“കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും
കണ്ണാടിനോക്കും ചോലയിൽ...”
(അനുഭവം -1985- എന്ന സിനിമയിൽ ബിച്ചു തിരുമല എഴുതിയ ഗാനം)
കവിതകളിലും ഗാനങ്ങളിലും കഥകളിലും കണ്ണാന്തളിയെന്ന പേര് പലർക്കും പരിചിതമാണ്.
ഉത്തര മലബാറിലെ കുന്നുകളിൽ പലതും മേൽഭാഗം പരന്നതും വിശാലവുമാണ്. ഇവയെ പാറപ്പരപ്പുകൾ എന്നും വിളിച്ചുവരുന്നു. ഓണക്കാലത്ത് ഈ പ്രദേശങ്ങളിലെ കുന്നുകൾ പൂക്കൾകൊണ്ട് നിറഞ്ഞിരിക്കും. കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും ചൂതും പാറനീലിയും ഇവിടെ അതിമനോഹരങ്ങളായ പൂക്കളമൊരുക്കിയിട്ടുണ്ടാകും. ഇക്കാലത്ത് കണ്ണാന്തളിപ്പൂക്കൾ കണ്മിഴിച്ചിരിക്കും. കുന്നിൻ ചരിവുകളിലുള്ള പുൽമേടുകളിൽ, പോഷകമുള്ള കറുത്ത മണ്ണുള്ള കൊച്ചു കൊച്ചു തുരുത്തുകളിലാണ് അവ തലയുയർത്തി നിൽക്കുക. ഇവ അതിമനോഹരങ്ങളായ ഓർക്കിഡ് പൂക്കളെ ഓർമിപ്പിക്കും.
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ സഹ്യാദ്രി വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻചരിവുകളിലുമാണ് കണ്ണാന്തളിപ്പൂക്കൾ കാണാൻ കഴിയുക. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽക്കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഈ ചെടി തെക്കേ ഇന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണ്. ഇടവപ്പാതിയോടെ മുളപൊട്ടുന്ന കണ്ണാന്തളിയുടെ തണ്ടുകൾ ചതുരാകൃതിയിലാണ്. അൽപം നീണ്ടതും മൂന്ന് ഞരമ്പുകൾ വ്യക്തമായി കാണുന്നതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് ഏഴ് സെന്റിമീറ്റർ വരെ നീളവും ഒന്നര സെന്റിമീറ്റർ വരെ വീതിയും കാണും. 50 സെന്റീമീറ്റർ മുതൽ 120 സെന്റിമീറ്റർ വരെ പൊക്കത്തിൽ വളരാറുണ്ട്.
ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് ഇതിന്റെ പൂക്കാലം. വിരിഞ്ഞു കഴിഞ്ഞാൽ ആദ്യത്തെ രണ്ടോ മൂന്നോ ദിവസം സന്ധ്യയാകുന്നതോടെ കൂമ്പുകയും പിറ്റേന്ന് കാലത്ത് വീണ്ടും വിടരുകയുംചെയ്യും. പിന്നീട് ഒരാഴ്ചയിലധികം കൊഴിയാതെ നിൽക്കും. ദളങ്ങളുടെ അറ്റം വയലറ്റ് നിറത്തിലാണ്. ദിവസം കഴിയുന്തോറും ദളങ്ങളുടെ അറ്റത്തെ വയലറ്റ് നിറം കൂടിക്കൂടിവരികയും ദളങ്ങളുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുംചെയ്യും. കേസരങ്ങൾ നാല്. കേസരങ്ങൾക്ക് സ്വർണ മഞ്ഞനിറമാണ്. രണ്ട് അറകളുള്ള ചെറിയ ഫലത്തിൽ അനേകം ചെറുവിത്തുകൾ കാണപ്പെടുന്നു. ഉത്തര കേരളത്തിൽ പലയിടങ്ങളിലും ഓണപ്പൂവ് എന്ന പേരിൽ അറിയപ്പെടുന്നു. ഓണക്കാലത്ത് വിരിയുന്നതിനാലാകണം ഈ പേര് ലഭിച്ചത്. മലപ്പുറം ജില്ലയിൽ പല പ്രദേശങ്ങളിലും കാച്ചിപ്പൂ എന്ന പേരാണുള്ളത്. മുസ്ലിം സ്ത്രീകൾ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുള്ളതിനാലാകണം ഈ പേര്.
കണ്ണാന്തളിയുടെ ശാസ്ത്രീയ നാമം Exacum tetragonum എന്നാണ്. റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Gaulൽ നിലവിലുണ്ടായിരുന്ന ഗാലിക് ഭാഷയിൽ സെന്റോറിയം എന്ന പൂവിന്റെ പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് പേരായി നൽകിയിരിക്കുന്നത്. നാലു കോണുകളുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. Gentianaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Exacum ജനുസ്സില് ഉൾപ്പെടുന്ന പതിനഞ്ചോളം സസ്യങ്ങൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. Bicolor Persian Violet എന്നാണ് ഇംഗ്ലീഷ് നാമം. അക്ഷീപുഷ്പി എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത്. അഞ്ചാറു ദശാബ്ദം മുമ്പുവരെ ഓണക്കാലത്ത് തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കുന്നതിന് കണ്ണാന്തളിപ്പൂക്കൾ ഉപയോഗിച്ചിരുന്നു.
