കാറ്റ് വന്ന വഴികൾ
എന്റെ പേര് മനോഹരൻ. ഞാനൊരു ക്രിമിനൽ ലോയറാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് ചരിത്രവും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ ചെറു ചേരിക്കൽ എന്ന കർഷക ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛനും അമ്മയും കർഷകരായിരുന്നു. ഇവരുടെ മൂന്നു മക്കളിൽ ഇളയവനാണ് ഞാൻ. വയൽപണിക്ക് പോകാം നേരം ഞാനും കൂടെ പോകണമെന്ന് അമ്മക്ക് നിർബന്ധമായിരുന്നു. കൃഷിപ്പണി അല്ലാതെ മറ്റ് തൊഴിലുകളൊന്നും ഇവർക്ക് വശമുണ്ടായിരുന്നില്ല. കണ്ടത്തിൽ പണിക്ക് ഇറങ്ങുന്നതിനു മുമ്പ് കൈക്കോട്ടും കൂങ്കോട്ടും മറ്റ് പണി ആയുധങ്ങളും കഴുകി വൃത്തിയാക്കി വിളക്ക് കത്തിച്ച് കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് വെളിച്ചപ്പാടിനെപ്പോലെ അച്ഛനും അമ്മയും...
എന്റെ പേര് മനോഹരൻ. ഞാനൊരു ക്രിമിനൽ ലോയറാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് ചരിത്രവും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ ചെറു ചേരിക്കൽ എന്ന കർഷക ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛനും അമ്മയും കർഷകരായിരുന്നു. ഇവരുടെ മൂന്നു മക്കളിൽ ഇളയവനാണ് ഞാൻ. വയൽപണിക്ക് പോകാം നേരം ഞാനും കൂടെ പോകണമെന്ന് അമ്മക്ക് നിർബന്ധമായിരുന്നു. കൃഷിപ്പണി അല്ലാതെ മറ്റ് തൊഴിലുകളൊന്നും ഇവർക്ക് വശമുണ്ടായിരുന്നില്ല. കണ്ടത്തിൽ പണിക്ക് ഇറങ്ങുന്നതിനു മുമ്പ് കൈക്കോട്ടും കൂങ്കോട്ടും മറ്റ് പണി ആയുധങ്ങളും കഴുകി വൃത്തിയാക്കി വിളക്ക് കത്തിച്ച് കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് വെളിച്ചപ്പാടിനെപ്പോലെ അച്ഛനും അമ്മയും നിമിഷങ്ങളോളം ഉറഞ്ഞുതുള്ളും. പിന്നെ, ഭൂമിദേവിയെ വിളിച്ചു പ്രാർഥിച്ചതിനുശേഷം മാത്രമേ പണിക്ക് ഇറങ്ങാറുള്ളൂ.
എനിക്കാണെങ്കിൽ ചെളിയിൽ ഇറങ്ങാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല. പുഴുക്കടികൊണ്ടുള്ള ചൊറിച്ചിൽ എന്നെ രാവും പകലും വേട്ടയാടിക്കൊണ്ടിരുന്നു. അച്ഛനെ ഭയന്നാണ് ഞാൻ ചെളിയിലിറങ്ങി പണിയെടുക്കുന്നത്. അച്ഛൻ കിളച്ച് മറിച്ചിടുന്ന, ചെളിയിൽ കുടുങ്ങിക്കിടക്കുന്ന പുല്ലുകൾ ഞാനും അമ്മയും പറിച്ചുമാറ്റിക്കൊണ്ടിരുന്നു. പണിയിൽ അലസത കാണിക്കുന്നു എന്ന കുറ്റം ആരോപിച്ച് അച്ഛൻ എന്നെ ഇടക്കിടെ ശകാരിക്കുമായിരുന്നു. ‘എന്താടാ സുവറെ ചെളിയിൽ ചിത്രംവരച്ച് കളിക്കുകയാണോ നീ...’
ഏട്ടൻ ശിവദാസനെയും ഏച്ചി ശകുന്തളയെയും അച്ഛൻ കോളേജിൽ അയച്ച് പഠിപ്പിച്ചിരുന്നു. അലക്കിത്തേച്ച ഉടുപ്പും ധരിച്ച് സെന്റും പൂശി, തോൾസഞ്ചിയിൽ പുസ്തകവുമായി ഇരുവരും കോളേജിൽ പോകുന്നത് കൊതിയോടെ ഞാൻ നോക്കിനിൽക്കും. അപ്പോഴൊക്കെ അച്ഛൻ അരിശത്തോടെ പറയും,
‘എന്താടാ പോത്തെ നോക്കിനിക്ക്ന്നേ, പിള്ളേർക്ക് നിന്റെ കണ്ണ് കൊള്ളാനോ?’
