മണിനാദം, രമണന്, മാമ്പഴം എന്നീ കവിതകളുടെ 90ാം വാര്‍ഷികമാണിപ്പോൾ. ഈ കൃതികളെ ഒന്നിച്ചു വായിക്കുകയാണ് നിരൂപകനായ ലേഖകൻ. 1936ല്‍ എഴുതപ്പെട്ട് ഇപ്പോള്‍ 90 വര്‍ഷം പിന്നിടുന്ന മൂന്ന് മലയാള കവിതകളാണ് ഇവിടെ ഒന്നിച്ചു ചേര്ത്തുെവച്ചിരിക്കുന്നത്. ഈ നവതീബന്ധം മാത്രമോ അവ തമ്മിലുള്ളത്? അത്രയേ ഉള്ളൂവെങ്കില്‍ അത് വെറുമൊരു യാദൃച്ഛികബന്ധം മാത്രമായിരിക്കും. അതേ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട വേറെ എത്രയോ കവിതകള്‍ ഉണ്ടായിരിക്കും. യാദൃച്ഛികതകളാണെങ്കില്...
മണിനാദം, രമണന്, മാമ്പഴം എന്നീ കവിതകളുടെ 90ാം വാര്‍ഷികമാണിപ്പോൾ. ഈ കൃതികളെ ഒന്നിച്ചു വായിക്കുകയാണ് നിരൂപകനായ ലേഖകൻ.
1936ല്‍ എഴുതപ്പെട്ട് ഇപ്പോള്‍ 90 വര്‍ഷം പിന്നിടുന്ന മൂന്ന് മലയാള കവിതകളാണ് ഇവിടെ ഒന്നിച്ചു ചേര്ത്തുെവച്ചിരിക്കുന്നത്. ഈ നവതീബന്ധം മാത്രമോ അവ തമ്മിലുള്ളത്? അത്രയേ ഉള്ളൂവെങ്കില്‍ അത് വെറുമൊരു യാദൃച്ഛികബന്ധം മാത്രമായിരിക്കും. അതേ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട വേറെ എത്രയോ കവിതകള്‍ ഉണ്ടായിരിക്കും. യാദൃച്ഛികതകളാണെങ്കില് ഇനിയുമുണ്ട് പറയാന്‍. ഈ കവികള്‍ മൂവരും –ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും– ഒരേ നാട്ടുകാര്‍, ഒരേ സാഹിത്യഗുരുവിന്റെ ഒരേ കാലത്തെ ശിഷ്യന്മാര്. എന്നാല്‍, ഇവയൊക്കെ തികച്ചും ബാഹ്യമായ സാദൃശ്യങ്ങള്‍. അതൊന്നും ഇങ്ങനെയൊരു സംപുടം ഒരുക്കുന്നതിനുള്ള സാധൂകരണമാവില്ല. പിന്നെ എന്ത്?
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ‘മണിനാദം’ അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പുപോലത്തെ രചനയാണ്. രാഘവന്‍പിള്ളയുടെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്നേഹിതനായ ചങ്ങമ്പുഴയില്‍ സൃഷ്ടിച്ച വികാരവിക്ഷോഭത്തിന്റെ രേഖയാണ് ‘രമണന്’; വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ ആകട്ടെ മറ്റൊരു മരണത്തെ പ്രമേയമാക്കുന്നു. ഈ മരണവും ഒരു യഥാർഥ മരണം തന്നെയെന്ന് പറയപ്പെടുന്നുണ്ട്. ആയിരിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ. അത് കവിതയുടെ പരിഗണനയില്‍ സാരമായ വിഷയമേയല്ല. പരിഗണനീയമായ കാര്യം കവിതയുടെ പ്രമേയം മരണമാണ് എന്നതാണ്.
