ബൗണ്ടറി ലൈനിനരികില്നിന്നും റാവല്‍പ്പിണ്ടി എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്നേ, മൈതാനമാകെ ഇടംകണ്ണിട്ട് വീക്ഷിച്ച് പിഴവൊന്നും വരാനില്ല എന്നുറപ്പുവരുത്തുന്ന സച്ചിനെ മനസ്സില്‍ ധ്യാനിച്ച്, ഒരാവര്‍ത്തികൂടി ഞാന്‍ ചുറ്റും നോക്കി. വലിയ കുഴപ്പമില്ല. വിരുന്നുകാരി കുളിമുറിയില്‍ കയറിയ ഗ്യാപ്പില്‍ കിട്ടിയ സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഒരുവിധം മുറി വൃത്തിയാക്കാനൊത്തിട്ടുണ്ട്.
പൂപ്പല്‍ മണക്കുന്ന ക്രിക്കറ്റ് കിറ്റ് അപ്പാടെ എടുത്തു പുറത്തുെവച്ചു. പ്ലാസ്റ്റിക് കുപ്പി പാതി മുറിച്ചുണ്ടാക്കിയ ആഷ് ട്രേയും തലേന്ന് രാത്രി കടലക്കറി കൂട്ടിക്കുഴച്ച് കഴിക്കാതെ ബാക്കിവെച്ച ചപ്പാത്തിയും വേസ്റ്റ് ബാസ്കറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് നീങ്ങിക്കഴിഞ്ഞു; മുഷിഞ്ഞ വസ്ത്രങ്ങള്‍ അലമാരയിലേക്കും. കിടക്കയില്‍ പുതിയ ബെഡ് ഷീറ്റ് വിരിച്ച ശേഷം ഏതാനും മെഴുകുതിരികളും ഒരു ചന്ദനത്തിരിയും കൂടി ഞാന്‍ കത്തിച്ചു. പുറത്തുപെയ്യുന്ന കനത്ത മഴക്കിടയിലും ആദ്യ പന്തിന്റെ വരവ് പ്രതീക്ഷിച്ച് എന്റെ കൊച്ചു വാംഖഡെ ഒരുങ്ങിനിന്നു.
“രൂപക്കൂട്ടിനകത്ത് ലോക്കായിപ്പോയ പുണ്യാളന്റെ ലുക്കുണ്ട് ഇപ്പോ തനിക്ക്...”
മെഴുകുതിരികള്‍ക്ക് നടുവിലിരുന്ന് താടിയുഴിഞ്ഞുകൊണ്ടിരുന്ന എന്നെ നോക്കി വിരുന്നുകാരി പറഞ്ഞു. കുളി കഴിഞ്ഞിരിക്കുന്നു. എന്റെ ലൂസ് ഫിറ്റ് ഡെനിം ഷര്‍ട്ടും കറുത്ത മുണ്ടും ആള്‍ക്ക് തരക്കേടില്ലാതെ ചേരുന്നുണ്ട്. നനഞ്ഞുകുതിര്‍ന്ന ചുരിദാര്‍ കഴുകിപ്പിഴിഞ്ഞത് അവള് കസേരയില്‍ നിവര്‍ത്തിയിട്ടു. ഫാനിന്റെ ചുവട്ടിലിട്ടിട്ട് കാര്യമില്ല –കറന്റില്ല.
“ഈ കാറ്റിന്റേം മഴേടേം അയ്യപ്പനും കോശിയും കളി അടങ്ങുന്ന മട്ടില്ലല്ലോ മോനേ! ആരേലും ഒരാള്‍ പത്തിമടക്കിയിരുന്നേല് അറ്റ്ലീസ്റ്റ് കറന്റെങ്കിലും വന്നേനെ...” –തൊലിപോയ കൈമുട്ടിലെ ചോരയൊപ്പിക്കൊണ്ട് അവൾ എനിക്കരികില്‍ വന്നിരുന്നു. ആ വലതുപുരികത്തിന് മുകളില്‍ കുട്ടികള്‍ വരക്കുന്ന കുഞ്ഞിപ്പുഴുവിന്റെ ഷേപ്പിലുള്ള ഒരു മുറിപ്പാടുകൂടി ഉണ്ടായിരുന്നെങ്കില്‍ ഒത്തിരി നന്നായേനെ എന്ന് എനിക്ക് തോന്നി.
