അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം ഒ​റ്റ​ത്തവ​ണ പെ​ണ്ണാ​വ​ണേ!

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. കോ​ടി​ കോ​ടി​ക്ക​ണ​ക്കി​ന് എ​ന്നേ​പ്പോ​ലു​ള്ള കീ​ട​ങ്ങ​ളെ ല​ക്ഷം ല​ക്ഷം കൊ​ല്ല​ങ്ങ​ൾ​ക്കു​ള്ളി​ൽ സൃ​ഷ്ടി​ച്ച​തി​നു​ശേ​ഷം ന​ന്മ​ക​ൾ​ക്ക് നാ​ക​വും തി​ന്മ​ക​ൾ​ക്ക് ന​ര​ക​വും നി​ജ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം, ഞ​ങ്ങ​ളെ​യും കാ​ത്തി​രി​ക്കു​മ്പോ​ൾ പ്ര​ഭോ! അ​ങ്ങ് അ​ങ്ങ​യു​ടെ സ്വ​ർ​ഗ​ത്തോ​ട്ട​ത്തി​ലെ സൗ​ര​ഭ്യം ആ​സ്വ​ദി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രി​ക്കാം, അ​ല്ലെ​ങ്കി​ൽ തി​ള​ങ്ങു​ന്ന മു​ഖ​ങ്ങ​ളും...

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

കോ​ടി​ കോ​ടി​ക്ക​ണ​ക്കി​ന് എ​ന്നേ​പ്പോ​ലു​ള്ള കീ​ട​ങ്ങ​ളെ ല​ക്ഷം ല​ക്ഷം കൊ​ല്ല​ങ്ങ​ൾ​ക്കു​ള്ളി​ൽ സൃ​ഷ്ടി​ച്ച​തി​നു​ശേ​ഷം ന​ന്മ​ക​ൾ​ക്ക് നാ​ക​വും തി​ന്മ​ക​ൾ​ക്ക് ന​ര​ക​വും നി​ജ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം, ഞ​ങ്ങ​ളെ​യും കാ​ത്തി​രി​ക്കു​മ്പോ​ൾ പ്ര​ഭോ! അ​ങ്ങ് അ​ങ്ങ​യു​ടെ സ്വ​ർ​ഗ​ത്തോ​ട്ട​ത്തി​ലെ സൗ​ര​ഭ്യം ആ​സ്വ​ദി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രി​ക്കാം, അ​ല്ലെ​ങ്കി​ൽ തി​ള​ങ്ങു​ന്ന മു​ഖ​ങ്ങ​ളും കൂ​പ്പി​യ ക​ര​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന മാ​ലാ​ഖ​മാ​ർ​ക്ക് ആ​ജ്ഞ​ക​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്ക​യാ​വാം. അ​ങ്ങ​യു​ടെ ആ​ത്മാ​വി​ന്റെ ഒ​രു ചെ​റി​യ പൊ​ടി മാ​ത്ര​മാ​യി​രി​ക്കാം ഈ​യു​ള്ള​വ​ൾ; എ​ങ്കി​ലും നന്നെ​ച്ചെ​റി​യൊ​രു കെ​ഞ്ച​ലി​ന് ഈ​യു​ള്ള​വ​ൾ​ക്കും അ​ർ​ഹ​ത​യി​ല്ലേ? എ​ന്തെ​ന്നാ​ൽ...

ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത് തീ​ർ​ത്തും അ​ബ​ല​യാ​യി​രു​​ന്നെ​ങ്കി​ലും ക​ഠി​ന​മാ​യ ക്ലേ​ശ​ങ്ങ​ളി​ല്ലാ​തി​രു​ന്ന ഒ​രു പ​ഴ​യ​കാ​ല​ത്താ​ണ്. ചു​റ്റും നാ​ലു ചു​മ​രു​ക​ൾ; അ​ങ്ങ​യു​ടെ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യ ഇ​ളം​കാ​റ്റ് ജ​ന​ലു​ക​ൾ തു​റ​ക്കു​മ്പോ​ൾ മാ​ത്രം എ​ന്നെ ത​ലോ​ടി​യി​രു​ന്ന കാ​ല​ത്ത് കാ​റ്റി​ന് തൂ​മ​ണം കൊ​ടു​ത്തി​രു​ന്ന മു​ല്ല​വ​ള്ളി​ക​ളെ​ താ​ൻ ത​ലോ​ടി​യ​ത് രാ​വി​രു​ട്ടി​ൽ മാ​ത്ര​മാ​യി​രു​ന്ന കാ​ല​ത്ത്; വീ​ടി​ന് പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​റി​യി​ലച്ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ അ​സ്ത​മ​യസൂ​ര്യ​ൻ ചാ​ർ​ത്തി​ക്കൊ​ടു​ത്ത ക​സ​വ​ലു​ക്കു​ക​ളോ​ടു​കൂ​ടി​യ വെ​ളു​വെ​ളു​ത്ത പ​ഞ്ഞി മേ​ഘ​ക്കെ​ട്ടു​ക​ളെ നോ​ക്കി ഇ​രു​ന്നി​രു​ന്ന കാ​ല​ത്ത്.

