നഷ്രാ തന്‍വീര്‍, നിത്യ മറിയം ജോണ്‍, പുഷ്പാഞ്ജലി എന്നീ മൂന്നു കവികളുടെ തീവ്രമായ അടുക്കള / സ്ത്രീ അനുഭവ കവിതകൾ മൊഴിമാറ്റുകയാണ് തന്റെ പ്രതിമാസ പംക്തിയിൽ ഇത്തവണ കവി സച്ചിദാനന്ദൻ.
അടുക്കളകളെപ്പറ്റിയുള്ള പൊതുധാരണ അവ സ്നേഹം, ശ്രദ്ധ, പോഷണം ഇവയുടെ ഇടങ്ങളാണെന്നാണ്. പാചകം മൃദുവായ ഒരു അധ്വാനമാണെന്ന നമ്മുടെ പൊതുധാരണയെ ചോദ്യം ചെയ്യുന്നതാണ് താഴെയുള്ള മൂന്നു കവിതകള്‍. അധ്വാനത്തിന്റെ ക്ഷീണം, പതിവായി അത് ചെയ്യേണ്ടിവരുന്നവരുടെ സങ്കടം ഇവ ഈ രചനകളില്‍ കടന്നുവരുന്നു. പാചകം നടക്കുന്ന സ്ഥലം വിരസത, സഹനം, പുരുഷാധിപത്യത്തിനെതിരായ പ്രതിഷേധം ഇവയുടെകൂടി അരങ്ങായിമാറുന്നു. നാം പതിവായി കഴിക്കുന്ന ആഹാരത്തിനടിയില് പുകയുടെയും നീറ്റലിന്റെയും ചുകന്ന കണ്ണുകളുടെയും ദാരിദ്ര്യത്തിന്റെയും മൂകമായ കഥകളുെണ്ടന്ന് ഈ രചനകള്‍ ഓർമിപ്പിക്കുന്നു.
1 നഷ്രാ തന്‍വീര്‍-അത്താഴം
റൂമി കറങ്ങി നൃത്തംചെയ്തപ്പോള്
ആരാണ് അത്താഴം ഉണ്ടാക്കിയത്?
ടാഗോര്‍ ശാന്തനായി ധ്യാനത്തിനിരുന്നപ്പോള്
ആരാണ് നിലം തുടച്ചത്?
മറ്റുള്ള പുരുഷന്മാര്ക്ക് വായിക്കാനുള്ള
കഥകള്‍ നെയ്തെടുക്കാനുള്ള നൂലുകളും പിടിച്ചു
മഹാപണ്ഡിതര്‍ അജ്ഞേയതയുടെ ആഴത്തിലേക്ക്
എത്തിനോക്കിക്കൊണ്ടിരുന്നപ്പോള്,
പതിവായി അവരുടെ കുട്ടികളെ കുളിപ്പിച്ച്
ആഹാരം നല്കി മുടി കോതി കീറിയ
കുപ്പായക്കൈ തുന്നിയ
മുഖമില്ലാത്ത കൈകള്‍ കണ്ടപ്പോള്‍
കടമകൊണ്ടെന്ന പോലെ
അവര്‍ നിലത്തുനിന്ന് അല്പം എണീറ്റോ?
സ്ത്രീ എക്സ്, അതെ, സ്ത്രീ എക്സ്,
ഒരു സ്ത്രീയാവുക എന്നാല്‍ അവളുടെ കണ്ണിലൂടെ
പുതുതായിക്കണ്ട ലോകത്തെ സങ്കൽപിക്കുക
എന്നാണ് അർഥം.
തീ കത്തിക്കാനുള്ള തീക്കല്ലാകാന് കഴിഞ്ഞെങ്കില്‍
എന്നാഗ്രഹിക്കുക എന്നാണ് അർഥം.
മെഡൂസ, സാലെമിലെ ദുര്‍മന്ത്രവാദിനികള്‍,
ശൂര്‍പ്പണഖ, ലിലിത്ത്, ദ്രൗപദി,
മരിച്ച ഭര്‍ത്താവിന്റെ ചിതയില്‍,
തങ്ങള്‍ ഇരിക്കാറുള്ള
വിറകുകൊള്ളികളെപ്പോലെ തന്നെ
തള്ളപ്പെടുന്ന സതിമാര്.
യുദ്ധത്തിന്റെ നേട്ടങ്ങളായി
കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീകള്‍
വളക്കൂറുള്ള മണ്ണിലെന്നപോലെ
വിത്തുകള്‍ പാകാനുള്ളവള്,
അഥവാ, മാറില്‍ കരയുന്ന ഒരു കുഞ്ഞുമായി
മറ്റു മൂന്നു കുഞ്ഞുങ്ങളെക്കൂടി
പോറ്റാനായി ഉപേക്ഷിക്കപ്പെടാനുള്ളവർ.
