അപ്പാർട്മെന്റിലെ ഗ്രില്ലിട്ട
അടുക്കളകളിൽ
കുക്കറുകൾ
ഒരേ ശബ്ദത്തിൽ കൂകിയപ്പോൾ
ഈ നഗരത്തിലേക്കു
പുലരി വന്നു
തൊടിയിൽ ഒരേ
ഉയരത്തിൽ വളർന്ന
മൗനങ്ങൾ വെന്ത്
ഒരു ഗർജനമായി
പിൻവാങ്ങി
ഈ അപ്പാർട്മെന്റിനു
അടുത്താണ്
നഗരത്തിലെ പേരുകേട്ടൊരു
കോഫി ഷോപ്പ്
കോഫി ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ
തൊട്ടടുത്ത ടേബിളിലെ
അപരിചിതർ
അപരിചിതരാണെന്ന പരിചയം
പോലും മുഖത്തു കാണിക്കുന്നില്ല
കോൺക്രീറ്റ് മരങ്ങൾ
പൂത്തുലഞ്ഞു ഈ നഗരശൈലം
നീരുണങ്ങിയ ഇലകൾ
വീണടിഞ്ഞൊരു തുരുത്ത്
ഉലയുന്ന നീലവെളിച്ചത്തിൽ
ഓളങ്ങളിലാണ്ട മത്സ്യങ്ങളുടെ
തണുത്ത വലയം
ഈ ജലക്കൂടിനെ
പുണരുന്നു
പുകപടലങ്ങൾ കൊരുത്തു
ഒരാൾ ഈ
അപ്പാർട്മെന്റിലേക്കു
ഇറങ്ങിവരുന്നുണ്ട്
അപരിചിത തീരത്തുനിന്നൊരു
ചെറുതോണിപോലെ
അയാൾ മുകളിലേക്ക്
തുഴയുന്നു
ലിഫ്റ്റിൽ അടക്കിപ്പിടിച്ച
ഒരു തുണ്ട് ആകാശം
താഴെ ബട്ടണിൽ തുറക്കുന്ന ഭൂമി
കോളിങ് ബെല്ലുകളുടെ താളത്തിൽ
തണുപ്പാർന്ന ഉമ്മറപ്പടികളിൽ
മിണ്ടിപ്പഴകാൻ സമയമറ്റ്
വിയർപ്പുതുള്ളികളിൽ
കുതിർന്ന സാധനങ്ങൾ
ഓരോർമക്കുറിപ്പായി
പടിവാതിൽക്കൽ കുറിച്ചിട്ട്
നഗരവീഥിയിലൂടെ അയാൾ
മറ്റൊരു വിലാസത്തിലേക്ക്
മടങ്ങുന്നു
നേരം
പകലൊടുങ്ങി
സന്ധ്യയും ആകാശത്തിന്
അപരിചിതമാകുമ്പോൾ
കാപ്പിമണം തങ്ങിനിൽക്കുന്ന
കോഫി ഷോപ്പിലേക്ക്
ആളുകൾ
കൂട്ടംകൂട്ടമായി
ഒഴുകുന്നു
വഴിവിളക്കുകളുടെ
മങ്ങിയ മിഴികളിലൂടെ
കറുപ്പിന്റെ കടലാഴങ്ങളിൽ
ഈ അപ്പാർട്മെന്റ്
ഇമകൾ ചേർക്കുന്നു...
വിലാസമറിയാതെ തിരസ്കരിച്ച
വാക്കുകളുടെ മന്ത്രണങ്ങൾ...
നിഴലുകൾ രാവിന്റെ മഷികൊണ്ട്
ഈ അപ്പാർട്മെന്റിന്റെ ചിത്രം
ഇരുളിൽ പകർത്തിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.