വീ​ട്ടി​ലെ ന​ടു​മു​റി​യി​ലെ ജ​ന​ലി​ലൂ​ടെ ക​ണ്ട​ കാ​ഴ്ച​ക​ൾ. മ​ഴ​ത്തു​ള്ളി​ക​ളു​ടെ മു​ത്തു​മ​ണിമാ​ല അ​ണി​ഞ്ഞ​തു ഹൃ​ദ​യ​ത്തി​ൽ; ദേ​ഹ​ത്തി​ല​ല്ല. മു​ൻ മു​റ്റ​ത്തു കാ​ലു​കു​ത്തി​യി​രു​ന്നി​ല്ല. അ​ക​ത്ത​ള​ത്തി​ലെ നി​ല​ത്തു​മാ​ത്രം കാ​ലു​​തൊ​ട്ടി​രു​ന്ന കാ​ലം. ത​ല​യി​ലെ ത​ട്ടം ഒ​രി​ക്ക​ലും വ​ഴുതി വീ​ണി​ല്ല. നാ​ണംകൊ​ണ്ടു കൂ​മ്പി​യ ക​ണ്ണി​മ​ക​ൾ. ചി​രി​യ​റി​യാ​ത്ത ചു​ണ്ടു​ക​ൾ. ക​ണ്ണു​ക​ൾ തേ​നീ​ച്ച​ക​ൾ​പോ​ലെ അ​ല​ഞ്ഞി​രു​ന്നി​ല്ല. അ​മ്മ​ക്ക് എ​ന്നെ ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് കാ​ക്കേ​ണ്ടി വ​രാ​റി​ല്ല. ‘അ​രു​ത്’, ‘അ​രു​ത്’ എ​ന്നാ​വ​ർ​ത്തി​ക്കേ​ണ്ടി​വ​രാ​റി​ല്ല. അ​ത്ര ന​ന്നാ​യി അ​ട​ങ്ങി ഒ​തു​ങ്ങി​ക്ക​ഴി​ഞ്ഞു.

എ​ന്നാ​ലും ഒ​രു എ​ളി​യ ചോ​ദ്യം ചോ​ദി​ച്ചോ​ട്ടേ? പ്ര​കൃ​തി​യി​ലെ അ​നു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം അ​ങ്ങ​യു​ടെ ഉ​ൽ​കൃ​ഷ്ട സൃ​ഷ്ടി​യാ​യ ‘അ​വ​ന്നു’ മാ​ത്ര​മാ​യി​ട്ടു​ള്ള​താ​ണോ? പാ​വം അ​മ്മ. അ​ങ്ങ​യു​ടെ ആ​ജ്ഞ​ക്കെ​തി​രാ​യി വി​ര​ല​ന​ങ്ങാ​ത്ത അ​മ്മ​ക്ക് ഞാ​നൊ​രു വി​ഷ​മ​വു​മു​ണ്ടാ​ക്കി​യി​ല്ല. ആ ​അ​മ്മ​യെ വി​ട്ടു​പോ​ക​ണ​മെ​ന്ന സ​മ​യ​മെ​ത്തി​യ​പ്പോ​ൾ എ​ന്റെ ക​ര​ൾ പി​ള​രു​ന്നു​വെ​ന്നു തോ​ന്നി. അ​മ്മ​ക്കും അ​ങ്ങ​നെ​​ത്ത​ന്നെ. എ​ങ്കി​ലും അ​മ്മ സ​ന്തോ​ഷം മു​ഖ​ത്തു​വ​രു​ത്തി. അ​മ്മ​യെ വി​ട്ടു​പോ​ക​ണ​മെ​ന്ന് വ​ന്ന​പ്പോ​ൾ ക​ര​ൾ പ​റി​ച്ചെ​ടു​ത്തു​ പി​ഴി​യുംപോ​ലെ എ​നി​ക്ക് തോ​ന്നി. അ​മ്മ​ക്കും ഉ​ള്ളി​ലൊ​രു അ​രി​വാ​ൾ കീ​റി അ​രി​യു​ക​യാ​യി​രു​ന്നു. അ​ങ്ങ് നൂ​റു​ക​ണ​ക്കി​ന് അ​മ്മ​മാ​രു​ടെ അ​ലി​വു​ള്ള​വ​നാ​ണെ​ന്ന് അ​വ​രെ​ല്ലാം പ​റ​യു​ന്നു. അ​ങ്ങ​നെ​യു​ള്ള അ​ങ്ങ​യെ എ​ങ്ങും കാ​ണാ​തെ ഞാ​ൻ വ​ല​ഞ്ഞു. അ​മ്മ എ​ന്നെ നെ​ഞ്ചോ​ടുചേ​ർ​ത്തു കെ​ട്ടി​പ്പി​ടി​ച്ചു ത​ണു​ത്ത കൈ​കൊ​ണ്ട്, ക​ണ്ണീ​രുകൊ​ണ്ട് ചു​ട്ടു​പൊ​ള്ളു​ന്ന ക​വി​ളി​ൽ ത​ലോ​ടി.

അ​യാ​ൾ എ​ന്നെ അ​മ്മ​യു​ടെ കെ​ട്ടി​പ്പി​ടിത്ത​ത്തി​ൽനി​ന്ന് വ​ലി​ച്ചെ​ടു​ത്തു​കൊ​ണ്ടു​പോ​യി. ഏ​റെദൂ​രം പി​ന്നി​ട്ടി​ട്ടും അ​മ്മ​യു​ടെ തേ​ങ്ങ​ലു​ക​ൾ എ​ന്റെ കാ​തി​ല​ല​ച്ചു​കൊ​ണ്ടി​രു​ന്നു. എ​നി​ക്ക് എ​ന്റേ​താ​യ ഒ​ന്നും​ത​ന്നെ ഇ​ല്ലാ​താ​യി. എ​ല്ലാം അ​വ​ന്റേ​തു​ മാ​ത്രം. ഒ​രു നി​മി​ഷംകൊ​ണ്ട് എ​ന്റെ ഹൃ​ദ​യം കീ​റി​മു​റി​ച്ചു ശ​ക​ല​ങ്ങ​ളാ​ക്കാ​ൻ അ​വ​ന് അ​ധി​കാ​ര​മു​ണ്ട്. എ​ന്റെ ദേ​ഹം അ​വ​ന് ഒ​രു ക​ളി​പ്പാ​ട്ടം. പ്ര​ഭോ! എ​ന്തി​നെ​ന്നെ ഇ​ങ്ങ​നെ​യൊ​രു ക​ളി​പ്പാ​ട്ട​മാ​ക്കി?

