കിച്ചണ്‍ ട്രഷേഴ്സ്

കൂട്ടിനാരുമില്ലാതാവുമ്പോള്‍

അടുക്കളയില്‍ കയറണം.

ഒരേ അകലത്തില്‍ നില്‍ക്കുന്ന

എരിവും പുളിയും മധുരവും കാണുമ്പോള്‍

സൈനും കോസും ടാനും ഓര്‍മവരും

അവ ത്രികോണ വശങ്ങളുടെയും പരസ്പരവിരുദ്ധ

വശങ്ങളുടെയും അനുപാതങ്ങളാണെന്ന്

ഉറപ്പിക്കുന്നത് അടുക്കള വലിപ്പിനുള്ളിലൂടെ

പരക്കംപായുന്ന കൂറകളാണ്.

വെളുത്ത മധുരം കരിഞ്ചായയില്‍

അലിഞ്ഞില്ലാതാവുന്നതുപോലെ

ഉള്ളില്‍ പുകയുന്ന വേപഥു

ആളിക്കത്താതെ കാക്കുന്നത്

ഉള്ളിനീര് കഴുകിത്തുടച്ച കണ്ണുകളാവും.

ആകാശവാണി വാര്‍ത്തകളില്‍,

വിശന്ന് കോടിയ കുഞ്ഞുങ്ങളെ പറ്റിയാണ്

പാലില്ലാത്ത അമ്മമാരെക്കുറിച്ചാണ്

ആണുങ്ങളില്ലാത്ത വീടിനെക്കുറിച്ചാണ്...

വേഗം ഒരുണ്ട പുളിയെടുത്ത് നന്നായി പിഴിഞ്ഞു.

അകാല ചരമങ്ങള്‍

അസ്വസ്ഥപ്പെടുത്തുമ്പോള്‍

വറ്റല്‍മുളക് കുരുകളഞ്ഞ് പൊടിച്ചത്

ഒരു സ്പൂണ്‍ അധികം ചേര്‍ത്ത്

കറിയുണ്ടാക്കി നോക്കണം.

‘ഒരു കുറ്റിച്ചൂല്

ഒരു നാറത്തേപ്പ്

ഞണുങ്ങിയ വക്കാര്‍ന്നൊരു കഞ്ഞിപ്പാത്രം

ഒരട്ടി മണ്ണവള്‍...’ എന്ന ആറ്റൂരിന്റെ സംക്രമണം

ചുണ്ടില്‍ തേച്ച് വേണം

വിളിച്ചാലും വിളിച്ചാലും വരാത്തവരെ

വിളമ്പിയ വിഭവങ്ങളനത്താന്‍ വിളിക്കേണ്ടത്.

തള്ളിനില്‍ക്കുന്ന കുമ്പയും

കൊഴുപ്പു ശേഖരിച്ച പിമ്പും

വര്‍ക്കൗട്ട് ചെയ്ത് കുറക്കാമെന്ന

വ്യാമോഹമുള്ളവര്‍ ദോശക്ക് മാവൊഴിച്ചിട്ടേ

വാംഅപ് തുടങ്ങാവൂ

കറിച്ചട്ടി എടുക്കാന്‍ സ്ട്രെച്ചിങ് ചെയ്ത്

പൊങ്ങുമ്പോഴേക്കും കൂള്‍ഡൗണും തീര്‍ത്ത്

കുമ്പയില്‍ ആശ്വാസക്കൈകൊണ്ട് വീണ്ടും

തടവിനോക്കണം.

ഒറ്റക്കാവുന്ന അടുക്കളയില്‍

വിജയനും വാസുദേവനും ബഷീറും

കൂട്ടാവുന്ന ഓഡിയോ എഫ്.എമ്മില്‍നിന്ന്

മുമ്പെപ്പോഴോ വായിച്ച ‘മഞ്ഞി’ലെ

വിമലയും ബുദ്ദുവും ഖോരാസാഹിബും

ഇറങ്ങിവന്നു.

അടുക്കള, മഞ്ഞ് വിരിച്ച

നൈനിറ്റാള്‍ തടാകക്കരയാവുമപ്പോള്‍

ഖസാക്കില്‍, ശിവരാമന്‍നായരുടെ ഞാറ്റുപുരയിലെ

ഏകാധ്യാപക വിദ്യാലയത്തില്‍നിന്നു വന്ന്

മൈമൂനയും കുഞ്ഞാമിനയും

പത്തിരി പരത്താന്‍ സഹായിച്ചു

അപ്പുക്കിളിയും നൈജാമലിയുമാണ്

ചമ്മന്തിയില്‍ ഉപ്പധികമായത് പറഞ്ഞത്.

എന്റെ അടുക്കളയില്‍നിന്ന്

ഒറ്റക്കാണെങ്കിലും നിധി

കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍.


Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.