ഇത് എഴുത്തുകാർ നിലപാട് ധീരമായി പ്രഖ്യാപിക്കേണ്ട കാലം

മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ റൈേറ്റഴ്സ്' സംവാദത്തിെന്റ ലിഖിത രൂപം. ചെറുകഥാകൃത്തും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ പി.കെ. പാറക്കടവ്, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ആർ. സുധീഷ്, കഥാകൃത്തും മാധ്യമം ആഴ്ചപ്പതിപ്പിെന്റ ആദ്യ എഡിറ്ററുമായ കെ.പി. രാമനുണ്ണി തുടങ്ങിയവരാണ് 'എഴുത്തുകാരുടെ നിലപാട്' പ്രഖ്യാപനത്തിൽ ഒത്തുചേർന്നത്. പി.കെ. പാറക്കടവായിരുന്നു മോഡറേറ്റർ.പി.കെ. പാറക്കടവ്: മാധ്യമം ആഴ്ചപ്പതിപ്പ് 25ാം വയസ്സിലേക്ക്. നാലിലൊരുഭാഗം, ആറുവർഷം ഞാൻ ഇതിനൊപ്പമുണ്ടായിരുന്നു എന്ന് ഓർക്കുകയാണ്. നമ്മോടൊപ്പം...

മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ റൈേറ്റഴ്സ്' സംവാദത്തിെന്റ ലിഖിത രൂപം. ചെറുകഥാകൃത്തും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ പി.കെ. പാറക്കടവ്, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.ആർ. സുധീഷ്, കഥാകൃത്തും മാധ്യമം ആഴ്ചപ്പതിപ്പിെന്റ ആദ്യ എഡിറ്ററുമായ കെ.പി. രാമനുണ്ണി തുടങ്ങിയവരാണ് 'എഴുത്തുകാരുടെ നിലപാട്' പ്രഖ്യാപനത്തിൽ ഒത്തുചേർന്നത്. പി.കെ. പാറക്കടവായിരുന്നു മോഡറേറ്റർ.

പി.കെ. പാറക്കടവ്: മാധ്യമം ആഴ്ചപ്പതിപ്പ് 25ാം വയസ്സിലേക്ക്. നാലിലൊരുഭാഗം, ആറുവർഷം ഞാൻ ഇതിനൊപ്പമുണ്ടായിരുന്നു എന്ന് ഓർക്കുകയാണ്. നമ്മോടൊപ്പം ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ സഈദ് നഖ്വി ഉണ്ട്. സീനിയർ ഇന്ത്യൻ ജേണലിസ്റ്റ്, ടെലിവിഷൻ കമന്‍റേറ്റർ, ഇന്‍റർവ്യൂവർ ആണ്. കൂടാതെ പ്രമുഖരായ എഴുത്തുകാർ കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരുണ്ട്. ഇവരുടെയും രചനകൾ ധാരാളമായി മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നിട്ടുമുണ്ട്. കെ.പി. രാമനുണ്ണിയുടെ 'ദൈവത്തിന്‍റെ പുസ്തക'വും ടി.ഡി. രാമകൃഷ്ണന്‍റെ 'ആണ്ടാൾ ദേവനായകി'യും വന്നത് ഞാനുള്ള കാലത്തെ മാധ്യമം ആഴ്ചപ്പതിപ്പിലായിരുന്നു.

ഇവിടെ ഏറെയൊന്നും സംസാരിക്കാനില്ല. എഴുത്തുകാരും വായനക്കാരും നിലപാടുകൾ പങ്കുവെക്കുന്നു എന്നാണ് പറയുന്നത്. എഴുത്തുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് എഴുത്തുകാരന്‍റെ, എഴുത്തുകാരിയുടെ നിലപാടും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നത്തെ ഇന്ത്യനവസ്ഥയിൽനിന്ന് ഒരു എഴുത്തുകാരൻ നിവർന്നുനിന്ന് നിലപാട് വ്യക്തമാക്കേണ്ട ഘട്ടമാണിത്. 1948 ജനുവരി 30നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഭീകരാക്രമണം നടന്നത്. അത് നടത്തിയത് ക്ലീൻ ഷേവ് ചെയ്ത നാഥുറാം ഗോദ്സെ എന്ന ആളായിരുന്നു. നാഥുറാം ഗോദ്സെ ആണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി. ആ നാഥുറാം ഗോദ്സെയുടെ പ്രത്യയശാസ്ത്രത്തിന് മേൽക്കോയ്മ കിട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യൻ പാർലമെന്‍റിൽ നാഥുറാം ഗോദ്സെയെ മഹത്ത്വവത്കരിക്കുന്ന പ്രജ്ഞാ സിങ് ഠാക്കൂറിനെപോലെയുള്ള പാർലമെന്‍റ് മെംബർമാരുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്താൻ ഗാന്ധിവധം ആവശ്യമായിരുന്നു എന്ന് ട്വീറ്റ് ചെയ്ത ദുലീപുഡി പണ്ഡിറ്റ് പോലുള്ളവരാണ് ജെ.എൻ.യു വൈസ് ചാൻസലർമാർ. ഗുജറാത്തിലെ സ്കൂളുകളിൽ ഇന്ന് ഗോദ്സെയുടെ മഹത്ത്വത്തെക്കുറിച്ച് പ്രഭാഷണമെഴുതാനാണ് പ്രസംഗമത്സരത്തിന് വിഷയം കൊടുക്കുന്നത്. ഗോദ്സെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അധികാരിവർഗമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഗാന്ധിജിയെ തമസ്കരിക്കുകയും ഗാന്ധിജിയെ മറക്കുകയും പകരം ഗോദ്സെയെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യാൻ തക്കംപാർത്തിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. 1933ൽ ഹിറ്റ്ലർ ഭരിച്ച ജർമനിയിലെ അതേ അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇത് ഇന്ത്യയിൽ സാധ്യമാണോ എന്ന് നമ്മൾ ശങ്കിക്കും മുമ്പ് നമ്മളേക്കാൾ ബുദ്ധിജീവികൾ ജീവിച്ച നാടായിരുന്നു ജർമനി. കാൾ മാർക്സ് ജർമൻകാരനായിരുന്നു. ബിഥോവൻ ജർമൻകാരനായിരുന്നു. അങ്ങനെയുള്ള ജർമനിയിൽ നിരന്തരമായ വിദ്വേഷപ്രചാരണംകൊണ്ട് ഒരു ഭ്രാന്തൻ ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതുപോലെ ഇന്ത്യയിലും കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. ഞാനേറെ പറയുന്നില്ല. എഴുത്തുകാരന്‍റെ നിലപാടുകൾ മുദ്രവെച്ച കടലാസിൽ രഹസ്യമായി കൊടുക്കേണ്ടതല്ല. അത് എഴുത്തുപോലെ പ്രധാനമാണ്, അത് നിവർന്നുനിന്ന് പറയേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ട് നോവലിസ്റ്റും കഥാകൃത്തുമായ കെ.പി. രാമനുണ്ണിയെ ക്ഷണിക്കുന്നു.

