സ്​പാനിഷ് വസന്തം

ഫുട്ബാൾ ലോകകപ്പ് സ്​പെയിൻ സ്വന്തമാക്കി. ഈ വിജയത്തിന് പിന്നിൽ എന്തായിരുന്നു? ഈ ലോകകപ്പിൽ കണ്ട കാഴ്ചകളും വിചിത്രമായ സംഗതികളും എന്താണ്? –മുതിർന്ന സ്​പോർട്സ് ജേണലിസ്റ്റുകൂടിയായ ലേഖകന്റെ നിരീക്ഷണങ്ങൾ?‘‘ഞങ്ങൾ പ്രതിസന്ധി നേരിടുമ്പോഴാണ് ടീം ഏറ്റവും മികച്ച ഫുട്ബാൾ കളി പുറത്തെടുക്കുന്നത്.’’ കോച്ച് ലയണൽ സ്​കലോണി അർജന്റീന ടീമിനെക്കുറിച്ച് പറഞ്ഞു. സ്​കലോണി 2021ലും ’24ലും കോപ അമേരിക്കയിലും 2022ലെ ലോകകപ്പിലും വിജയം ഒരുക്കി. ക്ലോക്കിൽ സമയം ബാക്കിയുള്ളപ്പോൾ മത്സരം തോറ്റുവെന്ന് സമ്മതിക്കാത്ത ടീമാണ് അർജന്റീന. പക്ഷേ, ന്യൂജഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫൈനലിന്റെ 106ാം മിനിറ്റിൽ, സബ്സ്റ്റിറ്റ്യൂട്ട്...

ഫുട്ബാൾ ലോകകപ്പ് സ്​പെയിൻ സ്വന്തമാക്കി. ഈ വിജയത്തിന് പിന്നിൽ എന്തായിരുന്നു? ഈ ലോകകപ്പിൽ കണ്ട കാഴ്ചകളും വിചിത്രമായ സംഗതികളും എന്താണ്? –മുതിർന്ന സ്​പോർട്സ് ജേണലിസ്റ്റുകൂടിയായ ലേഖകന്റെ നിരീക്ഷണങ്ങൾ?

‘‘ഞങ്ങൾ പ്രതിസന്ധി നേരിടുമ്പോഴാണ് ടീം ഏറ്റവും മികച്ച ഫുട്ബാൾ കളി പുറത്തെടുക്കുന്നത്.’’ കോച്ച് ലയണൽ സ്​കലോണി അർജന്റീന ടീമിനെക്കുറിച്ച് പറഞ്ഞു. സ്​കലോണി 2021ലും ’24ലും കോപ അമേരിക്കയിലും 2022ലെ ലോകകപ്പിലും വിജയം ഒരുക്കി. ക്ലോക്കിൽ സമയം ബാക്കിയുള്ളപ്പോൾ മത്സരം തോറ്റുവെന്ന് സമ്മതിക്കാത്ത ടീമാണ് അർജന്റീന. പക്ഷേ, ന്യൂജഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫൈനലിന്റെ 106ാം മിനിറ്റിൽ, സബ്സ്റ്റിറ്റ്യൂട്ട് താരം ഫെറാൻ ടോറസ്​ സ്​പെയിനിനു വിജയമൊരുക്കി. ഫിഫ ലോകകപ്പിൽ സ്​പെയിനിന്റെ വനിതകൾക്കു പിന്നാലെ പുരുഷന്മാരും ചാമ്പ്യൻമാർ.

ഖത്തർ ലോകകപ്പിനുശേഷം സ്​പെയിനിന്റെ പരിശീലക സ്​ഥാനം ഏറ്റെടുത്ത ലൂയിസ്​ ഡാലെ ഫ്യൂന്തെയുടെ പുതുക്കിയ ‘ടിക്കി ടാക്ക’ ശൈലി സമ്പൂർണ വിജയം കണ്ടു. ഒരു ഗോളും അടിക്കാതെ, ഒരു അസിസ്റ്റും നൽകാതെ സ്​പെയിൻ നായകൻ റോഡ്രിഗോക്ക് ഗോൾഡൻ ബാൾ. മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ എട്ടു കളികളിൽ ഒരു ഗോൾമാത്രം വഴങ്ങിയ യുനെയ് സിമോണ്. മികച്ച യുവതാരം സ്​പെയിനിന്റെ പൗ കുബാർസി.