ഒ​രാ​ഴ്ച​യോ​ളം എ​ന്റെ ദേ​ഹം വ​ട്ടു​രു​ട്ടി​യ​തി​നു​ശേ​ഷം അ​യാ​ൾ ഒ​രു​നാ​ൾ അ​ല​റി. ‘‘എ​ന്റെ നി​ല​യെ​ന്ത്? പ​ദ​വി​യെ​ന്ത്? ല​ക്ഷ​ങ്ങ​ൾ എ​നി​ക്ക് ത​രാ​ൻ ഒ​രു​ക്ക​മു​ള്ള​വ​രു​ണ്ട്. എ​ന്നി​ട്ടും നി​ന്നെ​​പ്പോ​ലു​ള്ള ഒ​രു ഇ​ര​പ്പാ​ളി​യെ​യാ​ണ് കൊ​ണ്ടു​വ​രേ​ണ്ടി വ​ന്ന​ത്... നീ ​ഒ​ര​മ്പ​തി​നാ​യി​ര​മെ​ങ്കി​ലും ഉ​ട​നെ നി​ന്റെ വീ​ട്ടി​ൽ​പോ​യി കൊ​ണ്ടു​വാ.’’

എ​ന്നെ ക​ണ്ട​പ്പോ​ൾ അ​മ്മ​യു​ടെ മു​ഖം ആ​ന​ന്ദംകൊ​ണ്ടു തി​ള​ങ്ങി. അ​ടു​ത്ത നി​മി​ഷംത​ന്നെ ഒ​റ്റ​ക്കാ​ണ് ഞാ​നെ​ത്തി​യ​ത് എ​ന്നു ക​ണ്ട് മു​ഖം ഇ​രു​ളി​ലാ​ണ്ടു. അ​ന്നു രാ​വി​ൽ അ​മ്മ​യോ​ടൊ​പ്പം കി​ട​ക്കു​മ്പോ​ൾ എ​ന്റെ മ​നം ത​ണു​ത്തു. മൂ​ന്നു​നാ​ൾ ക​ഴി​ഞ്ഞ് അ​വ​നെ​ന്നെ തി​രി​ച്ചുകൊ​ണ്ടു പോ​കാ​ൻ വ​ന്നു. പ​റ​ഞ്ഞ പ​ണം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ​പ്പോ​ൾ പ​റ​ഞ്ഞു: ഇ​നി ഇ​വി​ടെ കാ​ലു​കു​ത്ത​ലി​ല്ല; ഇ​വ​രാ​രും അ​വി​ടെ എ​ന്റെ വീ​ട്ടി​ൽ വ​രാ​ൻ പാ​ടി​ല്ല.

അ​മ്മ എ​ന്റെ മു​ടി ചീ​കി​മെ​ട​ഞ്ഞു മു​ല്ല​പ്പൂ​മാ​ല ചൂ​ടി​ച്ച് യാ​ത്ര​യാ​ക്കി. അ​മ്മ​യെ തി​രി​ഞ്ഞു തി​രി​ഞ്ഞു നോ​ക്കി ഞാ​ൻ അ​യാ​ളു​ടെ പി​ന്നാ​ലെ ന​ട​ന്നു. പി​ന്നീ​ട് ഞാ​നെ​ന്റെ അ​മ്മ​യെ ക​ണ്ടി​ട്ടി​ല്ല. ഇ​തൊ​ക്കെ ഞാ​ൻ പ​റ​യാ​തെ അ​ങ്ങ് അ​റി​യു​ന്നു​ണ്ട​ല്ലോ പ്ര​ഭോ... അ​ങ്ങ​യു​ടെ ക​ണ​ക്കെ​ഴു​ത്തു​കാ​ർ എ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​മ​ല്ലോ. അ​വ​ർ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ മ​ഷി​യി​ലെ​ഴു​തി​യി​രി​ക്കും. ഞാ​നി​ത് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്റെ മു​ന​കൊ​ണ്ടാ​ണ്. അ​തി​ൽനി​ന്നൊ​ഴു​കു​ന്ന ചു​വ​ന്ന മ​ഷി​കൊ​ണ്ട്. ഇ​ത്ത​രം റി​പ്പോ​ർ​ട്ട് അ​ങ്ങ​യു​ടെ മു​ന്നി​ൽ മു​മ്പെ​ങ്ങും എ​ത്തി​യി​ട്ടു​ണ്ടാ​വി​ല്ല. ആ ​ക​ണ​ക്കെ​ഴു​ത്തു​കാ​ർ​ക്ക് എ​ന്റേ​തുപോ​ലൊ​രു ഹൃ​ദ​യ​മി​ല്ല​ല്ലോ.

ഒ​രി​ക്ക​ൽ​പോ​ലും അ​മ്മ​യെ​യോ ബാ​പ്പ​യെ​യോ ഇ​ള​യ കൂ​ട​പ്പി​റ​പ്പിനെ​യോ പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ല. പ​ണ​വും കൊ​ണ്ട​ല്ലാ​തെ വ​രു​ന്ന​ത് അ​യാ​ൾ വി​ല​ക്കി.