“അപ്പോ എന്റെ ഈ പുണ്യാളന് ലുക്കിന്റെ ധൈര്യത്തിലാണോ മറ്റൊന്നും ആലോചിക്കാതെ ചാടിക്കേറി വന്നത്?” –ചെറുതായൊന്ന് മുന്നോട്ടേക്ക് നിരങ്ങി ഇടയിലുള്ള അകലം കുറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“ഉണ്ട! അമ്മാതിരി മഴയത്ത് ബസ് സ്റ്റാൻഡിലെ ഓടയിൽ വീണു നാറി നിക്കുമ്പോ, കൈനീട്ടിയത് ചെകുത്താനാണേലും ഞാൻ ചാടിപിടിക്കും...”
അൽപം താഴ്ന്ന പ്രദേശത്താണ് ബസ് സ്റ്റാൻഡ്. മഴയുടെ തല കണ്ടാൽ മതി, നഗരത്തിലെ സകലമാന അഴുക്കുകളും ബസ് സ്റ്റാൻഡിലേക്ക് ഒഴുകിയെത്തും. വടക്കുഭാഗത്തുകൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. പെട്ടെന്നായിരുന്നു വെള്ളംപൊങ്ങിയത്. യുവൻ ശങ്കർരാജയുടെ പാട്ടും കേട്ട് സിഗരറ്റും വലിച്ചുകൊണ്ടുനിന്ന ഞാൻ കാൽച്ചുവട്ടിലെ ജലനിരപ്പുയരുന്നത് ആദ്യമറിഞ്ഞിരുന്നില്ല. തലയിലെ പാട്ടിന്റെ തരിപ്പ് പേടിയുടെ പെരുപ്പാക്കി മാറ്റിയത് ‘ആന്റി ഫ്ലവർ’ ആണ്. റീത്തും പൂമാലയും ബാക്കി കുടചക്രവും വെള്ളം കയറാത്ത ഇടത്ത് ഒതുക്കി വെക്കുകപോലും ചെയ്യാതെയാണ് പൂ വിൽപനക്കാരി ആന്റി മാവ തുപ്പി ഇറങ്ങിയോടിയത്.
ചിതറിയോടുന്ന ആൾക്കൂട്ടത്തിലൊരുവനാകുന്നതിനു മുന്നേ ഒരു കൈ, ആന്റി ഫ്ലവറിന്റെ സ്ഥിരം ഇരിപ്പിടത്തിനടുത്തുനിന്നും അൽപം മാറിയുള്ള സ്ലാബ് തകർന്ന ഓടയിൽനിന്ന്... തൊട്ടുപിന്നാലെ ഒരു ലേഡീസ് ബാഗ് ഓടയിൽനിന്ന് പുറത്തേക്ക് പറന്നു. പുറത്തേക്ക് നീണ്ട വെളുത്ത കയ്യിലെ കുപ്പിവളകളും വെണ്ടയ്ക്ക വിരലുകളും കണ്ടയുടൻ എനിക്കൊപ്പം ഓടിയെത്തിയ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറും മിന്നൽ വേഗത്തിൽ സഹായഹസ്തം നീട്ടിയിരുന്നു.
“കണ്ണുകൊണ്ടു റേപ്പ് ചെയ്യുന്നതിൽ പ്രോ ആണ് ആ കണ്ടക്ടറ്... ഡെയിലി വൈകുന്നേരം ആ നാറിയുടെ ആനവണ്ടിയിലാ ഞാൻ പോവാറ്... ഏതായാലും ഡ്രസ് മാറണം. അതിന് അങ്ങേരുടെ ഹെൽപ് എടുത്താ ഡ്രസ് മാറൽ പരിപാടി മാത്രേ നടക്കൂ, തിരിച്ചിടാനുള്ള ഭാഗ്യം ചിലപ്പോ കിട്ടീന്ന് വരില്ല... അതാ തന്റെ കൈ പിടിച്ചേ...”
വെന്റിലേറ്ററിനുള്ളിലൂടെ അകത്തേക്ക് തെറിച്ച മഴവെള്ളം ഒരു മെഴുകുതിരി കെടുത്തി. തൊട്ടുപിന്നാലെ സെക്യൂരിറ്റിയുടെ കോൾ –പാർക്കിങ് ഏരിയ അപ്പാടെ മുക്കി വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്, രാവിലെ വരേക്കും മുറിവിട്ടു പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കുക പോലും വേണ്ടെന്ന്! പാതിരാത്രി പുറത്തിറങ്ങിയിട്ട് എനിക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒഴിഞ്ഞ വയറോടെ മഴയുടെ ഇരമ്പൽ കേട്ട് കിടക്കുന്നത് ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ, ആതിഥേയ മര്യാദ. അത് ഇവിടെ കാണിച്ചേ പറ്റൂ.
