കിളിതീനിപ്പൂവ്

ഏതാനും ദിവസം മുമ്പാണ് ജയേഷ് പാടിച്ചാൽ എന്ന ഫോട്ടോഗ്രാഫർ കാസർകോട് ജില്ലയിലെ ചീമേനിയിലുള്ള തുറന്ന ജയിലിനടുത്തുള്ള ചെങ്കൽക്കുന്നിൽനിന്നെടുത്ത കിളിതീനിപ്പൂവിന്റെ ചിത്രങ്ങൾ അയച്ചു തന്നത്; തിരിച്ചറിയുന്നതിനായി. ഉത്തര മലബാറിൽ മീനമാസത്തിലെ പൂരം നാളുമായി ബന്ധപ്പെട്ട് കാമദേവനെ ആരാധിക്കുന്ന അനുഷ്ഠാനമാണ് പൂരം. പൂരത്തിനു പൂവിടാൻ ഉപയോഗിക്കുന്നത് പ്രധാനമായും ഈഴച്ചെമ്പക പൂക്കളാണ്. ചാണകംകൊണ്ടുണ്ടാക്കുന്ന കാമദേവന്റെ രൂപത്തിനു വിവിധങ്ങളായ പൂക്കൾ വേണം. അതിൽ ഏറ്റവും ശ്രേഷ്ഠമത്രേ കിളിതീനിപ്പൂവ്.കണ്ണൂരിൽ കുഞ്ഞിമംഗലത്തും ചാലയിലും കെട്ടിയാടപ്പെടുന്ന ‘കടാങ്കോട്ട് മാക്കം’ എന്ന തെയ്യത്തിന്റെ...

ഏതാനും ദിവസം മുമ്പാണ് ജയേഷ് പാടിച്ചാൽ എന്ന ഫോട്ടോഗ്രാഫർ കാസർകോട് ജില്ലയിലെ ചീമേനിയിലുള്ള തുറന്ന ജയിലിനടുത്തുള്ള ചെങ്കൽക്കുന്നിൽനിന്നെടുത്ത കിളിതീനിപ്പൂവിന്റെ ചിത്രങ്ങൾ അയച്ചു തന്നത്; തിരിച്ചറിയുന്നതിനായി. ഉത്തര മലബാറിൽ മീനമാസത്തിലെ പൂരം നാളുമായി ബന്ധപ്പെട്ട് കാമദേവനെ ആരാധിക്കുന്ന അനുഷ്ഠാനമാണ് പൂരം. പൂരത്തിനു പൂവിടാൻ ഉപയോഗിക്കുന്നത് പ്രധാനമായും ഈഴച്ചെമ്പക പൂക്കളാണ്. ചാണകംകൊണ്ടുണ്ടാക്കുന്ന കാമദേവന്റെ രൂപത്തിനു വിവിധങ്ങളായ പൂക്കൾ വേണം. അതിൽ ഏറ്റവും ശ്രേഷ്ഠമത്രേ കിളിതീനിപ്പൂവ്.

കണ്ണൂരിൽ കുഞ്ഞിമംഗലത്തും ചാലയിലും കെട്ടിയാടപ്പെടുന്ന ‘കടാങ്കോട്ട് മാക്കം’ എന്ന തെയ്യത്തിന്റെ തോറ്റം പാട്ടിൽ കുഞ്ഞുമാക്കത്തിന് ആദ്യത്തെ പൂരപ്പൂ ഇടാൻവേണ്ടി കാര്യസ്ഥനായ ഈയവനാടൻ കിളിതീനിപ്പൂവ് തേടി​പ്പോകുന്നതിന്റെ വർണനയുണ്ട്. കിളിച്ചിന്ത് പാടി, കിളികളെ മെരുക്കി, കിളിതീനിപ്പൂവുമായി മടങ്ങുകയാണ് കാര്യസ്ഥൻ.

കാമന്റെ രൂപങ്ങൾക്ക് അര പതിക്കാൻ അതിരാണിപ്പൂവും പൊക്കു വെക്കാൻ എരിഞ്ഞിപ്പൂവും മാറ് പതിക്കാൻ പാലപ്പൂവും നാവു വെക്കാൻ കറുകക്കൊടിയും കാതു വെക്കാൻ കുമുദിൻ പൂവും മുടിചമയ്ക്കാൻ കവുങ്ങിൻ പൂവും വേണം. എന്നാൽ, വിരലു വെക്കാനായി കിളിതീനിപ്പൂവുതന്നെ വേണം.

“അതിരാണിപ്പൂകൊണ്ട് കാമന് അര ചമയിച്ചു

വയറപ്പൂകൊണ്ട് കാമന് വയറുണ്ടാക്കി

എരിഞ്ഞിപ്പൂകൊണ്ട് കാമന് പൊക്കുണ്ടാക്കി

മുല്ലപ്പൂകൊണ്ട് കാമന് മുലയുണ്ടാക്കി

കൈതപ്പൂകൊണ്ട് കാമന് കൈയുണ്ടാക്കി

കട്ടപ്പൂകൊണ്ട് കാമന് മുട്ടുണ്ടാക്കി

കിളിതീനിപ്പൂകൊണ്ട് കാമന് വിരൽ പതിച്ചു...” എന്ന ഭാഗം മാക്കത്തിന്റെ തോറ്റംപാട്ടിലുണ്ട്.