കണ്ണാന്തളി ഔഷധമായും ഉപയോഗിക്കുന്നുണ്ട്- ചില നേത്രരോഗങ്ങൾക്ക് .മൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ് തയാറാക്കുന്ന സത്ത് കണ്ണിലൊഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടായിരിക്കണം കണ്ണാന്തളിയെന്ന് പേര് വന്നിട്ടുണ്ടാവുക. ചിലതരം ത്വക് രോഗങ്ങൾ, വയറുവേദന, മൂത്രാശയ രോഗങ്ങൾ എന്നിവക്കും ഔഷധമായി ഉപയോഗിക്കുന്നു. നീരിനു കയ്പുരസമുള്ളതിനാൽ ചില നാട്ടുവൈദ്യന്മാർ പ്രമേഹ ചികിത്സയിലും ഉപയോഗിക്കാറുണ്ട്. മഴക്കാലം കഴിയുന്നതോടെ ഉണങ്ങിപ്പോകുന്ന ഇവ അടുത്ത മഴക്കാലത്തോടെ വീണ്ടും മുളച്ചുപൊന്തുകയും വളർന്നുവരികയുംചെയ്യുന്നു.
വിത്തുകളിൽനിന്ന് പുതിയ തൈകളുണ്ടാകുന്നത് വളരെ കുറവാണ്. ഇടനാടൻ കുന്നുകളുടെയും പുൽമേടുകളുടെയും നാശം കണ്ണാന്തളിപോലുള്ള സസ്യങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്. നാടു നീങ്ങുന്ന കുന്നുകളെക്കുറിച്ച് ‘കണ്ണാന്തളിപ്പൂക്കളുടെ കാല’ത്തിൽ എം.ടി. വാസുദേവൻ നായർ ആശങ്കപ്പെടുന്നുണ്ട്. കാലമേറെ കണ്ടിട്ടുള്ള സംസ്കാരങ്ങളുടെ ആഴങ്ങളറിയുന്ന, ഒരുപാട് മനുഷ്യർക്കും അതിലേറെ ജീവജാലങ്ങൾക്കും അഭയം നൽകുന്ന കുന്നുകളിലൂടെയുള്ള യാത്രകൾ ഒരുപാട് ജീവിതപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
പർവതശിഖരങ്ങളിലെ വാസം മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ അഞ്ജനമണിയിക്കുമെന്ന് അമേരിക്കൻ തത്ത്വചിന്തകനായ ജോർജ് സന്തായന (Geroge Santhayana -1863-1952) പറയുകയുണ്ടായി. പർവതങ്ങളുടെ ഉച്ചിയിലും മലകളുടെ കൊടുമുടിയിലും കുന്നുകളുടെ തലപ്പത്തും കയറിപ്പറ്റുക എന്നത് ഉന്നതിയിലേക്കുള്ള മനുഷ്യമനസ്സിന്റെ അഭിവാഞ്ഛയെയാണു സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. ഈ അഭിവാഞ്ഛകൊണ്ടാണോ എന്നറിയില്ലെങ്കിലും യൗവനകാലത്തെ എന്റെ സായാഹ്നയാത്രകൾ പലപ്പോഴും കുന്നുകളിലേക്കായിരുന്നു. ഞങ്ങളുടെ നാട്ടിലെ മിക്കവാറും എല്ലാ കുന്നുകളും അതുകൊണ്ടുതന്നെ എനിക്ക് ഏറെ പരിചയമായിരുന്നു.
പിന്നീട് ഏറെ വർഷങ്ങൾക്കു ശേഷമാണ് ജൈവവൈവിധ്യം തേടിയുള്ള യാത്രയിൽ കുന്നുകൾ വീണ്ടും എന്റെ ജീവിതത്തിൽ സ്ഥാനംപിടിക്കുന്നത്; ഏറെ സ്വാധീനിക്കുന്നതും. അതിനിടയിൽതന്നെ എപ്പോഴോ വയലുകളും കാടുകളും പുൽമേടുകളും മലകളും എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി. എന്റെ നാടായ കണ്ണപുരത്തെ സവിശേഷമായ വിവിധ ആവാസവ്യവസ്ഥകൾ സന്ദർശിക്കുന്നതും പതിവായിരുന്നു. കാരക്കുന്നും തണ്ണൂപ്പാറയും കീറക്കുന്നും അയ്യോത്തെയും ഇടക്കേപ്പുറത്തെയും തണ്ണീർത്തടങ്ങളും വയലുകളും പലപ്പോഴായി എന്റെ നടത്തത്തിന്റെ ഭാഗമായിരുന്നു. കണ്ണൂർ-കാസർകോട് ജില്ലയിലെ കാവുകളും മാടായിപ്പാറയും ചീമേനിക്കുന്നുകളും കാനായിക്കാനവും പല കാലങ്ങളായി സന്ദർശിക്കുകയുണ്ടായി. കേരളത്തിലെ സംരക്ഷിതവനങ്ങളിലെയും വന്യജീവിസങ്കേതങ്ങളിലെയും സർവേകളും വനഗവേഷണ കേന്ദ്രവുമായി ഉണ്ടായിരുന്ന ബന്ധങ്ങളും എന്റെ ജൈവവൈവിധ്യ പഠനങ്ങളെ സഹായിച്ചിട്ടുണ്ട്. ഇത്തരം ഫീൽഡ് പഠനങ്ങളിൽ ഒരുപാട് സുഹൃത്തുക്കളും എന്നോടൊപ്പം പലപ്പോഴായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.