സ്​പെയിൻ-അർജന്റീന കലാശപ്പോരാട്ടം ഫിഫ ലോക കപ്പിൽ ചരിത്ര സംഭവമാണ്. യൂറോപ്യൻ (യൂറോ കപ്പ്) ചാമ്പ്യന്മാരും ദക്ഷിണ അമേരിക്കൻ (കോപ അമേരിക്ക) ചാമ്പ്യന്മാരും ലോക കപ്പ് ഫൈനലിൽ മുഖാമുഖം വന്നത് ആദ്യം. ആദ്യ നാലു റാങ്കുകാരും സെമിയിൽ കടന്നു എന്ന പ്രത്യേകത വേറെ. ഇറ്റലിക്കും (1934, 38) ബ്രസീലിനും (1958, 62) ശേഷം ലോകകപ്പ് നിലനിർത്താമെന്ന അർജന്റീനയുടെ പ്രതീക്ഷകൾ സ്​പെയിൻ തല്ലിക്കെടുത്തി. 2010നുശേഷം ഒരിക്കൽക്കൂടി അവർ ലോക ഫുട്ബാളിന്റെ നെറുകയിൽ എത്തി.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും 2010കളിലും സ്​പെയിൻ വിജയകരമായി പരീക്ഷിച്ച ശൈലിയാണ് ‘ടിക്കി ടാക്ക’. 2008ലും 2012ലും യൂറോ കപ്പും 2010ൽ ലോകകപ്പും അവർ നേടി. ചെറിയ പാസുകൾ, കളിക്കാരുടെ ചടുലമായ നീക്കങ്ങൾ, തികഞ്ഞ പന്തടക്കം. എല്ലാം ചേർന്നതാണ് ‘ടിക്കി ടാക്ക’. ലൂയിസ്​ അരഗോനസ്​ തുടങ്ങി പെപ് ഗാർഡിയോള എന്ന കോച്ച് കുറ്റമറ്റതാക്കിയ ശൈലി. ജ്യോമട്രിക് ഫോർമേഷനുകൾ രൂപപ്പെടുത്തി പാസുകൾ ലക്ഷ്യത്തിലെത്തിക്കുന്നതായിരുന്നു രീതി. ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹൻ ൈക്രഫ് തുടക്കമിട്ട ടോട്ടൽ ഫുട്ബാളിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ശൈലിയെന്നു പറയാം. സാവി ഹെർണാണ്ടനും ആേന്ദ്ര ഇനിയസ്റ്റയും സെർജിയോ ബസ്​ക്വറ്റ്സുമൊക്കെ സ്​പെയിനിനെ ലോക ഫുട്ബാളിന്റെ മുൻനിരക്കാരാക്കിയ ശൈലി.

ഏഴു മത്സരങ്ങളും ജയിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്. സ്​പെയിൻ ആകട്ടെ ആദ്യമത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില പാലിച്ചിരുന്നു. ഗോൾ ശരാശരി നോക്കിയാൽ സ്​പെയിൻ 14 ഗോൾ അടിച്ചു. ഒരു ഗോൾ മാത്രം വഴങ്ങി. ബെൽജിയം ആണ് സ്​പെയിൻ വല ചലിപ്പിച്ച ഏക ടീം. മറിച്ച് അർജന്റീന 19 ഗോൾ അടിച്ചപ്പോൾ എട്ടെണ്ണം വഴങ്ങി.

പോർചുഗലിനെയും ​െബൽജിയത്തെയും ഫ്രാൻസിനെയും മറികടന്നാണ് സ്​പെയിൻ ഫൈനലിൽ എത്തിയത്. ഒമ്പതു വർഷം മുമ്പ് ലയണൽ സ്​കലോണി യുവേഫ പ്രഫഷനൽ കോച്ചിങ് ലൈസൻസ്​ എടുക്കാൻ ലാസ്​ റൊസാസിലെ സ്​പാനിഷ് ഫുട്ബാൾ അക്കാദമിയിൽ ചേർന്നപ്പോൾ അവിടെ ഇൻസ്​ട്രക്ടർ ആയിരുന്നു ഡി ലാ ഫ്യൂന്തെ. ഇന്ന് സ്​കലോണി അർജന്റീനയുടെയും ഫ്യൂന്തെ സ്​പെയിനിന്റെയും പരിശീലകർ. 19 വർഷം മുമ്പ് ക്രിസ്​മസ്​ കാലത്ത് ചാരിറ്റിയുടെ ഭാഗമായൊരു കലണ്ടറിന്റെ ഫോട്ടോഷൂട്ടിൽ ലയണൽ മെസ്സി കുളിപ്പിച്ച അഞ്ചുമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ലമിൻ യമാൽ. ഇപ്പോൾ മെസ്സിക്ക് 39. യമാലിന് 19. ആറാം ലോകകപ്പ് കളിക്കുന്ന മെസ്സിയിൽനിന്ന് ഭാവിയിലേക്കൊരു ദീപശിഖ കൈനീട്ടിവാങ്ങിക്കഴിഞ്ഞു അരങ്ങേറ്റക്കാരൻ യമാൽ.

