വെള്ളില

“അമ്മ കറുത്തത്, മകളു വെളുത്തത്, മകളുടെ മകളൊരു സുന്ദരിപ്പെണ്ണ്” നല്ല കടംകഥയാ,ണിതിനുത്തരം വെള്ളിലവള്ളിയെന്നാണത്രേ. പച്ചില, വെള്ളില, പൂവും, പാർത്താൽ നിശ്ചയമിക്കഥ യോജിക്കും. (കടങ്കഥ -വൈലോപ്പിള്ളി) കുട്ടിക്കാലത്ത്, സന്ധ്യാസമയത്തെ വിനോദങ്ങളിലൊന്ന് കടങ്കഥ പറയലായിരുന്നു. ‘‘അമ്മ കറുമ്പി, മോള് വെളുമ്പി, മോളേ മോളൊരു പൊൻകുമ്പ’’ എന്ന കടങ്കഥയുടെ ഉത്തരം വെള്ളിലയാണ്. കടും പച്ച ഇലകളും വെളുത്ത ‘ഇല’യും അതിമനോഹരമായ നക്ഷത്രപ്പൂക്കളുമുള്ള ഈ സസ്യത്തെ എത്ര കൃത്യമായാണ് പഴയ തലമുറയിലെ നാട്ടിൻപുറത്തുകാർ നിരീക്ഷിച്ചിരുന്നതെന്ന് ഈ കടങ്കഥ വ്യക്തമാക്കുന്നുണ്ട്. കണ്വാശ്രമം വിട്ടുപോകുന്ന...

“അമ്മ കറുത്തത്,

മകളു വെളുത്തത്,

മകളുടെ മകളൊരു

സുന്ദരിപ്പെണ്ണ്”

നല്ല കടംകഥയാ,ണിതിനുത്തരം

വെള്ളിലവള്ളിയെന്നാണത്രേ.

പച്ചില, വെള്ളില, പൂവും,

പാർത്താൽ

നിശ്ചയമിക്കഥ യോജിക്കും.

(കടങ്കഥ -വൈലോപ്പിള്ളി)

കുട്ടിക്കാലത്ത്, സന്ധ്യാസമയത്തെ വിനോദങ്ങളിലൊന്ന് കടങ്കഥ പറയലായിരുന്നു. ‘‘അമ്മ കറുമ്പി, മോള് വെളുമ്പി, മോളേ മോളൊരു പൊൻകുമ്പ’’ എന്ന കടങ്കഥയുടെ ഉത്തരം വെള്ളിലയാണ്. കടും പച്ച ഇലകളും വെളുത്ത ‘ഇല’യും അതിമനോഹരമായ നക്ഷത്രപ്പൂക്കളുമുള്ള ഈ സസ്യത്തെ എത്ര കൃത്യമായാണ് പഴയ തലമുറയിലെ നാട്ടിൻപുറത്തുകാർ നിരീക്ഷിച്ചിരുന്നതെന്ന് ഈ കടങ്കഥ വ്യക്തമാക്കുന്നുണ്ട്. കണ്വാശ്രമം വിട്ടുപോകുന്ന ശകുന്തളയുടെ വേർപാടുളവാക്കുന്ന സങ്കടം സഹിക്കാൻ കഴിയാതെ തപോവനത്തിലെ വൃക്ഷങ്ങൾ കരഞ്ഞപ്പോഴുണ്ടായ കണ്ണീർക്കണമായാണ് വെള്ളിലയെ കാളിദാസൻ വർണിക്കുന്നത്.

“മേയുന്ന പുല്ലു മറിമാൻ മറന്നു,

ചെയ്യുന്ന നൃത്തം മയിലും

നിർത്തി;

പായുന്ന

കണ്ണീർക്കണമെന്നപോലെ

പെയ്യുന്നിതേ വെള്ളില

വള്ളി തോറും.”

(അഭിജ്ഞാന ശാകുന്തളം)

പശ്ചിമഘട്ട മേഖലയിലെ ഒരു സ്ഥാനിക (endemic) സസ്യമാണ് വെള്ളില. അർധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും കാവുകളിലും നാട്ടിൻപുറങ്ങളിലും വളരുന്ന ഒരു കുറ്റിച്ചെടി.

മറ്റു സസ്യങ്ങളിലേക്ക് പിടിച്ചുകയറുന്ന ഈ കുറ്റിച്ചെടിയുടെ തണ്ടുകൾക്ക് ചാരനിറമാണ്. ഇളംതണ്ടുകൾക്കും ചെറുശാഖകൾക്കും ചെമ്പിച്ച തവിട്ടുനിറമാണ്. അണ്ഡാകൃതിയുള്ള ഇലകൾക്ക് 6-10 സെ. മീറ്റർ നീളവും 4-6 സെ. മീറ്റർ വീതിയുമുണ്ട്. അഗ്രഭാഗം കൂർത്തതാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലഞെട്ടും ഞരമ്പുകളും തവിട്ടുകലർന്ന ചുവപ്പു നിറത്തിലുള്ളതാണ്. ഇലഞെട്ടിനു 1.5 സെ. മീറ്റർ നീളമുണ്ടാകും. മൂന്നോ നാലോ ചെറിയ അനുപർണങ്ങളുണ്ട്. ഈ സസ്യം പലപ്പോഴും വന്മരങ്ങളുടെ ശാഖകളിലൂടെ കയറി മേലാപ്പിൽനിന്ന് എത്തിനോക്കാറുണ്ട്.

