അയിനി

‘‘അയിനിച്ചുളയുടെ ചോപ്പെഴും മാധുര്യവും കൈവട്ടക്കണ്ണാടി തോൽക്കുമീ വട്ടപ്പഴവും എങ്ങുപോയിങ്ങുനിന്നെങ്ങുപോയി?’’ - എൻ.വി. കൃഷ്ണവാരിയർ (വൃക്ഷങ്ങളും വള്ളികളും) അയിനിച്ചുളയുടെ മധുരം നാവിൽ പേറുന്നവരിൽ ചിലരെങ്കിലും നമ്മുടെ തലമുറയിൽ ഉണ്ടായിരിക്കും. അയിനിയുടെ ‘തിരി’ ചന്ദനത്തിരിപോലെ കത്തിച്ചിരുന്നതും ചിലർ ഓർക്കുന്നുണ്ടാകണം. ഈയൊരു പഴയ ഓർമയിൽ, വയനാട്ടിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു സ്കൂൾ സന്ദർശനത്തിനിടയിൽ അവിടെയുണ്ടായിരുന്ന അയിനിക്കുരുക്കൾ പെറുക്കിയെടുത്ത് വീട്ടിൽ ചെന്ന് വറുത്തു തിന്നുകയും ചെയ്തിരുന്നു. പശ്ചിമഘട്ട പ്രദേശങ്ങളിൽ (കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ) മാത്രം കാണപ്പെടുന്ന...

‘‘അയിനിച്ചുളയുടെ ചോപ്പെഴും മാധുര്യവും

കൈവട്ടക്കണ്ണാടി തോൽക്കുമീ വട്ടപ്പഴവും

എങ്ങുപോയിങ്ങുനിന്നെങ്ങുപോയി?’’

- എൻ.വി. കൃഷ്ണവാരിയർ (വൃക്ഷങ്ങളും വള്ളികളും)

അയിനിച്ചുളയുടെ മധുരം നാവിൽ പേറുന്നവരിൽ ചിലരെങ്കിലും നമ്മുടെ തലമുറയിൽ ഉണ്ടായിരിക്കും. അയിനിയുടെ ‘തിരി’ ചന്ദനത്തിരിപോലെ കത്തിച്ചിരുന്നതും ചിലർ ഓർക്കുന്നുണ്ടാകണം. ഈയൊരു പഴയ ഓർമയിൽ, വയനാട്ടിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു സ്കൂൾ സന്ദർശനത്തിനിടയിൽ അവിടെയുണ്ടായിരുന്ന അയിനിക്കുരുക്കൾ പെറുക്കിയെടുത്ത് വീട്ടിൽ ചെന്ന് വറുത്തു തിന്നുകയും ചെയ്തിരുന്നു.

പശ്ചിമഘട്ട പ്രദേശങ്ങളിൽ (കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ) മാത്രം കാണപ്പെടുന്ന വലിയ വൃക്ഷമാണ് അയിനി. അർധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു.

കേരളത്തിലുടനീളം വളരുന്ന ഈ വൃക്ഷത്തിന്റെ മങ്ങിയ ചാരനിറമാർന്ന തവിട്ടു നിറമുള്ള തൊലിക്ക് 10-15 മി. മീറ്റർ കനമുണ്ട്. കാതലിനു മഞ്ഞകലർന്ന തവിട്ടു നിറമാണ്. 50 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഇളം തണ്ടുകളും ഇലകളും ദീർഘലോമങ്ങൾ നിറഞ്ഞതാണ്. 10-20 സെ. മീറ്റർ നീളവും 8-10 സെ. മീറ്റർ വീതിയുമുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ആദ്യം ഉണ്ടാകുന്ന ഇലകൾ കർണിതങ്ങളും പിന്നീടുണ്ടാകുന്നവ അഖണ്ഡപത്രസീമാന്തമുള്ളവയുമാണ്. 10-30 സെ. മീറ്റർ നീളമുള്ള അനുപർണങ്ങളും ഉണ്ട്.

ഡിസംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം. പ്ലാവിന്റേതുപോലെ തടിയിലല്ല പൂക്കൾ കാണപ്പെടുന്നത്. ആൺ പൂക്കളും പെൺ പൂക്കളും വെവ്വേറെ കുലകളിലാണു കാണപ്പെടുന്നത്. ആൺ പൂവിന്റെ പരിദളപുടത്തിനു 2-4 കർണങ്ങൾ കാണും. ആൺ പൂക്കൾ തിരികൾപോലെ കാണപ്പെടുന്നു. ഇത് കുട്ടികൾ മെഴുകുതിരിപോലെ കത്തിച്ചു കളിക്കാറുണ്ട്. പെൺപൂവിലെ പരിദളപുടം വളർന്ന് ചുളയും വന്ധ്യമായ പുഷ്പങ്ങൾ ചവിണിയും ആയിത്തീരുന്നു. നിരവധി പൂക്കൾ ഒന്നിച്ചുകൂടി ഉണ്ടാകുന്ന ചെറിയ ചക്കയാണ് ഉണ്ടാകുന്നത്.