“എടോ, ചോറ് വല്ലോം ഇരിപ്പുണ്ടോ?” –ഔപചാരികതയുടെ ഭാരമൊന്നുമില്ലാത്ത ചോദ്യം.
“അരിയുണ്ട്. കൂട്ടാനായിട്ട് നാല് മുട്ടയും രണ്ടു സവാളയുംകൊണ്ട് കാണിക്കാൻ പറ്റുന്ന എന്ത് മാജിക് വേണേലും കാണിക്കാം...”
“എനിക്ക് ഉച്ചയ്ക്ക് ഉണ്ടില്ലേലും രാത്രി ചോറുണ്ണണം. അല്ലേൽ തല കറങ്ങും...”
ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനെത്തുന്ന കുട്ടികളോട് സമയം കിട്ടുമ്പോഴൊക്കെ കാർബ്സ് കട്ട് ഡയറ്റിനെക്കുറിച്ച് ഘോര ഘോരം ഞാൻ പ്രസംഗിച്ചിട്ടുണ്ടായിരുന്നു. ആവശ്യത്തിലധികം ചോറ് ആരേലും കഴിക്കുന്നത് കണ്ടാൽ സ്വന്തം അടിവയറ്റിൽ ഭാരം കൂടുംപോലെ തോന്നാറുള്ള ഞാനാണ്... പാതിരാത്രി. കഴിക്കുന്നതെല്ലാം കൊഴുപ്പായി അടിയുന്ന നേരം. ഊട്ടാതെ രക്ഷയുമില്ല. ഒന്ന് പൊട്ടിച്ചിരിച്ചാലോ എന്ന് എനിക്ക് തോന്നി.
“പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്... സ്റ്റോക്ക് ചെയ്യുന്നതില്‍ തനി പാല്‍ക്കുപ്പിയാണ് താന്‍...” –അവസാനത്തെ ഉരുളയ്ക്കൊപ്പം അൽപനേരം നിലനിന്ന നിശ്ശബ്ദതയെയും അവള് ചവച്ചിറക്കി. പിടിക്കപ്പെട്ടിരിക്കുന്നു!
“അറ്റ്ലീസ്റ്റ് ഒരുവട്ടമെങ്കിലും പെണ്ണിന് തോന്നണം... ഈയാള് കളസത്തിന്റെ പോക്കറ്റില്‍ കയ്യിട്ട് സ്ലോമോഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കണത് എന്നെക്കാണാനാണല്ലോന്ന്... ഇതൊരുമാതിരി ബലിച്ചോറ് തിന്നാന്‍ വരുന്ന കാക്കളെക്കൂട്ട്... അയ്യേ...”
പുറത്തുനിന്നും ഏറുകൊണ്ട ഒരു പട്ടിയുടെ മോങ്ങല്. മഴയുടെ ഇരുമ്പലുകള്ക്കിടയിലും ആ ശബ്ദം മുറിക്കുള്ളില്‍ മുഴങ്ങി. സിംബോളിക്. അവള് ചിരിച്ചു. ചൂണ്ടക്കൊളുത്തിനറ്റത്തു കടിച്ചുതൂങ്ങുന്നത് മുതലയാണെന്നറിയാതെ, ആഞ്ഞു വലിച്ചു ഭിത്തിയിൽ കയറിയ കിഴവന്റെ കഥ പണ്ട് കഥാപുസ്തകത്തിൽ വായിച്ചത് എനിക്കോർമ വന്നു.
“അപ്പൊ വഴിതെറ്റി വന്നതല്ല, വെൽ പ്ലാൻഡ് ആണ് മാഡം...”
“ഏയ്... ഒരു ക്യൂരിയോസിറ്റി... തന്റെ ഫസ്റ്റ് പ്രിഫറൻസ് മറ്റേതല്ലാന്നു ഒരു ഉൾവിളി...”
“അത്ര ഉറപ്പാണോ?”
“നമ്മടെ സ്റ്റാൻഡില്‍ മുല്ലപ്പൂവും ചൂടി കൊറേ ചേച്ചിമാര് നിക്കുവല്ലോ... സ്റ്റാൻഡിലെ സ്ഥിരം കുറ്റികളിൽ കൂടിയ ഇനങ്ങളൊക്കെ ഒരുതവണയെങ്കിലും ആ ഭാഗത്തു മണപ്പിച്ചുനടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ സീനിൽ താനില്ല... അപ്പൊ തന്റെ ഏർപ്പാട് വേറെന്തോ ആണെന്ന് തോന്നി...”
“ആ ‘വേറെന്തോ’ അപകടമുക്തമാണെന്ന് ഉറപ്പിക്കാൻ കാരണം?”
