറി നേടിയ ഫിൻ അലനും (ന്യൂസിലൻഡ്) ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സഞ്ജുവിന്റെ ഇന്നിങ്സുകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

‘‘ട്വന്റി 20 ലോകകപ്പ് ആരും നിലനിര്‍ത്തിയിട്ടില്ല. സ്വന്തം മണ്ണില്‍ ആരും കപ്പ് നേടിയിട്ടുമില്ല.’’ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കാണികള്‍ക്കു മുന്നില്‍ ഇന്ത്യ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചരിത്രം അതായിരുന്നു. ഫൈനലില്‍ എതിരാളികളായ ന്യൂസിലന്‍ഡിന്റെ റെക്കോഡും ഇന്ത്യക്ക് എതിരായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ എതിരിട്ടപ്പോഴെല്ലാം ന്യൂസിലൻഡിനായിരുന്നു വിജയം. 2007ലും 2016ലും 2021ലും ഇന്ത്യയെ തോല്‍പിച്ച ചരിത്രമായിരുന്നു ഇക്കുറി ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നറിനു പിന്‍ബലം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലൻഡ് ഇന്ത്യയെ തോല്‍പിച്ചതുമാണ്.

കലാശക്കളിയില്‍ കണ്ടത് ഇന്ത്യയുടെ സര്‍വാധിപത്യമാണ്. ഒരു കളിയും തോല്‍ക്കാത്ത ഏക ടീം എന്ന ലേബലുമായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഫൈനല്‍ ബര്‍ത്ത് നേടിയ ന്യൂസിലൻഡ് പക്ഷേ ഫൈനലിൽ പകുതിവഴിയില്‍ പോരാട്ടം ഉപേക്ഷിച്ചു. ഇന്ത്യയാകട്ടെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പൊരുതി നേടിയ ഏഴു റണ്‍സ് വിജയവുമായാണ് കലാശപ്പോരിന് ഇറങ്ങിയത്. ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തിയപ്പോള്‍ ഫൈനലിനെക്കുറിച്ച് ഇങ്ങനെ പറയാം. ‘‘സൂപ്പര്‍ എട്ടിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം പോലെ ഏകപക്ഷീയ മത്സരം.’’ ഇന്ത്യ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതെങ്കില്‍ ന്യൂസിലന്‍ഡ് ഇന്ത്യയോട് തോറ്റത് 96 റണ്‍സിന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 255 റണ്‍സ് നേടി. ന്യൂസിലന്‍ഡ് 19 ഓവറില്‍ 159ന് ഓള്‍ഔട്ട്. ന്യൂസിലൻഡ് ഇന്നിങ്സ് മൂന്നിന് 47ല്‍ എത്തിയപ്പോള്‍ അതും പവര്‍ പ്ലേയില്‍ ഏഴു പന്ത് ബാക്കിനില്‍ക്കെത്തന്നെ അവർ പരാജയഭീതിയിലായി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ മാത്രമാണ് ടിം സീഫെര്‍ട്ടിനുശേഷം പോരാടാനുറച്ച് ബാറ്റ് വീശിയത്.

നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദ മാച്ച്, സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഇന്ത്യ 2007 ല്‍ ട്വന്റി 20 ലോകകപ്പ് നേടിയപ്പോള്‍ നായകനായിരുന്ന എം.എസ്. ധോണിയും 2024ല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകന്‍ രോഹിത് ശര്‍മയും സാക്ഷിനില്‍ക്കെ സൂര്യകുമാര്‍ യാദവ് ഐ.സി.സി ട്വന്റി 20 ലോകകപ്പ് ഏറ്റുവാങ്ങി. ഇന്ത്യയുടെ അഞ്ചാമത്തെ ഐ.സി.സി ലോകകപ്പ്. ട്വന്റി 20യില്‍ മൂന്നുതവണയും ഏകദിന ലോക കപ്പിൽ രണ്ടു തവണയും ഇന്ത്യ ലോക ചാമ്പ്യന്മാര്‍.

2023 നവംബറില്‍ ഇതേ സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആസ്‌ട്രേലിയ ഇത്തവണ സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി. 2007ല്‍ ജൊഹാനസ്ബര്‍ഗില്‍ പാകിസ്താനെ അഞ്ചു റണ്‍സിനും 2024ല്‍ ബ്രിജ്ടൗണില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയതെങ്കില്‍ ഇത്തവണ കലാശപ്പോരാട്ടത്തിലെ വിജയം ആധികാരികമായിരുന്നു. ടൂർണമെന്റിൽ മൂന്നു മത്സരങ്ങളിൽ ഇന്ത്യൻ ഇന്നിങ്സ് 250 കടന്നു.

