ഖത്തർ പല താരങ്ങളുടെയും അവസാന ലോകകപ്പ് ആകുമെന്ന് കരുതിയിരുന്നു. എന്നാൽ, അത് തെറ്റി. പല താരങ്ങളും ഫോം നഷ്ടമാകാതെ ഇത്തവണയുമുണ്ട്. അതുപോലെ ചില ചെറു രാജ്യങ്ങളും ലോകകപ്പിനെത്തുന്നു. അവരിൽനിന്ന് ഇന്ത്യക്ക് പഠിക്കാനുണ്ടെന്ന് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകൻ എഴുതുന്നു. നാലു വർഷം മുമ്പ് ഖത്തറിൽ ലോക കപ്പ് സമാപിച്ചപ്പോൾ, നാലുവർഷത്തിന് അപ്പുറത്തേക്ക് ചിന്തിച്ച പലരുടെയും മനസ്സിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്കാ മോഡ്രിച്ചുമൊക്കെ ഉണ്ടായിരുന്നിരിക്കില്ല. 2022ൽ കപ്പ് ഉയർത്തിയ മെസ്സിയും ക്വാർട്ടറിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച റൊണാൾഡോയും മൂന്നാം സ്ഥാനംകൊണ്ട്...
ഖത്തർ പല താരങ്ങളുടെയും അവസാന ലോകകപ്പ് ആകുമെന്ന് കരുതിയിരുന്നു. എന്നാൽ, അത് തെറ്റി. പല താരങ്ങളും ഫോം നഷ്ടമാകാതെ ഇത്തവണയുമുണ്ട്. അതുപോലെ ചില ചെറു രാജ്യങ്ങളും ലോകകപ്പിനെത്തുന്നു. അവരിൽനിന്ന് ഇന്ത്യക്ക് പഠിക്കാനുണ്ടെന്ന് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകൻ എഴുതുന്നു.
നാലു വർഷം മുമ്പ് ഖത്തറിൽ ലോക കപ്പ് സമാപിച്ചപ്പോൾ, നാലുവർഷത്തിന് അപ്പുറത്തേക്ക് ചിന്തിച്ച പലരുടെയും മനസ്സിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്കാ മോഡ്രിച്ചുമൊക്കെ ഉണ്ടായിരുന്നിരിക്കില്ല. 2022ൽ കപ്പ് ഉയർത്തിയ മെസ്സിയും ക്വാർട്ടറിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച റൊണാൾഡോയും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ട ലൂക്കാ മോഡ്രിച്ചും 2030 ലോക കപ്പിന് കണ്ടേക്കില്ല. പക്ഷേ, നാലു വർഷത്തിനിപ്പുറം യു.എസിലും കാനഡയിലും മെക്സിക്കോയിലുമായി ലോക കപ്പ് നടക്കുമ്പോൾ സൂപ്പർതാരങ്ങൾ മെസ്സിയും റൊണാൾഡോയും മോഡ്രിച്ചുമൊക്കെ തന്നെ. അവർ കൂടുതൽ ചെറുപ്പമായതുപോലെ.
മെസ്സിക്കും റൊണാൾഡോക്കും ഇത് ആറാം ലോക കപ്പ്. ഇവർക്കൊപ്പം ആറാം തവണ ലോക കപ്പ് ടീമിലെത്താൻ ഒരാൾകൂടിയുണ്ട്. മെക്സികോയുടെ ഗോൾ കീപ്പർ ഫ്രാൻസിസ്കോ ഗിലർമോ ഒച്ചോവ. പക്ഷേ, വ്യത്യാസമുണ്ട്. ഗിലർമോ 2006ലും 2010ലും ബെഞ്ചിലായിരുന്നു; കളത്തിൽ ഇറങ്ങിയില്ല. 2014ൽ ആയിരുന്നു അരങ്ങേറ്റം. 2026ൽ നാൽപതാം വയസ്സിൽ കളി തുടരുന്നു. ഗിലർമോ ഈ ലോകകപ്പോടെ വിരമിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ അഞ്ചു ലോക കപ്പിലും ഗോൾ നേടിയ താരമാണ് റൊണാൾഡോ. 2006ൽ ഇറാനെതിരെ ഗോൾ അടിച്ചായിരുന്നു തുടക്കം. മെസ്സിയും 2006ൽ അരങ്ങേറ്റ ലോകകപ്പിൽ ഗോൾ നേടി. പക്ഷേ, 2010ൽ ഗോൾ നേടാനായില്ല. 2016ൽ യൂറോകപ്പ് വിജയവും 2018-19ലും 24-25ലും യുവേഫ നാഷനൽസ് ലീഗ് വിജയവുമാണ് റൊണാൾഡോയുടെ നേട്ടം. മെസ്സിയാകട്ടെ 2022ൽ ലോകകപ്പ് നേടി. 2021ലും 24ലും കോപ്പ അമേരിക്കയും വിജയിച്ചു. എന്തായാലും ഇക്കുറി ഏതാണ്ട് ഉറപ്പിച്ചു പറയാം. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇത് അവസാന ലോകകപ്പ് ആണെന്ന്.
