ആൽബെർടൈൻ പരിശീലനം

മാർസെൽ പ്രോസ്റ്റിന്റെ ഏഴു ഭാഗങ്ങളുള്ള നോവലായ ‘A la recherche du temps perdu (In Search of Lost Time)വിനെ –പ്രത്യേകിച്ച് അതിലെ അഞ്ചാം ഭാഗത്തെ അധികരിച്ച് ആൻ കാസൻ രചിച്ച കൃതിയാണ് ‘ആൽബെർടൈൻ പരിശീലനം’. 1. ആൽബെർട്ട് എന്നത് ആൺകുട്ടിക്ക് വ്യാപകമായി ഉപയോഗിക്കുന്ന പേരാണെങ്കിലും ആൽബെർടൈൻ, ആ പേര്, ഫ്രാൻസിലെ ഒരു പെൺകുട്ടിക്ക് സാധാരണമല്ല. 2. ആൽബെർടൈന്റെ പേര് പ്രോസ്റ്റിന്റെ നോവലിൽ 2363 തവണ വരുന്നു -മറ്റേത് കഥാപാത്രത്തിന്റെ പേരിനേക്കാളുമധികം. 3. പ്രോസ്റ്റിന്റെ നോവലിൽ 807 പേജുകളിൽ ആൽബെർടൈൻ സ്വയം ഹാജരാവുകയോ പരാമർശിക്കപ്പെടുകയോ ചെയ്യുന്നു. 4. ഏതാണ്ട് 19 ശതമാനം പേജുകളിൽ അവൾ ഉറക്കത്തിലാണ്. 5. ചില നിരൂപകരെ സംബന്ധിച്ചിടത്തോളം -ആന്ദ്രേ ഗിദെ...

മാർസെൽ പ്രോസ്റ്റിന്റെ ഏഴു ഭാഗങ്ങളുള്ള നോവലായ ‘A la recherche du temps perdu (In Search of Lost Time)വിനെ –പ്രത്യേകിച്ച് അതിലെ അഞ്ചാം ഭാഗത്തെ അധികരിച്ച് ആൻ കാസൻ രചിച്ച കൃതിയാണ് ‘ആൽബെർടൈൻ പരിശീലനം’.

1.

ആൽബെർട്ട് എന്നത് ആൺകുട്ടിക്ക് വ്യാപകമായി ഉപയോഗിക്കുന്ന പേരാണെങ്കിലും ആൽബെർടൈൻ, ആ പേര്, ഫ്രാൻസിലെ ഒരു പെൺകുട്ടിക്ക് സാധാരണമല്ല.

2.

ആൽബെർടൈന്റെ പേര് പ്രോസ്റ്റിന്റെ നോവലിൽ 2363 തവണ വരുന്നു -മറ്റേത് കഥാപാത്രത്തിന്റെ പേരിനേക്കാളുമധികം.

3.

പ്രോസ്റ്റിന്റെ നോവലിൽ 807 പേജുകളിൽ ആൽബെർടൈൻ സ്വയം ഹാജരാവുകയോ പരാമർശിക്കപ്പെടുകയോ ചെയ്യുന്നു.

4.

ഏതാണ്ട് 19 ശതമാനം പേജുകളിൽ അവൾ ഉറക്കത്തിലാണ്.

5.

ചില നിരൂപകരെ സംബന്ധിച്ചിടത്തോളം -ആന്ദ്രേ ഗിദെ ഉൾ​െപ്പടെ -ആൽബെർടൈൻ പ്രോസ്റ്റിന്റെ സാരഥി ആൽഫ്രെഡ് അഗോസ്റ്റിനെല്ലിയുടെ കൽപവേഷമാണ്. ഇതിനെ അവസ്ഥാന്തരമെന്നു വിളിക്കുന്നു.

6.

ആഖ്യാതാവിന്റെ കാൽപനികവും മനോലൈംഗികവും ധാർമികവുമായ കടുംപിടിത്തങ്ങളാണ് ഏഴു ഭാഗങ്ങളുള്ള നോവലിന്റെ അഞ്ചാം ഭാഗത്തിലുടനീളം ‘ആൽബെർടൈനി’ൽ നിറച്ചു​െവച്ചിരിക്കുന്നത്.

7.