കെ.പി. രാമനുണ്ണി: സാംസ്കാരിക ഭൂപടത്തിൽ എങ്ങനെയാണ് തകിടംമറിച്ചിൽ മാധ്യമം ആഴ്ചപ്പതിപ്പ് ഉണ്ടാക്കിയത് എന്ന് ചോദിച്ചാൽ തീർച്ചയായും അതിന്‍റെ വ്യത്യസ്തമായ നിലപാടുകൊണ്ടാണ്. ഈ വ്യത്യസ്തമായ നിലപാട് പ്രഖ്യാപിച്ച, ആവിഷ്കരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് എഴുത്തുകാരോട് വിരൽ ചൂണ്ടി നിങ്ങളുടെ നിലപാട് എന്താണ് എന്ന് ചോദിക്കാനുള്ള അധികാരമുണ്ട്, അവകാശമുണ്ട്. ആ സന്ദർഭമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് എഴുത്തുകാർ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം സംജാതമായിരിക്കുന്നു. നിലപാടുകൾ ഉണ്ടാകുന്ന സമയത്താണ് ഒരു എഴുത്തുകാരൻ ഉണ്ടാകുന്നത്. അല്ലെങ്കിൽ അയാൾ എഴുത്തുപണിക്കാരൻ മാത്രമാണ്. എഴുത്തുപണിക്കാരനിൽനിന്ന് എഴുത്തുകാരൻ ആവണമെങ്കിൽ അയാൾക്ക് നിലപാട് വേണം. എങ്ങനെ നിങ്ങൾ കാണുന്നുവെന്ന കാഴ്ചപ്പാടാണ് നിലപാട്. കുന്ദേര പറഞ്ഞിട്ടുണ്ട് ഒരു നോവലിൽ, കുറെ സ്ഥലവും കാലവും കാഴ്ചപ്പാടുകളും ഉണ്ടായാൽ നോവലാകില്ല. അതിൽ ഒരു ജീവിതദർശനം ഉണ്ടെങ്കിൽ മാത്രമേ അത് നോവലാകുകയുള്ളൂ എന്ന്. ഈ കാഴ്ചപ്പാട് എങ്ങനെയാണ് ഉൽപാദിപ്പിക്കപ്പെടുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിജ്ഞാനംകൊണ്ട് കാഴ്ചപ്പാടുണ്ടാകാം. വിജ്ഞാനം വിശേഷാൽ ജ്ഞാനമാണ്. പിഎച്ച്.ഡി എടുത്ത് പഠിച്ചുണ്ടാക്കുന്ന വിജ്ഞാനംകൊണ്ട് കാഴ്ചപ്പാടുണ്ടാകുകയില്ല. തന്നെപറ്റി, താൻ ജീവിക്കുന്ന ലോകത്തെപറ്റി, തന്‍റെ ചുറ്റുപാടുകളെപറ്റി, സഹജീവികളെപറ്റി മനസ്സിലാക്കുന്ന ആത്മജ്ഞാനത്തിൽനിന്നാണ് നിലപാടുകൾ ഉണ്ടാകുന്നത്. ഈ നിലപാട് പ്രധാനപ്പെട്ടതാണ്. അതിൽ കമിറ്റ്മെന്‍റും കൺവിക്ഷനുമുണ്ട്. ഐ.ടിയിൽ പണിയെടുക്കുന്നവനും ജോലിയോട് കമിറ്റ്മെന്‍റ് ഉണ്ടാകും. എന്നാൽ കൺവിക്ഷൻ എന്നാൽ ഉറച്ച തീരുമാനമാണ്. രാഷ്ട്രത്തെപറ്റി, സഹജീവികളെപറ്റി, ന്യൂനപക്ഷങ്ങളെപറ്റി, തൊഴിലാളികളെപറ്റി, സമുദായങ്ങളെപറ്റി ഒക്കെ ഉറച്ച തീരുമാനം പ്രഖ്യാപിക്കലാണ് നിലപാട്. ഭാഗ്യമുണ്ട്, കേരളത്തിലെ എഴുത്തുകാർക്ക് കൂടിയോ കുറഞ്ഞോ രീതിയിൽ സ്വന്തം നിലപാടുകൾ സ്വാംശീകരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അത് കേരളത്തിന്‍റെ മഹത്ത്വമാണ്. 'വാനിഷിങ് മുസ്ലിംസ്' എന്ന സ്ഫോടനാത്മക ടൈറ്റിലോട് കൂടിയുള്ള പുസ്തകമാണ് സഈദ് നഖ്വി എഴുതിയത്. ഇന്ത്യയിൽനിന്ന് മുസ്ലിംകൾ ബാഷ്പീകരിക്കപ്പെട്ടുപോകുകയാണ് എന്നാണ് ടൈറ്റിൽ പറയുന്നത്. എന്നാൽ ഡിയർ സർ, എനിക്ക് താങ്കളോട് പറയാനുള്ളത് കേരളത്തിൽ മുസ്ലിംകൾ ബാഷ്പീകരിക്കപ്പെടുകയില്ല. അവർ ഖനീഭവിക്കുകയേ ഉള്ളൂ. അതാണ് ഞങ്ങളുടെ പാരമ്പര്യം. പ്രശസ്ത കവി ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. ഞാൻ ഹിന്ദുവാണ്, എന്നാൽ നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാകില്ല, പ്രിയ മുസ്ലിംകളേ...