അർജന്റീനക്കെതിരെ ഈജിപ്തും ഇംഗ്ലണ്ടും അമിത പ്രതിരോധത്തിലൂന്നി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇംഗ്ലണ്ട് കോച്ച് തോമസ്​ ടുഹേൽ മുൻനിരയിലെ ആന്റണി ഗോർഡനെ പിൻവലിച്ച് ബാക്ക് എസ്രി കോൻസയെ ഇറക്കി അഞ്ചംഗ പ്രതിരോധ നിര ഉയർത്തിയത് അബദ്ധമായി. ബോക്സിനു പുറത്ത് അർജന്റീനക്ക് കളിനിയന്ത്രിക്കാൻ സ്​ഥലമൊരുക്കി. പ്രത്യാക്രമണം നിലച്ചു.

ആവശ്യഘട്ടത്തിൽ ഗോൾ അടിക്കാൻ മറന്ന ഫ്രാൻസും ഇംഗ്ലണ്ടും ആകട്ടെ മൂന്നാം സ്​ഥാനത്തിനുള്ള പോരാട്ടത്തിൽ ഗോൾ മഴതന്നെ പെയ്യിച്ചു. ഫ്രാൻസിന്റെ വക നാലു ഗോൾ. ഇംഗ്ലണ്ട് അടിച്ചത് ആറു ഗോൾ. ഈ ടൂർണമെന്റിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇതെന്നു പറയാം. ഇംഗ്ലണ്ട് മൂന്നാം സ്​ഥാനം കൊണ്ടുപോയപ്പോഴും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ രണ്ടുഗോൾകൂടി അടിച്ച് ടൂർണ​മെന്റിൽ 10 ഗോളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഖത്തറിലും എംബാപ്പെക്കായിരുന്നു ഗോൾഡൻ ബൂട്ട്.

ബ്രസീലിന്റെ കഫുവിനു ശേഷം മൂന്നു ലോകകപ്പ് ഫൈനൽ കളിക്കുന്ന ആദ്യ താരമായി മെസ്സി. പക്ഷേ, കഫു തുടർച്ചയായിട്ടാണ് മൂന്നു ലോകകപ്പ് കളിച്ചത് (1994, 98, 2002). പെലെയും റൊണാൾഡോയും (ബ്രസീൽ) മൂന്നുതവണ ലോകകപ്പ് നേടിയെങ്കിലും രണ്ടു തവണ വീതമാണ് ഫൈനലിൽ കളിച്ചത്.

 

ഈജിപ്ത്-അർജന്‍റീന മത്സരത്തിനിടെ ഈജിപ്ത് പരിശീലകൻ ഹൊസം ഹസ്സന് റഫറി ഫ്രാങ്സ്വാ ലെറ്റെക്സിയർ മഞ്ഞക്കാർഡ് കാണിക്കുന്നു

ആഫ്രിക്ക കുതിച്ചു; ഏഷ്യ കിതച്ചു

ആദ്യഘട്ടം പൂർത്തിയായപ്പോൾ കണ്ടത് ആഫ്രിക്കയുടെ കുതിപ്പും ഏഷ്യയുടെ കിതപ്പുമാണ്. ആഫ്രിക്കയിൽനിന്ന് 10 ടീമുകൾ മത്സരിച്ചതിൽ ഒമ്പതും രണ്ടാം റൗണ്ടിൽ കടന്നു. തുനീഷ്യ മാത്രമാണ് പുറത്തായത്. ഏഷ്യയിൽനിന്ന് ഒമ്പത് ടീമുകൾ മത്സരിച്ചതിൽ ജപ്പാനും ആസ്​േട്രലിയയും മാത്രമാണ് നോക്കൗട്ടിൽ എത്തിയത്.