അയനി, അയിനി, ആഞ്ഞിലി പ്ലാവ്, അയണിച്ചക്ക, മറിയപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Artocarpus hirsutus എന്നാണ്. റൊട്ടി എന്നർഥം വരുന്ന ഗ്രീക് പദമായ Artos, ഫലം എന്നർഥം വരുന്ന Carpus എന്നീ പദങ്ങൾ ചേർന്നതാണ് ജനുസ്സ് നാമം. രോമമുള്ളത് എന്നാണ് സ്പീഷീസ് നാമം സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ Monkey Jack; Wild jack എന്നീ പേരുകളുണ്ട്. അംബുപനസഃ; സ്ഥൂലസ്കന്ധ എന്നിവയാണ് സംസ്കൃതത്തിലുള്ള പേരുകൾ. മോറേസിയേ (Moraceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.

ആഞ്ഞിലിയുടെ ചുളയും കുരുവും ഭക്ഷ്യയോഗ്യമാണ്. ചുള ശരീരപുഷ്ടിയും ബലവും നൽകുന്നു. കുരു വറുത്തു കഴിക്കാറുണ്ട്. 1682ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ​വോള്യത്തിൽ ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഇല ഉണക്കി ചൂടാക്കി സന്ധികളിൽ വെച്ചാൽ സന്ധിവേദനയും സന്ധികളിലെ പിരിമുറുക്കവും കുറയും. വൃഷണത്തിലെ നീരിനും ഇത് ചികിത്സയാണ്. കുറയും. രക്തസ്രാവം നിയന്ത്രിക്കാൻ ഇത് മഞ്ഞളുമായി ചേർത്ത് ചതച്ച് മുറിവുള്ളിടത്ത് വെച്ചാൽ മതി. കായ് വറുത്ത് ചതച്ച് ഉൾലിയുമായി ചേർത്ത് പുളിപ്പിച്ച പാലിൽ വറുത്ത് മലദ്വാരത്തിൽ പുരട്ടിയാൽ രക്തസ്രാവത്തിന്റെ വേദന മാറിക്കിട്ടും.”

ഉണങ്ങിയ ഇലയുടെ ചാരം വൃഷണവീക്കത്തിനും കഴലവേദനക്കും മറ്റു മരുന്നുകളോടൊപ്പം കൂട്ടിവെച്ചു കെട്ടാറുണ്ട്. തൊലിയുടെ കഷായം ശരീരത്തിലുണ്ടാകുന്ന ചെറിയ തരം കുരുവിനു പുറമേ ഉപയോഗിക്കാറുണ്ട്. ഈ മരത്തിന്റെ തടി മരപ്പണിക്ക് ഉത്തമമാണ്. വഞ്ചി നിർമാണത്തിലും ആഞ്ഞിലിത്തടി ഉപയോഗിക്കുന്നു. മരത്തൊലിയിൽനിന്നും ചായം എടുത്തിരുന്നു. ഏറെ മധുരവും സ്വാദുമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.

കേരളത്തിൽ ഇപ്പോൾ ചില തെരുവോരങ്ങളിലും പഴക്കടകളിലും വിൽപനക്ക് വെച്ചിരിക്കുന്നതായി കാണാം. ഒരു കിലോഗ്രാമിന് 200 രൂപ വരെ വിലയുണ്ട്. ലിമാക്കോഡിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന Parasa lepida എന്ന നിശാശലഭത്തിന്റെ ലാർവകൾ ആഞ്ഞിലിയുടെ ഇലകൾ ആഹരിക്കാറുണ്ട്.

തിരുവല്ല താലൂക്കിലെ ആഞ്ഞിലിത്താനം, എറണാകുളം ജില്ലയിലെ ആഞ്ഞിലിത്തടം, കുന്നത്തു നാട് താലൂക്കിലെ അയിനിച്ചാൽ, പെരിന്തൽമണ്ണയിലെ അയനിക്കാട്, പയ്യോളിക്കടുത്തുള്ള അയനിക്കാട്, നിലമ്പൂർ താലൂക്കിലെ അയനിക്കോട് എന്നീ സ്ഥലനാമങ്ങൾ അയിനി മരവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.

Tags:    
News Summary - Crop circles in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.