നിങ്ങൾ അവിടെ ഇല്ലെങ്കിൽ ഞങ്ങളില്ല. അതാണ് കേരളത്തിന്‍റെ പാരമ്പര്യം. ഇനി ഇന്ത്യയിൽ എവിടെയെങ്കിലും മുസ്ലിംകൾ ബാഷ്പീകരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവരെ ഖനീഭവിപ്പിച്ച് കേരളത്തിലേക്ക് സ്വാഗതം ചെയ്യും. താങ്കളും സ്വാഗതം ചെയ്യപ്പെടും. അതാണ് കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യം. എന്‍റെ മതനിരപേക്ഷ കാഴ്ചപ്പാടുകൾ വളർത്തിയത് പൊന്നാനിയിൽനിന്നുള്ള ജീവിതാനുഭവങ്ങളാണ്. സഹമതസ്ഥനായ ആൾ എന്‍റെ സ്വത്വത്തിന്‍റെ ഭാഗമാണ് എന്ന് എന്നെ പഠിപ്പിച്ചത് പുസ്തകം വായിച്ചിട്ടല്ല. എന്‍റെ അമ്മയായിരുന്നു. പ്രിയ സുഹൃത്തായ അബ്ദുൽ ഖയ്യൂമിന്‍റെ ബാപ്പയായിരുന്നു. ഇവരാണ് സഹജീവി എന്‍റെ ഭാഗമാണ് എന്ന് പഠിപ്പിച്ച് തന്നത്. ഇതുതന്നെയാണ് ഹൈന്ദവതയുടെ അടിസ്ഥാന തത്ത്വവും. ഈ ഹൈന്ദവതയെ തിരസ്കരിച്ചാണ് ന്യൂനപക്ഷങ്ങെള ബാഷ്പീകരിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ഹൈന്ദവതയുടെ അടിസ്ഥാനമൂല്യങ്ങളാണ് ഇതോടെ തകിടംമറിക്കപ്പെടുന്നത്. ശ്രീരാമകൃഷ്ണ പരമഹംസർ ഒറ്റുകൊടുക്കപ്പെടുകയാണ്. വിവേകാനന്ദൻ തിരസ്കരിക്കപ്പെടുകയാണ്. ശ്രീനാരായണഗുരു അവഹേളിക്കപ്പെടുകയാണ്. അതിന് യഥാർഥ ഹിന്ദു സമ്മതിക്കാൻ പാടില്ല. എല്ലാ മതങ്ങളും സത്യമാണ് എന്ന ഹൈന്ദവതയുടെ അടിസ്ഥാനപരമായ തത്ത്വത്തിൽ അടിയുറച്ചാണ് പരമഹംസർ ''Try to have God realisation according to the base of Islam also'' എന്ന് പറഞ്ഞത്. അത് എഴുതിവെച്ചിട്ടുള്ളതാണ്. ശ്രീനാരായണ ഗുരു കരുണവാൻ നബി മുത്തുരത്നമോ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അതാണ് ഹൈന്ദവതയുടെ പാരമ്പര്യം. തികച്ചും വ്യത്യസ്തമാണ് ഹിന്ദുത്വവും ഹൈന്ദവധർമവും. ഈ നിലപാട് കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാർക്കുമുണ്ട്. അത് ഉൽപാദിപ്പിച്ചത് മഹത്തായ കേരളമെന്ന ഈ നാടാണ്, കേരളത്തിലെ പ്രമുഖരായ എഴുത്തുകാരാണ് എന്നതിൽ സംശയമില്ല. സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുകൾ എന്നിൽ ഉൽപാദിപ്പിച്ചത് എന്‍റെ ജീവിതംതന്നെയാണ്. കൊളോണിയൽ വെസ്റ്റേൺ മോഡേണിറ്റികൊണ്ട് വ്യക്തിജീവിതത്തിൽപോലും ആക്രമിക്കപ്പെട്ട ആളാണ് ഞാൻ. സൂക്കേട് പിടിച്ച് കിടന്നപ്പോൾ വെസ്റ്റേൺ മോഡേണിറ്റിയുടെ ഉൽപന്നമായ ആധുനിക വൈദ്യശാസ്ത്രം അതിന്‍റെ അറ്റാക്കുകൊണ്ട് ഇപ്പോഴും വലയ്ക്കുന്നു.

