ഇലവ്

വീട്ടിനടുത്തുള്ള കാവിലെ തെയ്യക്കാലത്താണ് ഇലവ് പൂത്തിരുന്നത്. ചെറിയ മുടിയുള്ള പല തെയ്യങ്ങളുടെയും ഉടയാടകളിൽ ഇടത്തും വലത്തുമായി തൂങ്ങിക്കിടന്നിരുന്ന മണിയുടെ ആകൃതിയിലുള്ള തൊങ്ങലുകൾ ഇലവിൻ പൂക്കൾക്ക് സദൃശമായിരുന്നു. കാവിലെ തെയ്യം കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ കുട്ടികളുടെ വക ‘തെയ്യംകെട്ടിക്കളി’യുണ്ട്. പഴയ ഇരുമ്പുതൊട്ടികൾ ചെണ്ടകളായും കുരുത്തോലകൾ ഉടയാടകളായും മാറും. ഇലവിൻ പൂക്കൾ തൂങ്ങിയാടുന്ന മണിത്തൊങ്ങലുകളായും മാറും. കൊഴിഞ്ഞുവീഴുന്ന ഇലവിൻ പൂമൊട്ടുകളുടെ ഞെട്ടിന്റെ സ്ഥാനത്ത് തീപ്പെട്ടിക്കൊള്ളികളുടെ കഷണങ്ങൾ കുത്തിയിറക്കി അത്യുഗ്രൻ തിരിക്കിട്ടം (പമ്പരം)...

വീട്ടിനടുത്തുള്ള കാവിലെ തെയ്യക്കാലത്താണ് ഇലവ് പൂത്തിരുന്നത്. ചെറിയ മുടിയുള്ള പല തെയ്യങ്ങളുടെയും ഉടയാടകളിൽ ഇടത്തും വലത്തുമായി തൂങ്ങിക്കിടന്നിരുന്ന മണിയുടെ ആകൃതിയിലുള്ള തൊങ്ങലുകൾ ഇലവിൻ പൂക്കൾക്ക് സദൃശമായിരുന്നു. കാവിലെ തെയ്യം കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ കുട്ടികളുടെ വക ‘തെയ്യംകെട്ടിക്കളി’യുണ്ട്. പഴയ ഇരുമ്പുതൊട്ടികൾ ചെണ്ടകളായും കുരുത്തോലകൾ ഉടയാടകളായും മാറും. ഇലവിൻ പൂക്കൾ തൂങ്ങിയാടുന്ന മണിത്തൊങ്ങലുകളായും മാറും. കൊഴിഞ്ഞുവീഴുന്ന ഇലവിൻ പൂമൊട്ടുകളുടെ ഞെട്ടിന്റെ സ്ഥാനത്ത് തീപ്പെട്ടിക്കൊള്ളികളുടെ കഷണങ്ങൾ കുത്തിയിറക്കി അത്യുഗ്രൻ തിരിക്കിട്ടം (പമ്പരം) ഉണ്ടാക്കുമായിരുന്നു.

പാകമെത്തിയ ഇലവിൻകായുടെ (ഉന്നക്കായയുടെ) രൂപത്തിലുള്ള ഒരുതരം മധുരപലഹാരം തലശ്ശേരിയിൽ ഉന്നക്കായ എന്ന പേരിൽ ഏറെ പേരുകേട്ടതാണ്. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ന്യൂ ഗിനിയിലും കാണപ്പെടുന്ന വലിയ വൃക്ഷമാണ് ഇലവ്. കേരളത്തിലെ അർധ നിത്യഹരിത വനങ്ങളിലും ആർദ്ര ഇലകൊഴിയും വനങ്ങളിലും സമതലങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു.

