കൂറകളുടെ കിസ്സ

1

ബസിൽ,

​െട്രയിനിൽ

പാർക്കിൽ,

മരണവീട്ടിൽ

ഒഴിവുള്ളൊരു കസേര കാണുമ്പോൾ

മറ്റൊന്നും ചിന്തിക്കാതെ

തിടുക്കത്തിൽ

ഞാൻ കയറി ഇരിക്കുന്നു

ഒരിന്ത്യക്കാരന് ഒഴിഞ്ഞ ഇരിപ്പിടം

സ്വപ്നത്തിൽ അടിക്കുന്ന ലോട്ടറി

ഒഴിവുകൾ

ഞങ്ങളെ ആനന്ദിപ്പിക്കുന്നതിന്

പരിധിയില്ല.

ഇരിക്കാനുള്ള ഒരിടം തന്നുനോക്കൂ

ഞങ്ങളവിടെക്കിടന്ന് ഉറങ്ങും

അത് മൂത്രപ്പുരയായാലും

എടിഎം ആയാലും

ഞങ്ങൾക്കൊരേ തണുപ്പ്

അത് അടുപ്പുങ്കൂടായാലും

കുത്തിമറച്ച ആലയായാലും

ഞങ്ങൾക്കൊരേ പുതപ്പ്

പ്രസവിക്കാൻപോലും

ഞങ്ങളവിടന്ന് മാറിക്കിടക്കില്ല.

2

ആശുപത്രിയിൽ

റെയിൽവേ സ്റ്റേഷനിൽ

ട്രാഫിക്കിൽ

ഹൈപ്പർ മാർക്കറ്റിൽ

ക്യൂ നിന്നു നിന്ന്

തയഞ്ഞുതീർന്ന

കാല്, ഞങ്ങൾ

വേഗത്തിൽ കയറിപ്പോകാനുള്ള

ഒഴിവ്

വട്ടമിട്ട് വട്ടമിട്ട്

ഞങ്ങളുടെ പരുന്താട്ടം

വരി തെറ്റിച്ചാലുള്ള തെറി

ഞങ്ങൾക്ക് മാതൃഭാഷ

സ്ഥാപനങ്ങളിൽ

ചന്തകളിൽ

അതിർത്തികളിൽ

രേഖകളിൽ

അടിഞ്ഞടിഞ്ഞ്

ഞങ്ങൾ പൊടിമാത്രമായിരിക്കുന്നു

കൂറകളെങ്കിലുമായിരുന്നെങ്കിൽ

ഓടകളിൽ ജീവിക്കാമായിരുന്നെന്ന്

ഞങ്ങൾ കൂർക്കം വലിക്കുന്നു.

3

എല്ലാവരും

ഞങ്ങളുടെ രാജ്യത്ത്

വരാൻ വൈകുന്നു

മഴ, വെളിച്ചം, ബോട്ട്, പാലം,

പരീക്ഷാഫലം, റേഷൻ

സബ്സിഡി, വിധി, നീതി,

വിവേകം…

ജീവിച്ചിരിക്കാനുള്ള

സർവ കാരണങ്ങളും

ഞങ്ങളുടെ മറവികളിൽ

തമ്പടിച്ച് താമസിക്കുന്നു

ഒരപകടം, ഒരു ദുരന്തം

ഒരു കൈയേറ്റം

ഞങ്ങൾ ജീവിച്ചിരിക്കുന്നെന്ന്

തെളിവ് തരുന്നു

അതിൽക്കൂടുതൽ ആഗ്രഹിക്കുന്നത്

ഞങ്ങളുടെ ദേശചരിത്രത്തിനുപോലും

ദഹിക്കുന്നില്ല.

ജീവിച്ചിരിക്കുന്ന രാജ്യത്തിലെ

ആത്മഹത്യ തൊഴിലാളികൾ

ഞങ്ങൾ

തീർച്ച

പൂർണമായും നിരോധിക്കപ്പെടും മുമ്പ്

ഞങ്ങളുടെ നമ്പർ വരും!

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-31 03:30 GMT
access_time 2026-08-31 03:15 GMT
access_time 2026-08-31 02:45 GMT
access_time 2026-08-17 04:30 GMT
access_time 2026-08-17 02:30 GMT
access_time 2026-08-17 02:15 GMT
access_time 2026-08-10 04:45 GMT
access_time 2026-08-10 02:15 GMT