സസ്യലോകത്തെ വിസ്മയങ്ങളായ ഇരപിടിയൻ സസ്യങ്ങളെക്കുറിച്ച് അതിശയോക്തി കലർന്ന പല കഥകളും പാശ്ചാത്യനാടുകളിൽ പ്രചാരത്തിലുണ്ട്. 1887ൽ ജെ.ഡബ്ല്യൂ. ബുവൽ (J.E. Buel) എഴുതിയ ‘Sea and Land’ എന്ന പുസ്തകത്തിൽ, ധാരാളം ‘നീരാളിക്കൈകൾ’ ഉള്ള ഒരു ആൾപ്പിടിയൻ സസ്യം ഒരു മനുഷ്യനെ കെണിയിൽപ്പെടുത്തുന്ന ചിത്രം വരച്ചുചേർത്തിട്ടുണ്ട്. കെണിയിൽപ്പെടുന്ന ഏതു ജീവിയുടെയും ചോരയൂറ്റിക്കുടിക്കുന്ന ‘Vampire Vine’ എന്ന സസ്യത്തെക്കുറിച്ച് വില്യം തോമസ് സ്റ്റെഡ് എഴുതിയ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.കഥകൾ എന്തായാലും ഇതേവരെ കണ്ടെത്തിയിരിക്കുന്ന നാനൂറോളം ഇരപിടിയൻ സസ്യങ്ങളിൽ ഒന്നുപോലും ആൾപ്പിടിയന്മാരല്ല. ഇലക്കെണികളിൽ ഷഡ്പദങ്ങളെയും...
സസ്യലോകത്തെ വിസ്മയങ്ങളായ ഇരപിടിയൻ സസ്യങ്ങളെക്കുറിച്ച് അതിശയോക്തി കലർന്ന പല കഥകളും പാശ്ചാത്യനാടുകളിൽ പ്രചാരത്തിലുണ്ട്. 1887ൽ ജെ.ഡബ്ല്യൂ. ബുവൽ (J.E. Buel) എഴുതിയ ‘Sea and Land’ എന്ന പുസ്തകത്തിൽ, ധാരാളം ‘നീരാളിക്കൈകൾ’ ഉള്ള ഒരു ആൾപ്പിടിയൻ സസ്യം ഒരു മനുഷ്യനെ കെണിയിൽപ്പെടുത്തുന്ന ചിത്രം വരച്ചുചേർത്തിട്ടുണ്ട്. കെണിയിൽപ്പെടുന്ന ഏതു ജീവിയുടെയും ചോരയൂറ്റിക്കുടിക്കുന്ന ‘Vampire Vine’ എന്ന സസ്യത്തെക്കുറിച്ച് വില്യം തോമസ് സ്റ്റെഡ് എഴുതിയ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
കഥകൾ എന്തായാലും ഇതേവരെ കണ്ടെത്തിയിരിക്കുന്ന നാനൂറോളം ഇരപിടിയൻ സസ്യങ്ങളിൽ ഒന്നുപോലും ആൾപ്പിടിയന്മാരല്ല. ഇലക്കെണികളിൽ ഷഡ്പദങ്ങളെയും ചെറുജീവികളെയും വീഴ്ത്തുന്ന വീനസ് ഫ്ലൈ ട്രാപ് (Venus Flytrap), നെപ്പെന്തസ് (Nepenthes) എന്നിവയാണ് നമുക്ക് കേട്ടുപരിചയമുള്ള ഇരപിടിയൻ സസ്യങ്ങൾ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളരുന്ന നെപ്പെന്തസ് ചെടികൾ എലികളെപ്പോലുള്ള ചെറു സസ്തനികളെ കെണിയിൽപ്പെടുത്താറുണ്ട്.
മേൽപ്പറഞ്ഞ സസ്യങ്ങളുടെ അത്ര വലുപ്പമില്ലെങ്കിലും ഇരപിടിയന്മാരായ സസ്യങ്ങൾ നമ്മുടെ നാട്ടിലും വളരുന്നുണ്ടെന്ന് എത്ര പേർക്കറിയാം? പാഠപുസ്തകങ്ങളിൽ അച്ചടിച്ചു വെച്ച ചിത്രങ്ങളും മനസ്സിൽ വെച്ചുകൊണ്ട് പുറത്തേക്കിറങ്ങിയാൽ നമ്മുടെ ചുറ്റുവട്ടത്തിലുള്ള പ്രാണിഭോജി സസ്യങ്ങളെ കണ്ടെത്താൻ കഴിയില്ല. കാരണം ചൂത്, പുൽ വർഗസസ്യങ്ങൾ എന്നിവയോടൊപ്പമാണ് ഇവ പൊതുവെ കാണപ്പെടുന്നത്.
കേരളത്തിൽ കാണപ്പെടുന്ന പ്രാണിഭോജി സസ്യങ്ങളാണ് കാക്കപ്പൂക്കളും (Bladderworts) അഴുകണ്ണിയും (Drosera). ആസ്ട്രേലിയ, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നീ മേഖലകളിൽ കാണപ്പെടുന്ന ചെറിയ ഔഷധിയാണ് അഴുകണ്ണി. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും ചെങ്കൽക്കുന്നുകളിലും സമതലങ്ങളിലും ഈ സസ്യം വളരുന്നു. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവായ കാൾ ലിനേയസ് ‘സ്പീഷീസ് പ്ലാനറ്റേറിയ’ത്തിൽ ഈ സസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. പെട്ടെന്ന് കണ്ണിൽപ്പെടാത്ത ചെറുസസ്യമായതിനാൽ പലരും ഇതിനെ അത്യപൂർവമെന്ന് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് വളരുന്നുണ്ട്.