ഒരു കാരണവുമില്ലാതെ എന്നെ കലമ്പിക്കൊണ്ടിരിക്കുന്ന അച്ഛനെ സർപ്പം കൊത്തി മരിക്കാൻ ഞാൻ പ്രാർഥിച്ചു. കൂങ്കോട്ടിന്റെ തള്ള തിരിച്ചുപിടിച്ച് എന്നെ തല്ലാനോങ്ങിക്കൊണ്ട് അച്ഛൻ അട്ടഹസിക്കുംപോലെ പറഞ്ഞു:
‘പത്തിൽ തോറ്റവൻ ഇനി കിളക്കാൻ പോയാൽ മതി. നൊടിയാതെ നേരെ നോക്കി പണി എടുക്കെടാ മര പോത്തെ...’
എന്നോടുള്ള വിരോധം പിറുപിറുപ്പിൽ ഒതുക്കി അച്ഛൻ മണ്ണിനോട് മല്ലിട്ടുകൊണ്ടിരുന്നു.
കറുത്തവാവ് അടുത്തു വരുന്നതോടുകൂടി അച്ഛനെ ആസ്‌ത്മ രോഗം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. രോഗത്തെ അശേഷം ഗൗനിക്കാതെ നേരം പരപരാന്ന് വെളുത്ത് വരുന്നതോടു കൂടി തോർത്തുമുണ്ടും ഉടുത്ത് അച്ഛൻ വയലിലിറങ്ങി പണിതുടങ്ങും. കൊത്തിയും കിളച്ചും പണി എടുക്കുമ്പോഴും അച്ഛൻ ശ്വാസം എടുക്കുവാൻ പാടുപെടുന്നത് കാണാമായിരുന്നു. വെയിൽ മൂത്താൽ പണി മതിയാക്കി വയൽക്കരയിലെ തെങ്ങിൻ തണലിൽ ചെന്നിരിക്കും.
അമ്മ കുർക്കില ഇട്ട് കാച്ചി കൊണ്ടുവന്ന ചൂടുവെള്ളം ഇടക്കിടെ കുടിച്ചും അഞ്ചാറ് മണി കുരുമുളക് ചവച്ചിറക്കിയും ശ്വാസം നേരെയാക്കാൻ യോഗാസനത്തിൽ എന്നപോലെ കണ്ണടച്ചിരുന്നു. ഏക്കംവലി അടങ്ങിയാൽ അച്ഛൻ പിന്നെയും ബീഡിക്ക് തീ കൊളുത്തും. അന്നേരം അമ്മ അച്ഛനെ ചെളി വാരി എറിഞ്ഞു തെറിപറയും.
‘കുരിപ്പേ... മന്ദബുദ്ധി നായരെ വേഗം കാഞ്ഞുപോണം എന്നാണോ വിചാരം.’
വൈകുന്നേരം കണ്ടത്തിലെ പണി കഴിഞ്ഞാൽ അച്ഛനും അമ്മയും തോട്ടിൽനിന്ന് കൈയും മുഖവും കഴുകി കുശുകുശുത്തുകൊണ്ട് വീട്ടിലേക്ക് നടക്കും. പിന്നാലെ ഞാനും. വരമ്പും തോട്ടിൽപാലവും ഇടവഴിയും കടന്ന് വീട്ടിലേക്ക് നടക്കുമ്പോഴും എനിക്ക് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിനു പാഠപുസ്‌തകങ്ങളില്ലാതെ മുറിഞ്ഞുപോയ എന്റെ പഠനം പൂർത്തിയാക്കണം.
പത്ത് മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള കുട്ടിക്കാല ഓർമകളെ ചേർത്തുപിടിച്ച്, ഉറക്കം ഞെട്ടിയിട്ടും ഞാൻ കണ്ണടച്ച് കിടന്നു. പുലരിയുടെ സുഖമുള്ള കുളിരും എ.സിയുടെ കുത്തുന്ന തണുപ്പും കൂടി കലർന്നപ്പോൾ കൈകാലുകൾ കോച്ചി വലിയുന്നതുപോലെ തോന്നി. ടീ പോയിൽ നിന്ന് റിമോട്ട് എടുത്ത് എ.സി ഓഫ് ചെയ്‌തു. കമ്പളിപ്പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. അടുക്കളയിൽനിന്ന് ഭാര്യ വേണിയുടെ പിറുപിറുപ്പും മുകളിലേക്ക് കയറിവരുന്ന കാൽപ്പെരുമാറ്റവും എനിക്ക് കിടന്നിടത്ത് കേൾക്കാമായിരുന്നു. ചായ മേശപ്പുറത്തുവെച്ച് എന്നെ കുലുക്കി വിളിച്ചുകൊണ്ട് വേണി പറഞ്ഞു:
‘ഇതെന്തൊരു കിടത്താപ്പാ... നേരം എത്രയായെന്നാ വിചാരം. ഇന്നെന്താ നടക്കാനൊന്നും പോന്നില്ലെ?’ വേണി നീരസത്തോടെ നെറ്റിചുളിച്ചു.