ഏപ്രിലിൽ സാംബിയക്കെതിരെ അർജന്റീനയിൽ നടന്ന സൗഹൃദ മത്സരം മെസ്സി നാട്ടിൽ കളിക്കുന്ന അവസാന മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇതുവരെ റൊണാൾഡോ 14 മത്സരങ്ങളിലും മെസ്സി 19 മത്സരങ്ങളിലും ദേശീയ ടീമിനെ നയിച്ചു. അഞ്ചു ലോകകപ്പ് കളിച്ചവർ വേറെ നാലു പേർ കൂടിയുണ്ട്. ജർമനിയുടെ ലോതർ മത്തേയൂസ്, മെക്സികോയുടെ റാഫേൽ മാർക്വിസ്, അന്റോണിയോ കർബജാൽ, ആെന്ദ്രസ് ഗ്വാർഡാഡോ... എല്ലാവരും ബൂട്ട് അഴിച്ചു.
െക്രായേഷ്യയെ 2018ൽ ഫൈനലിൽ എത്തിച്ച ലൂക്കാ മോഡ്രിച്ച് 2022ലെ മൂന്നാം സ്ഥാനത്തോടെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 40ാം വയസ്സിൽ അഞ്ചാം ലോകകപ്പ് കളിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. െബൽജിയത്തിന്റെ ഈഡൻ ഹസാർഡ് എന്ന മിഡ്ഫീൽഡറിന് ഇപ്പോൾ 35 വയസ്സു മാത്രം. പക്ഷേ, കഴിഞ്ഞ ലോകകപ്പോടെ വിരമിച്ചു. ജർമനിയുടെ ഗോളിയും നായകനുമായിരുന്ന മാനുവൽ ന്യൂയർ ഇക്കുറിയും കളിക്കും. 2024ൽ വിടവാങ്ങൽ പ്രഖ്യാപിച്ച ന്യൂയർ അഞ്ചാം ലോകകപ്പിന് ഇറങ്ങുന്നു. ഫ്രാൻസിന്റെ കരിം ബെൻസേമക്ക് ഇപ്പോൾ വയസ്സ് 38. ലോകോത്തര സ്ൈട്രക്കർ. ഇപ്പോഴും അൽ ഹിലാൽ സൗദിക്ക് കളിക്കുന്നു. പക്ഷേ, ഇത്തവണ ലോകകപ്പിനില്ല. കപ്പ് ഉയർത്തിയാണ് അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയ 2022ൽ വിരമിച്ചത്. ജർമനിയുടെ തോമസ് മുള്ളറും വിരമിച്ചു.
ഖത്തറിൽ കലാശപ്പോരാട്ടത്തിൽ 97 സെക്കൻഡിനുള്ളിൽ രണ്ടു ഗോൾ അടിച്ച് അർജന്റീനയെ ഞെട്ടിച്ച, ഗോൾഡൻ ബൂട്ട് ഉടമയായ കിലിയൻ എംബാപ്പെയെന്ന ഫ്രഞ്ച് സൂപ്പർതാരത്തിൽനിന്ന് 2026 ലോക കപ്പിനെക്കുറിച്ചുള്ള താരസങ്കൽപം തുടങ്ങുന്നതാകും നല്ലത്. ഇക്കുറി ലോകകപ്പിൽ വിപണി മൂല്യത്തിൽ മെസ്സിക്കും റൊണാൾഡോക്കും മുകളിലാണ് എംബാപ്പെ. ഒപ്പം സ്പെയിനിന്റെ യുവതാരം ലാമിൻ യമാലും നോർവേയുടെ എർലിങ് ഹാളണ്ടുമുണ്ട്. മൂന്നുപേരുടെയും വിപണിമൂല്യം 1600 കോടിരൂപയാണ്.