സാമ്രാജ്യത്വത്തിന്‍റെ പാശ്ചാത്യ ആധുനികതയെ സംശയത്തോടെ വീക്ഷിക്കുന്ന, അതിനെ എപ്പോഴും അപകടകരമായി വിലയിരുത്തുന്ന രീതിയിലുള്ള നിലപാട് എന്നിൽ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. നിലപാടുകൾ നിങ്ങൾ ചോദിക്കുന്ന സമയത്ത് പച്ചവെള്ളംപോലെ പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഈ നിലപാടുകൾ രൂപവത്കരിക്കപ്പെട്ടത് കേരളത്തിന്‍റെ സംസ്കാരത്തിൽനിന്നാണ്. ആ കേരളത്തിന്‍റെ സംസ്കാരത്തിലടക്കം കാലുഷ്യം കൊണ്ടുവരാനും ചരിത്രത്തെ തമസ്കരിക്കാനും ശ്രമിക്കുന്നു. ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന വർഗീയത, അന്യവത്കരണം, വെറുപ്പിന്‍റെ രാഷ്ട്രീയം എന്ന് പറഞ്ഞാൽ അത് മുസ്ലിം ഇഷ്യൂ അല്ല, ഇന്ത്യ രാജ്യമാണ് ഇതുകൊണ്ട് അപകടത്തിൽപെടുന്നത്. ഇതോടെ മുസ്ലിംകളെക്കാൾ കൂടുതൽ അപകടപ്പെടുന്നത് ഹിന്ദുക്കളാണ് എന്ന് മനസ്സിലാക്കണം. അവരാണ് കൂടുതൽ കേട് വന്നുപോകുന്നത്. ഹിന്ദുക്കളെ ഹിന്ദുവർഗീയവാദികളാക്കി മാറ്റുന്ന സമയത്ത് ഹൈന്ദവ ധർമമാണ് ചൂതാട്ടം ചെയ്യപ്പെടുന്നത്. ഈ കാര്യങ്ങളാണ് വ്യക്തമായ സൂക്ഷ്മബോധത്തോടുകൂടി പ്രഖ്യാപിക്കപ്പെടേണ്ടത്. നമ്മുടെ മഹാനായ എഴുത്തുകാരൻ സച്ചിദാനന്ദൻ നെഞ്ചുയർത്തിപ്പിടിച്ച് കേരളത്തിന്‍റെ ഹൈന്ദവധർമത്തിന്‍റെ ഭക്തിപ്രസ്ഥാനത്തിന്‍റെ നിലപാട്, ഇന്ത്യയെ ഇന്ത്യയാക്കിയ നിലപാട് പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു. എത്ര കിരാളമായ അവസ്ഥയിലും നമുക്ക് ഈ നിലപാട് പ്രഖ്യാപിക്കാതെ നിവൃത്തിയില്ല. അവസാനം സത്യം ജയിക്കുക തന്നെ ചെയ്യും, അല്ലെങ്കിൽ ഇൗ രാജ്യം മുടിഞ്ഞുപോകും. മുടിഞ്ഞുപോകാൻ നാം സമ്മതിക്കുകയില്ല എന്ന് വാക്കുതന്നുകൊണ്ട് വാക്കുകൾ അവസാനിപ്പിക്കുന്നു.

മീറ്റ് ദ റൈ​റ്റേഴ്സ് സെഷനിൽ കെ.പി. രാമനുണ്ണി സംസാരിക്കുന്നു

ടി.ഡി. രാമകൃഷ്ണൻ: 18 കൊല്ലം മാധ്യമം ആഴ്ചപ്പതിപ്പിന്റെ കൂടെ സഞ്ചരിക്കാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നു. എഴുത്തുകാരന്‍റെ നിലപാട് എന്തായിരിക്കണം എന്ന ചർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. നേരത്തേ സംസാരിച്ച മൂന്നുപേരും കൃത്യമായി നിലപാട് പറഞ്ഞുകഴിഞ്ഞു. ഞാൻ അതിനോട് പൂർണമായി യോജിക്കുന്ന ആളാണ്. രാജ്യം വളരെ മോശപ്പെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയതോതിൽ പോളറൈസ് ചെയ്യപ്പെടുന്ന കാലം. പുതിയ ചോദ്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ മുമ്പിലുള്ള പല ഉത്തരങ്ങളും അത്ര ശക്തമല്ലല്ലോ എന്ന ആശങ്കയും എനിക്കുണ്ട്. കാരണം 21ാം നൂറ്റാണ്ടിൽ ഫാഷിസം പഴയ രീതിശാസ്ത്രങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. നിരന്തരമായി അതിന്‍റെ തന്ത്രങ്ങളും പ്രവർത്തന പദ്ധതികളും മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. അത് പലപ്പോഴും ജനാധിപത്യത്തിന്‍റെയും വികസനത്തിന്‍റെയും ഒരുപക്ഷേ സമാധാനത്തിന്‍റെപോലും പ്രച്ഛന്നവേഷമണിഞ്ഞാണ് മുന്നിൽ വരുന്നത്. വളരെ തന്ത്രപൂർവം മനുഷ്യനെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ തമ്മിലകറ്റാനും അതിലൂടെ അധികാരത്തിന്റേതായ താൽപര്യങ്ങൾ സംരക്ഷിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ്. സ്വാഭാവികമായും എഴുത്തുകാരൻ എന്ന നിലയിൽ കൃത്യമായ നിലപാടെടുക്കാൻ ഞാനുൾപ്പെടെ ഉള്ള സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ ആ നിലപാടെടുക്കുമ്പോൾപോലും നമ്മെ ചിന്തിപ്പിക്കുന്ന കാര്യം ഉറച്ച