പുരട്ചി ഗാന്ധി

ബൊമ്മനഹള്ളിയില്‍ നിന്ന് അക്ഷയ്‍ നഗറിലേക്ക് * ഊബറില്‍ ബുക്ക് ചെയ്ത ഓട്ടോയെ കാത്തുനില്‍ക്കുമ്പോള്‍ നിങ്ങളുടെ ഡ്രൈവര്‍ ‘പുരട്ചി ഗാന്ധി സി.’ അഞ്ചു മിനിറ്റിനുള്ളില്‍ എത്തിച്ചേരുമെന്ന് ആപ്പില്‍ അറിയിപ്പ് വന്നു. എന്തൊരു പേര്‌ എന്ന് കൗതുകപ്പെട്ടു. പണ്ടേക്കുപണ്ടേ കേള്‍ക്കുന്നതായിട്ടും പുരട്ചി എന്ന വാക്കിന്റെ അർഥം ഇതുവരെ അന്വേഷിച്ചില്ലല്ലോ എന്ന് കുറ്റബോധവും തോന്നി. പുരട്ചിയുടെ പൊരുള്‍ വിപ്ലവം എന്ന് ഗൂഗിള്‍ പറഞ്ഞുതന്നു. എല്ലാ പേരുകളും ഏതെങ്കിലും തരത്തിലുള്ള പ്രത്യാശകളാണെങ്കിലും രാഷ്ട്രീയമായ ഒരു പ്രത്യാശയെ കുഞ്ഞിന്റെ...

ബൊമ്മനഹള്ളിയില്‍ നിന്ന്

അക്ഷയ്‍ നഗറിലേക്ക് *

ഊബറില്‍ ബുക്ക് ചെയ്ത

ഓട്ടോയെ കാത്തുനില്‍ക്കുമ്പോള്‍

നിങ്ങളുടെ ഡ്രൈവര്‍

‘പുരട്ചി ഗാന്ധി സി.’

അഞ്ചു മിനിറ്റിനുള്ളില്‍ എത്തിച്ചേരുമെന്ന്

ആപ്പില്‍ അറിയിപ്പ് വന്നു.

എന്തൊരു പേര്‌ എന്ന് കൗതുകപ്പെട്ടു.

പണ്ടേക്കുപണ്ടേ കേള്‍ക്കുന്നതായിട്ടും

പുരട്ചി എന്ന വാക്കിന്റെ അർഥം

ഇതുവരെ അന്വേഷിച്ചില്ലല്ലോ എന്ന്

കുറ്റബോധവും തോന്നി.

പുരട്ചിയുടെ പൊരുള്‍

വിപ്ലവം എന്ന് ഗൂഗിള്‍ പറഞ്ഞുതന്നു.

എല്ലാ പേരുകളും ഏതെങ്കിലും തരത്തിലുള്ള

പ്രത്യാശകളാണെങ്കിലും

രാഷ്ട്രീയമായ ഒരു പ്രത്യാശയെ

കുഞ്ഞിന്റെ പേരാക്കിയ

മാതാപിതാക്കളുടെ മനസ്സിനെ

സങ്കൽപിച്ചെടുക്കാന്‍

ശ്രമിക്കുന്നതിനിടയില്‍

KA01AU0970 ചീറിയെത്തി

തൊട്ടരികില്‍ ബ്രേക്കിട്ടു.

കട്ടിത്താടിയും കാതില്‍ കടുക്കനും

ചെവിയില്‍ ഇയര്‍ഫോണും

ചിരിക്കുന്നില്ലെങ്കിലും

ചിരിക്കുന്നതായി തോന്നിപ്പിക്കുന്ന

മുഖഭാവവുമുണ്ട് പുരട്ചി ഗാന്ധിക്ക്.

മഹാനഗരത്തിന്റെ

തിരക്ക് നുരയുന്ന ആഴ്ചയറുതിയില്‍

നിമിഷങ്ങളുടെ ഇടവേളകളില്‍

അലിഞ്ഞൊഴുകുകയും

ഉറഞ്ഞുകട്ടയാവുകയും ചെയ്യുന്ന

ഗതാഗതത്തിന്റെ

തന്മാത്രകളിലൊന്നായി

ഞങ്ങളുടെ യാത്ര തുടങ്ങി.

സാഹസികവും സമർഥവുമായ

വെട്ടിയൊഴിയലുകളിലൂടെയും

വീറുറ്റ മുന്നേറ്റങ്ങളിലൂടെയും

പുരട്ചി ഗാന്ധി എന്നെ അമ്പരപ്പിച്ചു, പേടിപ്പിച്ചു.

പ്രത്യാശകള്‍ ജീവിതങ്ങളിലൂടെ

മുന്നേറുന്നത് വേറെയെങ്ങനെയെന്ന്

വെറുതെയെങ്കിലും

ആലോചിപ്പിക്കുകയും ചെയ്തു.

ഇറങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു:

പുരട്ചി ഗാന്ധി എന്നത്

താങ്കളുടെ ശരിക്കുള്ള പേരാണോ?

അതെ എന്ന് പറയുമ്പോള്‍

നെഞ്ചില്‍ കൈവെക്കുകയും

അഭിമാനത്തോടെ ചിരിക്കുകയും ചെയ്തിരുന്നു.

ഗംഭീരമായ പേരാണ്‌ എന്നുകൂടി

ഞാന്‍ പറഞ്ഞു.

അറിയാം എന്നായിരുന്നു മറുപടി.

തിരികെ പോകുന്ന വണ്ടി

കണ്‍വെട്ടത്തുനിന്ന് മറയുന്നത്

നോക്കി നിന്നപ്പോള്‍

യാഥാർഥ്യവും പ്രത്യാശയും തമ്മിലുള്ള അകലം

കൂടിക്കൊണ്ടിരിക്കുന്നതുപോലെ

എന്നാണാദ്യം തോന്നിയത്.

പക്ഷേ, അപ്പോള്‍ത്തന്നെ,

കാത്തിരിക്കുന്ന വേറെയൊരാളിലേക്ക്

അയാളുടെ ദൂരം കുറയുകയാണല്ലോ

എന്നൊരു മറുവിചാരമുണ്ടായി.

ഒട്ടും പരിചയമില്ലാത്ത ദിശയില്‍നിന്നുള്ള

തിരുത്തായിരുന്നു അതെന്ന് പറയാതെ വയ്യ.

പ്രത്യാശ എന്ന പദം

ഇതിനു മുമ്പ് എപ്പോഴാണ്‌

അവസാനമായി ഉപയോഗിച്ചതെന്ന്

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌ ഇപ്പോള്‍.

---------------

* ബൊമ്മനഹള്ളി, അക്ഷയ്‌ നഗര്‍: ബംഗളൂരു നഗരത്തിലെ രണ്ട് സ്ഥലങ്ങൾ

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.