വേണി വിചാരിച്ചു. ഇത്രയും നേരം താനാണ് കിടന്നതെങ്കിൽ ഇവിടത്തെ പുകിൽ എന്തായിരിക്കും. എവിടെ ചായ, എവിടെ കാപ്പി, ബ്രേക്ക് ഫാസ്റ്റ് എവിടെ, കുളിക്കാനുള്ള ചൂട് വെള്ളം, ഇസ്‌തിരിയിട്ട പാന്റും ഷർട്ടും, പോളിഷ് ചെയ്ത ഷൂസും എവിടെ... ഓരോന്ന് ആലോചിക്കുംതോറും വേണിക്ക് പെരുവിരൽ മുതൽ മൂർദ്ധാവു വരെ അരിശം, ഒരു വിറയൽപോലെ ഇരച്ചുകയറി. സ്ത്രീകളെന്താ അടുക്കള ജോലിചെയ്യുന്ന യന്ത്രമോ, ജനിച്ചകാലം മുതൽ തുടങ്ങിയതാണ് സ്ത്രീകൾക്കു നേരെ പുരുഷാധിപത്യത്തിന്റെ കടിഞ്ഞാൺ മുറുക്കം. ആദ്യം പിതാവ്, പിന്നെ സഹോദരൻ, ശേഷം ഭർത്താവ്, പുത്രൻ, നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി... ഇരുമ്പുലക്ക കിതച്ചുകൊണ്ട് വേണി കൈകൾ കൂട്ടിത്തിരുമ്മി.
സ്ത്രീകൾക്കുനേരെ ഇത്തരം കാടൻ നിയമങ്ങൾ എഴുതിപ്പിടിപ്പിച്ച ആ കാലമാടനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാലേ തൂക്കി നിലത്തടിക്കാമായിരുന്നു. സ്ത്രീകൾ അനുഭവിക്കുന്ന ഇത്തരം നീചാവസ്ഥയെ കുറിച്ചോർത്ത് ഒരു എത്തും പിടിയും കിട്ടാതെ വേണി വിദൂരതയിൽ നോട്ടം ഊന്നി വിചാരപ്പെട്ടു. അനന്തരം കുതിരപ്പുറത്തിരുന്ന് അങ്കംവെട്ടുന്ന ഝാൻസിറാണിയുടെ രവിവർമ ചിത്രത്തിലേക്ക് കൈകൂപ്പി കണ്ണടച്ച് പ്രാർഥിച്ചു.
‘ഹമ്മേ... രക്ഷിക്കണേ.’
ഒത്താൽ തിരുവനന്തപുരം വരെ ഒന്ന് പോകണം. ഭാഗ്യലക്ഷ്‌മി ചേച്ചിയെ കണ്ട് സഹായം അഭ്യർഥിക്കണം. അഹങ്കാരികളായ ഈ പുലിംഗവാദികളെ ചേച്ചി വിടമാട്ടെ. എങ്കയും പോകാൻ വിടമാട്ടെ. വിചാരത്തിനും പ്രാർഥനക്കും ശേഷം കലങ്ങിയ മനസ്സുമായി വേണി ജനാല തുറന്ന് പുറത്തേക്ക് നോക്കി. പ്രഭാത സൂര്യൻ മഞ്ഞിനോട് മത്സരിച്ചുകൊണ്ടിരുന്നു. മഞ്ഞിൽ നനഞ്ഞ വെളിച്ചനാരുകൾ ഇലച്ചാർത്തു കൾക്കിടയിലൂടെ മങ്ങിയ നിഴൽചിത്രം തീർത്തു.
ചാർജിനിട്ട മൊബൈൽ ഫോൺ നിർത്താതെ മണിയടിച്ചുകൊണ്ടിരുന്നു. ഓഫീസ് ലീവായിട്ടും ആരായിരിക്കും ഇത്ര രാവിലെ വിളിച്ചുകൊണ്ടിരിക്കുന്നത്. ക്ലയൻസാണെങ്കിൽ നാളെ ഓഫീസിൽ വരൂ എന്നുപറയാം എന്ന വിചാരത്തോടെ ഞാൻ ഫോൺ അറ്റന്റ് ചെയ്‌തു. മറുതലക്കൽ ഏട്ടൻ ശിവദാസനായി രുന്നു.
‘എന്താ ശിവേട്ടാ ഇത്ര രാവിലെ.’ മറ്റൊന്നും പറയാതെ ശിവേട്ടൻ എന്നെ കലമ്പി.
‘ഡാ... മനോര കുടുംബസ്വത്ത് പാർട്ടീഷൻ ചെയ്‌ത് എനിക്ക് കിട്ടിയ ഓഹരിയിലെ കിണറിൽനിന്ന് വെള്ളം എടുക്കാൻ നിന്നോട് ആര് പറഞ്ഞു. അതും മോട്ടോർെവച്ച്. ആൾത്താമസമില്ലാത്ത വളപ്പാണെന്ന് െവച്ച്, അവിടെ നിന്റെ എന്ത് തോന്ന്യാസവും ചെലവാകും എന്നാണോ വിചാരം. എടുത്ത് മാറ്റിക്കോണം നിന്റെ മോട്ടറും മൈ...’
മറുപടി കേൾക്കാൻ മനസ്സുകാണിക്കാതെ ശിവേട്ടൻ കോൾ കട്ട് ചെയ്തു. ഞാൻ വിചാരിച്ചു അച്ഛനൊന്നും അമ്മ രണ്ടുമായാൽ ഇതു തന്നെ കഷ്ടം.
