കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിലാവുമോ? എന്താണ് പദ്ധതിയുടെ പ്രശ്നങ്ങൾ? ‘‘കേട്ട ഗാനം മധുരം, കേൾക്കാനിരിക്കുന്നതോ മധുരതരം.’’ ഭാവികേരളത്തിന്റെ ഒരു രൂപരേഖയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ എന്നനിലയിലും ഗവർണറുടെ നയപ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘‘കേട്ട വാർത്തകൾ ഭീകരം, കേൾക്കാനിരിക്കുന്നത് ഭീകരതരം’’ എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ പാരഡിയാണ് ഓർമവരുന്നത്. ചങ്ങാത്ത മുതലാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന അങ്ങേയറ്റം ജനവിരുദ്ധവും പാരിസ്ഥിതിക വിരുദ്ധവുമായ...
കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിലാവുമോ? എന്താണ് പദ്ധതിയുടെ പ്രശ്നങ്ങൾ?
‘‘കേട്ട ഗാനം മധുരം, കേൾക്കാനിരിക്കുന്നതോ മധുരതരം.’’
ഭാവികേരളത്തിന്റെ ഒരു രൂപരേഖയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ എന്നനിലയിലും ഗവർണറുടെ നയപ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘‘കേട്ട വാർത്തകൾ ഭീകരം, കേൾക്കാനിരിക്കുന്നത് ഭീകരതരം’’ എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ പാരഡിയാണ് ഓർമവരുന്നത്. ചങ്ങാത്ത മുതലാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന അങ്ങേയറ്റം ജനവിരുദ്ധവും പാരിസ്ഥിതിക വിരുദ്ധവുമായ നയങ്ങളെ സംബന്ധിച്ച് ഒരു പരാമർശവും ഇതിലില്ല. തെരഞ്ഞെടുപ്പ് റിസൽട്ടിന്റെ പ്രഖ്യാപനത്തിനുമുമ്പ് നിയുക്ത മുഖ്യമന്ത്രിയും അദാനിയുടെ സി.ഇ.ഒയുമായി നടത്തിയ യാത്രയും ആശങ്കയുളവാക്കുന്നതാണ്.
ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. കടലാമപോലുള്ള നിസ്സാരമായ വിഷയങ്ങളിൽ ഊന്നുകയും സുപ്രധാനമായ വിഷയങ്ങളെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. ആമക്ക് മുന്നേയുള്ള അവതാരമായ മത്സ്യത്തെ വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതുന്ന വിപൽക്കരമായ സ്വകാര്യവത്കരണ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കടൽത്തീരവും തീരക്കടലും കൈയടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോറുകൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിലാവുകയാണ്.
കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കോറിഡോർ വരുന്നത്. കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴിയെ സംബന്ധിച്ച കേരള സർക്കാർ മുന്നോട്ടു വെച്ച ഇടനാഴിക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ നിർദേശം പൊതുമേഖല സ്ഥാപനത്തെ ശക്തിപ്പെടുത്തുക എന്നതാണ്. പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച ഉൽപാദനവും. സംഭരണവും വിപണനവും പൊതുമേഖലയിൽ ആയിരിക്കണമെന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ നിലപാടുകളാണ് ഇതിൽ പ്രതിഫലിച്ചിരിക്കുന്നത്. കേന്ദ്രമാകട്ടെ, സർവവ്യാപിയായ സ്വകാര്യവത്കരണ നടപടിയുടെ ഭാഗമായി ഇതിനെ മാറ്റിത്തീർത്തിരിക്കുകയാണ്. മേൽപ്പറഞ്ഞ തീരദേശ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുന്ന 1500 ടൺ ശേഷിയുള്ള അഞ്ച് സംസ്കരണശാലകളിൽ ഒന്ന് കേരളത്തിന് നൽകുമത്രേ!
കേരളത്തിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷം ടൺ മോണോ സൈറ്റുണ്ട്. ഇവയുടെ മൂല്യം 4000 കോടി രൂപയോളം വരും. ഇൽമനൈറ്റ്, റൂടൈൽ സിലിമനൈറ്റ്, സിർക്കോൺ തുടങ്ങിയവ വേർതിരിച്ച ശേഷം അവശേഷിച്ച ധാതുമണലിൽ 25 ശതമാനം മോണോസൈറ്റും 60 ശതമാനം അപൂർവ ധാതുക്കളുമാണ്. ഇവ വേർതിരിച്ചെടുക്കുന്ന ട്രാക്കിങ് പ്ലാന്റുമായി ബന്ധപ്പെട്ട കേരളം കെൽട്രോണും കെ.എം.എം.എല്ലും, കോൾ ഇന്ത്യ ലിമിറ്റഡും അടക്കം പങ്കാളിത്തമുള്ള മൂന്ന് പൊതുമേഖല സംയുക്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്രമാകട്ടെ തങ്ങളുടെ പൊതുവായ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായി ഈ പ്രവർത്തനങ്ങളെയും മാറ്റിത്തീർക്കുകയാണ്. ഈ മേഖലയിൽ 2040ഓടെ സ്വയംപര്യാപ്തത കൈവരിക്കുകയാണത്രേ കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം.