ഫ്രഞ്ച് ഭാഷയിൽ ‘La Prisonniere’ എന്നും ഇംഗ്ലീഷ് ഭാഷയിൽ ‘The Captive’ എന്നും പേരുള്ള അഞ്ചാം ഭാഗം സമയക്കുറവുള്ള വായനക്കാർക്ക് സുരക്ഷിതമായും പൂർണമായും ഒഴിവാക്കാവുന്നതാണെന്ന് പ്രോസ്റ്റിന്റെ രചനകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ളയാളെന്ന് ലോകസമ്മതനായ റോജർ ഷാറ്റക് പുരസ്കാരത്തിനർഹമായ തന്റെ 1974ലെ പഠനത്തിൽ പറഞ്ഞിരിക്കുന്നു.

8.

ആൽബെർടൈന്റെ പ്രശ്നങ്ങൾ ഇവയാണ്:

(ആഖ്യാതാവിന്റെ കാഴ്ചപ്പാടിൽ)

അ. നുണപറയുന്നു

ആ. ലെസ്ബിയൻ

(ആൽബെർടൈന്റെ ദൃഷ്ടികോണിൽനിന്ന്)

അ. ആഖ്യാതാവിന്റെ വീട്ടിൽ തടവിലായിരുന്നു.

9.

സംഗീതത്തോടുള്ള അവളുടെ വിപ്രതിപത്തി, ഒരുപാടു തവണ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു പ്രശ്നമല്ല.

10.

നോവലിൽ ഒരിടത്തും ആൽബെർടൈൻ ആഖ്യാതാവിനെ അയാളുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്യുന്നില്ല. അവൾ മാത്രമല്ല, ആരുമത് ചെയ്യുന്നില്ല. നോവലിന്റെ രചയിതാവിന്റെ ആദ്യനാമം തന്നെയായിരിക്കാം ആഖ്യാതാവിന്റെ ആദ്യനാമമെന്ന സൂചന ലഭിക്കുന്നുണ്ട് -അതായത് മാർസെൽ. നമുക്കതുമായി മുന്നോട്ടുപോകാം.

11.

മാർസെൽ അവളെ ചോദ്യം ചെയ്യുമ്പോൾ താനൊരു ലെസ്ബിയനാണെന്നത് ആൽബെർടൈൻ നിഷേധിക്കുന്നുണ്ട്.

12.

ലെസ്ബിയനാണ് അവളുടെ സുഹൃത്തുക്കളെല്ലാം.

13.

അവളുടെ നിഷേധം അയാളെ ആകർഷിക്കുന്നു.

14.

അവളുടെ സുഹൃത്തുക്കളും അയാളിൽ കൗതുകമുണർത്തുന്നു. പ്രത്യേകിച്ചും അയാളുടെ ഗേ സുഹൃത്തുക്കളുമായുള്ള അവരുടെ വൈരുധ്യങ്ങളാൽ. അയാളുടെ സുഹൃത്തുക്കൾ ഏറെ പ്രച്ഛന്നതയുള്ളവരാണ്. അവളുടെ സുഹൃത്തുക്കൾ ബീച്ചിൽ ‘തങ്ങളെ പ്രദർശിപ്പിക്കുക’യും ഭക്ഷണശാലകളിൽ അവർ ചുംബിക്കുകയും ചെയ്യുന്നു.

15.

വളരെ കഠിനമായും ജാഗ്രതയോടെയും ചോദ്യം ചെയ്യുന്നുവെങ്കിലും സ്ത്രീകൾ തമ്മിലെന്താണ് യഥാർഥത്തിൽ ചെയ്യുന്നതെന്ന് (സ്ത്രൈണാനന്ദത്തിന്റെ ഹൃദയം തുടിപ്പിക്കുന്ന ഈ കൃത്യത) കണ്ടെത്താനാവുന്നില്ല.

16.

ആൽബെർടൈനും പറയുന്നു അവൾക്കറിയില്ലെന്ന്.

17.

ആൽബെർടൈനെ മാർസെൽ തന്റെ വീട്ടിൽ തടവിലാക്കുന്നതോടെ, അയാളുടെ വികാരങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. അവളുടെ സ്വാതന്ത്ര്യമാണ് അയാളെ ആദ്യമാകർഷിച്ചത് -അവളുടെ വസ്ത്രങ്ങളിൽ കാറ്റ് തരംഗമാലകൾ തീർത്ത വിധം. അന്നേരത്തെ ആകർഷണത്തിനു പകരമിപ്പോൾ മടുപ്പ് നിറയുന്നു. അയാൾ പറയുംപോലെ, അവളിപ്പോൾ ‘ഭാരവത്തായ ഒരടിമ’യായി തീർന്നിരിക്കുന്നു.