ഈ മൂന്നു കവികളുടെയും പേരു കേള്‍ക്കുന്ന മാത്രയില്‍ മലയാളിയുടെ മനസ്സില്‍ ഓടിവരുന്ന രചനകള്‍ ഇവയാണെന്നത് മറ്റൊരു സവിശേഷതയാണ്. രാഘവന്‍പിള്ളയുടെയും ‘മണിനാദ’ത്തിന്റെയും കാര്യം നിൽക്കട്ടെ; ചങ്ങമ്പുഴയുടെ ഏറ്റവും മികച്ചകൃതിയാണോ ‘രമണന്’. പക്ഷേ, ‘രമണ’ ന്റെ കര്‍ത്താവ് എന്ന നിലക്കാണ് ചങ്ങമ്പുഴ മലയാളകാവ്യാസ്വാദകരുടെ മനസ്സില്‍ പ്രതിഷ്ഠനേടിയത്. ‘മാമ്പഴം’ കവിതയെന്ന നിലക്ക് ശ്രേഷ്ഠംതന്നെ. ‘സഹ്യന്റെ മകനോ’ ‘ഉജ്ജ്വല മുഹൂര്‍ത്ത’മോ ‘ഊഞ്ഞാലോ’ എഴുതിയ വൈലോപ്പിള്ളിയുടെ കവനസത്തയെ ആ വടിവില്‍ വെളിപ്പെടുത്താന്‍ ‘മാമ്പഴ’ത്തിനു കഴിയുകയില്ല എന്ന സത്യത്തെ അവഗണിച്ചുകൊണ്ട് വൈലോപ്പിള്ളി മാമ്പഴത്തിന്റെ കവിയായി മലയാള മനസ്സില്‍ ജീവിക്കുന്നു!
ശബ്ദജാല കൗതുകംകൊണ്ട് അന്തസ്സാരശൂന്യതയെ മറച്ചുപിടിച്ച് ഉക്തിവൈചിത്ര്യത്തിലാണ് സാഹിത്യത്തിന്റെ മർമമെന്ന് സ്ഥാപിച്ചുകൊണ്ടിരുന്ന മലയാള കവിത മുക്തിനേടിയത് മൃത്യുബോധമുണര്ത്തിയ നിലവിളിയോടുകൂടിയാണ്. അതല്ലേ സ്വാഭാവികം? മനുഷ്യന് ‘ഇതാ ഞാന്‍ ഇവിടെയുണ്ട്’ എന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത് നിലവിളികൊണ്ടാണല്ലോ. പിറക്കുമ്പോഴത്തെ ആ നിലവിളിയുടെ ഊക്കാണ് മനുഷ്യന്റെ പ്രാണബലം. കണ്ണീരുപ്പു പുരട്ടാത്ത ആസ്വാദ്യതകളൊന്നും മനുഷ്യനില്ല. ചിരി പോലും ശ്രേഷ്ഠമാകുന്നത് കണ്ണീരില്‍ കുതിര്ന്നിട്ടാണ്. മനുഷ്യന്റെ സ്വത്വം ആവിഷ്കാരംകൊള്ളാന് വടിവുതേടിയത് കരച്ചിലില്‍ ആകുന്നതുതന്നെയാണ് സ്വാഭാവികം. ഇവിടെ ഇതാ നമ്മുടെ മൂന്നു ശ്രേഷ്ഠകവികള്‍ നമ്മെ മൃത്യുവിന്റെ മുന്നില്‍ നിര്‍ത്തി ജീവിതത്തെക്കുറിച്ച് ആലോചിക്കൂ എന്ന് ആവശ്യപ്പെടുന്നു.