 

കപില്‍ദേവിന്റെ ഇന്ത്യ 1983ല്‍ നടാടെ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ കേരളത്തിനു കളിച്ചിട്ടില്ലാത്ത, ആ ടൂര്‍ണമെന്റില്‍ ഒരു മത്സരവും കളിക്കാൻ കഴിയാതെപോയ ഡല്‍ഹിതാരം സുനില്‍ വാല്‍സന്റെ കേരളത്തിലെ വേരുകള്‍ തേടി നമ്മള്‍ ആശ്വസിച്ചു. 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്തിന്റെ സാന്നിധ്യമായിരുന്നു നാം ഉയര്‍ത്തിക്കാട്ടിയത്. 2007ല്‍ ഫൈനലില്‍ വിജയമുറപ്പിച്ച ക്യാച്ച് ശ്രീശാന്ത് എടുത്തു എന്നതായിരുന്നു കേരളത്തിനു വാര്‍ത്ത. പക്ഷേ, 2026 ട്വന്റി 20 ലോകകപ്പിൽ കേരളം മാത്രമല്ല, ഇന്ത്യയൊട്ടാകെ സഞ്ജു സാംസണെ ആഘോഷിച്ചു.

ബംഗ്ലാദേശിന്റെ പിന്മാറ്റം ഇന്ത്യക്കെതിരെ വിദേശത്തും കളിക്കില്ലെന്ന് വാശിപിടിച്ച പാകിസ്താന്‍ ഒടുവില്‍ ഐ.സി.സിക്കു വഴങ്ങിയാണ് കളിക്കാന്‍ സന്നദ്ധരായത്. സിംബാബ് വെയുടെ അട്ടിമറി വിജയങ്ങള്‍. ആസ്‌ട്രേലിയയുടെ ദയനീയ പ്രകടനം, അസോസിയറ്റ് രാജ്യങ്ങളുടെ പ്രതീക്ഷ നല്‍കുന്ന കളിമികവ്. എല്ലാം കഴിഞ്ഞ് സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ലോകകപ്പ്.

നരേന്ദ്ര മോദി സ്റ്റേഡിയം മുമ്പ് മൊട്ടേറ സ്റ്റേഡിയം ആയിരിക്കെയാണ് 1987ൽ സുനിൽ ഗാവസ്കർ ഇവിടെ ടെസ്റ്റിൽ 10,000 റൺസ് പൂർത്തിയാക്കിയതും 1994ൽ കപിൽദേവ് ടെസ്റ്റിൽ 432 വിക്കറ്റ് തികച്ച് ലോക റെക്കോഡ് തിരുത്തിയതും. ഇനി പറയാം, ഗാവസ്കറും കപിലും ചരിത്രമെഴുതിയ വേദിയിൽ സഞ്ജു, 2026 ലോകകപ്പിലെ മികച്ച കളിക്കാരനായി. വിരാട് കോഹ് ലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയും ട്വന്റി 20യിൽനിന്നു വിരമിച്ചു. കോച്ച് ഗൗതം ഗംഭീറുമായി കോഹ് ലിയും രോഹിതും അത്ര രസത്തിലുമല്ലായിരുന്നു. പക്ഷേ, ഗംഭീർ-സൂര്യകുമാർ ടീം നന്നായി സെറ്റ് ആയിരുന്നു. സഞ്ജുവിനെ ഓപണർ ആക്കി ഇഷാൻ കിഷനെ മൂന്നാം നമ്പറിൽ ഇറക്കാൻ അവർ ആലോചിച്ചെടുത്ത തീരുമാനമാണ്.

 

ക്യാപ്റ്റൻ സുര്യകുമാർ യാദവ് ടീമിലെ ഓരോ കളിക്കാരനെയും ശ്രദ്ധിച്ചു; പ്രോത്സാഹിപ്പിച്ചു, ചിലരെ ആശ്വസിപ്പിച്ചു. 2024ൽ ഇന്ത്യ കപ്പ് നേടിയപ്പോൾ 15 അംഗ ടീമിലെ മൂന്നു കളിക്കാർക്ക് ഒരു മത്സരത്തിലും അവസരം കിട്ടിയില്ല. 2026ൽ ആകട്ടെ 15 പേർക്കും അവസരം കൈവന്നു.

അഞ്ചു മത്സരങ്ങളിൽ പരാജയപ്പെട്ട അഭിഷേക് ശർമയെ ചേർത്തുപിടിച്ചു. വികൃതിച്ചെക്കൻ ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിച്ചു. ഫൈനലിൽ അർഷദീപ് സിങ് ഡാരിൽ മിച്ചലിന്റെ നേർക്ക് പന്ത് വലിച്ചെറിഞ്ഞപ്പോൾ മിച്ചലിനോട് ക്ഷമചോദിക്കാനും സൂര്യകുമാർ മറന്നില്ല. സൂര്യകുമാറിന്റെ കീഴിൽ 15 കളിക്കാർ ടീം ഇന്ത്യയായി; ട്വന്റി 20യിൽ വീണ്ടും ലോക ചാമ്പ്യന്മാരായി.

Tags:    
News Summary - India wins the Twenty20 Cricket World Cup once again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.