സെപ്റ്റംബർ 11 സൗദി നോവലുകളിൽ
സമകാലിക ചരിത്രത്തിൽ 25 വർഷം മുമ്പത്തെ സെപ്റ്റംബർ 11 നിർണായകമാണ്. ആ പശ്ചാത്തലത്തിൽ നിരവധി രചനകൾ പുറത്തുവന്നു. സൗദി നോവലുകളിലെ സെപ്റ്റംബർ 11 വിവരണം പരിശോധിക്കുകയാണ് ലേഖകൻ. സെപ്റ്റംബർ 11 ആക്രമണത്തിന് 25ാം വാർഷികം പൂർത്തിയാകുന്ന വേളയാണിത്. 9/11ലെ ഭീകരാക്രമണം ആഗോള രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തുകയും, അറബികളുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്ന പുസ്തകങ്ങളോട് വായനസമൂഹം വലിയ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം, യൂറോപ്, അമേരിക്ക, ഭീകരവാദം, ജനാധിപത്യം, പൗരസ്ത്യ-പാശ്ചാത്യ സമ്പർക്കം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികൾ വിപണിയിൽ...
സമകാലിക ചരിത്രത്തിൽ 25 വർഷം മുമ്പത്തെ സെപ്റ്റംബർ 11 നിർണായകമാണ്. ആ പശ്ചാത്തലത്തിൽ നിരവധി രചനകൾ പുറത്തുവന്നു. സൗദി നോവലുകളിലെ സെപ്റ്റംബർ 11 വിവരണം പരിശോധിക്കുകയാണ് ലേഖകൻ.
സെപ്റ്റംബർ 11 ആക്രമണത്തിന് 25ാം വാർഷികം പൂർത്തിയാകുന്ന വേളയാണിത്. 9/11ലെ ഭീകരാക്രമണം ആഗോള രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തുകയും, അറബികളുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്ന പുസ്തകങ്ങളോട് വായനസമൂഹം വലിയ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം, യൂറോപ്, അമേരിക്ക, ഭീകരവാദം, ജനാധിപത്യം, പൗരസ്ത്യ-പാശ്ചാത്യ സമ്പർക്കം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികൾ വിപണിയിൽ വർധിച്ചു.
മാർട്ടിൻ റാൻഡലിന്റെ ‘9/11 ഉം ഭീകരവാദ സാഹിത്യവും’ (9/11 and the Literature of Terror), റിച്ചാർഡ് ഗ്രേയുടെ ‘പതനത്തിന് ശേഷം’ (After the Fall: American Literature Since 9/11) എന്നീ കൃതികൾ ഇംഗ്ലീഷ് സാഹിത്യത്തിൽ 9/11 സംഭവമുണ്ടാക്കിയ സ്വാധീനത്തെ പഠനവിധേയമാക്കുന്നുണ്ട്. അറബ് സാഹിത്യത്തിലും സമാനമായ പ്രതിഫലനങ്ങൾ കാണാൻ സാധിക്കും. ഈജിപ്ഷ്യൻ നോവലിസ്റ്റ് അലാ അൽ അസ്വാനിയുടെ ‘ഷികാഗോ’, യാസ്മിന ഖദ്റയുടെ ‘കാബൂളിലെ മീവൽപക്ഷികൾ’ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. അഡോണിസ്, ഗസ്സാൻ മത്തർ, മഹ്മൂദ് ദർവീശ് തുടങ്ങിയ പ്രമുഖ അറബി കവികളും തങ്ങളുടെ രചനകളിലൂടെ ഈ സംഭവത്തോട് പ്രതികരിച്ചു.
സൗദി അറേബ്യൻ നോവലുകളുടെ ചരിത്രത്തിൽ സെപ്റ്റംബർ 11 ഒരു നിർണായക വഴിത്തിരിവായി മാറി. ഇതിന് മുമ്പ്, 1979ലെ മക്ക ഹറം പള്ളി ആക്രമണംപോലുള്ള ചരിത്രസംഭവങ്ങളെ തങ്ങളുടെ കൃതികളിലേക്ക് സന്നിവേശിപ്പിക്കാൻ സൗദി എഴുത്തുകാർ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജുഹൈമാനും സംഘവും മക്കയിലെ ഹറം പള്ളി ആക്രമിച്ച സംഭവമാണ് പിന്നീട് വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിച്ചവരുടെ മനസ്സിൽ ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ കാരണമായതെന്ന് പല നോവലുകളും ആന്തരിക പാഠാന്തര ബന്ധങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
കുടുംബത്തിൽനിന്നുള്ള അവഗണന, ദാരിദ്ര്യം, തൊഴിലില്ലായ്മ, യുവാക്കളുടെ മനസ്സിലേക്ക് തീവ്രവാദചിന്തകൾ കുത്തിവെക്കുന്ന പ്രവണതകൾ, പാശ്ചാത്യരുടെ രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് സൗദി നോവലുകൾ അടിവരയിടുന്നു. സൗദി നോവലുകളിലെ ഭീകരവാദികളായ കഥാപാത്രങ്ങൾ മിക്കപ്പോഴും ഇടത്തരം-ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ളവരും ശരാശരി വിദ്യാഭ്യാസം മാത്രം ലഭിച്ചവരുമാണെന്ന് ഡോ. അബ്ദുള്ള അൽ ഗാനിം നടത്തിയ പഠനം നിരീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ സൗദി നോവലുകൾ ഭീകരവാദത്തെയും അതിന്റെ ബൗദ്ധിക വ്യവഹാരങ്ങളെയും അപഗ്രഥിച്ച രീതികൾ വിലയിരുത്തേണ്ടത് അനിവാര്യമാണ്.
സെപ്റ്റംബർ 11ന്റെ സ്വാധീനത്താൽ രചിക്കപ്പെട്ട സൗദി നോവലുകൾ ഭീകരവാദത്തെയും അതിന്റെ വിനാശകരമായ പ്രവണതകളെയും എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് ഈ ഗവേഷണ പഠനത്തിന്റെ ലക്ഷ്യം. ഇതിനായി അബ്ദുല്ല അൽ മുഅല്ലിമിന്റെ ‘അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ’ (ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല), അബ്ദുല്ല സാബിത്തിന്റെ ‘അൽ ഇർഹാബി 20’ (ഇരുപതാമത്തെ ഭീകരവാദി), തുർക്കി അൽ ഹമദിയുടെ ‘രീഹുൽ ജന്ന’ (സ്വർഗത്തിലെ കാറ്റ്) എന്നീ നോവലുകളെയാണ് പ്രാഥമിക സ്രോതസ്സുകളായി അവലംബിച്ചിട്ടുള്ളത്.
ഭീകരവാദവും സൗദി നോവലുകളും
ഭീകരവാദത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിൽ സൗദി എഴുത്തുകാർ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമകാലിക സുരക്ഷാ പ്രതിസന്ധികളെയും ഭീകരതയെയും ആവിഷ്കരിക്കുമ്പോൾ, മക്കയിലെ ഹറം പള്ളി ആക്രമണം വിവിധ കഥാപാത്രങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും സൗദി നോവലുകളിൽ ആവർത്തിച്ചുവരുന്നത് കാണാം. ഭീകരവാദത്തിന്റെ ചിത്രീകരണത്തിൽ സൗദി നോവലുകൾ വ്യത്യസ്തവും സങ്കീർണവുമായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചില നോവലിസ്റ്റുകൾ മതപരമായ വീക്ഷണകോണിലൂടെ ഈ വിഷയത്തെ സമീപിച്ചപ്പോൾ, മറ്റു ചിലർ സാമൂഹികശാസ്ത്രപരമായ അപഗ്രഥനങ്ങളിലൂടെയാണ് തങ്ങളുടെ ഭാവനയെ വികസിപ്പിച്ചത്.
യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നതിന് സൗദി നോവലുകൾ കണ്ടെത്തുന്ന കാരണങ്ങൾ ഏറക്കുറെ സമാനമാണ്. മതഗ്രന്ഥങ്ങളെ സ്വാർഥ താൽപര്യങ്ങൾക്കനുസരിച്ച് വക്രീകരിച്ച് വ്യാഖ്യാനിക്കുക, തീവ്രചിന്തകളിലൂടെ കൗമാരക്കാരുടെ മനസ്സിൽ വിഷം കുത്തിവെക്കുക, പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളും നയങ്ങളും, കുടുംബത്തിൽനിന്നുള്ള കടുത്ത അവഗണന, മാതാപിതാക്കളുടെ മോശം പെരുമാറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയെല്ലാം യുവാക്കളിൽ തീവ്രവാദചിന്തകൾ വളർത്തുന്നതിലും അവരെ ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഈ നോവലുകൾ വ്യക്തമാക്കുന്നു.