“മോനേ... സത്യം പറ... ഈ സിനിമയിലൊക്കെ കാണുംപോലെ പെണ്ണുങ്ങളെ വെട്ടി പീസാക്കി ഫ്രിഡ്ജിൽ കയറ്റുന്ന ടൈപ് സൈക്കോ ഒന്നും അല്ലാലോ താൻ?” –തമാശയുടെ മധുരം പുരണ്ട സംശയം. മെഴുകുതിരിത്തീയിൽ ഒരു മഴപ്പാറ്റ കത്തിയെരിഞ്ഞു. ഓർമകളുടെ നനഞ്ഞ ചാരത്തിൽനിന്നും പതിയെ പുക ഉയർന്നു. കാലിൽ കറുത്ത ചരടുകെട്ടിയൊരു പാവാടക്കാരിയെ നെറ്റിയിൽ മുഴയുള്ള മാന്ത്രികൻ ഇരുമ്പുപൂട്ടിട്ട മരപ്പെട്ടിയിൽ അടയ്ക്കാനൊരുങ്ങുന്നു...
“ആബ്ര കടാബ്ര..!” –മാന്ത്രികവടി വായുവിൽ വൃത്തം വരച്ചു. തീപ്പിടിച്ച പെട്ടിക്ക് ചുറ്റും ഉന്തിയ കണ്ണുകളോടെ അലറിക്കരഞ്ഞോടുന്ന മാന്ത്രികൻ... കറുത്ത ചരടുകെട്ടിയ ഇളംകാല്‍ തീയിലുരുകുന്നത് നിനച്ച്, കാണിക്കൾക്കിടയിൽലിരുന്ന് കണ്ണുകൾ ഇറുക്കിയടക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ...
‘ആബ്ര കടാബ്ര...!’ - മാന്ത്രിക വടി വീണ്ടും വൃത്തം വരച്ചു തീരും മുന്നേ കറുത്ത ചരടുകാരി അതാ, കാണികളുടെ നടുവേയുള്ള വിടവിലൂടെ തലതാഴ്ത്തി നടന്നുവരുന്നു! മാന്ത്രികന്റെ കൂടാരത്തിനോട് ചേർന്നുനിൽക്കുന്ന തെങ്ങിന്റെ മണ്ടയിൽ കള്ള് മോന്താൻ കേറിയ മരപ്പട്ടി, താഴെ എരിഞ്ഞുതീർന്ന് ബാക്കിയായ കനലിലേക്ക് കള്ളിൻ കുടം തള്ളിയിട്ടു. തണുത്ത കാറ്റ്. കണ്ണിൽത്തെറിച്ച ചാരം തിരുമ്മി തല ഉയർത്തിയതും പെട്രോമാക്സ് വെട്ടത്തിൽ തെളിഞ്ഞു കണ്ടു –നെറ്റിയിൽ കുഞ്ഞിപ്പുഴുവിന്റെ ഷേപ്പിലുള്ള മുറിപ്പാട്...
“എനിക്ക് കുഞ്ഞുനാളില്‍ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു... വലുപ്പം വെച്ച അവളുടെ മുഖം എങ്ങനെയായിരിക്കുമെന്ന് ഞാനിടയ്ക്ക് മനസ്സിൽ വരച്ചുനോക്കാറുണ്ട്. ആ മുഖത്തിന് താനുമായി വല്ലാത്ത സിമിലാരിറ്റി... നെറ്റിയിലെ ഒരു മുറിപ്പാടിന്റെ വ്യത്യാസം മാത്രം...”
ആദ്യമൊന്നു തുറിച്ചുനോക്കിയെങ്കിലും അടുത്ത നിമിഷത്തിൽ ഒരു വലിയ തമാശ കേട്ടമട്ടിൽ അവൾ പൊട്ടിച്ചിരിച്ചു. അത്യാവശ്യം ഉറക്കെത്തന്നെ...
“ചതിക്കാത്ത ചന്തുവിൽ സലിം കുമാറിന്റെ ഒരു ഡയലോഗ് ഇല്ലെടോ... അകാലത്തിൽ അന്തരിച്ചു പോയ എന്റെ പ്രിയപ്പെട്ട മുറപ്പെണ്ണ് ചെമ്പഴന്തിയുടെ ഛായ ആണ് നിനക്കെന്നോ മറ്റോ... ആ ലൈൻ ആണോ...”