ഇലക്ട്രിക് വാഹനം, ക്ലീൻ എനർജി, ഇലക്ട്രോണിക്സ്, പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ അപൂർവ ലോകങ്ങൾക്ക് ലോകം ചൈനയെ ആശ്രയിക്കുന്ന ഒരു സാഹചര്യമാണിന്ന്. ഇത്തരം അപൂർവ ലോഹങ്ങളുടെ 60 ശതമാനം ഉൽപാദനവും 95 ശതമാനം സംസ്കരണവും നടക്കുന്നത് ഇപ്പോൾ ചൈനയിലാണ്. ലിഥിയം ചൈനയിലും തെക്കേ അമേരിക്കയിലും; കൊബാൾട്ട് കോംഗോയിലും ഫിലിപ്പീൻസിലും; നിക്കൽ ഇന്തോനേഷ്യയിലും നിന്നാണ് ഇപ്പോൾ ലഭ്യമാകുന്നത്. ജമ്മു-കശ്മീരിലെ റീസി ബ്ലോക്കിൽനിന്നും 5.9 ദശലക്ഷം ടൺ ലിഥിയം കണ്ടെത്തപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ക്വാഡ്രിലാറ്ററൽ കരാർ പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്.
ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുക എന്ന നിലയിൽ 2002ലെ നമ്മുടെ ഖനന നിയമം 2023ൽ ഭേദഗതി ചെയ്യുകയുണ്ടായി. 2025 ജനുവരിയിൽ ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ രേഖയും പുറത്തിറക്കുകയുണ്ടായി. നാലാൾ പോലും കൂടുന്നത് നിയമവിരുദ്ധവും അസാധ്യവുമായ കോവിഡ് കാലത്താണ് ഇന്ത്യ സർക്കാർ അതിന്റെ ബ്ലൂ ഇക്കോണമി രേഖകൾ പുറപ്പെടുവിച്ചത്. 607 പേജുകളുള്ള ഈ ഏഴ് പുസ്തകങ്ങളിൽ ആറാമത്തെ പുസ്തകത്തിലാണ് പുറംകടൽ ഖനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 2018ൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർമാൻ ഡോ. ശൈലേഷ് നായിക് അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിക്കുകയുണ്ടായി.
ഇന്ത്യയുടെ കടലുകളെ അഞ്ചായി ഭാഗിച്ച് വിവിധ മേഖലകളിൽനിന്നും ലഭ്യമാകുന്ന ധാതുക്കളെ സംബന്ധിച്ച് ഈ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കടൽത്തീരത്തുനിന്നും ആരംഭിച്ച് 100 മീറ്റർ ആഴം വരെയുള്ള പ്രദേശത്തുനിന്നും ലഭ്യമാകുന്ന കരിമണൽ-പ്ലേസർ മിനറൽസ്- ഇതിൽ ഒന്നാം ഭാഗത്ത് വരുന്നു. ആയിരം മീറ്റർ ആഴം വരെയുള്ള ഭാഗത്തുനിന്നും ലഭ്യമാകുന്ന ഫോസ്ഫോറൈറ്റ്സ്, കടലിനടിയിലെ അഫാനസി-നികിതിൻ പോലുള്ള പർവത ശിഖരങ്ങളുടെ മുകൾഭാഗത്തുനിന്നും ലഭ്യമാകുന്ന കൊബാൾട്ട് ക്രസ്റ്റ്, 4000 മീറ്റർ ആഴം വരെയുള്ള പ്രദേശത്തുനിന്നും ലഭിക്കുന്ന പോളി മെറ്റാലിക് സൾഫൈഡുകൾ 4000 മുതൽ 6000 മീറ്റർ വരെ താഴെ പരന്നുകിടക്കുന്ന ആഴക്കടലിൽനിന്നും ലഭ്യമാകുന്ന മാംഗനീസ് നൊഡ്യൂളുകൾ എന്നിവയാണിവ. ഇവയുടെ മൂല്യം 178 ബില്യൺ ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലിന് (പ്ലേസർ മിനറൽസ്) 120 ബില്യൺ ഡോളറാണ് മൂല്യം.
കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ഡോ. സൈലേഷ് നായിക് കമ്മിറ്റിയാണ് ഈ കണക്കെടുപ്പുകൾ നടത്തിയിരിക്കുന്നത്. ഇവയുടെ ഖനനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയിരം മീറ്റർ ആഴം വരെ പ്രവർത്തിക്കുന്ന ഡ്രഡ്ജറുകളും റിമോട്ട് ഓപറേറ്റഡ് വെഹിക്കിളുകളും ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിളുകളും സീബെഡ് ക്രോളേഴ്സും ഓട്ടോണമസ് സ്കോറേഴ്സും മാൻസ് സബ്മെഴ്സിബിൾ ഉപകരണങ്ങളും ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം വികസിപ്പിച്ച മത്സ്യ-6000 ഉപകരണങ്ങളും അടക്കം ആധുനികമായ യന്ത്രങ്ങൾ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. റെയർ എർത്തിൽ ചൈനക്കുള്ള ഏകപക്ഷീയമായ മേധാവിത്വം തകർക്കുക എന്ന സാമ്രാജ്യത്വ അജണ്ടകൂടി ഇതിന്റെ ഭാഗമായുണ്ട്.
കരിമണലിൽ മോണോസൈറ്റ്, ഇൽമനൈറ്റ്, സില്ലിമി നൈറ്റ്, സിർക്കോൺ, റൂടൈൽ, കിയാനെറ്റ് തുടങ്ങിയവ ഉൾപ്പെടും. നമ്മുടെ കെ.എം.എം.എല്ലിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷം ടൺ മോണോസൈറ്റ് ഉണ്ട്. ഇൽമനൈറ്റ്, റൂടൈൽ സിലിമനൈറ്റ്, സിർക്കോൺ എന്നിവ വേർതിരിച്ച ശേഷമുള്ള മണലിൽ 25 ശതമാനം മോണോസൈറ്റും 60 ശതമാനം അപൂർവ ധാതുക്കളും ഉണ്ട്. ഇവയുടെ സംസ്കരണവും വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളം കൊച്ചി-നീണ്ടകര-വിഴിഞ്ഞം ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽട്രോൺ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളാണ് ഈ ഇടനാഴിയുടെ ഭാഗമായി വരിക. കേന്ദ്രത്തിന്റെ ഇടനാഴിയിൽ സ്വകാര്യ സംരംഭങ്ങൾക്കാണ് മുൻഗണന. ഭരണഘടനയുടെ ആർട്ടിക്കിൾ 249 ലിസ്റ്റ് 21 ഷെഡ്യൂൾ 2 പ്രകാരം 12 നോട്ടിക്കൽ മൈൽ വരെ വരുന്ന കടലിലെ പരിപൂർണ സാമ്പത്തിക-പരിപാലന അവകാശം സംസ്ഥാനങ്ങൾക്കാണ് -ഈ അവകാശം എടുത്തുമാറ്റുകയും കേന്ദ്രം നേരിട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പരിപാടിയാണിത്.
2023ല്‍ അപൂർവ ധാതുക്കളുടെ ഉത്ഖനനവുമായി ബന്ധപ്പെട്ട രേഖ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം ഇന്ത്യയുടെ വൻകിട കമ്പനികൾ ഈ മേഖലയിൽ നിക്ഷേപം ആരംഭിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 10 കമ്പനികൾ വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. ടാറ്റ തമിഴ്നാട് സർക്കാറുമായി 1500 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവെച്ചു. 2004ലെ സൂനാമിക്കുശേഷം വൻതോതിൽ തമിഴ്നാട് ഭാഗത്ത് ഇൽമനൈറ്റ് അടിഞ്ഞതാണ് അവരുടെ താൽപര്യം. റഷ്യൻ കമ്പനിയുമായി ചേർന്ന് അവർ ഒഡിഷ സർക്കാറുമായും കരാർ ഒപ്പിട്ടിട്ടുണ്ട്. ബി.ജെ.പി സർക്കാറിന്റെ പ്രധാന പ്രതിപുരുഷനായ ഗൗതം അദാനി 2024ൽതന്നെ ആന്ധ്ര കേന്ദ്രീകരിച്ച് അലൂവിയൽ ഹെവി മിനറൽസ് ലിമിറ്റഡും ഒഡിഷ കേന്ദ്രീകരിച്ച് പുരി നാച്ചുറൽ റിസോഴ്സ് ലിമിറ്റഡും സ്ഥാപിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡുമായി ബന്ധപ്പെട്ടുകൂടി ഈ വിഷയം നാം പരിഗണിക്കണം.