18.

കാമനയെക്കുറിച്ചുള്ള മാർസെലിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇതു പ്രവചനീയമാണ്. മറ്റൊരു വ്യക്തിയെ കൈവശപ്പെടുത്തുന്നതിനെ അവളുടെ ‘മനസ്സിന്റെ അന്യത്വത്തെ മായ്ച്ചുകളയലു’മായാണ് അയാൾ തുലനപ്പെടുത്തുന്നത്. അതേസമയം, അയാൾക്ക് മറ്റൊരു വ്യക്തിയെ അഭിലഷണീയമാക്കുന്നത് അന്യത്വത്തിന്റെ പ്രദർശനവുമാണ്.

19.

അത്തരമൊരു വസ്തുത നിൽക്കേ, അവളൊരു ലെസ്ബിയനാണെങ്കിൽ അയാൾക്കവളുടെ മനസ്സ് എങ്ങനെ സ്വന്തമാക്കാനാവും?

20.

അയാളുടെ കുതൂഹലം തുടരുന്നു.

21.

മാർസെൽ ആദ്യമവളെ കാണുമ്പോൾ ബീച്ചിനു കുറുകെ പരന്ന സ്പോർട്സ് തൊപ്പിയും ​െവച്ച് സൈക്കിൾ ഉന്തുന്ന പെൺകുട്ടിയായിരുന്നു ആൽബെർടൈൻ. ഈ ദൃശ്യത്തിലേക്കാണ് അയാൾ പലപ്പോഴും പോയിക്കൊണ്ടിരുന്നത്.

22.

ആൽബെർടൈന് ഒരു കുടുംബമോ തൊഴിലോ അഭിവൃദ്ധിയോ ഇല്ല. വളരെ പെട്ടെന്ന് അവൾ മാർസെലിന്റെ വീട്ടിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അവിടെയവൾക്ക് സ്വന്തമായൊരു കിടപ്പറയുണ്ട്. മറ്റെന്തില്ലെങ്കിലും അവൾ ‘അനുസരണത്വമുള്ളവളാണെന്ന്’ അയാൾ ഊന്നിപ്പറയുന്നുണ്ട്. (മുകളിൽ ‘ഭാരവത്തായ അടിമ’യെന്ന് ആൽബെർടൈനെ വിശേഷിപ്പിച്ചത് ശ്രദ്ധിക്കുക.)

23.

മുന്നിൽനിന്ന് ആൽബെർടൈന്റെ മുഖം ആകർഷകവും സുന്ദരവുമാണ്. എന്നാൽ, മാർസെലിനെ ഭയംകൊണ്ടു മൂടും വിധം അവൾക്ക് വളയൻ മൂക്കുണ്ട്, വശക്കാഴ്ചയിൽ. അയാളവളുടെ മുഖം കൈകളാൽ കോരി, അതിന്റെ സ്ഥാനം മാറ്റും.

24.

മാർസെലിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന ആൽബെർടൈന്റെ നില ആൽബെർടൈന്റെ ഉറക്കമാണ്.

25.

അവളുറങ്ങുമ്പോൾ, അവളൊരു സസ്യമായിത്തീരുന്നു-അയാൾ പറയും.

26.

സസ്യങ്ങൾ യാഥാർഥത്തിൽ ഉറങ്ങാറില്ല. അവ നുണപറയുകയോ വഞ്ചന പറയുകയോ ചെയ്യാറില്ല. എന്തുതന്നെയായാലും അവ തങ്ങളുടെ ജനനേന്ദ്രിയങ്ങൾ തുറന്നുകാട്ടും.

27.

അ. ചിലപ്പോൾ ഉറക്കത്തിൽ ആൽബെർടൈൻ തന്റെ കിമോണോ ഊരിയെറിയുകയും നഗ്നയായി കിടക്കുകയും ചെയ്യും.

ആ. ചിലപ്പോൾ ആ സമയങ്ങളിൽ മാർസെൽ അവളെ സ്വന്തമാക്കും.

ഇ. ആൽബെർടൈൻ ഉണരുന്ന ലക്ഷണം കാണിക്കില്ല.

28.

അത്തരം നിമിഷങ്ങളുടെ ഉടമ താനാണെന്ന് മാർസെൽ കരുതുന്നതായി തോന്നും.

29.