അവരുടെ കഥ എന്താവും, നമ്മുടെ കഥയോ?
നമ്മളും, പുകനിറഞ്ഞ അടുക്കളകളില്‍
അടിമപ്പണിചെയ്ത് കരിപിടിച്ച നമ്മുടെ
ജീവിതങ്ങള്‍ തുടച്ചു വൃത്തിയാക്കി
ക്ഷേത്രങ്ങളിലെ കല്ലില്‍ പണിത
ദേവിമാരുടെ മുന്നില്‍ തലകുനിക്കുന്നു,
ഒടുവില്‍ തിളങ്ങുന്ന തളികകളില്‍
ആദ്യം കഴിക്കുന്ന ആണുങ്ങള്‍ക്ക്,
സ്ത്രീകള്‍ എപ്പോള്‍ കഴിക്കും
എന്നുപോലും അറിയാത്തവര്‍ക്ക്, അഥവാ
ഭക്ഷണം അവരുടെ വയറ്റില്‍ പോകാന്‍
അവര്‍ അനുവദിക്കുമോ എന്നുപോലും
അറിയാത്തവര്‍ക്ക്.
ഊണു വിളമ്പും വരെ.
ദേവീനാമം ചൊല്ലാനുള്ള ഒരു വാഹനം മാത്രം
പണ്ട് അവളില്‍ വിശ്വാസമുണ്ടായിരുന്നു
എന്നാല്‍, ഇന്ന് പുരുഷന്മാര്ക്ക് അവളില്‍
വലിയ പ്രതീക്ഷയില്ല.
ദേവി അവളുടെ കോപം തടയാവുന്ന
വാക്കുകള്‍ പ്രതീക്ഷിച്ചിരുന്നു
പക്ഷേ, ആ നിലവിളികള്‍ പ്രാർഥനകള്‍ ആയില്ല.
ഇന്ന് ഒരാള്‍ ദേവിയുടെ കാല്ക്കല് വീണു
അവള് ചോദിച്ചു: “നിനക്ക് എന്താണ് വേണ്ടത്?
എന്തുവേണം? അതെ, എപ്പോഴും
നിനക്ക് വേണ്ടതാണല്ലോ നീ ചോദിക്കുന്നത്,
നിന്റെ അവയവത്തിനു വേണ്ടത്,
സ്ത്രീകള്‍ക്ക് വേണ്ടതോ?”
എന്നാലും ഞങ്ങള്‍ മുട്ടുകുത്തും, ഇല്ലേ മറിയം?
പിന്നെ തലകുനിക്കും,
മുസ്ലിംകളുടെ അമ്മമാരായ ഖദീജയും ആയിഷയും
മുതല്‍ മറിയം വരെ.
ഞങ്ങള്‍ ലക്ഷ്മിക്ക് സ്തോത്രങ്ങള്‍ പാടും,
പിന്നെ സരസ്വതിക്കും ദുർഗക്കും.
ഞങ്ങള്‍ അനുഗ്രഹം ചോദിക്കും, അപേക്ഷിക്കും
അപ്പോള്‍ ഹീരയും ആര്‍ട്ടെമിസും അഥീനയും
മേശപ്പുറത്ത് കാല് കയറ്റിവെച്ച്
നമ്മുടെ സംതൃപ്തി കണ്ട് അനുശോചിക്കും,
ശബ്ദത്തിലും ശരീരത്തിലും വിചാരത്തിലും
അനുവദിച്ചു കിട്ടുന്നതിലും വലുതാകാത്ത
സംതൃപ്തി. പിന്നെ ഞങ്ങളുടെ
പാവനമായ ഗര്‍ഭപാത്രങ്ങള്‍
ആണുങ്ങള്‍ക്ക് നല്‍കും, ഞങ്ങള്‍ക്കു വേണ്ടി
അവയുടെ വിധി നിശ്ചയിക്കുവാന്‍.
അപ്പോള്‍ ഞങ്ങളോ, കൂടുതല്‍ അടിയന്തരമായ
കാര്യങ്ങളില്‍ ശ്രദ്ധിക്കും,
അത്താഴം പോലുള്ളവ.