സൗദി നോവലുകളിലെ ഭീകരവാദ ചിത്രീകരണത്തെക്കുറിച്ച് അബ്ദുല്ല ബിൻ ഫഹദ് അൽ ഗാനിം നടത്തിയ ‘സൗദി നോവലുകളിലെ ഭീകരവാദം: ദർശനവും ഉപകരണവും’ എന്ന അക്കാദമിക പഠനം ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ 11നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട 26 സൗദി നോവലുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനത്തിൽ മനോവിശ്ലേഷണരീതിയാണ് അവലംബിച്ചിരിക്കുന്നത്. ദുർബലമായ കുടുംബസാഹചര്യങ്ങളിൽനിന്ന് വഴിതെറ്റിപ്പോയ യുവാക്കളുടെ യഥാർഥ ജീവിതസാഹചര്യങ്ങളുമായി നോവലുകളിലെ ചിത്രീകരണങ്ങൾ പൊരുത്തപ്പെടുന്നതാണെന്ന് ഈ പഠനം സ്ഥിരീകരിക്കുന്നു.
അലാ അൽ ഹദ്‌ലൂലിന്റെ ‘അൽ ഇൻതിഹാർ അൽ മഅ്ജൂർ’ (വാടകക്കെടുത്ത ആത്മഹത്യ), മുഹമ്മദ് അൽ ഹുദൈഫിന്റെ ‘നുഖ്തത് തഫ്തീഷ്’ (ചെക്ക്‌പോയന്റ്), അമൽ അൽ ഫാറാന്റെ ‘കായിനാത് മിൻ ത്വറബ്’ (സംഗീതത്തിന്റെ സൃഷ്ടികൾ), അലി അൽ കുഹൈമിയുടെ ‘അൽ ദീജ’ തുടങ്ങിയ കൃതികൾ ഈ പഠനത്തിൽ പ്രധാന ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രസംഭവങ്ങളുടെ തീവ്രത ലഘൂകരിക്കുമ്പോൾത്തന്നെ, അവ സൃഷ്ടിച്ച സാമൂഹികവും മാനസികവുമായ ദുരന്തങ്ങളെയും ഭീകരതയുടെ വിനാശകരമായ വശങ്ങളെയും ഈ കൃതികളിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
സൗദി നോവലുകളിലെ ഭീകരവാദ ചിത്രീകരണത്തെ രാഷ്ട്രീയ നോവലുകളുടെ (Political Novels) ഗണത്തിൽപ്പെടുത്താമോ എന്ന വിഷയത്തിൽ സാഹിത്യനിരൂപകർക്കിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ജമീൽ ഹംദാവിയുടെ അഭിപ്രായത്തിൽ; രാഷ്ട്രീയ ആശയങ്ങൾ, ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള സംഘർഷങ്ങൾ, തൊഴിലാളികളും ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾ, രാഷ്ട്രീയ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ജയിൽവാസം എന്നിവ ചർച്ചചെയ്യുന്നവയാണ് രാഷ്ട്രീയ നോവലുകൾ. സൗദി അറേബ്യയിൽ യഥാർഥ അർഥത്തിലുള്ള ഒരു രാഷ്ട്രീയ നോവൽ നിലവിലില്ല എന്നാണ് സാഹിത്യനിരൂപകൻ മുഹമ്മദ് അൽ അബ്ബാസ് വാദിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്ത സൗദിയിലെ ഭൂരിഭാഗം രചനകളും ഒന്നുകിൽ എഴുത്തുകാരുടെ ആത്മകഥകളാണ്; അല്ലെങ്കിൽ 1979ലെ ഹറം പള്ളി ആക്രമണം, 2001നു ശേഷമുള്ള ഭീകരാക്രമണങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ചരിത്രാഖ്യാനങ്ങളോ സങ്കൽപസൃഷ്ടികളോ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
9/11 സംഭവത്തിന്റെ പ്രതിഫലനങ്ങൾ ചിത്രീകരിക്കുന്ന നോവലുകൾ പ്രധാനമായും നായകന്റെ ആത്മകഥയും ജീവിതത്തോടും സമൂഹത്തോടുമുള്ള വികാരങ്ങളും കാഴ്ചപ്പാടുകളുമാണ് ചർച്ച ചെയ്യുന്നത്. ഇത്തരം ആത്മകഥാപരമായ വിവരണങ്ങളിലേക്കാണ് ഭീകരവാദസംഭവങ്ങളും പ്രതികരണങ്ങളും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ, ഇവയെ ‘രാഷ്ട്രീയ നോവലുകൾ’ എന്ന് വിശേഷിപ്പിക്കുന്നതിനുപകരം ‘രാഷ്ട്രീയസംഭവങ്ങൾ പറയുന്ന നോവലുകൾ’ (Novels that narrate political events) എന്ന് വിളിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
സൗദി യുവത്വത്തിന്റെ സാംസ്കാരിക കൗമാരം
സൗദി നോവലിസ്റ്റ് അബ്ദുല്ല അൽ മുഅല്ലിമിന്റെ ‘അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ’ (ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല) എന്ന നോവൽ സൗദി യുവത്വത്തിന്റെ സാംസ്കാരിക കൗമാരത്തെയും അതിന്റെ ആന്തരിക സംഘർഷങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രമാണ് ഹമദ്. ലക്ഷ്യബോധമില്ലാതെയുള്ള അലഞ്ഞുതിരിയലും അവിവേകപൂർണമായ വാഹനമോടിക്കലും ഉൾക്കൊള്ളുന്ന ‘ഹജ്‌വല’ (Hajwalah) എന്ന വിനോദത്തോട് കടുത്ത ആസക്തി പുലർത്തുന്ന കൗമാരക്കാരനാണവൻ. ഈ പ്രവണത അവന് ‘ഹമദ് അൽഹജ്‌വല’ എന്ന പേര് നേടിക്കൊടുക്കുന്നതോടൊപ്പം മനസ്സിൽ അക്രമവാസനകൾ വളർത്താനും കാരണമാകുന്നു.
പഠനത്തിൽ അങ്ങേയറ്റം അലസനായിരുന്ന ഹമദിന് അമേരിക്കൻ ആക്ഷൻ സിനിമകൾ കാണുന്നതിലും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിലും മാത്രമായിരുന്നു താൽപര്യം. ധനികനായ പിതാവിന്റെ തണലിൽ വളർന്നതിനാൽ അവന് ജോലി കണ്ടെത്താനുള്ള ഒരു സമ്മർദവുമുണ്ടായിരുന്നില്ല. ഒരിക്കൽ സുഹൃത്തായ സഅദുമൊത്ത് മണൽക്കുന്നുകൾക്കിടയിൽ നടത്തിയ കാറോട്ടമത്സരത്തിനിടെ വാഹനം നിയന്ത്രണംവിട്ട് ഇടിച്ച് സഅദ് ദാരുണമായി മരിക്കുന്നു. ഈ ദുരന്തം ഹമദിൽ വലിയ മാനസികാഘാതം സൃഷ്ടിക്കുന്നു. പിന്നീട് തന്റെ കമ്പനിയുടമക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടായപ്പോൾ, അസാധാരണമായ ഡ്രൈവിങ് വൈദഗ്ധ്യം ഉപയോഗിച്ച് അദ്ദേഹത്തെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിലൂടെ ഹമദ് നായകപരിവേഷം നേടുന്നു. ഈ സാഹസിക രക്ഷാപ്രവർത്തനത്തെ തികച്ചും സിനിമാറ്റിക് ആഖ്യാനശൈലിയിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
പ്രത്യയശാസ്ത്ര സംഘർഷങ്ങൾ
ഈ നോവലിന്റെ പ്രമേയപരിസരം രൂപപ്പെടുന്നത് തികച്ചും വിചിത്രമായ വൈരുധ്യത്തിൽനിന്നാണ്. ഇസ്‌ലാമിക സാംസ്കാരിക പശ്ചാത്തലമുള്ള റിയാദിൽ വളർന്ന ഹമദ് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന തികഞ്ഞ ഉദാരവാദിയാണ്. മറുഭാഗത്ത്, ഉദാരവാദത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ജീവിക്കുന്ന അവന്റെ പിതൃവ്യപുത്രൻ ഫൈസൽ തീവ്ര മതഭക്തനും യാഥാസ്ഥിതികനുമാണ്. ഈ വൈരുധ്യമാണ് നോവലിലെ സാംസ്കാരിക സംഘട്ടനങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത്. അമേരിക്കയിലെത്തുന്ന ഹമദ് അവിടെയുള്ള ‘അറബ് ലീഗ് കഫേ’ സന്ദർശിക്കുകയും അവിടത്തെ യുവാക്കൾക്കൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്യുന്നു.