10-30 സെ.മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള അഴുകണ്ണിയുടെ ഇലകൾ നാരുപോലെയാണ്. ഇലകളിലുള്ള കൊഴുത്ത ദ്രാവകത്തിൽ ആകൃഷ്ടരായെത്തുന്ന ചെറുപ്രാണികളുടെ നീര് ആഹരിക്കാൻ ഇവക്ക് കഴിയും. മാംസ്യം (protein) ദഹിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ദഹനരസങ്ങൾ ഈ സസ്യങ്ങൾക്ക് ഉൽപാദിപ്പിക്കാൻ കഴിയും. നൈട്രജൻ സംയുക്തങ്ങൾ കുറഞ്ഞ ഇടങ്ങളിൽ വളരുന്ന ഇവക്ക് ആവശ്യമായ അധികപോഷണം ലഭിക്കുന്നത് പ്രാണികളുടെ നീരുകളിലൂടെയാണ്. മഴക്കാലത്ത് മുളച്ചുവരുന്ന ഇവ ഒരു മാസം പ്രായമാകുന്നതിനുമുമ്പേ തന്നെ പൂക്കാൻ തുടങ്ങും. 15-25 സെ. മീറ്റർ വ്യാസമുള്ള പൂക്കൾക്ക് പിങ്ക് നിറമാണ്. മഴക്കാലം കഴിയുന്നതോടെ ഉണങ്ങിപ്പോകുന്നു.
അക്കരപ്പുത, അടുകണ്ണി, തീപ്പുല്ല്/തീയോക്ക് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Drosera indica എന്നാണ്. Sundew, Dew Plant, Flycatcher Sundew എന്നിവയാണ് ഇംഗ്ലീഷ് പേരുകൾ. Droseraceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Droseros (മഞ്ഞുതുള്ളി) എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് പേരായി നൽകിയിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പേര് സൂചിപ്പിക്കുന്നത്. അഴുകണ്ണിയുടെ ആഹാരസമ്പാദനവുമായി ബന്ധപ്പെട്ട് മാടായിപ്പാറയിൽ പഠനം നടന്നിട്ടുണ്ട്. ഒമ്പത് ഗോത്രങ്ങളിൽ (order) പെടുന്ന ഷഡ്പദങ്ങൾ ഈ സസ്യത്തിൽ അകപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതലായി കെണിയിലാകുന്നത് കൊതുകുകളും ഈച്ചകളുമാണ് (ഈ സസ്യത്തിനു തമിഴിലുള്ള പേരുതന്നെ കൊസുവെട്ടി എന്നാണ്). മൂട്ടകൾ, പുൽച്ചാടികൾ, ശലഭങ്ങൾ, തുമ്പികൾ, കടന്നലുകൾ, ചെറിയ എട്ടുകാലികൾ എന്നീ ജീവികളും ഇവക്ക് ആഹാരമായിത്തീരാറുണ്ട്.
സിദ്ധവൈദ്യത്തിൽ അർബുദരോഗ ചികിത്സയിൽ അഴുകണ്ണി ഉപയോഗിക്കുന്നുണ്ട്. ‘Herbadroserae’ എന്ന ഔഷധനിർമാണത്തിനായി ഇന്ത്യയിൽനിന്ന് ഒട്ടേറെ യൂറോപ്യൻ ഔഷധനിർമാണ കമ്പനികൾ ഈ സസ്യം കയറ്റുമതി ചെയ്യുന്നതായി ആന്ധ്രയിൽ നടത്തിയ പഠനങ്ങളിൽ കാണുന്നു. ഡ്രോസിറ ജനുസ്സിൽ ഉൾപ്പെടുന്ന 180ഓളം സ്പീഷീസുകൾ ലോകത്തൊട്ടാകെയായി കാണപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും വലുത് പശ്ചിമ ആസ്ട്രേലിയയിൽ വളരുന്ന ‘Drosera gigantea’ ആണ്. ഇത് ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നു.
അഴുകണ്ണി കൂടാതെ Droseraയുടെ മറ്റു രണ്ട് സ്പീഷീസുകൾകൂടി കേരളത്തിൽ കാണപ്പെടുന്നുണ്ട്. പുൽമേടുകളിലെ നനവാർന്ന പ്രദേശങ്ങളിലും സമതലങ്ങളിലും വളരുന്ന Drosera burmanniയുടെ ഇലകൾക്ക് സ്പൂണിന്റെ ആകൃതിയാണ്. ഉയരം കൂടിയ പുൽമേടുകളിൽ വളരുന്ന Drosera peltataയാണ് മറ്റൊരു സ്പീഷീസ്. ഇവയുടെ ഇലകൾക്ക് ചെറിയ പരിചയുടെ ആകൃതിയാണ്. മധുരക്കിഴങ്ങിന്റെ കുടുംബമായ കൺ വോൾവിലേസിയെ കുടുംബത്തിൽ ഉൾപ്പെടുന്ന Cressa cretica എന്ന സസ്യവും അഴുകണ്ണി എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. സമതലങ്ങളിലെ പൂഴിപ്രദേശങ്ങളിൽ വളരുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.