നിലപാട് എന്ന് പറയുമ്പോൾ അതിൽ ചില പ്രശ്നങ്ങളില്ലേ എന്ന് തോന്നാറുണ്ട്. കാരണം നമുക്കെതിരെ നിൽക്കുന്ന ശത്രു അത്ര ഉറച്ച ഇടത്തിലല്ല നിൽക്കുന്നത്. നിരന്തരം തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ രീതിയിലൂടെ, പുതിയ വഴികളിലൂടെ, പുതിയ ആയുധങ്ങളിലൂടെ നമ്മെ നേരിടാനാണ് അവർ വരുന്നത്. ആ സാഹചര്യത്തിൽ നിരന്തരം നവീകരിച്ച് നാം അവരെ നേരിടാൻ ഉത്തരവാദപ്പെട്ടവരാണ്. ഒരു കണ്ടിന്യുവസ് പ്രോസസ് ഓഫ് റിജുവനേഷൻ നമ്മുടെ വായനയിലും ചിന്തയിലും എഴുത്തിലും ഒക്കെ ആവശ്യപ്പെടുന്ന കാലമാണിത്. ഇതുവരെ നമ്മുടെ കൈയിലുണ്ടായിരുന്ന ഫിലോസഫിക്കൽ പ്രതിരോധങ്ങൾ ഒന്നുംതന്നെ വേണ്ടത്ര ശക്തമായിരുന്നില്ല എന്ന് ബോധ്യപ്പെടുന്ന കാലം. ആഗോളതലത്തിൽ തീവ്ര വലതുപക്ഷ ചിന്തകൾക്കും അതിന്‍റെ ഹിംസാത്മകതക്കും പലവിധ പിന്തുണ ലഭിക്കുന്നതും അതിന്‍റെ ദുരന്തങ്ങളിലേക്ക് ഓരോ രാജ്യവും ചെന്നുവീഴുന്നത് കാണുന്ന കാലം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യുദ്ധങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായ പല ന്യായീകരണങ്ങളും ഈ യുദ്ധങ്ങൾക്ക് പിറകിലുണ്ടാകാം. ഒരു കടുത്ത മഹാമാരിക്കാലത്ത് ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും യുദ്ധം ചെയ്യാൻ മനുഷ്യർ തിരക്ക് കൂട്ടി എന്നത് നമുക്ക് ഭയപ്പാടോടുകൂടി മാത്രമേ കാണാനാകൂ. മൂന്നാം തരംഗശേഷം അൽപം ആശ്വസിക്കാമോ എന്ന് സംശയിക്കുന്ന സമയത്താണ് യുക്രെയ്നിൽനിന്നുള്ള ചീത്ത വാർത്തകൾ നമ്മളിലേക്ക് എത്തുന്നത്. യുക്രെയ്ൻ കഴിഞ്ഞാൽ മറ്റൊരു കളിക്കളമായിരിക്കാം ഹിംസയുടെ പ്രയോക്താക്കൾ അന്വേഷിക്കുന്നത്. നമ്മുടെ ഉത്തരങ്ങൾ അത്ര ലളിതമല്ല. സ്വാഭാവികമായും നമ്മുടെ നിലപാടുകൾ നിരന്തരമായി നവീകരിച്ചുകൊണ്ട് പുതിയ തന്ത്രങ്ങളെക്കുറിച്ചോ പുതിയ സാധ്യതകളേക്കുറിച്ചോ ഉള്ള അന്വേഷണത്തിലേക്കുകൂടി പോകേണ്ട കാലമാണിത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ വളരെ പരിമിതമായപങ്കേ എന്നേപ്പോലുള്ളവർക്ക് വഹിക്കാനാവൂ. ഞാൻ വിശ്വസിക്കുന്നത് എഴുത്തുകാരന്‍റെ പൊളിറ്റിക്കൽ ആക്ടിവിറ്റി എന്നത് എഴുത്തുതന്നെയാണ്. എഴുത്തിൽകൂടെതന്നെയാണ് നിലപാടുകൾ മുന്നോട്ടു വെക്കുന്നത്. മറ്റ് തരത്തിൽ നിർവഹിക്കാൻ കഴിയുന്നവർ അവരുടേതായി നിർവഹിക്കട്ടെ. പക്ഷേ എഴുത്തിന് വലിയ ശക്തിയുണ്ട്. സമൂഹത്തിന്‍റെ ചിന്തയെ സ്വാധീനിക്കാൻ സമൂഹത്തിന്‍റെ നിലപാടുകൾ നിരന്തരമായി നവീകരിക്കാൻ അതിലേക്ക് സമൂഹത്തെ എത്തിക്കാൻ ഒക്കെ കഴിയുന്ന കാര്യമാണത്. വളരെ ലളിതവത്കരിച്ച ഉത്തരങ്ങൾ മുന്നോട്ടുെവച്ചുകൊണ്ടുള്ള സമീപനമായിരിക്കരുത്, മറിച്ച് നിരന്തരമായി സംവാദങ്ങളിലൂടെ പ്രതിരോധത്തിന്‍റെ പുതിയ വഴികൾ അന്വേഷിക്കേണ്ടതുണ്ട്. ഹിറ്റ്ലറിൽനിന്നും മുസോളിനിയിൽനിന്നും മാറി ഫാഷിസം പുതിയ രൂപത്തിലാണ് നമ്മുടെ നാട്ടിലെത്തുന്നത്. സമൂഹത്തിൽ വലിയ വിഭാഗം അതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അത്രയൊന്നും ആളുകൾ പിന്തുണക്കുന്നില്ല എന്ന് പറഞ്ഞ് നമുക്ക് വേണമെങ്കിൽ ആശ്വസിക്കാം. സത്യം അതല്ല, അതുകൊണ്ടാണ് അവർ അധികാരത്തിലിരിക്കുന്നത്. ആ അധികാരത്തിൽ എത്താൻ വേണ്ടി വളരെ നീചമായ തന്ത്രങ്ങൾ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ ഏതുതരത്തിലാണ് പ്രതിരോധിക്കുക. ഏതെങ്കിലും ഭരണാധികാരിയോ ഭരണാധികാരിയെ പ്രതിനിധാനംചെയ്യുന്ന വിഭാഗമോ സംഘടനയോ രാഷ്ട്രീയ പ്രസ്ഥാനംതന്നെ ഫാഷിസത്തിന്‍റെ പ്രയോക്താക്കളാണെങ്കിൽ പ്രതിരോധിക്കാൻ കഴിയുമായിരുന്നു.