മറുപടി പറയാൻ തോന്നിയില്ല. മെഴുകുതിരിത്തീയിലേക്ക് മുഖം താഴ്ത്തി ഞാനൊരു സിഗരറ്റ് കത്തിച്ചു. അബദ്ധത്തിൽ കത്തിപ്പോയ താടിരോമങ്ങളുടെ കരിഞ്ഞ മണം മുറിയിൽ പരന്നു. ജനാലക്കരികിലേക്ക് ഞാൻ നടന്നു. ഇലക്ട്രിക് പോസ്റ്റിനു കീഴെ, സാരി മുട്ടോളം മടക്കികുത്തി മഴയത്ത് കുടയും ചൂടി നിന്നൊരു മുല്ലപ്പൂക്കാരി ചേച്ചിക്ക് ഡ്യൂക്കിൽ വന്നൊരു ഫ്രീക്കൻ വിലയിട്ടുറപ്പിച്ചു. ആനപ്പുറത്തേറുന്ന പാപ്പാനെ പോലെ, ഫ്രീക്കനെ തെറിവിളിച്ചുകൊണ്ട് മുല്ലപ്പൂക്കാരി ഡ്യൂക്കിൽ കയറുന്നത് നോക്കിനിൽക്കുന്നതിനിടെ അവൾ എനിക്കരികിലേക്ക് വന്നു വിരലുകൾ നീട്ടി.
“എടോ... താൻ ഈ ബാല്യകാല സഖി കാർഡ് ഇറക്കി കഷ്ടപ്പെടുവൊന്നും വേണ്ട... വേണേൽ എന്നെയൊന്നു കിസ്സ് ചെയ്തോ... കിസ്സ് മാത്രമേ... ഒരു വൺ നൈറ്റ് സ്റ്റാൻഡിനുള്ള സ്റ്റാമിന തൽക്കാലം എന്റെ ബോഡിയിൽ ഇല്ല... നേരത്തെ വീണ വീഴ്ചയിൽ നടുവെട്ടിയിരിക്കുവാ...” –സംസാരത്തിലുടനീളം ചുമ. പുക വലിക്കുന്നതിൽ ആൾക്ക് നല്ല പരിചയക്കുറവുണ്ട്. സിഗരറ്റ് ഞാൻ തിരികെ വാങ്ങി.
“ഞാനവളെ ഉമ്മ വച്ചിട്ടുണ്ട്...”
“എടാ കൊച്ചു ഇമ്രാൻ ഹാഷ്മി! ചുണ്ടിലോ?”
“നെറ്റിയിൽ... കുഞ്ഞിപ്പുഴു ഷേപ്പിലുള്ള മുറിപ്പാടിൽ...”
“എന്നിട്ട്?”
പഴകിയൊരു നട്ടുച്ച വെയിൽ മനസ്സിനകത്തു കിടന്നു തിളച്ചു. ഇരുളുപരക്കുമ്പോൾ കാട്ടേണ്ട മാന്ത്രിക വിദ്യകളും കാണികളുടെ കയ്യടികളും സ്വപ്നം കണ്ടുകൊണ്ട് മാന്ത്രികനുറങ്ങുന്ന നേരം, കറുത്ത ചരടുകാരിക്കൊപ്പം ഞാൻ പറങ്കിമാങ്ങകൾ പെറുക്കാനിറങ്ങി. പറങ്കിമാങ്ങയിട്ടു വാറ്റിയ വാറ്റാണത്രെ അവളുടെ അപ്പന്റെ അത്ഭുതസിദ്ധികളുടെ രഹസ്യം! കൂർത്ത മുള്ളിനോ മുനയുള്ള കല്ലിനോ കാലിനെ നോവിക്കാനാവില്ല. അത്രയ്ക്ക് കട്ടിയിൽ ഉണങ്ങിയ ഇലകൾ നിലത്തു മെത്തയൊരുക്കിയിരിക്കുന്നു. പാതി മടക്കിയ പാവാടയിലേക്ക് പഴുത്ത പറങ്കിമാങ്ങകൾ പെറുക്കിയിടുന്നതിനിടെ കുഞ്ഞു കഴുത്തിൽ ചോരയുടെ ചാലുണങ്ങിയ നേർത്ത മൂന്ന് വരകൾ ഞാൻ കണ്ടു...
“ചത്തുപോയവർ നമ്മളെ കാണാൻ വരുമ്പോൾ ദേഹത്ത് മാന്തും... ഉറക്കത്തിലാവുമ്പോ നമ്മളതറിയില്ല... വേദനിക്കേം ഇല്ല...” –നന്നേ പഴുത്തൊരു പറങ്കിമാങ്ങയിൽ കിടന്നു പുളച്ച പുഴുവിനെ ഞെക്കി പുറത്തിട്ടുകൊണ്ടു അവൾ പറഞ്ഞു. ആ പുഴു വലുപ്പം വെക്കുമ്പോൾ അവളുടെ നെറ്റിയിലെ മുറിപ്പാടിന്റെ ചേലിലാവുമെന്ന് എനിക്ക് തോന്നി.