പത്രം വായനക്കു ശേഷം അടുക്കളപ്പണിയിൽ ഭാര്യയെ സഹായിക്കാം എന്നു വിചാരിക്കുമ്പോഴാണ് ആരോ വാതിലിനു ശക്തമായി മുട്ടുന്നത് കേട്ടത്. കിളിശബ്ദമുള്ള കോളിങ്ബെൽ ഉണ്ടായിട്ടും ആരാണ് ഈ വെളുപ്പാൻ കാലത്ത് വാതിൽ തല്ലിത്തകർക്കുന്നത്. അസ്വസ്‌തതയോടെ ഞാൻ വേണിയുടെ മുഖത്ത് നോക്കി. വേണി പുറത്തിറങ്ങി ആരോടോ സംസാരിക്കുന്നത് കേട്ടു. പിന്നെ, ധൃതിയിൽ മുകളിൽ കയറിവന്ന് സ്വരം താഴ്ത്തി പറഞ്ഞു:
‘ദേ... നിങ്ങളെ കാണാൻ ഒരു തമിഴ് സ്ത്രീ വന്നിരിക്കുന്നു.’
‘തമിഴ് സ്ത്രീയോ..?’
‘ഉം, കൂടെ ഒരു പെൺകുട്ടിയുമുണ്ട്.’
ആരായിരിക്കും വന്നത്. ഒരു നിമിഷം ഞാൻ ശങ്കിച്ചു നിന്നു. പിന്നെ ഷർട്ടെടുത്തിട്ട് കോലായിലേക്ക് ഇറങ്ങി.
പുറത്ത് നിൽക്കുന്ന സ്ത്രീ എന്നെ തൊഴുതുകൊണ്ടു പറഞ്ഞു:
‘വണക്കം സാർ.’
‘നമസ്കാരം.’
തീരെ മുൻപരിചയമില്ലാത്ത സ്ത്രീ. ഞാൻ അവരെ ആകെ ഒന്ന് സൂക്ഷിച്ചുനോക്കി. അവർ നന്നേ പരവശയായിരുന്നു. പഴക്കംകൊണ്ട് പിന്നിയതും കളർ മങ്ങിയതുമായ സാരിയാണ് ഉടുത്തിരുന്നത്. എണ്ണമയമില്ലാത്ത ചെമ്പൻമുടി കാറ്റിൽ ഇളകിക്കൊണ്ടിരുന്നു. പരവശത മറച്ചുപിടിച്ച് നേരിയ കിതപ്പോടെ അവർ പറഞ്ഞു:
‘സാർ, നാൻ കോയമ്പത്തൂര് മാവട്ടം മരുതമലൈ കോവിലിൻ പക്കത്തുനിന്ന് വരണത്.’
‘ഉം. എന്താ വന്നത്.’
കൂടുതൽ ചോദ്യം പ്രതീക്ഷിച്ച് തമിഴ് സ്ത്രീ എന്റെ മുഖത്ത് ഇമയനക്കാതെ നോക്കി.
ഇവരുടെ വരവ് എന്തിനായിരിക്കും എന്ന് സംശയിച്ചുനിൽക്കുന്ന എന്നോട് തമിഴ് സ്ത്രീ ചോദിച്ചു:
‘സാറിക്ക് എൻ മലയാലം പുരിയുമാ...’
മനസ്സിലാകും എന്ന അർഥത്തിൽ ഞാൻ തലകുലുക്കി. പിന്നീട് ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകുന്ന മലയാളത്തിൽ അവർ സംസാരിച്ചുതുടങ്ങി. സംസാരത്തിനിടയിൽ കസേര ചൂണ്ടി ഞാൻ ഇരിക്കാൻ പറഞ്ഞു:
‘വേണ്ടാ സാർ നീങ്കെ ഒക്കാറുങ്കോ.’
ഞാൻ ഇരുന്നു. അവർ തൂണും ചാരി നിന്നു. നിമിഷങ്ങൾ മൗനത്തിലൂടെ കടന്നുപോയി. തൂണിൻ മുകളിൽ വിശ്രമിക്കുന്ന മാടപ്രാവുകൾ ഇടക്കിടെ കുറുകിക്കൊണ്ടിരുന്നു.
‘എന്താ നിങ്ങളുടെ പേര് പറഞ്ഞത്.’
‘പേര് പറഞ്ഞില്ല... സാർ.’
‘ശരി. എന്താണ് പേര്.’
‘ലീല സാർ.’