ഇടപ്പള്ളിക്കവികള്‍ എന്നൊരു ശീര്‍ഷകം എഴുതി അതിനുകീഴെ ചങ്ങമ്പുഴയെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ച് ഒടുവില്‍ രാഘവന്പിള്ളക്ക് ഒരു ഖണ്ഡിക ഭിക്ഷകൊടുക്കുന്ന ഒരു വിചാരപാരമ്പര്യമുണ്ടല്ലോ. അത്തരം അനുബന്ധ ദാക്ഷിണ്യത്തിനു കുമ്പിള് നീട്ടിനില്ക്കേണ്ട കവിയല്ല ഇടപ്പള്ളി രാഘവന്‍പിള്ള. ഒതുക്കിപ്പിടിച്ച വാക്കുകളില്‍ മനുഷ്യജന്മത്തിന്റെ ദൈന്യത്തെ മുഴുവന്‍ ആവിഷ്കരിച്ച കവിയാണ് അദ്ദേഹം. ആഘോഷങ്ങളില്ലാത്ത ജീവിതമായിരുന്നു രാഘവന്പിള്ളയുടേത്, വാക്കുകളുടെ ആഘോഷവും അദ്ദേഹം വർജിച്ചു. ജീവിതത്തിലുമില്ല ധൂര്‍ത്ത്, കവിതയിലുമില്ല എന്നതായിരുന്നു ഇടപ്പള്ളിയുടെ രീതി. ആത്മഹത്യചെയ്യാന്‍ മാത്രം കൊള്ളാവുന്നതാണ് ഈ ലോകം എന്ന് അദ്ദേഹം കണ്ടു. ഈ പുല്ലുമാടവും കത്തിച്ചു ഞാന്‍ വരുന്നു എന്ന് ഇടപ്പള്ളി എഴുതി. ഒടുവില്‍ ആ പണിതന്നെ അദ്ദേഹം പറ്റിക്കുകയും ചെയ്തു. സ്വന്തം ജീവിതത്തിനു താന്‍ തന്നെ പൂർണവിരാമം ഇടുന്നതിനുമുമ്പ് നടത്തിയ വിടവാങ്ങലാണ് ‘മണിനാദം.’
അക്ഷരാഭ്യാസമുള്ള മലയാളികള്‍ മുഴുവനെയുംകൊണ്ട് കവിത വായിപ്പിക്കുകയും കവിത പാടി നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കവിയാണ് ചങ്ങമ്പുഴ. വികാരത്തിന്റെ നേര്നാദമാണ് കവിത (True voice of feeling) എന്നൊരു നിർവചനം കീറ്റ്സ് നൽകിയിട്ടുണ്ട്. കാൽപനിക കവിതയുടെ ആദര്‍ശമാണ് കീറ്റ്സ് നൽകുന്നത്. അതുകൊണ്ടാണ് ഹെര്‍ബര്‍ട്ട് റീഡ് തന്റെ കാൽപനിക കവിതാപഠനഗ്രന്ഥത്തിന് അതുതന്നെ പേരായി കൊടുത്തത്. ഈ കാവ്യാദര്‍ശത്തിന്റെ സമ്പൂര്‍ണ സാക്ഷാത്കാരമാണ് ചങ്ങമ്പുഴ കവിത. മലയാള പദാവലിയെ നൃത്തം ചെയ്യാന്‍ ശീലിപ്പിച്ചത് ചങ്ങമ്പുഴയാണ്.
അദ്ദേഹത്തിന്റെ പ്രചുരപ്രചാരം നേടിയ കവിതയാണ് ‘രമണന്’. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയാണ് രമണന്റെ അടിസ്ഥാനപ്രമേയം എന്നാണ് പ്രശസ്തി. എന്നാല്‍, ഇടപ്പള്ളിയുടെ പ്രേമത്തിന്റെ കഥ ഈ വടിവിലായിരുന്നു എന്നു ധരിക്കുന്നത് തീര്‍ത്തും അസംഗതമാണെന്ന് പറയാതെ വയ്യ. അങ്ങനെയൊരു തെറ്റിദ്ധാരണ അക്കാലം തൊട്ടേ പരന്നിരുന്നു. രമണന് മലയാള വായനക്കാര്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. ചൂടപ്പം വിറ്റുപോകുന്ന വേഗത്തിലാണ് ഓരോ പതിപ്പും ചെലവായത്. ‘മലയാളത്തില്‍ ഇങ്ങനെയൊരു സംഭവമോ’ എന്ന അത്ഭുതത്തോടുകൂടിയാണ് പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ രമണന് നിരൂപണം ആരംഭിക്കുന്നത്.