വിനീഷ്യസ് ജൂനിയർ (ബ്രസീൽ), പെഡ്രി (പെെഡ്രാ ഗോൺസാലസ് ലോപ്പസ്, സ്പെയിൻ) എന്നിവർക്ക് 1200 കോടി വിപണിമൂല്യമുണ്ട്. ജൂഡ് ബെല്ലിങാം (ഇംഗ്ലണ്ട്), മൈക്കൽ ഒലിസെ (ഫ്രാൻസ്), ഫെഡറികോ വാൽവെർദെ (ഉറുഗ്വായ്), ഡെക്ലൻ റൈസ് (ഇംഗ്ലണ്ട്), ബുക്കയോസാക്കെ (ഇംഗ്ലണ്ട്) എന്നിവരും ഏതാണ്ട് 1000 കോടി വിപണിമൂല്യമുള്ളവരാണ്. ഇവരൊക്കെ ലോക കപ്പ് കളിക്കുമെന്നാണ് പ്രതീക്ഷ. ഫ്രാൻസ് ടീമിൽ എംബാപ്പെക്കൊപ്പം മൈക്കൽ ഒലീസെയുമുണ്ടാവും. ചാമ്പ്യൻസ് ലീഗിൽ ഇരുവരും മിക്കച്ച ഫോമിലായിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ അർമീനിയക്കെതിരെ റൊണാൾഡോയുടെ അസാന്നിധ്യത്തിൽ പോർചുഗലിനായി ഹാട്രിക് നേടിയ ബ്രൂണോ ഫെർണാണ്ടസും ജോവ നെവാസും എണ്ണപ്പെടേണ്ടവരാണ്.
പരിക്കും കായികക്ഷമതയും ബ്രസീലിന്റെ തുറുപ്പുചീട്ട് നെയ്മറിന് വെല്ലുവിളിയാണ്. ആഞ്ചലോട്ടി പരിശീലകനായ ശേഷം നെയ്മർ ദേശീയ ടീമിൽ കളിച്ചിട്ടില്ല. സാന്റോസ് ക്ലബ് ടീമിനു നല്ല ഫോമിൽ കളിക്കുമ്പോൾ സംഭവിച്ച പരിക്കുമൂലം 236 ദിവസമാണ് നെയ്മർക്ക് നഷ്ടമായത്. ബ്രസീലിന്റെ പ്രതിരോധതാരം എദേർ മിലിറ്റാവോ ഏപ്രിലിൽ ഹാംസ്ട്രിങ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ബ്രസീലിന്റെ തന്നെ സിൽവാ ദിഗോസ് റോഡ്രിഗോ, ജർമനിയുടെ സെർഗീ ഗെനാബ്രിയ, ഫ്രാൻസിന്റെ ഹ്യൂഗോ എജിടികെ, ഈജിപ്തിന്റെ മുഹമ്മദ് സലാഹ് തുടങ്ങി പലരും പരിക്കിന്റെ പിടിയിലായിരുന്നു. സലാഹ് ഇക്കുറി നായകനാണ്.
വെയിൽസ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയില്ല. പക്ഷേ, അവരുടെ സൂപ്പർതാരം ഗാരത് ബെയ്ൽ നേരത്തേ വിരമിച്ചിരുന്നു. എന്നാൽ, ഇറ്റലിയും ഡെന്മാർക്കും പോളണ്ടും ബെർത്ത് നേടാതെവന്നപ്പോൾ മൂന്നു സൂപ്പർ താരങ്ങളുടെ അസാന്നിധ്യം ലോകകപ്പ് 2026ൽ പ്രകടമാകും. ഇറ്റലിയുടെ നായകൻ ജിയാൻല്യൂജി ഡൊന്നാരുമ, ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സൻ, പോളണ്ട് നായകൻ റോബർട്ട് ലെവൻഡോവ്സ്കി. എന്നിവരെയാണ് കാണാൻ കഴിയാതെ വരുക. ഡൊന്നാരുമ ഇറ്റലിയുടെ ഗോൾ വലക്കു മുന്നിൽ 6’ 6’’ സാന്നിധ്യമായിരുന്നിട്ടും അവർ ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. ഹൃദയാഘാതത്തെ അതിജീവിച്ച് കളിക്കളത്തിൽ മടങ്ങിയെത്തിയ ക്രിസ്റ്റ്യൻ എറിക്സന് ലോകമെങ്ങും ആരാധകർ ഏറെയുണ്ട്.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജർമൻ നായകൻ ജോഷ്വ കിമ്മിച്ച്, സെനഗാളിന്റെ സാദിയോ മാനേ, ബ്രസീലിന്റെ വിനീഷ്യസ്, കൊളംബിയയുടെ ലൂയി സുവാരസ്, സ്കോട്ലൻഡിന്റെ സ്കോട് മക്ടോമിനെ... അങ്ങനെ എണ്ണപ്പെടേണ്ടവർ പലരും വേറെയും കാണും (ഞാൻ ഇതെഴുതുമ്പോൾ ടീമംഗങ്ങൾ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല). അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. ഇതിഹാസങ്ങൾ തലയുയർത്തി വിടവാങ്ങട്ടെ. പുത്തൽ താരോദയങ്ങൾ സംഭവിക്കട്ടെ. ഫുട്ബാൾ കളിയുടെ ചാരുതയും ചടുലതയും ആവേശവും അടുത്ത ലോകകപ്പിലേക്ക് കടക്കട്ടെ.