തമിഴ് ലീലയുടെ കൂടെ പത്ത് വയസ്സ് പ്രായം തോന്നിക്കുന്നൊരു പെൺകു ട്ടിയുമുണ്ട്. മകളായിരിക്കും എന്നു ഞാൻ ഊഹിച്ചു. തിണ്ണയിൽ ഇരിക്കുന്ന കുട്ടി എന്നെ ഭയപ്പാടോടെ മാത്രം നോക്കുകയും ഒരു ഭീകരരൂപിയെ കണ്ടതുപോലെ ഞെട്ടിമാറി ഇരിക്കുകയും ചെയ്തു. ഈ നുണക്കുഴിക്കാരിയെ എവിടെെവച്ചാണ് കണ്ടത്. നല്ല മുഖപരിചയം. ഓർത്തെടുക്കാൻ പ്രയാസം തോന്നി. ചോദ്യോത്തരങ്ങളുടെ ഇടവേളയിൽ ഞാൻ കുഞ്ഞിനോട് ചോദിച്ചു:
‘മോള് ഇതിനുമുമ്പ് എന്നെ കണ്ടിട്ടുണ്ടോ?’
നെടുതായൊന്ന് നിശ്വസിച്ച് ഭയത്തിന്റെ നേരിയ നിഴലിൽ നിന്നുകൊണ്ട് ശുദ്ധമലയാളത്തിൽ കുട്ടി പറഞ്ഞു.
‘സാറിന് എന്റെ അച്ഛന്റെ നല്ല മുഖച്ഛായ...’
ചൂടുവെള്ളം ദേഹത്ത് വീണതുപോലെ ലീല ഒന്നു പിടഞ്ഞു. പിന്നെ, മകളെ നോക്കി ചുണ്ടത്ത് വിരൽവെച്ചു.‘ശു...ശു...ശു...’
വേണി കുഞ്ഞിനോട് ചോദിച്ചു:
‘എന്താ മോളുടെ പേര്?’ അനുവാദത്തിനു എന്നപോലെ കുഞ്ഞു അമ്മയുടെ മുഖത്ത് നോക്കി. പിന്നെ പറഞ്ഞു:
‘ശിവ... ശിവാനി.’
എങ്ങനെയാണ് ഞാൻ ഇവരെ സഹായിക്കേണ്ടത്. എന്താണ് ഇവർ എന്നിൽനിന്നും പ്രതീക്ഷിക്കുന്നത്. വിഷാദത്തോടെ എന്നെ നോക്കിനിൽക്കുന്ന ലീലയോട് ഞാൻ വീണ്ടും ചോദിച്ചു:
‘പറയൂ, എന്താണ് നിങ്ങൾ എന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഇത്രയും ദൂരം യാത്രചെയ്‌ത് നിങ്ങൾ ആരെ തേടിയാണ് ഈ ചെറുചേരിക്കൽ എത്തിയിരിക്കുന്നത്.’
ഒരു നെടുവീർപ്പിന് ഒടുവിൽ ലീല പറഞ്ഞു:
‘എൻ പർത്താവിന്റെ വീട് ഇങ്കെ സാർ.’
‘ഇവിടെയോ..?’
‘ആമ സാർ.’
‘എന്നിട്ട് ഭർത്താവിനെ കണ്ടോ?’
‘പാത്തിട്ടെ സാർ.’
‘അയാൾ എന്തു പറഞ്ഞു.’
‘അവര് എന്നെയും ഇന്ത കുഴന്തയേയും കളുത്തിന് പിടിച്ച് വീട്ട്ക്ക് വെളിയെ തള്ളി. ഇറങ്കി പോടീ തേവിടീന്ന് തിട്ടി സാർ (ചീത്ത പറഞ്ഞു).
സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ച് അടഞ്ഞ ശബ്ദത്തിൽ ലീല പറഞ്ഞു:
‘ഏൻ കുഴന്തയെ പോറ്റത്ക്ക് തേവിടിയാകാനും നാൻ മടിക്കില്ല സാർ.’ ലീല പൊട്ടിക്കരഞ്ഞു.
നേരം ഉച്ചയോട് അടുത്തിരുന്നു. അടുത്തുള്ള ഹൈദ്രോസ് പള്ളിയിൽനിന്ന് ളുഹ്ർ ബാങ്ക് ഉയർന്നുകേൾക്കാം. തൂണിൽ വിശ്രമിക്കുന്ന മാടപ്രാവുകൾ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയർന്നു. ഞാൻ ഒരുനിമിഷം കണ്ണടച്ച് പ്രാർഥനയിൽ എന്നപോലെ ഇരുന്നു. ബാങ്ക് വിളി അവസാനിച്ചു. ഞാൻ തുടർന്നു.
‘നിങ്ങളുടെ ഭർത്താവ് മലയാളിയാണോ?’
‘ആമ സാർ.’
‘എന്താ ഭർത്താവിന്റെ പേര്.’
‘ശിവദാസൻ നായർ...’
‘ശിവദാസൻ നായരോ?’
ഒരു ഉൾക്കിടിലത്തോടെ ഞാനും വേണിയും പരസ്‌പരം നോക്കി.
‘അപ്പോൾ... നിങ്ങൾ.’
‘നാങ്കൾ, മാദികർ. സെരിപ്പ് കുത്തി. കേരളാവിൽ, കാരന്മാര് എന്ന് കൂപ്പിടുവാങ്കേ...’