ഒരുപക്ഷേ, അയാൾ തന്നെയായിരിക്കാം. ഈ സന്ദർഭത്തിൽ, ആനുഷംഗികമായി, സമയമനുവദിക്കുമെങ്കിൽ, ആൽബെർടൈനും ഒഫീലിയയും -‘ഹാംലറ്റി’ലെ ഒഫീലിയ- തമ്മിലുള്ള സാദൃശ്യങ്ങളെക്കുറിച്ച് അനവധി നിരീക്ഷണങ്ങൾ നടത്താവുന്നതാണ്. സസ്യങ്ങളുടെ ലൈംഗികജീവിതത്തിൽനിന്ന് തുടങ്ങണം. സ്ത്രൈണ കാമനയുടെ ഭാഷയായി സസ്യങ്ങളെ ഉപയോഗിക്കുന്നതിൽ പ്രോസ്റ്റും​ േഷക്സ്പിയറും ഒരുപോലെ ആനന്ദം കണ്ടെത്തുന്നുണ്ട്. ഒഫീലിയയെപ്പോലെ ആൽബെർടൈനും അവളുടെ കാമുകന് വിടരുന്ന പെൺകുട്ടിത്തമാണ്. അതേസമയം അവർ വന്ധ്യംകരണവും ദുരന്തവും ഭീഷണിയും ശുദ്ധപ്രതിബന്ധവുമാണ്. ഒഫീലിയയെപ്പോലെ ആൽബെർടൈനും അതിതീവ്രമായ ലൈംഗിക തൃഷ്ണയുടെ പേരിൽ പഴിക്കപ്പെടുന്നവളാണ്. എന്നാൽ ലൈംഗികതയുടെ പ്രകാശനം അവൾക്കു നിഷിധം. ഒഫീലിയ അവളുടെ ലൈംഗിക തൃഷ്ണയെ നദിയിലേക്കെടുക്കുകയും ജലസസ്യങ്ങൾക്കിടയിൽ മുക്കിക്കളയുകയും ചെയ്യുന്നു. ആൽബെർടൈനാകട്ടെ, അവളുടേതിനെ നിദ്രാസസ്യത്തിന്റെ കപടബോധത്തിലേക്ക് വക്രീകരിക്കുന്നു. ഈ രണ്ടു സന്ദർഭങ്ങളിലും പുരുഷനാണ് തിരക്കഥയുടെ നിയന്ത്രണം കൈയാളുന്നത്. എന്നിരുന്നാലും സ്ത്രീയുടെ തന്ത്രങ്ങൾക്കകത്ത് അവൻ കുരുങ്ങിപ്പോകുന്നു. മറ്റൊരുവശത്ത്, ആരാരെയാണ് വഞ്ചിക്കുന്നതെന്നു പറയുക ബുദ്ധിമുട്ടാണ്.

30.

ആൽബെർടൈന്റെ ചിരിക്ക് തെച്ചിപ്പൂവിന്റെ നിറവും മണവും.

31.

മാർസെൽ ആൽബെർടൈന് താനവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെന്ന തോന്നലുളവാക്കുന്നുണ്ട്. പക്ഷേ, അയാളത് ചെയ്യുന്നില്ല. അവളയാളെ മടുപ്പിക്കുന്നു.

 

32.

ആൽബെർടൈന്റെ കണ്ണുകൾ നീല നിറമാർന്നതും കുറുമ്പുള്ളതുമാണ്. ഇരുണ്ട തരംഗങ്ങൾപോലെയാണ് അവളുടെ തലമുടി.

33.

തുറന്ന ഏതു വാതിലിലൂടെയും അകത്തു പ്രവേശിക്കുകയും യജമാനനരികിൽ അയാളുടെ കിടക്കയിൽ കിടക്കുകയും സ്വന്തമിദം കണ്ടെത്തുകയും ചെയ്യുന്ന വളർത്തുമൃഗത്തിന്റേതുപോലുള്ള പെരുമാറ്റമാണ് മാർസെലിന്റെ വീട്ടിൽ ആൽബെർടൈന്റേത്. വിളിക്കാതെ അയാളുടെ മുറിയിൽ കയറരുതെന്ന് ആൽബെർടൈനെ മാർസെലിന് പരിശീലിപ്പിക്കേണ്ടി വരുന്നുണ്ട്.

34.

ദുഷിച്ച സ്വാധീനങ്ങളെന്നു കരുതുന്ന എല്ലാ സുഹൃത്തുക്കളിൽനിന്നും മാർസെൽ ആൽബെർടൈനെ വേർപെടുത്തുന്നു.