ഇതിനിടയിലാണ് ദുരൂഹസ്വഭാവമുള്ള ‘ജൂലിയോ’ എന്ന മെക്സിക്കൻ യുവാവിനെ അവൻ പരിചയപ്പെടുന്നത്. മയക്കുമരുന്ന് കടത്ത്, വ്യാജരേഖ ചമക്കൽ, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജൂലിയോ, ഹമദിനെ വലിയ തുകക്കുള്ള കാറോട്ടമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. അമേരിക്കൻ റേസറായ ബില്ലി ജെൻസറുമായുള്ള ആദ്യമത്സരത്തിൽ, ഒരു ലൈംഗികത്തൊഴിലാളിയെ ഉപയോഗിച്ച് ബില്ലി ഹമദിന്റെ ശ്രദ്ധതിരിക്കുകയും വഞ്ചനയിലൂടെ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മത്സരത്തിൽ ജൂലിയോ നൽകിയ ഇരുമ്പ് ബോഡിയുള്ള പഴയ കാറുമായി കുതിച്ച ഹമദ് വൻവിജയം നേടുന്നു; അമേരിക്കക്കാരനെ പരാജയപ്പെടുത്തിയ ഏക അറബി എന്ന ഖ്യാതിയും സ്വന്തമാക്കുന്നു. ഹമദിന്റെ ഈ ജീവിതരീതി ഫൈസലിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി കടുത്ത സംഘർഷത്തിന് വഴിവെക്കുന്നു. സെപ്റ്റംബർ 11നു ശേഷം, ജൂലിയോ യഥാർഥത്തിൽ എഫ്.ബി.ഐയുടെയും പൊലീസിന്റെയും രഹസ്യ വിവരദാതാവായിരുന്നുവെന്ന് വെളിപ്പെടുന്നു.
അമേരിക്കയിൽവച്ച് ശൈഖ് സ്വാലിഹ് എന്ന മതപ്രബോധകനെ ഹമദ് പരിചയപ്പെടുന്നു. ഫൈസലാണ് അവർക്കിടയിൽ ഇടനിലക്കാരനാകുന്നത്. നരകത്തിലെയും ഖബറിലെയും ശിക്ഷകളെക്കുറിച്ചും സ്ത്രീകളുടെ ഔറത്തിനെക്കുറിച്ചുമുള്ള (മറയ്ക്കേണ്ട ശരീരഭാഗങ്ങൾ) അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ യുവാക്കളുടെ മനസ്സിൽ കടുത്ത ഭയവും ആന്തരിക സംഘർഷങ്ങളും സൃഷ്ടിക്കുന്നു. സോവിയറ്റ് യൂനിയനെതിരെ അഫ്ഗാനിസ്താനിൽ പോരാടിയ പശ്ചാത്തലമുള്ള വ്യക്തിയാണ് ശൈഖ്.
ഭൗതികജീവിതത്തോടുള്ള യുവാക്കളുടെ ആസക്തികളെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ പ്രധാനമായും ശ്രമിച്ചത്. ശൈഖിന്റെ ഉപദേശങ്ങളെത്തുടർന്ന് ഹമദിന്റെ ബന്ധുക്കളായ സഊദും മൻസൂറും നിശാക്ലബുകളിലേക്കുള്ള യാത്രകൾ പൂർണമായും അവസാനിപ്പിച്ച് ഭക്തിയുടെ മാർഗത്തിലേക്ക് തിരിയുന്നു. ഹമദ് ശൈഖിന്റെ ആശയങ്ങളോട് നിരന്തരം സംവദിക്കുകയും, മതപാഠങ്ങളെ യുക്തിഭദ്രമായി സമീപിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. അച്ചടക്കരാഹിത്യവും അരാജകത്വവും ഇഷ്ടപ്പെടുന്ന ഹമദ്, ബന്ധുക്കളിലുണ്ടായ ഈ മാറ്റം കാരണം കടുത്ത ഒറ്റപ്പെടലും മാനസിക സംഘർഷവും അനുഭവിക്കുന്നു.
സെപ്റ്റംബർ 11ന്റെ ആഘാതം
സെപ്റ്റംബർ 11ലെ ഭീകരാക്രമണ വാർത്ത ടെലിവിഷൻ സ്ക്രീനിൽ കാണുമ്പോൾ നോവലിലെ കഥാപാത്രങ്ങൾ പൂർണമായും സ്തംഭിച്ചുപോകുന്നു. ഈ സംഭവത്തിനുശേഷം അമേരിക്കയിൽ അറബികൾക്കും മുസ്‌ലിംകൾക്കുമെതിരെ ശക്തമായ സുരക്ഷാ പരിശോധനകളും വേട്ടയാടലും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി, താടിയുള്ള ശൈഖ് സ്വാലിഹിനെയും ഫൈസലിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഈ സാഹചര്യത്തിൽ, സംശയത്തിന്റെ നിഴലിൽനിന്ന് ഒഴിവാകാനും അറസ്റ്റിൽനിന്ന് രക്ഷപ്പെടാനുമായി ഹമദും സഊദും മൻസൂറും ഒരു നിശാക്ലബിൽ അഭയംതേടുന്നു.
തങ്ങൾ ഭീകരവാദികളല്ലെന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്താൻ ഹമദ് ബന്ധുക്കൾക്ക് നൽകുന്ന വിചിത്രമായ നിർദേശങ്ങൾ നോവലിലെ സുപ്രധാനമായൊരു വൈരുധ്യമാണ് തുറന്നുകാട്ടുന്നത്. ‘നിങ്ങൾ എന്നെപ്പോലെ നൃത്തം ചെയ്തില്ലെങ്കിൽ, വിസ്കി ഓർഡർ ചെയ്ത് കുടിച്ചില്ലെങ്കിൽ നമ്മൾ ഭീകരവാദികളാണെന്ന് അവർ മുദ്രകുത്തും’ എന്ന് ഹമദ് അവരെ ഓർമിപ്പിക്കുന്നു.
ഭീകരവാദികളായി മുദ്രകുത്തപ്പെടാതിരിക്കാൻ മദ്യപിക്കാനും യുവതികളോടൊപ്പം നൃത്തംചെയ്യാനും നിർബന്ധിതരാകുന്ന സൗദി യുവാക്കളുടെ ഈ ദുരവസ്ഥ സാംസ്കാരിക കൗമാരത്തിന്റെ വലിയൊരു വിരോധാഭാസമായി നോവൽ അവതരിപ്പിക്കുന്നു. ഇത്തരം പ്രഹസനങ്ങളൊന്നും അവരെ രക്ഷിക്കുന്നില്ല; നിശാക്ലബിൽവെച്ചുതന്നെ സുരക്ഷാസേന അവരെ പിടികൂടുന്നു. അറബികൾക്ക് നേരിടേണ്ടിവരുന്ന കടുത്ത വിവേചനങ്ങളെത്തുടർന്ന്, ‘ഞങ്ങൾ അറബികളല്ല, ഇന്ത്യക്കാരാണ്’ എന്ന ബാനറുകളുയർത്തി ഇന്ത്യക്കാരായ ഹിന്ദുക്കൾ തെരുവുകളിൽ പ്രകടനം നടത്തുന്നതും ഹമദ് വേദനയോടെ നോക്കിക്കാണുന്നു. തീവ്രവാദസംഘങ്ങൾ കൗമാരക്കാരെ ആകർഷിക്കാൻ പ്രയോഗിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളെ അപഗ്രഥിക്കുന്നതിനൊപ്പം, സാംസ്കാരികമായി യുവാക്കൾ അനുഭവിക്കുന്ന അന്യവത്കരണത്തെയും അവരുടെ നിസ്സഹായതയെയും കൃത്യമായി അടയാളപ്പെടുത്താൻ നോവലിന് സാധിക്കുന്നു.