“നിന്റെ ആരാ ചത്തത്?”
“ന്റെ അമ്മ...”
പതിയെ പുറത്തേക്കൊഴുകിയ പളുങ്കുമണികൾ ഉണങ്ങിയ ചോരച്ചാലുകളിൽ നനവ് പടർത്തി. പുകഞ്ഞ കഴുത്തു തിരുമ്മിക്കൊണ്ട് അവളെന്നെ നോക്കി. കൂനകൂട്ടി ശേഖരിച്ച പറങ്കിമാങ്ങകൾ പാവാടയിൽ നിന്നും ഊർന്നുവീണു... ഞാൻ കരയുമ്പോൾ അമ്മയെനിക്ക് ഉമ്മതരാറാണ് പതിവ്. ഒന്നു തല്ലിയാലും ഉറങ്ങാൻ നേരം അച്ഛനും ഉമ്മ തരും. സങ്കടപ്പെടുന്നവരെ ചിരിപ്പിക്കാനുള്ളതാണ് ഉമ്മ എന്നാ അമ്മ പറയാറ്... കുനിഞ്ഞുനിന്ന് അവളുടെ മുഖം ഞാനുയർത്തി. എന്റെ കവിൾ മാന്തിപ്പൊളിച്ചുകൊണ്ട് അവൾ കിതച്ചു...
തിരിച്ചുപോകാൻ നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. നടത്തത്തിനിടെ പാമ്പനുറുമ്പുകൾ അവളുടെ തിരമാലത്തലമുടിയിൽ കുരുങ്ങിയതും രണ്ട് ഇരട്ടവാലൻ പക്ഷികൾ കലപിലകൂടി മുന്നിൽ വീണുപിടഞ്ഞെഴുന്നേറ്റ് പറന്നതും അവളറിഞ്ഞില്ല.
അന്ന് രാത്രി മാന്ത്രികന്റെ കൂടാരം അടഞ്ഞുകിടന്നു. പറങ്കിമാങ്ങ വാറ്റും മാന്ത്രികവടിയും കയ്യിലേന്തി എന്നെ കുരങ്ങാനാക്കി മാറ്റാൻ വരുന്ന മാന്ത്രികനെ സ്വപ്നംകണ്ട് വർഷങ്ങൾക്കുശേഷം ഞാൻ കിടക്കപ്പായയിൽ മൂത്രമൊഴിച്ചു...
സിഗരറ്റിന്റെ ബഡ്സിലേക്ക് തീ പടർന്നു ചുണ്ട് പൊള്ളി. കുറ്റി ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞു. വിരുന്നുകാരി ആലോചനയിലാണ്.
“വേണ്ടടോ... താൻ കിസ്സ് ചെയ്യേണ്ട... തന്റെ ഉമ്മ വേ... ഞാൻ ഉദ്ദേശിച്ച ഉമ്മ റേ... മറന്നുകള...”
“എന്നാലും എങ്ങനെ ആയിരിക്കും ആ മാന്ത്രികൻ ഒരേ സമയം അവളെ രണ്ടിടത്ത് പ്രത്യക്ഷപ്പെടുത്തിയത്? കൂടാരം പൊളിച്ചു തിരിച്ചുപോവാൻ നേരത്തും ഞാനത് അവളോട് ചോദിച്ചിരുന്നു...”
എന്റെ ചോദ്യം കേട്ട് തെല്ലൊന്ന് ആലോചിച്ച ശേഷം ബാഗ് തുറന്നു സ്പൈറൽ ബൈൻഡ് ചെയ്ത ഏതാനും കടലാസുകെട്ടുകൾ വിരുന്നുകാരി എന്റെ മുന്നിലേക്കിട്ടു.
“തനിക്കെന്റെ പണി എന്താന്നറിയോ? സൂര്യൻ കടലീ താഴുന്ന സെക്കൻഡ് തൊട്ട് ടീവിടെ മുന്നിലിരിക്കുന്ന സകലമാന അമ്മച്ചിമാരേം കണ്ണീർക്കടലിൽ മുക്കുന്നതിന് പിന്നിൽ ഈ വെളുത്ത കരങ്ങളുമുണ്ട്! പമ്പരംപോലെ പരമ്പരകളങ്ങു എഴുതിത്തള്ളും! മുക്കാലും ഗോസ്റ്റ് റൈറ്റിങ് പരിപാടിയാട്ടോ...”