ബിസിനസ് എന്നുപറഞ്ഞ് കണ്ടിടത്തൊക്കെ കറങ്ങിനടക്കുന്ന ശിവേട്ടനെക്കുറിച്ച് ഞാനോർത്തു. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. മേലാകെ വിയർപ്പിൽ നനഞ്ഞിരിക്കുന്നു. വേണി നീട്ടിയ തോർത്തുകൊണ്ട് കഴുത്തും മുഖവും നന്നായി തുടച്ചശേഷം ഞാൻ ചോദിച്ചു:
‘നിങ്ങളെ എന്റെ അടുത്ത് പറഞ്ഞുവിട്ടത് ആരാണ്.’
റോഡിലേക്ക് വിരൽ ചൂണ്ടി ലീല പറഞ്ഞു:
‘അന്ത സന്തിലെ ടീ കടക്കാരൻ.’
‘അയാൾ എന്തുപറഞ്ഞു.’
‘സാറ് പെരിയ ലായറാണെന്നും ഏഴകളെ (പാവങ്ങളെ) ഹെൽപ് ചെയ്യുമെന്നും പറഞ്ഞു.’
നേരിയ ആശ്വാസത്തോടെ ഞാൻ ചോദിച്ചു:
‘നിങ്ങളുടെ വിവാഹം നിയമപരമായി തന്നെയല്ലെ നടന്നത്.’
മറുപടി പറയാതെ ലീല വാനിറ്റി ബാഗിൽ മടക്കിവെച്ച കുറേ പേപ്പറുകളും റേഷൻ കാർഡ്, ആധാർ കാർഡ്, പഴകിത്തുടങ്ങിയ അവരുടെ വിവാഹ ഫോട്ടോ എന്നിവ എന്നെ ഏൽപിച്ചു. എന്തുപറയണമെന്നറിയാതെ ഞാൻ കുറെനേരം ഫോട്ടോയിലേക്ക് നോക്കിനിന്നു. പിന്നെ ഫോട്ടോ വേണിക്ക് നൽകി. കളർ മങ്ങിത്തുടങ്ങിയ വിവാഹഫോട്ടോ വേണി തിരിച്ചും മറിച്ചും ആശ്ചര്യത്തോടെ നോക്കിക്കൊണ്ടിരുന്നു.
ദീർഘനേരത്തെ ആലോചനക്കുശേഷം ഞാൻ പറഞ്ഞു:
‘ചേച്ചി ഇന്ന് പോകൂ. ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം എന്ന് ഞാനൊന്നു ആലോചിക്കട്ടെ. രണ്ടുദിവസം കഴിഞ്ഞു വിളിക്കാം. ഫോൺ നമ്പർ ഇതിൽ ഉണ്ടല്ലോ.’
ചേച്ചി എന്ന വിളി കേട്ടിട്ടായിരിക്കാം. ലീലേച്ചി അത്ഭുതത്തോടെ എന്നെ നോക്കി. പിന്നീട് ഞാൻ പറഞ്ഞതൊന്നും അവർ കേട്ടില്ലെന്ന് തോന്നി. സ്തംഭിച്ചുനിൽക്കുന്ന ലീലേച്ചിയെ ഞാൻ പേപ്പർ ചുരുൾകൊണ്ട് തൊട്ടു വിളിച്ച് ചോദ്യം ആവർത്തിച്ചു.
‘ഫോൺ നമ്പർ ഇതിൽ ഉണ്ടല്ലോ?’
ലീലേച്ചി ഒരു തുണ്ട് കടലാസിൽ ഫോൺ നമ്പറും മേൽവിലാസവും എഴുതി എനിക്ക് നീട്ടി. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഏലില്ലാതെ എഴുതിയതുകൊണ്ടായിരിക്കാം കൈയക്ഷരം മോശമായി തോന്നി. യാത്രപറഞ്ഞു പിരിയാൻ നേരം അസ്വസ്ഥതയോടെ വേണി ഉമ്മറത്തേക്ക് ഇറങ്ങിവന്ന് ശിവാനിയുടെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു:
‘നേരം ഉച്ച ആയില്ലെ ചേച്ചി ഈ കത്തുന്ന വെയിലത്ത് പോണോ? ശിവാനിക്ക് നല്ല വിശപ്പുണ്ട്.’
ഇതും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ വേണി ‘അകത്ത് വരൂ... അകത്ത് വരൂ...’ എന്നു പറഞ്ഞുകൊണ്ട് ശിവാനിയെ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.
സ്വീകരണമുറിയിൽ ചിട്ടപ്പടി ഒതുക്കിെവച്ച ഫർണിച്ചറുകൾ, ചുമരിൽ ചേർത്ത് നിർത്തിയ ചില്ല് ബോക്‌സിലെ അലങ്കാര മത്സ്യങ്ങൾ, സ്വദേശിയും വിദേശിയുമായ കുറേ പുസ്‌തകങ്ങൾ അടുക്കിവെച്ച ചില്ലലമാര, മര ഫ്രെയിമിൽ ചില്ലുകൊണ്ട് നിർമിച്ച ഊൺ മേശ. ചുമരിൽ തൂക്കിയ വല്യ ടി.വി. അനേകം പൂക്കൾ കോർത്ത് കെട്ടിയതുപോലുള്ള ജനൽ കർട്ടൺ. ചെറിയ കാറ്റിലും സംഗീതം പൊഴിക്കുന്ന ഫെൻഷൂയ് മണികൾ. ശിവാനി എല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.