35.

ആൽബെർടൈനോട് മാർസെൽ ഒരിക്കലും ‘ലെസ്ബിയൻ’ എന്ന വാക്കുച്ചരിക്കുന്നില്ല. ‘ഞാൻ എതിർക്കുന്ന തരം സ്ത്രീ’ എന്നാണയാൾ പറയുന്നത്.

36.

അത്തരത്തിൽ ആരെയും തനിക്കറിയില്ലെന്ന് ആൽബെർടൈൻ നിഷേധിക്കുന്നു. അവൾ നുണ പറയുകയാണെന്ന് മാർസെൽ കരുതുന്നു.

37.

ആദിയിൽ ആൽബെർടൈന് വ്യക്തിത്വമുണ്ടായിരുന്നില്ല. തീർച്ചയായും മാർസെലിന് അവളുടെ പെൺസുഹൃത്തുക്കളിൽ നിന്നവളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അവരുടെ പേരുകൾ ഓർക്കാനോ ആരോടാണ് പ്രണയാഭ്യർഥന നടത്തേണ്ടതെന്ന് തീരുമാനിക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നിൽ നീലത്തിരകൾ പൊട്ടിച്ചിതറുന്ന ബീച്ചിൽ സൈക്കിളുകൾ ഉന്തുന്നവരെന്ന നിലയിൽ അവർ അയാളുടെ മനസ്സിൽ ഒരു തൂണിടച്ചിത്രം തീർത്തു.

38.

ആൽബെർടൈന്റെ ഈ ചിത്രാത്മകമായ ബഹുത്വം ക്രമേണ വഴക്കമേറിയതും ധാർമികമായതുമായ ബഹുത്വങ്ങളായി പരിണമിച്ചു. ആൽബെർടൈൻ ഒരു ഖരവസ്തുവല്ല. അവൾ അജ്ഞേയമാണ്. മാർസെൽ അയാളുടെ മുഖം അവളുടെ മുഖത്തിനടുക്കലേക്ക് ചുംബിക്കാനായി കൊണ്ടുവരുമ്പോൾ, അവൾ തുടർച്ചയുള്ള പത്തു വ്യത്യസ്ത ആൽബെർടൈനുകളാണ്.

39.

ഒരു രാവിൽ ആൽബെർടൈൻ അവളുടെ പെൺസുഹൃത്തുക്കളുമൊത്ത് കാസിനോയിൽ നൃത്തം ചെയ്യാൻ പോയി.

40.

ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവൾ നുണ പറഞ്ഞു.

41.

പ്രകൃത്യാ നുണച്ചിയല്ല, ആൽബെർടൈൻ.

42.

മാർസെലിനെക്കൂടി ഈ കളിയിലേക്ക് വലിച്ചിടുന്നതുപോലെ, അത്ര മോശമായും വളരെയധികവും നുണ പറഞ്ഞിരുന്നു, ആൽബെർടൈൻ. അവനും നുണ പറയുമായിരുന്നു.

43.

ഈ കേളിയാൽ മാർസെലിന്റെ അസൂയയും വന്ധ്യതയും കാമനയും അവയുടെ മൂർധന്യാവസ്ഥയിലേക്ക് പൊട്ടിത്തെറിച്ചു.

44.

ആരാരെയാണ് വഞ്ചിക്കുന്നതെന്നു പറയുക കഠിനമാണ്. (‘ഹാംലറ്റി’നെക്കുറിച്ച് മുകളിൽ പറഞ്ഞത് കാണുക.)

45.

ഭാഗം അഞ്ചിന്റെ അവസാന ഭാഗത്തോടടുക്കുമ്പോൾ, ആൽബെർടൈൻ ഓടിപ്പോകുന്നുണ്ട്. ജനലുകൾ തുറന്നിട്ടുകൊണ്ട്; രാത്രിയിലേക്ക് അലിഞ്ഞുചേരുന്നുണ്ട്. മാർസെൽ ബഹളം വെക്കുകയും കോപിഷ്ഠനാവുകയും ചെയ്യുന്നുണ്ട്. അയാളവൾക്ക് ഒരു കത്തെഴുതുന്നു. അതിലയാൾ അവൾക്കായി ഒരു കളിനൗകയും റോൾസ് റോയ്സും വാങ്ങാൻ ഉദ്ദേശിച്ചിരുന്നു എന്നും ഇനിയിപ്പോൾ അയാൾ ആ തീരുമാനം റദ്ദാക്കുകയാണെന്നും എഴുതി. കളിനൗകക്ക് 27,000 ഫ്രാങ്ക്സ് -ഏതാണ്ട് 75,000 ഡോളർ- വിലയുണ്ട്. ആ കളിനൗകയിൽ മല്ലാർമേയുടെ കവിതയിൽനിന്ന് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ കൊത്തിവെക്കാൻ ഉദ്ദേശിച്ചിരുന്നു എന്നും അയാളെഴുതി.

