ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ
‘അയാൾ കഥയെഴുതുകയാണ്’ (1998) എന്ന ചിത്രത്തിൽ കൈതപ്രം എഴുതി രവീന്ദ്രൻ ഈണം നൽകി യേശുദാസ്, മനോ എന്നിവർ പാടിയ ഈ ഗാനം ശ്രവിച്ചവരിൽ ചിലരെങ്കിലും ‘ആകാശത്താമര’ എന്താണെന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടായിരിക്കും. കഥകളിലും കവിതകളിലും മാത്രമുള്ള സസ്യമാണോ എന്നും സംശയിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ, ഇത് ആകാശത്തു വളരുന്നതല്ല; താമരയുമല്ല! നമ്മുടെ നാട്ടിൽതന്നെ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണെന്ന് എത്രപേർക്കറിയാം?
ഉഷ്ണമേഖലയിലും മിതോഷ്ണ മേഖലയിലും കാണപ്പെടുന്ന ജലസസ്യമാണിത്. കേരളത്തിലെ ജലാശയങ്ങളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളിലും വ്യാപകമായി വളരുന്നു. ആഫ്രിക്കൻ പായലുപോലെയോ കുളവാഴ പോലെയോ പലപ്പോഴും ശല്യക്കാരായും ഇത് മാറാറുണ്ട്.
ജലോപരിതലത്തിൽ, പ്രത്യേക കാണ്ഡമില്ലാതെ ഇലയും വേരുമായി ഇവ വളരുന്നു. കട്ടിയുള്ള, മൃദുവായ, മൃദുരോമിലങ്ങളായ ഇലകൾ താമരയിതളുകൾപോലെ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇലകൾക്ക് 2-10 സെ. മീറ്റർ നീളവും 1-4 സെ. മീറ്റർ വീതിയും കാണും. പച്ചനിറത്തിലുള്ള താമരപോലെ തോന്നിക്കുന്നതിനാൽ പച്ചത്താമരയെന്നും പേരുണ്ട്.
ഒക്ടോബർ-മേയ് മാസങ്ങളാണ് പൂക്കാലം. ക്രീം നിറത്തിലോ വെള്ളനിറത്തിലോ കാണപ്പെടുന്ന പൂക്കൾ ചെറുതാണ്. ഇലപോലുള്ള കൊതുമ്പിനുള്ളിൽ ഒന്നര സെന്റിമീറ്റർ മാത്രം വലുപ്പമുള്ള പൂക്കൾ പെട്ടെന്ന് കണ്ണിൽപ്പെടില്ല. ആൺപൂക്കളും പെൺപൂക്കളും നേർത്ത പാളികൾകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നു. ആൺപൂക്കളുടെ കേസരങ്ങൾ സംയുക്ത കേസരപിണ്ഡമായി (synandrum) കാണപ്പെടുന്നു. അണ്ഡാകാരത്തിൽ, ഞെട്ടുഭാഗം വലുപ്പം കൂടി, സ്പോഞ്ചുപോലെയാണ് ഫലം. ഫലത്തിന് അഞ്ചു സെന്റിമീറ്ററോളം വ്യാസമുണ്ടായിരിക്കും. ഇതിൽ ധാരാളം ചെറിയ വിത്തുകൾ കാണപ്പെടുന്നു.
അങ്ങില്ലാപ്പൊങ്ങ്, അല്ലി, കുടപ്പായൽ, നീർച്ചീര, പച്ചത്താമര, മുട്ടപ്പായൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Pistia stratiotes എന്നാണ്. ചേമ്പും ചേനയും താളും മണിപ്ലാന്റും ഉൾപ്പെടുന്ന അരേസിയേ (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.
Nile Cabbage, St. Lucy’s Plant, Tropical Duckweed, Water Bonnets, Water lettuce എന്നിവയാണ് ഇംഗ്ലീഷ് പേരുകൾ.