ഇന്ത്യാരാജ്യത്തെ സംബന്ധിച്ചിടത്തോളം അതിൽനിന്ന് എല്ലാംമാറി രാജ്യത്തെ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് പല അളവിൽ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ കടത്തിവിടാൻ കഴിഞ്ഞിരിക്കുന്നു. ചെറു യൂനിറ്റുകളിൽ തുടങ്ങി രാഷ്ട്രത്തിന്‍റെ സമസ്ത തലങ്ങളിലേക്കും പല രീതിയിലാണ് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കണമെങ്കിൽ സാമ്പ്രദായിക മാർഗംകൊണ്ട് എത്രകണ്ട് സാധിക്കും എന്നതിൽ വലിയ സംശയം ഉള്ളയാളാണ് ഞാൻ. ഭയപ്പാട് തന്നെ ഉണ്ട് എന്ന് പറയാം. ഭയം എന്ന് പറയുന്നത് ഒരു യാഥാർഥ്യത്തെ തിരിച്ചറിയുന്നതുകൊണ്ടാണ്. ഇത്തരം ഭരണസംവിധാനങ്ങൾ രാജ്യത്തെ ദുരന്തങ്ങളിലേക്ക് തള്ളിവിട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. ശ്രീലങ്കയുടെ സമീപകാല സാമൂഹിക യാഥാർഥ്യങ്ങൾ നിങ്ങൾ പത്രത്തിൽ വായിച്ചിട്ടുണ്ടാവും. വലിയ സാമ്പത്തിക ദുരന്തത്തിൽ ആ രാജ്യം കുടുങ്ങിക്കിടക്കുകയാണ്. ഏകാധിപത്യ സമീപനമുള്ള, ഫാഷിസ്റ്റ് സമീപനമുള്ള ഭരണകൂടം 2009ന്‍റെ അവസാനത്തിൽ വേലുപ്പിള്ള പ്രഭാകരനെ വധിച്ചശേഷം വലിയ വംശഹത്യ നടത്തി നാട്ടിൽ ശാന്തിയും സമാധാനവും സ്ഥാപിച്ചു എന്ന് അവകാശപ്പെട്ടതാണ്. പക്ഷേ ഇന്ന് അഭയാർഥികളായി നാട്ടിലെ ജനം മറ്റ് രാജ്യങ്ങൾ തേടിപ്പോവുകയാണ്, യുദ്ധംകൊണ്ടല്ല, ഭക്ഷണം കിട്ടാതെ. വെറും ഗുരുതര സാമ്പത്തിക പ്രശ്നം മാത്രമല്ല അതിന് പിറകിൽ. രാഷ്ട്രീയ പ്രതിസന്ധികൂടി പിറകിലുണ്ട്. അതിന് തുടർച്ചയായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇവ. നമ്മുടെ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന്‍റെ മറ്റൊരു മുഖത്തിന് കാണുന്ന വലിയ തിരിച്ചടിയാണ് നാം കാണുന്നത്. അവിടെ തിരിച്ചടി ഏൽക്കേണ്ടിവരുന്നത് അവിടത്തെ ഭരണാധിപന്മാർക്കോ അവരെ അനുകൂലിക്കുന്ന ആൾക്കാർക്കോ മാത്രമല്ല, ആ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കുമാണ്. ഇതൊക്കെ നമ്മുടെ മുന്നിൽ പാഠമായി നിലനിൽക്കുന്നുണ്ട്. ഇങ്ങെന നമുക്ക് ചുറ്റിലും സംഭവിക്കുന്ന യാഥാർഥ്യങ്ങളെ വളരെ സൂക്ഷ്മമായി പഠിച്ചുകൊണ്ട് സ്വയം നവീകരിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാനാകൂ. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ധ്രുവീകരണം നടത്തി വെറുപ്പിന്‍റെ വ്യാപാരികളായി മാറിയ ഭരണസംവിധാനം നിലനിൽക്കുകയാണ്. അതിന് എതിരെ പരസ്പരവിശ്വാസത്തിനെയും മനുഷ്യസ്േനഹത്തിനെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഞാൻ റെയിൽവേ ജീവനക്കാരനായി തമിഴ്നാട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന 80കളിലും 90കളിലും തുടക്കംവരെയുള്ള കാലത്ത് ചില പ്രസംഗങ്ങളിൽ സൂചിപ്പിക്കാറുണ്ടായിരുന്നു- ''ഞങ്ങൾക്ക് ജാതിമത വ്യത്യാസമുണ്ടാകാം. പക്ഷേ ജാതിയുടെ പേരിൽ വയലൻസ് ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുപറയാം'' എന്ന്. പക്ഷേ ഇന്ന് അങ്ങെന പറയാൻ പറ്റുമോ എന്നതിൽ സംശയമാണ്. നമ്മുടെ സമൂഹത്തിലേക്ക് ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള പരസ്പര സ്പർധ വലിയ തോതിൽ കടന്നുവരുന്ന കാലമാണ്. ഞാൻ ദീർഘിപ്പിക്കുന്നില്ല. ഹിംസ ഒരുതരത്തിലും പരിഹാരമല്ല. ഹിംസക്കെതിരെ, എല്ലാ വയലൻസിനും എതിരെ നമ്മുടെ മണ്ണിൽ ഒരു തുള്ളി ചോര വീഴാൻ അനുവദിക്കാതെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട കാലമാണ്; അത് എഴുത്തുകാരനായാലും വായനക്കാരനായാലും, അത് ജീവിച്ചിരിക്കുന്ന വ്യക്തിയായാലും. അതിന് എല്ലാവർക്കും കഴിയണം എന്ന് മാത്രം അഭ്യർഥിച്ചുകൊണ്ട് എന്‍റെ വാക്കുകൾ നിർത്തുന്നു.