(നഷ്രാ തന്‍വീര്‍ ഇന്ത്യയിലും പുറത്തും ധാരാളം പ്രസിദ്ധീകരണങ്ങളില്‍ ഫെമിനിസം, മാനസികാരോഗ്യം, ഇസ്ലാം ഇവയെക്കുറിച്ചൊക്കെ കവിതകള്‍ എഴുതുകയും പലയിടത്തും കവിത വായിക്കുകയും ചെയ്തിട്ടുണ്ട്)
2 നിത്യ മറിയം ജോണ്‍- ഭക്ഷണക്രമം
എന്റെ അമ്മൂമ്മയ്ക്ക്
ഒരു സ്ത്രീയെ അറിയാമായിരുന്നു,
അവരുടെ കാരുണ്യം
തിളയ്ക്കുന്ന എണ്ണയിലെ കടുകുപോലെ
പൊട്ടിത്തെറിക്കുമായിരുന്നു, അതിനു
കരിവേപ്പിലയുടെയും
വറുത്ത ഉള്ളിയുടെയും സുഗന്ധമായിരുന്നു,
ഗോതമ്പു പുട്ടില്‍ വിതറിയ
ചിരകിയ നാളികേരംപോലെയായിരുന്നു
അതിന്റെ രുചി.
ഞങ്ങള്‍ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചതേയില്ല
പക്ഷേ പതിനാറു വര്‍ഷം ഓവുചാലില്‍ ഇറ്റുവീണ
ഒരു പുരുഷന്റെ ശകാരം
സോപ്പുവെള്ളത്തില്‍ കഴുകിക്കളയാന്‍ മാത്രം
ഞങ്ങള്‍ക്ക് ദയയുണ്ടായിരുന്നു
അയാള്‍ക്ക് എന്നും അവരുടെ കരുണയ്ക്ക്
‘വേവ് അധികം’ ആയിരുന്നു, അതിന് ‘ഉപ്പില്ലാ’യിരുന്നു
അഥവാ ‘ഉപ്പ് അധിക’മായിരുന്നു,
അല്ലെങ്കില്‍ ‘എരിവു കൂടി’യിരുന്നു
അതുമല്ലെങ്കില്‍ ‘കരിഞ്ഞി’രുന്നു.
ഒരു രാത്രി അവര്‍ അയാള്‍ക്ക് ആ നാട്ടിന്‍പുറത്തെ
ഏറ്റവും നല്ല ബിരിയാണി വിളമ്പി
പതിനഞ്ചു കഴിഞ്ഞ അവരുടെ മകള്‍
അപ്പന്റെ ദയയില്ലാത്ത കൈകള്‍
തുറിച്ചുനോക്കിയിരുന്നു, അവളുടെ
മുല അമര്‍ത്തുന്നതും പിറകില്‍ തപ്പുന്നതും,
അതും അവളുടെ അമ്മ അടുത്തുള്ളപ്പോള്‍.
പിറ്റേന്ന് അയാള്‍ മരിച്ചു.
പരിശോധിച്ചപ്പോള്‍ കണ്ടു,
അയാള്‍ക്ക് ആരോ വിഷംകൊടുത്തിരുന്നു.
“അത്ര ദയയുള്ള ഒരു സ്ത്രീ’’,
എന്റെ അമ്മൂമ്മ പറഞ്ഞു,
ഗ്രൈന്റര്‍ ബഹളംകൂട്ടിക്കൊണ്ടിരുന്നപ്പോള്.
(നിത്യ മറിയം ജോണ്‍ അധ്യാപികയും കവിയും വിവര്‍ത്തകയുമാണ്. പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കവിതകള്‍ വന്നിട്ടുണ്ട്. മൂന്നു കവിതാ സമാഹാരങ്ങള്‍)
3 പുഷ്പാഞ്ജലി-എതിര്‍പ്പിന്റെ വറ്റുകള്‍
ഒന്ന്
ഭക്ഷണം കഴിക്കുമ്പോള്‍
ഞാന്‍ എന്നെത്തന്നെ കാണുന്നു,
മുല തൂങ്ങിയ, പല്ലിളകിയ,
കൂനു പിടിച്ച, വെളുത്തു വിളറിയ,
എല്ലാവരും ഒഴിവാക്കുന്ന സ്ത്രീകളുടെ ഇടയില്‍
പച്ച, നീല, പരിണമിക്കുന്ന സ്ത്രീകള്‍.
മനുഷ്യരുടെ ഛായയുള്ള കുഞ്ഞുങ്ങള്‍, അതേ
വംശത്തില്‍ പെട്ടവര്‍, കവിളൊട്ടിയവര്,
വിശക്കുന്നവര്‍, അവരുടെ മുടിയില്‍നിന്നു
തൂങ്ങിക്കിടക്കുന്നു; അവര്‍ എന്നെയും
ആ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കുന്നു,
സഹായിക്കാന്‍ ഒരാള്കൂടിയുള്ളതില് ആഹ്ലാദിച്ച്.