 

ഇന്തോ-മലേഷ്യൻ മേഖലയിലും ചൈനയിലും കാണപ്പെടുന്ന ഇടത്തരം വൃക്ഷം. കേരളത്തിലെ അർധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും വളരുന്നു. 25 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. 3-5 കർണങ്ങളുള്ള (lobes) ഹസ്താകാരത്തിലുള്ള വലിയ ഇലകൾ ഏകാ‍ന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ജനുവരി-മേയ് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖാഗ്രങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. പൂക്കുന്നതിനുമുമ്പായി ഇലകൾ കൊഴിച്ചിരിക്കും. വിരലിന്റെ ആകൃതിയുള്ള പൂക്കൾക്ക് ചുവപ്പോ ചുവപ്പുകലർന്ന ഓറഞ്ചു നിറമോ ആണ്. അഞ്ച് ഫോളിക്കിൾ വീതമുള്ള സംയുക്ത ഫലങ്ങളാണ് ഓരോ പൂവിൽനിന്നും ഉണ്ടാകുന്നത്. മേയ്-ജൂൺ ആകുന്നതോടെ കായകൾ മൂപ്പെത്തുകയും പൊഴിഞ്ഞുവീഴുകയും ചെയ്യുന്നു.

കിളിഞ്ഞിൽ, കിളീന, മലമ്പരത്തി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ഫിർമിയാന കളറേറ്റ (Firmiana colorata) എന്നാണ്. ചെമ്പരത്തിയും ഇലവും ഉൾപ്പെടുന്ന മാൽവേസിയെ (Malvaceae) കുടുംബത്തിൽ ഉൾപ്പെടുന്നു. Coloured Sterculia, Scarlet Sterculia എന്നിവയാണ് ഇംഗ്ലീഷ് പേരുകൾ.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൊംബാർഡിയിലെ (ആസ്ട്രേലിയ) ഗവർണർ ആയിരുന്ന കാൾ ജോസഫ് വോൺ ഫിർമിയാനോടുള്ള (Karl Joseph Von Firmian) ആദരസൂചകമായിട്ടാണ് ഈ സസ്യജനുസ്സിനു ഫിർമിയാന എന്ന് നാമകരണം ചെയ്തിരിക്കുന്നത്. വർണപ്പകിട്ടുള്ളത് എന്നാണ് സ്പീഷീസ് നാമത്തിന് അർഥം.

കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമേ ഈ വൃക്ഷം കണ്ടെത്തിയിട്ടുള്ളൂ. പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിൽ ഈ വൃക്ഷമുണ്ട്. കാസർകോട് ജില്ലയിലെ ചീമേനി അരിയിട്ട പാറയിലും തുറന്ന ജയിലിനടുത്തുള്ള പാറപ്പരപ്പിലും കണ്ണൂർ ജില്ലയിൽ പട്ടാന്നൂർ, ഉളിയിൽ, ബക്കളം, വെള്ളോറ എന്നിവിടങ്ങളിൽ പാതയോരത്ത് ഒറ്റപ്പെട്ട ചില വൃക്ഷങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്.

‘കിളിതീനിപ്പൂവില്ലാത്ത ഇക്കാലത്ത് നമ്മുടെ കാമരൂപങ്ങൾ വിരലറ്റു പോയിരിക്കുന്നു’ എന്നാണ് എഴുത്തുകാരനായ ഇ. ഉണ്ണികൃഷ്ണൻ എഴുതിയത് (വിരലറ്റ കാമരൂപങ്ങൾ -പാതകൾ പുഴയെ മായ്ച്ചത് -ഡോ. ഇ. ഉണ്ണികൃഷ്ണൻ). കാവുണ്ണി എന്നറിയപ്പെടുന്ന ഇ. ഉണ്ണികൃഷ്ണന്റെ വീട്ടുപറമ്പിൽ ഒരു കിളിതീനി മരം നടുപിടിപ്പിച്ചിട്ടുണ്ട്.

അടുത്തകാലത്തായി റോഡുവികസനത്തിന്റെ പേരിൽമാത്രം കണ്ണൂർ ജില്ലയിൽനിന്നുതന്നെ അഞ്ചിലധികം കിളീനമരങ്ങൾ മുറിച്ചുകളഞ്ഞിട്ടുണ്ട്. മറ്റു പല നാട്ടുവൃക്ഷങ്ങൾപോലെ തന്നെ കിളിതീനിപ്പൂവും നാശത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുന്നു. ഇത്തിക്കണ്ണിക്കുരുവികൾ, തേൻകുരുവികൾ, നാട്ടു ബുൾബുൾ പക്ഷികൾ, വെള്ളിക്കണ്ണിക്കുരുവി തുടങ്ങിയ പക്ഷികളാണ് കിളിതീനിപ്പൂക്കളിലെ പ്രധാന പരാഗകാരികൾ.

Tags:    
News Summary - Crop circles in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.