ഇരുപതാമത്തെ ഭീകരവാദി
സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ 19 ഭീകരവാദികൾ പങ്കെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്കിനോടുള്ള രൂപാത്മകമായ പ്രതികരണമാണ് അബ്ദുല്ല സാബിത്തിന്റെ നോവൽ തലക്കെട്ട്. അദ്ദേഹത്തിന്റെ ‘അൽ ഇർഹാബി 20’ (ഇരുപതാമത്തെ ഭീകരവാദി) എന്ന നോവലിലെ പ്രധാന കഥാപാത്രമായ സാഹി അൽ ജബാലിയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് തീവ്രവാദ ആശയങ്ങൾ യുവാക്കളുടെ മനസ്സിൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളെ നോവലിസ്റ്റ് അപഗ്രഥിക്കുന്നത്. കലയും കാവ്യസംസ്കാരവും സംഗീതവും നിറഞ്ഞ അസീർ എന്ന സൗദി പ്രവിശ്യയിലെ പരമ്പരാഗത പശ്ചാത്തലത്തിലാണ് സാഹി ജനിച്ചുവളർന്നത്.
സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഖുർആൻ പാഠശാലയിൽ പ്രവേശിക്കേണ്ടിവരുന്നത് അവനിൽ കടുത്ത അസംതൃപ്തി വളർത്തുന്നു. പിന്നീട് സർവകലാശാലാ പഠനകാലത്ത് കാമ്പസിലെ മത കൂട്ടായ്മകളിലേക്കും അവയുടെ ക്യാമ്പുകളിലേക്കും ആകർഷിക്കപ്പെടുന്നതോടെ അവൻ ശൈഖ് ഹുമൈദ്, യഹ്‌യ എന്നിവരുടെ സ്വാധീനവലയത്തിലാകുന്നു. സ്വാഭാവികമായ കൗമാരത്തിൽനിന്ന് തീവ്രവാദത്തിലേക്ക് സാഹി ക്രമാനുഗതമായി മാറ്റപ്പെടുന്നതിന്റെ ആഖ്യാനമാണ് നോവൽ നിർവഹിക്കുന്നത്.
തനിക്കും തന്റെ പുതിയ സുഹൃത്തുക്കൾക്കും യോജിക്കാവുന്ന, സവിശേഷമായ വിശ്വാസസംഹിതകളും ആചാരങ്ങളും പുലർത്തുന്നവരോട് മാത്രം കൂറും സ്നേഹവും കാണിക്കാൻ സാഹി പരിശീലിക്കപ്പെടുന്നു. അല്ലാത്തവരോട് മുഴുവൻ –അവർ സ്വന്തം മാതാപിതാക്കളോ കുടുംബക്കാരോ ഭരണകൂടമോ ആകട്ടെ– പൂർണമായ അകൽച്ചയും ശത്രുതയും പ്രഖ്യാപിക്കുക എന്നതാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ കാതൽ. സമകാലിക തീവ്രവാദസംഘങ്ങൾ ദുർവ്യാഖ്യാനിക്കുന്നതുപോലെ, നോവലിലും ‘അൽ വലാഅ് വൽബറാഅ്’ (കൂറും അകൽച്ചയും) എന്ന ആശയത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. ലോകം മുഴുവൻ കാഫിറുകൾ (അവിശ്വാസികൾ) ആണെന്നും തങ്ങൾ മാത്രമാണ് യഥാർഥ ‘രക്ഷപ്പെട്ട വിഭാഗം’ (അൽ ഫിർഖ അൽ നാജിയ) എന്നുമുള്ള ആശയമാണ് ഈ ക്യാമ്പുകളിലൂടെ യുവാക്കൾക്ക് പകർന്നുനൽകിയത്. തങ്ങളോടുള്ള കൂറ് ഉറപ്പാക്കാൻ ഈ കൂട്ടായ്മകൾ ‘അകലം പാലിക്കൽ’ എന്ന മനഃശാസ്ത്ര തന്ത്രം ഉപയോഗിച്ച് യുവാക്കളെ അവരുടെ മുൻകാല സൗഹൃദങ്ങളിൽനിന്നും യഥാർഥ ലോകത്തുനിന്നും പൂർണമായി ഒറ്റപ്പെടുത്തുന്നു.
ഈ സിദ്ധാന്തം സാഹിയുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും കടുത്ത ആന്തരിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വഴിപിഴച്ചവരിൽനിന്നുള്ള പ്രലോഭനങ്ങളും ‘ഫിത്‌ന’യും (കുഴപ്പം) ഭയന്ന് വീടുവിട്ടിറങ്ങാൻ യഹ്‌യ അവനെ നിർബന്ധിക്കുന്നു. ഇതനുസരിച്ച് വീടുവിട്ടിറങ്ങുന്ന സാഹിയുടെ വസ്ത്രത്തുമ്പിൽ പിടിച്ച് മാതാവ് വിതുമ്പിക്കരയുമ്പോൾ, മാതൃത്വത്തിന്റെ കണ്ണുനീരിനേക്കാൾ പ്രാധാന്യം സംഘടനയുടെ ലക്ഷ്യങ്ങൾക്കാണെന്ന് കരുതത്തക്കവിധം ആ പ്രത്യയശാസ്ത്രം അവന്റെ ഹൃദയത്തെ മരവിപ്പിച്ചിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പിശാചിന്റെ കൂട്ടാളികളായി കാണുന്ന അവസ്ഥയിലേക്ക് അവൻ മാറുന്നു.
‘അൽ വലാഅ് വൽബറാഅ്’ സിദ്ധാന്തത്തിന്റെ സ്വാധീനത്താൽ കടുത്ത നിയമലംഘനങ്ങളെപ്പോലും പുണ്യകർമങ്ങളായി ചിത്രീകരിക്കാൻ നോവലിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് സാധിക്കുന്നു. അവിശ്വാസിയായ ഒരു ഭരണകൂടത്തിന്റെ പണം മോഷ്ടിക്കുന്നത് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമമാണെന്ന് വിചിത്രമായ ഫത്‌വകൾ അവർ യുവാക്കൾക്ക് നൽകുന്നു. കൂടാതെ, ശത്രുക്കളെ വഞ്ചിക്കുന്നതിനും തങ്ങളുടെ രഹസ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വേണ്ടി കള്ളം പറയുന്നത് അനുവദനീയമാണെന്നും അവർ സിദ്ധാന്തിക്കുന്നു. ഈ ആപത്കരമായ ആശയങ്ങൾ സാഹിയുടെ ബൗദ്ധികവും ധാർമികവുമായ അധഃപതനത്തിന് ആക്കംകൂട്ടുന്നു.
സാഹിയുടെ ഈ അന്ധമായ പ്രത്യയശാസ്ത്ര ജീവിതം ഒടുവിൽ കടുത്ത നിരാശയിലാണ് അവസാനിക്കുന്നത്. സംഘടനക്കുള്ളിലെ കടുത്ത കാപട്യങ്ങളും ക്രൂരതകളും അവൻ നേരിട്ട് തിരിച്ചറിയുന്നു. കാറിൽ ഉച്ചത്തിൽ പാട്ടുവെച്ചു എന്ന കാരണത്താൽ ഒരു സാധാരണ യുവാവിനെ മതാചാര പൊലീസ് ക്രൂരമായി മർദിക്കുകയും ദുർഗന്ധം വമിക്കുന്ന ശുചിമുറിയിൽ പൂട്ടിയിട്ട് അപമാനിക്കുകയും ചെയ്യുന്നത് സാഹി നേരിൽ കാണുന്നു. ഈ സംഭവം അവന്റെ ചിന്തകളെ ഉണർത്തുകയും, മനുഷ്യരെ അപമാനിക്കാനും അവരുടെ വ്യക്തിത്വത്തെ തകർക്കാനുമുള്ള ഒന്നാണോ മതം എന്ന് സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈ ആത്മപരിശോധന അവനെ അന്ധമായ ആഭ്യന്തര ശത്രുതകളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽനിന്നും പൂർണമായി മോചിപ്പിക്കുന്നു. ഒടുവിൽ, വിനാശകരമായ ഭീകരവാദ ചിന്തകൾ വെടിഞ്ഞു യഥാർഥ മതമൂല്യങ്ങളിലേക്ക് അവൻ മടങ്ങിയെത്തുന്നു. തനിക്ക് ഒരു സാധാരണ മനുഷ്യനാകാൻ മാത്രമാണ് ആഗ്രഹമെന്നും, മനുഷ്യർക്കുവേണ്ടി മാത്രം ജീവിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സാഹി തന്റെ ആന്തരിക സംഘർഷങ്ങൾക്ക് വിരാമമിടുന്നത്.