വൈലോപ്പിള്ളിയും ചങ്ങമ്പുഴയും സ്നേഹിതരും ഒരേ കളരിയില്‍ അഭ്യസിച്ചിരുന്നവരുമായിരുന്നെങ്കിലും അവരുടെ കവിതകള്‍ തമ്മില്‍ താരതമ്യമില്ല. വാക്കുകളെക്കൊണ്ട് മയൂരനൃത്തമാടിച്ച് വികാരത്തിന്റെ മായാലോകം സൃഷ്ടിക്കുന്ന കവിത വൈലോപ്പിള്ളിയുടെ ആദര്‍ശമല്ല. എല്ലാ കാൽപനികര്ക്കും രാപ്പാടിയുടെ മധുരസംഗീതത്തില്‍ ലയിക്കാനാണ് ഇഷ്ടമെങ്കിലും വൈലോപ്പിള്ളി കാക്കയെക്കുറിച്ച് കവിത എഴുതി; എല്ലാവരും പനിനീര്‍പ്പൂവിന്റെ മാദകസുഗന്ധത്തില് മയങ്ങാന്‍ ഇഷ്ടപ്പെട്ടെങ്കില്‍, വൈലോപ്പിള്ളി കയ്പവല്ലരിയെക്കുറിച്ച് കവിതയെഴുതുകയും പനിനീര്‍പ്പൂവേ നിന്നെ ഞാന്‍ വെറുക്കുന്നു എന്ന് വാച്യമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരും കാമോദ്ദീപ്തമായ യൗവനത്തിന്റെ പ്രേമപ്രകര്ഷത്തില് ആമോദംകൊണ്ടപ്പോള് വൈലോപ്പിള്ളി വാർധക്യത്തിലെത്തിയ ദമ്പതികള്‍ താമ്പൂല താമ്പൂലപ്രിയയാ തിരുവാതിരയില്‍ നൂറുവെറ്റില തേച്ച് മുറുക്കി ഊഞ്ഞാലില്‍ സുമാനിഷത്തിന്റെ പക്വപ്രണയം ആഘോഷിച്ചു. അദ്ദേഹത്തിന്റെ ‘മാമ്പഴം’, പക്ഷേ, വികാരസാന്ദ്രമാണ്. അത് പുത്രദുഃഖത്താല്‍ തപിക്കുന്ന ഒരമ്മയുടെ വിങ്ങുന്ന ഹൃദയത്തിന്റെ ആവിഷ്കാരമാണ്. വികാരമയം ആകുമ്പോഴും അത് മിതമായ വാക്കുകളെ കരുതലോടെ വിന്യസിച്ച് ശിൽപഭദ്രമായ കവിത സൃഷ്ടിക്കുന്നു.
ഈ മൂന്നു കവിതകള്‍ക്കും നമ്മുടെ ശ്രേഷ്ഠവിമര്ശകര് എഴുതിയ പഠനവും ഈ സംപുടത്തില് ചേര്‍ത്തിരിക്കുന്നു. ലോകകവിതയുടെ വിശാലമായ പശ്ചാത്തലത്തില്‍ ‘മണിനാദ’ത്തിന് ഇടം എവിടെയെന്ന് കേസരി അടയാളപ്പെടുത്തുന്നു. നനുത്ത സ്വപ്നങ്ങളെയും അവയുടെ ഭംഗങ്ങളെയും കുറിച്ച് എഴുതി രമണന് എങ്ങനെ മലയാളിയുടെ ഹൃദയം അപഹരിച്ചു എന്നാണ് മുണ്ടശ്ശേരിയുടെ അന്വേഷണം. മാമ്പഴത്തിന്റെ വായനയില്‍ ഫ്രോയ്ഡിയന്‍ മനശ്ശാസ്ത്രത്തിന് സാംഗത്യമുണ്ടെന്നു സമർഥിക്കാനാണ് എം.എന്‍. വിജയന്റെ ശ്രമം.
‘കതിര്‍മ’ എന്നാല്‍ പ്രകാശിക്കല്‍ എന്നർഥം. മലയാളത്തിലെ പ്രശസ്തരായ മൂന്നു കവികളുടെ ആത്മാവിലെ വെളിച്ചം ഒരേകാലത്ത് പ്രകാശിച്ചത് എങ്ങനെ എന്നാണല്ലോ ഈ കൃതി അന്വേഷിക്കുന്നത്.
---------------
‘മണിനാദം’, ‘രമണന്’, ‘മാമ്പഴം’ എന്നീ കവിതകളെപ്പറ്റി കേസരി എ. ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, പ്രഫ. എം.എന്‍. വിജയന് എന്നിവരുടെ പഠനങ്ങളുടെ സമാഹാരം എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ അടുത്തു തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. അതിന് എഴുതിയ അവതാരികയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.