“ആവാരംപൂവ് ആറേഴ് നാളായി നീ പോകും പാതയിൽ കാത്തിരിക്ക്...” (1984ൽ ഇറങ്ങിയ ‘അച്ചമില്ലെയ് അച്ചമില്ലെയ്’ എന്ന തമിഴ് സിനിമയിൽ പി സുശീലയും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്ന് പാടിയ ഗാനം) “ആവാരംപൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ...” (ചിത്രം: സൂപ്പർമാൻ (1997) പാടിയവർ: ബിജു നാരായണൻ, സുജാത) ‘ആവാരംപൂ’ എന്നൊരു സിനിമ ഭരതൻ തമിഴിൽ സംവിധാനം ചെയ്തിട്ടുണ്ട് (1992). മലയാളത്തിൽ അദ്ദേഹം ചെയ്ത ‘തകര’യുടെ (1979) റീമേക്ക് ആയിരുന്നു അത്. ‘തകര’യുടെയും ആവാരംപൂവിന്‍റെയും പൂക്കൾക്ക് മഞ്ഞനിറമാണ്. ഇലകൾക്കും സാമ്യമുണ്ട്. രണ്ടു ചെടികളും ഔഷധഗുണമുള്ളവയാണ്, ഭക്ഷ്യയോഗ്യവുമാണ്. തമിഴ് നാട്ടിലെ...
“ആവാരംപൂവ് ആറേഴ് നാളായി
നീ പോകും പാതയിൽ കാത്തിരിക്ക്...”
(1984ൽ ഇറങ്ങിയ ‘അച്ചമില്ലെയ് അച്ചമില്ലെയ്’ എന്ന തമിഴ് സിനിമയിൽ പി സുശീലയും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്ന് പാടിയ ഗാനം)
“ആവാരംപൂവിന്മേൽ അമ്പു തൊടുക്കും മണിമാരാ
നെഞ്ചിലൊരുത്തി നിനക്കുണ്ടേ കണ്ടാലഴകുണ്ടേ...”
(ചിത്രം: സൂപ്പർമാൻ (1997) പാടിയവർ: ബിജു നാരായണൻ, സുജാത)
‘ആവാരംപൂ’ എന്നൊരു സിനിമ ഭരതൻ തമിഴിൽ സംവിധാനം ചെയ്തിട്ടുണ്ട് (1992).
മലയാളത്തിൽ അദ്ദേഹം ചെയ്ത ‘തകര’യുടെ (1979) റീമേക്ക് ആയിരുന്നു അത്.
‘തകര’യുടെയും ആവാരംപൂവിന്‍റെയും പൂക്കൾക്ക് മഞ്ഞനിറമാണ്. ഇലകൾക്കും സാമ്യമുണ്ട്. രണ്ടു ചെടികളും ഔഷധഗുണമുള്ളവയാണ്, ഭക്ഷ്യയോഗ്യവുമാണ്.
തമിഴ് നാട്ടിലെ കമ്പം-തേനി പ്രദേശങ്ങളിൽ യാത്രചെയ്തിട്ടുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാവുന്ന ഒരു കുറ്റിച്ചെടിയാണ് ആവാരംപൂ. വരണ്ട ഇലപൊഴിയും കാടുകളും മുൾപ്പൊന്തകളും ഇടകലർന്നു നിൽക്കുന്ന പ്രദേശങ്ങളിലും ഇത് കാണപ്പെടുന്നു. തമിഴ്നാടിനു പുറമെ മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലും ഈ സസ്യം വളരുന്നുണ്ട്. കേരളത്തിൽ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വരണ്ട പ്രദേശങ്ങളിലും ഈ സസ്യം വളരുന്നുണ്ട്. ആവാരം എന്നത് തമിഴ്നാട്ടിൽ അറിയപ്പെടുന്ന ഒരു പേരാണ്. അതുകൊണ്ടായിരിക്കാം ‘തകര’ എന്ന സിനിമ തമിഴിൽ എടുത്തപ്പോൾ അതിന്റെ സംവിധായകനായ ഭരതൻ ‘ആവാരംപൂ’ എന്ന് പേരു കൊടുത്തിട്ടുണ്ടാവുക. തകരയും ആവാരം പൂവും ഒരേ സസ്യജനുസ്സിൽ ഉൾപ്പെടുന്നതുമാണ്.
ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. 8-12 സഹപത്രങ്ങൾ (leaflets) ഉള്ള സംയുക്തപത്രങ്ങൾ(compound leaves) ഏകാന്തരക്രമത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. സഹപത്രങ്ങൾക്ക് 2 സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയും കാണും. ഇലഞെട്ടിനു 1-1.5 സെന്റിമീറ്റർ നീളമുണ്ടാകും. അനുപർണങ്ങളുണ്ട്. എല്ലാ കാലത്തും പൂക്കളുണ്ടാകും. സ്വർണമഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ചെറു കുലകളായി ഉണ്ടാകുന്നു. അഞ്ച് ദളങ്ങളുണ്ട്. നീണ്ടുപരന്ന കായ്കൾക്കുള്ളിൽ പത്തോ ഇരുപതോ വിത്തുകൾ കാണപ്പെടുന്നു.
ആവർത്തകി, ഊറത്തകര, പൊന്നാവീരം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Senna auriculata എന്നാണ്. ഒരിനം മുൾച്ചെടിക്ക് അറബിയിൽ പറയുന്ന പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് പേരായി നൽകിയിരിക്കുന്നത്. ചെവി പോലുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. പയറുവർഗ കുടുംബമായ Fabaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Tanner’s Cassia എന്നറിയപ്പെടുന്നു. ആവർത്തകീ എന്നാണ് സംസ്കൃതനാമം.
ഇതിന്റെ പൂവും ഇലയും വേരും വേരിൻമേൽ തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന അലർജി, ചൊറിച്ചിൽ ഇതിനെല്ലാം ആവാരംപൂ ഇട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കാറുണ്ട്. ത്വക് രോഗങ്ങൾ, പ്രമേഹം എന്നിവക്കും പൂക്കൾ ഉപയോഗിക്കുന്നു.
ഉണങ്ങിയ ആവാരം പൂവും കരിപ്പെട്ടിയും കുരുമുളകും ചേർത്ത് തിളപ്പിച്ചെടുത്ത ആവാരം പൂവ് കാപ്പിയായി ഉപയോഗിക്കുന്നു. രക്തസമ്മർദം, പ്രമേഹം, എന്നിവ ഉള്ളവർക്ക് ഇത് നല്ലതാണെന്ന് കരുതപ്പെടുന്നു. ഭാരതത്തിലെ ഏറ്റവും പുരാതനമായ വൈദ്യശാഖയാ യ സിദ്ധവൈദ്യത്തിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു.
ആവാരംപൂ ചേർത്തുണ്ടാക്കുന്ന സോപ്പ് ഇപ്പോൾ ഒന്നിനു 160 രൂപക്കാണ് വിൽക്കപ്പെടുന്നത്. ശരീരത്തിനു സ്വർണനിറം ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം കച്ചവടം നടക്കുന്നത്.
തുകൽ ഊറക്കിടുന്നതിന് ഇതിന്റെ തൊലി ഉപയോഗിക്കുന്നു.
കര്‍ണാടകയിൽ ദീപാവലിയുടെ മൂന്നാം ദിവസം അമ്പലങ്ങളിലെ പൂജക്കായി ഇതിന്റെ പൂക്കൾ എടുക്കാറുണ്ട്. അനുഷ്ഠാനങ്ങളിലും പൂജകളിലും ഈ പൂവ് ഉപയോഗിക്കുന്നുണ്ട്. അമ്മൻ കോവിലുകളിലും മുരുകൻ കോവിലുകളിലും ഇത് അർച്ചനാപുഷ്പമായി ഉപയോഗിച്ചുവരുന്നു.
പൂക്കൾ പരിപ്പ് ചേർത്ത് കറിവെച്ച് ഉപയോഗിക്കാറുണ്ട്.
തെലങ്കാനയുടെ സംസ്ഥാനപുഷ്പംകൂടിയാണ് ആവാരംപൂ.
തകരമുത്തി, മഞ്ഞത്തകരമുത്തി, മഞ്ഞപ്പാപ്പാത്തി എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം കൂടിയാണിത്. Tea Looper (Biston suppressaria) എന്ന നിശാശലഭവും ലാർവാഭക്ഷണ സസ്യമായി Biston suppressaria ആവാരംപൂവ് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.