യൂറോപ്പിൽനിന്ന് 16 ടീമുകളിൽ പതിമൂന്നും അടുത്ത റൗണ്ടിൽ കടന്നു. തുർക്കിയയും സ്​കോട്​ലൻഡും ചെക് റിപ്പബ്ലിക്കും കീഴടങ്ങി. ദക്ഷിണ അമേരിക്കയിൽനിന്ന് ആറിൽ അഞ്ചും ആദ്യഘട്ടം താണ്ടി. ഉറുഗ്വായ് പുറത്തായി. കോൺകകാഫിൽ ആതിഥേയരായ മെക്സികോയും യു.എസും കാനഡയും നോക്കൗട്ടിൽ എത്തി. മെക്സികോയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ച ആദ്യ രാജ്യം. ഹെയ്തിയും പാനമയും കുറസാവോയും കീഴടങ്ങി. ഓഷ്യാനയിൽനിന്നെത്തിയ ന്യൂസിലൻഡ് ആദ്യ കടമ്പ കടന്നില്ല.

ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച നാലു രാജ്യങ്ങളിൽ കേപ് വെർദെ രണ്ടാം റൗണ്ടിലെത്തി. കുറസാവോയും ജോർഡനും ഉസ്​​െബകിസ്​താനും പരാജയപ്പെട്ടു. കാര്യമായ അട്ടിമറിയൊന്നും സംഭവിച്ചില്ലെന്നു പറയാം. പക്ഷേ, ആഫ്രിക്കൻ പ്രതിരോധത്തിനു മുന്നിൽ യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും ഫുട്ബാൾ ശക്തികൾ വിയർത്തു. റൗണ്ട് ഓഫ് 32ൽ യൂറോപ് (13), ആഫ്രിക്ക (9), ദക്ഷിണ അമേരിക്ക (5), കോൺകകാഫ് (3), ഏഷ്യ (2) എന്നിങ്ങനെയായിരുന്നു. പ്രാതിനിധ്യം. 2022ലെ ലോകകപ്പിൽ 32 ടീമുകൾ മത്സരിച്ചപ്പോൾ തുടക്കത്തിൽ യൂറോപ് (13), ഏഷ്യ (6), ആഫ്രിക്ക (5), ദക്ഷിണ അമേരിക്ക (4), കോൺകകാഫ് (4) എന്നിങ്ങനെയായിരുന്നു.

ഏഷ്യൻ ഫുട്ബാൾ രാജ്യങ്ങൾ പിന്നാക്കംപോയതാണോ ആഫ്രിക്കൻ രാജ്യങ്ങൾ മികവുകാട്ടിയതാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കഴിഞ്ഞ ലോകകപ്പിൽ നാലാം സ്​ഥാനം നേടിയ ടീമാണ് മൊറോകോ. 1986ൽ മൊറോകോ രണ്ടാം റൗണ്ടിൽ കടന്നിരുന്നു. 1934ൽ ഈജിപ്തിലൂടെയായിരുന്നു ആഫ്രിക്കയുടെ ലോകകപ്പ് അരങ്ങേറ്റം. ആദ്യമായൊരു വിജയത്തിനായി 1978 വരെ അവർ കാത്തിരുന്നു. തുനീഷ്യയാണ് ജയത്തിനു തുടക്കമിട്ടത്. ഗ്രൂപ് രണ്ടിൽ അന്നവർ മെക്സികോയെ തോൽപിച്ചു (3-1). 1990ൽ കാമറൂണും 2002ൽ സെനഗാളും 2010ൽ ഘാനയും ക്വാർട്ടറിൽ കളിച്ചു. 2022ൽ സെമിയിൽ മൊറോകോ ഫ്രാൻസിനെതിരെയാണ് പരാജയം രുചിച്ചത്.

ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. ഗ്രൂപ് എച്ചിൽ സ്​പെയിനിനു പിന്നിൽ രണ്ടാം സ്​ഥാനത്തോടെയാണ് കേപ് വെർദെ രണ്ടാം റൗണ്ടിൽ കടന്നത്. മൂന്നു മത്സരങ്ങളിലും അവർ സമനില നേടി. അഥവാ ഇതേ ഗ്രൂപ്പിൽ സ്​പെയിനിനും ഉറുഗ്വായിക്കും സൗദി അറേബ്യക്കും കേപ് വെർദെയെ തോൽപിക്കാൻ കഴിഞ്ഞില്ല. ഉറുഗ്വായിക്കെതിരെ ലീഡ് നേടിയശേഷമാണ് അവർ സമനില (2-2) വഴങ്ങിയത്.