ഇന്ത്യ കണ്ടുപഠിക്കണം; കുഞ്ഞൻ രാജ്യങ്ങളെ
കേപ് വെർദെ, കുറസാവോ, ജോർഡൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങൾ ആദ്യമായാണ് ഇക്കുറി ലോകകപ്പ് കളിക്കാനിറങ്ങുന്നത്. നാട്ടിൽ കളിക്കേണ്ട മത്സരങ്ങൾ വിദേശത്ത് കളിച്ചാണ് ഹെയ്തി ലോകകപ്പിന് യോഗ്യത നേടിയത്. അതും 52 വർഷങ്ങൾക്കു ശേഷം. കോൺകകാഫ് മൂന്നാം റൗണ്ടിൽ ‘സി’ ഗ്രൂപ്പിൽ കളിച്ച ഹെയ്തിക്കൊപ്പം ഹോണ്ടുറസും കോസ്റ്ററീകയും നികരാഗ്വയും ഉണ്ടായിരുന്നു. ഗുണ്ടകൾ വിളയാടുന്ന ഹെയ്തിയിൽ എത്താതെ വിദേശത്തുനിന്ന് ടീമിനെ പരിശീലിപ്പിച്ച സെബാസ്റ്റ്യൻ മിയെയുടെ വിജയം കൂടിയാണിത്. ഫ്രഞ്ചുകാരനാണ് മിെയ. മറ്റു രാജ്യക്കാർ ആരും വരാത്തൊരു നാട്ടിൽനിന്ന് വിദേശത്ത് എത്തിയാണ് കളിക്കാൻ പലപ്പോഴും പരിശീലനം നടത്തിപ്പോന്നത്. ലോകകപ്പിൽ ഗ്രൂപ് ‘സി’ യിലാണ് ഹെയ്തി.
വെറും 5.25 ലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കൻ ദ്വീപ് രാജ്യമാണ് കെയ്പ് വെർദെ. ലോക കപ്പിന് യോഗ്യത നേടിയ, ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് കെയ്പ് വെർദെ. 2018 ലോകകപ്പ് കളിച്ച ഐസ്ലൻഡ് ആണ് കുറഞ്ഞ ജനസംഖ്യയിൽ റെക്കോഡുകാർ. അവിടെ ജനസംഖ്യ മൂന്നര ലക്ഷം മാത്രം. പോർചുഗീസ് കോളനിയായിരുന്നു കെയ്പ് വെർദെ. 1975ലാണ് സ്വാതന്ത്ര്യം നേടിയത്. പശ്ചിമ ആഫ്രിക്കയിൽ മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലെ 10 ദ്വീപുകൾ ചേർന്നതാണ് രാജ്യം. 15ാം ശതകം വരെ ജനവാസമില്ലായിരുന്നു. പക്ഷേ, ഇന്ന് ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതനിലവാരമാണ് ഇവിടെയുള്ളത്. 4033 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. ആഫ്രിക്കൻ നേഷൻസ് കപ്പിൽ നാലു തവണ കളിച്ച കേപ് വെർദെ രണ്ടു തവണ ക്വാർട്ടറിൽ കടന്നിരുന്നു.
കഴിഞ്ഞ ആറു വർഷമായി പെേദ്രാ ലെയ്റ്റാവോ ബ്രിട്ടോ (ബൂബിസ്റ്റ) ആണ് പരിശീലകൻ ടീമിന്റെ മുൻ സെൻട്രൽ ബാക്ക് ആയിരുന്നു ബൂബിസ്റ്റ. ലോകകപ്പിൽ ഗ്രൂപ് എച്ചിൽ ആണ് ഈ കുഞ്ഞൻ രാജ്യം. ഫിഫ റാങ്കിൽ 70 ആയിരുന്നു യോഗ്യത നേടുമ്പോൾ സ്ഥാനം. യോഗ്യതാ റൗണ്ടിൽ ഒരു മത്സരം മാത്രമാണു തോറ്റത്.
ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. കരീബിയൻ ദ്വീപ് രാജ്യമായ കുറസാവോയിലെ ജനസംഖ്യ ഒന്നരലക്ഷം മാത്രം. വിസ്തീർണം 444 ചതുരശ്ര കിലോമീറ്ററും. യോഗ്യതാ റൗണ്ടിൽ ഒരു കളിപോലും തോൽക്കാതെയാണ് ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിയത്. മുൻ ഡച്ച് കോളനിയാണ് കുറസാവോ. ഫിഫ റാങ്കിങ്ങിൽ 82. നെതർലൻഡ്സിൽനിന്നുള്ള ഡിക് അഡ്വക്കേറ്റ് ആണ് പരിശീലകൻ. ലോകകപ്പിലെ പ്രായം കൂടിയ പരിശീലകനായിരിക്കും എഴുപത്തെട്ടുകാരനായ ഡിക്.
തെക്കൻ കരീബിയൻ സമുദ്രത്തിൽ വെനിസ്വേലക്കു സമീപമുള്ള ദ്വീപാണ് കുറസാവോ. 1499ൽ സ്പെയിനിന്റെ കോളനിയായി. 1634ൽ നെതർലൻഡ്സുകാർ സ്വന്തമാക്കി. 2010 ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. ടീമിൽ അധികവും നെതർലൻഡ്സിൽ ജനിച്ചവരാണ്. 2017ൽ ജമൈക്കയെ കീഴടക്കി കരീബിയൻ കപ്പ് നേടിയതോടെയാണ് ടീം ശ്രദ്ധിക്കപ്പെട്ടത്. ഗ്രൂപ്പ് ഇയിലാണ് കുറസാവോ.
നാലു പതിറ്റാണ്ടിനുശേഷമാണ് ഇറാഖ് ലോകകപ്പിന് എത്തുന്നത്. 2026 ലോകകപ്പിലെ 48ാമത്തെയും അവസാനത്തെയും ടീമായാണ് ഇറാഖ് യോഗ്യത നേടിയത്. പ്ലേ ഓഫിൽ ബൊളീവിയയെ തോൽപിച്ച് നേടിയ ബർത്ത്. ഗ്രഹാം അർനോൾഡാണ് പരിശീലകൻ. സദ്ദാം ഹുസൈന്റെ പുത്രൻ ഉദയ് ഹുസൈൻ ഇറാഖ് ഫുട്ബാൾ നിയന്ത്രിച്ചപ്പോൾ തോൽവിയുടെ പേരിൽ കഠിനശിക്ഷകൾ ഏറ്റുവാങ്ങേണ്ടിവന്ന കളിക്കാരുടെ നാട്. അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ഭരിച്ചകാലം അതിജീവിച്ചുവളർന്നവരാണ് ടീമംഗങ്ങൾ. വൈവിധ്യമാർന്ന വംശീയതയുടെ പ്രതിനിധികൾ ടീമായി ഒത്തിണങ്ങിക്കഴിഞ്ഞു.
അരങ്ങേറ്റക്കാരിൽ ഉസ്ബകിസ്താൻ ഗ്രൂപ് കെ യിലും ജോർഡൻ ഗ്രൂപ് എഫിലും ആണ്. ഐവറികോസ്റ്റിന് ഇത് നാലാം ലോക കപ്പാണ്. ആഫ്രിക്കയുടെ പ്രതിനിധിയായ കോസ്റ്ററീക കഴിഞ്ഞ രണ്ടുതവണ നഷ്ടപ്പെട്ട ലോകകപ്പ് ബെർത്ത് വീണ്ടെടുത്തിരിക്കുകയാണ്. നോർവേ ആകട്ടെ 1998നു ശേഷം ആദ്യമാണ് ലോകകപ്പ് കളിക്കുന്നത്. എർലിങ് ഹാലൻഡ് എന്ന യുവതാരത്തിന്റെ മിന്നും പ്രകടനം ഫൈനൽ റൗണ്ടിലും പ്രതീക്ഷിക്കാം. കുഞ്ഞൻ രാജ്യങ്ങൾ അത്ഭുതപ്പെടുത്തുമോ? പുത്തൻതാരങ്ങൾ മിന്നൽപ്പിണർ തീർക്കുമോ? കാത്തിരിക്കാം. ഇന്ത്യ ഇവരെയൊക്കെ കണ്ട് പഠിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.