വി.ആർ. സുധീഷ്: എഴുത്തുകാരന്‍റെ എഴുത്തുതന്നെയാണ് നിലപാടുകൾ. എഴുത്തുകാരൻ പിന്നീട് എങ്ങനെ മാറിയാലും മനസ്സുകൊണ്ട്, ജീവിതംകൊണ്ട് വിനിമയംകൊണ്ട് എങ്ങെന മാറിയാലും എഴുത്തുകാരന്‍റെ എഴുത്ത് അവിടെത്തന്നെയുണ്ടാകും. അതൊരു ചരിത്ര സ്മാരകമായി നിലനിൽക്കും. വളരെ വിവിധമായ ഭാവുകത്വം നിലനിൽക്കുന്ന കാലഘട്ടമാണിത്. വായനക്കാരിലും എഴുത്തുകാരിലും. ഞാൻ തോന്നിയപോലെ എഴുതുന്നു എന്ന് പറയുന്ന എഴുത്തുകാരെ ഇന്ന് കാണുന്നുണ്ട്. പലമട്ടിലുള്ള പുസ്തകങ്ങൾ വായിക്കുന്ന വായനക്കാരുമുണ്ട്. ക്രൈം നോവലുകൾ ഇപ്പോൾ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. നല്ല വിൽപനയാണ് അവർക്ക്. എഴുതാൻ ഒരുപാട് പേരുണ്ട്. മാസത്തിനുള്ളിൽ നാല് പതിപ്പുകളൊക്കെ ഇറങ്ങുന്നു. റൊമാന്‍റിക് നോവലുകൾ, ക്രൈം നോവലുകൾ, ഫിക്ഷൻ നോവലുകൾ എന്നിവയൊക്കെ നന്നായി വിറ്റുപോകുന്നു. പല മട്ടിലുള്ള എഴുത്തുകാർ, പല മട്ടിലുള്ള വായനസമൂഹം. ഇതാണ് വർത്തമാനകാല ഭാവുകത്വത്തിന്‍റെ രീതി. നാം കഥയെഴുതിയാലും നോവലെഴുതിയാലും കവിത എഴുതിയാലും അതിലൊക്കെ മനുഷ്യരുണ്ട്. ഈ മനുഷ്യർ പ്രതിരൂപങ്ങളാണ്. ചിലപ്പോൾ എഴുത്തുകാരന്‍റെ ആകും. ഈ പ്രതിരൂപങ്ങളിലേറെയും അറിയുന്ന, കാണുന്ന ആളുകളുടെ പ്രതിരൂപങ്ങളാണ്. ആ പ്രതിരൂപങ്ങളായ മനുഷ്യരാണ് നിലപാട് അറിയിക്കുന്നത്. തന്‍റെ ജീവിതനയം വെളിപ്പെടുത്തുന്നത്. എഴുത്തുകാരനല്ല അയാളുടെ നിലപാടറിയിക്കുന്ന കഥാപാത്രങ്ങളാണ് പ്രധാനം. ഈ കാലത്തെ പ്രതിരോധിക്കാനും കാലത്തെ പ്രതിഫലിപ്പിക്കാനും വേണ്ടിയാണ് എഴുത്തുകാരൻ എഴുതുന്നത്. എന്തിന് എഴുതുന്നു എന്നതിന് ആ ഒരൊറ്റ ഉത്തരമേയുള്ളൂ. ഞാൻ അതിൽ ആനന്ദം അനുഭവിക്കുന്നു. ഞാൻ അതിൽ മാതൃഭാഷ ഉപയോഗിക്കുന്നു. ഭാഷയുടെ സാധ്യതകളെ ഉപയോഗിക്കുന്നു. ഭാഷയിൽ പുതിയ സൗന്ദര്യശാസ്ത്രം നൽകാൻ ശ്രമിക്കുന്നു. അങ്ങനെ ഭാഷയെ വളർത്താൻകൂടി ശ്രമിക്കുന്നു. അക്ഷരമാല ഇറങ്ങിപ്പോയിട്ട് കാലം ഒരുപാടായി. അത് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ എന്നറിഞ്ഞുകൂടാ. നമുക്ക് നമ്മുടെ ഭാഷയെ നവീകരിച്ച് കൊടുക്കണം, വായിക്കുന്നവർക്കായി. അതിന്‍റെ സൗന്ദര്യശാസ്ത്രം എന്താണെന്ന് അറിയിച്ച് കൊടുക്കണം. അതൊക്കെ എഴുത്തുകാരന്‍റെ ദൗത്യമാണ്. അത് എഴുത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. നമ്മുടെ നിലപാട്, ഭാഷയുടെ സൗന്ദര്യം, മനുഷ്യന്‍റെ പ്രതിരൂപം, കാലത്തോടുള്ള പ്രതിരോധം, കാലത്തോടുള്ള പ്രത്യാക്രമണം ഇതൊക്കെയാണ് എഴുത്തിലൂടെ സാധിക്കുന്നത്. ഇത് സൂക്ഷ്മത്തിൽ ചെയ്യുമ്പോഴാണ് കലയുടെ സൗന്ദര്യം ഉണ്ടാകുന്നത്. അത് സ്ഥൂലതയിൽ ചെയ്യുമ്പോൾ കലയുടെ സൗന്ദര്യം നശിച്ചുപോകും. നിലപാട് പ്രത്യക്ഷത്തിൽ വിളിച്ചുപറയുമ്പോൾ എഴുത്തിൽ സൗന്ദര്യം ഇല്ലാതാകും. അതുംകൂടി നാം നോക്കേണ്ടതുണ്ട്. അതുകൊണ്ട് എഴുത്തുകാരന്‍റെ എഴുത്താണ്, എഴുത്തിൽ കടന്നുവരുന്ന മനുഷ്യരുടെ പ്രതിരൂപങ്ങളാണ്, അവരുടെ വിനിമയങ്ങളാണ് തിരിച്ചറിയേണ്ടത്. ആ ധീരമായ നിലപാടുകളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ആരാണ് ലോകത്തോടും മനുഷ്യരാശിയോടും സമഭാവത്തോടെ നിലകൊള്ളുന്നത് എന്നത് തിരിച്ചറിയാൻ സാധിക്കും. 25ാം വർഷത്തിലേക്കെത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ ഒരുപാട് കഥകൾ അച്ചടിച്ച് വന്നിട്ടുണ്ട്. 'മാധ്യമ'ത്തിന്‍റെ പ്രവർത്തകരോട് നന്ദിപറയുന്നു.