‘അൽ ഇർഹാബി 20’ എന്ന നോവൽ കേവലം ഒരു കഥാഖ്യാനത്തിനപ്പുറം, യുവമനസ്സുകളിൽ തീവ്രവാദ ഗ്രൂപ്പുകൾ എങ്ങനെയാണ് ബൗദ്ധികാധിപത്യം സ്ഥാപിക്കുന്നതെന്ന് ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു മനഃശാസ്ത്ര പഠനമായി വിലയിരുത്തപ്പെടുന്നു. സൗദി നിരൂപകനായ ഹാമിദ് അഖീൽ ഈ നോവലിനെ അടിസ്ഥാനമാക്കി, തീവ്രവാദ ഗ്രൂപ്പുകൾ യുവാക്കളുടെ ചിന്താശേഷി മരവിപ്പിക്കാനും അവരെ വിനാശകരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കാനുമായി ഉപയോഗിക്കുന്ന എട്ട് പ്രധാന മനഃശാസ്ത്ര പ്രതിഭാസങ്ങളെ തരംതിരിച്ചു കാണിക്കുന്നുണ്ട്. കഥാനായകനായ സാഹി അൽ ജബാലിയുടെ ജീവിതത്തിലൂടെ തീവ്രവാദത്തിന്റെ കപട ബൗദ്ധിക വ്യവഹാരങ്ങൾ എങ്ങനെയാണ് യുവതലമുറയെ വഴിതെറ്റിക്കുന്നതെന്ന് അത് വ്യക്തമാക്കുന്നു.
ആവർത്തനം, പ്രലോഭനം, അപ്രതീക്ഷിതമായ ആഘാതം, ക്രമാനുഗതമായ മാറ്റം, സൈനിക അധികാര ഘടന, യഥാർഥ ലോകത്തുനിന്നുള്ള അകൽച്ച തുടങ്ങിയ തന്ത്രങ്ങളാണ് നോവലിൽ ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നോവലിൽ തീവ്രവാദ സംഘങ്ങൾക്കിടയിൽ കനത്ത സുരക്ഷാ കാവലുകളും സൈനികമായ അധികാരഘടനകളും രൂപപ്പെടുത്തുന്നുണ്ട്. ലൗകിക ജീവിതത്തിൽ ഒന്നുമാകാത്ത യുവാക്കൾക്ക് ഇതിലൂടെ ഒരു സാങ്കൽപിക രാജ്യത്തിന്റെയോ വ്യവസ്ഥിതിയുടെയോ ഭാഗമാണ് തങ്ങളെന്ന വലിയൊരു വ്യാമോഹം ജനിപ്പിക്കുന്നു.
‘ഒരു രാജ്യം സ്ഥാപിക്കുന്നതിന് സമാനമായൊരു ലഹരിയിലായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്’ എന്ന സാഹിയുടെ ഓർമപ്പെടുത്തൽ ഇതിലേക്ക് വിരൽചൂണ്ടുന്നു. ഭീകരവാദ ഗ്രൂപ്പുകൾ മതവിശ്വാസങ്ങളെ കപടമായി ചിത്രീകരിച്ചുകൊണ്ട് എങ്ങനെയാണ് യുവാക്കളുടെ സാംസ്കാരിക ബോധങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും ഒടുവിൽ അതിൽനിന്ന് മതത്തിന്റെ യഥാർഥ മൂല്യങ്ങളിലേക്ക് വ്യക്തികൾ എങ്ങനെയാണ് മടങ്ങിയെത്തുന്നതെന്നുമുള്ള ആഴത്തിലുള്ള ചിത്രീകരണമാണ് ‘അൽ ഇർഹാബി 20’ നൽകുന്നത്.
തലക്കെട്ടിന്റെ പ്രസക്തി
‘അൽ ഇർഹാബി 20’ എന്ന തലക്കെട്ടുതന്നെ രാഷ്ട്രീയമായും പ്രതീകാത്മകമായും വലിയ അർഥതലങ്ങൾ ഉൾക്കൊള്ളുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക അമേരിക്കൻ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് മാനിഅ് അൽ ഖഹ്ത്താനി എന്ന സൗദി പൗരനെയാണ് അമേരിക്ക ‘ഇരുപതാമത്തെ ഭീകരവാദി’യായി കണക്കാക്കുന്നത്. 2001ലെ ആക്രമണങ്ങളിൽ പങ്കാളിയാകാൻ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച അൽ ഖഹ്ത്താനിയെ, കുടിയേറ്റനിയമങ്ങൾ ലംഘിച്ചുവെന്ന സംശയത്താൽ വിമാനത്താവളത്തിൽവെച്ച് തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.
പിന്നീട് അഫ്ഗാനിസ്താനിൽനിന്ന് പിടിക്കപ്പെട്ട ഇയാളെ 2002 ജൂൺ മുതൽ ഗ്വണ്ടാനമോ തടവറയിലാണ് പാർപ്പിച്ചിരിക്കുന്നത്. സൗദി നോവലിസ്റ്റായ അബ്ദുല്ല സാബിത് ഈ യഥാർഥ സംഭവത്തെയും ‘ഇരുപതാമത്തെ ഭീകരവാദി’ എന്ന പ്രതീകത്തെയും നോവലിലുടനീളം പ്രധാന ആഖ്യാനതന്ത്രമായി ഉപയോഗിക്കുന്നു. വഴിതെറ്റിപ്പോകുന്ന ഒരു തീവ്രവാദിയുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് തുറന്നുകാട്ടാനും ഭീകരവാദികൾ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുമാണ് നോവലിസ്റ്റ് ഈ പ്രതീകത്തിലൂടെ ശ്രമിക്കുന്നത്.
സാഹി തന്റെ ഓഫിസിലിരുന്ന് ഗാസി അൽ ഖുസൈബിയുടെ ‘അൽ ഉസ്ഫൂരിയ്യ’ എന്ന നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയിലെ വിമാനറാഞ്ചൽ വാർത്ത ‘അൽജസീറ’ ചാനലിലൂടെ തത്സമയം കാണുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഉസാമ ബിൻ ലാദൻ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടു. അക്രമികളായ 19 ഭീകരവാദികളുടെ കഠിനമായ പരിശീലന ദൃശ്യങ്ങളും അവരുടെ ആക്രോശങ്ങളും പ്രഭാഷണങ്ങളും ആ വിഡിയോയിലൂടെ സാഹി കാണുന്നുണ്ട്.
ആ നിമിഷം സാഹിയുടെ ഉള്ളിൽ വലിയൊരു മിന്നലാഘാതമുണ്ടാകുന്നു; വിഡിയോയിൽ കണ്ട അന്തരീക്ഷവും രീതികളും തന്റെ കൗമാരകാലത്ത് ജീവിച്ച രഹസ്യ തീവ്രവാദ ക്യാമ്പുകളുടേതിന് സമാനമാണെന്ന് അവൻ തിരിച്ചറിയുന്നു. ഒരുപക്ഷേ, അന്ന് ആ സംഘടനയിൽനിന്നും അവരുടെ പ്രവർത്തനങ്ങളിൽനിന്നും പിന്തിരിയാതെ അവരോടൊപ്പം തുടർന്നിരുന്നെങ്കിൽ, ആ വിഡിയോയിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന ഭീകരർക്കൊപ്പം ഇരുപതാമനായി താനും ഉണ്ടാകുമായിരുന്നുവെന്ന് സാഹി ഓർക്കുന്നു. ഇതിലൂടെയാണ് അവൻതന്നെത്തന്നെ ‘ഇരുപതാമത്തെ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്നത്.
സാഹിയുടെ തീവ്രവാദത്തിലേക്കുള്ള പരിവർത്തനം സൗദി യുവാക്കൾ അനുഭവിക്കുന്ന സങ്കീർണമായ സ്വത്വപ്രതിസന്ധിയുടെ ഫലമായിരുന്നു. താൻ പങ്കെടുത്ത ക്യാമ്പുകളിലെ ബൗദ്ധികമായ അടിമത്തവും മനുഷ്യത്വരഹിതമായ നിലപാടുകളും നേരിട്ട് കാണുന്നതോടെയാണ് സാഹിയുടെ സ്വത്വപ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. ചിന്തകളും തുറന്ന ചോദ്യങ്ങളും ഉയർത്താൻ തുടങ്ങിയതോടെ അവനിലെ വസ്തുനിഷ്ഠത ഉണരുകയായി. ‘ഒരു പ്രതിഭ ജീവിതത്തിൽ അനിവാര്യമായും ദുഃഖിതനായിരിക്കും; കാരണം വസ്തുനിഷ്ഠതക്കായി അവർ സ്വന്തം സന്തുഷ്ടി ബലികഴിക്കുന്നു’ എന്ന ഷോപ്പൻഹോവറിന്റെ (Schopenhauer) വാക്കുകളെയാണ് ഈ ഘട്ടം ഓർമിപ്പിക്കുന്നത്. ഒടുവിൽ, വിനാശകരമായ ആശയങ്ങളിൽനിന്നും അന്ധമായ ശത്രുതകളിൽനിന്നും സാഹി മോചനം നേടുന്നതിലൂടെ നോവൽ അവസാനിക്കുന്നു.