നൊമ്പരത്താമര... മിഴിതോരും നേരം... നോവറിയാതെ... ഓടയിൽ വീണു നനഞ്ഞ ഓരോ കടലാസുകെട്ടുകളുടെയും തലക്കെട്ടുകളിലൂടെ ഞാൻ കണ്ണോടിച്ചു.
“താനെന്തായാലും പഴയ മാജിക്കിന്റെ രഹസ്യം തൊണ്ടേൽ കുടുങ്ങി ശ്വാസംമുട്ടി നിക്കുവല്ലേ... എന്റെ പ്രൊഫഷണൽ ലൈനിലൊരു പരിപാടി പിടിച്ചുനോക്കാം... ഫൺ ആയിരിക്കും... നേരം പോവേം ചെയ്യും...”
മുതലയെ വലിച്ചു കരയ്ക്കെത്തിക്കാൻ നോക്കിയ കിഴവൻ പിന്നെയും തികട്ടിവന്നു. അൽപനേരം കിതപ്പകറ്റിയ മഴ പിടഞ്ഞെണീറ്റ് ആഞ്ഞു പെയ്തു. ശബ്ദം മുറിഞ്ഞുപോകാതിരിക്കാനായി എനിക്കരികിലേക്ക് ചേർന്ന് നിന്ന് വിരലുകൾ കൊണ്ട് അവൾ ഫ്രെയിം വെച്ചു.
“എപ്പിസോഡ് വൺ മുതൽ തുടങ്ങി ബോറടിപ്പിക്കുന്നില്ല... അതൊക്കെ താൻ ഓൾറെഡി വിളമ്പിക്കഴിഞ്ഞല്ലോ... നമുക്ക് ആദ്യം ട്വിസ്റ്റിലേക്ക് പോകാം... പിന്നെ ക്ലൈമാക്സ്...”
“ശരി...”
ഒന്ന് കരഞ്ഞിട്ട് കുറേയായി. രണ്ടു ഗ്ലാസുകളിലേക്ക് വോഡ്ക പകർന്നുകൊണ്ട് ഞാൻ പുകഞ്ഞൊരുങ്ങി നിന്നു. പഴുത്തിരിക്കുമ്പോൾ കരച്ചിലിന് ചന്തം കൂടും. ആദ്യത്തെ പെഗ് ഒറ്റവലിക്ക് അകത്താക്കിയ ശേഷം ചിറി തുടച്ചു ഒരു ഏമ്പക്കവും വിട്ടുകൊണ്ട് അവൾ കഥയുടെ കൂടുതുറന്നു.
“കുട്ടിക്കടുവയുടെ ചിത്രം പതിച്ച ബനിയനിട്ട പന്ത്രണ്ടുകാരൻ ഇരുന്നത് മുൻനിരയിൽ... അവൻ കാൺകെ മരപ്പെട്ടിക്കകത്തു കറുത്ത ചരടുകാരി വെന്തുരുകുന്നു... ആബ്ര കടാബ്ര... വായുവിൽ വൃത്തം വരച്ചുകൊണ്ടു തന്റെ മാന്ത്രിക വടിയിലേക്ക് മാന്ത്രികൻ കാണികളുടെ ശ്രദ്ധ ആകർഷിക്കുന്നു. അലറുന്നു... ഈ സമയംകൊണ്ട് കൂടാരത്തിലെ ഇരുട്ടിലേക്ക് രഹസ്യ തുരങ്കത്തിലൂടെ പെൺകുട്ടി രക്ഷപ്പെടുന്നു... ആബ്ര കടാബ്ര..! അതാ കാണികളുടെ നടുവിൽ പ്രത്യക്ഷപ്പെടുന്നു, അവളുടെ ഇരട്ട സഹോദരി..! ട്വിസ്റ്റ്! ഒരു കൊടൂര ട്വിസ്റ്റ്! എപ്പടി?”
മുഖത്തേക്ക് നാടകീയമായി നീണ്ട അവളുടെ ചൂണ്ടുവിരൽ എന്റെ മൂക്കിനെ തൊട്ടു. കൂമ്പിത്തുടങ്ങിയ ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടി. വർഷങ്ങളോളം തന്റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ ലോകത്തിനു മുന്നിൽനിന്നും മറച്ചുെവച്ച മാന്ത്രികൻ... മരപ്പെട്ടിയിൽ കയറുന്ന നേരത്തുമാത്രം മറ്റ് മനുഷ്യരെ കാണാൻ വിധികൽപിക്കപ്പെട്ട പെൺകുട്ടി. അടച്ചിട്ട കൂടാരത്തിനുള്ളിൽ അളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ... ഹോ..!