കോയമ്പത്തൂര് മരുതമലൈ സുബ്രഹ്മണ്യൻ കോവിലിൽ ഞങ്ങൾ എത്തുമ്പോൾ വൈകുന്നേരം ആറു കഴിഞ്ഞിരുന്നു. മല അടിവാരത്തെ വാഹന പാർക്കിങ് ഏരിയയിൽ ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കാണാമായിരുന്നു. ഞാൻ കാറ് നിർത്തി ചുറ്റും നോക്കി. വിസിൽ ഊതി ഓടിവന്ന സെക്യൂരിറ്റി വിരൽ ചൂണ്ടിയ ഭാഗത്തേക്ക് കാറ് തിരിച്ചുവെച്ചു. കോവിലിലേക്കുള്ള പ്രധാന കവാടത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ‘ഷഷ്ടി പൂജ’ ആയതുകൊണ്ടായിരിക്കാം ഇത്ര തിരക്ക്. വേണിയുടെ കൈ പിടിച്ച് ഞാൻ തിരക്ക് കുറഞ്ഞ ഭാഗത്തെ പടികൾ കയറിത്തുടങ്ങി. സത്യത്തിൽ ഇന്നലെ രാത്രിയിലാണ് ഞങ്ങളിങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. മരുതമലൈ സുബ്രഹ്മണ്യൻ കോവിലിൽ ചെന്ന് മനമുരുകി പ്രാർഥിക്കണം.
തിരിച്ചുവരുന്നതിനിടയിൽ സമയം കിട്ടുകയാണെങ്കിൽ ലീലേച്ചിയെയും മകളെയും ചെന്ന് കാണണം.തിക്കിലും തിരക്കിലും പെട്ട് ഞെങ്ങിഞെരുങ്ങി പടികയറുമ്പോഴും ക്ഷീണം തോന്നിയില്ല. അര മണിക്കൂറിൽ കൂടുതൽ ക്യൂവിൽ നിന്നു. മണിക്കൂറുകൾ നീണ്ട നിൽപിൽ അക്ഷമരായ ഭക്തജനം ‘മുരുകാ... മുരുകാ... ദണ്ഡപാണി ദൈവമേ...’ എന്ന് ഉച്ചത്തിൽ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. ശ്രീ കോവിലിനുമുന്നിൽ സെക്യൂരിറ്റി അനുവദിച്ച ഒരു മിനിറ്റു നേരം ഞങ്ങൾ മനമുരുകി പ്രാർഥിച്ചു. വേണി ഞങ്ങൾക്ക് കുഞ്ഞില്ലാത്ത സങ്കടം പറഞ്ഞ് കരഞ്ഞു: വഴിപാടുകൾ കഴിപ്പിച്ചു പ്രസാദം വാങ്ങി സംതൃപ്‌തിയോടെ ഞങ്ങൾ മല ഇറങ്ങുകയാണ്.
ഇവിടത്തെ പകലിനു ചൂടു കൂടുതലാണെങ്കിലും, രാത്രിയിൽ കാറ്റിനു നല്ല തണുപ്പ് ഉണ്ടായിരുന്നു. വാസ്‌തവത്തിൽ കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് കോയമ്പത്തൂരിന്റെ വളർച്ച. കോയമ്പത്തൂര് ഇന്ന് മഹാനഗരമായി മാറിയിരിക്കുന്നു. വ്യവസായശാലകൾ. തിരക്കേറിയ അനേകം കച്ചവട സ്ഥാപനങ്ങൾ. വിദേശ രീതിയിലുള്ള ബഹുനില കെട്ടിടങ്ങൾ, സ്കൂളുകൾ, കോളേജുകൾ, എല്ലാ വിധ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുന്ന ആശുപത്രികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാശാലകൾ, പഴമകൾ അതേപടി സൂക്ഷിക്കുന്ന അമ്പലങ്ങളും പള്ളികളും.