45 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇലപൊഴിക്കും മരം. ദീർഘായുസ്സുള്ള മരങ്ങളിലൊന്നാണിത്. ഈ വൃക്ഷത്തിന്റെ തായ്ത്തടി നീണ്ടുനിവർന്നതാണ്. ശാഖകൾ തിരശ്ചീനമായിട്ടാണ് കാണപ്പെടുന്നത്. തടിയിലും ശാഖകളിലും കോണാകൃതിയുള്ള മുള്ളുകളുണ്ട്. തൊലിക്ക് ചാരനിറം കലർന്ന തവിട്ടുനിറം. ഹസ്താകാര സംയുക്തപത്രങ്ങൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. 5-7 സഹപത്രകങ്ങൾ കാണും. പത്രകങ്ങൾക്ക് 10-20 സെ. മീറ്റർ നീളവും 2-6 സെ. മീറ്റർ വീതിയുമുണ്ടായിരിക്കും. പത്രവൃന്തത്തിനു 14-25 മി.മീറ്റർ നീളം. ചെറിയ അനുപർണങ്ങളുമുണ്ട്. ആറു വർഷമെങ്കിലും പ്രായമായാലാണ് പൂക്കുന്നത്.

ജനുവരി-ഏപ്രിൽ മാസങ്ങളാണ് പൂക്കാലം. പൂക്കുന്നതിനു മുമ്പായി ഇലകൾ കൊഴിക്കുന്നു. ഇലകൾ കൊഴിഞ്ഞ ചെറുശിഖരങ്ങളുടെ അറ്റത്ത് ഒറ്റയായോ കൂട്ടമായോ ആണ് പൂക്കൾ ഉണ്ടാകുന്നത്. മാംസളമായ പൂക്കൾക്ക് അഞ്ചു ദളങ്ങളും അഞ്ചു വിദളങ്ങളും ഉണ്ട്. ദളങ്ങൾക്ക് കടും ചുകപ്പു നിറം. പുഷ്പവൃന്തത്തിന് 1-2 സെ. മീറ്റർ നീളമുണ്ടാകും. ദ്വിലിംഗപുഷ്പങ്ങൾ. 10-12 സെ. മീറ്റർ വ്യാസമുണ്ടാകും. പൂവിന്റെ മധ്യഭാഗത്ത് ഇടതിങ്ങിനിൽക്കുന്ന കേസരങ്ങൾ 65-80 എണ്ണമുണ്ടാകും. അഞ്ച് കറ്റകളായിട്ടാണ് ഇവ അടുക്കിവെച്ചിരിക്കപ്പെട്ടിരിക്കുന്നത്. കേസരങ്ങൾക്ക് 3-7.5 സെ. മീറ്റർ നീളമുണ്ടാകും. വർത്തികയ്ക്ക് (stigma) കേസരങ്ങളേക്കാൾ നീളമുണ്ടായിരിക്കും.

അണ്ഡാശയത്തിനു അഞ്ച് അറകൾ. കായ്കൾക്ക് 8-10 സെ. മീറ്റർ നീളവും 4-5 സെ. മീറ്റർ വണ്ണവുമുണ്ട്. പച്ചനിറമുള്ള പുറംതൊലി ഉണങ്ങുന്നതോടെ ഇരുണ്ടനിറമുള്ളതായിത്തീരുന്നു. പാകമെത്തിയ ഉന്നക്കായയുടെ രൂപത്തിലുള്ള ഒരുതരം മധുരപലഹാരം തലശ്ശേരിയിൽ ഏറെ പേരുകേട്ടതാണ്. ധാരാളം ഉരുണ്ട വിത്തുകൾ പഞ്ഞിയിൽ പൊതിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. കായ് പൊട്ടിപ്പിളരുമ്പോൾ ഇവ കാറ്റിൽ പാറിപ്പറന്ന് അകലെെയത്തുന്നു.

ഉന്നമുരിക്ക്, പൂള, മുള്ളിലവ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇലവിന്റെ ശാസ്ത്രീയനാമം Bombax ceiba എന്നാണ്. പട്ട് (silk) എന്നർഥം വരുന്ന ‘bombyx’ എന്ന ഗ്രീക് പദത്തിൽനിന്നാണ് ജനുസ്സ് നാമം സ്വീകരിച്ചിരിക്കുന്നത്. തെക്കെ അമേരിക്കയിൽ ഈ മരത്തിനു പറയുന്ന പേരാണ് സ്പീഷീസ് നാമമായി നൽകിയിരിക്കുന്നത്.