“കിഡ്നി ടച്ചിങ് മോളെ... കുറഞ്ഞത് ഒരു ആയിരം എപ്പിസോഡ് എങ്കിലും ഇത് വച്ച് തനിക്ക് ഓടിക്കാം...” –വായിൽ വിരലിട്ടു വിസിലടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും തോളത്തു തട്ടി അവളെ ഞാൻ അഭിനന്ദിച്ചു.
“ആയിരമോ..? അപ്പൊ ബാക്കിയോ? ഈ ഭാഗങ്ങളൊക്കെ ഒരു ത്രില്ലെർ ബാക്ക്ഡ്രോപ്പിലങ്ങു സിമ്പിളായി പോകും... മലയാളത്തിൽ ഒരു സോപ്പ് ഓപ്പറ ഓടണമെങ്കിൽ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി ചൊറിയണം മോനെ... നീ ഇതൂടി പിടി... പറങ്കിമാങ്ങ വാറ്റ് തലയ്ക്ക് പിടിക്കുന്ന നേരം ക്രൂരനായ ആ മാന്ത്രികൻ ഇരട്ടകളുടെ ഉടുപ്പിനുള്ളിൽ പരതും! പുല്ല്, അയാൾക്കൊരു പേര് വേണമല്ലോ..? ആ ചെറിയാച്ചൻ... ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ! ഇരിക്കട്ടെ മലയാള സീരിയൽ ശാഖ വക ജോൺ എബ്രഹാം സാറിനൊരു ട്രിബ്യൂട്ട്...”
ഒഴിഞ്ഞ ഗ്ലാസുകൾ പിന്നെയും നിറഞ്ഞു. അവൾ കഥ പറഞ്ഞു. ഞാൻ കഥ കേട്ടു. ഇരുന്നും നിന്നും, തണുപ്പ് കൂടിയ നേരം എനിക്കരികിൽ പുതച്ചുകിടന്നും അവൾ മാന്ത്രികവിദ്യയുടെ പൊരുളഴിച്ചു. കള്ളി പൊളിഞ്ഞ്, കാണികളുടെ നടുവിൽ ഉടുമുണ്ടഴിഞ്ഞു ചമ്മിനിൽക്കുന്ന മാന്ത്രികനെ ഓർത്തു ഞങ്ങൾ ഉറക്കെ ഉറക്കെ ചിരിച്ചു...
ഒടുക്കം, ഒടുവിലത്തെ സിഗരറ്റിനെയും ചുംബിച്ചു ജനാലക്കരികിൽ പരസ്പരം മിണ്ടാതെ നിന്ന യുഗങ്ങളിലെപ്പോഴോ ആകാശത്തു വെള്ള കീറി. മഴ തോർന്നു. ബസ് സ്റ്റാൻഡിനെ മുക്കിയ മഴവെള്ളമത്രയും ഓടകളിലേക്ക് ഒഴുകിപ്പോയി. പുലർച്ചെയോടുന്ന ബസുകൾ ചളിവെള്ളം തെറിപ്പിച്ചുകൊണ്ടു വന്ന് യാത്രക്കാർക്കായി വാതിൽ തുറക്കുന്നത് ഞങ്ങൾ കണ്ടു...
ഇരപിടിയൻ ചിലന്തി വരും മുന്നേ വല ഭേദിച്ചു വഴിപിരിഞ്ഞോടുന്ന ഉറുമ്പുകളെപ്പോലെ ഇരട്ടകൾ പരസ്പരം പിരിയുന്നിടത്താണ് ആയിരത്തി ഇരുനൂറാമത് എപ്പിസോഡ് അവൾ നിർത്തിയത്. യാത്രപറയും നേരം അവർ തമ്മിൽ വീണ്ടും കണ്ടുവോ എന്ന് ഞാൻ ചോദിച്ചില്ല. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണല്ലോ സീരിയലിന്റെ ചന്തം. എന്തായാലും കുട്ടിക്കടുവയുടെ ചിത്രം പതിച്ച ബനിയനിട്ട പന്ത്രണ്ടുകാരന് ഇപ്പോൾ ഒരു കാര്യമുറപ്പാണ്... കാണികളുടെ നടുവേയുള്ള വിടവിലൂടെ തല താഴ്ത്തി നടന്നുവന്ന കറുത്ത ചരടുകാരിയുടെ നെറ്റിയിൽ മാത്രമായിരുന്നു കുഞ്ഞിപ്പുഴു ഷേപ്പിലുള്ള മുറിപ്പാടുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.