പ്രകൃതി വിഭവങ്ങളുടെ ദയാരഹിതമായ ചൂഷണം സ്വകാര്യസ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്ന കാലമാണിത്. കേരളത്തിൽതന്നെ കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് കൊല്ലം അടക്കമുള്ള കടലിലെ മൂന്ന് ബ്ലോക്കുകൾ അടക്കം 13 ബ്ലോക്കുകൾ ലേലംചെയ്യാനുള്ള തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധംമൂലം ഇനിയും നടപ്പായിട്ടില്ല. ഒമ്പതു തവണ ടെൻഡർ വിളിച്ചിട്ടും ടെൻഡർ എടുക്കാൻ ആരും വന്നിട്ടുമില്ല. കൊല്ലത്ത് 302 ദശലക്ഷം ടൺ ശുദ്ധമണലാണ്, 242 ചതുരശ്ര കിലോമീറ്ററിൽനിന്നും എടുക്കാൻ തീരുമാനിച്ചത്. എല്യൂട്രിയേഷൻ എന്ന പ്രക്രിയ വഴി ഇതിൽനിന്നും ധാതുമണലും ഊറ്റിയെടുക്കാനാവും.
ഇത് കേരളത്തിന്റെ അനുഭവപാഠമാണ്. തമിഴ്നാട്ടിലെ മധുര ജില്ലയിൽ നായ്ക്കർപട്ടി എന്ന സ്ഥലത്ത് 2500 ഹെക്ടർ പ്രദേശത്തുനിന്നും ടങ്സ്റ്റൺ ഖനനംചെയ്തെടുക്കാനുള്ള വേദാന്ത കമ്പനിയുടെ നീക്കത്തിനെതിരെ അവിടത്തെ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയതും പരിപാടിയെ ചെറുത്തു പരാജയപ്പെടുത്തിയതും നാം കാണണം. ആന്ധ്രയിലെ വിശാലമായ കൃഷ്ണ-ഗോദാവരി പ്രദേശത്ത് ഒ.എൻ.ജി.സി വികസിപ്പിച്ചെടുത്ത എണ്ണപ്പാടങ്ങൾ അംബാനിക്ക് കൈമാറിയതിനുശേഷം അവരുമായി നടക്കുന്ന വ്യവഹാരങ്ങളിൽനിന്നും ഇനിയും ഇന്ത്യ പാഠം പഠിച്ചിട്ടില്ല. സർവവ്യാപിയായ സ്വകാര്യവത്കരണത്തിനെതിരെയും പ്രകൃതിവിഭവങ്ങളുടെ പുതിയ രൂപത്തിലുള്ള കൊള്ളക്കെതിരെയും രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. ഗ്രേറ്റ് നികോബാർ ദ്വീപിന്റെ വികസനം എന്നപേരിൽ നടപ്പാക്കുന്ന വൻകിട തുറമുഖ പദ്ധതിയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
കാലവർഷത്തിന്റെ മുന്നോടിയായി മഴ മേഘങ്ങൾ രൂപപ്പെടുന്ന ഈ പ്രദേശത്തുനിന്നും 10 ലക്ഷത്തോളം മരങ്ങൾ വെട്ടിവീഴ്ത്തുന്ന പദ്ധതിയാണിത്. ഛത്തിസ്ഗഢിലെ അരാന്ദാ-ഹാസ്ദേവ് നദികൾക്കിടയിലെ വിശാലമായ വനമേഖല, ഭരണഘടനയെ അടക്കം ഭേദഗതിചെയ്ത് കൽക്കരി ഖനനത്തിനായി അദാനിക്കു വിട്ടുകൊടുക്കുകയും ഓപറേഷൻ കഗാറിന്റെ പേരിൽ ആദിവാസികളെ അടക്കം നിർമൂലനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായി വിപുലമായ ബഹുജനപ്രസ്ഥാനം രൂപവത്കരിക്കേണ്ടതുണ്ട്, കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികളെയും സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ഒരു ബ്ലാക്ക് ഇക്കോണമിയായി മാറിയിരിക്കുകയാണ് -പത്തുവർഷമായി പസഫിക് സമുദ്രത്തിലെ ക്ലാരിയർ ക്ലിപർട്ടൺ പ്രദേശത്തുനിന്നും മാംഗനീസ് നൊഡ്യൂൾസ് ഖനനം ചെയ്യാനുള്ള പ്രവർത്തനം നടത്തുന്ന നൗട്ടിലസ് മിനറൽസ് എന്ന സ്ഥാപനം പാപ്പരായതിൽനിന്നുപോലും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്നോ..?
============
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) യുടെ സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.