മുമ്പ് Bombacaceae സസ്യകുടുംബത്തിൽ ഉണ്ടായിരുന്ന ഈ വൃക്ഷത്തെ ഇപ്പോൾ ചെമ്പരത്തിയും വെണ്ടയും ഉൾപ്പെടുന്ന Malvaceae സസ്യകുടുംബത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇംഗ്ലീഷിൽ Red Silk cotton Tree എന്നാണ് പേര്.

മോചാ, ശാൽമലി, അപൂരണി, യമദ്രുമം, രക്തപുഷ്പ എന്നിവയാണ് സംസ്കൃത നാമങ്ങൾ.

ഇതിന്റെ തൊലി, പശ, പൂവ്, ഇല, വേര്, വിത്ത് എന്നിവ ഔഷധയോഗ്യങ്ങളാണ്.

അതിസാരം, പകർച്ചപ്പനി, ചുട്ടുനീറ്റൽ, രക്തദോഷം, മൂത്രതടസ്സം, രക്തപിത്തം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

1682ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാള്യത്തിൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മരത്തൊലി പൊടിച്ച് നാരങ്ങാനീരും ചേർത്ത് കുഴമ്പാക്കി തേച്ചാൽ നീരു വറ്റും. ഒടിഞ്ഞ എല്ല് കൂട്ടിച്ചേർക്കാനും ഇത് തേച്ച് ഉപയോഗിക്കാം. എണ്ണയിൽ ചേർത്ത് തേച്ചാൽ ഹെർപ്പസ് എന്ന ചർമരോഗം സുഖപ്പെടും. പൂവിന്റെ അടിയിൽനിന്ന് ശേഖരിക്കുന്ന മധുരമുള്ള ദ്രാവകം വാളൻ പുളിയിലയുമായി ചേർത്ത് കഴിച്ചാൽ വയറും മൂത്രസഞ്ചിയും വേഗം ഒഴിയിക്കാനാവും.”

5000 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട രാമായണത്തിൽ ഈ വൃക്ഷത്തെക്കുറിച്ച് പരാമർശമുണ്ട്.

കിടക്ക, തലയിണ എന്നിവ നിറക്കുന്നതിന് ഇതിന്റെ പഞ്ഞി ഉപയോഗിച്ചുവരുന്നു. തടി തീപ്പെട്ടി, പാക്കിങ്പെട്ടി എന്നിവ നിർമിക്കാനും ഉപയോഗിക്കുന്നു.

ഇതിന്റെ തൊലി ചതച്ചെടുക്കുന്ന പശ ചുമർ തേക്കാനുള്ള കുമ്മായക്കൂട്ട് പാകപ്പെടുത്തിയെടുക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ, തീപ്പെട്ടി നിർമാണത്തിനായും വൻതോതിൽ ഉപയോഗിച്ചിരുന്നു. നാട്ടിൻപുറങ്ങളിൽ ഈ വൃക്ഷത്തിന്റെ എണ്ണം കുറയുന്നതിന് ഇതും കാരണമായിട്ടുണ്ടാകാം.

മൈന, തേൻകിളികൾ, കുട്ടുറുവൻ, ചാരത്തലക്കാളി, മഞ്ഞക്കിളി, അയോറ തുടങ്ങിയ പക്ഷികൾ പൂത്തുനിൽക്കുന്ന ഇലവുമരത്തിൽ സദാസമയവും നിന്ന് തേൻ നുകരുന്നത് കാണാം.

ചെറുപുള്ളി പൊന്തച്ചുറ്റൻ, പൊന്തച്ചുറ്റൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യമാണ്. കൂടാതെ മാരമ്പൻ- Dull Swirled Hawkmoth (Marumba dyras) പാലമുണ്ടി (Parotis marginata) Tyspanodes linealis,Tonica niviferana, ധ്രുവതാര- Cotton Looper (Anomis flava ), Eupterote undata തലകോൽക്കാരൻ (Hyposidra talaca), Carea angulata, Trypanophora semihyalina, Calliteara horsfieldii (Saunders, 1851), Biston suppressaria, ചിത്രശില (Ectropis bhurmitra, Chadisra bipars) എന്നീ നിശാശലഭങ്ങളുടെ ലാർവകളും ഇലവ് ആഹരിച്ച് വളരുന്നവയാണ്.

Tags:    
News Summary - flora in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-16 05:00 GMT
access_time 2026-02-09 04:45 GMT