കരീബിയൻ ദ്വീപ് രാജ്യമായ കുറസാവോയുടെ (കോൺകകാഫ്) പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഈ കുഞ്ഞൻ രാജ്യം ജർമനിക്കെതിരെ ഒരു ഗോൾ നേടുകയും ചെയ്തു. എക്വഡോറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അവർ ലോകകപ്പിൽ ആദ്യ പോയന്റും നേടി. ഹെയ്തി, തുനീഷ്യ, ഇറാഖ്, ജോർഡൻ, ഉസ്​ െബകിസ്താൻ, പാനമ ടീമുകൾക്ക് ഒരു പോയന്റ് പോലും നേടാനായില്ല.

ആതിഥേയർ എന്ന ലേബലിൽ ഫിഫ ലോകകപ്പ് 2026ൽ മത്സരങ്ങൾ ഇല്ലാതെ യോഗ്യത നേടിയ മൂന്നു ടീമുകളും മെക്സികോ, യു.എസ്​. കാനഡ പ്രീക്വാർട്ടറിൽ കടന്നപ്പോൾ സൗജന്യ പ്രവേശനമല്ലായിരുന്നു അവരുടേതെന്ന് വ്യക്തമാക്കപ്പെട്ടു. മെക്സികോ ആകട്ടെ നാലു മത്സരങ്ങളും വിജയിച്ചാണ് റൗണ്ട് ഓഫ് 16ൽ സ്​ഥാനം നേടിയത്. പക്ഷേ, പ്രീക്വാർട്ടർ പൂർത്തിയാകുമ്പോൾ ആതിഥേയരെല്ലാം പുറത്തായി.

കേപ് വെർദെയും ഈജിപ്തും മൊറോകോയും സെനഗാളും ഗാലറികൾ കീഴടക്കിയാണ് മടങ്ങിയത്. ഖത്തറിലെ നാലാം സ്​ഥാനക്കാരായ മൊറോകോ ആദ്യ റൗണ്ടിൽ ബ്രസീലിനെ സമനിലയിൽ തളച്ചു. റൗണ്ട് ഓഫ് 32ൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചു. ഒടുവിൽ ക്വാർട്ടറിൽ ഫ്രാൻസിനോട് കീഴടങ്ങി കേപ് വെർദെയും ഈജിപ്തും അർജന്റീനയെ വിറപ്പിച്ചു. മൊറോകോ ഗോളി യാസിൻ ബോനോയും കേപ് വെർദെ ഗോളി വൊസീഞ്ഞോയും യൂറോപ്പിന്റെ ഫുട്ബാൾ കരുത്തിനെ വെല്ലുവിളിച്ചു. ഗോളെന്ന് ഏതാണ്ട് ഉറപ്പിച്ച 19 ഷോട്ടുകളാണ് യാസിൻ ബോനോ തടുത്തത്. വൊസീഞ്ഞോ 18 ഷോട്ടുകൾ രക്ഷപ്പെടുത്തി. മെസ്സിയുടെ പെനാൽറ്റി കിക്ക് തടഞ്ഞ ഈജിപ്ത് ഗോളി മുസ്​തഫ ഷൊബീറും എംബാ​െപ്പയുടെ കിക്ക് പ്രതിരോധിച്ച യാസിൻ ബോനോയും ഫുട്ബാൾ േപ്രമികളുടെ ഹൃദയം കവർന്നാണ് മടങ്ങിയത്. കുറസാവോ ഗോളി ഇലോയ് റൂമും ആരാധകരെ സൃഷ്​ടിച്ചു. എക്വഡോറിനെതിരെ റൂം 15 ഷോട്ടുകളാണ് രക്ഷപ്പെടുത്തിയത്.

 

 ലയണൽ മെസ്സി, നെയ്മർ,ക്രിസ്ത്യാനോ റൊണാൾഡോ

ഇറാൻ തലയുയർത്തി മടങ്ങി

മൂന്ന് സമനിലകളിൽനിന്ന് മൂന്നു പോയന്റ് നേടിയ ഇറാൻ ഗ്രൂപ് ജി യിൽ ബെൽജിയത്തിനും ഈജിപ്തിനും പിന്നിൽ മൂന്നാം സ്​ഥാനം നേടി. ഓസ്​ട്രിയ-അൽജീരിയ സമനിലയിൽ കലാശിച്ചതാണ് മികച്ച എട്ട് മൂന്നാം സ്​ഥാനക്കാരിൽ ഇറാൻ പെടാതെപോയതിനു കാരണം. അൽജീരിയ ജയിച്ചിരുന്നെങ്കിൽ ഇറാൻ നോക്കൗട്ട് റൗണ്ടിൽ കടന്നേനെ. നിരാശരെങ്കിലും തല ഉയർത്തിയാണ് ഇറാൻ മടങ്ങിയത്.