1979ൽ നടന്ന മക്ക ഹറം പള്ളി ആക്രമണത്തിനിടെ പുക ഉയരുന്നു
സ്വർഗത്തിലെ കാറ്റ്
മറ്റൊരു സൗദി നോവലിസ്റ്റായ തുർക്കി അൽഹമദിന്റെ ‘രീഹുൽ ജന്ന’ (സ്വർഗത്തിലെ കാറ്റ്) എന്ന നോവൽ സെപ്റ്റംബർ 11ലെ സംഭവവികാസങ്ങളെയും ഭീകരവാദികളുടെ മസ്തിഷ്കപ്രക്ഷാളനത്തെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. ഒരുവിധ മുഖവുരയോ ആമുഖമോ കൂടാതെ, ഭീകരവാദികൾ തങ്ങളുടെ പദ്ധതികളിലേക്ക് കടക്കുന്നതുപോലെ നേരിട്ട് സംഭവത്തിന്റെ അകക്കാമ്പിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയാണ് നോവൽ ആരംഭിക്കുന്നത്. ‘സെപ്റ്റംബറിലെ ആ വെയിലുള്ള പ്രഭാതത്തിൽ, ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്ന് ലോസ് ആഞ്‍ജലസിലേക്ക് പുറപ്പെടുന്ന അമേരിക്കൻ എയർലൈൻസ് ബോയിങ് 767 ഫ്ലൈറ്റ് നമ്പർ 11ന്റെ ചക്രങ്ങൾ ഭൂമിയിൽനിന്ന് ഉയരാൻ തുടങ്ങി’ എന്ന വരികളോടെയാണ് തുടക്കം.
നോവലിന്റെ ആമുഖം ‘സ്വർഗരാജ്യത്തേക്കുള്ള യാത്രികർക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. ‘അല്ലെങ്കിൽ, അവിടേക്കാണ് തങ്ങൾ യാത്രചെയ്യുന്നതെന്ന് അവർ വിശ്വസിക്കുന്നു; യഥാർഥത്തിൽ നിങ്ങൾ എവിടേക്കാണ് യാത്രചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ?’ എന്ന ചോദ്യത്തിലൂടെ തീവ്രവാദികളുടെ സ്വർഗസങ്കൽപങ്ങളിലെ മിഥ്യാധാരണകളെ എഴുത്തുകാരൻ കടുത്ത പരിഹാസത്തോടെ ചോദ്യംചെയ്യുന്നു. തങ്ങൾ ചെയ്യുന്നത് വലിയൊരു പുണ്യപ്രവൃത്തിയാണെന്ന് അന്ധമായി വിശ്വസിക്കുന്ന ഭീകരവാദികൾ ഒരിക്കലും തങ്ങളുടെ ക്രൂരതകളെക്കുറിച്ച് ആത്മപരിശോധന നടത്താൻ തയാറാകുന്നില്ല എന്ന കഠിനമായ യാഥാർഥ്യമാണ് നോവലിസ്റ്റ് ഇവിടെ തുറന്നുകാട്ടുന്നത്.
വിമാനറാഞ്ചലിന്റെ ആഖ്യാനം അങ്ങേയറ്റം ഉദ്വേഗജനകമായ സിനിമാറ്റിക് ശൈലിയിലാണ് നോവലിൽ അവതരിപ്പിക്കുന്നത്. വിമാനം റാഞ്ചാൻ നിയോഗിക്കപ്പെട്ട ഭീകരവാദികളായ വാഇൽ, വലീദ്, മുഹമ്മദ്, അബ്ദുൽ അസീസ്, സത്താം എന്നിവരുടെ സംഘം തങ്ങളുടെ സീറ്റ് ബെൽറ്റ് സിഗ്നൽ ഓഫാകുന്നതിന് മുമ്പുതന്നെ കോക്പിറ്റിലേക്ക് നീങ്ങുന്നു. ഫസ്റ്റ് ക്ലാസിലെ യാത്രക്കാരെ സേവിക്കാൻ നിന്ന രണ്ട് എയർഹോസ്റ്റസുമാർ അവരെ തടയാൻ ശ്രമിച്ചപ്പോൾ, ഭീകരവാദികൾ മൂർച്ചയുള്ള ആയുധങ്ങൾ പുറത്തെടുക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതിലൊരു ഭീകരൻ ഒരു എയർഹോസ്റ്റസിന്റെ കഴുത്തറുത്തുകൊല്ലുകയും അവളുടെ വിരലിലുണ്ടായിരുന്ന സ്വർണമോതിരം ഊരിയെടുക്കുകയും ചെയ്യുന്നു.
രണ്ടാമത്തെ ഹോസ്റ്റസിന്റെ മുടിയിൽ പിടിച്ചുവലിച്ചു കഴുത്തിൽ ആയുധം വെച്ചുകൊണ്ട് അവർ കോക്പിറ്റിലേക്ക് അതിക്രമിച്ചുകയറുകയും പൈലറ്റുമാരോട് വിമാനത്തിന്റെ നിയന്ത്രണം വിട്ടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ ഭീകരവാദികൾ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നതെന്നും ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിലെത്തിയതെന്നും നോവൽ വ്യക്തമാക്കുന്നുണ്ട്. തങ്ങൾക്ക് വിസ ലഭിച്ചതിലെ അപൂർണതകളും യു.എസ് സുരക്ഷാ ഏജൻസികളുടെ വീഴ്ചകളും യഥാർഥത്തിൽ തങ്ങളുടെ ലക്ഷ്യം എളുപ്പമാക്കാൻ ദൈവം നൽകിയ സഹായങ്ങളാണെന്ന വിചിത്രമായ മിഥ്യാധാരണയിലാണ് ഭീകരവാദികൾ ജീവിച്ചിരുന്നത്.
വിമാനത്തിനുള്ളിലെ സാധാരണക്കാരായ യാത്രക്കാരെ ഭൗതികലോകത്തിന്റെ അഴുക്കിലും ലൗകികസുഖങ്ങളിലും മുങ്ങിപ്പോയവരായും ലോകത്ത് കടന്നുവന്ന വിവിധ പ്രവാചകന്മാരെ ധിക്കരിച്ച ജനതയുടെ തുടർച്ചയായുമാണ് ഭീകരവാദികൾ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, നിരപരാധികളായ ഈ മനുഷ്യരെ കൊലപ്പെടുത്തുന്നത് തങ്ങളുടെ സ്വർഗപ്രവേശനത്തിന് അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. ഈ ചോരപ്പുഴയിലൂടെ കടന്നുപോയാൽ വേഗം സ്വർഗത്തിലെത്താമെന്ന് അവർ വ്യാമോഹിക്കുന്നു.
വിമാനറാഞ്ചലിനിടയിൽ മനസ്സിൽ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ മാനുഷികമായ സഹതാപമോ ഉണ്ടായാൽ, അതിനെ ‘പിശാചിന്റെ ദുർബോധനമായി’ തള്ളിക്കളയാനും ചിന്താശേഷിയെ പൂർണമായി മരവിപ്പിക്കാനും ദൈവത്തോട് പ്രാർഥിക്കുന്ന അവസ്ഥ തീവ്രവാദികളുടെ കടുത്ത മാനസികവൈകല്യത്തെ തുറന്നുകാട്ടുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ബലം നൽകാൻ, എല്ലാം ദൈവത്തിന്റെ ഇച്ഛയനുസരിച്ചാണ് സംഭവിക്കുന്നതെന്ന ഗസ്സാലിയുടെ ‘അൽ മുൻഖിദ് മിനദ്ദലാൽ’ (വഴികേടിൽ നിന്നുള്ള മോചനം) എന്ന ഗ്രന്ഥത്തിലെ സിദ്ധാന്തങ്ങളെ അവർ തങ്ങൾക്കനുകൂലമായി ദുർവ്യാഖ്യാനം ചെയ്യുന്നു.