​പ്ര​ഭോ! ഞാ​നും അ​ങ്ങ​യു​ടെ സൃ​ഷ്ടി​യ​ല്ലേ! ഞാ​നെ​ന്തു തെ​റ്റുചെ​യ്തു? എ​നി​ക്ക് ആ​ശ്വാ​സം ത​രു​ന്ന ഒ​രു വാ​ക്കെ​ങ്കി​ലും അ​ങ്ങ​യി​ൽനി​ന്ന് കി​ട്ടാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണ്?

ഞാ​ൻ വ​ല്ല​തും ക​ഴി​ച്ചോ എ​ന്ന ചോ​ദ്യം ഒ​രി​ക്ക​ൽപോ​ലും അ​യാ​ളി​ൽ​നി​ന്നു​ണ്ടാ​യി​ല്ല. ഉ​ഴു​തു​മ​റി​ച്ചു. വി​ത്തു​വി​ത​ച്ചു. ഞാ​നും ഒ​രു അ​മ്മ​യാ​വാ​ൻ പോ​വു​ന്നെ​ന്ന​റി​ഞ്ഞു.

പി​ന്നീ​ട് ഞാ​ൻ കേ​ട്ടു. ഉ​ള്ള​​തെ​ല്ലാം വി​റ്റു​പെ​റു​ക്കി ഇ​രു​പ​തി​നാ​യി​ര​ത്തി​ന്റെ കെ​ട്ടു​മാ​യി അ​മ്മ പു​റ​പ്പെ​ട്ടെ​ന്ന്. പ​ക്ഷേ എ​ത്തി​യി​ല്ല. യാ​ത്ര​യി​ൽ എ​ന്തോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു അ​മ്മ പോ​യി എ​ന്നു കേ​ട്ടു. പ​ക്ഷേ അ​യാ​ൾ അ​മ്മ​യു​ടെ ദേ​ഹം ഒ​രു നോ​ക്കു കാ​ണാ​ൻ പോ​വു​ന്ന​തി​ന​നു​വ​ദി​ച്ചി​ല്ല. ഞ​ങ്ങ​ളു​ടെ ന​ഗ​ര​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് അ​മ്മ​യു​ടെ ദേ​ഹം കീ​റി​മു​റി​ച്ച​ത്. അ​മ്മ​യു​ടെ ക​ണ്ണു​ക​ൾ അ​ട​ഞ്ഞി​രു​ന്നി​ല്ല​ത്രെ. ആ​രെ​യോ കാ​ണാൻ കൊ​തി​ച്ചെ​ന്ന​പോ​ലെ.

ഉമ്മ​യു​ടെ അ​ര​ക്കെ​ട്ടി​ലെ കെ​ട്ടി​ൽ​നി​ന്ന് ഒ​രു പ​ണ​ക്കെ​ട്ടെ​ടു​ത്തു അ​യാ​ളു​ടെ കൈ​യി​ൽ കൊ​ടു​ത്ത് ബാ​പ്പ കെ​ഞ്ചി​യ​ത്രെ. ‘‘അ​വ​​ളെ ഇ​പ്പോ​ഴെ​ങ്കി​ലും ഒ​ന്നു കൊ​ണ്ടു​വ​രൂ.’’ അ​യാ​ൾ പ​റ​ഞ്ഞ​ല്ല ഞാ​ന​റി​ഞ്ഞ​ത്. അ​യാ​ളെ​ന്നെ ഒ​ടു​ക്ക​മൊ​രു നോ​ക്കു​കാ​ണാ​ൻ കൊ​ണ്ടു​പോ​യി​ല്ല.

എ​നി​ക്കൊ​രു പെ​ൺ​കു​ഞ്ഞു പി​റ​ന്നു. അ​മ്മ​യു​ടെ മു​ഖ​ത്തി​ന്റെ ത​നി​പ്പ​ക​ർ​പ്പ്, അ​തേ ക​ണ്ണു​ക​ൾ, അ​മ്മ​യെ എ​നി​ക്ക് തി​രി​ച്ചു കി​ട്ടി​യ​പോ​ലെ ഞാ​ൻ സ​ന്തോ​ഷി​ച്ചു. ഈ ​വി​ല​പ്പെ​ട്ട നി​ധി എ​നി​ക്ക് ത​ന്ന​തി​ന് ഞാ​ന​ങ്ങ​യോ​ട് ന​ന്ദി​യു​ള്ള​വ​ളാ​ണ്. എ​ല്ലാ കെ​ടു​തി​ക​ളും മ​റ​ക്കാ​നെ​നി​ക്ക് ക​രു​ത്തു ത​ന്ന​തി​നും.

എ​ന്റെ ഓ​മ​ന​യു​ടെ മു​ല​കു​ടി മാ​റും മു​മ്പ് വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ എ​നി​ക്കും വ​ല്ലാ​ത്ത വി​ഷ​മം തോ​ന്നി. അ​യാ​ൾ കയർത്തു. ‘‘ഞാ​നാ​ണു പോ​റ്റു​ന്ന​വ​ൻ; നി​ന​ക്കെ​ന്താ​ണ് ക​ഷ്ട​പ്പാ​ട്?’’ വ​യ​റ്റി​ൽ പേ​റു​ന്ന​തി​ന്റെ​യും ഈ​റ്റു​നോ​വി​ന്റെ​യും അ​നു​ഭ​വ​മെ​ന്തെ​ന്ന് അ​യാ​ൾ​ക്ക് ബോ​ധ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​ൻ എ​ന്താ​ണു തു​നി​യാ​ത്ത​ത്.