46.

അഞ്ചാം ഭാഗത്തിൽ 642ാം പേജിൽ ഒരു സവാരിയപകടത്തിൽ ആൽബെർടൈൻ മരിക്കുന്നത് മാർസെലിനെ അസൂയയിൽനിന്ന് മുക്തനാക്കുന്നില്ല. അയാൾക്ക് മറക്കേണ്ടിവരുന്ന അനേകം ആൽബെർടൈനുകളിൽ ഒരെണ്ണത്തിനെ നീക്കം ചെയ്യുക മാത്രമാണത് ചെയ്തത്. തന്റെ പ്രിയതമ സ്ഥലകാലങ്ങളിൽ സ്വായത്തമാക്കിയ സർവതിലും സ്പർശിക്കാനാവും വരെ അസൂയാലുവായ കാമുകന് വിശ്രമിക്കാനാവില്ല.

47.

പ്രോസ്റ്റിൽ ശരിതെറ്റുകളില്ല -സാമുവേൽ ബെക്കറ്റ് പറയുന്നു. ഞാനത് വിശ്വസിക്കുന്നു. എന്തുതന്നെയായാലും വഞ്ചന- അത് അവ്യക്തപ്രദേശമായി അവശേഷിക്കുന്നു.

48.

അവസ്ഥാന്തര സിദ്ധാന്തത്തിലേക്ക് നമുക്ക് മടങ്ങാം.

49.

1914 മേയ് 30ന് ഫ്രഞ്ച് ദിനപത്രങ്ങളിലെ വാർത്ത: ആൽഫ്രെഡ് അഗോസ്റ്റിനെല്ലി എന്ന ഒരു വൈമാനിക വിദ്യാർഥി ആന്റിബേസിനരികിൽ മെഡിറ്ററേനിയൻ കടലിൽ തന്റെ വിമാനത്തിൽനിന്നു വീഴുകയും മുങ്ങിമരിക്കുകയും ചെയ്തു. അഗോസ്റ്റിനെല്ലി, -നിങ്ങൾ ഓർക്കുന്നുണ്ടാവും- പ്രോസ്റ്റ് തന്റെ സുഹൃത്തുക്കൾക്കെഴുതിയ കത്തുകളിൽ താൻ സ്നേഹിക്കുക മാത്രമല്ല, ആരാധിക്കുകയും ചെയ്യുന്നവനാണെന്ന് രേഖപ്പെടുത്തിയ വ്യക്തിയാണ്. പ്രോസ്റ്റാണ് അഗോസ്റ്റിനെല്ലിക്ക് വിമാനം വാങ്ങി നൽകിയത്. 27000 ​ഫ്രങ്കായിരുന്നു വില. അതിന്റെ ചട്ടക്കൂടിൽ അദ്ദേഹം മല്ലാർമേയുടെ വരികൾ ആലേഖനം ചെയ്തിരുന്നു. ആൽഫ്രഡിന്റെ വ്യോമപാഠങ്ങൾക്ക് പണം ചെലവിട്ടതും പ്രോസ്റ്റാണ്. മാർസെൽ സ്വാൻ എന്ന പേരിൽ വൈമാനിക പാഠശാലയിൽ അവനെ ചേർത്തതും അയാൾതന്നെ. പാഠശാല മൊണാകോയിൽ ആയിരുന്നു. ആൽഫ്രഡ് അവിടെ പഠിച്ചിരുന്നപ്പോൾ അവനെ നിരീക്ഷിക്കാൻ പ്രോസ്റ്റ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭൃത്യൻ ആൽബെർട്ടിനെ അങ്ങോട്ടയച്ചിരുന്നു.

50.