മിക്കവാറും എല്ലാ കാലത്തും പൂക്കൾ കാണാമെങ്കിലും സെപ്റ്റംബർ-മാർച്ച് മാസങ്ങളാണ് ശരിക്കുള്ള പൂക്കാലം.

ശാഖാഗ്രങ്ങളിലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. അഞ്ചു ദളങ്ങളും അഞ്ചു വിദളങ്ങളും (sepals). വിദളങ്ങളിൽ ഒന്ന് ഇലപോലെ രൂപാന്തരപ്പെട്ടതാണ് ‘വെളുത്ത ഇല’. പരാഗകാരികളായ ഷഡ്പദങ്ങളെ ആകർഷിക്കുന്നതിനുള്ള ഒരു അനുകൂലനംകൂടിയാണിത്. ത്രികോണാകൃതിയുള്ള ദളങ്ങൾ കൂടിച്ചേർന്ന് നക്ഷത്രരൂപത്തിലുള്ള പൂക്കൾക്ക് കടുത്ത ഓറഞ്ചു നിറമോ ചുകപ്പ് നിറമോ ആണ്. ദളക്കുഴലിന്റെ മധ്യഭാഗത്തിനു മഞ്ഞനിറം. കേസരങ്ങൾ അഞ്ച്. കായ ഒരു സെന്റി മീറ്ററോളം വ്യാസമുള്ള ബെറി ആണ്.

പറത്തോൽ/വെള്ളിലത്താളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Mussaenda frondosa എന്നാണ്. ചെത്തി ഉൾപ്പെടുന്ന റൂബിയേസിയെ (Rubiaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Dhobi’s Kerchief, White lady എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ. സംസ്കൃതത്തിൽ ശ്രീമതി, ശ്രീവല്ലി എന്നീ പേരുകളുണ്ട്.

ഈ സസ്യത്തിന് സിംഹള ഭാഷയിലുള്ള പേരാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. മുസ്സാണ്ട എന്ന ജനുസ്സിൽപ്പെടുന്ന ആറോളം സസ്യങ്ങൾ കേരളത്തിൽ വന്യമായി വളരുന്നുണ്ട്.

വേര്, ഇല എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ചെങ്കണ്ണ്, ശരീരവേദന, കാഴ്ചക്കുറവ്, കരൾരോഗം, മഞ്ഞപ്പിത്തം എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഉളുക്ക്, ചതവ് എന്നിവക്കുള്ള മരുന്നുകളിൽ തൊലി ചേർക്കാറുണ്ട്.

വെള്ളിലയുടെ ഔഷധഗുണത്തെക്കുറിച്ച് പണ്ടുകാലം മുതൽതന്നെ അറിവുണ്ടായിരുന്നു. 1679 ൽ പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വോള്യത്തിൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “കഫദോഷങ്ങളെ ശുദ്ധീകരിക്കുന്നതിനും കരളിനെ തണുപ്പിക്കുന്നതിനും വേര് കഷായം നല്ലതാണ്. വേര് വെള്ളത്തിൽ ചതച്ചു പുരട്ടുന്നത് ശരീരവേദന ശമിപ്പിക്കും. ഇത് കണ്ണിൽ പുരട്ടുന്നത് കണ്ണിന്റെ ചുവപ്പ് മാറ്റുന്നു. ഇതിന് തൊലിക്കഷായം എണ്ണയിൽ കഴിക്കുന്നതും നല്ലതാണ്. ഇലയുടെ ആവി വേദനയുള്ളയിടങ്ങളിൽ ഏൽക്കുന്നത് നല്ലതാണ്. ഇലയും കായും ഒന്നിച്ചെടുത്ത നീര് കാഴ്ചമങ്ങൽ മാറ്റുന്നു.”

വേര് ചേർത്ത കഷായം കുട്ടികളുടെ ചുമ ശമിപ്പിക്കാൻ നൽകാറുണ്ട്.

ഉത്തര കേരളത്തിലെ ‘നിറ’ എന്ന അനുഷ്ഠാനത്തിൽ വെള്ളില ഉൾപ്പെടെ പതിനഞ്ചോളം സസ്യങ്ങൾ ‘നിറയോല’മായി ഉപയോഗിക്കുന്നുണ്ട്.

ഇലകൾ തലയിൽ തേക്കുന്നതിനുള്ള താളിയായി ഉപയോഗിക്കുന്നു. തളിരിലകളും വെളുത്ത വിദളങ്ങളും ഇലക്കറിയായി ഉപയോഗിക്കാറുണ്ട്. ഉദ്യാനസസ്യമായി വെച്ചു പിടിപ്പിക്കാവുന്നതാണ്.

വെള്ളിലത്തോഴി (Commander) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണസസ്യമാണ്. കൂടാതെ നാഗശലഭം (Atlas Moth), പേരമൂപ്പൻ (Bordered Duster -Pingasa ruginaria), തലയമ്പൻ (Greater Death’s Head Hawkmoth -Acherontia lachesi), Selepa celtis എന്നീ നിശാശലഭങ്ങളുടെയും ലാർവാഭക്ഷണ സസ്യമാണിത്.

Tags:    
News Summary - The Magic of the White Lady Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.