പി​റ​ന്ന​ത് ആ​ൺ കു​ഞ്ഞാ​യ​പ്പോ​ൾ സ​ന്തു​ഷ്ട​നാ​യി അ​യാ​ൾ. കൂ​ലി​യി​ല്ലാ​ത്ത വേ​ല​ക്കാ​രി​യെ​ന്ന ഭാ​ര്യ​യാ​യി, അ​ടി​മ​യാ​യി ഞാ​ൻ ക​ഴി​ഞ്ഞു കൂ​ടി.

എ​​ന്റെ അ​മ്മ എ​ന്നെ അ​യ​ച്ച​തു​പോ​ലെ മോ​ളെ ക​ല്യാ​ണം ചെ​യ്തു കൊ​ടു​ത്തു ഞാ​നും സ​ന്തോ​ഷി​ക്കു​മെ​ന്ന കി​നാ​വ് വെ​റു​തെ​യാ​യി. എ​ന്റെ വ​യ​റ്റി​ലൊ​രു ട്യൂ​മ​റു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​പ്പോ​ൾ അ​റി​യേ​ണ്ടി​വ​ന്നു. അ​യാ​ൾ ക​ഠി​ന​മാ​യ കോ​പ​ത്തോ​ടെ എ​ന്നെ നോ​ക്കി. ഡോ​ക്ട​ർ​മാ​രു​ടെ മു​ന്നി​ൽ​വെ​ച്ച് അ​യാ​ൾ ശ​കാ​രി​ച്ചി​ല്ല. എ​ന്റെ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​തി​നു പി​റ​കെ അ​യാ​ൾ വ​ന്നു. എ​ന്റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​മ്മ ത​നി​ക്കു​ണ്ടാ​യി​രു​ന്ന പ​ണ്ട​ങ്ങ​ളു​രു​ക്കി എ​ന്റെ ക​ല്യാ​ണ​മാ​യ​പ്പോ​ൾ അ​ണി​യി​ച്ച ര​ണ്ടി​ഴ മാ​ല. അ​മ്മ​യു​ടെ ഓ​ർ​മ​ക്കാ​യി ഞാ​ൻ അ​ണി​ഞ്ഞി​രു​ന്ന​ത്. അ​ത​ഴി​ച്ചു​കൊ​ടു​ക്കാ​ൻ വ​യ്യ. ഞാ​ൻ ചോ​ദി​ച്ചു, ‘‘എ​ന്തി​നാ​ണ്’’ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി ഒ​രു ചോ​ദ്യം ചോ​ദി​ക്കാ​ൻ തു​നി​ഞ്ഞത​ന്നാ​ണ്.

ഒ​രു ചൂ​ള​ലു​മി​ല്ലാ​തെ അ​യാ​ൾ പ​റ​ഞ്ഞു, ‘‘ഞാ​ൻ വീ​ണ്ടും ക​ല്യാ​ണം ക​ഴി​ക്കു​ന്നു. പു​തു​പ്പെ​ണ്ണി​ന് കൊ​ടു​ക്കാ​നാ​ണ്.’’ എ​ന്റെ ത​ല​ക​റ​ങ്ങി. ഗ്ലൂ​ക്കോ​സി​ന്റെ ഡ്രി​പ് എ​ടു​ത്തു​മാ​റ്റി ഓ​ടി​പ്പോ​യാ​ലോ! എ​ങ്ങോ​ട്ടോ​ടാ​ൻ​? കു​ഞ്ഞു​ങ്ങ​ൾ​ക്കെ​ന്തു​പ​റ്റും! ഞാ​ൻ ആ ​മാ​ല ഇ​ട​ത്തെ കൈ കൊ​ണ്ട​മ​ർ​ത്തി​പ്പി​ടി​ച്ചു. ‘‘ഇ​തു ഞാ​ൻ ത​രി​ല്ല.’’ അ​യാ​ൾ ​വെ​റു​പ്പോ​ടെ നോ​ക്കി. ‘‘ഓ​ഹോ! നി​ന്റെ മാ​ല ത​ന്നി​ല്ലെ​ങ്കി​ൽ എ​ന്റെ ക​ല്യാ​ണം ന​ട​ക്കി​ല്ലെ​ന്നാ​ണോ.’’ ഞാൻ പേ​ടി​ച്ചുകൊ​ണ്ട് ചോ​ദി​ച്ചു. ‘‘എ​ന്തി​നാ​ണി​പ്പോ​ൾ വീ​ണ്ടും ക​ല്യാ​ണം.’’ ‘‘ഞാ​ൻ ഇ​നി അ​തി​നൊ​രു വി​ശ​ദീ​ക​ര​ണംകൂ​ടി ത​ര​ണ​മോ? എ​ന്നാ​ൽ കേ​ൾ​ക്ക്. നി​ന്നെ​പ്പോ​ലൊ​രു ഇ​ര​പ്പാ​ളി​ച്ചി​യോ​ടു കൂ​ടി എ​ന്റെ ജീ​വി​തം തു​ല​ക്കി​ല്ല. ഒ​രു രോ​ഗി​യെ പോ​റ്റാ​നോ! ഞാ​ൻ ന​ല്ല കു​ടും​ബ​ത്തി​ൽനി​ന്നൊ​രു​വ​ളെ നി​ക്കാ​ഹ് ചെ​യ്യു​ന്നു.’’