മീറ്റ് ദ റൈറ്റേഴ്സ് സെഷനിൽ പ്രശസ്ത പത്രപ്രവർത്തകൻ സഈദ് നഖ്‍വി 'മുസ്‍ലിം വാനിഷസ്' എന്ന പുസ്തകം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന് നൽകി പ്രകാശനം ചെയ്യുന്നു. എഴുത്തുകാരായ വി.ആർ. സുധീഷ്, ടി.ഡി. രാമകൃഷ്ണൻ, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ സമീപം

ശിഹാബുദ്ദീൻ പൊയ്തുംകടവ്:  കേരളത്തിലെ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാനപ്പെട്ട റോൾ വഹിച്ച ഒരു ആഴ്ചപ്പതിപ്പിന്‍റെ 25ാം വാർഷികമാണ് ഇവിടെ ആഘോഷിക്കുന്നത്. ഈ കാലയളവിൽ 'മാധ്യമ'ത്തിൽ വന്ന പരമ്പരകൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ ഇവയൊക്കെ ഒരുമിച്ച് ഓർമയിൽ വരുകയാണ്. പെെട്ടന്ന് ഓർമയിൽ വരുന്നത് വിവിധ ആളുകൾ എഴുതിയ ആത്മകഥാംശമുള്ള ഓർമക്കുറിപ്പുകളാണ്. നക്സൽ വർഗീസ് കൊലയുടെ പിന്നിലെ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ ഓർമക്കുറിപ്പുകൾ, വലിയ വെളിപ്പെടുത്തലുകൾ 'മാധ്യമ'ത്തിൽ വന്നിട്ടുണ്ട്. ബാബു ഭരദ്വാജിെന്റ 'പ്രവാസിക്കുറിപ്പുകൾ' പ്രത്യേകം ഓർക്കേണ്ട ഒന്നാണ്. ശരിക്കും ഗൾഫ് പ്രവാസിയെക്കുറിച്ചുള്ള ആലോചന സാഹിത്യത്തിൽ ആരംഭിക്കുന്നത് അവിടെ വെച്ചാണ്. അതുപോലെ വന്നുകൊണ്ടിരുന്ന ബി.ആർ.പി. ഭാസ്കറിന്‍റെ 'ന്യൂസ് റൂം' വളരെ വായനക്ഷമതയുള്ള കാത്തിരിപ്പിക്കുന്ന ഒന്നാണ്. അങ്ങനെ ഒരുപാട് പറയാനുണ്ട്. ഇതൊക്കെ വെറും ഓർമിപ്പിക്കൽ മാത്രമല്ല. വർത്തമാനകാലത്തിൽ പലതും ഉണർത്തുന്നുമുണ്ട്. ബി.ആർ.പിയുടെ കുറിപ്പിൽ, വാജ്പേയിയുമൊത്ത് ചേരിചേരാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയതാണ്, ഭക്ഷണം കഴിക്കുന്നതിനിടെ ബീഫ് കഴിക്കുന്നത് കണ്ടപ്പോൾ ചിരിച്ചുകൊണ്ട് വാജ്പേയി പറയുകയാണ്, ഇത് ഇന്ത്യൻ ബീഫല്ലല്ലോ എന്ന്. വളരെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലാണിത്. വിഭാഗീയതയും വംശീയതയും വർഗീയതയും വാരിക്കോരി നൽകുമ്പോഴും അവർ രാജകീയമായി ജീവിക്കുന്നുണ്ട്. അവരുടെ ഒന്നാംകിട നേതാക്കന്മാരുടെ വീടുകളിൽ ലവ്ജിഹാദൊന്നുമില്ല. മുന്തിയ ഹോട്ടലുകളിൽ വിവാഹ വാർഷികങ്ങളിൽ മുന്തിയ ബീഫ് കഴിക്കുന്നവരാണ് അവർ. ഇരുണ്ട കാലത്തിലെ ചില ഓർമപ്പെടുത്തലുകളിലേക്കാണ് ബി.ആർ.പി. ഭാസ്കർ ക്ഷണിക്കുന്നത്. 'തസ്കരന്‍റെ ഓർമക്കുറിപ്പുകളി'ലൂടെ കള്ളന്മാർക്കും ഓർമകളുണ്ട് എന്നറിയിപ്പിച്ചതാണ്. അത് എഴുതിയ മണിയൻ പിള്ള പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ മോഷണക്കുറ്റത്തിന് അറസ്റ്റിലായതും വാർത്തയായിരുന്നു. പരമ്പര നിർത്തുകയും ചെയ്തു. ഇത് പിന്നീട് പുസ്തകരൂപത്തിൽ വന്നു. കഥയെഴുതുന്ന ആളുകൾ എന്ന രീതിയിൽ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങളെന്ത് എന്നുള്ളതുകൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഭാവനയുമായുള്ള മത്സരം എന്നതാണ്. യഥാർഥ ഭാവന എന്ന് പറയുന്നത് മല്ലടിക്കാൻ പറ്റാത്ത വിധത്തിൽ ചീഞ്ഞ രാഷ്ട്രീയത്തിലെ കളവുകളാണ്. കളവിന്‍റെ ഭാവന നാം അന്തംവിട്ടുപോകും. അതിൽ കാലിക സങ്കൽപങ്ങൾപോലും അട്ടിമറിക്കപ്പെടുന്നു. ഗാന്ധി ദണ്ഡിസമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വടിപിടിച്ചു മുന്നോട്ട് നയിക്കുന്ന കുട്ടി ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ് എന്ന തരത്തിൽ കൂടി പ്രചാരണം വന്നിരിക്കുന്നു. ഇത്തരം കളവുകൾക്കും യാഥാർഥ്യത്തിനും ഇടയിൽ അതിരുകൾ വിട്ടുപോവുമ്പോൾ കഥയെഴുത്തുകാരൻ എന്ത് ചെയ്യും. അവരുടെ ഭാവനയെപ്പോലും വെല്ലുവിളിക്കുകയാണ് ഇത്തരക്കാരുടെ കളവുകൾ. ഇങ്ങനെ കാർട്ടൂണുകളെയും കഥകളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു വലിയ വെല്ലുവിളി സർഗാത്മക എഴുത്തുകാരന്‍റെ മുന്നിൽ നിലനിൽക്കുന്നുണ്ട്. കാരണം ഭാവനക്ക് അതീതമായ കളവുകൾ ഇന്ത്യയിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരുതരം ഭയം എഴുത്തുകാരിൽ സംജാതമായ കാലമാണിതെന്നതിൽ സംശയമില്ല. ഒരുതരം ഭയം എഴുത്തുകാരിലുണ്ട്. അവരുടെ ഭാവനക്ക് മേൽ ഭയം നിഴലിക്കുന്നുണ്ട്. അതിന് ചേരുംവിധം സാമൂഹിക - രാഷ്ട്രീയ കാലാവസ്ഥ ഇന്നുണ്ട്. 


Tags:    
News Summary - madhyamam weekly silver jubilee meet the writers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-10-08 08:28 GMT