ഇറാൻ പിൻവാങ്ങിയാൽ പകരം ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന് യു.എസ്​ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതും വിവാദമായിരുന്നു. ഫിഫ വിയോജിച്ചെന്നു മാത്രമല്ല, നാലു തവണചാമ്പ്യൻമാരായ ഇറ്റലി കുറുക്കുവഴിയിലൂടെ ലോകകപ്പിനില്ലെന്ന് പരസ്യനിലപാടുമെടുത്തു. മെക്സികോയിൽ താമസിച്ചാണ് ഇറാൻ യു.എസിൽ കളിക്കാനെത്തിയത്. ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ച ഉടൻ ഇറാൻ ടീമിനോട് മെക്സികോയിലേക്കു മടക്കാൻ അധികൃതർ നിർബന്ധിച്ചു. അഞ്ചു മണിക്കൂർ യാത്ര ചെയ്തുവന്ന ടീം അന്ന് കാലിഫോർണിയയിൽ വിശ്രമിക്കാൻ ആഗ്രഹിച്ചെങ്കിലും സമ്മതിച്ചില്ല. നേരത്തേ ടീമിലെ 11 ഒഫീഷ്യലുകൾക്ക് വിസ നിഷേധിച്ചിരുന്നു.

വിവാദങ്ങൾ ഏറെ

ഫിഫയും റഫറിയും അർജന്റീനയോട് അനുഭാവം കാട്ടുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നു. ഈജിപ്തിനെതിരായ മത്സരത്തിൽ റഫറി ഫ്രാങ്സ്വാ ലെറ്റെക്സിയർ അർജന്റീന ടീമിന്റെ ഭാഗമായിരുന്നെന്നും ഗോൾ അടിച്ചില്ലെന്നേയുള്ളൂവെന്നും കമന്റുകൾ ഉയർന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ മെസ്സിയുടെ 10ാം നമ്പർ ജേഴ്സി അണിയിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചു. അർജന്റീനയുടെ ഫൗളുകൾ കാണാതെപോയ റഫറി ഈജിപ്തിന്റെ കോച്ച് ഹോസം ഹസനെ മാത്രമല്ല, ഈജിപ്തുകാരായ കാണികളെയും മഞ്ഞക്കാർഡ് കാട്ടിയെന്നായിരുന്നു പരിഹാസം. ബെൽജിയത്തിനു പുറമെ ഈജിപ്തും ഫിഫക്കും പരാതി കൊടുത്തു.

ആദ്യ നാലു മത്സരങ്ങളിൽ മൂന്നു ഗോൾ അടിച്ച് യു.എസ്​ കുതിപ്പിനു വഴിയൊരുക്കിയ ഫൊലാറിൻ ബഗോഗന്റെ സസ്​പെൻഷൻ ഒഴിവാക്കാൻ ഫിഫയോട് യു.എസ്​. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അഭ്യർഥിച്ചതും വിവാദമായി. ബോസ്​നിയൻ താരം താരിക് മഹ്റാമോവിച്ചിനെ വീഴ്ത്തിയതിനാണ് ബഗോഗൻ ചുവപ്പു കാർഡ് കണ്ടത്. ആ സസ്​പെൻഷൻ മാറ്റിവെക്കുവാൻ താൻതന്നെ അഭ്യർഥിച്ചതായി ട്രംപ് സമ്മതിക്കുകയും ചെയ്തു.

ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയെ ട്രംപ് സ്വാധീനിച്ചു എന്നു ​െബൽജിയവും യുവേഫയും ആരോപിക്കുമ്പോൾ താൻ അഭ്യർഥിക്കുക മാത്രമാണ് ചെയ്തതെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്തായാലും ഫിഫയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടെന്ന ആരോപണം ശക്തമാണ്. ബഗോഗൻ ലെഫ്റ്റ് വിങ് ഫോർവേഡായി ഇറങ്ങിയിട്ടും യു.എസ്​ ​െബൽജിയത്തിനോട് ദയനീയമായി തോറ്റു (1-4).