സംസ്കൃതത്തിൽ ജലകുംഭി, ജലവൽക്കലഃ, വാരിമൂലി, വാരിപർണി എന്നീ പേരുകളുമുണ്ട്.
ജലത്തെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമാണ് Pistia എന്ന ജനുസ്സ് നാമം. സേനാനി (soldier) എന്നാണ് സ്പീഷീസ് നാമത്തിനർഥം. പട്ടാളക്കാരെ വിന്യസിച്ചിരിക്കുന്നതുപോലെ കൂട്ടംകൂട്ടമായി കാണപ്പെടുന്നതിനാലായിരിക്കണം ഈ പേര്. ഈ ജനുസ്സിൽപ്പെടുന്ന ഒരു സ്പീഷീസ് മാത്രമേ ലോകത്തിലുള്ളൂ.
ക്രിസ്തുവിനു മുമ്പ് പന്ത്രണ്ടായിരം വർഷം മുമ്പുതന്നെ ഈ ജലസസ്യം നിലനിന്നിരുന്നതായി ഇതു സംബന്ധിച്ചു നടന്ന ഫോസിൽ പഠനങ്ങൾ വ്യക്തമാക്കുന്നു.
പണ്ടുകാലം മുതൽക്കു തന്നെ ഇത് ഔഷധമായി ഉപയോഗിച്ചു വന്നിരുന്നു.
ഇലയും വേരും വിത്തും ഔഷധ യോഗ്യങ്ങളാണ്.
ചെടി സമൂലം കത്തിച്ച ചാരം തലയോട്ടിയിൽ ഉണ്ടാകുന്ന പുഴുക്കടിക്കും ശരീരത്തിലുണ്ടാകുന്ന വട്ടച്ചൊറിക്കും തിരുമ്മുവാൻ നല്ലതാണ്. പനി, അതിസാരം എന്നിവയുടെ ചികിത്സയിലും ഉപയോഗിച്ചിരുന്നു.
1692ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന കൃതിയുടെ പതിനൊന്നാം വാള്യത്തിൽ ‘കൊടപ്പായൽ’ എന്ന പേരിൽ ഈ സസ്യത്തെ വിവരിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നു: “ഇലകൾ പൊടിച്ച് ചോറും തേങ്ങാപ്പാലും ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിനു പ്രതിവിധിയാണ്. പനിനീരും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് കഠിനമായ ചുമക്കും ഹീമോഫീലിയക്കും പ്രതിവിധിയാണ്. വേര് ജീരകവും പശുവിൻപാലും ചേർത്ത് കഴിച്ചാൽ മലബന്ധത്തിൽനിന്ന് മോചനം ലഭിക്കും. വയറിന്റെ അടിഭാഗത്തെയും നാഭിക്കുള്ളിലെയും വേദന ശമിക്കുവാനും ഇത് ഉപയോഗിക്കാം. ഇത് പുൽത്തൈലവും ചൂടുവെള്ളവും കൂട്ടി ഉപയോഗിച്ചാലും ഇതേ ഫലം കിട്ടും.”
മന്തുരോഗത്തിനു കാരണമാകുന്ന ‘Mansonia’ ജനുസ്സിൽപെട്ട കൊതുകുകളുടെ പ്രജനനത്തിന് ഏറെ അനുയോജ്യമായ ഒരു സസ്യമാണിതെന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഇലകളിലാണ് ഈ കൊതുകുകൾ മുട്ടയിടുന്നത്.
ഭക്ഷ്യയോഗ്യമായ ഇതിന്റെ ഇലകൾ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്രരായ ആളുകൾ ക്ഷാമകാലത്ത് വേവിച്ചു കഴിച്ചിരുന്നു.
ആളുകൾ പലപ്പോഴും ഇതിനെ ആഫ്രിക്കൻ പായലായോ കുളവാഴയായോ തെറ്റിദ്ധരിക്കാറുണ്ട്.
ഉദ്യാനക്കുളങ്ങളിൽ (garden ponds) വളർത്താറുള്ള ഒരു ജലസസ്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.