വിമാനറാഞ്ചലിലൂടെയാണ് നോവൽ ആരംഭിക്കുന്നതെങ്കിലും, പിന്നീട് ഭീകരവാദികളുടെ മുൻകാല ജീവിതവും പരിശീലനങ്ങളും വ്യക്തമാക്കാൻ നോവലിസ്റ്റ് ഉപയോഗിക്കുന്നത് നജീബ് മഹ്ഫൂസിന്റെ ‘അൽ ലിസ്സു വൽ-കിലാബ്’ (കള്ളനും നായകളും) എന്ന വിഖ്യാതകൃതിക്ക് സമാനമായ സിനിമാറ്റിക് ഫ്ലാഷ്ബാക്ക് രീതിയാണ്. ലണ്ടനിലും സൂറിച്ചിലും താമസിച്ചിരുന്ന സമയത്ത് പൊലീസിന്റെയും സുരക്ഷാസേനകളുടെയും കണ്ണുവെട്ടിക്കാൻ ഈ ഭീകരവാദികൾ മദ്യശാലകൾ സന്ദർശിക്കുകയും പെൺകുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും തികച്ചും ഉദാരമായ ജീവിതരീതികൾ അഭിനയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ശൈലിയിലുള്ള ഇത്തരം വേഷപ്പകർച്ചകളിലൂടെ തങ്ങൾ തികഞ്ഞ മാന്യന്മാരാണെന്ന് പ്രതിഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഒരു ഭാഗത്ത് തങ്ങളുടെ തീവ്രവാദ നിലപാടുകളെ മുറുകെപ്പിടിക്കുമ്പോൾ, മറുവശത്ത് സുരക്ഷക്കായി തികഞ്ഞ പാശ്ചാത്യ അരാജകത്വജീവിതം നയിക്കുന്ന ഇവരുടെ ഇരട്ടത്താപ്പ് വലിയൊരു പ്രത്യയശാസ്ത്രപരമായ വിരോധാഭാസമാണ്.
നോവലിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര സംഘർഷം ബോൺ സർവകലാശാലയിൽവെച്ച് മർവാനും കൂട്ടരും അൽ അസ്ഹർ സർവകലാശാലയുടെ വൈസ് ചാൻസലറുമായി നടത്തുന്ന സംവാദത്തിലാണ് പ്രകടമാകുന്നത്. ഇസ്രായേലുമായി സഖ്യത്തിൽ ഏർപ്പെടുന്നതും സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതും നിഷിധമാണെന്ന് വാദിച്ച അൽ അസ്ഹർ ശൈഖിനെ ‘ഭരണകൂടത്തിന്റെ ദാസൻ’ എന്ന് വിളിച്ചാണ് തീവ്രചിന്താഗതിക്കാരായ യുവാക്കൾ നേരിട്ടത്. ചാവേറാക്രമണങ്ങൾ യഥാർഥത്തിൽ ആത്മഹത്യയുടെ ഭാഗമാണെന്നും അത് രക്തസാക്ഷിത്വമല്ലെന്നും അൽ അസ്ഹർ ശൈഖ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സെപ്റ്റംബർ 11ലെ ആക്രമണം നടക്കുമ്പോൾ അഫ്ഗാനിസ്താനിലിരുന്ന് ബി.ബി.സി ലണ്ടൻ റേഡിയോയിലൂടെ വാർത്തകൾക്കായി കാതോർക്കുന്ന ഉസാമ ബിൻ ലാദിൻ വാർത്ത കേട്ടയുടൻ തന്റെ ആയുധം വായുവിലുയർത്തി ‘അല്ലാഹു അക്ബർ’ എന്ന് അട്ടഹസിക്കുകയും, തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാൻ ഖുർആൻ വചനങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. അമേരിക്കയുടെ തകർച്ചക്ക് ദൈവം അനുമതി നൽകിയിട്ടുണ്ടെന്ന വ്യാജ സ്വപ്നദർശനം അവൻ അനുയായികളുമായി നോവലിൽ പങ്കുവെക്കുന്നുണ്ട്.
നോവലിന്റെ അന്തിമഘട്ടം അത്യന്തം ഹൃദയസ്പർശിയായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്. ആസ്ട്രേലിയയിൽ ജനിച്ച് ഫിൻലൻഡിലേക്ക് കുടിയേറി ഇസ്‌ലാം മതം സ്വീകരിച്ച സുമയ്യ എന്ന പെൺകുട്ടി ഹെൽസിങ്കിയിലെ കഫേയിലിരുന്ന് കപുച്ചിനോ കുടിച്ച് പത്രത്താളുകൾ മറിക്കുകയായിരുന്നു. അപ്പോഴാണ് സെപ്റ്റംബർ 11ലെ ആക്രമണത്തിൽ പങ്കെടുത്ത 19 ഭീകരരുടെ പേരുകൾ അവൾ കാണുന്നത്. അതിലൊരു പേര് കണ്ട് സുമയ്യ നടുങ്ങിപ്പോകുന്നു; ഒരു വർഷം മുമ്പ് ഇന്റർനെറ്റ് ചാറ്റ്‌റൂമിലൂടെ അവൾ പരിചയപ്പെടുകയും അതിയായി പ്രണയിക്കുകയും ചെയ്ത ഈജിപ്ഷ്യൻ യുവാവായ മുഹമ്മദായിരുന്നു അത്. തീവ്രവാദ ഗ്രൂപ്പുകൾ ഇസ്‌ലാമിലെ രക്തസാക്ഷിത്വം (ശഹാദത്ത്) പോലുള്ള വിശുദ്ധ ആശയങ്ങളെയും, ദാറുൽ ഹർബ് (യുദ്ധഭൂമി), ദാറുൽ ഇസ്‌ലാം (സമാധാനഭൂമി) തുടങ്ങിയ മധ്യകാല കർമശാസ്ത്ര വിഭജനങ്ങളെയും തങ്ങളുടെ ക്രൂരതകൾക്കായി എങ്ങനെ വക്രീകരിച്ചുപയോഗിക്കുന്നുവെന്ന് നോവൽ വ്യക്തമായി തുറന്നുകാട്ടുന്നു.
വാർ ഓൺ ടെറർ
ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലത്തെ കാവ്യപ്രമേയങ്ങളെ അറബികളുടെ വൈകാരികതലങ്ങളുടെ അടിസ്ഥാനമായി കണക്കാക്കുകയാണെങ്കിൽ, സെപ്റ്റംബർ 11ലെ സംഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗദി നോവലുകൾ പ്രണയം (ഗസൽ), ഗോത്രബോധം അഥവാ പക്ഷപാതിത്വം (അസ്വബിയ്യ), വീര്യം (ഹമാസ), ഉന്മാദം (ജുനൂൻ) തുടങ്ങിയ പ്രമേയങ്ങളുടെ ഗദ്യരൂപത്തിലുള്ള തുടർച്ചയാണെന്ന് കാണാം. പൗരസ്ത്യ സിദ്ധാന്തങ്ങളിലൂടെയാണ് ഈ നോവലുകൾ പാശ്ചാത്യലോകത്തെയും അതിലെ വിവിധ ശാഖകളെയും നിരീക്ഷിക്കുന്നത്. അമേരിക്കക്കാരെ ചിത്രീകരിക്കുന്നതിലും ഈ രീതി പ്രകടമാണ്. അമേരിക്കയെ ‘മാലാഖമാരുടെ നഗരം’ (സിറ്റി ഓഫ് എയ്ഞ്ചൽസ്) എന്നും, ന്യൂയോർക്കിനെ ‘ചെകുത്താൻ സാമ്രാജ്യത്തിന്റെ ഹൃദയം’ എന്നും വിശേഷിപ്പിക്കുന്നത് ഇതിനുദാഹരണങ്ങളാണ്.