അർജന്റീനക്കെതിരായ മത്സരത്തിൽ രണ്ടു ഗോൾ ലീഡ് നേടിയശേഷമാണ് ഈജിപ്ത് പരാജയം ഏറ്റുവാങ്ങിയത് ഇതിനിടെ 58ാം മിനിറ്റിൽ ഈജിപ്തിന്റെ മുസ്​തഫ സീകോ നേടിയ ഗോൾ വിഡിയോ റിവ്യൂവിനുശേഷം നിഷേധിച്ചത് പ്രതിഷേധത്തിനു കാരണമായി. അർജന്റീനയുടെ ലിസാൻ​േഡ്രാ മാർട്ടിനെസിൽ നിന്നു മുഹമ്മദ് ഹാനിയും മർവാൻ അത്തിയയും ചേർന്നു തട്ടിയെടുത്ത പന്ത് അത്തിയ-ഹൈസം ഹസൻ-മുഹമ്മദ് സലാ വഴി സീകോയിലെത്തുകയായിരുന്നു.

എന്നാൽ, അത്തിയ ഇടതുകാൽകൊണ്ട് ലിസാൻ​േഡ്രായുടെ വലതുകാലിൽ ചവിട്ടിയെന്നാണ് ‘വാർ’ കണ്ടെത്തൽ. ഇതിന്റെ പേരിലാണ് ഗോൾ നിഷേധിച്ചത്. എന്നാൽ, ജർമനി-എക്വഡോർ മത്സരത്തിൽ ലിറോയ് സാനെയുടെ ഗോൾ അനുവദിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഈജിപ്ത് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇഞ്ച്വറി ടൈമിൽ എൻസോ ഫെർണാണ്ടസിനു വിജയഗോളിനു വഴിയൊരുക്കിയ നീക്കത്തിന്റെ തുടക്കത്തിൽ മുഹമ്മദ് സാലയെ ഫൗൾചെയ്തത് കണക്കിലെടുത്തുമില്ല.

ജാമിറ്റൻ കോംപാസ്,ജെയ്ഡൻ ആഡംസ്

 

വേർപാട്, വധഭീഷണി​

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് കളിച്ച മിഡ്ഫീൽഡർ ജയ്ഡൻ ആഡംസ്​ എന്ന ഇരുപത്തഞ്ചുകാരൻ നാട്ടിൽ മടങ്ങിയെത്തി അധികം താമസിയാതെ അന്തരിച്ചു. ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ട് റൗണ്ടിൽ എത്തിയിരുന്നു. ലോകകപ്പിലെ ദുഃഖമായി ജയ്ഡൻ.

ഗോളവസരം നഷ്​ടമാക്കിയ കൊളംബിയ താരം ജമിൻതോജ് കംപാസ്​ ആകട്ടെ വധഭീഷണിയെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയില്ല. പ്രീക്വാർട്ടറിൽ കൊളംബിയ ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനോട് തോറ്റു പുറത്താകുകയായിരുന്നു. പെനാൽറ്റി കംപാസ്​ ലക്ഷ്യത്തിലെത്തിച്ചെങ്കിലും അധികം സമയം തീരാൻ ആറു മിനിറ്റ് മാത്രം ബാക്കിനിൽക്കെ കംപാസ്​ തൊടുത്ത പന്ത് േക്രാസ്​ ബാറിൽ തട്ടിപുറത്തുപോയിരുന്നു. ഇരുപത്താറുകാരനായ കംപാസിനു മുന്നിൽ ആ​േന്ദ്ര എസ്​കോബാറിന്റെ അനുഭവമുണ്ട്. 1994ലെ ലോകകപ്പിൽ യു.എസിനെതിരെ സെൽഫ് ഗോൾ അടിച്ച എസ്​കോബാറിനെ സായുധസംഘം വെടി​െവച്ചു കൊല്ലുകയായിരുന്നു.

 

പുതുയുഗപ്പിറവി

ബ്രസീൽ നോർവേയോട് തോറ്റപ്പോഴും (1-2) പോർചുഗൽ സ്​പെയിനിനോട് പരാജയപ്പെട്ടപ്പോഴും (0-1) ഫുട്ബാൾ േപ്രമികളുടെ ശ്രദ്ധയത്രയും യഥാക്രമം നെയ്മർ ജൂനിയറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മുഖങ്ങളിലായിരുന്നു. പരുക്കിൽനിന്നു മോചിതനായെങ്കിലും ഒരു മത്സരത്തിലും മുഴുവൻ സമയം കളിക്കാൻ കഴിയാതെപോയ നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആശ്വാസത്തോടെ കളംവിട്ടു. രാജ്യാന്തര ഫുട്ബാളിൽനിന്നു വിടവാങ്ങലും പ്രഖ്യാപിച്ചു.