എ​നി​ക്ക് എ​ന്തും സ​ഹി​ക്കാ​നു​ള്ള ക​രു​ത്ത് പ്ര​ഭോ! അ​ങ്ങു ത​ന്നു. പ​ക്ഷേ ഇ​ത്ര​യേ​റെ ക്രൂ​ര​ത അ​യാ​ൾ​ക്ക് കൊ​ടു​ത്ത​തെ​ന്താ​ണ്! ഇ​നി​യും കേ​ൾ​ക്ക​ണോ? ‘‘എ​ന്തു സു​ഖ​മാ​ണ് നീ​യെ​നി​ക്ക് ത​ന്നി​ട്ടു​ള്ള​ത്? ഒ​രു ശവം​പോ​ലെ കി​ട​ന്ന നീ.’’ ​എ​നി​ക്ക് മി​ണ്ടാ​ൻ ആ​വ​തി​ല്ലാ​താ​യി. ഒ​രാ​യി​രം ചോ​ദ്യ​ങ്ങ​ൾ പ​ത്തി​വി​ട​ർ​ത്തി. ഞാ​നൊ​രു രോ​ഗി​ണി. ഇ​യാ​ൾ​ക്ക് ഒ​ന്ന​ല്ല നാ​ലു ക​ല്യാ​ണം ചെ​യ്യാം. ഞാ​ൻ കേ​സു കൊ​ടു​ത്താ​ൽ വ​ല്ല​തു​മൊ​രു തീ​രു​മാ​ന​മു​ണ്ടാ​വാ​ൻ നാ​ല​ഞ്ചു കൊ​ല്ലം പി​ടി​ക്കും. അ​തു​വ​രെ വ​ല്ല കൂ​ലി​പ്പ​ണി​യും ചെ​യ്തു നാ​ൾ​പോ​ക്കാ​നെ​നി​​ക്കാ​വു​മോ? അ​യാ​ൾ ചെ​യ്യു​ന്ന​തൊ​ക്കെ നി​യ​മം അ​നു​വ​ദി​ക്കു​ന്നു. അ​ങ്ങാ​ണ് എ​ന്തി​നും അ​നു​വാ​ദം കൊ​ടു​ത്ത​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഹേ ​പ്ര​ഭോ, എ​ന്നെ ഇ​ങ്ങ​നെ കൊ​ള്ള​രു​താ​ത്ത​വ​ളാ​ക്കി സൃ​ഷ്ടി​ച്ചു​വി​ട്ട​ത് അ​ങ്ങ​ല്ലെ!

പി​ന്നീട​യാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​നി​ക്ക് കി​ട്ടി​യ ഭക്ഷ​ണംകൊ​ണ്ട് ഞ​ങ്ങ​ൾ ക​ഴി​ഞ്ഞു​കൂ​ടി. അ​തും​ നി​ന്നു. എ​നി​ക്ക് അ​വി​ടെ നി​ന്നി​റ​ങ്ങാ​റാ​യി. കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു. അ​വി​ടെ ആ​രു​മി​ല്ല. വീ​ട് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. അ​യ​ൽ​ക്കാ​ർ ഒ​ന്നെ​ത്തിനോ​ക്കി പി​ന്മാ​റി. വി​ശ​ന്നി​ട്ടും കു​ട്ടി​ക​ൾ ക​ര​ഞ്ഞി​ല്ല. പ​ക​ലൊ​ടു​ങ്ങി. രാ​വെ​ത്തി. ഞാ​ൻ ഒ​രേ​യി​രു​പ്പിരു​ന്നു. ഇ​രു​ട്ടു​ പ​ര​ന്നു. ത​രി​ച്ച​ കാ​ലു നീ​ട്ടി​ക്കി​ട​ന്നു. പാ​തി​യു​റ​ക്ക​ത്തി​ൽ ഒ​രു നി​ല​വി​ളി​കേ​ട്ട് ഞാ​നു​ണ​ർ​ന്നു നോ​ക്കി​യ​പ്പോ​ൾ ഞാ​ന​ട​ക്കി​പ്പി​ടി​ച്ചി​രു​ന്ന മോ​ൻ കീ​ഴേ​ക്ക് വീ​ണി​രിക്കുന്നു.

ഞാ​ൻ ചാ​ടി അ​വ​നെ ചെ​ളി​യി​ൽനി​ന്നെ​ത്തു. അ​ന്നേ​ര​ത്ത് ഒ​രു ടെ​മ്പോ അ​വി​ടെ എ​ത്തി. ഘോ​ഷംകൂ​ടി ആ​ളു​ക​ളി​റ​ങ്ങു​ന്നു. പി​ൻ​സീ​റ്റി​ൽനി​ന്ന് അ​യാ​ൾ ചെം​പ​ട്ടു​ടു​ത്ത ഒ​രു​വ​ളെ കൈ​പി​ടി​ച്ചി​റ​ക്കു​ന്നു. അ​യാ​ൾ വീ​ടു​ തു​റ​ന്ന് അ​വ​ളെ അ​ക​ത്തേ​ക്ക് ന​യി​ച്ചു. മോ​ൻ എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു. ഞാ​ൻ ക​ണ്ണു ത​ള്ളി നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. ചെ​മ്മ​ഷി നി​റ​ച്ച എ​ന്റെ ഹൃ​ദ​യ​ത്തി​ന്റെ മു​ന​പൊ​ട്ടി. എ​ന്റെ ചു​ണ്ട​ന​ങ്ങി​യി​ല്ല. ഇ​നി ഒ​ര​പേ​ക്ഷ​യും എ​ഴു​താ​നാ​വി​ല്ല. ആ​ണു​ങ്ങ​ളെ​യും പെ​ണ്ണു​ങ്ങ​ളെ​യും ഇ​നി​യും ലോ​ക​ത്തേ​ക്ക് ഉ​ണ്ടാ​ക്കി​വി​ടു​മ്പോ​ൾ, ഒ​രു ക​ഴി​വറ്റ കു​ശ​വ​ൻ ക​ല​ങ്ങ​ളെ​യു​ണ്ടാ​ക്കും പോ​ലെ​യാ​ക​രു​തേ പ്ര​ഭോ! അ​ങ്ങ് ഒ​രു പെ​ണ്ണാ​യി ഇ​ങ്ങോ​ട്ടെ​ത്ത​ണേ– ഒ​രൊ​റ്റ​ത്ത​വ​ണ പെ​ണ്ണാ​യി പി​റ​ക്കു​മോ പ്ര​ഭോ!