നേരു പറഞ്ഞാൽ കോയമ്പത്തൂര് വളരുകയാണ്. തമിഴകം മുതൽ അമേയ്ചർ (മുഖ്യമന്ത്രി) സ്റ്റാലിൻ അവറുകൾ തമിഴ് മക്കൾക്ക് കിട്ടിയ ഭാഗ്യം. കാറ് ഓടിക്കൊണ്ടിരുന്നു. ഞങ്ങളുടെ നാട്ടിലേക്ക് കൂടെ ലീലേച്ചിയും ശിവാനി മോളുമുണ്ട്. തിരിച്ചുവരുമ്പോൾ ഇവരെ അവിടെ ഉപേക്ഷിച്ച് വരാൻ മനസ്സ് സമ്മതിച്ചില്ല. വേണിയുടെ മടിയിൽ തലെവച്ച് ശിവാനി ഉറങ്ങുകയാണ്. താൻ കണ്ടതും കേട്ടതും സ്വപ്‌നമാണോ, യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാതെ ലീലേച്ചി പുറംകാഴ്‌ച കണ്ടുകൊണ്ടിരുന്നു. വേണി നിർത്താതെ എന്നോട് തമാശകൾ പലതും പറഞ്ഞ് ഉറക്കെ ചിരിച്ചു. ഡ്രൈവിങ്ങിനിടയിൽ ഞാൻ ഉറങ്ങിപ്പോകുമോ എന്നു തോന്നിയത് കൊണ്ടായിരിക്കാം വേണിയുടെ ഈ കോമഡി നൈറ്റ്. ഞാൻ ചിരിച്ചു എന്നു വരുത്തി മുക്കിയും മൂളിയും കേട്ടുകൊണ്ടിരുന്നു.
ഞങ്ങളിപ്പോൾ വാളയാറ് ചെക്ക് പോസ്റ്റ് കടന്നു പാലക്കാടൻ പട്ടണത്തോട് അടുത്തിരിക്കുന്നു. ദൂരെ, പോത്തന്നൂരിനും പാലക്കാടിനുമിടയിൽ ആകാശം നീലിച്ചു നിൽക്കുന്നതും മലനിരകൾ പുകമഞ്ഞിൽ മൂടിക്കിടക്കുന്നതും കാണാം. പാതിരയോട് അടക്കുംതോറും ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ തിരക്ക് കുറഞ്ഞുവന്നു. കാറിനകം ഇപ്പോൾ ശാന്തമാണ്. പിൻസീറ്റിലിരുന്ന് മൂന്നുപേരും നല്ല ഉറക്കം. വേണി വായ തുറന്ന് ഉറങ്ങുന്നുണ്ട്. പാവം ഉറങ്ങട്ടെ ഒരു ദിവസംതന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ദീർഘയാത്ര വേണിയെ തളർത്തിയിരുന്നു.
കാറ് അതിവേഗം ഓടിക്കൊണ്ടിരുന്നു. ഡാഷ്ബോർഡിൽ അലസമായി വെച്ച മൊബൈൽ ഫോൺ മണിയടിച്ചു. വേണി തല ഉയർത്തി എന്നെ നോക്കി. ഞാൻ സ്വരം താഴ്ത്തി പറഞ്ഞു:
‘ശിവേട്ടനാണ്...’
വേണി പിറുപിറുത്തു. ‘ഇയാൾക്ക് പാതിരാത്രിയിലും ഉറക്കമില്ലെ.’
ഞാൻ ഫോൺബട്ടൺ അമർത്തി ചെവിയോടടുപ്പിച്ചു. മറുതലക്കൽനിന്ന് ശിവേട്ടൻ എന്നെ കലമ്പി.
‘ഡാ... മനോരാ എന്താ നിന്നെ വിളിച്ചിട്ട് കിട്ടാത്തത്. എന്താ നിന്റെ ഭാവം. എവിടെയാണ് നീ ഒളിച്ചിരിക്കുന്നത്.’ ഇതിനുള്ള മറുപടി എന്നെ വന്ന് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. വേണ്ട ഇയാളോട് സംസാരിച്ച് കളയാനുള്ളതല്ല എന്റെ സമയം. ഞാൻ എന്റെ മനസ്സിനെ ശാസിച്ചു നിർത്തി.
ശിവേട്ടൻ തുടർന്നു: ‘നീ എന്താ കിണറിലെ മോട്ടോർ എടുത്തുമാറ്റാത്തത്. മോട്ടോർ വച്ച് വെള്ളമെടുക്കാൻ നിനക്കാരാ അധികാരം തന്നത്. വെള്ളം കോരി ഉപയോഗിക്കാൻ മാത്രമല്ലേ നിനക്ക് അനുവാദം. എടുത്തുമാറ്റിക്കോണം നിന്റെ മോട്ടറും കുന്തവും..’ കുടിവെള്ളത്തിന്റെ കാര്യം പറഞ്ഞ് നിരന്തരം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ശിവേട്ടന്റെ കോൾ ഇന്നാദ്യമായി ഞാൻ കട്ട്ചെയ്തു. പിന്നെ, നമ്പർ ബ്ലോക്ക് ചെയ്തു. അനന്തരം കാറിന്റെ പിൻസീറ്റിലേക്ക് തിരിഞ്ഞുനോക്കി. മൂന്നുപേരും എ.സിയുടെ തണുപ്പിൽ നല്ല ഉറക്കം. കാറിനുള്ളിൽ കനത്തുനിൽക്കുന്ന നിശ്ശബ്ദതക്കുപോലും വല്ലാത്തൊരു വേദനയുണ്ട്. ഞാൻ വിചാരിച്ചു. എത്രയും പെട്ടെന്ന് വീട്ടിലെത്തണം. കുറച്ചു നേരത്തെ വിശ്രമത്തിനുശേഷം ശിവാനി മോളെ സ്കൂളിൽ ചേർക്കാൻ പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.