തുടരെ ആറു ലോകകപ്പ് കളിച്ച് ആറിലും ഗോൾ നേടി റെക്കോഡിട്ട റൊണാൾഡോക്ക് തന്റെ അവസാന ലോകകപ്പ് മത്സരത്തിൽ ഗോൾ നേടാനായില്ല. പോർചുഗൽ ഇക്കുറി അത്ര മെച്ചപ്പെട്ട ടീമാണെന്ന് അധികമാരും വിലയിരുത്തിയിട്ടുണ്ടാവില്ല. പക്ഷേ, 2022 ലെ മെസ്സിയെപ്പോലെ റൊണാൾഡോ 2026ലെങ്കിലും ലോകകപ്പ് ഉയർത്തണമെന്ന് ആഗ്രഹിച്ചവർ ഏറെയുണ്ട്. കളിക്കളത്തിൽ നിറഞ്ഞ കണ്ണുകളുമായി നിന്ന റൊണാൾഡോ ഫുട്ബാൾ ആരാധകരുടെ കണ്ണും നിറച്ചു.

നെയ്മർക്കും റൊണാൾഡോക്കും പുറമെ, ജർമൻ ഗോളി മാനുവൽ ന്യൂയർ, സെനഗാളിന്റെ മുൻ നായകൻ സാദിയോ മാനേ, െക്രായേഷ്യയുടെ ലൂക്കാ മോഡ്രിച്ച് തുടങ്ങിയവരൊക്കെ രാജ്യാന്തര ഫുട്ബാളിന്റെനിന്നു വിരമിക്കുകയാണ്. ഖത്തർ ലോക കപ്പിനുശേഷം വിടവാങ്ങൽ പ്രഖ്യാപിച്ച ന്യൂയെറും മോഡ്രിച്ചും മടങ്ങിയെത്തുകയായിരുന്നു. മെസ്സിക്കും ഇനിയൊരു ലോകകപ്പ് ഇല്ല. ഒരു യുഗം അവസാനിക്കുകയാണ്. മെസ്സിയുടെ കണ്ണീരും ഫൈനൽദിനം കണ്ടു. ഇനി അടുത്ത തലമുറയുടെ തേരോട്ടം തുടങ്ങുകയായി. കിലിയൻ എംബാപ്പെ, ലമിൻ യമാൽ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ്​ ജൂനിയർ, പൗ കുബാർസി...

ലോകകപ്പ് ഫൈനലിൽ സ്​പെയിനിനായി ഫെറാൻ ടോറസ് വിജയഗോൾ നേടുന്നു

 

പ്രീക്വാർട്ടറിൽ സ്​പെയിൻ-പോർചുഗൽ പോരാട്ടത്തിനിടെ ഗാലറിയിൽ ഒരു ബാനർ കണ്ടു. ‘ലെജൻഡും ഫ്യൂച്ചറും’ അഥവാ ഇതിഹാസവും ഭാവിയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലമിൻ യമാലിനെയും ആണ് ഉദ്ദേശിച്ചത്. നാൽപത്തൊന്നുകാരൻ റൊണാൾഡോക്കിത് അവസാന ലോകകപ്പ്, പത്തൊമ്പതുകാരൻ യമാലിന് ഇത് ആദ്യ ലോകകപ്പ്. നാലുവർഷം മുമ്പ് ഖത്തറിലെ കലാശപ്പോരിൽ മെസ്സിയും എംബാപ്പെയും മുഖാമുഖം വന്നപ്പോഴും ഇതുപോലെ തോന്നി. എംബാപ്പെ ഇത്തവണത്തെ ജ്വലിക്കുന്ന താരങ്ങളിലൊന്നായി തുടർന്നപ്പോൾ മെസ്സിയുടെ തിളക്കം ഒട്ടും കുറഞ്ഞില്ല.

ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാമാണ് ഭാവിയുടെ മറ്റൊരു താരം; ഹാരി കെയ്നിന് പിൻഗാമി. അർജന്റീനക്ക് മെസ്സിക്കൊരു യഥാർഥ പിൻഗാമിയെ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. ബ്രസീൽ പ്രീക്വാർട്ടറിൽ നോർവേയോട് തോറ്റ് പുറത്തായപ്പോഴും സ്​ഥിതി അതായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി നെയ്മർ ജൂനിയർ എന്ന ഒറ്റപ്പേരിൽ കേന്ദ്രീകരിച്ചിരുന്ന ബ്രസീലിന് മറ്റൊരാളെ ഭാവിക്കായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിനീഷ്യസ്​ ജൂനിയറിലാണ് അൽപമെങ്കിലും പ്രതീക്ഷ.

Tags:    
News Summary - Spain Wins World Cup With Tiki Taka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.