ഞങ്ങള്‍ കറിക്കൂട്ട് ഒരുക്കുന്നു
പച്ചക്കറികള്‍ തോല് കളയുന്നു
ഞങ്ങള്‍ തീപ്പൂട്ടി കറി ഇളക്കുന്നു
ആരോ ഒരു പാട്ടു തുടങ്ങുന്നു,
മഴയെ സ്വാഗതംചെയ്യാന്‍ മയിലുകള്‍
ഉണ്ടാക്കുന്ന ശബ്ദംപോലെ.
രണ്ട്
ആഹാരം കഴിക്കുമ്പോള്‍ പാറിനടക്കുന്ന
പ്രേതങ്ങളെ നാം കണ്ടില്ലെന്നു നടിക്കുന്നു
അവരും സ്ത്രീകളാണ്, നമ്മുടെ
അമ്മൂമ്മമാരും അവരുടെ അമ്മമാരും.
പ്രേതങ്ങള്‍ നമ്മെ കുറച്ചുകാണുന്നു,
അവരുടെ ഭര്ത്താക്കന്മാര്ക്കും കുട്ടികള്‍ക്കും
ഒരു ഭാഗം സമ്പാദ്യം നല്‍കാതിരുന്നതിന്.
നാം അവരെ ഓർമിപ്പിക്കുന്നു, ആണുങ്ങള്
വഴിയില്‍ പച്ചക്കുതിരകള്പോലെ
ഒളിച്ചിരുന്ന് ഇരകളായ നമ്മുടെ മേല്‍
ചാടിവീഴാന്‍ കാത്തിരിക്കയാണെന്ന്.
ഞങ്ങള്‍ ഇളകിയ പല്ലുകള്‍കൊണ്ട്
കോപം കടിച്ചുപൊടിക്കുന്നു,
പിന്നെ അതുകൊണ്ട് മാവുണ്ടാക്കുന്നു,
അതില്‍നിന്ന് സ്ത്രീകളെ രൂപപ്പെടുത്തുന്നു
പിന്നെ അവരെ ആ പുരുഷപ്രാണികള്ക്കു നേരെ
എറിയുന്നു, അവര്‍ നമ്മുടെ കോപം ആഹാരമാക്കുന്നു
മൂന്ന്
കാരണവന്മാരെ ഓര്‍ക്കാതെ ഭക്ഷണം കഴിക്കുന്നത്
പാപം ആയിരിക്കുന്നിടത്ത് നാം അടച്ച ഒരു വാര്‍പ്പില്‍
നമ്മുടെ കുലദൈവങ്ങളെ അടച്ചിടുന്നു,
അവിടെ അവര്‍ നമ്മുടെ സാധിക്കാത്ത
ആഗ്രഹങ്ങളുടെ
ആവേശം ബാധിച്ച അന്തര്വാസികളെപ്പോലെ
മുറുമുറുക്കുന്നു.
ഞങ്ങള്‍ ആരാധിക്കുന്ന സമ്പ്രദായം
അത്ര നല്ലതൊന്നുമല്ല.
ഞങ്ങള്‍ പ്രാർഥനകള്‍ മറക്കുന്നു,
വിശപ്പ് പെട്ടെന്നുതന്നെ തിരിച്ചുവന്നതിനു
മാപ്പ് നല്കി ഞങ്ങള്‍ ഒഴിവാക്കിയ ആണുങ്ങളുടെ
പേരുകള്‍ ചവക്കുന്നു
നാട് ഇളകാന്‍ തുടങ്ങുന്നു.
ഞങ്ങള്‍ നിരന്നിരിക്കുന്നു,
കൊയ്തെടുത്ത മനുഷ്യരൂപികളെ
കുത്തിനിറയ്ക്കാനുള്ള ചാക്കുകള്‍ തുന്നുന്നു.
ഞങ്ങള്‍ അവരെ അധ്വാനംകൊണ്ട്
തകര്‍ന്ന നട്ടെല്ലുള്ള
അടിമകളെപ്പോലെ അവയിലാക്കി കൊണ്ടുപോകും.
(പുഷ്പാഞ്ജലി ഝാര്‍ഖണ്ഡില്‍നിന്നാണ്, ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയും ഗവേഷകയും. കവിതകള്‍ പല ആനുകാലികങ്ങളിലും വന്നിട്ടുണ്ട്. ശരീരം, പരിസ്ഥിതി, ലിംഗം, സ്വന്തം ഗ്രാമീണജീവിതം -ഇതെല്ലാമാണ് പ്രധാന പ്രമേയങ്ങള്‍. ഫെമിനിസം ഉള്‍പ്പെടെ സാഹിത്യ സിദ്ധാന്തങ്ങളില്‍ ഗവേഷണം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.