 

പെ​ണ്ണാ​യി​പ്പി​റ​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു മ​നു​ഷ്യ​ജീ​വി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന യാ​ത​ന​ക​ളും ദു​രി​ത​ങ്ങ​ളും ന്യാ​യ​മാ​ണ് എന്ന് അ​വ​ളെ സൃ​ഷ്ടി​ച്ച​വ​ൻ വി​ശ്വ​സി​ക്കു​ന്നു​ണ്ടാ​വു​മോ? ഈ ​ചോ​ദ്യം ആ​ണി​നോ​ട് ചോ​ദി​ച്ചി​ട്ട് ഫ​ല​മി​ല്ല. ഉ​ത്ത​ര​മാ​യി ഒ​രു ആ​ട്ടു​ കി​ട്ടും. അ​തു​കൊ​ണ്ട് സു​ഖ​ങ്ങ​ളെ​ല്ലാ​ം ആ​ണി​നും ദുഃ​ഖ​ങ്ങ​ളും വേ​ദ​ന​ക​ളു​മെ​ല്ലാം പെ​ണ്ണി​നും പ​കു​ത്തുന​ൽ​കി​യ സ്രഷ്ടാ​വി​നോ​ട് ത​ന്നെ ചോ​ദി​ക്കു​ന്നു. ഉ​ത്ത​ര​മി​ല്ല. സ്രഷ്ടാ​വ് മൗ​ന​ത്തി​ൽ.

ര​ണ്ടു പി​ഞ്ചു പൈ​ത​ങ്ങ​ളെ​യും കൊ​ണ്ട് രോ​ഗി​ണി​യാ​യ പെ​റ്റ ത​ള്ള തെ​രു​വാ​ധാ​ര​മാ​യി ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന ചി​ത്രം തീ​നാ​ള​ങ്ങ​ൾകൊ​ണ്ടാ​ണ് ക​ഥാ​കൃ​ത്ത് വ​ര​ഞ്ഞി​രി​ക്കു​ന്ന​ത്. കു​റ്റ​വാ​ളി സ്രഷ്ടാ​വ​ല്ല. മ​ത​നി​യ​മ​ങ്ങ​ൾ പു​രു​ഷ​ന്റെ ക്രൂ​ര​ത​യെ അ​നു​വ​ദി​ക്കു​ന്നു​വെ​ന്നു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്നവരാണെന്നെല്ലാവർക്കുമറിയാം. കഥാപാത്രത്തി​ന്റെ ചോദ്യം കഥാകൃത്തിന്റേതാണ്. അത് സ്രഷ്ടാവിനോടുള്ളതല്ല. മതനിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്ന മ​ത​സം​ര​ക്ഷ​ക​രോ​ടു​ള്ള​താ​ണ്. അ​ത് അ​വ​രു​ടെ ബ​ധി​ര ക​ർ​ണ​ങ്ങ​ളി​ൽ പ​തി​ക്കും. അ​ന്ത​രം​ഗ​ത്തി​ൽ ഒ​രു ച​ല​ന​വു​മു​ണ്ടാ​വി​ല്ല. ദു​ര​ന്ത ത​രം​ഗ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ വീ​ശി​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കും.

പു​രു​ഷ​ന്മാ​ർ​ക്ക് അ​നു​ഭ​വി​ക്കേ​ണ്ട​തി​ല്ലാ​ത്ത വേ​ദ​ന​ക​ൾ സ്ത്രീ​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച ഉട​യ​തമ്പു​രാ​നെ​ത്ത​ന്നെ​യാ​ണ് ക​ഥ​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. അ​തി​ക​ഠി​ന​മാ​യു​ള്ള പ്ര​സ​വ​വേ​ദ​ന –എ​ല്ലു​പൊ​ളി​യു​ന്നത് അ​റി​യേ​ണ്ടിവ​രു​ന്ന​ത് മ​നു​ഷ്യ​സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ്. നാ​ൽ​ക്കാ​ലി​ക​ൾ​ക്കുപോ​ലും ഇ​ല്ലാ​ത്ത വേ​ദ​ന. സ്രഷ്ടാ​വ് ഒ​രു പു​രു​ഷ പാ​തി​യാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മ​ല്ല ത​ന്നെ –ചി​ല മ​ഹാ​ന്മാ​രാ​യ പു​ത്ര​ന്മാ​ർ അ​തു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ശ​ങ്ക​രാ​ചാ​ര്യ​രെ​പ്പോ​ലെ. പ​ക്ഷേ, അ​തു വി​ഭാ​വ​നം ചെ​യ്യാ​ൻ സാ​മാ​ന്യേ​ന മ​ക്ക​ൾ​ക്ക് പോ​ലും ക​ഴി​യാ​റി​ല്ല. ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്കും ആ ​ചി​ന്ത​യി​ല്ല. ‘‘ഞാ​ന​ല്ലേ അ​വ​രെ പോ​റ്റു​ന്ന​ത്. നി​ന​ക്ക് അ​വ​രെ കു​റ​ച്ചു​നാ​ൾ വ​യ​റ്റി​ൽ പോ​റ്റു​ന്ന​തി​ന്നെ​ന്താ​ണി​ത്ര​പാ​ട്’’ എ​ന്ന നി​ഷ്ഠുര​മാ​യ ചോ​ദ്യം പെ​ണ്ണി​ന്റെ മു​ഖ​ത്തേ​ക്കെ​റി​യു​ന്നു.