നിയന്ത്രണം വിട്ടു പാഞ്ഞ കുതിരപ്പുറത്തുനിന്നു വീണ് കഥയിൽ ആൽബെർടൈൻ മരിക്കുന്നതും തകരാറിലായ വിമാനത്തിൽനിന്നു വീണതുമൂലം ആൽഫ്രെഡ് അഗോസ്റ്റിനെല്ലി മരിക്കുന്നതും താരതമ്യ ചെയ്യുകയും ചേർത്തു പരിശോധിക്കുകയും ചെയ്യാം. വന്യമായ നീലാകാശത്തുനിന്ന് ഭാഗ്യഹീനരായ രണ്ടു പ്രിയങ്കരരും അവന്റെ/അവളുടെ പ്രണയിയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. അഗോസ്റ്റിനെല്ലി അയാളുടെ അവസാന പാറക്കലിനു പുറപ്പെടും മുമ്പ് വളരെ ദീർഘമായൊരു കത്തെഴുതുന്നുണ്ട്. വിമാനാപകടത്തിനു പിറ്റേന്ന് ആ കത്ത് കൈപ്പറ്റിയ പ്രോസ്റ്റ് ഹൃദയം തകർന്നടിഞ്ഞവനായിത്തീർന്നു. നോവലിലേക്ക് ആ സാഹചര്യത്തെ മാറ്റിയപ്പോൾ, മൊത്തം നോവലിലെ ഏറ്റവും ഭ്രമാത്മകമായ രംഗമായി അത് മാറി.

51.

ആൽബെർടൈൻ കുതിരപ്പുറത്തുനിന്നു വീണു മരിച്ചെന്ന മാർസെൽ കാര്യവുമായി മാനസികമായി പൊരുത്തപ്പെട്ടു. ആഴ്ചകൾക്കുശേഷം, മാർസെലിന് ഒരു കമ്പിത്തപാൽ ലഭിച്ചു.

ഞാൻ മരിച്ചുവെന്ന് നീ കരുതുന്നുണ്ടാവും

പക്ഷേ, ഞാൻ ജീവനോടെത്തന്നെയുണ്ട്

നിന്നെക്കാണാൻ കാത്തിരിക്കുന്നു.

സ്നേഹത്തോടെ

ആൽബെർടൈൻ

ഈ വിവരം മാർസെലിനെ ദിവസങ്ങളോളം ആകുലപ്പെടുത്തി. അവളുമായി തുടർന്നും ബന്ധം പുലർത്തണമോ എന്ന കാര്യം അയാളിൽ അഗാധമായ അന്തസ്സംഘർഷങ്ങളുളവാക്കി. ഒടുവിൽ അയാൾ തിരിച്ചറിഞ്ഞു, കമ്പിത്തപാൽ ജീവനക്കാരൻ സന്ദേശത്തിലെ ഒപ്പ് തെറ്റായി വായിക്കുകയായിരുന്നുവെന്ന്. ആ സന്ദേശം ആൽബെർടൈനിൽ നിന്നായിരുന്നില്ല. കാലങ്ങൾക്കു മുമ്പ് വേർപിരിഞ്ഞ മറ്റൊരു പ്രണയിനിയിൽ നിന്നായിരുന്നു അത്. അവളുടെ ഗിൽബെർട്ട് എന്ന പേരിലെ നടുവിലെ അക്ഷരങ്ങൾ ആൽബെർടൈന്റെ പേരിലേതിനോട് സദൃശമായിരുന്നു.

52.

‘‘പൂർണമായി സ്വാധീനത്തിലാവാത്തതിനെ മാത്രമേ ആരും സ്നേഹിക്കുകയുള്ളൂ,’’ -മാർസെൽ പറയുന്നുണ്ട്.

53.

ആൽബെർടൈനെ പൂർണമായും സ്വാധീനത്തിലാക്കാവുന്നതിനെ തടയുന്ന നാല് സാഹചര്യങ്ങൾ നോവലിന്റെ അഞ്ചാം ഭാഗത്തിൽ പറയുന്നുണ്ട്: ഉറക്കം, നുണപറച്ചിൽ, ലെസ്ബിയൻ, മരണം.

54.

ആദ്യത്തെ മൂന്നു കാര്യങ്ങളിൽ മാത്രമേ അവൾക്കു വഞ്ചന കാണിക്കാനാവൂ.

55.