അക്കാദമിക ഭാഷയിൽ ഈ സമീപനത്തെ ഓറിയന്റലിസത്തിന് (പൗരസ്ത്യവാദത്തിന്) ബദലായുള്ള ഓക്സിഡന്റലിസമായി (പാശ്ചാത്യവാദം) വിലയിരുത്താം. ഈ നോവലുകൾ ഓറിയന്റലിസത്തിന്റെ പ്രതിഫലനമായും ഓക്സിഡന്റലിസത്തിന്റെ ആഖ്യാനപരമായ അവലംബമായും കണക്കാക്കപ്പെടുന്നു. പൗരസ്ത്യർ പാശ്ചാത്യലോകത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വിശകലനം ചെയ്യുന്ന ശാഖയാണ് ഓക്സിഡന്റലിസം. പാശ്ചാത്യർ നിർവചിക്കുന്നതുപോലെ അവരെ മനസ്സിലാക്കുന്നതിനുപകരം, പൗരസ്ത്യരുടെ സ്വന്തം വീക്ഷണകോണിലൂടെയും അനുഭവങ്ങളിലൂടെയും അവരെ പഠിക്കുക എന്നതാണ് ഇതിന്റെ രീതി. തങ്ങളെ അപരിഷ്‌കൃതരായി ചിത്രീകരിച്ച പാശ്ചാത്യർക്കുള്ള പൗരസ്ത്യലോകത്തിന്റെ മറുപടിയായാണ് സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഈ ആശയം വ്യാപകമായി ഉപയോഗിക്കുന്നത്.
സിദ്ധാന്തങ്ങൾ സ്വമേധയാ ഒരു പ്രവൃത്തിയിലേക്ക് നയിക്കുന്നില്ല എന്നാണ് സെപ്റ്റംബർ 11ന്റെ പശ്ചാത്തലത്തിലുള്ള നോവലാഖ്യാനങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ തീവ്രവാദപ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജവും വീര്യവും ലഭിക്കുന്നത് സിദ്ധാന്തങ്ങളിൽനിന്നല്ല; മറിച്ച് മുൻകാല പ്രവൃത്തികളിൽനിന്നും വൈകാരികാനുഭവങ്ങളിൽനിന്നുമാണ്. ക്രിമിനൽ സ്വഭാവമില്ലാത്ത അക്രമങ്ങൾ ക്രമേണ ക്രിമിനൽ അക്രമങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഈ നോവലുകൾ അടിവരയിടുന്നു. അതിനാൽ, 9/11നു മുമ്പ് നടന്ന ക്രിമിനൽ സ്വഭാവമില്ലാത്ത അക്രമങ്ങളെക്കുറിച്ച് മിക്ക നോവലുകളും ചർച്ചചെയ്യുന്നുണ്ട്.
പാശ്ചാത്യരും മുസ്‌ലിം ലോകവും തമ്മിലുള്ള ബന്ധങ്ങളുടെ പുതിയ അധ്യായത്തിന് ശീതയുദ്ധത്തോടെയാണ് തുടക്കമായത്. സോവിയറ്റ് യൂനിയന്റെ തകർച്ച മിഡിൽഈസ്റ്റിനോടുള്ള അമേരിക്കയുടെ നയം പുതിയ രൂപത്തിൽ ചിട്ടപ്പെടുത്താൻ കാരണമായി. സോവിയറ്റ് യൂനിയനെതിരായ മുസ്‌ലിം-ക്രൈസ്തവ ലോകങ്ങളുടെ ചരിത്രപരമായ സാഹോദര്യമായിരുന്നു ശീതയുദ്ധത്തിന്റെ പ്രധാന സവിശേഷത. അബ്ദുല്ല അൽമുഅല്ലിമിന്റെ നോവൽ ഈ പ്രതിഭാസത്തെ കൃത്യമായി ചിത്രീകരിക്കുന്നു. കമ്യൂണിസ്റ്റ്-നിരീശ്വരവാദ ആശയങ്ങൾ പിന്തുടരുന്ന സോവിയറ്റ് യൂനിയനെതിരെ പൊരുതാൻ അമേരിക്ക മുസ്‌ലിം രാജ്യങ്ങളെയും സായുധസംഘങ്ങളെയും സാമ്പത്തികമായും സൈനികമായും പിന്തുണച്ചിരുന്നു.
ലൗകികസുഖങ്ങളിൽനിന്നുള്ള അകൽച്ചയും മതപരമായ കാര്യങ്ങളിലെ കടുത്ത ഭക്തിയുമാണ് ഭീകരവാദത്തിന്റെ അടയാളമെന്ന് ചിത്രീകരിക്കാൻ ഈ നോവലുകൾ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളെയും നയരൂപവത്കരണ വിദഗ്ധരെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണിത്. മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം, യുദ്ധശാസ്ത്രം തുടങ്ങിയ മേഖലകളുടെ സംയോജിത പഠനത്തിലൂടെ തീവ്രവാദത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിനുപകരം, ഇത്തരം വാർപ്പുമാതൃകകളെ നോവലുകൾ കൂടുതൽ ബലപ്പെടുത്തുന്നു.
വിവിധ പഠനശാഖകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വീക്ഷണകോണിലൂടെ നോക്കുമ്പോൾ, ഇത് ഈ നോവലുകളുടെ സുപ്രധാനമായ പോരായ്മയായി വിലയിരുത്താം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുൻനിർത്തി അനാവശ്യഭീതി സൃഷ്ടിക്കുന്നതിൽ പാശ്ചാത്യമാതൃകയാണ് ഈ നോവലുകളും പിന്തുടരുന്നത്. സെപ്റ്റംബർ 11നുശേഷമുണ്ടായ ‘വാർ ഓൺ ടെറർ’ (ഭീകരതക്കെതിരായ യുദ്ധം) ഭീകരവാദത്തെ നേരിടുന്നതിനുള്ള ശാസ്ത്രീയമാതൃകയല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ, ഭീകരവാദവും തീവ്രവാദവും രൂപപ്പെടുന്ന സാഹചര്യത്തെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ മനസ്സിലാക്കാനും ഭീകരവാദത്തിന്റെ വേരുകൾ, സാമൂഹിക സാഹചര്യങ്ങൾ, രാഷ്ട്രീയകാരണങ്ങൾ എന്നിവ പഠിക്കാനും വിമർശനാത്മക അപഗ്രഥനം അർഹിക്കുന്ന സാഹിത്യസ്രോതസ്സുകളാണ് ഈ നോവലുകൾ.
---------------------------
റഫറൻസ്
1. അൽ ഗാനിം, അബ്ദുല്ല ബിൻ ഫഹദ്. സൗദി നോവലുകളിലെ ഭീകരവാദം: ദർശനവും ഉപകരണവും (അൽ ഇർഹാബ് ഫിർരിവായ അസ്സഊദിയ്യ: അർറുഅ്‌യ വൽ അദാത്ത്), ബിരുദാനന്തര ബിരുദ പ്രബന്ധം, ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റി, റിയാദ്, 2012.
2. അഖീൽ, ഹാമിദ് ബിൻ. ‘അൽഇർഹാബി 20’ലെ മാനസിക വ്യാഖ്യാന പഠനം (ഇലാഹു തദ്മീർ: ദിറാസ നഫ്സിയ്യ തഅ്‌വീലിയ്യ ലി ‘അൽഇർഹാബി 20’), റിയാദ്, 2009.
3. അൽമുഅല്ലിം, അബ്ദുല്ല. ഓ അമേരിക്കക്കാരെ, ഞാൻ ഭീകരവാദിയല്ല (അയ്യുഹൽ അംരീക്കിയ്യൂൻ; ലസ്തു ഇർഹാബിയ്യൻ), റിയാദ്.
4. അൽഹദ്‌ലൂൽ, അലാ. വാടകക്കെടുത്ത ആത്മഹത്യ (അൽ ഇൻതിഹാർ അൽമഅ്ജൂർ), റിയാദ്.
5. അൽ ഹമദ്, തുർക്കി. സ്വർഗത്തിലെ കാറ്റ് (രീഹുൽ ജന്ന), ദാറുൽ സാഖി, ബൈറൂത്, 2005.
6. അൽഹുദൈഫ്, മുഹമ്മദ്. ചെക്ക്പോയന്റ് (നുഖ്തത് തഫ്തീഷ്), റിയാദ്.
7. സാബിത്, അബ്ദുല്ല. ഇരുപതാമത്തെ ഭീകരവാദി (അൽ ഇർഹാബി 20), ദാർ അൽ ഫാറാബി, ബൈറൂത്, 2006.
8. ഹംദാവി, ജമീൽ. രാഷ്ട്രീയ നോവലും രാഷ്ട്രീയ ഭാവനയും (അർരിവായ അസ്സിയാസിയ്യ വത്തഖ്‌യീൽ അസ്സിയാസി), ദീവാൻ അൽ അറബ് വെബ്സൈറ്റ്, 2008.
9. DeLillo, Don. Falling Man. New York: Scribner, 2007.
10. Gray, Richard. After the Fall: American Literature Since 9/11. Wiley-Blackwell, 2011.
11. Randall, Martin. 9/11 and the Literature of Terror. Edinburgh University Press, 2011.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.