ഈ കാറിൽ

ഈ കാറിൽ

അവളൊരു ചീറ്റയാണ്

ഒറ്റയ്ക്ക് ചീറിപ്പായും.

ഒറ്റപ്പാച്ചിലിൽ

നഗരരാത്രിയുടെ മേലാകെ

വൈദ്യുതി വെളിച്ചത്തെ

ഇടിച്ചുതെറിപ്പിക്കും.

‘ച്ലിം ക്ലിം പ്ലിം’

എന്നിങ്ങനെ തുടങ്ങുന്ന

നിലവിളികളുടെ

തവിടുപൊടി ഒച്ചകൾക്ക്

അസുരവാദ്യത്തിന്റെ മുഴക്കമുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ

രാത്രികാല മരണനടത്തത്തിനിടയിലെ

കൈനീട്ടലുകളെ

അവളാസ്വദിക്കുന്നു.

അവൾ വണ്ടി നിർത്തുന്നതേയില്ല.

ഒടുക്കമില്ലാതോടുന്ന

യാഗാശ്വത്തിന്റെ മുരൾച്ചയുണ്ടതിന്.

ചക്രമുരഞ്ഞ് മുറിവേറ്റ രാത്രിയുടെ

കണ്ണിൽനിന്ന്

ഒരു മഴ ആശുപത്രിയുടെ

പത്താംനിലയിൽനിന്ന്

നിലതെറ്റി വീണു,

ഈ കാറിന്റെ വിരിഞ്ഞ ബോണറ്റിലേക്ക്.

സ്‌റ്റിയറിങ്ങിൽ അവൾ

അപാരമായ മ്യുസീഷനാണ്.

അസാമാന്യമായി പിയാനോയുടെ

ഓരോ കട്ടകളിലെന്നപോലെ

ഇടംവലം വിരലുകളോടിക്കും.

വിജനപാതകളിലെ

യുടേണുകളിൽ വെട്ടിത്തിരിഞ്ഞ്

പൈൻമരങ്ങൾക്കിടയിലൂടെ

ഒഴുക്കത്തോടെ നീന്തും.

കയറ്റിറക്കങ്ങളുടെ

നിമ്നോന്നതികളിൽ തുടിച്ച് കയറും.

ആക്സിലറേറ്ററിൽ അതിമധുരമായി

കാലമർത്തിക്കുതിക്കുമ്പോൾ

ഒരു നഗരവും വൈദ്യുതിവെളിച്ചവും

പിൻസീറ്റിൽ കയറിയിരിക്കും.

ഈ കാറിൽ

അവളൊരു ചീറ്റയാണ്

ഒറ്റയ്ക്ക് ചീറിപ്പായും.

ഇതിനിടയിൽ

വൈദ്യുതി വെളിച്ചം വ്യാജനാണെന്ന്

അവൾ കണ്ടെത്തിയിരിക്കുന്നു,

സുന്ദരരൂപമണിഞ്ഞെത്തിയ രാക്ഷസൻ.

കൊല്ലപ്പെടുമ്പോഴുള്ള

അതിന്റെ ശബ്ദം

അണിയറയിൽ തകരുന്ന

കീചകന്റെ അലർച്ചയാണ്.

ഈ കാറിൽ അവൾ ഒറ്റയ്ക്കാണ്,

ഈ രാത്രിയിൽ.

ഈ വെളിച്ചത്തിന്റെ പൊയ്മുഖം

തകർന്നിരിക്കുന്നു,

ശബ്ദമലീമസമായ നഗരത്തിലെ

നൂറ്റാണ്ടുകൾ പഴക്കമുള്ള

ഈ കാറിനുള്ളിൽ വെച്ച്.

ഈ കാർ

അവൾക്ക് ഭീമനായിരുന്നു.

അവൾക്ക് വേണ്ടിയിവൻ

സൗഗന്ധികപുഷ്പം തേടി

മരുക്കളിലലയും.

വെളിച്ചത്തിന്റെ

തുടയടിച്ചു തകർത്തേക്കും.

മാറുപിളർന്ന്

ധവളരക്തം കൊണ്ടഭിഷേകം

ചെയ്തേക്കും.

ഈ കാറിൽ അവളൊരു ചീറ്റയാണ്,

ഒറ്റയ്ക്ക് ചീറിപ്പായും.

അവൾ കാറിനെ

പിയാനോ എന്നപോലെ വായിക്കുന്നു,

രണ്ടാമൂഴക്കാരനെ

തോളേറ്റി നടക്കുന്നവനെ

ഇഷ്ടങ്ങളിലേക്ക്

ആനയിക്കുന്നവനെ.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.