മരണക്കിടക്കയിലായ സമയത്തുപോലും പ്രോസ്റ്റ് അദ്ദേഹത്തിന്റെ ‘La Prisonniere’ തിരുത്തുന്ന തിരക്കിലായിരുന്നു. 1922 നവംബർ. ആൽബെർടൈൻ എന്ന കഥാപാത്രത്തെ അദ്ദേഹം തേച്ചുമിനുക്കിക്കൊണ്ടിരുന്നു. ആൽഫ്രെഡ് അഗോസ്റ്റിനെല്ലിയുടെ അവസാന കത്തിൽനിന്നുള്ള ചില പ്രയോഗങ്ങൾ ഉപയോഗിച്ച് അവളുടെ സംഭാഷണം തയാറാക്കിക്കൊണ്ടുമിരുന്നു.

56.

ഒരെഴുത്തുകാരന്റെ രചനയെ അയാളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ വായിക്കേണ്ടതുണ്ടോ ഇല്ലയോ എന്നത് എപ്പോഴും കുഴപ്പിക്കുന്ന ചോദ്യമാണ്.

57.

അവസ്ഥാന്തര സിദ്ധാന്തം യുക്തമല്ലാത്തതും സ്വകാര്യതാഭഞ്ജകവും ദുഃഖമുളവാക്കുന്നതുമായ വ്യാഖ്യാന പ്രക്രിയയാണെന്ന് സമ്മതിക്കുമ്പോഴും പ്രോസ്റ്റിന്റെ കാര്യത്തിൽ അത് ചെറുക്കാനാവാത്തതാണ്. ആൽഫ്രെഡിനെ ആൽബെർടൈനെതിരെ ഉരക്കുന്നതിലൂടെ ഉണരുന്ന അവസാന വെളിച്ചത്തരിയിതാ: ആൽഫ്രെഡിന്റെ വിമാനത്തിന്റെ ചട്ടക്കൂടിൽ പ്രോസ്റ്റ് ആലേഖനം ചെയ്ത കവിതാശകലമെടുക്കുക. അത് മാർസെൽ ആൽബെർടൈന്റെ കളിനൗകയുടെ അണിയത്ത് കൊത്തിവെക്കാമെന്ന് വാഗ്ദാനം ചെയ്ത അതേ വരികളാണ്- അവളുടെ പ്രിയപ്പെട്ട സോണറ്റിലേതെന്ന് അയാൾ കരുതുന്നതിൽനിന്നുള്ളവ. ശിശിരത്തിൽ തടാകത്തിലെ ജലത്തിനൊപ്പം ഉറഞ്ഞുപോയതായി തിരിച്ചറിയുന്ന അരയന്നത്തെക്കുറിച്ച് മല്ലാർമേ രചിച്ച വരികളാണവ. അരയന്നങ്ങൾ തീർച്ചയായും ദേശാടനപ്പറവകളാണ്.

ശിശിരമെത്തുന്നതറിഞ്ഞ് തടാകം വിട്ട കൂട്ടുപക്ഷികൾക്കൊപ്പം എന്തോ കാരണങ്ങളാൽ പറന്നുപോകാതിരുന്ന അരയന്നമായിരുന്നു അത്. ആലോചിച്ചുനോക്കൂ: കഥയിലെയും ജീവിതത്തിലെയും പ്രണയസന്ദർഭങ്ങൾക്കു മേൽ എത്ര വിചിത്രവും ഏകാന്തവുമായ നിഴൽവീഴ്ത്തലാണത്. പ്രണയിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന സ്വന്തമാക്കലിന്റെ ഉറയുന്ന മതിഭ്രമത്തെ വ്യക്തമാക്കാൻ മുന്നോട്ടുവെക്കുന്ന എത്ര വിതൃഷ്ണാപൂർവകമായ സദൃശ്യവത്കരണമാണത്. ‘ഹാംലെറ്റ്’ ഓഫിലിയയോട് പറയുന്നതുപോലെ -‘‘നീ ഒരിക്കലും എന്നെ വിശ്വസിക്കരുതായിരുന്നു.’’

 

58.

ഗതകാലങ്ങളിലെ ഒരരയന്നം ഓർക്കുന്നു:

ഇവനാണ് ശ്രേഷ്ഠതയാർന്നവൻ

സ്വയം വിമോചിപ്പിക്കുന്നതിൽ പ്രതീക്ഷയില്ലാത്തവൻ.

ജീവരാഹിത്യത്താൽ അവനുചുറ്റും ഹിമകാലം

സർവതും എരിച്ചൂഷരമാക്കിയപ്പോൾ

ജീവിക്കാനൊരിടം പാടിയെടുക്കാൻ

പരാജയപ്പെട്ടവൻ.

(മല്ലാർമെ, Le Vierge...)

മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ

Tags:    
News Summary - Writings by Ann Carson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.