പു​രു​ഷ​ൻ സ്ത്രീ​യെ ‘ഇ​ന്ദ്രി​യാ​ർ​ഥം’ മാ​ത്ര​മാ​യി​ക്കാ​ണു​ന്നു. ത​നി​ക്ക് ഇ​ന്ദ്രി​യ​സു​ഖം ന​ൽ​കാ​നു​ള്ള ഒ​രു വെ​റും ഉ​പ​ക​ര​ണം. കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ക്കാ​നു​ള്ള ഒ​രു യ​ന്ത്രം. വേ​ദ​ന​ക​ളെ​ല്ലാം സ്‍ത്രീ​ക​ൾ​ക്കും സു​ഖ​ങ്ങ​ളെ​ല്ലാ​ം പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി പ​കു​ത്തു​വെ​ച്ച ത​മ്പു​രാ​നോ​ട​ല്ലാ​തെ ആ​രോ​ടാ​ണ് ഇ​തി​ന്റെ നീ​തി​കേ​ടി​നെ​പ്പ​റ്റി ആ​വ​ലാ​തി പ​റ​യു​ക! വേ​ദ​ന​ക​ൾ കൊ​ടു​ത്തി​ല്ലെ​ങ്കി​ലും വേ​ദ​ന​ക​ളെ​ല്ലാം അ​നു​ഭ​വി​ക്കു​ന്ന​വ​ളോ​ടു സ്നേ​ഹവും ക​രു​ണ​യു​മു​ള്ള ഒ​രു മ​ന​സ്സ് പു​രു​ഷ​നു​ കൊ​ടു​ക്കാ​ൻ ത​മ്പു​രാ​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ലേ? ഈ ​ചോ​ദ്യ​മാ​ണ് കു​ഞ്ഞു​ങ്ങ​ളെ ഉ​ണ്ടാ​ക്കി​യ​തി​നു​ശേ​ഷം അ​വ​രെ​യും ത​ള്ള​യെ​യും ഇ​ട്ടേ​ച്ചു​പോ​യി, സു​ഖം നേ​ടാ​ൻ മ​റ്റൊ​രു​പ​ക​ര​ണ​ത്തെ അ​നാ​യാ​സ​മാ​യി കൈ​ക്കൊ​ള്ളു​ന്ന ആ​ണൊ​രു​ത്ത​നെ​ന്ന ച​ങ്കൂ​റ്റ​മു​ള്ള ഒ​രു​വ​നോ​ട് ചോ​ദി​ക്കാ​ൻ ക​ഴി​യാ​തെ അ​ശ​ര​ണ​യാ​യ സ്ത്രീ ​അ​യാ​ളെ സൃ​ഷ്ടി​ച്ച​​വ​നോ​ട് ചോ​ദി​ക്കു​ന്ന​ത്. അ​വ​നു കീ​ഴ​ട​ങ്ങി, അ​വ​ൻ പ​റ​യു​ന്ന​ത് ദൈ​വ​വ​ച​ന​മാ​യി​ക്ക​രു​തി എ​തി​രാ​യി ഒ​രു വാ​ക്കും പ​റ​യാ​തെ അ​ട​ങ്ങ​ണം എ​ന്നാ​ണ് പെ​റ്റ ത​ള്ള​മാ​ർ പെ​ൺ​മ​ക്ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന ഉ​പ​ദേ​ശ​വും.

എ​ല്ലാ പു​രു​ഷ​ന്മാ​രും ക​ഥ​യി​​ലെ പേ​രി​ല്ലാ​പ്പെ​ണ്ണി​ന്റെ കെ​ട്ടി​യ​വ​നെ​പോ​ലെ നി​ഷ്ഠുര​ര​ല്ലാ എ​ന്നും സ്നേ​ഹി​ക്കാ​നും ര​ക്ഷി​ക്കാ​നും ക​ഴി​വു​ള്ള ആ​ണു​ങ്ങ​ൾ​ ലോ​ക​ത്തു​ണ്ട് എ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം ന​മു​ക്ക​റി​യാം. എ​ങ്കി​ലും ക​ഥ​യി​ലെ പു​രു​ഷ​നെ പോ​ലു​ള്ള​വ​ർ ജേ​താ​ക്ക​ളാ​യി ഞെളി​ഞ്ഞു ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​തു മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം. അ​തി​നെ​തി​രെ ക​ണ്ണീ​രു​കൊ​ണ്ടും ഹൃ​ദ​യര​ക്തം കൊ​ണ്ടും എ​ഴു​തി​യ ഒ​രു മ​ഹ​ത്താ​യ ക​ഥ​യാ​ണി​ത്.

(തുടരും)

Tags:    
News Summary - Reading the stories of Banu Mushtaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.