അദൃശ്യം

മകന്റെ

പതിനൊന്നാമത്തെ വയസ്സിലാണ്

ഞാൻ മരിച്ചത്.

അദൃശ്യമനുഷ്യനെ കുറിച്ചുള്ള

മന്ത്രവാദകഥ

അമ്മയ്ക്കു

പറഞ്ഞുകൊടുക്കുകയായിരുന്നു

അവൻ.

കഥ കേട്ട്

കോളാമ്പിയുടെ വാ പോലെ

വലുതായിവന്നു

അവളുടെ കാത്.

മൂകയല്ലാത്ത അവൾ

മൗനത്തോടൊപ്പം

ആകാശനീലത്തിലുള്ള

രാത്രിവസ്ത്രവും ധരിച്ചിരുന്നു.

പറന്നുപോകാൻ പാകത്തിൽ

തുന്നിച്ചേർത്ത അതിന്റെ കയ്യുകൾ

പൊന്മച്ചിറകുപോലെ തോന്നിച്ചു.

അദൃശ്യ മനുഷ്യൻ

അറയിലേക്കു കടന്ന ഭാഗം

ആഴമുള്ള ശബ്ദത്തിൽ

മകൻ അവൾക്കു വിവരിച്ചു.

അവനെക്കാൾ വലിയൊരാൾ

പറയേണ്ടതായീ

പിന്നീടുള്ളതെല്ലാം.

അന്നേരമാണ്

എനിക്ക്

അരൂപിയാകേണ്ടി വന്നത്.

അവനിലാവേശിച്ച്

കഥാശേഷം

പറഞ്ഞുതീർക്കേണ്ടി വന്നത്.

അങ്ങനെ നീണ്ടുനീണ്ടുപോയി

മരണത്തിൽ അവസാനിക്കേണ്ടി വന്നത്.

ഇപ്പോൾ

അമ്മ മകനോടും

കിടപ്പറ അവനോടും

പറഞ്ഞുകൊണ്ടേയിരിക്കുന്നു.

കുതിർന്ന തലയിണയിലെ ഉപ്പു മണത്ത്

ഇടക്കിടക്ക് കഥമുറിച്ച്

അവൻ

അച്ഛാ അച്ഛാ എന്ന്

തേങ്ങിക്കൊണ്ടും ഇരിക്കുന്നു.

അതിനാൽ

മകന്റെ പതിനൊന്നാമത്തെ വയസ്സിലെ

അദൃശ്യമനുഷ്യനായി

ഞാൻ പ്രപഞ്ചത്തോളം

തുടരുകയല്ലാതെ

മറ്റെന്തു ചെയ്യും

മേലിൽ?

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.